വാഗ്ദത്തദേശത്തുനിന്നുള്ള രംഗങ്ങൾ
ശീലോവിലേക്കു പോകുന്നു—നല്ല കുട്ടികളും ചീത്തക്കുട്ടികളും
വാഗ്ദത്തദേശത്തിലെ നഗരങ്ങളെയും പട്ടണങ്ങളെയും അല്ലെങ്കിൽ പ്രദേശങ്ങളെയും കുറിച്ചു നിങ്ങൾ ചിന്തിക്കുമ്പോൾ ചില ഉത്കൃഷ്ടരായ സ്ത്രീപുരുഷൻമാർ നിങ്ങളുടെ മനസ്സിലേക്കു കടന്നുവരുന്നുവോ? അതിനു സാധ്യത ഉണ്ട്, എന്തെന്നാൽ മിക്ക ബൈബിൾവിവരണങ്ങളിലും പ്രായപൂർത്തിയായവർ ഉൾപ്പെടുന്നു. എന്നാൽ അക്കാലത്തെ കുട്ടികളെ സംബന്ധിച്ചെന്ത്? ഈ രംഗങ്ങളിൽ നിങ്ങൾ അവരെ വിഭാവനം ചെയ്യുന്നുവോ?
മുകളിലുള്ള ദൃശ്യത്തിനു യുവജനങ്ങൾ ഉൾപ്പെടുന്ന വിവരണങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു നമ്മെ സഹായിക്കാൻ കഴിയും, അവരിൽ ചിലർ ക്രിസ്ത്യാനികൾക്കു നല്ല ദൃഷ്ടാന്തങ്ങളും മററു ചിലർ മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങളും ആയിരുന്നു. മദ്ധ്യത്തിലുള്ള മൊട്ടക്കുന്ന്, പ്രത്യക്ഷത്തിൽ ശീലോവിന്റെ സ്ഥാനമാണ്a.
ഇസ്രയേൽജനം വാഗ്ദത്തദേശത്തു പ്രവേശിച്ചപ്പോൾ അവർ ആദ്യം യഹോവയുടെ സമാഗമനകൂടാരം യരീഹോയ്ക്കു സമീപമുള്ള ഗിൽഗാലിൽ സ്ഥാപിച്ചുവെന്നു നിങ്ങൾ ഒരുപക്ഷേ ഓർമ്മിച്ചേക്കാം. (യോശുവ 4:19) എന്നാൽ ദേശം രണ്ടായി വിഭാഗിക്കപ്പെട്ടുകൊണ്ടിരുന്നപ്പോൾ ഈ വിശുദ്ധ കൂടാരം—ഇസ്രയേലിന്റെ ആരാധനയുടെ കേന്ദ്രം—ഇവിടെ ശീലോവിലേക്കു മാററപ്പെട്ടു. (യോശുവ 18:1) ഇതു യരുശലേമിന് ഏതാണ്ട് 30 കിലോമീററർ വടക്കുള്ള എഫ്രയീമിന്റെ പർവതപ്രദേശത്തായിരുന്നു. ഇസ്രയേലിൽ എല്ലായിടത്തുംനിന്നുള്ള സ്ത്രീകളും പുരുഷൻമാരും ശീലോവിലേക്കു സഞ്ചരിച്ചു; സാധ്യതയനുസരിച്ചു സമാഗമനകൂടാരം നിന്നിരുന്ന സ്ഥാനത്തിനു തെക്കുള്ള താഴ്വരയിൽ ആളുകളുടെ വലിയ കൂട്ടങ്ങൾക്കു കൂടിവരാൻ കഴിഞ്ഞു. (യോശുവ 22:12) ഇവിടേക്കു കുട്ടികൾ വരുന്നതു നിങ്ങൾക്കു വിഭാവനം ചെയ്യാൻ കഴിയുമോ?
ചിലർ വന്നു. നമ്മൾ അറിയേണ്ട ഏററവും ശ്രദ്ധേയമായ ദൃഷ്ടാന്തം ബാലനായ ശമുവേൽ ആയിരുന്നു. അവന്റെ മാതാപിതാക്കൾ, എൽക്കാനയും ഹന്നായും, പടിഞ്ഞാറുള്ള കുന്നുകൾക്കുമുകളിലുള്ള ഒരു പട്ടണത്തിൽ താമസിച്ചിരുന്നു. ഓരോ വർഷവും അവർ ഇവിടേക്കു സഞ്ചരിച്ചിരുന്നു, സാധ്യതയനുസരിച്ച് എൽക്കാനയുടെ മറേറ ഭാര്യയിലുള്ള കുട്ടികളെയും കൊണ്ടുവന്നിരുന്നു. ഒടുവിൽ, ശമൂവേൽ എന്നു പേരിടപ്പെട്ട ഒരു പുത്രനെ കൊടുത്തുകൊണ്ടു ഹന്നായെ യഹോവ അനുഗ്രഹിച്ചു. കാലക്രമത്തിൽ അവന്റെ മാതാപിതാക്കൾ അവനെ ശീലോവിൽ താമസിക്കുന്നതിനു കൊണ്ടുവന്നു. അതുകൊണ്ടു മഹാപുരോഹിതനായ ഏലിയോടൊപ്പം സമാഗമനകൂടാരത്തിൽ സേവിക്കാൻ അവനു കഴിഞ്ഞു.—1 ശമൂവേൽ 1:1–2:11.
ബാലനു ദൈവത്തിന്റെ ഭവനത്തിൽ ഗൃഹജോലികൾ ചെയ്യാനുണ്ടായിരുന്നു. സമീപത്തുള്ള കുന്നുകളിലേക്കു നടന്നുപോകുന്നതിനുള്ള പല അവസരങ്ങളും അവനു ലഭിച്ചിരുന്നിരിക്കണം. (1 ശമൂവേൽ 3:1, 15) ഒൻപതാം പേജിലെ ചിത്രത്തിൽ കാണുന്നതുപോലെ അവയിൽ ചിലതു തട്ടുകളായി തിരിച്ചതും ഒലിവു മരങ്ങൾ നിറഞ്ഞതുമായിരുന്നു. ചെറിയ ശിലാനിർമ്മിത കാവൽഗോപുരം ശ്രദ്ധിക്കുക. ഒററപ്പെട്ട കൃഷിക്കാർക്കോ ആട്ടിടയൻമാർക്കോ അത്തരം ഒരു കാവൽഗോപുരത്തിൽനിന്നു വീക്ഷിക്കുവാൻ കഴിയുമായിരുന്നു, എന്നാൽ ബാലനായ ശമൂവേലും ഒരു വീക്ഷണം നടത്തുന്നതിനു മുകളിൽ കയറുന്നതു നിങ്ങൾക്കു സങ്കല്പിക്കാൻ കഴിയും. (2 ദിനവൃത്താന്തം 20:24 താരതമ്യപ്പെടുത്തുക.) ഇതു വന്യജീവികളെ നിരീക്ഷിക്കുന്നതിനു സൗകര്യമുള്ള ഒരു നല്ല സ്ഥാനം ആയിരിക്കും.
അക്കാലത്ത്, ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ മരങ്ങൾ ഉണ്ടായിരുന്നു, വന്യജീവികൾ വിഹരിച്ചിരുന്ന വനങ്ങൾപോലും. (യോശുവ 17:15, 18) ഏലീശാ ദൈവത്തിന്റെ മുഖ്യപ്രവാചകനായിത്തീർന്നപ്പോൾ ഉണ്ടായ ഒരു സംഭവത്തിൽനിന്നു നാം ഇത് അറിയുന്നു. എലീശാ യരീഹോവിൽനിന്നു ബെഥേലിലേക്കു യാത്രചെയ്യുകയായിരുന്നു, അങ്ങനെ അവൻ ശീലോവിന് ഏതാണ്ടു 16 കിലോമീററർ മൈൽ തെക്കുള്ള ഈ പ്രദേശത്ത് എത്തി. സ്വർണ്ണക്കാളക്കുട്ടിയുടെ ആരാധനാകേന്ദ്രമായിത്തീർന്നിരുന്ന ബെഥേലിലെ ആളുകളിൽനിന്ന് ഏതു തരത്തിലുള്ള സ്വീകരണം അവനു ലഭിക്കുമായിരുന്നു? (1 രാജാക്കൻമാർ 12:27-33; 2 രാജാക്കൻമാർ 10:29) മുതിർന്നവർക്കു യഹോവയുടെ പ്രവാചകനോടു വൈരാഗ്യമുണ്ടായിരുന്നുവെന്നു തോന്നുന്നു, അവരുടെ മനോഭാവം അവരുടെ സന്തതികളിലേക്കു വ്യാപിച്ചതായി തോന്നുന്നു.
ബാലൻമാരുടെ ഒരു കൂട്ടം ദൈവത്തിന്റെ പ്രവാചകനെ പരിഹസിച്ചുവെന്നു രണ്ടു രാജാക്കൻമാർ 2:23, 24 നമ്മോടു പറയുന്നു: “മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ.” പ്രതികരണമായി എലീശാ “യഹോവനാമത്തിൽ അവരെ ശപിച്ചു; അപ്പോൾ കാട്ടിൽനിന്നു രണ്ടു പെൺകരടി ഇറങ്ങിവന്നു അവരിൽ നാല്പത്തിരണ്ടു ബാലൻമാരെ കീറിക്കളഞ്ഞു.” സിറിയയിലുള്ള അത്തരം തവിട്ടു കരടികൾ ഭ്രമിക്കുമ്പോഴോ അവയുടെ കുഞ്ഞുങ്ങൾക്കു ഭീഷണിയുള്ളതായി തോന്നുമ്പോഴോ രൗദ്രഭാവമുള്ളതായി തീർന്നേക്കാം. (2 ശമൂവേൽ 17:8; സദൃശവാക്യങ്ങൾ 17:12; 28:15) ദൈവത്തിന്റെ പ്രതിനിധികളെയും അങ്ങനെ യഹോവയെത്തന്നെയും സംസ്കാരശൂന്യമായി ആക്ഷേപിച്ചവർക്കെതിരെ ദിവ്യനീതി നടപ്പാക്കുവാൻ ദൈവം അവയെ ഉപയോഗിച്ചു.
ശീലോവിനു ചുററുമുള്ള കുന്നുകളിൽ ഒരു കുട്ടി അത്തരം വന്യജീവികളെ കണ്ടേക്കാമെന്നുള്ളതു സമാഗമനകൂടാരത്തിൽ സേവിക്കാൻ ശമൂവേലിനെ കൊണ്ടുവന്നതിൽ അവന്റെ മാതാപിതാക്കൾ പ്രകടമാക്കിയ വിശ്വാസത്തെ കൂടുതൽ വിലമതിക്കാൻ നമ്മെ സഹായിക്കണം.
മറെറാരു സത്യാരാധകൻ, ന്യായാധിപനായ യിഫ്താഹ് കുറേക്കൂടെ മുമ്പു സമാനമായ വിശ്വാസവും ഭക്തിയും പ്രകടമാക്കിയിരുന്നു. അവൻ യോർദ്ദാന്റെ കിഴക്കുഭാഗത്തെ മലനാടായ ഗിലെയാദിൽ താമസിച്ചിരുന്നു. അമ്മോന്യ ശത്രുക്കൾക്കെതിരെ യഹോവയ്ക്കുവേണ്ടിയുള്ള തീക്ഷ്ണതയാൽ, തന്റെ ഭവനത്തിൽനിന്നു തന്നെ എതിരേൽക്കാൻ ആദ്യം വരുന്നയാളെ യഹോവയ്ക്കു ബലിചെയ്യുമെന്നു അവൻ പ്രതിജ്ഞ ചെയ്തു. അത് അവന്റെ കന്യകയായ പുത്രിയാണെന്നു തെളിഞ്ഞു. അതുകൊണ്ട് അവൻ തന്റെ ഏകപുത്രിയെ ശീലോവിലുള്ള ദൈവത്തിന്റെ ആലയത്തിൽ കൊണ്ടുവന്നു. അവിടെ അവൾ പാർക്കുകയും വർഷങ്ങളോളം വിശ്വസ്തമായി സേവിക്കുകയും ചെയ്തു.—ന്യായാധിപൻമാർ 11:30-40.
ഈ ശീലോപ്രദേശത്തു ശമൂവേലും യിഫ്താഹിന്റെ പുത്രിയും പ്രകടമാക്കിയ വിശ്വസ്തമായ ഭക്തി ഇതേ പ്രദേശത്തുതന്നെ യഹോവയുടെ പ്രവാചകനെ പരിഹസിച്ച 42 ദുഷ്പ്രവൃത്തിക്കാരുടെ മോശമായ ദൃഷ്ടാന്തത്തിൽനിന്നു തികച്ചും വ്യത്യസ്തമാണ്.—1 കൊരിന്ത്യർ 10:6, 11 താരതമ്യം ചെയ്യുക.
[അടിക്കുറിപ്പ്]
a വലിപ്പമേറിയ ചിത്രത്തിന്, യഹോവയുടെ സാക്ഷികളുടെ 1992-ലെ കലണ്ടർ കാണുക.
[8-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.
[9-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.
[9-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Safari Zoo, Ramat-Gan, Tel Aviv