യഹോവയുടെ സ്നേഹപൂർവകമായ കുടുംബക്രമീകരണം
“അതുനിമിത്തം ഞാൻ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും പേർ വരുവാൻ കാരണമായ പിതാവിന്റെ സന്നിധിയിൽ മുട്ടുകുത്തുന്നു.”—എഫെസ്യർ 3:14, 15.
1, 2. (എ) യഹോവയാം ദൈവം കുടുംബത്തെ ഉളവാക്കിയത് എന്തുദ്ദേശ്യത്തിലാണ്? (ബി) ഇന്നു കുടുംബത്തിനു യഹോവയുടെ ക്രമീകരണത്തിൽ എന്തു പങ്കാണ് ഉണ്ടായിരിക്കേണ്ടത്?
യഹോവ കുടുംബത്തെ ഉളവാക്കി. അതുവഴി അവൻ സൗഹൃദത്തിനും പിന്തുണക്കും അടുപ്പത്തിനുമുള്ള മാനുഷ ആവശ്യം തൃപ്തിപ്പെടുത്തുന്നതിനേക്കാൾ അധികം ചെയ്തു. (ഉല്പത്തി 2:18) ഭൂമിയെ നിറയ്ക്കുക എന്നുള്ള ദൈവത്തിന്റെ മഹത്തായ ഉദ്ദേശ്യം നിറവേററാനുള്ള മാർഗ്ഗം കുടുംബമായിരുന്നു. ആദ്യ ദമ്പതികളോട് അവൻ ഇപ്രകാരം പറഞ്ഞു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി”ക്കൊൾവിൻ. (ഉല്പത്തി 1:28) കുടുംബത്തിന്റെ ഊഷ്മളവും പരിപുഷ്ടിപ്പെടുത്തുന്നതുമായ ചുററുപാട് ആദാമിനും ഹവ്വായ്ക്കും അവരുടെ പിൻതലമുറക്കാർക്കും ജനിക്കാനിരുന്ന അസംഖ്യം കുട്ടികൾക്കും പ്രയോജനകരമെന്നു തെളിയുമായിരുന്നു.
2 എന്നാൽ ആ ആദ്യ ദമ്പതികൾ അനുസരണക്കേടിന്റെ ഗതി തെരഞ്ഞെടുത്തു—തങ്ങൾക്കുതന്നെയും തങ്ങളുടെ സന്തതികൾക്കും വിനാശകരമായ ഫലങ്ങളോടെതന്നെ. (റോമർ 5:12) അപ്രകാരം ഇന്നത്തെ കുടുംബജീവിതം അത് എന്തായിരിക്കാൻ ദൈവം ഉദ്ദേശിച്ചുവോ അതിന്റെ ഒരു വികൃതരൂപമാണ്. എന്നാൽ ഇപ്പോഴും കുടുംബത്തിനു യഹോവയുടെ ക്രമീകരണത്തിൽ ഒരു സുപ്രധാനമായ സ്ഥാനമുണ്ട്, അതു ക്രിസ്തീയ സമൂഹത്തിന്റെ അടിസ്ഥാനഘടകമായി സേവിക്കുന്നു. ഇങ്ങനെ പറയുന്നതു നമ്മുടെ ഇടയിലുള്ള അവിവാഹിതരായ അനേകം ക്രിസ്ത്യാനികൾ ചെയ്യുന്ന നല്ല വേലയോടു വിലമതിപ്പില്ലാതെയല്ല. മറിച്ച്, ക്രിസ്തീയ സ്ഥാപനത്തിന്റെ മൊത്തത്തിലുള്ള ആത്മീയ ആരോഗ്യത്തിനു കുടുംബങ്ങൾ നൽകുന്ന വലിയ സംഭാവനയെയും നാം അംഗീകരിക്കുന്നു. ശക്തമായ കുടുംബങ്ങൾ ശക്തമായ സഭകൾ ഉണ്ടായിരിക്കാൻ ഇടയാക്കുന്നു. എന്നാൽ ഇന്നത്തെ സമ്മർദ്ദങ്ങളുണ്ടെങ്കിലും നിങ്ങളുടെ കുടുംബത്തിന് എങ്ങനെ തഴച്ചു വളരാൻ കഴിയും? ഉത്തരമായി കുടുംബക്രമീകരണത്തെക്കുറിച്ചു ബൈബിളിന് എന്തു പറയാനുണ്ടെന്നു നമുക്കു പരിശോധിക്കാം.
കുടുംബം ബൈബിൾകാലങ്ങളിൽ
3. പൂർവ്വപിതാക്കൻമാരുടെ കുടുംബങ്ങളിൽ ഭർത്താവിനും ഭാര്യക്കും എന്തു പങ്കാണ് ഉണ്ടായിരുന്നത്?
3 ആദാമും ഹവ്വായും ദൈവത്തിന്റെ ശിരഃസ്ഥാന ക്രമീകരണത്തെ നിരാകരിച്ചു. എന്നാൽ നോഹ, അബ്രഹാം, ഇസ്ഹാക്ക്, യാക്കോബ്, ഇയ്യോബ് എന്നിങ്ങനെ വിശ്വാസമുണ്ടായിരുന്ന പുരുഷൻമാർ കുടുംബത്തലവൻമാരെന്ന നിലയിൽ ഉചിതമായി തങ്ങളുടെ സ്ഥാനങ്ങൾ ഏറെറടുത്തു. (എബ്രായർ 7:4) പൂർവപിതാക്കൻമാരുടെ കുടുംബങ്ങൾ ഒരു ചെറിയ ഗവൺമെൻറുപോലെയായിരുന്നു, പിതാവ് മതനേതാവും ഉപദേഷ്ടാവും ന്യായാധിപനുമായി പ്രവർത്തിച്ചു. (ഉല്പത്തി 8:20; 18:19) ഭാര്യമാർക്കും പ്രധാനപ്പെട്ട ഒരു പങ്കുണ്ടായിരുന്നു, അവർ അടിമകളായിട്ടല്ല മറിച്ചു കുടുംബത്തിലെ അസിസ്ററൻറ് മാനേജർമാരായി സേവിച്ചു.
4. മോശൈക ന്യായപ്രമാണത്തിൻകീഴിൽ കുടുംബജീവിതത്തിന് എങ്ങനെയാണു മാററം സംഭവിച്ചത്, എന്നാൽ മാതാപിതാക്കൾ എന്തു പങ്കു വഹിച്ചുകൊണ്ടിരുന്നു?
4 പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) 1513-ൽ ഇസ്രയേൽ ഒരു ജനതയായിത്തീർന്നപ്പോൾ കുടുംബനിയമം മോശ മുഖാന്തരം നൽകപ്പെട്ട ദേശീയനിയമത്തിനു കീഴിലായി. (പുറപ്പാട് 24:3-8) ജീവൻ-മരണ കാര്യങ്ങളിലുൾപ്പെടെ തീർപ്പുകൽപ്പിക്കാനുള്ള അധികാരം അപ്പോൾ നിയമിത ന്യായാധിപൻമാർക്കു നൽകപ്പെട്ടു. (പുറപ്പാട് 18:13-26) ലേവ്യ പൗരോഹിത്യം ആരാധനയുടെ യാഗപരമായ വശങ്ങൾ ഏറെറടുത്തു. (ലേവ്യപുസ്തകം 1:2-5) എന്നിരുന്നാലും, പിതാവ് ഒരു പ്രമുഖ പങ്കു വഹിക്കുന്നതിൽ തുടർന്നു. മോശ പിതാക്കൻമാരെ ഇപ്രകാരം പ്രബോധിപ്പിച്ചു: “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” (ആവർത്തനം 6:6, 7) മാതാക്കൾക്കു ഗണ്യമായ സ്വാധീനമുണ്ടായിരുന്നു. സദൃശവാക്യങ്ങൾ 1:8 യുവജനങ്ങളോട് ഇപ്രകാരം കല്പിച്ചു: “മകനേ, അപ്പന്റെ പ്രബോധനം കേൾക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.” അതെ, ഭർത്താവിന്റെ അധികാരത്തിനു കീഴ്പ്പെട്ടുനിന്നുകൊണ്ട് എബ്രായ ഭാര്യക്കു കുടുംബത്തിനുവേണ്ടി നിയമങ്ങൾ വയ്ക്കുകയും നടപ്പാക്കുകയും ചെയ്യാമായിരുന്നു. അവൾ വൃദ്ധയായ ശേഷവും അവൾ അവളുടെ മക്കളാൽ ബഹുമാനിക്കപ്പെടണമായിരുന്നു.—സദൃശവാക്യങ്ങൾ 23:22.
5. മോശൈക ന്യായപ്രമാണം കുടുംബക്രമീകരണത്തിൽ കുട്ടികൾക്കുള്ള സ്ഥാനം നിർവ്വചിച്ചത് എങ്ങനെയാണ്?
5 കുട്ടികളുടെ സ്ഥാനവും ദൈവനിയമത്താൽ വ്യക്തമായി നിർവ്വചിക്കപ്പെട്ടിരുന്നു. ആവർത്തനം 5:16 ഇപ്രകാരം പറഞ്ഞു: “നിനക്കു ദീർഘായുസ്സു ഉണ്ടാകുവാനും നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു നന്നായിരിപ്പാനും നിന്റെ ദൈവമായ യഹോവ നിന്നോടു കൽപിച്ചതുപോലെ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.” മോശൈക ന്യായപ്രമാണത്തിൻകീഴിൽ ഒരുവന്റെ മാതാപിതാക്കളോടുള്ള അനാദരവ് അങ്ങേയററം ഗുരുതരമായ ഒരു കുററമായിരുന്നു. (പുറപ്പാട് 21:15, 17) “അപ്പനെയോ അമ്മയെയോ ശപിക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം” എന്നു നിയമം അനുശാസിച്ചു. (ലേവ്യപുസ്തകം 20:9) ഒരുവന്റെ മാതാപിതാക്കൾക്കെതിരെയുള്ള മത്സരം ദൈവത്തിനെതിരെതന്നെ ഉള്ള മത്സരത്തിനു തുല്യമായിരുന്നു.
ക്രിസ്തീയ ഭർത്താക്കൻമാരുടെ പങ്ക്
6, 7. എഫെസ്യർ 5:23-29-ലെ പൗലോസിന്റെ വാക്കുകൾ അവന്റെ ഒന്നാം നൂററാണ്ടിലെ വായനക്കാർക്കു വിപ്ലവാത്മകമായി തോന്നിയത് എന്തുകൊണ്ടാണ്?
6 ക്രിസ്ത്യാനിത്വം കുടുംബക്രമീകരണത്തിൻമേൽ, വിശേഷിച്ചു ഭർത്താവിന്റെ പങ്കിൻമേൽ വെളിച്ചം വീശി. ക്രിസ്തീയസഭക്കു വെളിയിൽ ഒന്നാം നൂററാണ്ടിലെ ഭർത്താക്കൻമാർ ഭാര്യമാരോടു കഠിനവും മർദ്ദകവുമായ രീതിയിൽ പെരുമാറുന്നതു സാധാരണമായിരുന്നു. സ്ത്രീകൾക്ക് അടിസ്ഥാന അവകാശങ്ങളും മാന്യതയും നിഷേധിക്കപ്പെട്ടിരുന്നു. ദി എക്സ്പോസിറേറഴ്സ് ബൈബിൾ ഇപ്രകാരം പറയുന്നു: “സംസ്കാരസമ്പന്നനായ ഗ്രീക്കുകാരൻ ഒരു ഭാര്യയെ പരിഗ്രഹിച്ചതു കുട്ടികളെ ഉൽപാദിപ്പിക്കാനായിരുന്നു. അവളുടെ അവകാശങ്ങൾ അയാളുടെ തൃഷ്ണയെ ഒരു തരത്തിലും നിയന്ത്രിച്ചില്ല. വിവാഹ ഉടമ്പടിയിൽ സ്നേഹം ഉൾപ്പെട്ടിരുന്നില്ല. . . . അടിമസ്ത്രീക്കു യാതൊരു അവകാശവുമില്ലായിരുന്നു. അവളുടെ ശരീരം അവളുടെ ഉടമയുടെ ഉപയോഗത്തിനുള്ളതായിരുന്നു.”
7 അത്തരമൊരു ചുററുപാടിൽ പൗലോസ് എഫെസ്യർ 5:23-29-ലെ വാക്കുകൾ എഴുതി: “ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു. . . . ഭർത്താക്കൻമാരെ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ അവൻ . . .തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു. അവ്വണ്ണം ഭർത്താക്കൻമാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു. ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; . . . അതിനെ പോററി പുലർത്തുകയത്രേ ചെയ്യുന്നതു.” ഒന്നാം നൂററാണ്ടിലെ വായനക്കാർക്ക് ഈ വാക്കുകൾ വിപ്ലവാത്മകം തന്നെയായിരുന്നു. ദി എക്സ്പോസിറേറഴ്സ് ബൈബിൾ ഇപ്രകാരം പറയുന്നു: “അന്നത്തെ കുത്തഴിഞ്ഞ ധാർമ്മികതയോടുള്ള താരതമ്യത്തിൽ വിവാഹം സംബന്ധിച്ച ക്രിസ്തീയ വീക്ഷണത്തേക്കാൾ നവീനവും കർക്കശവുമായി ക്രിസ്ത്യാനിത്വത്തിലെ യാതൊന്നും കാണപ്പെട്ടില്ല. . . . [അതു] മനുഷ്യവർഗ്ഗത്തിന് ഒരു പുതിയ യുഗം തുറന്നുകൊടുത്തു.”
8, 9. സ്ത്രീകളോടുള്ള എന്ത് അനാരോഗ്യകരമായ മനോഭാവം പുരുഷൻമാർക്കിടയിൽ സാധാരണമാണ്, ക്രിസ്തീയ പുരുഷൻമാർ അത്തരം വീക്ഷണങ്ങൾ ത്യജിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
8 ഭർത്താക്കൻമാർക്കായുള്ള ബൈബിളിന്റെ ബുദ്ധ്യുപദേശം ഇന്ന് അത്രതന്നെ വിപ്ലവാത്മകമാണ്. സ്ത്രീസ്വാതന്ത്ര്യത്തെപ്പററി ഇത്രയെല്ലാം സംസാരമുണ്ടെങ്കിലും അനേകം പുരുഷൻമാരാൽ ഇന്നും സ്ത്രീകൾ ലൈംഗിക സംതൃപ്തിക്കുള്ള വസ്തുക്കൾ മാത്രമായി വീക്ഷിക്കപ്പെടുന്നു. കീഴടക്കപ്പെടുന്നതും നിയന്ത്രിക്കപ്പെടുന്നതും ദ്രോഹിക്കപ്പെടുന്നതും സ്ത്രീകൾ വാസ്തവത്തിൽ ആസ്വദിക്കുന്നു എന്ന പുരാണം വിശ്വസിച്ചുകൊണ്ട് അനേകം പുരുഷൻമാർ ശാരീരികമായും വൈകാരികമായും തങ്ങളുടെ ഭാര്യമാരെ ഉപദ്രവിക്കുന്നു. ഒരു ക്രിസ്തീയ പുരുഷൻ ലൗകിക ചിന്തകളാൽ സ്വാധീനിക്കപ്പെടുന്നതും തന്റെ ഭാര്യയോടു ദ്രോഹപൂർവ്വം പെരുമാറുന്നതും എത്ര ലജ്ജാകരമാണ്! “എന്റെ ഭർത്താവ് ഒരു ശുശ്രൂഷാദാസനായിരുന്നു, പരസ്യപ്രസംഗങ്ങൾ നടത്താറുമുണ്ടായിരുന്നു,” ഒരു ക്രിസ്തീയ സ്ത്രീ പറയുന്നു. എന്നിട്ടും, “ഞാൻ ഭാര്യാപ്രഹരത്തിന്റെ ഒരു ഇരയായിരുന്നു” എന്ന് അവൾ വെളിപ്പെടുത്തുന്നു. വ്യക്തമായും, അത്തരം പ്രവൃത്തികൾ ദൈവികക്രമീകരണത്തോടു യോജിപ്പിലായിരുന്നില്ല. ആ മനുഷ്യന്റേത് ഒരു അസാധാരണ സംഗതിയായിരുന്നു; ദൈവപ്രീതി ലഭിക്കാൻ പ്രതീക്ഷിക്കുന്നുവെങ്കിൽ തന്റെ കോപത്തെ അടക്കാൻ അയാൾ സഹായം തേടേണ്ടയാവശ്യമുണ്ടായിരുന്നു.—ഗലാത്യർ 5:19-21.
9 തങ്ങളുടെ ഭാര്യമാരെ സ്വന്തം ശരീരങ്ങളെപ്പോലെ സ്നേഹിക്കണമെന്നു ദൈവം ഭർത്താക്കൻമാരോടു കൽപിക്കുന്നു. അങ്ങനെ ചെയ്യാൻ വിസമ്മതിക്കുന്നതു ദൈവത്തിന്റെതന്നെ ക്രമീകരണത്തോടുള്ള മത്സരമാണ്, അതു ദൈവവുമായുള്ള ഒരുവന്റെ ബന്ധത്തിനു തുരങ്കം വയ്ക്കും. അപ്പൊസ്തലനായ പത്രോസിന്റെ വാക്കുകൾ വ്യക്തമാണ്: “അങ്ങനെ തന്നേ ഭർത്താക്കൻമാരേ, നിങ്ങളുടെ പ്രാർത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിനു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും . . . ഓർത്തു അവർക്കു ബഹുമാനം കൊടുപ്പിൻ.” (1 പത്രൊസ് 3:7) ഒരുവന്റെ ഭാര്യയോടുള്ള കഠിനമായ പെരുമാററത്തിന് അവളുടെ ആത്മീയതയുടെമേലും അവളുടെ മക്കളുടെ ആത്മീയതയുടെമേലും വിനാശകരമായ ഒരു ഫലമുണ്ടാക്കാൻ കഴിയും.
10. ഭർത്താക്കൻമാർക്കു ക്രിസ്തുതുല്യമായ ഒരു വിധത്തിൽ ശിരഃസ്ഥാനം പ്രയോഗിക്കാൻ കഴിയുന്നതിനുള്ള ചില മാർഗ്ഗങ്ങൾ ഏവയാണ്?
10 ഭർത്താക്കൻമാരേ, നിങ്ങൾ ക്രിസ്തുതുല്യമായ ഒരു വിധത്തിൽ നിങ്ങളുടെ ശിരഃസ്ഥാനം പ്രയോഗിക്കുന്നുവെങ്കിൽ നിങ്ങളുടെ കുടുംബം അതിൻകീഴിൽ തഴച്ചുവളരും. ക്രിസ്തു ഒരിക്കലും കഠിനമായോ ദ്രോഹപൂർവകമായോ പെരുമാറിയില്ല. നേരേമറിച്ച്, അവന് ഇപ്രകാരം പറയാൻ കഴിഞ്ഞു: “ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.” (മത്തായി 11:29) നിങ്ങളുടെ കുടുംബത്തിനു നിങ്ങളെപ്പററി അതു പറയാൻ കഴിയുമോ? യേശു സുഹൃത്തുക്കളോടെന്നപോലെ തന്റെ ശിഷ്യൻമാരോടു പെരുമാറുകയും അവരിൽ വിശ്വാസം അർപ്പിക്കുകയും ചെയ്തു. (യോഹന്നാൻ 15:15) നിങ്ങൾ നിങ്ങളുടെ ഭാര്യക്ക് അതേ മാന്യത കൽപിക്കുന്നുവോ? “സാമർത്ഥ്യമുള്ള ഭാര്യ”യെ സംബന്ധിച്ചു ബൈബിളിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു.” (സദൃശവാക്യങ്ങൾ 31:10, 11) അതിന്റെ അർത്ഥം അന്യായമായ നിയന്ത്രണങ്ങൾ വയ്ക്കാതെ അവൾക്ക് ഒരു പരിധിവരെയുള്ള പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കണമെന്നാണ്. കൂടാതെ തങ്ങളുടെ വികാരങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാൻ യേശു തന്റെ ശിഷ്യൻമാരെ പ്രോത്സാഹിപ്പിച്ചു. (മത്തായി 9:28; 16:13-15) നിങ്ങൾ നിങ്ങളുടെ ഭാര്യയോട് അപ്രകാരമാണോ പെരുമാറുന്നത്? അതോ സത്യസന്ധമായ അഭിപ്രായവ്യത്യാസത്തെ നിങ്ങളുടെ അധികാരത്തോടുള്ള വെല്ലുവിളിയായിട്ടാണോ നിങ്ങൾ കാണുന്നത്? ഭാര്യയുടെ വികാരങ്ങളെ അവഗണിക്കാതെ അവ കണക്കിലെടുക്കുകവഴി നിങ്ങൾ വാസ്തവത്തിൽ നിങ്ങളുടെ ശിരഃസ്ഥാനത്തോടുള്ള അവളുടെ ആദരവു കെട്ടുപണി ചെയ്യുന്നു.
11. (എ) പിതാക്കൻമാർക്കു തങ്ങളുടെ മക്കളുടെ ആത്മീയാവശ്യങ്ങൾക്കുവേണ്ടി എങ്ങനെ കരുതാൻ കഴിയും? (ബി) തങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി കരുതുന്നതിൽ മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും നല്ല ദൃഷ്ടാന്തം വയ്ക്കേണ്ടത് എന്തുകൊണ്ട്?
11 നിങ്ങൾ ഒരു പിതാവാണെങ്കിൽ നിങ്ങൾ നിങ്ങളുടെ കുട്ടികളുടെ ആത്മീയവും വൈകാരികവും ശാരീരികവുമായ ആവശ്യങ്ങൾക്കു ശ്രദ്ധ കൊടുക്കുന്ന കാര്യത്തിൽ നേതൃത്വമെടുക്കേണ്ടതുമുണ്ട്. നിങ്ങളുടെ കുടുംബത്തിന് ഒരു നല്ല ആത്മീയദിനചര്യ ഉണ്ടായിരിക്കുന്നതും അതിൽ ഉൾപ്പെടുന്നു: വയൽസേവനത്തിൽ അവരോടൊപ്പം പ്രവർത്തിച്ചുകൊണ്ടും ഒരു ഭവനബൈബിളദ്ധ്യയനം നടത്തിക്കൊണ്ടും ദിനവാക്യം ചർച്ചചെയ്തുകൊണ്ടും തന്നെ. രസാവഹമായി, മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും “സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവരാ”യിരിക്കണം എന്നു ബൈബിൾ പ്രകടമാക്കുന്നു. അപ്രകാരം ഈ നിലകളിൽ സേവിക്കുന്നവർ മാതൃകായോഗ്യരായ കുടുംബത്തലവൻമാർ ആയിരിക്കണം. അവർ സഭാപരമായ ഉത്തരവാദിത്വങ്ങളുടെ ഒരു വലിയ ഭാരം വഹിക്കവേതന്നെ അവർ തങ്ങളുടെ സ്വന്തം കുടുംബങ്ങൾക്കു മുൻഗണന നൽകണം. എന്തുകൊണ്ടെന്നു പൗലോസ് പ്രകടമാക്കി: “സ്വന്തകുടുംബത്തെ ഭരിപ്പാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?”—1 തിമൊഥെയൊസ് 3:4, 5, 12.
പിന്തുണ നൽകുന്ന ക്രിസ്തീയ ഭാര്യമാർ
12. ക്രിസ്തീയ ക്രമീകരണത്തിൽ ഭാര്യ എന്തു പങ്കാണു വഹിക്കുന്നത്?
12 നിങ്ങൾ ഒരു ക്രിസ്തീയ ഭാര്യയാണോ? എങ്കിൽ കുടുംബക്രമീകരണത്തിൽ നിങ്ങളും ഒരു മർമ്മപ്രധാനമായ പങ്കു വഹിക്കേണ്ടതുണ്ട്. ക്രിസ്തീയ ഭാര്യമാർ “ഭർത്തൃപ്രിയമാരും പുത്രപ്രിയമാരും സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭർത്താക്കൻമാർക്കു കീഴ്പ്പെടുന്നവരും ആയിരിക്കാൻ” ബുദ്ധ്യുപദേശിക്കപ്പെട്ടിരിക്കുന്നു. (തീത്തൊസ് 2:4, 5) അങ്ങനെ നിങ്ങളുടെ കുടുംബത്തിനുവേണ്ടി ശുചിത്വമുള്ളതും ഉല്ലാസപ്രദവുമായ ഒരു ഭവനത്തെ പരിപാലിച്ചുകൊണ്ടു മാതൃകായോഗ്യയായ ഒരു വീട്ടമ്മയായിരിക്കാൻ നിങ്ങൾ ശ്രമിക്കണം. വീട്ടുജോലി ചിലപ്പോൾ മുഷിപ്പായി തോന്നിയേക്കാം. എന്നാൽ അതു തരംതാഴ്ന്നതോ നിസ്സാരമോ അല്ല. ഒരു ഭാര്യയെന്ന നിലയിൽ നിങ്ങൾ “ഭവനം രക്ഷിക്കുന്നു,” അതിൽ നിങ്ങൾക്കു ഗണനീയമായ സ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിഞ്ഞേക്കും. (1 തിമൊഥെയൊസ് 5:14) ഉദാഹരണത്തിന്, “സാമർത്ഥ്യമുള്ള ഭാര്യ” വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ വാങ്ങുകയും വസ്തുക്കൾ സമ്പാദിക്കുകയും ഒരു ചെറിയ വ്യാപാരം ചെയ്തു ആദായം ഉണ്ടാക്കുകയും ചെയ്തു. അവൾ തന്റെ ഭർത്താവിന്റെ പ്രശംസ പിടിച്ചുപററിയത് അതിശയമല്ല! (സദൃശവാക്യങ്ങൾ, അദ്ധ്യായം 31) സ്വാഭാവികമായും അവൾ മുൻകൈ എടുത്തതു ശിരസ്സെന്നനിലയിൽ അവളുടെ ഭർത്താവു നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ്.
13. (എ) ചില സ്ത്രീകൾക്കു കീഴ്പ്പെടൽ പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ക്രിസ്തീയ ഭാര്യമാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഭർത്താക്കൻമാർക്കു കീഴ്പ്പെട്ടിരിക്കുന്നതു നേട്ടമായിരിക്കുന്നത് എന്തുകൊണ്ടാണ്?
13 എന്നിരുന്നാലും, നിങ്ങളുടെ ഭർത്താവിനു കീഴ്പ്പെട്ടിരിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ലാതിരുന്നേക്കാം. എല്ലാ പുരുഷൻമാരും ആദരവ് അർഹിക്കുന്നവരല്ല. പണം കൈകാര്യം ചെയ്യുന്നതിലും ആസൂത്രണം ചെയ്യുന്നതിലും സംഘാടനത്തിലും നിങ്ങൾ വളരെ പ്രാപ്തയാണെന്നും വന്നേക്കാം. നിങ്ങൾക്ക് ഒരു ലൗകിക ജോലിയുണ്ടായിരിക്കുകയും നിങ്ങൾ കുടുംബവരുമാനത്തിനു കാര്യമായ ഒരു സംഭാവന നൽകുകയും ചെയ്തേക്കാം. അല്ലെങ്കിൽ കഴിഞ്ഞകാലത്തു പുരുഷമേധാവിത്വത്തിൽ നിന്നു നിങ്ങൾ ഏതെങ്കിലും വിധത്തിൽ കഷ്ടമനുഭവിക്കുകയും ഒരു പുരുഷനു കീഴ്പ്പെട്ടിരിക്കുന്നതു പ്രയാസമാണെന്നു കണ്ടെത്തുകയും ചെയ്തേക്കാം. എന്നിരുന്നാലും, നിങ്ങളുടെ ഭർത്താവിനോട് “ആഴമായ ബഹുമാനം” അഥവാ “ഭയം” കാണിക്കുന്നതു ദൈവത്തിന്റെ ശിരഃസ്ഥാനത്തോടുള്ള നിങ്ങളുടെ ആദരവാണു പ്രകടമാക്കുന്നത്. (എഫേസ്യർ 5:33, കിംഗ്ഡം ഇൻറർലീനിയർ; 1 കൊരിന്ത്യർ 11:3) കീഴ്പ്പെടൽ നിങ്ങളുടെ കുടുംബത്തിന്റെ വിജയത്തിനും മർമ്മപ്രധാനമാണ്; നിങ്ങളുടെ വിവാഹത്തെ അനാവശ്യമായ സമ്മർദ്ദത്തിനും പിരിമുറുക്കത്തിനും വിധേയമാക്കുന്നത് ഒഴിവാക്കാൻ അതു നിങ്ങളെ സഹായിക്കും.
14. തന്റെ ഭർത്താവ് എടുത്ത ഒരു തീരുമാനത്തോടു വിയോജിക്കുമ്പോൾ ഒരു ഭാര്യക്ക് എന്തു ചെയ്യാവുന്നതാണ്?
14 എന്നാൽ നിങ്ങളുടെ കുടുംബത്തിന്റെ ഉത്തമതാത്പര്യങ്ങൾക്കു വിരുദ്ധമെന്നു നിങ്ങൾക്കു തോന്നുന്ന ഒരു തീരുമാനം നിങ്ങളുടെ ഭർത്താവു കൈക്കൊള്ളുമ്പോൾ നിങ്ങൾ നിശ്ശബ്ദയായിരിക്കണം എന്ന് ഇതിനർത്ഥമുണ്ടോ? അവശ്യം അങ്ങനെയല്ല. തന്റെ പുത്രനായ യിസ്ഹാക്കിന്റെ ക്ഷേമത്തിനെതിരെ ഒരു ഭീഷണിയുള്ളതായി കണ്ടപ്പോൾ അബ്രഹാമിന്റെ ഭാര്യയായ സാറാ നിശ്ശബ്ദയായിരുന്നില്ല (ഉല്പത്തി 21:8-10) സമാനമായി, ചിലപ്പോൾ നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ഒരു കടപ്പാടു നിങ്ങൾക്കു തോന്നിയേക്കാം. ഇതു ആദരപൂർവ്വം “തക്കസമയത്തു” ചെയ്യുന്നുവെങ്കിൽ ദൈവഭയമുള്ള ഒരു ക്രിസ്തീയ പുരുഷൻ ശ്രദ്ധിക്കുകതന്നെ ചെയ്യും. (സദൃശവാക്യങ്ങൾ 25:11) എന്നാൽ നിങ്ങളുടെ നിർദ്ദേശം സ്വീകരിക്കപ്പെടുന്നില്ലെങ്കിൽ, ഏതെങ്കിലും ബൈബിൾ തത്ത്വത്തിന്റെ ഗുരുതരമായ ലംഘനം ഉൾപ്പെട്ടിട്ടില്ലെങ്കിൽ, നിങ്ങളുടെ ഭർത്താവിന്റെ ആഗ്രഹത്തിനെതിരെ നിൽക്കുന്നതു നിങ്ങളുടെതന്നെ താത്പര്യത്തെ ഹനിക്കുകയില്ലേ? “സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാൽ പൊളിച്ചു കളയുന്നു” എന്നോർക്കുക. (സദൃശവാക്യങ്ങൾ 14:1) നിങ്ങളുടെ ഭവനം പണിയുന്നതിനുള്ള ഒരു മാർഗ്ഗം നിങ്ങളുടെ ഭർത്താവിന്റെ ശിരഃസ്ഥാനത്തിനു പിന്തുണ കൊടുക്കുക എന്നതാണ്, അദ്ദേഹത്തിന്റെ നേട്ടങ്ങൾക്ക് അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടും തെററുകൾ സംബന്ധിച്ച് അസ്വസ്ഥയാകാതിരുന്നുകൊണ്ടും തന്നെ.
15. തന്റെ കുട്ടികൾക്കു ശിക്ഷണം കൊടുക്കുന്നതിലും അവരെ പരിശീലിപ്പിക്കുന്നതിലും ഒരു ഭാര്യക്ക് ഏതെല്ലാം വിധങ്ങളിൽ പങ്കുപററാൻ കഴിയും?
15 നിങ്ങളുടെ ഭവനം പണിയാനുള്ള മറെറാരു മാർഗ്ഗം നിങ്ങളുടെ കുട്ടികൾക്കു ശിക്ഷണം കൊടുക്കുന്നതിലും അവരെ പരിശീലിപ്പിക്കുന്നതിലും പങ്കുപററുന്നതാണ്. ഉദാഹരണത്തിന്, കുടുംബ ബൈബിളദ്ധ്യയനം ക്രമമുള്ളതും കെട്ടുപണി ചെയ്യുന്നതുമാക്കി നിലനിർത്തുന്നതിനു നിങ്ങൾക്കു നിങ്ങളുടെ പങ്കു വഹിക്കാൻ കഴിയും. എല്ലാ അവസരങ്ങളിലും—യാത്ര ചെയ്യുമ്പോഴും കേവലം എന്തെങ്കിലും സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും—നിങ്ങളുടെ കുട്ടികളുമായി ദൈവത്തിന്റെ സത്യം പങ്കുവയ്ക്കുന്നതിൽ “നിന്റെ കൈ ഇളെച്ചിരിക്കരുത്.” (സഭാപ്രസംഗി 11:6) മീററിംഗുകളിൽ പറയാനുള്ള അഭിപ്രായങ്ങളും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ നിയമനങ്ങളും തയ്യാറാകുന്നതിന് അവരെ സഹായിക്കുക. അവരുടെ സഹവാസങ്ങൾ ശ്രദ്ധിക്കുക. (1 കൊരിന്ത്യർ 15:33) ദൈവിക നിലവാരങ്ങളുടെയും ശിക്ഷണത്തിന്റെയും കാര്യം വരുമ്പോൾ നിങ്ങളും നിങ്ങളുടെ ഭർത്താവും യോജിപ്പിലാണെന്നു നിങ്ങളുടെ കുട്ടികൾ മനസ്സിലാക്കട്ടെ. നിങ്ങളെ നിങ്ങളുടെ ഭർത്താവിനെതിരായി നിർത്താൻ കുട്ടികളെ അനുവദിക്കരുത്.
16. (എ) ഒററക്കാരായ മാതാപിതാക്കളെയും അവിശ്വാസികളെ വിവാഹം ചെയ്തിട്ടുള്ളവരെയും പ്രോത്സാഹിപ്പിക്കാൻ ഏതു ബൈബിൾ ദൃഷ്ടാന്തം ഉപകരിക്കുന്നു? (ബി) അങ്ങനെയുള്ളവർക്കു സഭയിലെ മററുള്ളവർ സഹായമായിരുന്നേക്കാവുന്നത് എങ്ങനെയാണ്?
16 നിങ്ങൾ ഒററക്കുള്ള ഒരു പിതാവോ മാതാവോ ആണെങ്കിൽ അഥവാ നിങ്ങൾക്ക് ഒരു അവിശ്വാസിയായ ഇണയാണുള്ളതെങ്കിൽ നിങ്ങൾ ആത്മീയകാര്യങ്ങളിൽ നേതൃത്വമെടുക്കേണ്ടതുണ്ടായിരിക്കാം. ഇതു ചിലപ്പോൾ പ്രയാസകരമോ നിരുത്സാഹപ്പെടുത്തുന്നതോ പോലുമായിരിക്കാം. എന്നാൽ ശ്രമം ഉപേക്ഷിച്ചുകളയരുത്. തിമൊഥെയോസിന്റെ അമ്മയായ യൂനിക്ക ഒരു അവിശ്വാസിയെയാണു വിവാഹം ചെയ്തിരുന്നതെങ്കിലും “ശൈശവം മുതൽ”ത്തന്നെ തിമൊഥെയോസിനെ തിരുവെഴുത്തുകൾ പഠിപ്പിക്കുന്നതിൽ അവൾ വിജയിച്ചു. (2 തിമൊഥെയോസ് 1:5; 3:15, NW) നമ്മുടെ ഇടയിൽ അനേകർ സമാനമായ വിജയം ആസ്വദിക്കുന്നുണ്ട്. ഈ സംഗതിയിൽ നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ നിങ്ങൾക്കു നിങ്ങളുടെ ആവശ്യം മൂപ്പൻമാരെ അറിയിക്കാൻ കഴിയും. മീററിംഗുകൾക്കു ഹാജരാകുന്നതിനും വയൽസേവനത്തിനു പോകുന്നതിനും നിങ്ങളെ സഹായിക്കാൻ ആരെയെങ്കിലും ക്രമീകരിക്കുന്നതിന് അവർക്കു കഴിഞ്ഞേക്കും. വിനോദയാത്രകൾക്കും കൂടിവരവുകൾക്കും നിങ്ങളുടെ കുടുംബത്തെ ഉൾപ്പെടുത്താൻ അവർ മററുള്ളവരെ പ്രോത്സാഹിപ്പിച്ചേക്കാം. അല്ലെങ്കിൽ ഒരു കുടുംബ അദ്ധ്യയനം ആരംഭിക്കുന്നതിനു നിങ്ങളെ സഹായിക്കാൻ പരിചയസമ്പന്നനായ ഒരു പ്രസാധകനെ അവർ ക്രമീകരിച്ചേക്കാം.
വിലമതിപ്പുള്ള കുട്ടികൾ
17. (എ) യുവജനങ്ങൾക്ക് എങ്ങനെയാണു കുടുംബ ക്ഷേമത്തിനു സംഭാവന ചെയ്യാൻ കഴിയുന്നത്? (ബി) ഈ സംഗതിയിൽ യേശു എന്തു ദൃഷ്ടാന്തം വച്ചു?
17 ക്രിസ്തീയ യുവജനങ്ങൾക്ക് എഫെസ്യർ 6:1-3-ലെ ബുദ്ധ്യുപദേശം അനുസരിച്ചുകൊണ്ടു കുടുംബക്ഷേമത്തിനു സംഭാവന ചെയ്യാൻ കഴിയും: “മക്കളേ, നിങ്ങളുടെ അമ്മയപ്പൻമാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. ‘നിനക്കു നൻമ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക’ എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യ കൽപ്പന ആകുന്നു.” നിങ്ങളുടെ മാതാപിതാക്കളോടു സഹകരിച്ചുകൊണ്ടു നിങ്ങൾ യഹോവയോടുള്ള നിങ്ങളുടെ ആദരവും പ്രകടമാക്കുന്നു. യേശുക്രിസ്തു പൂർണ്ണനായിരുന്നു, അപൂർണ്ണരായ മാതാപിതാക്കൾക്കു കീഴ്പ്പെടുന്നതു തന്റെ മാന്യതക്കു നിരക്കാത്തതാണ് എന്ന് അവന് എളുപ്പത്തിൽ ന്യായവാദം ചെയ്യാൻ കഴിയുമായിരുന്നു. എന്നിരുന്നാലും അവൻ “അവർക്കു കീഴടങ്ങിയിരുന്നു. . . . യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.”—ലൂക്കോസ് 2:51, 52.
18, 19. (എ) ഒരുവന്റെ മാതാപിതാക്കളെ ബഹുമാനിക്കുക എന്നതിന്റെ അർത്ഥമെന്താണ്? (ബി) ഭവനത്തിന് എങ്ങനെയാണു നവോൻമേഷത്തിന്റെ ഒരു സ്ഥലമായിത്തീരാൻ കഴിയുന്നത്?
18 നിങ്ങളും അതുപോലെ നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കേണ്ടതല്ലേ? ഇവിടെ “ബഹുമാനിക്കുക” എന്നതിന്റെ അർത്ഥം ഉചിതമായി സ്ഥാപിതമായിരിക്കുന്ന അധികാരത്തെ അംഗീകരിക്കുക എന്നാണ്. (1 പത്രൊസ് 2:17 താരതമ്യം ചെയ്യുക.) ഒരുവന്റെ മാതാപിതാക്കൾ അവിശ്വാസികളാണെങ്കിലും അല്ലെങ്കിൽ ഒരു നല്ല മാതൃക വയ്ക്കുന്നതിൽ പരാജയപ്പെടുന്നുവെങ്കിലും മിക്ക സാഹചര്യങ്ങളിലും അവർക്ക് അത്തരം ബഹുമാനം നൽകപ്പെടേണ്ടതാണ്. നിങ്ങളുടെ മാതാപിതാക്കൾ മാതൃകായോഗ്യരായ ക്രിസ്ത്യാനികളാണെങ്കിൽ നിങ്ങൾ അവരെ അതിലേറെ ബഹുമാനിക്കണം. നിങ്ങളുടെ മാതാപിതാക്കളാൽ നിങ്ങൾക്കു നൽകപ്പെടുന്ന ശിക്ഷണവും മാർഗ്ഗനിർദ്ദേശവും നിങ്ങളെ അനാവശ്യമായി നിയന്ത്രിക്കാൻ ഉദ്ദേശിച്ചുള്ളതല്ല എന്നുംകൂടെ ഓർമ്മിക്കുക. മറിച്ച് അവ നിങ്ങൾക്കു “ജീവിച്ചിരിക്കാൻ” കഴിയേണ്ടതിനു നിങ്ങളെ സംരക്ഷിക്കാനാണ്.—സദൃശവാക്യങ്ങൾ 7:1, 2.
19 അപ്പോൾ കുടുംബം എത്രയോ സ്നേഹപൂർവ്വകമായ ഒരു ക്രമീകരണമാണ്! ഭർത്താക്കൻമാരും ഭാര്യമാരും കുട്ടികളുമെല്ലാം കുടുംബജീവിതം സംബന്ധിച്ചുള്ള ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കുമ്പോൾ ഭവനം ഒരു അഭയസങ്കേതം, നവോൻമേഷത്തിന്റെ ഒരു സ്ഥലം ആയിത്തീരുന്നു. എന്നിരുന്നാലും, ആശയവിനിമയവും കുട്ടികളുടെ പരിശീലനവും ഉൾപ്പെടുന്ന പ്രശ്നങ്ങൾ പൊന്തിവന്നേക്കാം. ഈ പ്രശ്നങ്ങളിൽ ചിലത് എങ്ങനെ പരിഹരിക്കാൻ കഴിയുമെന്നു നമ്മുടെ അടുത്ത ലേഖനം ചർച്ച ചെയ്യുന്നു.
നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ?
◻ ബൈബിൾകാലങ്ങളിൽ ദൈവഭയമുള്ള ഭർത്താക്കൻമാരും ഭാര്യമാരും കുട്ടികളും എന്തു മാതൃക വച്ചു?
◻ ഭർത്താവിന്റെ ധർമ്മത്തിൻമേൽ ക്രിസ്ത്യാനിത്വം എന്തു വെളിച്ചം വീശി?
◻ ക്രിസ്തീയ കുടുംബത്തിൽ ഭാര്യ എന്തു പങ്കു വഹിക്കണം?
◻ ക്രിസ്തീയ യുവജനങ്ങൾക്കു കുടുംബത്തിന്റെ ക്ഷേമത്തിനു സംഭാവന ചെയ്യാൻ കഴിയുന്നതെങ്ങനെ?
[9-ാം പേജിലെ ചിത്രം]
“അന്നത്തെ കുത്തഴിഞ്ഞ ധാർമ്മികതയോടുള്ള താരതമ്യത്തിൽ വിവാഹം സംബന്ധിച്ച ക്രിസ്തീയ വീക്ഷണത്തേക്കാൾ നവീനവും കർക്കശവുമായി ക്രിസ്ത്യാനിത്വത്തിലെ യാതൊന്നും കാണപ്പെട്ടില്ല. . . . [അതു] മനുഷ്യവർഗ്ഗത്തിന് ഒരു പുതിയയുഗം തുറന്നുകൊടുത്തു”
[10-ാം പേജിലെ ചിത്രം]
ക്രിസ്തീയ ഭർത്താക്കൻമാർ തങ്ങളുടെ ഭാര്യമാരെ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു, ആ വികാരങ്ങൾ കണക്കിലെടുത്തുകൊണ്ടുതന്നെ