മിശിഹായുടെ സാന്നിദ്ധ്യവും ഭരണവും
“നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും.”—പ്രവൃത്തികൾ 1:11.
1, 2. (എ) യേശു സ്വർഗ്ഗാരോഹണം ചെയ്തപ്പോൾ രണ്ടു ദൂതൻമാർ അവന്റെ അപ്പോസ്തലൻമാരെ ആശ്വസിപ്പിച്ചതെങ്ങനെ? (ബി) ക്രിസ്തുവിന്റെ തിരിച്ചുവരവിന്റെ പ്രതീക്ഷയാൽ ഏതു ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു?
പതിനൊന്നു പുരുഷൻമാർ ഒലിവുമലയുടെ കിഴക്കേ ചെരുവിൽ ആകാശത്തേക്കു നോക്കി നിൽക്കുകയായിരുന്നു. വെറും നിമിഷങ്ങൾക്കുമുമ്പു യേശുക്രിസ്തു അവരുടെ ഇടയിൽനിന്ന് ആരോഹണം ചെയ്തിരുന്നു, ഒരു മേഘത്താൽ മറയ്ക്കപ്പെടുന്നതുവരെ അവന്റെ രൂപം മങ്ങിക്കൊണ്ടിരുന്നു. അവനോടുകൂടെ ചെലവഴിച്ച തങ്ങളുടെ വർഷങ്ങളിൽ ഈ പുരുഷൻമാർ യേശു താൻ മിശിഹായാണെന്നുള്ളതിനു ധാരാളം തെളിവു നൽകുന്നതു കണ്ടിരുന്നു; അവർ അവന്റെ മരണത്തിന്റെ ഹൃദയത്തകർച്ചയും അവന്റെ പുനരുത്ഥാനത്തിന്റെ ആനന്ദാതിരേകവും അനുഭവിച്ചറിഞ്ഞിരുന്നു. ഇപ്പോൾ അവൻ അപ്രത്യക്ഷപ്പെട്ടിരുന്നു.
2 രണ്ടു ദൂതൻമാർ പെട്ടെന്നു പ്രത്യക്ഷപ്പെടുകയും ഈ ആശ്വാസവചനങ്ങൾ പറയുകയും ചെയ്തു: “ഗലീലാപുരുഷൻമാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനിൽക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും.” (പ്രവൃത്തികൾ 1:11) എത്ര ആശ്വാസപ്രദം—യേശുവിന്റെ സ്വർഗ്ഗാരോഹണം അവൻ മേലാൽ ഭൂമിയിലും മനുഷ്യവർഗ്ഗത്തിലും തത്പരനല്ലെന്ന് അർത്ഥമാക്കിയില്ല! മറിച്ച്, യേശു തിരിച്ചുവരും. ഈ വാക്കുകൾ അപ്പോസ്തലൻമാരിൽ പ്രത്യാശ നിറച്ചുവെന്നതിനു സംശയമില്ല. ഇന്ന് ദശലക്ഷക്കണക്കിനാളുകളും ക്രിസ്തുവിന്റെ തിരിച്ചുവരവുസംബന്ധിച്ച വാഗ്ദത്തത്തിനു വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്. ചിലർ അതിനെക്കുറിച്ച് “രണ്ടാം വരവ്” അഥവാ “ആഗമനം” എന്നു പറയുന്നു. എന്നാൽ മിക്കവരും ക്രിസ്തുവിന്റെ തിരിച്ചുവരവിന്റെ യഥാർത്ഥ അർത്ഥമെന്താണെന്നുള്ളതിൽ കുഴഞ്ഞുപോയിരിക്കുന്നതായി തോന്നുന്നു. ക്രിസ്തു ഏതു വിധത്തിൽ തിരിച്ചുവരുന്നു? എപ്പോൾ? ഇത് ഇന്നു നമ്മുടെ ജീവിതത്തെ ബാധിക്കുന്നതെങ്ങനെയാണ്?
ക്രിസ്തുവിന്റെ തിരിച്ചുവരവിന്റെ രീതി
3. ക്രിസ്തുവിന്റെ തിരിച്ചുവരവിനെക്കുറിച്ച് അനേകമാളുകൾ എന്തു വിശ്വസിക്കുന്നു?
3 സുവിശേഷപരമായ ഒരു ക്രിസ്തുശാസ്ത്രം (An Evangelical Christology)എന്ന പുസ്തകം പറയുന്നതനുസരിച്ചു “ക്രിസ്തുവിന്റെ രണ്ടാംവരവ് അഥവാ തിരിച്ചുവരവ് (പറൂസിയാ) അന്തിമമായി, പരസ്യമായി, സകല നിത്യതയിലേക്കുമായി, ദൈവരാജ്യം സ്ഥാപിക്കുന്നു.” ക്രിസ്തുവിന്റെ തിരിച്ചുവരവു പരസ്യമായി ദൃശ്യമായിരിക്കുമെന്നും ഈ ഗോളത്തിലുള്ള എല്ലാവരും കാണുമെന്നുമുള്ളതു പരക്കെയുള്ള വിശ്വാസമാണ്. ഈ ആശയത്തെ പിന്താങ്ങുന്നതിന് അനേകർ വെളിപ്പാടു 1:7-ലേക്ക് വിരൽചൂണ്ടുന്നു, അതിങ്ങനെ വായിക്കപ്പെടുന്നു: “ഇതാ, അവൻ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും.” എന്നാൽ ഈ വാക്യം അക്ഷരീയമായി മനസ്സിലാക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുണ്ടോ?
4, 5. (എ) വെളിപ്പാട് 1:7-ന് ഒരു അക്ഷരീയാർത്ഥമല്ലുള്ളതെന്നു നാം എങ്ങനെ അറിയുന്നു? (ബി) യേശുവിന്റെ സ്വന്തം വാക്കുകൾ ഈ ഗ്രാഹ്യത്തെ സ്ഥിരീകരിക്കുന്നതെങ്ങനെ?
4 വെളിപാടുപുസ്തകം “അടയാളങ്ങളായി” അവതരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓർക്കുക. (വെളിപാട് 1:1, NW) ആ സ്ഥിതിക്ക് ഈ വാക്യം പ്രതീകാത്മകമായിരിക്കണം; ഏതായാലും “അവനെ കുത്തിത്തുളച്ചവ”ർക്ക് എങ്ങനെ ക്രിസ്തു തിരിച്ചുവരുന്നതു കാണാൻ കഴിയും? അവർ മരിച്ചിട്ടു 20 നൂററാണ്ടോടടുത്തായി! കൂടാതെ, ക്രിസ്തു വിട്ടുപോകുന്നതായി “കണ്ടതുപോലെ” (“അതേ രീതിയിൽ,” NW) തിരിച്ചുവരുമെന്നാണു ദൂതൻമാർ പറഞ്ഞത്. ശരി, അവൻ എങ്ങനെയാണു വിട്ടുപോയത്? ദശലക്ഷങ്ങൾ വീക്ഷിച്ചുകൊണ്ടിരിക്കെ ആണോ? അല്ല, ആ സംഭവം ചുരുക്കംചില വിശ്വസ്തർ മാത്രമേ കണ്ടുള്ളു. ദൂതൻമാർ അപ്പോസ്തലൻമാരോടു സംസാരിച്ചപ്പോൾ ക്രിസ്തുവിന്റെ സ്വർഗ്ഗത്തിലേക്കുള്ള യാത്രയുടെ ദൂരം മുഴുവനും അവർ അക്ഷരീയമായി വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നോ? അല്ലായിരുന്നു, ഒരു മേഘാവരണം യേശുവിനെ കാഴ്ചയിൽനിന്നു മറച്ചിരുന്നു. അതിനുശേഷം കുറേ കഴിഞ്ഞ് അവൻ മനുഷ്യനേത്രങ്ങൾക്ക് അദൃശ്യനായ ഒരു ആത്മജീവിയായി ആത്മസ്വർഗ്ഗങ്ങളിലേക്കു പ്രവേശിച്ചിരിക്കണം. (1 കൊരിന്ത്യർ 15:50) അതുകൊണ്ട് അപ്പോസ്തലൻമാർ, കൂടിയാൽ, യേശുവിന്റെ യാത്രയുടെ തുടക്കമേ കണ്ടുള്ളു; അവർക്ക് അതിന്റെ അവസാനം, അവന്റെ പിതാവായ യഹോവയുടെ സ്വർഗ്ഗീയ സാന്നിദ്ധ്യത്തിലേക്കുള്ള മടങ്ങിപ്പോക്ക്, വീക്ഷിക്കാൻ കഴിഞ്ഞില്ല; ഇത് അവർക്ക് തങ്ങളുടെ വിശ്വാസനേത്രങ്ങളാൽ മാത്രമേ കാണാൻ കഴിഞ്ഞുള്ളു.—യോഹന്നാൻ 20:17.
5 യേശു ഏറെയും ആ വിധത്തിൽതന്നെ വരുന്നുവെന്നു ബൈബിൾ പഠിപ്പിക്കുന്നു. യേശുതന്നെ തന്റെ മരണത്തിന് അല്പംമുമ്പ് “അല്പകാലംകൂടെ കഴിഞ്ഞാൽ ലോകം എന്നെ മേലാൽ കാണുകയില്ല” എന്നു പറഞ്ഞു. (യോഹന്നാൻ 14:19, NW) “ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു” എന്നും അവൻ പറഞ്ഞു. (ലൂക്കൊസ് 17:20) അപ്പോൾ ഏതർത്ഥത്തിലാണ് ‘ഏതു കണ്ണും അവനെ കാണു’ന്നത്? ഉത്തരം പറയുന്നതിന്, യേശുവിന്റെ തിരിച്ചുവരവിനോടുള്ള ബന്ധത്തിൽ അവനും അവന്റെ അനുഗാമികളും ഉപയോഗിച്ച പദത്തിന്റെ വ്യക്തമായ ഒരു ഗ്രാഹ്യം നമുക്കാവശ്യമാണ്.
6. (എ) “തിരിച്ചുവരവ്,” “വന്നെത്തൽ,” “ആഗമനം,” “വരവ്” എന്നിങ്ങനെയുള്ള പദങ്ങൾ പറൂസിയാ എന്ന ഗ്രീക്കു പദത്തിന്റെ ഉചിതമായ വിവർത്തനങ്ങളല്ലാത്തതെന്തുകൊണ്ട്? (ബി) പറൂസിയാ അല്ലെങ്കിൽ “സാന്നിദ്ധ്യം” ഏതു ക്ഷണികസംഭവത്തെക്കാളും വളരെ ദീർഘമായി നീണ്ടുനിൽക്കുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
6 ക്രിസ്തു കേവലം “തിരിച്ചുവരു”ന്നതിനേക്കാളും വളരെധികം ചെയ്യുന്നു എന്നതാണു വസ്തുത. “വരവ്,” “വന്നെത്തൽ,” അല്ലെങ്കിൽ “ആഗമനം” എന്ന ആ വാക്കു ചുരുങ്ങിയ സമയഘട്ടംകൊണ്ടു നടക്കുന്ന ഒരൊററ സംഭവത്തെ സൂചിപ്പിക്കുന്നു. എന്നാൽ യേശുവും അവന്റെ അനുഗാമികളും ഉപയോഗിച്ച ഗ്രീക്കുപദത്തിനു വളരെയധികം അർത്ഥംകൂടെയുണ്ട്. ആ പദം ഒരു “അരികത്തിരിക്കലിനെ” അല്ലെങ്കിൽ “സാന്നിദ്ധ്യ”ത്തെ അക്ഷരീയമായി അർത്ഥമാക്കുന്ന പറൂസിയാ ആണ്. ഈ പദം ഒരു വന്നെത്തലിനെ മാത്രമല്ല, പിന്നെയോ തുടർന്നുള്ള സാന്നിദ്ധ്യത്തെയും ഉൾപ്പെടുത്തുന്നുവെന്ന് മിക്ക പണ്ഡിതൻമാരും സമ്മതിക്കുന്നു—ഒരു രാജാവിന്റെ ഔദ്യോഗിക സന്ദർശനത്തിലെന്നപോലെ. ഈ സാന്നിദ്ധ്യം ഒരു ക്ഷണികമായ സംഭവമല്ല; അതു പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന ഒരു കാലഘട്ടമാണ്. “മനുഷ്യപുത്രന്റെ സാന്നിദ്ധ്യം” [പറൂസിയാ] ജലപ്രളയത്തിൽ പരമകാഷ്ഠ പ്രാപിച്ച “നോഹയുടെ നാളുകൾപോലെ” ആയിരിക്കുമെന്നു മത്തായി 24:37-39-ൽ (NW) യേശു പറഞ്ഞു. ജലപ്രളയം വന്നെത്തി ആ ദുഷിച്ച ലോകവ്യവസ്ഥിതിയെ തുടച്ചുനീക്കുന്നതിനുമുമ്പു നോഹ ദശാബ്ദങ്ങളോളം പെട്ടകം പണിയുകയും ദുഷ്ടൻമാർക്കു മുന്നറിയിപ്പു കൊടുക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോൾ, അതുപോലെതന്നെ ക്രിസ്തുവിന്റെ അദൃശ്യസാന്നിദ്ധ്യവും ഒരു വലിയ നാശത്തിൽ പരമകാഷ്ഠ പ്രാപിക്കുന്നതിനുമുമ്പു കുറെ ദശാബ്ദങ്ങളടങ്ങുന്ന ഒരു കാലഘട്ടം നീണ്ടുനിൽക്കുന്നു.
7. (എ) പറൂസിയാ മനുഷ്യനേത്രങ്ങൾക്കു ദൃശ്യമല്ലെന്ന് എന്തു തെളിയിക്കുന്നു? (ബി) ക്രിസ്തുവിന്റെ തിരിച്ചുവരവ് ‘ഏതു കണ്ണിനും’ ദൃശ്യമാകുന്നതായി വർണ്ണിക്കുന്ന തിരുവെഴുത്തുകൾ എപ്പോൾ, എങ്ങനെ നിവർത്തിക്കപ്പെടും?
7 പറൂസിയാ മനുഷ്യനേത്രങ്ങൾക്ക് അക്ഷരീയമായി ദൃശ്യമല്ലെന്നുള്ളതിനു സംശയമില്ല. അതു ദൃശ്യമായിരുന്നെങ്കിൽ, നാം കാണാൻ പോകുന്നതുപോലെ, യേശു തന്റെ സാന്നിദ്ധ്യത്തെ തിരിച്ചറിയുന്നതിനു തന്റെ അനുഗാമികളെ സഹായിക്കാൻ അവർക്ക് ഒരു അടയാളം കൊടുക്കുന്നതിനു വളരെയധികം സമയം ചെലവഴിക്കുന്നതെന്തിന്?a ഏതായാലും, സാത്താന്റെ ലോകവ്യവസ്ഥിതിയെ നശിപ്പിക്കാൻ ക്രിസ്തു വരുമ്പോൾ അവന്റെ സാന്നിദ്ധ്യത്തിന്റെ യാഥാർത്ഥ്യം എല്ലാവർക്കും അത്യന്തം പ്രകടമായിരിക്കും. അപ്പോഴാണ് “ഏതു കണ്ണും . . . അവനെ കാണു”ന്നത്. യേശുവിന്റെ വാഴ്ച യഥാർത്ഥമാണെന്ന് അവന്റെ എതിരാളികൾ പോലും കിടിലംകൊള്ളുമാറ് തിരിച്ചറിയാൻ പ്രാപ്തരാകും.—മത്തായി 24:30 കാണുക; 2 തെസ്സലൊനീക്യർ 2:8; വെളിപ്പാടു 1:5, 6.
അത് എപ്പോൾ തുടങ്ങുന്നു?
8. ഏതു സംഭവം ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിന്റെ തുടക്കം കുറിക്കുന്നു, ഇത് എവിടെ സംഭവിച്ചു?
8 മിശിഹായുടെ സാന്നിദ്ധ്യം മിശിഹൈകപ്രവചനങ്ങളിൽ ആവർത്തിച്ചുവരുന്ന ഒരു പ്രതിപാദ്യത്തെ നിവർത്തിക്കുന്ന ഒരു സംഭവത്തോടെ തുടങ്ങുന്നു. അവൻ സ്വർഗ്ഗത്തിൽ രാജാവായി കിരീടം ധരിപ്പിക്കപ്പെടുന്നു. (2 ശമുവേൽ 7:12-16; യെശയ്യാവു 9:6, 7; യെഹെസ്ക്കേൽ 21:26, 27) തന്റെ സാന്നിദ്ധ്യം തന്റെ രാജത്വത്തോടു ബന്ധപ്പെട്ടിരിക്കുമെന്നു യേശുതന്നെ പ്രകടമാക്കി. അവൻ പല ദൃഷ്ടാന്തങ്ങളിൽ തന്റെ ഭവനക്കാരെയും അടിമകളെയും പിമ്പിൽ വിട്ടിട്ടു “രാജത്വം” പ്രാപിക്കുന്നതിന് ഒരു “ദൂരദേശ”ത്തേക്കു ദീർഘകാലം യാത്രചെയ്യുന്ന ഒരു യജമാനനോടു തന്നേത്തന്നെ ഉപമിച്ചു. അങ്ങനെയുള്ള ഒരു ദൃഷ്ടാന്തം അവൻ പറഞ്ഞത് അവന്റെ പറൂസിയാ എപ്പോൾ തുടങ്ങുമെന്നുള്ള അവന്റെ അപ്പോസ്തലൻമാരുടെ ചോദ്യത്തിനുള്ള തന്റെ ഉത്തരത്തിന്റെ ഭാഗമായിട്ടായിരുന്നു; മറെറാന്ന് അവൻ പറഞ്ഞത്, “ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു അവർക്കു തോന്നുകയാൽ” ആയിരുന്നു. (ലൂക്കോസ് 19:11, 12, 15; മത്തായി 24:3; 25:14, 19) അതുകൊണ്ട് അവൻ ഭൂമിയിൽ ഒരു മനുഷ്യനായിരുന്ന കാലത്ത്, അവന്റെ കിരീടധാരണം പിന്നെയും ദീർഘകാലത്തിനുശേഷമായിരുന്നു, സ്വർഗ്ഗമാകുന്ന “ദൂരദേശ”ത്തു സംഭവിക്കേണ്ടതായിരുന്നു. അത് എപ്പോൾ സംഭവിക്കുമായിരുന്നു?
9, 10. ക്രിസ്തു ഇപ്പോൾ സ്വർഗ്ഗത്തിൽ ഭരിക്കുന്നുവെന്നതിന് എന്തു തെളിവുണ്ട്, അവൻ തന്റെ ഭരണം എപ്പോൾ തുടങ്ങി?
9 “നിന്റെ സാന്നിദ്ധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളമെന്തായിരിക്കും?” എന്നു യേശുവിന്റെ ശിഷ്യൻമാർ അവനോടു ചോദിച്ചപ്പോൾ ആ ഭാവികാലത്തിന്റെ ഒരു വിശദമായ വർണ്ണന അവർക്കു കൊടുത്തുകൊണ്ടു യേശു പ്രതിവചിച്ചു. (മത്തായി, അദ്ധ്യായം 24; മർക്കൊസ്, അദ്ധ്യായം 13; ലൂക്കൊസ്, അദ്ധ്യായം 21; 2 തിമൊഥെയോസ് 3:1-5കൂടെ കാണുക; വെളിപ്പാട്, അദ്ധ്യായം 6.) ഈ അടയാളം ഒരു പ്രക്ഷുബ്ധ കാലഘട്ടത്തിന്റെ ഒരു വിശദ ചിത്രീകരണത്തിനു സമമാണ്. അത് സാർവദേശീയ യുദ്ധങ്ങളും കുതിച്ചുയരുന്ന കുററകൃത്യങ്ങളും അധഃപതിച്ചുകൊണ്ടിരിക്കുന്ന കുടുംബജീവിതവും സമസ്തവ്യാപകപകർച്ചവ്യാധികളും ക്ഷാമങ്ങളും ഭൂകമ്പങ്ങളും ഉള്ള ഒരു കാലമായിരിക്കും—പ്രാദേശികപ്രശ്നങ്ങളായിട്ടല്ല, പിന്നെയോ ആഗോളപ്രതിസന്ധികളായിട്ട്. ഇതു പരിചിതമായി തോന്നുന്നുവോ? കടന്നുപോകുന്ന ഓരോ ദിവസവും 20-ാം നൂററാണ്ടു പൂർണ്ണമായും യേശുവിന്റെ വർണ്ണനക്കു യോജിക്കുന്നുവെന്നു സ്ഥിരീകരിക്കുന്നു.
10 ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലു മനുഷ്യചരിത്രത്തിലെ ഒരു വഴിത്തിരിവ്, ഒരു മർമ്മപ്രധാനമായ വർഷം, ആയിരുന്നുവെന്നും അതിനുശേഷമാണ് ഈ പ്രശ്നങ്ങളിൽ പലതും നിയന്ത്രണാതീതമായി ഒരു ആഗോളതോതിൽ വ്യാപിച്ചതെന്നും ചരിത്രകാരൻമാർ സമ്മതിക്കുന്നു. അതെ, ബൈബിൾപ്രവചനത്തിന്റെ നിവൃത്തിയായുള്ള ഭൗതിക ലോകസംഭവങ്ങളെല്ലാം യേശു സ്വർഗ്ഗത്തിൽ രാജാവായി ഭരിക്കാൻ തുടങ്ങിയ വർഷമെന്ന നിലയിൽ 1914-ലേക്കു വിരൽചൂണ്ടുന്നു. കൂടാതെ, ദാനിയേൽ 4-ാമദ്ധ്യായത്തിലെ ഒരു പ്രവചനം യഹോവയുടെ നിയമിതരാജാവു ഭരണം തുടങ്ങുന്ന സമയമെന്ന നിലയിൽ 1914 എന്ന അതേ വർഷത്തിലേക്കുതന്നെ നമ്മെ നയിക്കുന്ന കാലഗണനാപരമായ തെളിവു നൽകുന്നു.b
കുഴപ്പങ്ങളുടെ ഒരു കാലം എന്തുകൊണ്ട്?
11, 12. (എ) ക്രിസ്തു ഇപ്പോൾത്തന്നെ സ്വർഗ്ഗത്തിൽ ഭരിക്കുന്നുണ്ടെന്നു വിശ്വസിക്കുന്നതു ചിലർക്കു പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്? (ബി) യേശു രാജാവായി കിരീടം ധരിപ്പിക്കപ്പെട്ട ശേഷം സംഭവിച്ചതിനെ നമുക്ക് എങ്ങനെ ദൃഷ്ടാന്തീകരിക്കാം?
11 ‘മിശിഹാ സ്വർഗ്ഗത്തിൽ ഭരിക്കുന്നുണ്ടെങ്കിൽ ലോകം ഇത്ര കുഴപ്പം നിറഞ്ഞതായിരിക്കുന്നതെന്തുകൊണ്ട്, അവന്റെ ഭരണം വിഫലമാണോ?’ എന്നു ചിലർ സംശയിക്കുന്നു. ഒരു ദൃഷ്ടാന്തം സഹായിച്ചേക്കാം. ഒരു രാജ്യം ഒരു ദുഷ്ട പ്രസിഡണ്ടിനാലാണു ഭരിക്കപ്പെടുന്നത്. രാജ്യത്തിന്റെ ഏതു മൂലയിലേക്കും വ്യാപിക്കുന്ന നിയന്ത്രണശക്തിയോടെ അയാൾ ഒരു ദുഷിച്ച വ്യവസ്ഥിതി സ്ഥാപിച്ചിരിക്കുന്നു. എന്നാൽ ഒരു തെരഞ്ഞെടുപ്പു നടത്തപ്പെടുന്നു; ഒരു നല്ല മനുഷ്യൻ വിജയിക്കുന്നു. എന്തു സംഭവിക്കും? ചില ജനാധിപത്യരാജ്യങ്ങളിൽ വാസ്തവമായിരിക്കുന്നതുപോലെ, പുതിയ പ്രസിഡണ്ട് സ്ഥാനാരോഹണം ചെയ്യുന്നതിനുമുമ്പ് ഏതാനും മാസങ്ങളുടെ ഒരു പരിവർത്തനഘട്ടം തുടർന്നുവരുന്നു. അങ്ങനെയുള്ള ഒരു കാലഘട്ടത്തിൽ ഈ രണ്ടാളുകൾ എങ്ങനെ വർത്തിക്കും? ഈ നല്ല മനുഷ്യൻ സത്വരം ആക്രമണം നടത്തുകയും തന്റെ മുൻഗാമി രാജ്യത്തുടനീളം വരുത്തിവെച്ചിരിക്കുന്ന തിൻമകളെല്ലാം നീക്കംചെയ്യുകയും ചെയ്യുമോ? മറിച്ച്, അയാൾ ആദ്യം ഒരു പുതിയ മന്ത്രിസഭ സ്ഥാപിക്കുകയും മുൻ പ്രസിഡണ്ടിന്റെ കുടിലരായ മിത്രങ്ങളും പിണിയാളുകളുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തുകൊണ്ടു തലസ്ഥാനനഗരിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയില്ലേ? ആ വിധത്തിൽ, അയാൾ പൂർണ്ണമായി അധികാരത്തിലേക്കു വരുമ്പോൾ അയാൾക്കു ശുദ്ധമായ, കാര്യക്ഷമമായ, അധികാരസ്ഥാനത്തുനിന്നു പ്രവർത്തിക്കാൻ കഴിയും. അഴിമതിക്കാരനായ പ്രസിഡണ്ടിനെ സംബന്ധിച്ചാണെങ്കിൽ, അയാൾ സകല അധികാരവും നഷ്ടപ്പെടുന്നതിനു മുമ്പ്, ഹീനമാർഗ്ഗങ്ങളിലൂടെ ആർജ്ജിച്ച സകല വിഭവങ്ങളും പിടുങ്ങുന്നതിനു തനിക്കു ശേഷിച്ചിരിക്കുന്ന ചുരുങ്ങിയ കാലത്തെ മുതലെടുക്കുകയില്ലേ?
12 ഫലത്തിൽ, ക്രിസ്തുവിന്റെ പറൂസിയായും സമാനമാണ്. ക്രിസ്തു സ്വർഗ്ഗത്തിൽ രാജാവാക്കപ്പെട്ടപ്പോൾ അവൻ ഒന്നാമതായി സാത്താനെയും ഭൂതങ്ങളെയും സ്വർഗ്ഗത്തിൽനിന്നു ചുഴററിയെറിയുകയും അങ്ങനെ തന്റെ ഗവൺമെൻറിന്റെ ആസ്ഥാനത്തെ ശുദ്ധീകരിക്കുകയും ചെയ്തുവെന്നു വെളിപ്പാടു 12:7-12 പ്രകടമാക്കുന്നു. ദീർഘനാളായി പ്രതീക്ഷിച്ചിരുന്ന ഈ പരാജയം ഏററുവാങ്ങിയശേഷം, സാത്താൻ ഇവിടെ ഭൂമിയിൽ ക്രിസ്തു പൂർണ്ണ അധികാരം പ്രയോഗിക്കുന്നതിനു മുമ്പുള്ള “അല്പകാല”ത്ത് എങ്ങനെ വർത്തിക്കുന്നു? ആ അഴിമതിക്കാരനായ പ്രസിഡണ്ടിനെപ്പോലെ, അവൻ ഈ പഴയ വ്യവസ്ഥിതിയിൽനിന്നു തനിക്കു കിട്ടാവുന്നതെല്ലാം നേടാൻ ശ്രമിക്കുകയാണ്. അവൻ പണം അന്വേഷിക്കുന്നില്ല; അവൻ മനുഷ്യജീവികളെയാണ് അന്വേഷിക്കുന്നത്. കഴിയുന്നത്ര ആളുകളെ യഹോവയിൽനിന്നും അവന്റെ വാഴുന്ന രാജാവിൽനിന്നും അകററാൻ അവൻ ആഗ്രഹിക്കുന്നു.
13. ക്രിസ്തുവിന്റെ ഭരണത്തിന്റെ തുടക്കം ഇവിടെ ഭൂമിയിൽ കുഴപ്പത്തിന്റെ ഒരു കാലമായിരിക്കുമെന്നു തിരുവെഴുത്തുകൾ പ്രകടമാക്കുന്നതെങ്ങനെ?
13 അപ്പോൾ മിശിഹായുടെ ഭരണത്തിന്റെ ആരംഭം “ഭൂമിക്കു ഹാ കഷ്ട”ത്തിന്റെ ഒരു കാലമായിരിക്കുന്നത് അതിശയമല്ല. (വെളിപ്പാടു 12:12) സമാനമായി, മിശിഹാ തന്റെ ‘ശത്രുക്കളുടെ മദ്ധ്യേ’യാണു ഭരണം തുടങ്ങുന്നതെന്നു സങ്കീർത്തനം 110:1, 2, 6 പ്രകടമാക്കുന്നു. അവൻ പിന്നീടു മാത്രമേ സാത്താന്റെ ദുഷിച്ച വ്യവസ്ഥിതിയുടെ സകല വശങ്ങളും സഹിതം സകല “ജനതകളെ”യും പൂർണ്ണമായി തകർത്തു വിസ്മൃതിയിലാഴ്ത്തുന്നുള്ളു!
മിശിഹാ ഭൂമിയെ ഭരിക്കുമ്പോൾ
14. മിശിഹാ സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിച്ച ശേഷം എന്തു ചെയ്യാൻ പ്രാപ്തനായിരിക്കും?
14 സാത്താന്റെ വ്യവസ്ഥിതിയെയും അതിനെ പിന്താങ്ങുന്ന സകലരെയും നശിപ്പിച്ച ശേഷം മിശിഹൈക രാജാവായ യേശുക്രിസ്തു അന്തിമമായി തന്റെ സഹസ്രാബ്ദവാഴ്ചയെ വർണ്ണിക്കുന്ന അത്ഭുതകരമായ ബൈബിൾ പ്രവചനങ്ങളെ നിവർത്തിക്കുന്നതിനുള്ള ഒരു സ്ഥാനത്തായിരിക്കും. യെശയ്യാവു 11:1-10 മിശിഹാ ഏതുതരം ഭരണാധികാരിയായിരിക്കുമെന്നു കാണാൻ നമ്മെ സഹായിക്കുന്നു. അവനു “യഹോവയുടെ ആത്മാവു . . . ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു” ഉണ്ടെന്ന് 2-ാം വാക്യം നമ്മോടു പറയുന്നു.
15. മിശിഹൈക ഭരണത്തിൽ ‘ബലത്തിന്റെ ആത്മാവ്’ എന്തിനെ അർത്ഥമാക്കും?
15 യേശുവിന്റെ ഭരണത്തിൽ ‘ബലത്തിന്റെ ആത്മാവ്’ എന്തിനെ അർത്ഥമാക്കുമെന്നു പരിചിന്തിക്കുക. അവൻ ഭൂമിയിലായിരുന്നപ്പോൾ അത്ഭുതങ്ങൾ ചെയ്യാൻ അവനെ പ്രാപ്തനാക്കിയ, യഹോവയിൽനിന്നുള്ള ബലത്തിന്റെ ഒരു അളവ് അവനുണ്ടായിരുന്നു. “എനിക്കു മനസ്സുണ്ടു” എന്നു പറഞ്ഞുകൊണ്ട് അവൻ ആളുകളെ സഹായിക്കാൻ ഹൃദയംഗമമായ ആഗ്രഹം പ്രകടമാക്കി. (മത്തായി 8:3) എന്നാൽ ആ നാളുകളിലെ അവന്റെ അത്ഭുതങ്ങൾ താൻ സ്വർഗ്ഗത്തിൽനിന്നു ഭരിക്കുമ്പോൾ എന്തു ചെയ്യുമെന്നുള്ളതിന്റെ ഒരു പൂർവവീക്ഷണം മാത്രമായിരുന്നു. യേശു ആഗോളമായ ഒരു തോതിൽ അത്ഭുതങ്ങൾ ചെയ്യും! രോഗികളും അന്ധരും ബധിരരും അംഗഭംഗംഭവിച്ചവരും മുടന്തരും സദാകാലത്തേക്കും സൗഖ്യമാക്കപ്പെടും. (യെശയ്യാവു 35:5, 6) നീതിപൂർവം വിതരണം ചെയ്യപ്പെടുന്ന സമൃദ്ധമായ ഭക്ഷ്യം വിശപ്പ് എന്നേക്കുമായി അവസാനിപ്പിക്കും. (സങ്കീർത്തനം 72:16) ദൈവത്തിന് ഓർക്കാനിഷ്ടമുള്ള ശവക്കുഴികളിലെ ആ എണ്ണമററ ദശലക്ഷങ്ങളെ സംബന്ധിച്ചെന്ത്? യേശുവിന്റെ “ബല”ത്തിൽ അവരെ ഉയിർപ്പിക്കുന്നതിനുള്ള ശക്തി ഉൾപ്പെടും, ഓരോരുത്തർക്കും പറുദീസയിൽ ജീവിക്കുന്നതിനുള്ള അവസരം കൊടുത്തുകൊണ്ടുതന്നെ! (യോഹന്നാൻ 5:28, 29) എന്നിരുന്നാലും, ഈ ബലമെല്ലാമുണ്ടെങ്കിലും, മിശിഹൈക രാജാവ് എല്ലായ്പ്പോഴും അത്യന്തം താഴ്മയുള്ളവനായിരിക്കും. “അവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും.”—യെശയ്യാവു 11:3.
16. മിശിഹൈക രാജാവ് ഏതുതരം ന്യായാധിപതിയായിരിക്കും, അതു മനുഷ്യന്യായാധിപൻമാരെ സംബന്ധിച്ചുള്ള രേഖകൾക്കു വിരുദ്ധമായിരിക്കുന്നതെങ്ങനെ?
16 ഈ രാജാവു പൂർണ്ണതയുള്ള ഒരു ന്യായാധിപൻകൂടെയായിരിക്കും. “അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല.” പണ്ടത്തെയോ ഇപ്പോഴത്തെയോ ഏതു മനുഷ്യ ന്യായാധിപനെ ആ വിധത്തിൽ വർണ്ണിക്കാൻ കഴിയും? വളരെ സമർത്ഥനായ ഒരു മനുഷ്യനുപോലും താൻ കാണുകയും കേൾക്കുകയും ചെയ്യുന്നതനുസരിച്ചുമാത്രമേ തനിക്കുള്ള ഏതു ജ്ഞാനവും അല്ലെങ്കിൽ വിവേചനയും ഉപയോഗിച്ചു വിധിക്കാൻ കഴികയുള്ളു. തന്നിമിത്തം, ഈ പഴയലോകത്തിലെ ന്യായാധിപൻമാരും ജൂറിമാരും വിദഗ്ദ്ധവും വഞ്ചനാത്മകവുമായ ന്യായവാദങ്ങളാലും കോടതിമുറിയിലെ വിദ്യകളാലും അല്ലെങ്കിൽ വൈരുദ്ധ്യമുള്ള തെളിവുകളാലും സ്വാധീനിക്കപ്പെടുകയോ കുഴപ്പിക്കപ്പെടുകയോ ചെയ്തേക്കാം. മിക്കപ്പോഴും ധനികർക്കും ശക്തൻമാർക്കും മാത്രമേ ഫലപ്രദമായ ഒരു പ്രതിവാദം നടത്താൻ നിർവാഹമുള്ളു, യഥാർത്ഥത്തിൽ നീതി വിലക്കുവാങ്ങിക്കൊണ്ട്. മിശിഹൈകന്യായാധിപന്റെ കീഴിൽ അങ്ങനെയല്ല! അവൻ ഹൃദയങ്ങളെ അറിയുന്നു. അവന്റെ നിരീക്ഷണത്തിൽനിന്നു യാതൊന്നും ഒഴിഞ്ഞുപോകയില്ല. സ്നേഹത്താലും കരുണയാലും മയപ്പെടുത്തപ്പെടുന്ന നീതി വില്പനച്ചരക്കായിരിക്കയില്ല. അത് എല്ലായ്പ്പോഴും വിജയിക്കും.—യെശയ്യാവു 11:3-5.
അവന്റെ ഭരണം നിങ്ങളെ ബാധിക്കുന്ന വിധം
17, 18. (എ) യെശയ്യാവു 11:6-9-ൽ മനുഷ്യവർഗ്ഗത്തിന്റെ ഭാവിയുടെ ഏതു ഉജ്ജ്വലമായ വർണ്ണന നൽകപ്പെട്ടിരിക്കുന്നു? (ബി) ഈ പ്രവചനം ആർക്കാണു മുഖ്യമായി ബാധകമാകുന്നത്, എന്തുകൊണ്ട്? (സി) ഈ പ്രവചനത്തിന് ഒരു അക്ഷരീയ നിവൃത്തി ഉണ്ടാകുന്നതെങ്ങനെ?
17 മനസ്സിലാക്കാവുന്നതുപോലെ, മിശിഹായുടെ ഭരണത്തിന് അതിന്റെ പ്രജകളുടെമേൽ ഗംഭീരമായ ഒരു സ്വാധീനമുണ്ട്. അത് ആളുകൾക്കു മാററം വരുത്തുന്നു. അങ്ങനെയുള്ള മാററങ്ങൾ എത്ര വിപുലമാണെന്നു യെശയ്യാവു 11:6-9 പ്രകടമാക്കുന്നു. ഈ പ്രവചനം അപകടകാരികളായ ഇരപിടിയൻമൃഗങ്ങൾ—കരടികളും ചെന്നായ്ക്കളും പുള്ളിപ്പുലികളും സിംഹങ്ങളും മൂർഖൻമാരും—നിരുപദ്രവികളായ വീട്ടുമൃഗങ്ങളോടും കുട്ടികളോടുപോലുമുള്ള സഹവാസത്തിൽ കഴിയുന്നതിന്റെ വികാരസ്പർശിയായ ഒരു ചിത്രം വരച്ചുകാട്ടുന്നു. എന്നാൽ ഇരപിടിയൻമാർ അശേഷം അപകടകാരികളായിരിക്കുന്നില്ല! എന്തുകൊണ്ട്? ഒൻപതാം വാക്യം ഉത്തരം നൽകുന്നു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.”
18 തീർച്ചയായും “യഹോവയുടെ പരിജ്ഞാനത്തിന്” അക്ഷരീയ മൃഗങ്ങളുടെമേൽ ഫലമുണ്ടായിരിക്കാൻ കഴിയില്ല; തന്നിമിത്തം ഈ വാക്യങ്ങൾ മുഖ്യമായി ആളുകൾക്കു ബാധകമാകേണ്ടതാണ്. മിശിഹായുടെ ഭരണം യഹോവയെയും അവന്റെ വഴികളെയും കുറിച്ച് ആളുകളെ പഠിപ്പിച്ചുകൊണ്ട്, തങ്ങളുടെ സമസൃഷ്ടിയെ സ്നേഹത്തോടും ആദരവോടും മാന്യതയോടുംകൂടെ കരുതാൻ എല്ലാവരെയും പഠിപ്പിച്ചുകൊണ്ട്, ഒരു ആഗോള വിദ്യാഭ്യാസപരിപാടി ഏറെറടുത്തു നടത്തുന്നു. വരാനിരിക്കുന്ന പറുദീസയിൽ മിശിഹാ മനുഷ്യവർഗ്ഗത്തെ ശാരീരികവും ധാർമ്മികവുമായ പൂർണ്ണതയിലേക്ക് ഉയർത്തും. അപൂർണ്ണ മനുഷ്യപ്രകൃതിയെ കളങ്കപ്പെടുത്തുന്ന ഇരപിടിയൻ, മൃഗീയ, വാസനകൾ പൊയ്പോയിരിക്കും. അക്ഷരീയമായ ഒരു അർത്ഥത്തിലും മനുഷ്യവർഗ്ഗം മൃഗങ്ങളുമായി സമാധാനത്തിലാകും—ഒടുവിൽ!—ഉല്പത്തി 1:28 താരതമ്യപ്പെടുത്തുക.
19. മിശിഹായുടെ ഭരണം ഈ അന്ത്യനാളുകളിലെ ആളുകളുടെ ജീവിതത്തെ ബാധിക്കുന്നതെങ്ങനെ?
19 എന്നാൽ മിശിഹാ ഇപ്പോൾത്തന്നെ ഭരിക്കുന്നുവെന്നോർക്കുക. ഇപ്പോൾപ്പോലും അവന്റെ രാജ്യത്തിന്റെ പ്രജകൾ ഒരർത്ഥത്തിൽ യെശയ്യാവു 11:6-9 നിവർത്തിച്ചുകൊണ്ടു സമാധാനത്തിൽ ഒരുമിച്ചു ജീവിക്കാൻ പഠിക്കുകയാണ്. തന്നെയുമല്ല, ഏതാണ്ട് 80-ഓളം വർഷമായി യേശു യെശയ്യാവു 11:10 നിവർത്തിച്ചുകൊണ്ടാണിരിക്കുന്നത്. “അന്നാളിൽ വംശങ്ങൾക്കു കൊടിയായി നിൽക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.” സകല ജനതകളിലുംപെട്ട ആളുകൾ മിശിഹായിലേക്കു തിരിയുകയാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവൻ ഭരിച്ചുതുടങ്ങിയതുമുതൽ എപ്പോഴും അവൻ “വംശങ്ങൾക്കു കൊടിയായി നിൽക്കു”കയാണ്. അവൻ മുകളിൽ വർണ്ണിച്ച വിപുലമായ വിദ്യാഭ്യാസപരിപാടിമുഖേന തന്റെ സാന്നിദ്ധ്യം ലോകവ്യാപകമായി അറിയിച്ചുകൊണ്ടാണിരിക്കുന്നത്. യഥാർത്ഥത്തിൽ, ഈ പഴയ വ്യവസ്ഥിതി അവസാനിക്കുന്നതിനു മുമ്പ് ഒരു ആഗോള പ്രസംഗവേല തന്റെ സാന്നിദ്ധ്യത്തിന്റെ ഒരു പ്രമുഖ അടയാളമായിരിക്കുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു.—മത്തായി 24:14.
20. മിശിഹായുടെ ഭരണത്തിലെ സകല പ്രജകളും ഏതു മനോഭാവം ഒഴിവാക്കണം, എന്തുകൊണ്ട്?
20 അതുകൊണ്ട്, രാജകീയാധികാരത്തിലുള്ള ക്രിസ്തുവിന്റെ സാന്നിദ്ധ്യം ഒരു വിദൂര സൈദ്ധാന്തിക സംഗതി, കേവലം ദൈവശാസ്ത്രജ്ഞൻമാരുടെ ഇടയിലെ ബൗദ്ധികമായ വാദപ്രതിവാദത്തിന്റെ ഒരു വിഷയം, അല്ല. യെശയ്യാവു മുൻകൂട്ടിപ്പറഞ്ഞതുപോലെ അവന്റെ ഭരണം ഇവിടെ ഭൂമിയിലെ ആളുകളുടെ ജീവിതങ്ങളെ ബാധിക്കുകയും പരിവർത്തിപ്പിക്കുകയും ചെയ്യുന്നു. യേശു തന്റെ രാജ്യത്തിനുവേണ്ടി ദശലക്ഷക്കണക്കിനു പ്രജകളെ ഈ ദുഷിച്ച ലോകവ്യവസ്ഥിതിയിൽനിന്നു പുറത്തേക്കു നയിച്ചിട്ടുണ്ട്. നിങ്ങൾ അങ്ങനെയുള്ള ഒരു പ്രജയാണോ? ആണെങ്കിൽ, നമ്മുടെ ഭരണാധികാരിക്ക് അർഹതപ്പെട്ട സകല ഉത്സാഹത്തോടും സന്തോഷത്തോടും കൂടെ സേവിക്കുക! ക്ഷീണിച്ചുപോകുന്നത്, “അവന്റെ ഈ വാഗ്ദത്ത സാന്നിദ്ധ്യം എവിടെ?” എന്ന ലോകത്തിന്റെ ദോഷദൃഷ്ടിയോടുകൂടിയ മുറവിളിയിൽ ചേരുന്നത്, വളരെ എളുപ്പമാണെന്നു സമ്മതിക്കുന്നു. (2 പത്രോസ് 3:4, NW) എന്നാൽ യേശുതന്നെ പറഞ്ഞതുപോലെ, “അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷിക്കപ്പെടും.”—മത്തായി 24:13.
21. നമുക്കെല്ലാം മിശിഹൈകപ്രത്യാശയോടുള്ള നമ്മുടെ വിലമതിപ്പ് എങ്ങനെ വർദ്ധിപ്പിക്കാൻ കഴിയും?
21 കടന്നുപോകുന്ന ഓരോ ദിവസവും, മുഴുലോകത്തിനും തന്റെ പുത്രന്റെ സാന്നിദ്ധ്യത്തെ പ്രകടമാക്കാൻ യഹോവ അവനോടു നിർദ്ദേശിക്കുന്ന മഹാദിവസത്തോടു നമ്മെ ഏറെ അടുപ്പിക്കുന്നു. ആ ദിവസത്തിലുള്ള നിങ്ങളുടെ പ്രത്യാശ മങ്ങിപ്പോകാൻ അനുവദിക്കരുത്. യേശുവിന്റെ മിശിഹാപദവിയെയും വാഴുന്ന രാജാവെന്ന നിലയിലുള്ള അവന്റെ ഗുണങ്ങളെയും കുറിച്ചു ധ്യാനിക്കുക. ബൈബിളിൽ വിവരിച്ചിരിക്കുന്ന മഹത്തായ മിശിഹൈകപ്രത്യാശയുടെ കാരണഭൂതനും സൂത്രധാരനുമായ യഹോവയാം ദൈവത്തെക്കുറിച്ചും ആഴമായി ചിന്തിക്കുക. നിങ്ങൾ അതു ചെയ്യുമ്പോൾ, “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ!” എന്നെഴുതിയ അപ്പോസ്തലനായ പൗലോസിനെപ്പോലെ നിങ്ങൾ അധികമധികം വിചാരിക്കുമെന്നുള്ളതിനു സംശയമില്ല.—റോമർ 11:33.
[അടിക്കുറിപ്പ്]
a മുമ്പ് 1864-ൽ ദൈവശാസ്ത്രജ്ഞനായ ആർ. ഗോവററ് അതിങ്ങനെ പ്രസ്താവിച്ചു: “ഇതു വളരെ നിർണ്ണായകമാണെന്ന് എനിക്കു തോന്നുന്നു. സാന്നിദ്ധ്യത്തിന്റെ ഒരു അടയാളം കൊടുത്തത് അത് ഒരു രഹസ്യമാണെന്നു പ്രകടമാക്കുന്നു. നാം കാണുന്നതിന്റെ സാന്നിദ്ധ്യം നമ്മെ അറിയിക്കാൻ നമുക്ക് ഒരു അടയാളം ആവശ്യമില്ല.”
b വിശദാംശങ്ങൾക്കായി “നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകത്തിന്റെ 136-146വരെ പേജുകൾ കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ക്രിസ്തു ഏതു രീതിയിൽ തിരിച്ചുവരുന്നു?
◻ ക്രിസ്തുവിന്റെ പറൂസിയാ അദൃശ്യമാണെന്നും ഗണ്യമായ ഒരു കാലഘട്ടം നീണ്ടുനിൽക്കുന്നുവെന്നും നാം എങ്ങനെ അറിയുന്നു?
◻ ക്രിസ്തുവിന്റെ സാന്നിദ്ധ്യം എപ്പോൾ തുടങ്ങുന്നു, നാം ഇത് എങ്ങനെ അറിയുന്നു?
◻ മിശിഹാ ഏതുതരം സ്വർഗ്ഗീയ ഭരണാധികാരിയാണ്?
◻ ക്രിസ്തുവിന്റെ ഭരണം അതിന്റെ പ്രജകളുടെ ജീവിതത്തെ ഏതു വിധങ്ങളിൽ ബാധിക്കുന്നു?
[15-ാം പേജിലെ ചിത്രം]
യേശു തിരിച്ചുവരുമെന്നുള്ള പ്രത്യാശ അവന്റെ വിശ്വസ്തരായ അപ്പോസ്തലൻമാർക്കു വളരെയധികം അർത്ഥവത്തായിരുന്നു
[17-ാം പേജിലെ ചിത്രം]
യേശു സ്വർഗ്ഗത്തിൽനിന്നു ഭരിച്ചുകൊണ്ട് ഒരു ആഗോളതോതിൽ അത്ഭുതങ്ങൾ ചെയ്യും
[കടപ്പാട്]
Earth: Based on NASA photo