പാപമില്ലാത്ത ഒരു ലോകം—എങ്ങനെ?
ടോക്കിയോയിലെ സമാധാനപൂർണ്ണമായ ഒരു പ്രദേശത്ത് ഒരു ശീതകാലപ്രഭാതത്തിന്റെ പ്രശാന്തമായ പ്രാരംഭവേളയെ സഹായത്തിനുവേണ്ടിയുള്ള ആക്രന്ദനങ്ങൾ ഭേദിച്ചു. പത്രം വിതരണം ചെയ്യുന്ന ഒരു സ്ത്രീയെ ഓടിച്ചിട്ടു തുടരെകുത്തിയപ്പോഴത്തെ അവരുടെ ആശയററ മുറയിടൽ അഞ്ചുമുതൽ പത്തുവരെ മിനിററ് സമയം ഒരു ഡസൻ ആളുകൾ കേട്ടു. എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു തിരിഞ്ഞുനോക്കാൻ ഒരാളും തയ്യാറായില്ല. രക്തത്തിന്റെ അമിത നഷ്ടത്താൽ അവൾ മരിച്ചു. “അവളുടെ നിലവിളി കേട്ടയുടനെ ആരെങ്കിലും ഈ സംഭവം പോലീസിൽ റിപ്പോർട്ടു ചെയ്തിരുന്നുവെങ്കിൽ അവളുടെ ജീവൻ രക്ഷിക്കാമായിരുന്നു” എന്ന് ഒരു സൂക്ഷ്മാന്വേഷകൻ പറഞ്ഞു.
മരിച്ചുകൊണ്ടിരുന്ന സ്ത്രീയുടെ ശബ്ദം കേട്ടവർ അവളെ കേവലം അവഗണിച്ചുകളയുന്നതിലുപരി മോശമായി ഒന്നും ചെയ്തില്ലെങ്കിലും തങ്ങൾ കുററത്തിൽനിന്നു വിമുക്തരാണെന്ന് അവർക്കു ന്യായമായി അവകാശപ്പെടാൻ കഴിയുമായിരുന്നോ? “കൊലപാതകത്തെക്കുറിച്ച് അറിഞ്ഞതിനുശേഷം വെള്ളിയാഴ്ചമുഴുവൻ എന്റെ മനസ്സാക്ഷി എന്നെ ദണ്ഡിപ്പിച്ചു”വെന്ന് അവളുടെ കരച്ചിൽ കേട്ട ഒരാൾ പറഞ്ഞു. ഇതു യഥാർത്ഥത്തിൽ പാപം എന്താണ് എന്നറിയാൻ നമ്മെ ആകാംക്ഷാഭരിതരാക്കുന്നു.
പാപം എന്താണ്?
പാപബോധത്തിലേക്കു വിരൽചൂണ്ടിക്കൊണ്ടു സാഹിത്യ വിമർശകനും ജപ്പാൻ ടോക്കിയോയിലെ ഹോസീ സർവ്വകലാശാലയിലെ റിട്ടയർ ചെയ്ത പ്രൊഫസറുമായ ഹീഡിയോ ഓഡോഗീരിയും ഇങ്ങനെ പറഞ്ഞു: “ഒരു കുട്ടിയിൽ കുടികൊള്ളുന്ന ഹീനമായ അഹന്ത, അപമാനകരമായ ഈർഷ്യ, രഹസ്യമായ വിശ്വാസവഞ്ചന എന്നിങ്ങനെയുള്ള പാപങ്ങളുടെ തിരിച്ചറിവു സംബന്ധിച്ചുള്ള വ്യക്തമായ ഓർമ്മകൾ എനിക്കു മായിച്ചുകളയാൻ കഴിയുകയില്ല. ഞാൻ പ്രാഥമിക വിദ്യാലയത്തിൽ ആയിരുന്നപ്പോൾ ഈ ബോധം എന്റെ മനസ്സിൽ പതിഞ്ഞു. അത് ഇപ്പോഴും എന്നെ ദണ്ഡിപ്പിച്ചുകൊണ്ടിരിക്കുന്നു.” ഈ പ്രസ്താവന ആസാഹീ ഷീംബുൻ പത്രത്തിൽ ഉദ്ധരിച്ചിരുന്നു. നിങ്ങൾക്ക് എന്നെങ്കിലും അത്തരം വികാരങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടോ? തെററാണ് എന്നു നിങ്ങൾക്ക് അറിയാവുന്ന എന്തെങ്കിലും നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളെ കുററംവിധിക്കുന്ന ഒരു ആന്തരിക ശബ്ദം നിങ്ങൾക്കുണ്ടോ? ഒരുപക്ഷേ നിങ്ങൾ ഒരു കുററകൃത്യവും ചെയ്തിട്ടില്ലായിരിക്കാം, എന്നാൽ ഒരു അസുഖകരമായ വികാരം നിങ്ങളുടെ മനസ്സിൽ തങ്ങിനിൽക്കുകയും നിങ്ങളെ ഭാരപ്പെടുത്തുകയും ചെയ്യുന്നു. ഇതു നിങ്ങളുടെ മനസ്സാക്ഷി പ്രവർത്തിക്കുന്നതാണ്. തുടർന്നുവരുന്ന വേദഭാഗത്തു ബൈബിൾ അതിങ്ങനെ പരാമർശിക്കുന്നു: “ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുററം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു.” (റോമർ 2:14, 15) അതെ, വ്യഭിചാരം, മോഷണം, ഭോഷ്ക്കുപറച്ചിൽ തുടങ്ങിയ കാര്യങ്ങളാൽ പ്രകൃത്യാതന്നെ മിക്കവരും അസ്വസ്ഥരാണ്. അവരുടെ മനസ്സാക്ഷി പാപത്തെ സാക്ഷ്യപ്പെടുത്തുന്നു.
എന്നിരുന്നാലും, മനസ്സാക്ഷിയുടെ ശബ്ദത്തെ വീണ്ടുംവീണ്ടും അവഗണിക്കുമ്പോൾ അതു മേലാൽ ഒരു സുരക്ഷിതവഴികാട്ടിയായി സേവിക്കുന്നില്ല. അതിനു ചേതനയററതും ദുഷിച്ചതുമായത്തീരാൻ കഴിയും. (തീത്തൊസ് 1:15) തിൻമയോടുള്ള ഒരു സംവേദകത്വം നഷ്ടപ്പെടുന്നു. വാസ്തവത്തിൽ, പാപത്തെ സംബന്ധിച്ചടത്തോളം ഇന്ന് അനേകമാളുകളുടെയും മനസ്സാക്ഷി മൃതമാണ്.
പാപത്തിന്റെ ഏക അളവുകോൽ മനസ്സാക്ഷിമാത്രമാണോ, അതോ പാപം എന്താണ് എന്നും എന്തല്ല എന്നും സ്ഥാപിക്കുന്നതിനുള്ള പരമ മാനദണ്ഡമായി സേവിക്കാൻ കഴിയുന്ന മറെറന്തെങ്കിലുമുണ്ടോ? മൂവായിരത്തിൽപരം വർഷങ്ങൾക്കുമുമ്പു ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന് ഒരു നിയമസംഹിത കൊടുത്തു. ഈ ന്യായപ്രമാണത്തിലൂടെ പാപം “പാപമായി തിരിച്ചറിയ”പ്പെടാൻ ഇടയായി. (റോമർ 7:13, ന്യൂ ഇൻറർനാഷണൽ വേർഷൻ) മുമ്പ് ഏതാണ്ടു സ്വീകാര്യമായിരുന്ന നടത്തപോലും അത് എന്തായിരുന്നുവെന്ന് ഇപ്പോൾ വെളിപ്പെട്ടു—പാപം. ഇസ്രയേല്യർ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം, പാപികളാണെന്നും ആ നിലയിൽ കുററവിധിയിൻ കീഴിലാണെന്നും വ്യക്തമായി.
നമ്മുടെ മനസ്സാക്ഷി നമ്മെ തിരിച്ചറിയിക്കുന്നതും മോശൈക ന്യായപ്രമാണത്തിൽ പ്രത്യേകം പ്രസ്താവിക്കുകയും രേഖപ്പെടുത്തുകയും ചെയ്തതുമായ ഈ പാപങ്ങൾ എന്താണ്? ബൈബിളിലെ ഉപയോഗത്തിൽ പാപം എന്ന പദത്തിന്റെ അർത്ഥം സ്രഷ്ടാവിനോടുള്ള ബന്ധത്തിൽ ലക്ഷ്യം പിഴയ്ക്കൽ എന്നാണ്. അവന്റെ വ്യക്തിത്വത്തോടും പ്രമാണങ്ങളോടും വഴികളോടും ഇഷ്ടത്തോടും ചേർച്ചയിലല്ലാത്തതെല്ലാം പാപം ആകുന്നു. താൻ സ്ഥാപിച്ചിട്ടുള്ള ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിൽ പിഴയ്ക്കുന്ന ഏതു സൃഷ്ടിക്കും തുടർന്നു നിലനിൽക്കുന്ന അസ്തിത്വം അനുവദിക്കാൻ അവനു കഴിയില്ല. അതുകൊണ്ട് ഒന്നാം നൂററാണ്ടിലെ ഒരു നിയമവിദഗ്ദ്ധൻ എബ്രായ ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പു കൊടുത്തു: “സഹോദരൻമാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ.” (എബ്രായർ 3:12) അതെ, സ്രഷ്ടാവിലുള്ള വിശ്വാസക്കുറവ് ഒരു വലിയ പാപം ആകുന്നു. അതിനാൽ ബൈബിളിൽ വിശദമാക്കിയിരിക്കുന്ന പാപത്തിന്റെ വ്യാപ്തി പാപമായി സാധാരണ പരിഗണിക്കുന്നതിനേക്കാൾ വളരെ വ്യാപകമാണ്. ബൈബിൾ ഇങ്ങനെ പറയുന്ന അളവോളം പോകുന്നു: “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.”—റോമർ 3:23.
പാപത്തിന്റെ ഉത്ഭവം
മനുഷ്യൻ ഒരു പാപിയായി സൃഷ്ടിക്കപ്പെട്ടുവെന്ന് അത് അർത്ഥമാക്കുന്നുണ്ടോ? ഇല്ല, മനുഷ്യജീവന്റെ കാരണഭൂതനായ യഹോവയാം ദൈവം, ആദ്യമനുഷ്യനെ ഒരു പൂർണ്ണ ജീവിയായി ഉണ്ടാക്കി. (ഉല്പത്തി 1:26, 27; ആവർത്തനം 32:4) എന്നിരുന്നാലും, ആദ്യ മാനുഷദമ്പതികൾ ദൈവം വെച്ചിരുന്ന ഒരേയൊരു നിരോധനത്തെ ധിക്കരിച്ചപ്പോൾ, വിലക്കപ്പെട്ട “നൻമതിൻമകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽ”നിന്നു തിന്നപ്പോൾ, അവർക്കു ലക്ഷ്യം പിഴച്ചു. (ഉല്പത്തി 2:17) അവർ പൂർണ്ണരായിട്ടാണു സൃഷ്ടിക്കപ്പെട്ടിരുന്നതെങ്കിലും അവർ ഇപ്പോൾ തങ്ങളുടെ പിതാവിനോടുള്ള പരിപൂർണ്ണമായ അനുസരണത്തിന്റെ ലക്ഷ്യം പിഴച്ചു പാപികളായിത്തീരുകയും അതിൻപ്രകാരം വിധിക്കപ്പെടുകയും ചെയ്തു.
ഈ പുരാതന ചരിത്രത്തിന് ഇന്നു പാപത്തോട് എന്തു ബന്ധമാണുള്ളത്? ബൈബിൾ വിശദീകരിക്കുന്നു: “അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) ഒരു വ്യത്യസ്തതയുമില്ലാതെ നാമെല്ലാം പൈതൃകാവകാശത്താൽ പാപികളാണ്. ഇക്കാരണത്താൽ നാം മരണത്തിന്റെ ശിക്ഷാവിധിയിൻ കീഴിൽ വന്നിരിക്കുന്നു.—സഭാപ്രസംഗി 7:20.
പാപത്തെ മായിക്കാനുള്ള മാനുഷിക പ്രയത്നങ്ങൾ
ആദാം തന്റെ സന്തതികളിലേക്കു പാപം കടത്തിവിട്ടു, എന്നാൽ അവൻ ദൈവദത്ത മനസ്സാക്ഷിയുടെ പ്രാപ്തികൂടി കടത്തിവിട്ടു. പാപം അസ്വസ്ഥതയുടെ ഒരു തോന്നലിനു ഇടയാക്കിയേക്കാം. മുമ്പു പ്രസ്താവിച്ചതുപോലെ, ഇത്തരം വികാരങ്ങൾ ലഘൂകരിക്കാൻ മനുഷ്യർ വ്യത്യസ്ത പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അവ യഥാർത്ഥത്തിൽ ഫലപ്രദമാണോ?
പാശ്ചാത്യദേശത്തും, പൗരസ്ത്യദേശത്തും ആളുകൾ അവരുടെ പ്രമാണങ്ങൾ മാററിക്കൊണ്ടോ പാപത്തിന്റെ അസ്തിത്വത്തെത്തന്നെ നിഷേധിച്ചുകൊണ്ടോ പാപത്തിന്റെ ഫലത്തെ നേരിടാൻ ശ്രമിച്ചിട്ടുണ്ട്. (1 തിമൊഥെയൊസ് 4:1, 2) മമനുഷ്യന്റെ പാപപൂർണ്ണമായ അവസ്ഥയെ ജ്വരമുള്ള ഒരു മമനുഷ്യന്റെ അവസ്ഥയോടു സാദൃശപ്പെടുത്താൻ കഴിഞ്ഞേക്കും. പാപത്തെ രോഗലക്ഷണങ്ങൾക്ക് ഇടയാക്കുന്ന വൈറസ്സിനോടു താരതമ്യം ചെയ്യാം, അതേസമയം അസ്വസ്ഥമായ മനസ്സാക്ഷിയെ അസുഖകരമായ ജ്വരത്തോടു താരതമ്യംചെയ്യാൻ കഴിയും. തെർമോമീററർ തകർക്കുന്നതുകൊണ്ടു രോഗിക്കു കഠിനമായ ജ്വരമുണ്ട് എന്ന വസ്തുതക്കു മാററം വരുന്നില്ല. ക്രൈസ്തവലോകത്തിലെ അനേകർ ചെയ്തിട്ടുള്ളതുപോലെ, ധാർമ്മിക പ്രമാണങ്ങൾ കാററിൽ പറത്തുന്നതും സ്വന്തം മനസ്സാക്ഷിയുടെ സാക്ഷ്യം അവഗണിക്കുന്നതും പാപം മായിച്ചുകളയുന്നതിനു സഹായകമല്ല.
ജ്വരം ശമിപ്പിക്കുന്നതിന് ഒരു വ്യക്തി ഐസ്സഞ്ചി പ്രയോഗിച്ചേക്കാം. അതു മനസ്സാക്ഷിക്കുത്ത് ഒഴിവാക്കുന്നതിനുവേണ്ടി ഷിന്റോ ശുദ്ധീകരണച്ചടങ്ങുകൾ വഴിപാടുപോലെ അനുഷ്ഠിക്കുന്നതിനു സമാനമാണ്. ഒരു ഐസ്സഞ്ചി ജ്വരബാധിതനെ താത്ക്കാലികമായി തണുപ്പിച്ചേക്കാമെങ്കിലും അതു ജ്വരത്തിന്റെ കാരണത്തെ നീക്കംചെയ്യുന്നില്ല. യിരമ്യാവിന്റെ നാളിലെ പുരോഹിതൻമാരും പ്രവാചകൻമാരും ആ കാലത്തെ ഇസ്രയേല്യർക്കുവേണ്ടി സമാനമായ ഒരു സൗഖ്യമാക്കലിനു ശ്രമിച്ചു. “എല്ലാം ശുഭം, എല്ലാം ശുഭം” എന്നു പറഞ്ഞുകൊണ്ട് അവർ ആളുകളുടെ ആത്മീയവും ധാർമ്മികവുമായ മുറിവുകൾ “ലഘുവായി” സുഖപ്പെടുത്തി. (യിരെമ്യാവു 6:14; 8:11, ഒരു അമേരിക്കൻ ഭാഷാന്തരം) മതപരമായ ചടങ്ങുകൾ വെറുതെ വഴിപാടുപോലെ കഴിക്കുന്നതും “എല്ലാം ശുഭം” എന്നു ജല്പനം ചെയ്യുന്നതും ദൈവജനത്തിന്റെ ധാർമ്മികാധഃപതനത്തെ സുഖപ്പെടുത്തിയില്ല. ശുദ്ധീകരണ കർമ്മങ്ങൾ ഇന്ന് ആളുകളുടെ നീതിശാസ്ത്രത്തെ മാററുന്നില്ല.
ജ്വരമുള്ള വ്യക്തി, ജ്വരസംഹാരികൾ കഴിക്കുന്നതിനാൽ ജ്വരം ശമിപ്പിച്ചേക്കാം. എന്നാൽ വൈറസ്സ് അപ്പോഴും അദ്ദേഹത്തിന്റെ ശരീരത്തിലുണ്ട്. വിദ്യാഭ്യാസത്തിലൂടെ തിൻമയെ കൈകാര്യം ചെയ്യുന്ന കൺഫ്യുഷ്യൻ രീതി ഇതുതന്നെയാണ്. തിൻമയിൽനിന്നു തിരിഞ്ഞുവരാൻ ഇതു ബാഹ്യമായി ആളുകളെ സഹായിച്ചേക്കാം, എന്നാൽ ലീയുടെ ആചരണം പ്രാവർത്തികമാക്കുന്നതു പാപാത്മക നടത്തയെ അടിച്ചമർത്തുക മാത്രമേ ചെയ്യുന്നുള്ളു, ദുർന്നടത്തയുടെ അടിസ്ഥാനകാരണമായ ജൻമനായുള്ള പാപപ്രവണതയിൽനിന്ന് ഒരുവനെ വിമുക്തമാക്കുന്നില്ല.—ഉല്പത്തി 8:21.
തന്നേത്തന്നെ പാപപ്രവണതകളിൽനിന്നു വിമുക്തനാക്കുന്നതിനു നിർവാണം പ്രാപിക്കണം എന്ന ബുദ്ധമതപഠിപ്പിക്കൽ സംബന്ധിച്ചെന്ത്? “അണയുക” എന്നർത്ഥമുള്ളതായി പറയപ്പെടുന്ന നിർവാണാവസ്ഥ അവർണ്ണനീയമാണെന്ന്, എല്ലാ വികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും നിഗ്രഹണമാണെന്ന് സങ്കല്പിക്കപ്പെടുന്നു. അതു വ്യക്തിയെന്നനിലയിലുള അസ്തിത്വത്തിന്റെ അവസാനമാണെന്നു ചിലർ അവകാശപ്പെടുന്നു. അത് ജ്വരരോഗിയായ ഒരു മനുഷ്യനോട് ആശ്വാസം കണ്ടെത്താൻവേണ്ടി മരിക്കാൻ പറയുന്നതുപോലെയല്ലേ? കൂടാതെ, നിർവാണംപ്രാപിക്കൽ വളരെ ബുദ്ധിമുട്ടാണെന്ന്, അസാദ്ധ്യംപോലുമാണെന്നു കരുതപ്പെടുന്നു. അസ്വസ്ഥ മനസ്സാക്ഷിയുള്ള ഒരു വ്യക്തിക്ക് ഈ പഠിപ്പിക്കൽ സഹായകമാണെന്നു തോന്നുന്നുവോ?
പാപത്തിൽനിന്നുള്ള വിമോചനം
ജീവിതത്തെയും പാപാത്മക പ്രവണതകളെയും കുറിച്ചുള്ള മാനുഷതത്ത്വശാസ്ത്രങ്ങൾക്ക് ഏററവും അനുകൂലമായ സാഹചര്യങ്ങളിലും ഒരുവന്റെ മനസ്സാക്ഷിയെ സാന്ത്വനപ്പെടുത്താനേ കഴിയൂ എന്നു വ്യക്തമാണ്. അവ പാപപൂർണ്ണമായ അവസ്ഥയെ നീക്കംചെയ്യുന്നില്ല. (1 തിമൊഥെയൊസ് 6:20) ഇതു നീക്കംചെയ്യുന്നതിന് എന്തെങ്കിലും മാർഗ്ഗമുണ്ടോ? മദ്ധ്യപൂർവദേശത്തുവച്ച് എഴുതപ്പെട്ട ഒരു പുരാതനപുസ്തകമായ ബൈബിളിൽ പാപത്തിൽനിന്നുള്ള വിമോചനത്തിന്റെ താക്കോൽ നാം കണ്ടെത്തുന്നു. “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; . . . നിങ്ങൾ മനസ്സുവെച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നൻമ അനുഭവിക്കും.” (യെശയ്യാവു 1:18, 19) ഇവിടെ യഹോവ, തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായിരുന്നെങ്കിലും തന്നോടുള്ള നിർമ്മലത പാലിക്കുന്നതിൽ ലക്ഷ്യം പിഴച്ചിരുന്ന ഇസ്രയേൽ ജനത്തോടു സംസാരിക്കുകയായിരുന്നു. എന്നിരുന്നാലും മനുഷ്യവർഗ്ഗത്തിനു മൊത്തത്തിൽ ഇതേ തത്ത്വം ബാധകമാണ്. ഒരു തരത്തിൽ പറഞ്ഞാൽ സ്രഷ്ടാവിന്റെ വാക്കുകൾ ശ്രദ്ധിക്കുന്നതിനുള്ള മനസ്സൊരുക്കമാണ് ഒരുവന്റെ പാപങ്ങളെ ശുദ്ധീകരിക്കുന്നതിനും കഴുകിക്കളയുന്നതിനുമുള്ള താക്കോൽ.
മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങളുടെ കഴുകിക്കളയൽ സംബന്ധിച്ചു ദൈവവചനം നമ്മോട് എന്തു പറയുന്നു? ഏക മമനുഷ്യന്റെ പാപത്താൽ മുഴുമനുഷ്യവർഗ്ഗവും പാപികളായിത്തീർന്നതുപോലെതന്നെ മറെറാരു മമനുഷ്യന്റെ ദൈവത്തോടുള്ള പൂർണ്ണ അനുസരണത്താൽ അനുസരണമുള്ള മനുഷ്യവർഗ്ഗം അവരുടെ ദുരിതത്തിൽനിന്നു വിടുവിക്കപ്പെടുമെന്നു ബൈബിൾ പറയുന്നു. (റോമർ 5:18, 19) എങ്ങനെ? “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” (റോമർ 5:8) പാപം ചെയ്യുന്നതിനു മുമ്പുള്ള ആദ്യ ആദാമിനു സമനായി പൂർണ്ണനും പാപരഹിതനുമായ ഒരു മനുഷ്യനായി ജനിച്ച യേശുക്രിസ്തു മനുഷ്യവർഗ്ഗത്തിന്റെ പാപങ്ങൾ ചുമന്നുനീക്കുന്നതിനുള്ള ഒരു സ്ഥാനത്തായിരുന്നു. (യെശയ്യാവു 53:12; യോഹന്നാൻ 1:14; 1 പത്രൊസ് 2:24) ഒരു കുററവാളിയെന്നപോലെ ഒരു ദണ്ഡനസ്തംഭത്തിൽ വധിക്കപ്പെട്ടുകൊണ്ടു യേശു മനുഷ്യവർഗ്ഗത്തെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു മോചിപ്പിച്ചു. “നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്ക സമയത്തു അഭക്തർക്കു വേണ്ടി മരിച്ചു. . . പാപം മരണത്താൽ വാണതുപോലെ കൃപയും നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ” എന്നു പൗലോസ് റോമിലെ ക്രിസ്ത്യാനികളോടു വിശദീകരിച്ചു.—റോറർ 5:6, 21.
മനുഷ്യവർഗ്ഗം മുഴുവനുംവേണ്ടിയുള്ള ക്രിസ്തുവിന്റെ മരണവും ആദാമിനാൽ സമനില തെററിക്കപ്പെട്ട ത്രാസ്സിന്റെ സന്തുലിതമാക്കലും “മറുവില”ക്രമീകരണമെന്നു വിളിക്കപ്പെടുന്നു. (മത്തായി 20:28) ഇതിനെ ജ്വരത്തിനു കാരണമാക്കുന്ന വൈറസ്സിനെതിരെ പ്രവർത്തിക്കുന്ന ഒരു ഔഷധത്തോട് ഉപമിക്കാൻ കഴിയും. യേശുവിന്റെ മറുവിലയുടെ മൂല്യം മനുഷ്യവർഗ്ഗത്തിനു പ്രയോജനപ്പെടുത്തുന്നതിനാൽ മരണം ഉൾപ്പെടെ മനുഷ്യവർഗ്ഗത്തിന്റെ പാപം നിമിത്തമുള്ള രോഗാവസ്ഥ ഭേദമാക്കാൻ കഴിയും. ഈ സൗഖ്യമാക്കൽപ്രക്രിയ ബൈബിളിന്റെ അവസാനപുസ്തകത്തിൽ ആലങ്കാരികമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു: “നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടു വിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.” (വെളിപ്പാടു 22:2) ചിന്തിക്കുക! ജീവജലത്തിന്റെ ഒരു ആലങ്കാരിക നദി, ഇലകളോടുകൂടിയ ജീവവൃക്ഷങ്ങളുടെ ഇടയിലൂടെ ഒഴുകുന്നു, ഇലകളെല്ലാം മനുഷ്യവർഗ്ഗത്തിന്റെ സൗഖ്യമാക്കലിനുവേണ്ടിയുള്ളവയാണ്. ഈ ദിവ്യനിശ്വസ്ത പ്രതീകങ്ങൾ യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യവർഗ്ഗത്തെ പൂർണ്ണതയിലേക്കു പുനഃസ്ഥിതീകരിക്കുന്നതിനുള്ള ദൈവത്തിന്റെ കരുതലിനെ പ്രതിനിധാനം ചെയ്യുന്നു.
വെളിപ്പാടു പുസ്തകത്തിലെ പ്രാവചനിക ദർശനങ്ങൾ പെട്ടെന്നുതന്നെ യാഥാർത്ഥ്യമായിത്തീരും. (വെളിപ്പാടു 22:6, 7) അനന്തരം, യേശുവിന്റെ മറുവിലയാഗത്തിന്റെ മൂല്യം മനുഷ്യവർഗ്ഗത്തിനു പൂർണ്ണമായി പ്രയോഗിക്കുന്നതോടെ നീതിഹൃദയരായ എല്ലാവരും പൂർണ്ണരായിത്തീരുകയും “ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും” പ്രാപിക്കുകയും ചെയ്യും. (റോമർ 8:20) ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി ഈ മഹത്തായ വിമോചനം അടുത്തിരിക്കുന്നുവെന്നു സൂചിപ്പിക്കുന്നു. (വെളിപ്പാടു 6:1-8) ദൈവം പെട്ടെന്നുതന്നെ ഭൂമിയിൽനിന്നു ദുഷ്ടത നീക്കംചെയ്യും, മനുഷ്യർ ഒരു പറുദീസാഭൂമിയിൽ നിത്യജീവൻ ആസ്വദിക്കുകയും ചെയ്യും. (യോഹന്നാൻ 3:16) അതു തീർച്ചയായും പാപമില്ലാത്ത ഒരു ലോകമായിരിക്കും!
[7-ാം പേജിലെ ചിത്രം]
യേശുവിന്റെ മറുവിലയാഗം ഇതുപോലുള്ള കുടുംബങ്ങൾക്കു നിത്യസന്തുഷ്ടി ആസ്വദിക്കുക സാധ്യമാക്കും