മൂപ്പൻമാരേ—സൗമ്യതയുടെ ആത്മാവിൽ മററുള്ളവരെ യഥാസ്ഥാനപ്പെടുത്തുക
ഒരു യഥാർത്ഥ ക്രിസ്ത്യാനിയുടെ ഹൃദയത്തെ നല്ല ഫലം വിളയിക്കുന്ന ഒരു ആത്മീയ തോട്ടത്തോടു സാദൃശപ്പെടുത്താൻ കഴിയും. സാധാരണമായി സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നിവ അവിടെ തഴച്ചുവളരുന്നു. എന്തായാലും, ഇവയെല്ലാം യഹോവയാം ദൈവം തന്റെ സമർപ്പിത ദാസൻമാർക്കു കൊടുത്തിട്ടുള്ള പരിശുദ്ധാത്മാവിന്റെ ഫലങ്ങളാണ്. (ഗലാത്യർ 5:22, 23) എന്നിരുന്നാലും, തന്റെ സ്വർഗ്ഗീയ പിതാവിനു പ്രസാദകരമായ ഒരു സ്ഥലംപോലെ ഹൃദയമാകുന്ന തോട്ടത്തെ കാത്തുപരിപാലിക്കാൻ ആഗ്രഹിക്കുന്ന ഓരോ ക്രിസ്ത്യാനിയും, അവകാശപ്പെടുത്തിയ പാപത്തിന്റെ അനഭിലഷണീയ ഫലങ്ങൾക്കെതിരെ ഊർജ്ജസ്വലമായ, തുടർച്ചയായ, ഒരു പോരാട്ടം നടത്തേണ്ടതുണ്ട്.—റോമർ 5:5, 12.
ചിലപ്പോൾ, ദൈവിക ഭക്തിയുള്ള ഒരു വ്യക്തിയുടെ അപൂർണ്ണ ഹൃദയത്തിൽ അഭികാമ്യമല്ലാത്ത എന്തെങ്കിലും വളരാൻ തുടങ്ങുന്നു. അയാൾക്ക് അല്ലെങ്കിൽ അവൾക്ക് ഒരു മികച്ച ആത്മീയ പൂർവ്വചരിത്രം ഉണ്ടായിരുന്നിരിക്കാം. എന്നാൽ ചില പ്രശ്നങ്ങൾ ഉടലെടുക്കുന്നു, സാധ്യതയനുസരിച്ച് അനാരോഗ്യകരമായ സഹവാസത്തിലോ അല്ലെങ്കിൽ വിവേകമില്ലാത്ത തീരുമാനത്തിലോ വേരുന്നിയവ തന്നെ. സഭാമൂപ്പൻമാർക്ക് അത്തരമൊരു വ്യക്തിയെ എപ്രകാരം ആത്മീയമായി സഹായിക്കാൻ കഴിയും?
അപ്പൊസ്തലിക ബുദ്ധ്യുപദേശം
തെററു ചെയ്തിട്ടുള്ള ഒരു ക്രിസ്ത്യാനിയെ സഹായിക്കുന്നതിനു മൂപ്പൻമാർ അപ്പൊസ്തലനായ പൗലോസിന്റെ ബുദ്ധ്യുപദേശം അനുസരിക്കേണ്ടതുണ്ട്: “സഹോദരൻമാരേ, ഒരു മനുഷ്യൻ വല്ല തെററിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.” (ഗലാത്യർ 6:1) ഒരു സഹവിശ്വാസി “വല്ല തെററിലും അകപ്പെട്ടു”പോകുമ്പോൾ സാധ്യമാകുന്നത്ര വേഗത്തിൽ സഹായം കൊടുക്കുന്നതിനുള്ള ഉത്തരവാദിത്വം മൂപ്പൻമാർക്കുണ്ട്.
“ഒരു മനുഷ്യൻ” തെററായ നടപടി എടുക്കുന്നതിനെ പൗലോസ് പരാമർശിക്കുന്നു. എന്നിരുന്നാലും, ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം (ആന്ത്രോപോസ്) പുരുഷനോ സ്ത്രീക്കോ ബാധകമാകാം. ഒരു വ്യക്തിയെ “യഥാസ്ഥാനപ്പെടുത്തുക” എന്നതിനാൽ അർത്ഥമാക്കുന്നതെന്താണ്? ഈ ഗ്രീക്കുപദം (കററാർററിസോ) “ശരിയായ സ്ഥാനത്തേക്കു കൊണ്ടുവരുന്നതിനെ” അർത്ഥമാക്കുന്നു. ഇതേ പദം വലകൾ നന്നാക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നു. (മത്തായി 4:21) ഒരു വ്യക്തിയുടെ ഒടിഞ്ഞ അവയവം നേരെയാക്കുന്നതിനും ഇതു ബാധകമാകുന്നു. ഒരു ഡോക്ടർ തന്റെ രോഗിക്ക് അനാവശ്യമായ വേദന വരുത്തുന്നത് ഒഴിവാക്കാൻ ശ്രദ്ധാപൂർവ്വം ഇതു ചെയ്യുന്നു. അതുപോലെ, ഒരു സഹോദരൻ അല്ലെങ്കിൽ സഹോദരി ഉചിതമായ ആത്മീയ സ്ഥാനത്തേക്കു വരാൻ സഹായിക്കുന്നതിനു പരിചരണവും നയവും മനസ്സലിവും ആവശ്യമാണ്.
ഒരു വ്യക്തിയെ യഥാസ്ഥാനപ്പെടുത്താൻ മൂപ്പൻമാർ ശ്രമിക്കുമ്പോൾ സൗമ്യതയുടെ ആത്മാവ് പ്രകടമാക്കുന്നതിനാൽ അവർ തങ്ങളുടെതന്നേ ആത്മീയതയുടെ തെളിവു നല്കുന്നു. സൗമ്യപ്രകൃതമുണ്ടായിരുന്ന യേശു തീർച്ചയായും അത്തരം കാര്യങ്ങൾ സൗമ്യതയോടെ കൈകാര്യം ചെയ്യുമായിരുന്നു. (മത്തായി 11:29) തങ്ങളുടെ ഹൃദയത്തിലെ ഉദ്ദേശ്യങ്ങൾക്കു വിരുദ്ധമായി തങ്ങൾതന്നെ പാപത്തിൽ അകപ്പെടാമെന്നുള്ളതുകൊണ്ട് മൂപ്പൻമാർ, തെററായ ചുവടുവെച്ച യഹോവയുടെ ഒരു ദാസനോട് ഈ ഗുണം പ്രകടമാക്കിയേ തീരൂ. മൂപ്പൻമാർക്ക് ഇതിനോടകം ഇതു സംഭവിച്ചുകഴിഞ്ഞിട്ടില്ലെങ്കിൽ ഭാവിയിൽ സംഭവിച്ചേക്കാം.
ആത്മീയമായി യോഗ്യരായ ഈ പുരുഷൻമാർ സ്നേഹപൂർവ്വം അവരുടെ സഹാരാധകരുടെ ‘ഭാരങ്ങൾ ചുമക്കണം.’ തീർച്ചയായും, ഒരു സഹോദരനെയോ അല്ലെങ്കിൽ സഹോദരിയെയോ സാത്താനും പ്രലോഭനങ്ങൾക്കും ജഡത്തിന്റെ ദൗർബ്ബല്യങ്ങൾക്കും പാപത്തിന്റെ പീഡകൾക്കും എതിരെ പോരാടാൻ സഹായിക്കണം എന്നതു മൂപ്പൻമാരുടെ ഹൃദയത്തിൽ ഉണ്ടായിരിക്കണം. ഇത് തീർച്ചയായും ക്രിസ്തീയമേൽവിചാരകൻമാർക്ക് “ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പാൻ” ഉള്ള ഒരു നല്ല മാർഗ്ഗമാണ്.—ഗലാത്യർ 6:2.
യഥാർത്ഥ ആത്മീയ യോഗ്യതകളുള്ള പുരുഷൻമാർ താഴ്മയുള്ളവർ ആണ്, “താൻ അല്പനായിരിക്കെ മഹാൻ ആകുന്നു എന്നു ഒരുത്തൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു” എന്നു തിരിച്ചറിയുന്നവർ തന്നെ. (ഗലാത്യർ 6:3) ശരിയും സഹായകവും ആയതു ചെയ്യാൻ മൂപ്പൻമാർ എത്ര കഠിനമായി ശ്രമിച്ചാലും, ദൈവത്തിന്റെ പൂർണ്ണനും സ്നേഹാർദ്രതയുള്ളവനുമായ പുത്രനായ യേശുക്രിസ്തുവിനെ അപേക്ഷിച്ച് അവർ കുറവുള്ളവരായിത്തീരും. എന്നാൽ പരമാവധി ചെയ്യാതിരിക്കുന്നതിന് ഇത് അവർക്കൊരു കാരണമായിരിക്കുന്നില്ല.
താൻ മററുള്ളവരെക്കാൾ ഭക്തിയിൽശ്രേഷ്ഠനാണെന്ന മട്ടിൽ ഒരു സഹവിശ്വാസിയെ ഔദ്ധത്യത്തോടെ, അധിക്ഷേപിക്കുന്നതു തെററായിരിക്കുമെന്നു മൂപ്പൻമാർ തിരിച്ചറിയുന്നു! യേശു തീർച്ചയായും അങ്ങനെ ചെയ്യുകയില്ല. എന്തിന്, യേശു തന്റെ ജീവാർപ്പണം നടത്തിയതു മിത്രങ്ങൾക്കു വേണ്ടി മാത്രമല്ല അവന്റെ ശത്രുക്കൾക്കുകൂടിയാണ്! സഹോദരൻമാരെയോ സഹോദരിമാരെയോ ബുദ്ധിമുട്ടിൽനിന്നു രക്ഷിക്കാനും അവരെ സ്വർഗ്ഗീയ പിതാവിനോടും അവന്റെ നീതിയുള്ള നിലവാരങ്ങളോടും കുറേക്കൂടെ അടുപ്പിക്കാനും ശ്രമിക്കുമ്പോൾ മൂപ്പൻമാർ സമാനമായ സ്നേഹം പ്രകടമാക്കാൻ യത്നിക്കുന്നു. സഹാരാധകരെ യഥാസ്ഥാനപ്പെടുത്താൻ മൂപ്പൻമാരെ സഹായിക്കുന്ന ചില പടികൾ ഏവയാണ്?
ചില സഹായകമായ പടികൾ
സൗമ്യമായ വിധത്തിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾത്തന്നെ പ്രാർത്ഥനാപൂർവ്വം യഹോവയിൽ ആശ്രയിക്കുക. യേശു സൗമ്യപ്രകൃതമുള്ളവനായിരുന്നു, മാർഗ്ഗനിർദ്ദേശത്തിനുവേണ്ടി അവൻ സ്വർഗ്ഗീയ പിതാവിനോട് ഏകാഗ്രമായി പ്രാർത്ഥിക്കുകയും എല്ലായ്പോഴും അവനു പ്രസാദകരമായ കാര്യങ്ങൾ ചെയ്യുകയും ചെയ്തു. (മത്തായി 21:5; യോഹന്നാൻ 8:29) തെററായ എന്തെങ്കിലും നടപടി സ്വീകരിച്ച ഒരു വ്യക്തിയെ യഥാസ്ഥാനപ്പെടുത്താൻ ശ്രമിക്കുമ്പോൾ മൂപ്പൻമാർ ഇതുതന്നെ ചെയ്യണം. സൗമ്യപ്രകൃതമുള്ള ഒരു കീഴിടയൻ എന്നനിലയിൽ മൂപ്പൻ സംസാരത്തിൽ പ്രോത്സാഹിപ്പിക്കുന്നവനും കെട്ടുപണിചെയ്യുന്നവനും ആയിരിക്കണം, ഭീഷണിപ്പെടുത്തുന്നവനായിരിക്കരുത്. ചർച്ചാവേളയിൽ, സഹായം ആവശ്യമുള്ള ക്രിസ്ത്യാനിക്കു തന്റെ വിചാരങ്ങൾ പ്രകടിപ്പിക്കാൻ സാധ്യമാകുന്നടത്തോളം സുഖപ്രദമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ മൂപ്പൻ ശ്രമിക്കണം. ആ ഉദ്ദേശ്യത്തിൽ, ഹൃദയംഗമമായ പ്രാരംഭ പ്രാർത്ഥന വലിയ സഹായകമായിരിക്കും. സൗമ്യതയിൽ കൊടുക്കുന്ന അത്തരം ബുദ്ധ്യുപദേശം സ്വീകരിക്കുന്ന വ്യക്തി, ഉപദേശകൻ യേശുവിനെപ്പോലെ ദൈവത്തിനു പ്രസാദകരമായ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് അറിയുന്നുവെങ്കിൽ അതു സ്വീകരിക്കാൻ കൂടുതൽ മനസ്സൊരുക്കത്തോടെ തന്റെ ഹൃദയത്തെ തുറക്കും. സമാപനപ്രാർത്ഥന സ്നേഹപൂർവ്വം, സൗമ്യമായ രീതിയിൽ കൊടുക്കപ്പെട്ട അത്തരം ബുദ്ധ്യുപദേശം ബാധകമാക്കേണ്ടതിന്റെ ആവശ്യം വ്യക്തിയെ ബോദ്ധ്യപ്പെടുത്താനിടയുണ്ട്.
പ്രാർത്ഥനയ്ക്കുശേഷം, ആത്മാർത്ഥമായി അഭിനന്ദിക്കുക. അതു വ്യക്തിയുടെ ദയ, ആശ്രയയോഗ്യത അല്ലെങ്കിൽ അദ്ധ്വാനശീലം എന്നിങ്ങനെയുള്ള നല്ല ഗുണങ്ങളോടു ബന്ധപ്പെട്ടിരുന്നേക്കാം. യഹോവയ്ക്കുള്ള അയാളുടെയോ അവളുടെയോ വിശ്വസ്തസേവനത്തിന്റെ, ഒരുപക്ഷേ അനേകവർഷക്കാലത്തെ പൂർവ്വചരിത്രത്തെ പരാമർശിക്കാൻ കഴിയും. ഈ വിധത്തിൽ, ആ വ്യക്തിയിൽ നാം തല്പരരാണെന്നും ക്രിസ്തുതുല്യ പരിഗണന നമുക്കുണ്ടെന്നും നാം പ്രകടമാക്കുന്നു. യേശു തുയഥൈര സഭയ്ക്കുള്ള തന്റെ സന്ദേശം അഭിനന്ദനത്തോടെ തുടങ്ങി, ഇങ്ങനെ പറഞ്ഞുകൊണ്ട്: “ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.” (വെളിപ്പാടു 2:19) ആ വാക്കുകൾ അവർ ചെയ്തുകൊണ്ടിരുന്ന നല്ല പ്രവൃത്തികൾ സംബന്ധിച്ചു യേശു ബോധവാനായിരുന്നുവെന്നു സഭയിലെ അംഗങ്ങൾക്ക് ഉറപ്പുകൊടുത്തു. സഭയ്ക്ക് അതിന്റെ തെററുകൾ ഉണ്ടായിരുന്നുവെങ്കിലും—ഒരു “ഈസബേൽ” സ്വാധീനം അനുവദിക്കപ്പെട്ടിരുന്നു—മററു കാര്യങ്ങളിൽ അതു നന്നായി ചെയ്യുകയായിരുന്നു. അവരുടെ തീക്ഷ്ണമായ പ്രവർത്തനം ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ലെന്ന് ആ സഹോദരൻമാരും സഹോദരിമാരും അറിയണമെന്നും യേശു ആഗ്രഹിച്ചു. (വെളിപ്പാടു 2:20) അതേവിധത്തിൽ മൂപ്പൻമാർ, അഭിനന്ദനം അർഹിക്കുന്നിടത്ത് അതു കൊടുക്കണം.
ഒരു തെററായ നടപടിയെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നതിലധികം ഗൗരവപൂർവം കൈകാര്യം ചെയ്യരുത്. മൂപ്പൻമാർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുകയും അവന്റെ സ്ഥാപനത്തെ ശുദ്ധിയുള്ളതായി സൂക്ഷിക്കുകയും വേണം. എന്നാൽ ശക്തമായ ബുദ്ധ്യുപദേശം ആവശ്യമായിരിക്കുന്ന ചില ആത്മീയ ചുവടുപിഴയ്ക്കലുകൾ നീതിന്യായ വിചാരണ കൂടാതെ ഒന്നോ രണ്ടോ മൂപ്പൻമാർക്കു സ്വമേധയാ കൈകാര്യം ചെയ്യാവുന്നതാണ്. അനേക കേസുകളിലും മനഃപൂർവ്വ ദുഷ്ടതക്കു പകരം മാനുഷിക ദൗർബല്യങ്ങൾ ആണ് ഒരു ക്രിസ്ത്യാനിയുടെ തെററായ നടപടിക്ക് അടിസ്ഥാനമായിരിക്കുന്നത്. മൂപ്പൻമാർ ആട്ടിൻകൂട്ടത്തോട് ആർദ്രതയോടെ പെരുമാറുകയും ഇത് ഓർമ്മിക്കുകയും വേണം: “കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.” (യാക്കോബ് 2:13; പ്രവൃത്തികൾ 20:28-30) ആ സ്ഥിതിക്ക്, കാര്യങ്ങൾ പർവ്വതീകരിക്കുന്നതിനുപകരം മൂപ്പൻമാർ പശ്ചാത്തപിക്കുന്ന സഹവിശ്വാസികളോട് സൗമ്യമായ രീതിയിൽ ഇടപെടണം, മനസ്സലിവും കരുണയും ഉള്ള നമ്മുടെ ദൈവമായ യഹോവയെപ്പോലെ തന്നെ.—എഫെസ്യർ 4:32.
തെററായ നടപടിയിലേക്കു നയിച്ചിരിക്കാവുന്ന വസ്തുതകൾ സംബന്ധിച്ചു ഗ്രാഹ്യം പ്രകടമാക്കുക. സഹവിശ്വാസി ഉള്ളുതുറന്നു സംസാരിക്കുമ്പോൾ മൂപ്പൻമാർ ശ്രദ്ധാപൂർവ്വം കേൾക്കേണ്ടത് ആവശ്യമാണ്. ‘തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ ദൈവം നിരസിക്കുകയില്ലാ’ത്തതിനാൽ അവരും നിരസിക്കരുത്. (സങ്കീർത്തനം 51:17) ഒരുപക്ഷേ വിവാഹിത ഇണയുടെ വൈകാരിക പിന്തുണയുടെ അഭാവമായിരിക്കാം പ്രശ്നത്തിന്റെ അടിസ്ഥാന ഹേതു. രൂക്ഷവും ദീർഘിച്ചതുമായ മാനസിക വിഷാദം സാധാരണ ചിലരുടെ ശക്തമായ വൈകാരിക ബലത്തെ ക്ഷയിപ്പിച്ചിരിക്കാം അല്ലെങ്കിൽ ജ്ഞാനപൂർവ്വകമായ തീരുമാനങ്ങൾ എടുക്കുന്നത് അങ്ങേയററം വിഷമകരമാക്കിയിരിക്കാം. സ്നേഹമുള്ള മൂപ്പൻമാർ അത്തരം വസ്തുതകൾ പരിഗണിക്കും, എന്തെന്നാൽ “ക്രമംകെട്ടവരെ ബുദ്ധിയുപദേശി”പ്പാൻ പൗലോസ് തന്റെ സഹോദരൻമാരെ പ്രബോധിപ്പിച്ചുവെങ്കിലും “ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ” എന്നും അവൻ പ്രോത്സാഹിപ്പിച്ചു. (1 തെസ്സലൊനീക്യർ 5:14) മൂപ്പൻമാർ ദൈവത്തിന്റെ നീതിയുള്ള പ്രമാണങ്ങളുടെ ശക്തി ക്ഷയിപ്പിക്കരുതെന്നിരിക്കെ, അവർ ദൈവം ചെയ്യുന്നതുപോലെ, ഉഗ്രത കുറക്കുന്ന വസ്തുതകൾ കണക്കിലെടുക്കണം.—സങ്കീർത്തനം 103:10-14; 130:3.
നിങ്ങളുടെ സഹക്രിസ്ത്യാനിയുടെ ആത്മാഭിമാനം നശിപ്പിക്കുന്നത് ഒഴിവാക്കുക. ഏതെങ്കിലും ഒരു സഹോദരന്റെയോ സഹോദരിയുടെയോ അന്തസ്സിനു കോട്ടം തട്ടിക്കുന്നതിനോ അയാൾ അല്ലെങ്കിൽ അവൾ വിലകെട്ടയാളാണെന്നുള്ള ധാരണ കൊടുക്കുന്നതിനോ നാം ആഗ്രഹിക്കുന്നില്ല. പകരം, വ്യക്തിയുടെ ക്രിസ്തീയ ഗുണങ്ങളിലും ദൈവത്തോടുള്ള സ്നേഹത്തിലും നമുക്ക് ആത്മവിശ്വാസമുണ്ടെന്ന ഉറപ്പ് ഒരു തെററുതിരുത്തുന്നതിനുള്ള പ്രോത്സാഹനമായി ഉതകും. സാധ്യതയനുസരിച്ച്, കൊരിന്ത്യരുടെ “മനസ്സൊരുക്കവും” “എരിവും” സംബന്ധിച്ചു താൻ മററുള്ളവരോടു പ്രശംസിച്ചുപറഞ്ഞു എന്ന് പൗലോസ് അവരോടു പറഞ്ഞതിനാൽ ഉദാരമതികളായിരിക്കാൻ അവർ പ്രോത്സാഹിതരായി.—2 കൊരിന്ത്യർ 9:1-3.
യഹോവയിൽ ആശ്രയിക്കുന്നതിനാൽ പ്രശ്നം തരണംചെയ്യാൻ കഴിയുമെന്ന് അറിയിക്കുക. അതെ, ദൈവത്തിൽ ആശ്രയിക്കുന്നതും അവന്റെ വചനത്തിന്റെ ബുദ്ധ്യുപദേശം ബാധകമാക്കുന്നതും ആവശ്യമായ യഥാസ്ഥാനപ്പെടുത്തൽ കൈവരുത്താൻ പ്രയോജനപ്പെടുമെന്നു കാണുന്നതിനു വ്യക്തിയെ ആത്മാർത്ഥമായി സഹായിക്കാൻ ശ്രമിക്കുക. ആ ഉദ്ദേശ്യത്തിൽ നമ്മുടെ പ്രസ്താവനകൾ തിരുവെഴുത്തുകളിലും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലും അടിസ്ഥാനപ്പെട്ടതായിരിക്കണം. നമ്മുടെ ലക്ഷ്യം ഇരുമടങ്ങാണ്: (1) സഹായം ആവശ്യമുള്ളയാളെ യഹോവയുടെ വീക്ഷണം കാണുന്നതിനും ഗ്രഹിക്കുന്നതിനും സഹായിക്കുകയും (2) ഈ ദിവ്യ മാർഗ്ഗരേഖകൾ പിന്തുടരുന്നതിൽ ഒരു പരിധിവരെ അയാൾ അവഗണനകാട്ടുകയോ പരാജയപ്പെടുകയോ ചെയ്തതെങ്ങനെയെന്നു വ്യക്തിയെ കാണിക്കുകയും ചെയ്യുക.
ദയാപൂർവകവും എന്നാൽ പ്രസക്തവുമായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടു ബുദ്ധ്യുപദേശം കൊടുക്കുക. ഹൃദയത്തിൽ ഇറങ്ങിചെല്ലുന്നതിന് ഇതു വളരെ ഫലപ്രദമായിരിക്കും. യഹോവയുടെ ജനം എങ്ങനെ വഴിവിട്ടുപോയിരിക്കുന്നുവെന്ന് അവർക്കു മനസ്സിലാക്കിക്കൊടുക്കാൻ തന്റെ പ്രവാചകനായ മലാഖി മുഖേന യഹോവ ഒരു ചോദ്യം ഉപയോഗിച്ചു. “മനുഷ്യന്നു ദൈവത്തെ തോല്പിക്കാമോ?” എന്നു യഹോവ ചോദിച്ചു. “എങ്കിലും നിങ്ങൾ എന്നെ തോല്പിക്കുന്നു” എന്ന് അവൻ കൂട്ടിച്ചേർത്തു. (മലാഖി 3:8) മോശൈക ന്യായപ്രമാണം ആവശ്യപ്പെട്ടതനുസരിച്ചു വിളവിന്റെ പത്തിലൊരു ഭാഗം സംഭാവന ചെയ്യുന്നതിലെ ഇസ്രയേലിന്റെ പരാജയം യഹോവയെ തോല്പിക്കുന്നതിനു തുല്യമായിരുന്നു. ഈ സാഹചര്യത്തിനു പരിഹാരമുണ്ടാക്കുന്നതിന്, ദൈവം തങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുമെന്നുള്ള വിശ്വാസത്തോടെ ഇസ്രയേല്യർ ശുദ്ധാരാധന സംബന്ധിച്ച തങ്ങളുടെ കടപ്പാടുകൾ നിറവേറേറണ്ടതുണ്ടായിരുന്നു. ഇന്നു ശരിയായതു ചെയ്യുന്നതിൽ നമ്മുടെ സ്വർഗ്ഗീയ പിതാവിൽ ആശ്രയിക്കുന്നതും അവനെ അനുസരിക്കുന്നതും ഉൾപ്പെടുന്നുവെന്നു ചിന്തോദ്ദീപകവും പരിഗണനാർഹവുമായ ചോദ്യങ്ങളിലൂടെ മൂപ്പൻമാർക്കും ഊന്നിപ്പറയാൻ കഴിയും. (മലാഖി 3:10) ആ ആശയം ഹൃദയത്തിലേക്കു പകർന്നുകൊടുക്കുന്നത്, ‘തന്റെ കാലിന്നു പാത നിരത്തുന്നതിനു’ നമ്മുടെ സഹോദരനെ സഹായിക്കുന്നതിൽ വളരെ പ്രയോജനം ചെയ്യും.—എബ്രായർ 12:13.
ബുദ്ധ്യുപദേശം സ്വീകരിക്കുന്നതിന്റെ പ്രയോജനങ്ങൾ ഊന്നിപ്പറയുക. ഫലപ്രദമായ ബുദ്ധ്യുപദേശത്തിൽ, ഒരു തെററായ ഗതി പിന്തുടരുന്നതിന്റെ പരിണതഫലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പും കാര്യങ്ങൾ നേരെയാക്കുന്നതിൽനിന്നു ലഭിക്കുന്ന പ്രയോജനങ്ങളെക്കുറിച്ചുള്ള ഓർമ്മിപ്പിക്കലുകളും ഉൾപ്പെടുന്നു. ഒരു സമയോചിത മുന്നറിയിപ്പിനുശേഷം, ആത്മീയമായി ഉദാസീനമായ ലവോദിക്യയിലെ സഭയിൽപെട്ടവർ തങ്ങളുടെ മുൻഗതി സംബന്ധിച്ച് അനുതപിക്കുകയും തീക്ഷ്ണതയുള്ള ശിഷ്യൻമാരായിത്തീരുകയും ചെയ്യുന്നുവെങ്കിൽ അവർ സ്വർഗ്ഗത്തിൽ തന്നോടൊപ്പം ഭരിക്കുന്നതിനുള്ള പ്രത്യാശയുൾപ്പെടെ മുന്തിയ പദവികൾ ആസ്വദിക്കും എന്ന് യേശു ഉറപ്പുകൊടുത്തു.—വെളിപ്പാടു 3:14-21.
ബുദ്ധ്യുപദേശം അനുസരിക്കുന്നുണ്ടോ എന്നതിൽ താത്പര്യം കാണിക്കുക. ഒരു നല്ല ഡോക്ടർ താൻ നേരെയാക്കിയ അസ്ഥി ശരിയായ സ്ഥാനത്തുതന്നെ ഇരിക്കുന്നുവോ എന്നു കാണാൻ ഇടയ്ക്കിടെ പരിശോധിക്കുന്നതുപോലെ തിരുവെഴുത്തു ബുദ്ധ്യുപദേശം ബാധകമാക്കുന്നുണ്ടോയെന്നു ഉറപ്പുവരുത്താൻ മൂപ്പൻമാർ ശ്രമിക്കണം. അവർക്ക് തങ്ങളോടുതന്നെ ചോദിക്കാൻ കഴിയും: കൂടുതലായ സഹായം ആവശ്യമുണ്ടോ? ഒരുപക്ഷേ മറെറാരു രീതിയിൽ, ബുദ്ധ്യുപദേശം ആവർത്തിക്കേണ്ടതുണ്ടോ? താഴ്മയുടെ ആവശ്യത്തെക്കുറിച്ചു യേശുവിനു തന്റെ ശിഷ്യൻമാരെ ആവർത്തിച്ചു ബുദ്ധ്യുപദേശിക്കേണ്ടിവന്നു. ഒരു ദീർഘിച്ച കാലഘട്ടത്തിൽ, അവൻ ബുദ്ധ്യുപദേശത്തിലൂടെയും ദൃഷ്ടാന്തങ്ങളിലൂടെയും സാധനപാഠങ്ങളിലൂടെയും അവരുടെ ചിന്തയെ യഥാസ്ഥാനപ്പെടുത്താൻ ക്ഷമാപൂർവ്വം ശ്രമിച്ചു. (മത്തായി 20:20-28; മർക്കൊസ് 9:33-37; ലൂക്കൊസ് 22:24-27; യോഹന്നാൻ 13:5-17) സമാനമായി, വ്യക്തിയുടെ പൂർണ്ണ ആത്മീയ ആരോഗ്യത്തിലേക്കുള്ള പുരോഗതിയെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ള അനുബന്ധ തിരുവെഴുത്തുചർച്ച ക്രമീകരിക്കുന്നതിലൂടെ മൂപ്പൻമാർക്ക് ഒരു സഹോദരന്റെയോ സഹോദരിയുടെയോ പരിപൂർണ്ണ യഥാസ്ഥാനപ്പെടുത്തൽ ഉറപ്പുവരുത്തുന്നതിനു സഹായിക്കാൻ കഴിയും.
വരുത്തിയിട്ടുള്ള ഏതു പുരോഗതിയ്ക്കും ശ്ലാഘിക്കുക. ഒരു തെററായ ചുവടുവെച്ച ഒരുവൻ തിരുവെഴുത്തു ബുദ്ധ്യുപദേശം ബാധകമാക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുവെങ്കിൽ അയാളെ ശ്ലാഘിക്കുക. ഇത് ആദ്യബുദ്ധ്യുപദേശത്തെ ബലിഷ്ഠമാക്കും, സാധ്യതയനുസരിച്ച് കൂടുതലായ പുരോഗതിക്കു പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൊരിന്ത്യർക്കുള്ള പൗലോസിന്റെ ആദ്യ ലേഖനത്തിൽ അനേകം കാര്യങ്ങൾ സംബന്ധിച്ച് അവർക്കു ദൃഢമായ ബുദ്ധ്യുപദേശം കൊടുക്കാൻ അവനു കടപ്പാടുണ്ടായിരുന്നു. അപ്പൊസ്തലന്റെ ലേഖനത്തോടുള്ള മികച്ച പ്രതികരണത്തെക്കുറിച്ചു തീത്തോസ് അവനെ അറിയിച്ചശേഷം ഉടനെ അവരെ പ്രശംസിക്കാൻ പൗലോസ് എഴുതി: “ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു” അവൻ പറഞ്ഞു, “നിങ്ങൾ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിന്നായി ദുഃഖിച്ചതിനാൽ അത്രേ. . .ദൈവഹിതപ്രകാരമല്ലോ നിങ്ങൾ ദുഃഖിച്ചത്.”—2 കൊരിന്ത്യർ 7:9.
സന്തോഷിക്കുന്നതിനുള്ള ഒരു കാരണം
അതെ, പൗലോസിന്റെ ബുദ്ധ്യുപദേശം കൊരിന്ത്യരെ സഹായിച്ചതായി കേട്ടപ്പോൾ അവൻ സന്തോഷിച്ചു. സമാനമായി, ഒരു സഹാരാധകൻ മൂപ്പൻമാരുടെ സ്നേഹപൂർവ്വകമായ സഹായത്തോട് അനുകൂലമായി പ്രതികരിച്ചതിന്റെ ഫലമായി തെററായ ചുവടുവെപ്പിൽനിന്നു പിൻമാറുന്നുവെങ്കിൽ ആധുനികകാല മൂപ്പൻമാർക്കു വലിയ സന്തോഷമുണ്ട്. ദൈവിക ഫലങ്ങൾ ഹൃദയത്തിൽ സമൃദ്ധമായി വളരാൻ കഴിയത്തക്കവണ്ണം അവിടെനിന്നു പാപത്തിന്റെ ശല്യകരമായ കളകളെ വേരോടെ പിഴുതുകളയുന്നതിനു പശ്ചാത്താപമുള്ള ഒരു ക്രിസ്ത്യാനിയെ സഹായിക്കുന്നതിൽ മൂപ്പൻമാർക്കു തീർച്ചയായും സന്തോഷിക്കാൻ കഴിയും.
എന്തെങ്കിലും തെററായ നടപടി സ്വീകരിച്ചിട്ടുള്ള ഒരു വ്യക്തിയെ യഥാസ്ഥാനപ്പെടുത്തുന്നതിൽ മൂപ്പൻമാർ വിജയം വരിക്കുന്നുവെങ്കിൽ, ആത്മീയമായി തികച്ചും വിനാശകരമായ ഒരു ഗതിയിൽനിന്ന് അയാളെ പിന്തിരിപ്പിച്ചേക്കാം. (യാക്കോബ് 5:19, 20 താരതമ്യംചെയ്യുക) അത്തരം സഹായത്തിന്, സഹായം സ്വീകരിക്കുന്നയാൾ യഹോവയാം ദൈവത്തോടു നന്ദി പ്രകടിപ്പിക്കണം. മൂപ്പൻമാരുടെ സ്നേഹപൂർവ്വകമായ സഹായത്തിനും മനസ്സലിവിനും ഗ്രാഹ്യത്തിനുമുള്ള യഥാർത്ഥ വിലമതിപ്പിന്റെ വാക്കുകളും ഉചിതമായിരിക്കും. ആത്മീയ മടങ്ങിവരവു പൂർണ്ണമായിരിക്കുമ്പോൾ, സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തൽ നടത്തുന്നതിൽ ബന്ധപ്പെട്ട എല്ലാവർക്കും ആഹ്ലാദിക്കാൻ കഴിയും.