ചിലർ വീണ്ടും ജനിക്കുന്നതിന്റെ കാരണം
“പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാൺമാൻ ആർക്കും കഴികയില്ല.” (യോഹന്നാൻ 3:3) യേശുക്രിസ്തു 1,900 വർഷങ്ങൾക്കു മുമ്പ് ആ വാക്കുകൾ സംസാരിച്ചതുമുതൽ അവ അനേകമാളുകളെ പുളകം കൊള്ളിക്കുകയും അമ്പരപ്പിക്കുകയും ചെയ്തിരിക്കുന്നു.
വീണ്ടും ജനിക്കുന്നതു സംബന്ധിച്ച യേശുവിന്റെ പ്രസ്താവനകളുടെ ശരിയായ ഗ്രാഹ്യം ലഭിക്കുന്നതിനു നാം ആദ്യം ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയണം: മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്താണ്? മരണത്തിങ്കൽ ദേഹിക്ക് എന്തു സംഭവിക്കുന്നു? ദൈവരാജ്യം എന്തു ചെയ്യാൻ ഉദ്ദേശിക്കപ്പെടുന്നു?
മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച ദൈവോദ്ദേശ്യം
ആദ്യമനുഷ്യനായ ആദാം ദൈവത്തിന്റെ ഒരു പൂർണ്ണ മാനുഷപുത്രനെന്നനിലയിൽ സൃഷ്ടിക്കപ്പെട്ടു. (ലൂക്കൊസ് 3:38) ആദാം മരിക്കണമെന്നു യഹോവയാം ദൈവം ഒരിക്കലും ഉദ്ദേശിച്ചില്ല. ആദാമിനും അവന്റെ ഭാര്യ ഹവ്വായ്ക്കും, എന്നേക്കും ജീവിക്കുകയും ഒരു പറുദീസാഭൂമിയെ നിറയ്ക്കുകയും ചെയ്യുന്ന ഒരു പാപരഹിത മാനുഷകുടുംബത്തെ ഉളവാക്കാനുള്ള പ്രതീക്ഷ ഉണ്ടായിരുന്നു. (ഉല്പത്തി 1:28) മരണം മനുഷ്യനെയും സ്ത്രീയെയും സംബന്ധിച്ച ദൈവത്തിന്റെ ആദിമോദ്ദേശ്യത്തിന്റെ ഭാഗമായിരുന്നില്ല. ദിവ്യനിയമത്തിനെതിരായ മത്സരത്തിന്റെ ഒരു അനന്തരഫലമെന്നനിലയിൽ മാത്രമായിരുന്നു അതു മാനുഷരംഗത്തെ ആക്രമിച്ചത്.—ഉല്പത്തി 2:15-17; 3:17-19.
ഈ മത്സരം ദൈവത്തിന്റെ പരമാധികാരത്തിന്റെ ന്യായയുക്തതയും അവന്റെ നിയമങ്ങളോടു വിശ്വസ്തമായി പററിനിൽക്കാനുള്ള മമനുഷ്യന്റെ പ്രാപ്തിയും പോലുള്ള വലിയ ധാർമ്മിക വാദവിഷയങ്ങൾ ഉയർത്തി. ഈ വാദവിഷയങ്ങൾക്കു തീർപ്പു കല്പിക്കുന്നതിനു സമയം ആവശ്യമായിരുന്നു. എന്നാൽ മനുഷ്യവർഗ്ഗത്തെ സംബന്ധിച്ച യഹോവയാം ദൈവത്തിന്റെ ഉദ്ദേശ്യത്തിനു മാററം വന്നില്ല, അവൻ ചെയ്യാൻ ഉദ്യമിക്കുന്നതിൽ അവനു പരാജയപ്പെടാനും കഴിയുകയില്ല. പറുദീസയിൽ നിത്യജീവൻ ആസ്വദിക്കുന്ന പൂർണ്ണതയുള്ള ഒരു മാനുഷ കുടുംബത്തെക്കൊണ്ടു ഭൂമിയെ നിറയ്ക്കാൻ അവൻ പൂർണ്ണമായും ഉദ്ദേശിക്കുന്നു. (സങ്കീർത്തനം 37:29; 104:5; യെശയ്യാവു 45:18; ലൂക്കൊസ് 23:43) വീണ്ടും ജനിക്കുന്നതിനെ സംബന്ധിച്ച യേശുവിന്റെ വാക്കുകൾ നാം പരിഗണിക്കുമ്പോൾ ഈ അടിസ്ഥാനസത്യം നാം മനസ്സിൽ പിടിക്കണം.
മരണത്തിങ്കൽ ദേഹിക്ക് എന്തു സംഭവിക്കുന്നു?
ദൈവത്തിന്റെ പരിശുദ്ധാത്മാവു ബൈബിളെഴുത്തുകാർക്കു വെളിപ്പെടുത്തിയത് അറിയാതിരുന്ന ഗ്രീക്കു തത്ത്വജ്ഞാനികൾ ജീവിതത്തിൽ അർത്ഥം കണ്ടെത്താൻ പാടുപെട്ടു. മിക്കപ്പോഴും ദുരിതപൂർണ്ണമായ അവസ്ഥകളിൽ ചുരുക്കം ചില വർഷങ്ങൾ മാത്രം ജീവിച്ചിട്ടു മനുഷ്യൻ ഒടുവിൽ അസ്തിത്വരഹിതനായിത്തീരാൻ ഉദ്ദേശിക്കപ്പെട്ടു എന്ന് അവർക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇതിൽ അവരുടെ ഭാഗം ശരിയായിരുന്നു. എന്നാൽ മമനുഷ്യന്റെ മരണാനന്തരപ്രതീക്ഷകൾ സംബന്ധിച്ച അവരുടെ നിഗമനങ്ങളിൽ അവർക്കു തെററുപററി. മരണശേഷം മറേറതെങ്കിലും രൂപത്തിൽ മനുഷ്യാസ്തിത്വം തുടരുന്നുവെന്ന്, എല്ലാവരുടെയും ഉള്ളിൽ ഒരു അമർത്ത്യദേഹി ഉണ്ടെന്ന് അവർ നിഗമനം ചെയ്തു.
യഹൂദൻമാരും ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ടവരും അത്തരം വീക്ഷണങ്ങളാൽ സ്വാധീനിക്കപ്പെട്ടു. സ്വർഗ്ഗം—ഒരു ചരിത്രം [Heaven—A History] എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “ചിതറിപ്പോയ യഹൂദൻമാർ ഗ്രീക്കു ബുദ്ധിജീവികളെ കണ്ടുമുട്ടിയടത്തെല്ലാം ഒരു അമർത്ത്യദേഹിയുടെ ആശയം പൊന്തിവന്നു.” ആ പുസ്തകം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ദേഹിയെ സംബന്ധിച്ച ഗ്രീക്കു സിദ്ധാന്തങ്ങൾ യഹൂദൻമാരുടെയും ക്രമേണ ക്രിസ്ത്യാനികളുടെയും വിശ്വാസങ്ങളുടെമേൽ ഒരു സ്ഥായിയായ മുദ്ര പതിപ്പിച്ചു. . . . പ്ലേറേറാണിക തത്ത്വശാസ്ത്രത്തിന്റെയും ബൈബിൾ പാരമ്പര്യത്തിന്റെയും ഒരു അസാധാരണ സങ്കലനം സൃഷ്ടിക്കുകവഴി ഫിലോ [അലക്സാണ്ട്രിയയിൽ ഒന്നാം നൂററാണ്ടിലുണ്ടായിരുന്ന ഒരു തത്ത്വചിന്തകൻ] പിന്നീടുള്ള ക്രിസ്തീയ ചിന്തകർക്കു വഴിയൊരുക്കി.”
ഫിലോ എന്താണു വിശ്വസിച്ചത്? അതേ പുസ്തകം ഈവിധം തുടരുന്നു: “അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, മരണം ദേഹിയെ അതിന്റെ ആദ്യത്തെ, ജനനത്തിനുമുമ്പത്തെ, അവസ്ഥയിൽ പുനഃസ്ഥിതീകരിക്കുന്നു. ദേഹി ആത്മീയലോകത്തിന്റെ ഒരു ഭാഗമായിരിക്കുന്നതിനാൽ ശരീരത്തിലുള്ള ജീവൻ ഹ്രസ്വമായ, മിക്കപ്പോഴും നിർഭാഗ്യകരമായ, ഒരു ഉപകഥ ആയിത്തീരുന്നു.” എന്നിരുന്നാലും, “ജനനത്തിനുമുമ്പത്തെ” ആദാമിന്റെ അവസ്ഥ അസ്തിത്വമില്ലായ്മയായിരുന്നു. ബൈബിൾരേഖയനുസരിച്ച് ഭൂമി, താഴ്ന്നതോ ഉയർന്നതോ ആയ ഒരു അസ്തിത്വത്തിലേക്കുള്ള ഇടത്താവളം ആണെന്നപോലെ, മരണത്തിങ്കൽ മറേറതെങ്കിലും മണ്ഡലത്തിലേക്കുള്ള ഒരു സ്വതഃപ്രേരിതമാററം സംഭവിക്കാൻ ദൈവം ഉദ്ദേശിച്ചില്ല.
മാനുഷദേഹി അമർത്ത്യമാണെന്നുള്ള വിശ്വാസം ദൈവത്തിന്റെ ആത്മനിശ്വസ്ത വചനമായ ബൈബിൾ പഠിപ്പിക്കുന്നില്ല. അത് ഒരിക്കൽപോലും “അമർത്ത്യദേഹി” എന്ന പദം ഉപയോഗിക്കുന്നില്ല. ആദാം ഒരു ദേഹിയായി സൃഷ്ടിക്കപ്പെട്ടുവെന്ന് അതു പറയുന്നു, ഒരു ദേഹി സഹിതം എന്നല്ല. “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു” എന്ന് ഉല്പത്തി 2:7 പറയുന്നു. മനുഷ്യവർഗ്ഗം സ്വർഗ്ഗത്തിലെ നിത്യജീവന്റെയോ അഗ്നിനരകത്തിലെ നിത്യദണ്ഡനത്തിന്റെയോ പ്രതീക്ഷയെ ഒരിക്കലും അഭിമുഖീകരിച്ചില്ല. മരിക്കുന്ന ദേഹിക്ക് അഥവാ വ്യക്തിക്ക് ബോധപൂർവ്വകമായ അസ്തിത്വം ഇല്ലെന്നു ബൈബിൾ പ്രകടമാക്കുന്നു. (സങ്കീർത്തനം 146:3, 4; സഭാപ്രസംഗി 9:5, 10; യെഹെസ്ക്കേൽ 18:4) അതുകൊണ്ട്, തത്ത്വചിന്തകർ ദേഹിയെ സംബന്ധിച്ച തിരുവെഴുത്തുവിരുദ്ധമായ വീക്ഷണങ്ങൾ വച്ചുപുലർത്തിയിരിക്കുന്നു. വീണ്ടും ജനിക്കുന്നതു സംബന്ധിച്ച യേശുവിന്റെ വാക്കുകളെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യത്തെ അവ്യക്തമാക്കാൻ കഴിയുന്ന വഴിതെററിക്കുന്ന ആശയങ്ങൾക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്.
രാജാക്കൻമാരായി ഭരിക്കാൻ വീണ്ടും ജനിക്കുന്നു
‘വീണ്ടും ജനിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുമെന്ന്’ യേശു നിക്കോദേമോസിനോടു പറഞ്ഞു. (യോഹന്നാൻ 3:3-5) ആ രാജ്യം എന്താണ്? മാനുഷചരിത്രത്തിന്റെ ആരംഭത്തിൽത്തന്നെ, പ്രതീകാത്മക ഭാഷയിൽ ആദ്യ പാമ്പായ പിശാചായ സാത്താന്റെ തല തകർക്കാൻ ഒരു പ്രത്യേക സന്തതിയെ—വരുവാനിരുന്ന ഒരു ഭരണാധികാരിയെ—ഉപയോഗിക്കാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ചു യഹോവയാം ദൈവം അറിവു നല്കി. (ഉല്പത്തി 3:15; വെളിപ്പാടു 12:9) തിരുവെഴുത്തുകളിൽ ക്രമാനുഗതമായി വെളിപ്പെടുത്തിയിരിക്കുന്നതുപോലെ, ദൈവത്തിന്റെ പരമാധികാരത്തിന്റെ ഒരു അനുപമ പ്രകടനമായ മിശിഹൈകരാജ്യത്തിൽ സഹഭരണാധികാരികളോടൊത്തു വാഴുന്ന യേശുക്രിസ്തുവായി ഈ “സന്തതി”യെ തിരിച്ചറിയിച്ചിരിക്കുന്നു. (സങ്കീർത്തനം 2:8, 9; യെശയ്യാവു 9:6, 7; ദാനീയേൽ 2:44; 7:13, 14) ഇതാണു സ്വർഗ്ഗീയ രാജ്യം, യഹോവയുടെ പരമാധികാരത്തെ സംസ്ഥാപിക്കുകയും മനുഷ്യവർഗ്ഗത്തെ പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്നു വിടുവിക്കുകയും ചെയ്യുന്ന സ്വർഗ്ഗങ്ങളിലെ ഒരു ഗവൺമെൻറുതന്നെ.—മത്തായി 6:9, 10.
സഹഭരണാധികാരികളായി യേശുവിനോടുകൂടെയുള്ളതു മനുഷ്യവർഗ്ഗത്തിൽനിന്നു വിലയ്ക്കു വാങ്ങപ്പെടുന്ന 1,44,000 പേരാണ്. (വെളിപ്പാടു 5:9, 10; 14:1-4) ആദാമിന്റെ അപൂർണ്ണ മാനുഷകുടുംബത്തിൽനിന്ന് ഈ “അത്യുന്നതന്റെ വിശുദ്ധൻമാർ” ആയിത്തീരാൻ ദൈവം ചിലരെ തിരഞ്ഞെടുത്തിരിക്കുന്നു, അവർ മിശിഹൈകരാജ്യത്തിൽ ക്രിസ്തുവിനോടുകൂടെ ഭരിക്കുന്നു. (ദാനീയേൽ 7:27; 1 കൊരിന്ത്യർ 6:2; വെളിപ്പാടു 3:21; 20:6) ഈ സ്ത്രീപുരുഷൻമാർ, തങ്ങൾ “വീണ്ടും ജനിക്കു”മെന്നു പറഞ്ഞ യേശുക്രിസ്തുവിൽ വിശ്വാസം പ്രകടമാക്കുന്നു. (യോഹന്നാൻ 3:5-7) എങ്ങനെ, എന്തുകൊണ്ട് ഈ ജനനം സംഭവിക്കുന്നു?
ക്രിസ്തുവിന്റെ അനുഗാമികൾ എന്നനിലയിൽ ഈ വ്യക്തികൾ ജലത്തിൽ സ്നാപനമേററിരിക്കുന്നു. യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ ദൈവം അവരുടെ പാപങ്ങൾ മോചിക്കയും, അവരെ നീതിമാൻമാരായി പ്രഖ്യാപിക്കുകയും ആത്മീയപുത്രൻമാരായി ദത്തെടുക്കുകയും ചെയ്തിരിക്കുന്നു. (റോമർ 3:23-26; 5:12-21; കൊലൊസ്സ്യർ 1:13, 14) അങ്ങനെയുള്ളവരോട് അപ്പൊസ്തലനായ പൗലൊസ് ഇപ്രകാരം പറയുന്നു: “നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു. നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.”—റോമർ 8:15-17.
ക്രിസ്തുവിന്റെ അനുഗാമികൾ എന്നനിലയിൽ ഇവർക്കു ജീവിതത്തിൽ ഒരു പുതിയ ജനനം അഥവാ തുടക്കം ലഭിച്ചിരിക്കുന്നു. അവർ യേശുവിന്റെ സ്വർഗ്ഗീയ അവകാശത്തിൽ പങ്കുകാരാകും എന്ന ഒരു ബോധ്യത്തിൽ ഇതു കാലാശിച്ചിരിക്കുന്നു. (ലൂക്കൊസ് 12:32; 22:28-30; 1 പത്രൊസ് 1:23) അപ്പൊസ്തലനായ പത്രോസ് പുനർജനനത്തെ ഈ വിധത്തിൽ വിവരിച്ചു: “മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ [ദൈവത്തിന്റെ] കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി, . . . നിങ്ങൾക്കുവേണ്ടി സ്വർഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.” (1 പത്രൊസ് 1:3, 4) ദൈവം യേശുവിനെ ഉയർപ്പിച്ചതുപോലെ അവരെയും ഉയർപ്പിക്കുന്നതുകൊണ്ട് അത്തരം വ്യക്തികൾക്കു സ്വർഗ്ഗത്തിലെ ഈ പുതുജീവൻ സാധ്യമായിത്തീരുന്നു.—1 കൊരിന്ത്യർ 15:42-49.
ഭൂമിയെ സംബന്ധിച്ചെന്ത്?
അനുസരണമുള്ള സകല മനുഷ്യരും അന്തിമമായി ഭൂമിയിൽനിന്നു സ്വർഗ്ഗത്തിൽ പോകാൻ വീണ്ടും ജനിക്കുമെന്ന് ഇത് അർത്ഥമാക്കുന്നില്ല. അത്തരം തെററായ ആശയം “ശരീരത്തിലുള്ള ജീവൻ ഒരു ഹ്രസ്വമായ, മിക്കപ്പോഴും പരിതാപകരമായ, ഒരു ഉപകഥയല്ലാതെ മറെറാന്നുമല്ല” എന്നു കരുതിയ ഫിലോയെപ്പോലുള്ള തത്ത്വജ്ഞാനികൾ വച്ചുപുലർത്തിയ ആശയത്തോടു സമാനമാണ്. എന്നാൽ യഹോവയുടെ ആദിമ ഭൗമികസൃഷ്ടിയിൽ യാതൊരു പിശകും ഉണ്ടായിരുന്നില്ല.—ഉല്പത്തി 1:31; ആവർത്തനം 32:4.
മനുഷ്യജീവൻ ഹ്രസ്വവും വേദനാജനകവും ആയിരിക്കാൻ ഒരിക്കലും ഉദ്ദേശിക്കപ്പെട്ടില്ല. യേശുക്രിസ്തുവും അവനോടുകൂടെ സ്വർഗ്ഗത്തിൽ രാജാക്കൻമാരും പുരോഹിതൻമാരുമായി സേവിക്കാൻ വീണ്ടും ജനിച്ചവരും സാത്താന്റെ മത്സരത്തിന്റെ സകല ദോഷകരമായ ഫലങ്ങളെയും നീക്കം ചെയ്യും. (എഫെസ്യർ 1:8-10) വാഗ്ദത്തപ്രകാരമുള്ള ‘അബ്രാഹാമിന്റെ സന്തതി’യെന്ന നിലയിൽ അവർ മുഖാന്തരം “ഭൂമിയിലെ സകല ജനതകളും തീർച്ചയായും തങ്ങളേത്തന്നെ അനുഗ്രഹിക്കും.” (ഗലാത്യർ 3:29; ഉല്പത്തി 22:18, NW) അനുസരണമുള്ള മനുഷ്യവർഗ്ഗത്തിന് ഇന്നത്തെ വേദന നിറഞ്ഞ, ഹ്രസ്വമായ അസ്തിത്വത്തിൽനിന്നു വളരെ വ്യത്യസ്തമായ ഒരു പറുദീസാഭൂമിയിലെ ജീവനെ ഇത് അർത്ഥമാക്കും.—സങ്കീർത്തനം 37:11, 29; വെളിപ്പാടു 21:1-4.
ആർ പ്രയോജനം നേടും?
മനുഷ്യവർഗ്ഗത്തെ അനുഗ്രഹിക്കാനുള്ള ദൈവത്തിന്റെ കരുതലിൽനിന്നു പ്രയോജനം നേടുന്നവരുടെ ഇടയിൽ യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം പ്രകടമാക്കുന്ന, പുനരുത്ഥാനത്തിലേക്കു വരുത്തപ്പെടുന്ന മൃതരും ഉണ്ടായിരിക്കും. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) അവരിൽ ഭൂരിപക്ഷവും ദൈവത്തെയും ക്രിസ്തുവിനെയും കുറിച്ച് ഒരിക്കലും പഠിച്ചിട്ടില്ല, അതുകൊണ്ട് അവർക്കു യേശുവിൽ വിശ്വാസം പ്രകടമാക്കാൻ കഴിഞ്ഞിട്ടുമില്ല. യേശുവിന്റെ മരണം സ്വർഗ്ഗീയജീവനിലേക്കു വഴിതുറന്നതിനുമുമ്പു മരിച്ചുപോയ യോഹന്നാൻ സ്നാപകനെപ്പോലുള്ള വിശ്വസ്തമനുഷ്യർ പുനരുത്ഥാനത്തിലേക്കു വരുത്തപ്പെടുന്നവരിൽ ഉൾപ്പെടും. (മത്തായി 11:11) ഇവർക്കുപുറമേ, യേശുക്രിസ്തു എന്ന ‘കുഞ്ഞാടിന്റെ രക്തത്തിൽ സകല ജനതകളിലുംനിന്നുള്ള ഒരു മഹാപുരുഷാരം തങ്ങളുടെ അങ്കികൾ അലക്കി വെളുപ്പിച്ചിട്ടുണ്ട്.’ യേശുവിന്റെ വീണ്ടും ജനിച്ച “സഹോദരൻമാർ” നേതൃത്വം കൊടുക്കുന്ന രാജ്യപ്രസംഗവേലയോട് അവർ അനുകൂലമായി പ്രതികരിക്കുന്നു, ഒരു ശുദ്ധീകരിക്കപ്പെട്ട ഭൂമിയിൽ ജീവിക്കാൻ ദൈവത്തിന്റെ യുദ്ധമായ അർമ്മഗെദ്ദോനെ അവർ അതിജീവിക്കും. (വെളിപ്പാടു 7:9-14; 16:14-16; മത്തായി 24:14; 25:31-46) അതുകൊണ്ട്, ദൈവത്തിന്റെ ക്രമീകരണത്തിൽ, ക്രിസ്തുവിനോടുകൂടെ സ്വർഗ്ഗത്തിൽ ഭരിക്കാൻ വീണ്ടും ജനിച്ചവരല്ലെങ്കിലും ലക്ഷങ്ങൾ രക്ഷിക്കപ്പെടും.—1 യോഹന്നാൻ 2:1, 2.
ഒരു പറുദീസാഭൂമിയിലെ ജീവൻ അവകാശമാക്കുന്നവരുടെ കൂട്ടത്തിൽ നിങ്ങൾ ഉണ്ടായിരിക്കുമോ? യേശുക്രിസ്തുവിന്റെ യാഗത്തിൽ വിശ്വാസം പ്രകടമാക്കുകയും സത്യക്രിസ്തീയസഭയോടു സജീവമായി സഹവസിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് അവരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കാൻ കഴിയും. സത്യക്രിസ്തീയസഭയെ തത്ത്വശാസ്ത്രങ്ങൾ ദുഷിപ്പിച്ചിട്ടില്ല, പിന്നെയോ “സത്യത്തിന്റെ ഒരു തൂണും താങ്ങുമായി” അതു നിലനിന്നിരിക്കുന്നു. (1 തിമൊഥെയൊസ് 3:15; താരതമ്യപ്പെടുത്തുക യോഹന്നാൻ 4:24; 8:31, 32.) അപ്പോൾ, ദൈവത്തിന്റെ വീണ്ടും ജനിച്ച പുത്രൻമാർ സ്വർഗ്ഗത്തിൽ ഭരണം നടത്തുകയും ദൈവത്തിന്റെ ഭൗമികമക്കളെല്ലാം ഒരു അത്ഭുതകരമായ പറുദീസാഭൂമിയിലെ പൂർണ്ണതയിലേക്കു പുനഃസ്ഥിതീകരിക്കപ്പെടുകയും ചെയ്യുന്ന അത്ഭുതകരമായ ഭാവിയിലേക്കു നിങ്ങൾക്കു നോക്കിപ്പാർത്തിരിക്കാൻ കഴിയും. അതുകൊണ്ടു നിത്യാനുഗ്രഹങ്ങളുടെ ആ പുതിയ ലോകത്തിലെ ജീവൻ പ്രാപിക്കാനുള്ള നിങ്ങളുടെ അവസരത്തെ മുറുകെ പിടിക്കുക.—റോമർ 8:19-21; 2 പത്രൊസ് 3:13.
[6-ാം പേജിലെ ചിത്രം]
ഒന്നുകിൽ സ്വർഗ്ഗത്തിലെ ജീവനോ അല്ലെങ്കിൽ അഗ്നിനരകത്തിലെ നിത്യദണ്ഡനമോ തിരഞ്ഞെടുക്കാനുള്ള ഒരവസരം ആദാമിനു നൽകപ്പെട്ടില്ല