‘ഞാൻ സ്നാപനമേൽക്കണമോ?’
നാം ജീവിതത്തിൽ എടുക്കേണ്ട എല്ലാ തീരുമാനങ്ങളിലുംവെച്ച് ഒരുപക്ഷേ ഇതിലും പ്രാധാന്യമുള്ള മറെറാന്നില്ല: ‘ഞാൻ സ്നാപനമേൽക്കണമോ? അതു വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഈ ചോദ്യംസംബന്ധിച്ച നമ്മുടെ തീരുമാനത്തിന് ഇപ്പോഴത്തെ നമ്മുടെ ജീവിതഗതിയുടെമേൽ മാത്രമല്ല, നമ്മുടെ നിത്യക്ഷേമത്തിൻമേലും നേരിട്ടുള്ള ഒരു ഫലമുണ്ട്.
നിങ്ങൾ ഈ തീരുമാനത്തെ അഭിമുഖീകരിക്കുന്നുവോ? ഒരുപക്ഷേ നിങ്ങൾ കുറേ കാലമായി യഹോവയുടെ സാക്ഷികളോടുകൂടെ ബൈബിൾ പഠിക്കുന്നുണ്ടായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ ശൈശവം മുതൽ തിരുവെഴുത്തുകൾ പഠിപ്പിക്കുന്നുണ്ടായിരിക്കാം. ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടതുസംബന്ധിച്ചു തീരുമാനമെടുക്കേണ്ട ഘട്ടത്തിലെത്തിയിരിക്കുന്നു. ശരിയായ തീരുമാനം ചെയ്യുന്നതിന്, സ്നാപനത്തിൽ എന്തുൾപ്പെട്ടിരിക്കുന്നുവെന്നും ആരാണു സ്നാപനമേൽക്കേണ്ടതെന്നും നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.
സ്നാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്
ഏറെക്കുറെ ഒരു വിവാഹത്തെപ്പോലെ, സ്നാപനം ഒരു ബന്ധത്തെ ബഹുമാന്യമാക്കുന്ന ഒരു ചടങ്ങാണ്. ഒരു വിവാഹത്തിന്റെ സംഗതിയിൽ, ഉൾപ്പെട്ടിരിക്കുന്ന പുരുഷനും സ്ത്രീയും അപ്പോൾത്തന്നെ ഒരു അടുത്ത ബന്ധം വളർത്തിയിട്ടുണ്ട്. വിവാഹചടങ്ങ് സ്വകാര്യമായി സമ്മതിച്ചിരിക്കുന്നതിനെ, അതായത്, ഇരുവരും ഇപ്പോൾ യഥാർത്ഥ ദാമ്പത്യബന്ധത്തിലേക്കു പ്രവേശിക്കുകയാണെന്നുള്ളതിനെ, കേവലം പരസ്യമാക്കുന്നതേയുള്ളു. അതു ദമ്പതികൾക്ക് ആസ്വദിക്കാനുള്ള പദവികളും തുറന്നുകൊടുക്കുകയും തങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിൽ വഹിക്കേണ്ട ഉത്തരവാദിത്തങ്ങൾ കൈവരുത്തുകയും ചെയ്യുന്നു.
സ്നാപനത്തിന്റെ കാര്യത്തിൽ സാഹചര്യം മിക്കവാറും സമാനമാണ്. നാം ബൈബിൾ പഠിക്കുമ്പോൾ, യഹോവ നമുക്കുവേണ്ടി ചെയ്തിരിക്കുന്ന സ്നേഹപൂർവകമായ കാര്യങ്ങൾ നാം മനസ്സിലാക്കുന്നു. അവൻ നമുക്കു ജീവനും അതു നിലനിർത്തുന്നതിനാവശ്യമായ സകലവും മാത്രമല്ല, തന്നോടുള്ള ഒരു ബന്ധത്തിലേക്കു വരാനും ഒരു പറുദീസാഭൂമിയിലെ നിത്യജീവൻ ആസ്വദിക്കാനും പാപികളായ മനുഷ്യവർഗ്ഗത്തിനു വഴിതുറന്നുകൊടുക്കാൻ തന്റെ ഏകജാതനായ പുത്രനെയും നൽകിയിരിക്കുന്നു. നാം ഇതിനെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോൾ, നാം എന്തെങ്കിലും ചെയ്യാൻ പ്രേരിതരാകുന്നില്ലേ?
നമുക്കെന്തു ചെയ്യാൻ കഴിയും? ദൈവപുത്രനായ യേശുക്രിസ്തു നമ്മോടു പറയുന്നു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു (ദണ്ഡനസ്തംഭം, NW) എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ.” (മത്തായി 16:24) അതെ, നമുക്ക് യേശുക്രിസ്തുവിന്റെ പിതാവായ യഹോവയുടെ താത്പര്യങ്ങൾക്കു സേവചെയ്യുന്നതിലുള്ള അവന്റെ ദൃഷ്ടാന്തമനുകരിച്ചുകൊണ്ട് അവന്റെ ശിഷ്യരാകാൻ കഴിയും. എന്നിരുന്നാലും, അങ്ങനെ ചെയ്യുന്നതിന്, നാം നമ്മേത്തന്നെ ‘ത്യജിക്കേണ്ട’ത്, അതായത് ദൈവേഷ്ടത്തെ നമ്മുടേതിനുപരിയായി കരുതാൻ സ്വമേധയാ തീരുമാനിക്കേണ്ടത്, ആവശ്യമാണ്; ഇതിൽ നമ്മുടെ ജീവനെ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിനു സമർപ്പിക്കുന്നത് ഉൾപ്പെടുന്നു. സ്വമേധയായുള്ള ഈ സ്വകാര്യതീരുമാനം അറിയിക്കുന്നതിന്, ഒരു പരസ്യചടങ്ങു നടത്തപ്പെടുന്നു. ജലസ്നാപനമാണ് ദൈവത്തിനായുള്ള നമ്മുടെ സമർപ്പണത്തെ ലക്ഷ്യപ്പെടുത്തുന്നതിനുള്ള ആ ചടങ്ങ്.
ആർ സ്നാപനമേൽക്കണം?
‘പോയി താൻ കല്പിച്ചിരുന്ന സകല കാര്യങ്ങളും അനുഷ്ഠിക്കാൻ സകല ജനതകളിലെയും ആളുകളെ പഠിപ്പിച്ചുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാപനപ്പെടുത്തി ശിഷ്യരാക്കിക്കൊള്ളാൻ’ തന്റെ അനുഗാമികളോട് യേശുക്രിസ്തു നിർദ്ദേശിച്ചു. (മത്തായി 28:19, 20) സ്നാപനമേൽക്കുന്നവർക്ക് മനസ്സിന്റെയും ഹൃദയത്തിന്റെയും ഒരളവിലുള്ള പക്വത ആവശ്യമാണന്ന് വ്യക്തമാണ്. ദൈവവചനത്തിന്റെ വ്യക്തിപരമായ പഠനത്തിലൂടെ അവർ തങ്ങളുടെ മുൻ ജീവിതഗതിയിൽനിന്ന് ‘അനുതപിച്ചു തിരിഞ്ഞുവരേണ്ടതിന്റെ’ ആവശ്യകതയെ വിലമതിക്കാനിടയായിരിക്കുന്നു. (പ്രവൃത്തികൾ 3:19) അനന്തരം, യേശുക്രിസ്തു ചെയ്ത സുവിശേഷിക്കൽവേല ഏറെറടുത്തുകൊണ്ട് അവന്റെ ശിഷ്യരായിത്തീരേണ്ടതിന്റെ ആവശ്യകത അവർ കണ്ടിരിക്കുന്നു. ഇതെല്ലാം സ്നാപനമാകുന്ന പടിക്കു മുമ്പു നടന്നിരിക്കുന്നു.
നിങ്ങളുടെ ആത്മീയ വളർച്ചയിൽ നിങ്ങൾ ഈ ഘട്ടത്തിൽ എത്തിയിരിക്കുന്നുവോ? നിങ്ങൾ ദൈവത്തെ സേവിക്കാനാഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ, പ്രവൃത്തികൾ 8-ാമദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന എത്യോപ്യൻ ഷണ്ഡനെക്കുറിച്ചുള്ള ബൈബിൾവിവരണം പ്രാർത്ഥനാപൂർവം പരിചിന്തിക്കുക. മിശിഹായായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനങ്ങൾ ഈ മനുഷ്യനു വിശദീകരിച്ചുകൊടുത്തപ്പോൾ അയാൾ തന്റെ മനസ്സിനെയും ഹൃദയത്തെയും പരിശോധിക്കുകയും അനന്തരം “ഞാൻ സ്നാനമേൽക്കുന്നതിനു എന്തു വിരോധം” എന്നു ചോദിക്കുകയും ചെയ്തു. പ്രത്യക്ഷത്തിൽ വിരോധിക്കേണ്ട യാതൊരു കാരണവുമില്ലായിരുന്നു; തന്നിമിത്തം അയാൾ സ്നാപനമേററു.—പ്രവൃത്തികൾ 8:26-38.
ഇന്ന് അനേകർ അതേ ചോദ്യം ചോദിക്കുകയാണ്: “ഞാൻ സ്നാനമേൽക്കുന്നതിനു എന്തു വിരോധം”? തത്ഫലമായി 1991-ൽ പുതുതായി സമർപ്പിക്കപ്പെട്ട 3,00,945 പേർ സ്നാപനമേററു. ഇതു യഹോവയുടെ ജനത്തിനെല്ലാം വലിയ സന്തോഷം കൈവരുത്തി. പുരോഗമിക്കുന്നതിനും സ്നാപനത്തിനുള്ള യോഗ്യതകളിലെത്തിച്ചേരുന്നതിനും നീതിഹൃദയികളെ സഹായിക്കാൻ സഭകളിലെ മൂപ്പൻമാർക്ക് സന്തോഷമുണ്ട്.
എന്നിരുന്നാലും, കുറേക്കൂടെ കഴിയട്ടെ എന്നു നിങ്ങളുടെ സഭയിലെ മൂപ്പൻമാർ നിങ്ങളോടു നിർദ്ദേശിച്ചേക്കാം. അല്ലെങ്കിൽ നിങ്ങൾ ഒരു കുട്ടിയാണെങ്കിൽ, നിങ്ങൾ കാത്തിരിക്കാൻ നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളോടു നിർദ്ദേശിച്ചേക്കാം. അപ്പോഴെന്ത്? നിരുത്സാഹപ്പെടരുത്. അത്യുന്നതനുമായുള്ള വ്യക്തിപരമായ ഒരു ബന്ധത്തിലേക്കു പ്രവേശിക്കുന്നതു വളരെ ഗൗരവമുള്ള ഒരു സംഗതിയാണെന്ന് ഓർക്കുക. ഉയർന്ന നിലവാരങ്ങളിലെത്തുകയും അവ നിലനിർത്തുകയും ചെയ്യേണ്ടതാണ്. അതുകൊണ്ട്, നൽകപ്പെടുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കുകയും മുഴുഹൃദയത്തോടെ ബാധകമാക്കുകയും ചെയ്യുക. നൽകപ്പെടുന്ന കാരണങ്ങൾ നിങ്ങൾക്കു പൂർണ്ണമായി മനസ്സിലാകുന്നില്ലെങ്കിൽ ഒഴിഞ്ഞുമാറാതെ നിങ്ങൾ എന്ത് ഒരുക്കം നടത്തേണ്ടതുണ്ടെന്നു യഥാർത്ഥത്തിൽ മനസ്സിലാകുന്നതുവരെ ചോദ്യങ്ങൾ ചോദിക്കുക.
മറിച്ച്, ചിലയാളുകൾ അവർ പറയുന്നതുപോലെയുള്ള ആ വലിയ പടി സ്വീകരിക്കാൻ മടിച്ചേക്കാം. നിങ്ങൾ അവരിൽപ്പെട്ട ഒരാളാണോ? തീർച്ചയായും, നിങ്ങൾ സമർപ്പണവും സ്നാപനവും നീട്ടിവെക്കേണ്ടതിനു സുനിശ്ചിത കാരണങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ നിങ്ങൾക്കു യോഗ്യതയുണ്ടായിരുന്നിട്ടും പിൻമാറിനിൽക്കുകയാണെങ്കിൽ നിങ്ങളോടുതന്നെ “ഞാൻ സ്നാനമേൽക്കുന്നതിനു എന്തു വിരോധം” എന്നു ചോദിക്കുന്നതു നല്ലതാണ്. പ്രാർത്ഥനാപൂർവം നിങ്ങളുടെ സാഹചര്യത്തെ വിശകലനം ചെയ്യുകയും തന്നോടു വ്യക്തിപരമായി ഒരു ബന്ധത്തിൽ പ്രവേശിക്കുന്നതിനുള്ള യഹോവയുടെ ക്ഷണത്തിനു ചെവികൊടുക്കുന്ന കാര്യം നീട്ടിവെക്കുന്നതിനു യഥാർത്ഥത്തിൽ സാധുവായ കാരണമുണ്ടോയെന്നു കാണുകയും ചെയ്യുക.
‘ഞാൻ ഇപ്പോഴും ഇളപ്പമാണ്’
നിങ്ങൾ ഇപ്പോഴും ഒരു കുട്ടിയാണെങ്കിൽ, ‘ഞാൻ ഇപ്പോഴും ചെറുപ്പമാണ്’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. കുട്ടികൾ തങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുകയും അവർക്കു ചെവികൊടുക്കുകയും തങ്ങളുടെ കഴിവിന്റെ പരമാവധി തിരുവെഴുത്തുകൾ ബാധകമാക്കുകയും ചെയ്യുന്നടത്തോളം കാലം യഹോവ അവരെ “വിശുദ്ധ”രായി വീക്ഷിക്കുന്നുവെന്ന് അവർക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. യഥാർത്ഥത്തിൽ, നീതിനിഷ്ഠരായ മാതാപിതാക്കളുടെ ദിവ്യാംഗീകാരം ആശ്രിതരായ മക്കളിലേക്കു വ്യാപിക്കുന്നുവെന്ന് ബൈബിൾ നമ്മോടു പറയുന്നു. (1 കൊരിന്ത്യർ 7:14) എന്നിരുന്നാലും, ഈ ആശ്രയകാലഘട്ടം അവസാനിക്കുന്നതുസംബന്ധിച്ച യാതൊരു പ്രായപരിധിയും ബൈബിളിൽ നൽകപ്പെടുന്നില്ല. തന്നിമിത്തം ക്രിസ്തീയ യുവാക്കൾ ‘ഞാൻ സ്നാപനമേൽക്കണമോ?’ എന്ന ചോദ്യം ഗൗരവമായി പരിചിന്തിക്കുന്നത് പ്രധാനമാണ്.
ബൈബിൾ യുവജനങ്ങളെ ‘തങ്ങളുടെ യൗവനനാളുകളിൽ തങ്ങളുടെ മഹദ്സ്രഷ്ടാവിനെ ഓർത്തുകൊള്ളാൻ’ പ്രോൽസാഹിപ്പിക്കുന്നു. (സഭാപ്രസംഗി 12:1, NW) ഈ കാര്യത്തിൽ നമുക്ക്, “ഒരു ബാലനായി യഹോവയുടെ മുമ്പാകെ ശുശ്രൂഷിച്ചുകൊണ്ടിരുന്ന” കുട്ടിപ്രായത്തിലുള്ള ശമുവേലിന്റെ ദൃഷ്ടാന്തമുണ്ട്. തിമൊഥെയോസിന്റെ ദൃഷ്ടാന്തവുമുണ്ട്, അവൻ ശൈശവംമുതൽ അവന്റെ അമ്മയും വല്യമ്മയും അവനെ പഠിപ്പിച്ച സത്യം കാര്യമായി എടുത്തു.—1 ശമുവേൽ 2:18; 2 തിമൊഥെയോസ് 1:5; 3:14, 15.
അതുപോലെ ഇന്ന് അനേകം കുട്ടികൾ യഹോവയെ സേവിക്കാൻ തങ്ങളുടെ ജീവിതത്തെ സമർപ്പിച്ചിരിക്കുന്നു. ആക്കിഫൂസാ എന്നു പേരുള്ള ഒരു 15-വയസ്സുകാരൻ സ്നാപനമേൽക്കാൻ തീരുമാനമെടുക്കുന്നതിനു സേവനയോഗത്തിലെ ഒരു ഭാഗം തന്നെ സഹായിച്ചുവെന്നു പറഞ്ഞു. ആയുമി പത്തു വയസ്സുണ്ടായിരുന്നപ്പോൾ സ്നാപനമേററു. യഹോവയെ യഥാർത്ഥമായി സ്നേഹിക്കാനിടയായതുകൊണ്ട് അവൾ അവനെ സേവിക്കാനാഗ്രഹിച്ചു. ഇപ്പോൾ അവൾക്കു 13 വയസ്സുണ്ട്. യഹോവയെ സ്നേഹിക്കാനിടയായ അവളുടെ ബൈബിളദ്ധ്യേതാവും 12-ാം വയസ്സിൽ സ്നാപനമേൽക്കുന്നതു കാണുന്ന അനുഭവം അവൾക്കുണ്ടായി. ആയുമിയുടെ ഇളയ സഹോദരനായ ഹിക്കാരുവും പത്താം വയസ്സിൽ സ്നാപനമേററു. “ഞാൻ തീരെ ഇളപ്പമാണെന്നു ചിലർ പറഞ്ഞു,” അവൻ അനുസ്മരിക്കുന്നു, “എന്നാൽ എന്റെ വിചാരം യഹോവ അറിഞ്ഞു. എനിക്കുള്ള സകലവുമായി യഹോവയെ സേവിക്കാൻ എന്റെ ജീവിതത്തെ സമർപ്പിക്കാൻ തീരുമാനിച്ചുകഴിഞ്ഞപ്പോൾ സ്നാപനമേൽക്കാൻ ഞാൻ ദൃഢനിശ്ചയമെടുത്തു.”
ഒരു യുവ സഹോദരിയുടെ ദൃഷ്ടാന്തത്തിൽനിന്നു കാണാൻ കഴിയുന്നതുപോലെ, മാതാപിതാക്കളുടെ ദൃഷ്ടാന്തവും ഒരു ഘടകമാണ്. അവളുടെ അമ്മ അവളും അവളുടെ സഹോദരനും സഹോദരിയുമായി ബൈബിൾ പഠിക്കുന്നത് അവളുടെ അപ്പൻ തടഞ്ഞു. അയാൾ അവരെ അടിക്കുകയും അവരുടെ പുസ്തകങ്ങൾ ചുട്ടെരിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ അമ്മയുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം മക്കൾക്കു യഹോവയാം ദൈവത്തെ സേവിക്കുന്നതിന്റെ പ്രാധാന്യം കാണാൻ കഴിഞ്ഞു. ഈ പെൺകുട്ടി 13-ാം വയസ്സിൽ സ്നാപനമേററു. അവളുടെ ഇളയ സഹോദരനും സഹോദരിയും അവളുടെ മാതൃകയെ അനുകരിച്ചിരിക്കുന്നു.
‘എനിക്കു പ്രായം കടന്നുപോയി’
സങ്കീർത്തനക്കാരൻ പറഞ്ഞു: “വൃദ്ധൻമാരും ബാലൻമാരും . . . യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.” (സങ്കീർത്തനം 148:12, 13) അതെ, പ്രായമേറിയവരും യഹോവയുടെ പക്ഷത്തു നിലയുറപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയേണ്ടിയിരിക്കുന്നു. എന്നിരുന്നാലും പ്രായമേറിയ ചിലർ മാററങ്ങൾ വരുത്തുന്നതൊഴിവാക്കാനുള്ള പ്രവണത കാട്ടുന്നു. “പന്തീരാണ്ടു കഴിഞ്ഞാലും പട്ടിയുടെ വാൽ വളഞ്ഞേ ഇരിക്കുകയുള്ളു” എന്ന് അവർ വിചാരിക്കുന്നു. എന്നിരുന്നാലും വിശ്വസ്തനായ അബ്രാഹാമിനോട്, “നിന്റെ ദേശക്കാരെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചുതരുന്ന ദേശത്തിലേക്കു ചെല്ലുക” എന്നു പറഞ്ഞപ്പോൾ അവന് 75 വയസ്സു പ്രായമായിരുന്നു. (പ്രവൃത്തികൾ 7:3; ഉല്പത്തി 12:1, 4) യഹോവ മോശയെ “എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവി”ക്കുന്നതിനു നിയോഗിച്ചപ്പോൾ അവന് 80 വയസ്സായിരുന്നു. (പുറപ്പാടു 3:10) തന്നോടുള്ള സ്നേഹവും സമർപ്പണവും പ്രകടമാക്കാൻ യഹോവ ആവശ്യപ്പെട്ടപ്പോൾ ഈ മനുഷ്യരും മററുള്ളവരുമെല്ലാം തങ്ങളുടെ ജീവിതരീതിയിൽ നന്നായി ഉറച്ചവരായിരുന്നു. യഹോവയുടെ ആഹ്വാനത്തിനു ചെവികൊടുക്കാൻ അവർ മടികാണിച്ചില്ല.
ഇന്ന് എന്ത്? ഷീസുമൂ ബൈബിളിന്റെ ഒരു പഠനം തുടങ്ങിയപ്പോൾ അയാൾ 78 വയസ്സുള്ള ഒരു ബുദ്ധമതക്കാരനായിരുന്നു. അയാളുടെ സ്വന്തം വീട്ടിൽവെച്ചു പഠിക്കാൻ അനുവദിക്കുകപോലും ചെയ്യാതെ അയാളുടെ കുടുംബം അയാളെ എതിർത്തു. ഒരു വർഷം മാത്രം കഴിഞ്ഞപ്പോൾ അയാൾ തന്നേത്തന്നെ യഹോവക്കു സമർപ്പിക്കേണ്ടതിന്റെ ആവശ്യകത കണ്ടു. അയാൾ സ്നാപനമേൽക്കുകയും ചെയ്തു. അയാൾ മാററം വരുത്തിയതെന്തുകൊണ്ടായിരുന്നു? അയാൾ പറഞ്ഞു: “അനേകം വർഷങ്ങളിൽ ഞാൻ വ്യാജമതത്താൽ കബളിപ്പിക്കപ്പെട്ടിരുന്നു. യഹോവയിൽനിന്നു സത്യം സ്വീകരിക്കുന്നതിൽ എന്നേക്കും തുടരാൻ ഞാൻ ആഗ്രഹിച്ചു.”
‘അതിപ്പോൾ നിങ്ങളെ രക്ഷിക്കുകയാകുന്നു’
സമയം തീർന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളുടേതുൾപ്പെടെ ജീവൻ അപകടത്തിലാണ്. യഹോവക്കു സമർപ്പിക്കുകയും അതിനെ ജലസ്നാപനത്താൽ ലക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന കാര്യം നിങ്ങൾ സഗൗരവം പരിഗണിക്കേണ്ടത് അടിയന്തിരമാണ്. “സ്നാനമോ ഇപ്പോൾ . . . നമ്മെയും രക്ഷിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അപ്പോസ്തലനായ പത്രോസ് ഇതു ദൃഢീകരിച്ചു. സ്നാപനം “ജഡത്തിന്റെ അഴുക്കു കളയുന്നതായിട്ടല്ല,” (ഒരു വ്യക്തി സ്നാപനത്തിനു യോഗ്യത നേടുന്നതിനുമുമ്പ് അതു നേരത്തേ ചെയ്തിരിക്കും) “ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ” എന്ന് അവൻ കൂടുതലായി വിശദീകരിച്ചു.—1 പത്രൊസ് 3:21.
യഹോവയുടെ വ്യവസ്ഥകൾ നിറവേററിയിരിക്കെ, സ്നാപനമേററ ശിഷ്യന് ഒരു നല്ല മനസ്സാക്ഷി ലഭിക്കുന്നു. യഹോവയെ സേവിക്കുന്നതിൽ പരമാവധി ചെയ്യുന്നതിൽ തുടരുന്നതിനാൽ അയാൾ മനഃസമാധാനവും സംതൃപ്തിയും ആസ്വദിക്കുന്നു. (യാക്കോബ് 1:25) എല്ലാററിനുമുപരിയായി അയാൾക്കു വരാനിരിക്കുന്ന പുതിയ വ്യവസ്ഥിതിയിൽ യഹോവയിൽനിന്നുള്ള അനന്തമായ അനുഗ്രഹങ്ങൾ ലഭിക്കാൻ ദൃഢവിശ്വാസത്തോടെ നോക്കിപ്പാർത്തിരിക്കാൻ കഴിയും. നിങ്ങൾ ‘ഞാൻ സ്നാപനമേൽക്കണമോ?’ എന്ന ചോദ്യത്തോടു ക്രിയാത്മകമായി പ്രതികരിക്കുമ്പോൾ അതായിരിക്കട്ടെ നിങ്ങളുടെ ഓഹരി.
[25-ാം പേജിലെ ചിത്രം]
ശമുവേൽ ഒരു ബാലനായിരിക്കെ യഹോവയുടെ മുമ്പാകെ ശുശ്രൂഷ ചെയ്തു
[26-ാം പേജിലെ ചിത്രം]
മോശ യഹോവയാൽ നിയോഗിക്കപ്പെട്ടപ്പോൾ അവന് 80 വയസ്സായിരുന്നു
[27-ാം പേജിലെ ചിത്രം]
ഇന്നു സ്നാപനമേൽക്കുന്ന യുവാക്കൾക്കും പ്രായമുള്ളവർക്കും ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിലെ അനന്ത ജീവനുവേണ്ടി നോക്കിപ്പാർത്തിരിക്കാൻ കഴിയും