യഹോവയെ വിശ്വസ്തമായി സേവിക്കുക
“വിശ്വസ്തനായ ഒരുവനോടു നീ [യഹോവ] വിശ്വസ്തതയോടെ പ്രവർത്തിക്കും.”—2 ശമൂവേൽ 22:26, NW.
1. തന്നോടു വിശ്വസ്തരായവരോടു യഹോവ എങ്ങനെ പ്രവർത്തിക്കുന്നു?
തന്റെ ജനത്തിനുവേണ്ടി യഹോവ ചെയ്യുന്ന സകല കാര്യത്തിനും അവനു പകരം നൽകാൻ നമുക്കു കഴികയില്ല. (സങ്കീർത്തനം 116:12) അവന്റെ ആത്മീയവും ഭൗതികവുമായ ദാനങ്ങളും ആർദ്രമായ കരുണയും എത്രയോ വിസ്മയകരമാണ്! തന്നോടു വിശ്വസ്തരായവരോടു ദൈവവും വിശ്വസ്തതയോടെ പ്രവർത്തിക്കുന്നുവെന്നു പുരാതന ഇസ്രയേലിലെ ദാവീദുരാജാവു തിരിച്ചറിഞ്ഞിരുന്നു. തന്നെ “സകല ശത്രുക്കളുടെ കയ്യിൽനിന്നും [രാജാവായ] ശൌലിന്റെ കയ്യിൽനിന്നും വിടുവിച്ചശേഷം” ദാവീദ് രചിച്ച ഒരു ഗീതത്തിൽ അവൻ അപ്രകാരം പറഞ്ഞു.—2 ശമൂവേൽ 22:1.
2. രണ്ടു ശമൂവേൽ 22-ാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദാവീദിന്റെ ഗീതത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചില പോയിൻറുകൾ ഏവ?
2 പ്രാർത്ഥനയുടെ ഉത്തരമായി “രക്ഷ പ്രദാനം ചെയ്യുന്നവൻ” [NW] എന്നനിലയിൽ യഹോവയെ സ്തുതിച്ചുകൊണ്ടു ദാവീദ് തന്റെ ഗീതം (18-ാം സങ്കീർത്തനത്തിനു സമാന്തരം) ആരംഭിച്ചു. (2 ശമൂവേൽ 22:2-7) ശക്തരായ ശത്രുക്കളിൽനിന്നു തന്റെ വിശ്വസ്ത ദാസനെ വിടുവിക്കാൻ ദൈവം തന്റെ ആത്മീയ ആലയത്തിൽനിന്നു പ്രവർത്തിച്ചു. (വാക്യങ്ങൾ 8-19) നീതിനിഷ്ഠമായ ഒരു ഗതി പിന്തുടർന്നതുകൊണ്ടും യഹോവയുടെ വഴികൾ അനുസരിച്ചതുകൊണ്ടും ദാവീദിന് ഇപ്രകാരം പ്രതിഫലം ലഭിച്ചു. (വാക്യങ്ങൾ 20-27) അടുത്തതായി ദൈവദത്തശക്തിയാൽ ചെയ്ത പ്രവൃത്തികളെ എണ്ണിയെണ്ണിപ്പറഞ്ഞിരിക്കുന്നു. (വാക്യങ്ങൾ 28-43) ഒടുവിൽ, സ്വദേശത്തു കുററംകണ്ടുപിടിക്കുന്നവരിൽ നിന്നും വിദേശങ്ങളിലെ ശത്രുക്കളിൽനിന്നുമുള്ള വിടുതലിനെ ദാവീദ് എടുത്തുപറയുകയും “തന്റെ രാജാവിനുവേണ്ടി രക്ഷയുടെ മഹാപ്രവൃത്തികൾ ചെയ്യുന്നവനും തന്റെ അഭിഷിക്തനോടു സ്നേഹദയ കാണിക്കുന്നവനും” എന്നനിലയിൽ യഹോവയ്ക്കു നന്ദികൊടുക്കുകയും ചെയ്തു. (വാക്യങ്ങൾ 44-51, NW) നാം ഒരു നീതിനിഷ്ഠമായ ഗതി പിന്തുടരുകയും ശക്തിക്കായി അവനിൽ ആശ്രയിക്കുകയും ചെയ്യുന്നുവെങ്കിൽ യഹോവയ്ക്കു നമ്മേയും വിടുവിക്കാൻ കഴിയും.
വിശ്വസ്തരായിരിക്കുകയെന്നതിന്റെ അർത്ഥം
3. തിരുവെഴുത്തുപരമായ ഒരു നിലപാടിൽ വിശ്വസ്തരായിരിക്കുക എന്നാൽ അർത്ഥമെന്ത്?
3 വിടുതലിനെക്കുറിച്ചുള്ള ദാവീദിന്റെ ഗീതം നമുക്ക് ആശ്വാസദായകമായ ഈ ഉറപ്പു നൽകുന്നു: “വിശ്വസ്തനായ ഒരുവനോടു നീ [യഹോവ] വിശ്വസ്തതയോടെ പ്രവർത്തിക്കും.” (2 ശമൂവേൽ 22:26, NW) “വിശ്വസ്തനായ ഒരുവൻ” അഥവാ “സ്നേഹദയ ഉള്ള ഒരുവൻ” എന്നതിനെ കുറിക്കുന്നത് എബ്രായ നാമവിശേഷണമായ ചാസിദ് ആണ്. (സങ്കീർത്തനം 18:25, NW, അടിക്കുറിപ്പ്) ചെസെദ് എന്ന നാമരൂപത്തിൽ, ഉദ്ദേശ്യം സാക്ഷാത്ക്കരിക്കപ്പെടുന്നതുവരെ സ്നേഹപൂർവം ഒരു ലക്ഷ്യത്തോടു പററിനിൽക്കുന്ന ദയ എന്ന ആശയം ഉൾക്കൊണ്ടിരിക്കുന്നു. യഹോവയുടെ ദാസൻമാർ അവനോടു പ്രകടമാക്കുന്നതുപോലെതന്നെ യഹോവ അത്തരം ദയ അവരോടു പ്രകടമാക്കുന്നു. നീതിനിഷ്ഠമായ, വിശുദ്ധമായ ഈ വിശ്വസ്തതയെ “സ്നേഹദയ” എന്നും “വിശ്വസ്ത സ്നേഹം” എന്നും വിവർത്തനം ചെയ്തിരിക്കുന്നു. (ഉല്പത്തി 20:13; 21:23, NW) ഗ്രീക്കു തിരുവെഴുത്തുകളിൽ, ഹോസിയോററിസ് എന്ന നാമരൂപത്തിലും ഹോസിയോസ് എന്ന നാമവിശേഷണത്തിലും പ്രകടമാക്കപ്പെടുന്ന വിശുദ്ധിയുടെയും ഭയാദരവിന്റെയും ആശയമാണ് “വിശ്വസ്തത”യിൽ ഉൾക്കൊണ്ടിരിക്കുന്നത്. അത്തരം വിശ്വസ്തതയിൽ വിശ്വാസ്യതയും ഭക്തിയും ഉൾപ്പെടുന്നു, അത് അർപ്പിതനായിരിക്കുന്നതിനെയും ദൈവത്തോടുള്ള സകല കടമകളും ശ്രദ്ധാപൂർവം നിറവേററുന്നതിനെയും അർത്ഥമാക്കുന്നു. യഹോവയോടു വിശ്വസ്തനായിരിക്കുന്നത് ഒരു ബലവത്തായ പശപോലെ വർത്തിക്കത്തക്കവണ്ണം ശക്തമായ ഭക്തിയോടെ അവനോടു പററിനിൽക്കുന്നതിനെ അർത്ഥമാക്കുന്നു.
4. യഹോവയുടെ വിശ്വസ്തത എങ്ങനെയാണു പ്രകടമാക്കപ്പെടുന്നത്?
4 യഹോവയുടെ സ്വന്തം വിശ്വസ്തത അനേകം വിധങ്ങളിൽ പ്രകടമാക്കപ്പെടുന്നു. ദൃഷ്ടാന്തത്തിന്, തന്റെ ജനത്തോടുള്ള വിശ്വസ്തസ്നേഹവും ന്യായത്തോടും നീതിയോടുമുള്ള വിശ്വസ്തതയും നിമിത്തം അവൻ ദുഷ്ടൻമാർക്കെതിരെ നീതിന്യായനടപടിയെടുക്കുന്നു. (വെളിപ്പാടു 15:3, 4; 16:5) അബ്രാഹാമിനോടു താൻ ചെയ്ത ഉടമ്പടിയോടുള്ള വിശ്വസ്തത ഇസ്രയേല്യരോടു ദീർഘക്ഷമയുള്ളവനായിരിക്കാൻ അവനെ പ്രേരിപ്പിച്ചു. (2 രാജാക്കൻമാർ 13:23) ദൈവത്തോടു വിശ്വസ്തരായവർക്കു തങ്ങളുടെ വിശ്വസ്തഗതിയുടെ അവസാനത്തോളം അവന്റെ സഹായം പ്രതീക്ഷിക്കാനും അവൻ തങ്ങളെ ഓർക്കുമെന്ന് ഉറപ്പുണ്ടായിരിക്കാനും കഴിയും. (സങ്കീർത്തനം 37:27, 28; 97:10) ദൈവത്തിന്റെ മുഖ്യ “വിശ്വസ്തൻ” എന്നനിലയിൽ തന്റെ ദേഹി ഷിയോളിൽ വിടപ്പെടുമായിരുന്നില്ല എന്ന അറിവിനാൽ യേശു ശക്തീകരിക്കപ്പെട്ടു.—സങ്കീർത്തനം 16:10; പ്രവൃത്തികൾ 2:25, 27.
5. യഹോവ വിശ്വസ്തനായിരിക്കുന്നതിനാൽ അവൻ തന്റെ ദാസൻമാരിൽനിന്ന് എന്താവശ്യപ്പെടുന്നു, ഏതു ചോദ്യം പരിചിന്തിക്കപ്പെടും?
5 യഹോവയാം ദൈവം വിശ്വസ്തനായിരിക്കുന്നതിനാൽ തന്റെ ദാസൻമാരിൽനിന്ന് അവൻ വിശ്വസ്തത ആവശ്യപ്പെടുന്നു. (എഫെസ്യർ 4:24) ഉദാഹരണത്തിന്, സഭാമൂപ്പൻമാരായുള്ള നിയമനത്തിനു യോഗ്യത പ്രാപിക്കാൻ പുരുഷൻമാർ വിശ്വസ്തരായിരിക്കണം. (തീത്തൊസ് 1:8) യഹോവയെ വിശ്വസ്തമായി സേവിക്കാൻ ഏതു ഘടകങ്ങൾ അവന്റെ ജനത്തെ പ്രേരിപ്പിക്കണം?
പഠിച്ച കാര്യങ്ങളോടുള്ള വിലമതിപ്പ്
6. നാം പഠിച്ചിരിക്കുന്ന തിരുവെഴുത്തുപരമായ കാര്യങ്ങൾ സംബന്ധിച്ചു നമുക്കെങ്ങനെ തോന്നണം, അത്തരം അറിവു സംബന്ധിച്ചു നാം എന്ത് ഓർക്കണം?
6 നാം പഠിച്ചിരിക്കുന്ന തിരുവെഴുത്തുപരമായ കാര്യങ്ങൾക്കായുള്ള നന്ദി യഹോവയെ വിശ്വസ്തമായി സേവിക്കാൻ നമ്മെ പ്രേരിപ്പിക്കണം. അപ്പൊസ്തലനായ പൗലോസ് തിമൊഥെയോസിനെ ഈവിധം പ്രോത്സാഹിപ്പിച്ചു: “നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതുകൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്ക.” (2 തിമൊഥെയൊസ് 3:14, 15) അത്തരം അറിവു “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ ദൈവത്തിൽനിന്നു വന്നു എന്ന് ഓർക്കുക.—മത്തായി 24:45-47, NW.
7. വിശ്വസ്ത അടിമയിലൂടെ ദൈവം പ്രദാനം ചെയ്യുന്ന ആത്മീയാഹാരം സംബന്ധിച്ചു മൂപ്പൻമാർ എങ്ങനെ വിചാരിക്കണം?
7 വിശ്വസ്ത അടിമയിലൂടെ ദൈവം പ്രദാനം ചെയ്യുന്ന പോഷകഗുണമുള്ള ആത്മീയാഹാരത്തെ വിശേഷാൽ നിയമിതമൂപ്പൻമാർ വിലമതിക്കണം. വർഷങ്ങൾക്കുമുമ്പു ചുരുക്കം ചില മൂപ്പൻമാർക്ക് അത്തരം വിലമതിപ്പ് ഇല്ലായിരുന്നു. ഈ പുരുഷൻമാർ “ദൈവത്തിന്റെ സത്യത്തിന്റെ സരണിയെന്നനിലയിൽ . . . വീക്ഷാഗോപുരത്തെ സ്വീകരിക്കാനാഗ്രഹിക്കാതെ അതിലെ ലേഖനങ്ങളെ വിമർശിക്കുന്നവരും തങ്ങളുടെ സ്വന്തം ചിന്താഗതിയിലേക്കു മററുള്ളവരെ എല്ലായ്പ്പോഴും സ്വാധീനിക്കാൻ ശ്രമിക്കുന്നവരും ആയിരുന്നു” എന്ന് ഒരു നിരീക്ഷക കുറിക്കൊണ്ടു. എന്നിരുന്നാലും, വിശ്വസ്ത അടിമയിലൂടെ ദൈവം പ്രദാനം ചെയ്യുന്ന ആത്മീയാഹാരത്തിന്റെ ഒരു ഭാഗവും നിരസിക്കുന്നതിനു മററുള്ളവരെ സ്വാധീനിക്കാൻ വിശ്വസ്തരായ മൂപ്പൻമാർ ഒരിക്കലും ശ്രമിക്കുന്നില്ല.
8. വിശ്വസ്തനും വിവേകിയുമായ അടിമ അവതരിപ്പിക്കുന്ന ഏതെങ്കിലും തിരുവെഴുത്തുപരമായ ഒരാശയം നാം പൂർണ്ണമായി വിലമതിക്കുന്നില്ലെങ്കിലെന്ത്?
8 യഹോവയുടെ സമർപ്പിത സാക്ഷികൾ എന്നനിലയിൽ നാമെല്ലാം അവനോടും അവന്റെ സ്ഥാപനത്തോടും വിശ്വസ്തരായിരിക്കണം. ഇപ്പോൾ ആത്മീയ മരണത്തിലേക്കും ഒടുവിൽ നാശത്തിലേക്കും നയിക്കാൻ കഴിയുന്ന വിശ്വാസത്യാഗപരമായ ഒരു ഗതി പിൻതുടർന്നുകൊണ്ടു ദൈവത്തിന്റെ അത്ഭുത പ്രകാശത്തിൽനിന്നു അകന്നുപോകുന്നതിനെക്കുറിച്ചു നാം ഒരിക്കലും ചിന്തിക്കുകപോലും ചെയ്യരുത്. (യിരെമ്യാവു 17:13) എന്നാൽ വിശ്വസ്ത അടിമ അവതരിപ്പിക്കുന്ന ഏതെങ്കിലും തിരുവെഴുത്തുപരമായ ആശയം സ്വീകരിക്കാൻ അല്ലെങ്കിൽ പൂർണ്ണമായി വിലമതിക്കാൻ നമുക്കു പ്രയാസമാണെങ്കിലെന്ത്? അപ്പോൾ കാര്യങ്ങളുടെ ഏതെങ്കിലും പ്രസിദ്ധീകൃത വിശദീകരണം ലഭിക്കുന്നതുവരെ നാം സത്യം എവിടെനിന്നു പഠിച്ചുവെന്നു നമുക്കു താഴ്മയോടെ സമ്മതിക്കുകയും ഈ പരിശോധനയെ നേരിടാനുള്ള ജ്ഞാനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യാം.—യാക്കോബ് 1:5-8.
ക്രിസ്തീയ സാഹോദര്യത്തെ വിലമതിക്കുക
9. ക്രിസ്ത്യാനികൾക്കു കൂട്ടായ്മയുടെ ഒരാത്മാവ് ഉണ്ടായിരിക്കണമെന്ന് 1 യോഹന്നാൻ 1:3-6 എങ്ങനെ പ്രകടമാക്കുന്നു?
9 നമ്മുടെ ക്രിസ്തീയ സാഹോദര്യത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന കൂട്ടായ്മയുടെ ആത്മാവിനോടുള്ള ഹൃദയംഗമമായ വിലമതിപ്പു യഹോവയെ വിശ്വസ്തമായി സേവിക്കാനുള്ള മറെറാരു പ്രചോദനം പ്രദാനം ചെയ്യുന്നു. യഥാർത്ഥത്തിൽ, ഈ ആത്മാവില്ലാതെ ദൈവത്തോടും ക്രിസ്തുവിനോടുമുള്ള നമ്മുടെ ബന്ധത്തിന് ആത്മീയമായി ഉറപ്പുള്ളതായിരിക്കാൻ കഴിയില്ല. അപ്പൊസ്തലനായ യോഹന്നാൻ അഭിക്ഷിക്ത ക്രിസ്ത്യാനികളോട് ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ [“ഫെലോഷിപ്പ്,” ഡയഗ്ലട്ട്] ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. . . . അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവർത്തിക്കുന്നതുമില്ല.” (1 യോഹന്നാൻ 1:3-6) തങ്ങളുടെ പ്രത്യാശ സ്വർഗ്ഗീയമോ ഭൗമികമോ ആയിരുന്നാലും എല്ലാ ക്രിസ്ത്യാനികൾക്കും ഈ തത്ത്വം ബാധകമാകുന്നു.
10. യുവൊദ്യയ്ക്കും സുന്തുകയ്ക്കും പ്രത്യക്ഷത്തിൽ പരിഹരിക്കാൻ കഴിയാഞ്ഞ വ്യക്തിപരമായ ഒരു പ്രശ്നം ഉണ്ടായിരുന്നുവെങ്കിലും പൗലോസ് ഈ സ്ത്രീകളെ എങ്ങനെ വീക്ഷിച്ചു?
10 കൂട്ടായ്മയുടെ ഒരു ആത്മാവു നിലനിർത്തുന്നതിനു ശ്രമം ആവശ്യമാണ്. ദൃഷ്ടാന്തത്തിന്, ക്രിസ്തീയ സ്ത്രീകളായ യുവൊദ്യയും സുന്തുകയും പ്രത്യക്ഷത്തിൽ തങ്ങളുടെ ഇടയിലെ ഒരു പ്രശ്നം പരിഹരിക്കുക പ്രയാസമാണെന്നു കണ്ടെത്തി. അതുകൊണ്ട്, “കർത്താവിൽ ഏക ചിന്തയോടിരിപ്പാൻ” പൗലോസ് അവരെ ഉദ്ബോധിപ്പിച്ചു. അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “സാക്ഷാൽ ഇണയാളിയായുള്ളോവേ, അവർക്കു തുണനില്ക്കേണം എന്നു ഞാൻ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തിൽ പേരുള്ള ക്ലേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകൾ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ പോരാടിയിരിക്കുന്നു.” (ഫിലിപ്പിയർ 4:2, 3) ആ ദൈവികഭക്തിയുള്ള സ്ത്രീകൾ പൗലോസിനോടും മററുള്ളവരോടും ഒത്തുനിന്നു “സുവിശേഷഘോഷണത്തിൽ” പോരാടിയിരുന്നു, അവർ ‘ജീവപുസ്തകത്തിൽ പേരുള്ള’വരുടെ കൂട്ടത്തിലായിരുന്നുവെന്ന് അവന് ഉറപ്പുണ്ടായിരുന്നു.
11. ഒരു വിശ്വസ്ത ക്രിസ്ത്യാനി ഒരു ആത്മീയ പ്രശ്നത്തെ അഭിമുഖീകരിക്കുന്നുവെങ്കിൽ, എന്തു മനസ്സിൽ പിടിക്കുന്നത് ഉചിതമായിരിക്കും?
11 തങ്ങൾക്കു യഹോവയുടെ സ്ഥാപനത്തിൽ ചെയ്യാൻ പദവി ലഭിച്ചിരിക്കുന്നതിനെയും അവനെ എങ്ങനെ വിശ്വസ്തമായി സേവിച്ചിരിക്കുന്നു എന്നതിനെയും കാണിക്കാൻ ക്രിസ്ത്യാനികൾ ഒരു പദവിചിഹ്നം ധരിക്കുന്നില്ല. അവർക്കൊരു ആത്മീയ പ്രശ്നമുണ്ടെങ്കിൽ യഹോവയെ വിശ്വസ്തമായി സേവിച്ച അവരുടെ വർഷങ്ങളെ വിസ്മരിക്കുന്നത് എത്ര സ്നേഹരഹിതമായിരിക്കും! “സാക്ഷാൽ ഇണയാളി” എന്നു വിളിക്കപ്പെട്ടയാൾ മററുള്ളവരെ സഹായിക്കാൻ ആകാംക്ഷയുള്ള ഒരു വിശ്വസ്ത സഹോദരനായിരിക്കാനിടയുണ്ട്. നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ കരുണാർദ്രമായ ഒരു വിധത്തിൽ സഹായം നൽകാൻ ഒരുക്കമുള്ള ഒരു “സാക്ഷാൽ ഇണയാളി”യാണോ? ദൈവം ചെയ്യുന്നതുപോലെ നമുക്കെല്ലാം സഹവിശ്വാസികൾ ചെയ്യുന്ന നൻമയെ പരിഗണിക്കുകയും അവരുടെ ഭാരങ്ങൾ ചുമക്കാൻ അവരെ സ്നേഹപൂർവം സഹായിക്കുകയും ചെയ്യാം.—ഗലാത്യർ 6:2; എബ്രായർ 6:10.
പോകാൻ മറെറാരിടമില്ല
12. യേശുവിന്റെ പ്രസ്താവനകൾ അനേകം ശിഷ്യൻമാർ ‘പിന്നിലെ കാര്യങ്ങളിലേക്കു പോകാൻ’ ഇടയാക്കിയപ്പോൾ പത്രോസ് എന്തു നിലപാടു സ്വീകരിച്ചു?
12 അനന്തജീവനുവേണ്ടി പോകാൻ മറെറാരിടമില്ല എന്നു നാം ഓർമ്മിക്കുന്നുവെങ്കിൽ യഹോവയുടെ സ്ഥാപനത്തോടൊപ്പം അവനെ വിശ്വസ്തമായി സേവിക്കാൻ നാം പ്രചോദിപ്പിക്കപ്പെടും. യേശുവിന്റെ പ്രസ്താവനകൾ, ‘അനേകം ശിഷ്യർ പിന്നിലെ കാര്യങ്ങളിലേക്കു പോകാൻ’ ഇടയാക്കിയപ്പോൾ അവൻ തന്റെ അപ്പൊസ്തലൻമാരോട്, “നിങ്ങളും പോകാൻ ആഗ്രഹിക്കുന്നില്ല, ഉണ്ടോ?” എന്നു ചോദിച്ചു. പത്രോസ് ഉത്തരം പറഞ്ഞു: “കർത്താവേ, ഞങ്ങൾ ആരുടെ അടുക്കലേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ നിനക്കുണ്ടല്ലോ; നീ ദൈവത്തിന്റെ വിശുദ്ധനാണെന്നു ഞങ്ങൾ വിശ്വസിച്ചും അറിയാനിടയായുമിരിക്കുന്നു.”—യോഹന്നാൻ 6:66-69, NW.
13, 14. (ഏ) ഒന്നാം നൂററാണ്ടിലെ യഹൂദമതത്തിനു ദിവ്യപ്രീതി നഷ്ടപ്പെട്ടതെന്തുകൊണ്ട്? (ബി) യഹോവയുടെ ഒരു ദീർഘകാലസാക്ഷി ദൈവത്തിന്റെ ദൃശ്യസ്ഥാപനത്തേക്കുറിച്ച് എന്തു പറഞ്ഞു?
13 “നിത്യജീവന്റെ വചനങ്ങൾ” പൊ.യു. (പൊതുയുഗം) ഒന്നാം നൂററാണ്ടിലെ യഹൂദമതത്തിൽ കണ്ടെത്തിയിട്ടില്ല. അതിന്റെ മുഖ്യപാപം യേശുവിനെ മിശിഹ എന്നനിലയിൽ തള്ളിക്കളഞ്ഞതായിരുന്നു. യഹൂദമതത്തിന്റെ ഒരു രൂപവും അതു പൂർണ്ണമായി എബ്രായതിരുവെഴുത്തുകളിൽ അധിഷ്ഠിതമായിരുന്നില്ല. സദൂക്യർ ദൂതൻമാരുടെ അസ്തിത്വത്തെ തള്ളിക്കളയുകയും പുനരുത്ഥാനത്തിൽ വിശ്വസിക്കാതിരിക്കുകയും ചെയ്തു. ഈ കാര്യങ്ങളിൽ പരീശൻമാർ അവരോടു വിയോജിച്ചുവെങ്കിലും തങ്ങളുടെ തിരുവെഴുത്തുവിരുദ്ധമായ പാരമ്പര്യങ്ങളാൽ അവർ ദൈവവചനത്തെ പാപപൂർവം അസാധുവാക്കി. (മത്തായി 15:1-11; പ്രവൃത്തികൾ 23:6-9) ഈ പാരമ്പര്യങ്ങൾ യഹൂദൻമാരെ അടിമകളാക്കുകയും യേശുക്രിസ്തുവിനെ സ്വീകരിക്കുന്നത് അനേകർക്കു പ്രയാസകരമാക്കിത്തീർക്കുകയും ചെയ്തു. (കൊലൊസ്യർ 2:8) ‘പിതൃപാരമ്പര്യങ്ങളോടുള്ള’ തീക്ഷ്ണത ശൗലിനെ (പൗലോസിനെ) തന്റെ അജ്ഞത നിമിത്തം ക്രിസ്തുവിന്റെ അനുഗാമികളുടെ ഒരു ദുഷ്ട പീഡകൻ ആക്കിത്തീർത്തു.—ഗലാത്യർ 1:13, 14, 23.
14 യഹൂദമതത്തിനു ദൈവപ്രീതി നഷ്ടപ്പെട്ടു, എന്നാൽ തന്റെ പുത്രന്റെ അനുഗാമികൾ—‘സൽപ്രവൃത്തികളിൽ ശുഷ്കാന്തിയുള്ള ഒരു ജനം’—ചേർന്നുണ്ടായ സ്ഥാപനത്തെ യഹോവ അനുഗ്രഹിച്ചു. (തീത്തൊസ് 2:14) ആ സ്ഥാപനം ഇന്നും സ്ഥിതിചെയ്യുന്നു, ഒരു ദീർഘകാല സാക്ഷി അതിനെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: “എനിക്ക് ഒരു കാര്യം അതിപ്രധാനമായിരുന്നിട്ടുണ്ടെങ്കിൽ, അതു യഹോവയുടെ ദൃശ്യ സ്ഥാപനത്തോടു പററിനിൽക്കുന്നതായിരുന്നിട്ടുണ്ട്. എന്റെ മുൻകാല അനുഭവം മാനുഷന്യായവാദത്തിൽ ആശ്രയിക്കുന്നത് എത്ര അബദ്ധമാണെന്ന് എന്നെ പഠിപ്പിച്ചു. ഒരിക്കൽ ആ സംഗതി സംബന്ധിച്ച് എന്റെ മനസ്സ് ഉറപ്പാക്കപ്പെട്ടപ്പോൾ ആ വിശ്വസ്ത സ്ഥാപനത്തോടു പററിനിൽക്കാൻ ഞാൻ ദൃഢനിശ്ചയം ചെയ്തു. മറേറതുപ്രകാരത്തിൽ ഒരുവനു യഹോവയുടെ പ്രീതിയും അനുഗ്രഹവും നേടാൻ കഴിയും?” ദിവ്യ പ്രീതിയ്ക്കും അനന്തജീവനും വേണ്ടി പോകാൻ മറെറാരിടമില്ല.
15. യഹോവയുടെ ദൃശ്യസ്ഥാപനത്തോടും അതിൽ ഉത്തരവാദിത്വം വഹിക്കുന്നവരോടും സഹകരിക്കേണ്ടതെന്തുകൊണ്ട്?
15 യഹോവയുടെ സ്ഥാപനത്തോടു സഹകരിക്കാൻ നമ്മുടെ ഹൃദയങ്ങൾ നമ്മെ പ്രേരിപ്പിക്കണം, എന്തെന്നാൽ അതു മാത്രമാണ് അവന്റെ ആത്മാവിനാൽ നയിക്കപ്പെടുന്നതും അവന്റെ നാമത്തെയും ഉദ്ദേശ്യങ്ങളെയും പ്രസിദ്ധമാക്കുന്നതും. തീർച്ചയായും അതിൽ ഉത്തരവാദിത്വം വഹിക്കുന്നവർ അപൂർണ്ണരാണ്. (റോമർ 5:12) എന്നാൽ അഹരോനും മിരിയാമും മോശയുടെ കുററം കണ്ടുപിടിക്കുകയും തങ്ങൾക്കല്ല, അവനാണ്, ദൈവദത്തമായ ഉത്തരവാദിത്വം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നത് എന്നു മറക്കുകയും ചെയ്തപ്പോൾ അവർക്കുനേരെ “യഹോവയുടെ കോപം ജ്വലിച്ചു.” (സംഖ്യാപുസ്തകം 12:7-9) ഇന്നു വിശ്വസ്ത ക്രിസ്ത്യാനികൾ “നേതൃത്വമെടുക്കുന്നവ”രോടു സഹകരിക്കുന്നു, എന്തെന്നാൽ അതാണു യഹോവ ആവശ്യപ്പെടുന്നത്. (എബ്രായർ 13:7, 17, NW) ക്രിസ്തീയയോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നതും ‘മററുള്ളവർക്കു സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം’ വർദ്ധിപ്പിക്കുന്നതരം ഉത്തരങ്ങൾ പറയുന്നതും നമ്മുടെ വിശ്വസ്തതയുടെ തെളിവിൽ ഉൾപ്പെടുന്നു.—എബ്രായർ 10:24, 25.
കെട്ടുപണി ചെയ്യുന്നവരായിരിക്കുക
16. മററുള്ളവർക്ക് എന്തു ചെയ്യാനുള്ള ഒരാഗ്രഹം യഹോവയെ വിശ്വസ്തമായി സേവിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യണം?
16 മററുള്ളവരെ കെട്ടുപണി ചെയ്യാനുള്ള ആഗ്രഹവും യഹോവയെ വിശ്വസ്തമായി സേവിക്കാൻ നമ്മെ പ്രചോദിപ്പിക്കണം. “അറിവു ചീർപ്പിക്കുന്നു; സ്നേഹമോ ആത്മികവർദ്ധന വരുത്തുന്നു” എന്നു പൗലോസ് എഴുതി. (1 കൊരിന്ത്യർ 8:1) ഒരു പ്രത്യേകതരം അറിവ് അതുള്ളവരെ ചീർപ്പിച്ചതുകൊണ്ട്, സ്നേഹം പ്രകടമാക്കുന്നവരെയും അതു കെട്ടുപണി ചെയ്യുന്നുവെന്നു പൗലോസ് അർത്ഥമാക്കിയിരുന്നിരിക്കണം. പ്രൊഫസ്സർമാരായ വീസ്സും ഇംഗ്ലീഷും രചിച്ച ഒരു പുസ്തകം ഈവിധം പറയുന്നു: “സ്നേഹിക്കാൻ കഴിവുള്ള ഒരു വ്യക്തി സാധാരണമായി തിരിച്ചു സ്നേഹിക്കപ്പെടുന്നു. ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും പരിഗണനയും സൻമനസ്സും വെച്ചുനീട്ടാനുള്ള പ്രാപ്തി . . . അത്തരം വികാരങ്ങൾ വെച്ചുനീട്ടുന്ന വ്യക്തിയുടെമേലും അതുപോലെതന്നെ അവ സ്വീകരിക്കുന്ന വ്യക്തിയുടെമേലും ശ്രദ്ധേയമായ ഒരു നിർമ്മാണാത്മക ഫലം ഉളവാക്കുകയും അങ്ങനെ ഇരുവർക്കും സന്തോഷം കൈവരുത്തുകയും ചെയ്യുന്നു.” “സ്വീകരിക്കുന്നതിൽ ഉള്ളതിനേക്കാൾ അധികം സന്തോഷം കൊടുക്കുന്നതിലുണ്ട്” എന്ന യേശുവിന്റെ വാക്കുകൾ അർത്ഥമാക്കുന്നതുപോലെ സ്നേഹം പ്രകടമാക്കുന്നതിനാൽ നാം മററുള്ളവരെയും നമ്മേത്തന്നെയും കെട്ടുപണി ചെയ്യുന്നു.—പ്രവൃത്തികൾ 20:35, NW.
17. സ്നേഹം എങ്ങനെ കെട്ടുപണി ചെയ്യുന്നു, എന്തു ചെയ്യുന്നതിൽനിന്ന് അതു നമ്മെ തടയും?
17 തത്ത്വാധിഷ്ഠിത സ്നേഹത്തെ കുറിക്കാൻ 1 കൊരിന്ത്യർ 8:1-ൽ പൗലോസ് അഗാപേ എന്ന ഗ്രീക്കു പദം ഉപയോഗിച്ചു. അതു കെട്ടുപണി ചെയ്യുന്നു, എന്തെന്നാൽ അതു ദീർഘക്ഷമയും ദയയും ഉള്ളതാണ്, അത് സകല കാര്യങ്ങളും സഹിക്കുകയും പൊറുക്കുകയും ചെയ്യുന്നു, ഒരിക്കലും നിലയ്ക്കുന്നുമില്ല. സ്നേഹം ദുരഭിമാനവും അസൂയയും പോലുള്ള ഹാനികരമായ വികാരങ്ങളെ ദൂരീകരിക്കുന്നു. (1 കൊരിന്ത്യർ 13:4-8) അത്തരം സ്നേഹം നമ്മെപ്പോലെതന്നെ അപൂർണ്ണരായ നമ്മുടെ സഹോദരൻമാരെ സംബന്ധിച്ചു പരാതി പറയുന്നതിൽനിന്നു നമ്മെ പിന്തിരിപ്പിക്കും. ഒന്നാം നൂററാണ്ടിലെ സത്യക്രിസ്ത്യാനികളുടെ ഇടയിൽ “നുഴഞ്ഞുകടന്ന” “അഭക്തരായ മനുഷ്യരെ”പ്പോലെ ആയിത്തീരുന്നതിൽനിന്ന് അതു നമ്മെ തടയും. പ്രത്യക്ഷത്തിൽ ഈ മനുഷ്യർ സവിശേഷമായ മഹത്ത്വമുണ്ടായിരുന്ന അഭിക്ഷിക്ത ക്രിസ്തീയ മേൽവിചാരകൻമാരെപ്പോലുള്ള വ്യക്തികളെ പ്രത്യക്ഷത്തിൽ ദുഷിച്ചുകൊണ്ട് “കർതൃത്ത്വത്തെ അവഗണിക്കുകയും മഹത്ത്വമുള്ളവരേക്കുറിച്ച് നിന്ദാപൂർവം സംസാരിക്കുകയും” ചെയ്തിരുന്നു. (യൂദ 3, 4, 8, NW) യഹോവയോടുള്ള വിശ്വസ്തതയിൽ, സമാനമായ എന്തെങ്കിലും ചെയ്യാനുള്ള പ്രലോഭനത്തിനു നമുക്ക് ഒരിക്കലും വഴങ്ങാതിരിക്കാം.
പിശാചിനെ ചെറുക്കുക!
18. സാത്താൻ യഹോവയുടെ ജനത്തെ എന്തുചെയ്യാൻ ആഗ്രഹിക്കുന്നു, എന്നാൽ അവന് അങ്ങനെ ചെയ്യാൻ കഴിയുകയില്ലാത്തതെന്തുകൊണ്ട്?
18 ദൈവത്തിന്റെ ജനം എന്നനിലയിലുള്ള നമ്മുടെ ഐക്യത്തെ തകർക്കാൻ സാത്താൻ ആഗ്രഹിക്കുന്നു എന്ന അറിവു യഹോവയെ വിശ്വസ്തമായി സേവിക്കാനുള്ള നമ്മുടെ നിശ്ചയദാർഢ്യത്തെ വർദ്ധിപ്പിക്കണം. ദൈവജനത്തെയെല്ലാം നശിപ്പിക്കാൻപോലും സാത്താൻ ആഗ്രഹിക്കുന്നു, പിശാചിന്റെ ഭൗമിക സേവകർ ചിലപ്പോൾ സത്യാരാധകരെ കൊല്ലുന്നു. എന്നാൽ അവരെയെല്ലാം തുടച്ചുനീക്കാൻ ദൈവം സാത്താനെ അനുവദിക്കുകയില്ല. “മരണത്തിന്റെ അധികാരിയായ പിശാചിനെ നീക്കാൻ” യേശു മരിച്ചു. (എബ്രായർ 2:14) ആയിരത്തിത്തൊള്ളായിരത്തി പതിനാലിൽ ക്രിസ്തു രാജാവായശേഷം സാത്താനെ സ്വർഗ്ഗത്തിൽനിന്നുള്ള നിഷ്കാസനം ചെയ്തതുമുതൽ വിശേഷിച്ച് അധികാരം പ്രയോഗിക്കാനുള്ള അവന്റെ മണ്ഡലം പരിമിതമാക്കപ്പെട്ടിരിക്കുന്നു. യഹോവയുടെ തക്കസമയത്ത്, യേശു സാത്താനെയും അവന്റെ സ്ഥാപനത്തെയും നശിപ്പിക്കും.
19. (ഏ) വർഷങ്ങൾക്കുമുമ്പ് ഈ പത്രിക സാത്താന്റെ ശ്രമങ്ങൾ സംബന്ധിച്ച് എന്തു മുന്നറിയിപ്പു നൽകി? (ബി) സാത്താന്റെ കെണികൾ ഒഴിവാക്കുന്നതിനു സഹവിശ്വാസികളോട് ഇടപെടുമ്പോൾ നാം എന്തു ശ്രദ്ധ പുലർത്തണം?
19 ഈ പത്രിക ഒരിക്കൽ ഇങ്ങനെ മുന്നറിയിപ്പു നൽകി: “പിശാചായ സാത്താനു ദൈവജനത്തിന്റെ ഇടയിൽ കലക്കം ഉളവാക്കാൻ കഴിയുമെങ്കിൽ, തങ്ങളിൽ തന്നെ വഴക്കടിക്കാനും ശണ്ഠ കൂടാനും ഇടയാക്കാൻ കഴിയുമെങ്കിൽ, അല്ലെങ്കിൽ സഹോദരൻമാരോടുള്ള സ്നേഹത്തിന്റെ നാശത്തിലേക്കു നയിക്കാവുന്ന സ്വാർത്ഥമനോഭാവം പ്രകടമാക്കാനും വികസിപ്പിക്കാനും കഴിയുമെങ്കിൽ, അവൻ അതുവഴി നമ്മെ വിഴുങ്ങിക്കളയുന്നതിൽ വിജയിക്കും.” (1921 മെയ് 1-ലെ വാച്ച്ടവർ പേജ് 134) ഒരുപക്ഷേ പരസ്പരം അപവാദം പറയാനോ വഴക്കടിക്കാനോ നമ്മെ തെററായി സ്വാധീനിച്ചുകൊണ്ടു നമ്മുടെ ഐക്യത്തെ തകർക്കാൻ പിശാചിനെ നമുക്ക് അനുവദിക്കാതിരിക്കാം. (ലേവ്യപുസ്തകം 19:16) യഹോവയെ വിശ്വസ്തമായി സേവിക്കുന്നവരെ നാം വ്യക്തിപരമായി ദ്രോഹിക്കുകയോ അവർക്കു ജീവിതം കൂടുതൽ പ്രയാസകരമാക്കിത്തീർക്കുകയോ ചെയ്യത്തക്ക ഒരു വിധത്തിൽ സാത്താൻ നമ്മെ ഒരിക്കലും കബളിപ്പിക്കാതിരിക്കട്ടെ. (2 കൊരിന്ത്യർ 2:10, 11 താരതമ്യപ്പെടുത്തുക.) പകരം നമുക്കു പത്രോസിന്റെ വാക്കുകൾ ബാധകമാക്കാം: “ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുന്നു. വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.” (1 പത്രോസ് 5:8, 9) സാത്താനെതിരെ ഒരു ഉറച്ച നില സ്വീകരിക്കുന്നതിനാൽ യഹോവയുടെ ജനം എന്നനിലയിലുള്ള നമ്മുടെ അനുഗൃഹീത ഐക്യം നമുക്കു നിലനിർത്താൻ കഴിയും.—സങ്കീർത്തനം 133:1-3.
പ്രാർത്ഥനാപൂർവം ദൈവത്തിൽ ആശ്രയിക്കുക
20, 21. യഹോവയിലുള്ള പ്രാർത്ഥനാപൂർവകമായ ആശ്രയം അവനെ വിശ്വസ്തമായി സേവിക്കുന്നതിനോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
20 ദൈവത്തിലുള്ള പ്രാർത്ഥനാപൂർവകമായ ആശ്രയം അവനെ വിശ്വസ്തമായി സേവിക്കുന്നതിൽ തുടരാൻ നമ്മെ സഹായിക്കും. അവൻ നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നുവെന്നു കാണുമ്പോൾ നാം അവനോട് എപ്പോഴും അധികമധികം അടുക്കുന്നു. “ആകയാൽ പുരുഷൻമാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു” എന്നു പൗലോസ് എഴുതിയപ്പോൾ യഹോവയാം ദൈവത്തിലുള്ള പ്രാർത്ഥനാപൂർവകമായ ആശ്രയത്തെ അവൻ പ്രോത്സാഹിപ്പിച്ചു. (1 തിമൊഥെയൊസ് 2:8) ഉദാഹരണത്തിന്, മൂപ്പൻമാർ പ്രാർത്ഥനാപൂർവം ദൈവത്തിൽ ആശ്രയിക്കുന്നത് എത്ര പ്രധാനമാണ്! സഭാപരമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ കൂടിവരുമ്പോൾ യഹോവയോടുള്ള അത്തരം വിശ്വസ്തതയുടെ പ്രകടനം അന്തമില്ലാത്ത തർക്കങ്ങളും സാധ്യതയുള്ള കോപാവേശങ്ങളും ഒഴിവാക്കാൻ സഹായിക്കും.
21 യഹോവയിലുള്ള പ്രാർത്ഥനാപൂർവകമായ ആശ്രയം അവന്റെ സേവനത്തിലുള്ള പദവികൾ കൈകാര്യം ചെയ്യാൻ നമ്മെ സഹായിക്കുന്നു. യഹോവയെ പതിററാണ്ടുകളോളം വിശ്വസ്തമായി സേവിച്ച ഒരു മനുഷ്യന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “ദൈവത്തിന്റെ ലോകവ്യാപക സ്ഥാപനത്തിൽ നൽകപ്പെടുന്ന ഏതു നിയമനവും മനസ്സൊരുക്കത്തോടെ സ്വീകരിക്കുന്നതും നമ്മുടെ ആ നിയമനത്തിൽ അചഞ്ചലരായി നിലനിൽക്കുന്നതും നമ്മുടെ ആത്മാർത്ഥ ശ്രമങ്ങളുടെമേൽ ദൈവത്തിന്റെ അംഗീകാരത്തിന്റെ പുഞ്ചിരി കൈവരുത്തുന്നു. നിയമിക്കപ്പെട്ട വേല ഹീനമാണെന്നു തോന്നിയാലും അതു വിശ്വസ്തമായി ചെയ്യാത്തപക്ഷം മിക്കപ്പോഴും മററു മർമ്മപ്രധാനമായ സേവനങ്ങൾ നിർവഹിക്കുക അസാധ്യമായിത്തീരുന്നു. നാം താഴ്മയുള്ളവരും നമ്മുടെ സ്വന്തം നാമത്തെയല്ല, യഹോവയുടെ നാമത്തെ മഹത്ത്വപ്പെടുത്തുന്നതിൽ നേരിട്ടു താത്പര്യമുള്ളവരും ആണെങ്കിൽ നാം എപ്പോഴും ‘ഉറപ്പുള്ളവരും കുലുങ്ങാത്തവരും കർത്താവിന്റെ [യഹോവയുടെ, NW] വേലയിൽ വർദ്ധിച്ചുവരുന്നവരും’ ആയിരിക്കും എന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും.”—1 കൊരിന്ത്യർ 15:58.
22. യഹോവയുടെ നിരവധി അനുഗ്രഹങ്ങൾ നമ്മുടെ വിശ്വസ്തതയെ എങ്ങനെ ബാധിക്കണം?
22 യഹോവയുടെ സേവനത്തിൽ നാം ചെയ്യുന്നതെന്തായാലും, തീർച്ചയായും അവൻ നമുക്കു ചെയ്യുന്നതിനുവേണ്ടി അവനു തിരികെ കൊടുക്കാൻ നമുക്കു കഴിയില്ല. ദൈവത്തിന്റെ സ്നേഹിതരാൽ ചുററപ്പെട്ട ദൈവസ്ഥാപനത്തിൽ നാം എത്ര സുരക്ഷിതരാണ്! (യാക്കോബ് 2:23) സാത്താനുതന്നെ പിഴുതുകളയാൻ കഴിയാത്തത്ര ആഴത്തിൽ വേരൂന്നിയ സഹോദരസ്നേഹത്തിൽനിന്ന് ഉത്ഭവിക്കുന്ന ഐക്യം നൽകി യഹോവ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. അതുകൊണ്ടു നമുക്കു നമ്മുടെ വിശ്വസ്ത സ്വർഗ്ഗീയ പിതാവിനോടു പററിനിൽക്കുകയും അവന്റെ ജനം എന്നനിലയിൽ ഒരുമിച്ചു വേല ചെയ്യുകയും ചെയ്യാം. ഇപ്പോഴും സകലനിത്യതയിലും നമുക്കു യഹോവയെ വിശ്വസ്തമായി സേവിക്കാം.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ വിശ്വസ്തരായിരിക്കുകയെന്നാൽ അർത്ഥമെന്താണ്?
◻ യഹോവയെ വിശ്വസ്തമായി സേവിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ട ചില ഘടകങ്ങൾ ഏവ?
◻ നാം പിശാചിനോട് എതിർത്തുനിൽക്കേണ്ടതെന്തുകൊണ്ട്?
◻ യഹോവയുടെ വിശ്വസ്ത ദാസൻമാരായിരിക്കാൻ പ്രാർത്ഥനയ്ക്കു നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും?
[32-ാം പേജിലെ ചിത്രം]
യഹോവയുടെ വിശ്വസ്തദാസൻമാർ, തങ്ങളുടെ ഐക്യം തകർക്കാൻ തങ്ങളുടെ സിംഹസമാന പ്രതിയോഗിയായ പിശാചിനെ അനുവദിക്കുന്നില്ല