യഹോവയെ സേവിക്കുന്നത് എനിക്കു കൈവരുത്തിയ സന്തോഷം
ജോർജ്ജ് ബ്രമ്ലി പറഞ്ഞപ്രകാരം
ഹെയ്ലി സെലാസ്സി ചക്രവർത്തിയുടെ യുവാക്കളായ പോലീസ് കേഡററുകളെ ഒരു റേഡിയോ ക്ലാസ്സ് പഠിപ്പിച്ചു കഴിഞ്ഞയുടനെ അതിലൊരാൾ ഞാൻ യഹോവയുടെ സാക്ഷികളുടെ ഒരു മിഷനറിയാണെന്നു തനിക്ക് അറിയാമെന്നു രഹസ്യമായി എന്നോടു പറഞ്ഞു. “നിങ്ങൾക്ക് എന്നെ ബൈബിൾ പഠിപ്പിക്കാമോ?” എന്ന് അദ്ദേഹം ആകാംക്ഷാപൂർവ്വം ചോദിച്ചു.
എത്യോപ്യയിൽ നമ്മുടെ പ്രവർത്തനം അപ്പോൾ നിരോധിച്ചിരുന്നതിനാൽ, അധികാരികൾ എന്നെക്കുറിച്ചു മനസ്സിലാക്കിയിരുന്നെങ്കിൽ മററു സാക്ഷികളെപ്പോലെ ഞാനും രാജ്യത്തിൽനിന്നു പുറത്താക്കപ്പെടുമായിരുന്നു. വിദ്യാർത്ഥി ആത്മാർത്ഥതയുള്ളവനാണോ അതോ എന്നെ കെണിയിലാക്കാൻ ഗവൺമെൻറ് അയച്ച ഏജൻറ് ആണോ എന്നു ഞാൻ സംശയിച്ചു. മൂന്നു കൊച്ചു കുട്ടികളെ വളർത്തേണ്ട ഒരു പിതാവെന്നനിലയിൽ എന്റെ ജോലി നഷ്ടപ്പെടുന്നതും ഞാൻ ഇതിനോടകം സ്നേഹിച്ച രാജ്യത്തെയും സുഹൃത്തുക്കളെയും ഉപേക്ഷിച്ചു പോകേണ്ടി വരുന്നതും സംബന്ധിച്ച ചിന്ത എന്നെ ഭയപ്പെടുത്തി.
‘പോററാനുള്ള കുടുംബത്തോടു കൂടിയ ഒരു അമേരിക്കക്കാരൻ വീട്ടിൽനിന്നും ബന്ധുക്കളിൽനിന്നും വളരെ അകലെ ഉത്തര ആഫ്രിക്കയിൽ ജീവിക്കാൻ ഇഷ്ടപ്പെട്ടതെന്തുകൊണ്ട്?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ഞാൻ വിശദീകരിക്കട്ടെ.
ഐക്യനാടുകളിലെ ബാല്യകാലം
ആയിരത്തിതൊള്ളായിരത്തി ഇരുപതുകളിൽ, ഞാൻ പ്രാഥമിക വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ, എന്റെ ഡാഡി വീക്ഷാഗോപുര മാസികക്കു വരിക്കാരനാകുകയും വേദാദ്ധ്യയന പത്രികയുടെ ഒരു സെററ് സമ്പാദിക്കുകയും ചെയ്തു. ഡാഡി വായന ഇഷ്ടപ്പെട്ടു, അദ്ദേഹം ആകാംക്ഷയോടെ ആ പുസ്തകങ്ങൾ വായിച്ചു. ഫലിതപ്രിയവും കുസൃതിത്തരവും ഉള്ള ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്, ഞായറാഴ്ചകളിൽ അദ്ദേഹം വീട്ടിലേക്കു ക്ഷണിച്ചിരുന്ന അതിഥികളോടു കാണിച്ച സൂത്രങ്ങളിൽനിന്ന് ഇത് വ്യക്തമാണ്. മുൻവശത്തും ചുവട്ടിലും “വിശുദ്ധ ബൈബിൾ” എന്നു സ്വർണ്ണലിപികളിൽ എഴുതിയ, തോൽ ബയൻറിട്ട മനോഹരമായ ഒരു പുസ്തകം അദ്ദേഹത്തിനുണ്ടായിരുന്നു. “കൊള്ളാം, ഇന്നു ഞായറാഴ്ചയാണ്. ഞങ്ങൾക്കുവേണ്ടി ഏതാനും വാക്യങ്ങൾ നിങ്ങൾക്കു വായിക്കാമോ?” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഒരു സംഭാഷണത്തിനു തുടക്കം കുറിക്കും.
സന്ദർശകൻ എല്ലായ്പോഴും സമ്മതിച്ചിരുന്നു, എന്നാൽ അദ്ദേഹം പുസ്തകം തുറക്കുമ്പോൾ, ഒരു പേജിലും അച്ചടി ഉണ്ടായിരുന്നില്ല! തീർച്ചയായും ആ വ്യക്തി അത്ഭുതപ്പെട്ടിരുന്നു. പിന്നെ ഡാഡി ‘പ്രസംഗകർക്കു ബൈബിളിനെക്കുറിച്ചു ഒന്നും അറിയില്ല’ എന്നു പറയും. തുടർന്ന്, അദ്ദേഹം ബൈബിളിന്റെ ഒരു പ്രതി എടുത്തുകൊണ്ടു വരികയും ഉല്പത്തി 2:7 വായിക്കുകയും ചെയ്യുമായിരുന്നു. അവിടെ ആദ്യ മമനുഷ്യന്റെ സൃഷ്ടിയെക്കുറിച്ചു വിവരിക്കുകയിൽ, ബൈബിൾ പറയുന്നു: “മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു.”—ഉല്പത്തി 2:7, ജയിംസ് രാജാവിന്റെ ഭാഷാന്തരം.
മനുഷ്യന് ഒരു ദേഹി ഇല്ലെന്നും അവൻ ഒരു ദേഹി ആണെന്നും പാപത്തിന്റെ ശമ്പളം മരണം ആണെന്നും ഒരു വ്യക്തി മരിക്കുമ്പോൾ ഒന്നിനെക്കുറിച്ചും ബോധമില്ലാതെ യഥാർത്ഥത്തിൽ മരിച്ചുവെന്നും ഡാഡി വിശദീകരിക്കുമായിരുന്നു. (സഭാപ്രസംഗി 9:5, 10; യെഹെസ്ക്കേൽ 18:4; റോമർ 6:23) എനിക്കു നന്നായി വായിക്കാൻ കഴിയുന്നതിനു മുമ്പുതന്നെ ഉല്പത്തി 2:7 ഞാൻ മനഃപാഠമാക്കിയിരുന്നു. ബൈബിൾ സത്യങ്ങൾ അറിയാനും അവ മററുള്ളവരുമായി പങ്കുവെക്കാനും എനിക്കുള്ള യഥാർത്ഥ സന്തോഷത്തിന്റെ ആദ്യകാല സ്മരണകൾ ആണിവ.
ഞങ്ങൾക്കു വീക്ഷാഗോപുര മാസിക വീട്ടിൽ ലഭിച്ചിരുന്നതുകൊണ്ട് മുഴുകുടുംബവും ഈ ആത്മീയ പോഷണം ആസ്വദിക്കുവാൻ തുടങ്ങി. എന്റെ അമ്മയുടെ അമ്മ ഞങ്ങളോടു കൂടെ ആയിരുന്നു താമസിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിൽ അവർ സുവാർത്തയുടെ ആദ്യ പ്രസാധിക ആയിത്തീർന്നു. ഞങ്ങൾ താമസിച്ചിരുന്ന ഇല്ലിനോയിസിലെ, കാർബൺഡയിൽ ഒരു സഭ ഉണ്ടായിരുന്നില്ല, എന്നാൽ അനൗപചാരിക യോഗങ്ങൾ നടത്തപ്പെട്ടിരുന്നു. പട്ടണത്തിന്റെ എതിർ വശത്തു പ്രായമായ സ്ത്രീകൾ നടത്തിയിരുന്ന വീക്ഷാഗോപുര അദ്ധ്യയനത്തിനു വേണ്ടി മമ്മി കുട്ടികളായ ഞങ്ങൾ അഞ്ചുപേരെയും കൊണ്ടുപോകുമായിരുന്നു. ഞങ്ങൾ വയൽശുശ്രൂഷയിൽ പങ്കെടുക്കാനും തുടങ്ങി.
റേഡിയോ ജോലിയിൽനിന്നു തടവറയിലേക്ക്
എനിക്കു പതിനേഴു വയസ്സുമാത്രമായിരുന്നപ്പോൾ, 1937-ൽ ഞാൻ വിവാഹിതനായി. റേഡിയോ നന്നാക്കലും ഈ വൈദഗ്ദ്ധ്യം പഠിപ്പിക്കലും കൊണ്ടു ജീവസന്ധാരണം നടത്താൻ ഞാൻ ശ്രമിച്ചു. രണ്ടു കുട്ടികളുടെ—പെഗിയും ഹാങ്കും—ജനനത്തിനുശേഷം, എന്റെ വിവാഹബന്ധം അവസാനിച്ചു. വിവാഹമോചനം എന്റെ തെററായിരുന്നു; ഞാൻ ഒരു ക്രിസ്തീയ ജീവിതം നയിച്ചിരുന്നില്ല. എന്റെ മൂത്ത രണ്ടു കുട്ടികളെ വളർത്താൻ എനിക്കു കഴിഞ്ഞില്ല എന്നത് ഒരു ആയുഷ്ക്കാല ഹൃദയവേദനക്കു കാരണമായിരുന്നു.
രണ്ടാം ലോക മഹായുദ്ധം നടന്നു, അത് അനേകം കാര്യങ്ങളെ കുറിച്ചു ഞാൻ ചിന്തിക്കാൻ ഇടയാക്കി. ഒരു ലഫ്ററ്നൻറ് ആയിത്തീരുന്നതിനും സേനാദളത്തെ റേഡിയോ പഠിപ്പിക്കുന്നതിനും ഉള്ള അവസരം സൈനികവിഭാഗങ്ങൾ എനിക്കു വാഗ്ദാനം ചെയ്തു. എന്നാൽ യുദ്ധത്തെക്കുറിച്ചു യഹോവ എന്തു വിചാരിക്കുന്നു എന്ന എന്റെ ചിന്ത ദൈനംദിനം പ്രാർത്ഥിക്കുന്നതിന് എന്നെ പ്രചോദിപ്പിച്ചു. എന്റെ വീക്ഷാഗോപുര വരിസംഖ്യയുടെ കാലാവധി തീർന്നിട്ടുണ്ടായിരുന്നു, കാലാവധി തീരൽ അറിയിപ്പു ലൂസിൽ ഹാവർത്തിനു ലഭിക്കുകയും അവർ എന്നെ സന്ദർശിക്കുകയും ചെയ്തു. ലൂസിലിന്റെ പിതാവായ പെറി ഹാവർത്തും അവളുടെ വലിയ കുടുംബത്തിലെ മിക്കവരും 1930-കൾ മുതൽ സാക്ഷികൾ ആയിരുന്നു. ലൂസിലും ഞാനും സ്നേഹത്തിലാകുകയും 1943 ഡിസംബറിൽ വിവാഹിതരാകുകയും ചെയ്തു.
ആയിരത്തിത്തൊള്ളായിരത്തിനാല്പത്തിനാലിൽ ഞാൻ സ്നാപനമേല്ക്കുകയും ഒരു പയനിയറെന്ന നിലയിൽ മുഴുസമയ ശുശ്രൂഷയിൽ എന്റെ ഭാര്യയോടൊപ്പം ചേരുകയും ചെയ്തു. പെട്ടെന്നുതന്നെ എന്നെ നിർബന്ധിത സൈനിക സേവനത്തിനു വിളിച്ചു, എന്നാൽ ഞാൻ അതു നിരസിച്ചു. അതിന്റെ പരിണതഫലമായി, ഒക്കലഹോമാ, എൽ റെനോയിലെ ഫെഡറൽ ദുർഗ്ഗുണപരിഹാര പാഠശാലയിൽ എനിക്കു മൂന്നു വർഷത്തെ ശിക്ഷ ലഭിച്ചു. യഹോവക്കു വേണ്ടി സഹിക്കുക എന്നത് ഒരു സന്തോഷമായിരുന്നു. ഓരോ ദിവസവും രാവിലെ ഉണർന്നു ഞാൻ എവിടെയാണെന്നും എന്തുകൊണ്ടാണെന്നും തിരിച്ചറിഞ്ഞപ്പോൾ എനിക്കു വളരെ സംതൃപ്തി തോന്നുകയും ഞാൻ യഹോവക്കു നന്ദി കൊടുക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷം ഞങ്ങളിൽ 25 വയസ്സിനു മേൽ പ്രായമുണ്ടായിരുന്നവരെ മോചിപ്പിക്കാൻ തുടങ്ങി. ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയാറ് ഫെബ്രുവരിയിൽ ഞാൻ മോചിതനായി.
മുഴുസമയ ശുശ്രൂഷ
ലൂസിലുമായി ഞാൻ വീണ്ടും കൂടിച്ചേർന്നപ്പോൾ അവൾ ഒക്ലഹോമയിലെ വാഗ്നെർ എന്ന കൊച്ചു പട്ടണത്തിൽ പയനിയറിംഗ് നടത്തുകയായിരുന്നു. ഞങ്ങൾക്കു കാർ ഇല്ലായിരുന്നു, അതിനാൽ എല്ലായിടവും ഞങ്ങൾ നടന്നു, പട്ടണത്തിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ചുകൊണ്ടു തന്നെ. പിന്നീട് ഞങ്ങൾ ഒക്ലോഹാമയിലെ വിവോക്കയിലേക്കു മാറി. താമസിയാതെ എനിക്ക് സമീപത്തുള്ള ഒരു റേഡിയോ നിലയത്തിൽ ജോലി ലഭിക്കുകയും റേഡിയോ സംപ്രേക്ഷണം ആരംഭിക്കുകയും ചെയ്തു. ദിവസം ആറ് മണിക്കൂർ ജോലി ചെയ്യുകയും ഒരു പയനിയറായി പ്രവർത്തിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്നത് എളുപ്പമായിരുന്നില്ല, എന്നാലും യഹോവയെ സേവിക്കുന്നതിനു ഞങ്ങൾക്കുണ്ടായിരുന്ന പദവിയിൽ ഞങ്ങൾ സന്തോഷിച്ചു. ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയേഴിലെ ലോസ് ആഞ്ചലസ് കൺവെൻഷനു തൊട്ടുമുമ്പ് ഒരു പഴയ കാർ വാങ്ങാൻ ഞങ്ങൾക്കു സാധിച്ചു. മിഷനറിമാരുടെ പരിശീലനത്തിനുള്ള വാച്ച് ടവർ ബൈബിൾ സ്കൂൾ ഓഫ് ഗിലെയാദിനു വേണ്ടി അപേക്ഷിക്കുന്നതിനെക്കുറിച്ച് അവിടെവെച്ചു ഞങ്ങൾ ചിന്തിക്കാൻ തുടങ്ങി.
ഇത് ഒരു വലിയ ചുവടുവയ്പ്പായിരിക്കുമെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു, ഐക്യനാടുകൾ വിട്ടുപോകുന്നതിനുള്ള തീരുമാനം ധൃതിയിൽ എടുക്കുന്നതിനു ഞങ്ങൾ ആഗ്രഹിച്ചില്ല. ഞാൻ അപ്പോഴും എന്റെ കുട്ടികൾ നഷ്ടപ്പെട്ടതിന്റെ വേദനയിലായിരുന്നു, അതുകൊണ്ട് അവരെ ഞങ്ങളുടെ പരിപാലനത്തിലാക്കുന്നതിനു ഞങ്ങൾ വീണ്ടും ശ്രമിച്ചു. എന്റെ മുൻ ജീവിതരീതിയും ജയിൽ ശിക്ഷയും നിമിത്തം അതു നിഷ്ഫലമായി. അതുകൊണ്ട് മിഷനറിമാരായിത്തീരുന്നതിന് ഒരു ശ്രമം നടത്താൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ 12-ാമതു ഗിലെയാദ് ക്ലാസ്സിനു ക്ഷണിക്കപ്പെട്ടു.
ആയിരത്തിത്തൊള്ളായിരത്തി നാല്പത്തിയൊൻപതിൽ ഞങ്ങൾ സ്കൂളിൽനിന്നു ബിരുദം നേടി, എന്നാൽ ആദ്യം ഞങ്ങൾ റെറനസ്സിലുള്ള സഭകൾ സന്ദർശിക്കാൻ നിയമിക്കപ്പെട്ടു. ഐക്യനാടുകളിലെ മൂന്നുവർഷത്തെ സഞ്ചാരവേലയ്ക്കു ശേഷം പ്രസംഗപ്രവർത്തനം ചെയ്യുന്നതു കൂടാതെ എത്യോപ്യയിൽ സ്കൂളിൽ പഠിപ്പിക്കുന്നതിനു ഞങ്ങൾക്കു മനസ്സുണ്ടോ എന്നു ചോദിച്ചുകൊണ്ടു വാച്ച് ടവർ സൊസൈററി പ്രസിഡണ്ടിന്റെ ഓഫീസിൽനിന്ന് ഒരു കത്തു ലഭിച്ചു. മിഷനറിമാർ പഠിപ്പിക്കണം എന്നതായിരുന്നു ആ ഗവൺമെൻറിന്റെ വ്യവസ്ഥകളിൽ ഒന്ന്. ഞങ്ങൾ അതു സമ്മതിക്കുകയും 1952 ലെ വേനൽക്കാലത്ത് എത്യോപ്യയിലേക്കു പോകുകയും ചെയ്തു.
എത്യോപ്യയിൽ ഞങ്ങൾ രാവിലെ സമയത്തു പ്രാഥമിക വിദ്യാലയങ്ങളിൽ പഠിപ്പിക്കുകയും ഉച്ചകഴിഞ്ഞു സൗജന്യ ബൈബിൾ അദ്ധ്യയനം നടത്തുകയും ചെയ്തു. പെട്ടെന്നുതന്നെ അനേകർ ബൈബിളദ്ധ്യയനത്തിനുവേണ്ടി വരാൻ തുടങ്ങിയതിനാൽ ഞങ്ങൾ മിക്കവാറും ഓരോ ദിവസവും മൂന്നോ നാലോ മണിക്കൂർ ബൈബിൾ പഠിപ്പിച്ചിരുന്നു. ചില വിദ്യാർത്ഥികൾ പോലീസുകാരായിരുന്നു; മററു ചിലർ മിഷനറി സ്കൂളുകളിലെയും എത്യോപ്യൻ ഓർത്തഡോക്സ് സ്കൂളിലെയും അദ്ധ്യാപകരോ വൈദികവിദ്യാർത്ഥികളോ ആയിരുന്നു. ചിലപ്പോൾ ഓരോ ബൈബിൾ ക്ലാസിലും ഇരുപതോ അതിൽ കൂടുതലോ പേരുണ്ടായിരുന്നു! പല വിദ്യാർത്ഥികളും വ്യാജമതം ഉപേക്ഷിക്കുകയും യഹോവയെ സേവിക്കാൻ ആരംഭിക്കുകയും ചെയ്തു. ഞങ്ങൾ ഹർഷോൻമത്തരായിത്തീർന്നു. വീണ്ടും, ഓരോ പ്രഭാതത്തിലും ഉണരുമ്പോൾ ഞാൻ യഹോവക്കു നന്ദി കൊടുത്തിരുന്നു.
പിതൃത്വവും നിരോധനത്തിൻ കീഴിൽ പ്രസംഗിക്കലും
ആയിരത്തിത്തൊള്ളായിരത്തി അൻപത്തിനാലിൽ ഞങ്ങൾ മാതാപിതാക്കളായിത്തീരാൻ പോകുകയാണെന്ന് മനസ്സിലാക്കി, അതുകൊണ്ട് ഐക്യനാടുകളിലേക്കു തിരിച്ചുപോകണമോ അതോ എത്യോപ്യയിൽ തുടരണമോ എന്നു ഞങ്ങൾ തീരുമാനിക്കേണ്ടിയിരുന്നു. തുടരുന്നതു തീർച്ചയായും എനിക്കു ലൗകികജോലി കിട്ടുന്നതിനെ ആശ്രയിച്ചിരിക്കുമായിരുന്നു. ഹെയ്ലി സെലാസ്സി ചക്രവർത്തിക്കുവേണ്ടി ഒരു റേഡിയോ നിലയം പ്രവർത്തിപ്പിക്കുന്ന, ഒരു സംപ്രേക്ഷണ എൻജിനിയർ ആയി എനിക്കു ജോലി കിട്ടി. അതുകൊണ്ടു ഞങ്ങൾ അവിടെ തുടർന്നു.
ആയിരത്തിത്തൊള്ളായിരത്തി അൻപത്തിനാല് സെപ്ററംബർ 8-നു ഞങ്ങളുടെ പുത്രി ജൂഡിത്ത് ജനിച്ചു. ചക്രവർത്തിക്കുവേണ്ടി ജോലി ചെയ്തിരുന്നതിനാൽ എനിക്കു ജോലിസ്ഥിരത ഉണ്ടായിരിക്കുമെന്നു ഞാൻ വിചാരിച്ചു, എന്നാൽ രണ്ടു വർഷത്തിനുശേഷം എനിക്കു ആ ജോലി നഷ്ടപ്പെട്ടു. എന്നിരുന്നാലും ഒരു മാസത്തിനുള്ളിൽ പോലീസ് ഡിപ്പാർട്ടുമെൻറ്—ഒരു ഉയർന്ന ശമ്പളത്തിൽ—ററു വേ റേഡിയോ നന്നാക്കുന്നതു യുവാക്കൻമാരെ പഠിപ്പിക്കാൻ എന്നെ കൂലിക്കു നിയമിച്ചു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഞങ്ങളുടെ പുത്രൻമാരായ ഫിലിപ്പും ലെസ്ലിയും ജനിച്ചു.
അതേസമയം പ്രസംഗവേലയിൽ ഏർപ്പെടാനുള്ള ഞങ്ങളുടെ സ്വാതന്ത്ര്യത്തിനു മാററം വന്നുകൊണ്ടിരുന്നു. യഹോവയുടെ സാക്ഷികളുടെ എല്ലാ മിഷനറിമാരെയും പുറത്താക്കാൻ എത്യോപ്യൻ സഭ ഗവൺമെൻറിനെ സമ്മതിപ്പിച്ചിരുന്നു. സൊസൈററിയുടെ ഉപദേശപ്രകാരം ഞാൻ എന്റെ വിസ മിഷനറിവേലയിൽനിന്നു ലൗകിക ജോലിയിലേക്കു മാററി. ഞങ്ങളുടെ മിഷനറിവേല നിരോധിച്ചു, ഞങ്ങൾ ജാഗ്രതയും വിവേകവും ഉള്ളവർ ആയിരിക്കേണ്ടിയിരുന്നു. എല്ലാ സഭായോഗങ്ങളും തുടർന്നു, എന്നാൽ ഞങ്ങൾ ചെറിയ അദ്ധ്യയന കൂട്ടങ്ങളായി കൂടിവന്നു.
സംശയിക്കപ്പെട്ട വ്യത്യസ്ത സാക്ഷികളുടെ വീടുകൾ പോലീസ്പരിശോധിച്ചു. എന്നാൽ അവർ അറിയാതെ യഹോവയുടെ ആരാധകനായിരുന്ന ഒരു പോലീസ് ലഫ്ററനൻറ് എപ്പോഴാണു റെയിഡുകൾ പട്ടികപ്പെടുത്തിയിരുന്നത് എന്ന് ഞങ്ങളെ അറിയിച്ചിരുന്നു. അതിന്റെ ഫലമായി, ആ വർഷങ്ങളിൽ ഒരു സാഹിത്യവും കണ്ടുകെട്ടിയിരുന്നില്ല. ഞങ്ങൾ തുറസ്സായ സ്ഥലത്തിരുന്നു ഭക്ഷണം കഴിക്കുന്നതിനു സൗകര്യമുണ്ടായിരുന്ന പട്ടണത്തിന്റെ അതിർത്തിയിലുള്ള റെസ്റേറാറൻറുകളിലേക്കു പോയി ഞായറാഴ്ചകളിലെ ഞങ്ങളുടെ വീക്ഷാഗോപുര അദ്ധ്യയനം നടത്തി.
പോലീസ് കേഡററുകളെ റേഡിയോ പഠിപ്പിച്ചിരുന്ന ഈ സമയത്തായിരുന്നു ഞാൻ തുടക്കത്തിൽ പരാമർശിച്ച വിദ്യാർത്ഥി എന്നോടു ബൈബിളദ്ധ്യയനത്തിനുവേണ്ടി ആവശ്യപ്പെട്ടത്. അദ്ദേഹം ആത്മാർത്ഥതയുള്ളവനായിരുന്നുവെന്നു ഞാൻ ഊഹിച്ചു. അതുകൊണ്ടു ഞങ്ങൾ പഠനം ആരംഭിച്ചു. രണ്ടു തവണ മാത്രം അദ്ധ്യയനം കഴിഞ്ഞപ്പോൾ രണ്ടാമതൊരു വിദ്യാർത്ഥി അദ്ദേഹത്തോടൊപ്പം വന്നു, പിന്നെ മൂന്നാമതൊരാൾ. അവർ എന്നോടൊപ്പം പഠിച്ചുകൊണ്ടിരിക്കുന്നു എന്ന് ഒരിക്കലും ആരോടും പറയരുതെന്നു ഞാൻ അവർക്കു മുന്നറിയിപ്പു നല്കി, അവർ ഒരിക്കലും പറഞ്ഞതുമില്ല.
ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിയെട്ടിൽ ന്യൂയോർക്കിലെ യാങ്കിസ്റേറഡിയത്തിലും പോളോഗ്രൗണ്ടിലുമായി ദിവ്യേഷ്ട അന്തർദ്ദേശീയ സമ്മേളനം നടന്നു. അപ്പോഴേക്കും പെഗിയും ഹാങ്കും, അതുപോലെ എന്റെ വലിയ കുടുംബത്തിലെ മററനേകരും സജീവ സാക്ഷികളായിത്തീർന്നിരുന്നു. അവിടെ ഹാജരാകാൻ കഴിഞ്ഞതിൽ ഞാൻ എത്ര ആഹ്ലാദചിത്തനായിരുന്നു! ഞാൻ എന്റെ മൂത്ത രണ്ടു കുട്ടികളുമായും വീട്ടിലെ മററംഗങ്ങളുമായും ഒരു കൂടിച്ചേരൽ ആസ്വദിച്ചുവെന്നു മാത്രമല്ല കൺവെൻഷന്റെ അവസാന ദിവസം സമ്മേളിതരായ രണ്ടര ലക്ഷത്തിലധികം വരുന്ന ആ ബൃഹത്തായ ജനക്കൂട്ടത്തെ കണ്ടതു എന്നെ കോൾമയിർക്കൊള്ളിക്കുകയും ചെയ്തു!
പിറേറവർഷം സൊസൈററിയുടെ പ്രസിഡണ്ട് നാഥാൻ എച്ച്. നോർ, ഞങ്ങളെ സന്ദർശിക്കാൻ എത്യോപ്യയിൽ വന്നു. നിരോധനത്തിൻ കീഴിൽ വേല തുടരുന്നതു സംബന്ധിച്ച് അദ്ദേഹത്തിനു നല്ല നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു. ഞങ്ങളുടെ കുടുംബത്തെ കുറിച്ചും ഞങ്ങളുടെ ആത്മീയാവസ്ഥ സംബന്ധിച്ചും അദ്ദേഹത്തിനു താല്പര്യമുണ്ടായിരുന്നു. ഞങ്ങൾ കുട്ടികളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കുകയായിരുന്നുവെന്നു ഞാൻ വിശദീകരിച്ചു. ജൂഡിത്ത് പ്രാർത്ഥിക്കുന്നതു കേൾക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നുവോ എന്നു ഞാൻ ചോദിച്ചു. ഉവ്വ് എന്ന് അദ്ദേഹം പറഞ്ഞു, അതിനുശേഷം അദ്ദേഹം അവളോടു പറഞ്ഞു: “അതു വളരെ നന്നായിരുന്നു, ജൂഡിത്ത്.” ഭക്ഷണ സമയത്തു നോർ സഹോദരനോടു പ്രാർത്ഥിക്കാമോ എന്നു ഞാൻ ചോദിച്ചു, അദ്ദേഹം പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ജൂഡിത്ത് പറഞ്ഞു: “അതു വളരെ നന്നായിരുന്നു നോർ സഹോദരാ!”
ഐക്യനാടുകളിൽ ഞങ്ങളുടെ കുട്ടികളെ വളർത്തുന്നു
പോലീസ് ഡിപ്പാർട്ടുമെൻറുമായുള്ള എന്റെ കരാർ 1959-ൽ അവസാനിച്ചു. തുടർന്നു താമസിക്കുവാൻ ഞങ്ങൾ ആഗ്രഹിച്ചു, എന്നാൽ എന്നോട് ഏതെങ്കിലും പുതിയ കരാർ ചെയ്യാൻ ഗവൺമെൻറ് സമ്മതിച്ചില്ല. അതുകൊണ്ട് ഞങ്ങൾക്ക് എവിടെ പോകാൻ കഴിയുമായിരുന്നു? സഹോദരൻമാരുടെ ആവശ്യം വളരെ ഉണ്ടായിരുന്ന മററു രാജ്യങ്ങളിലേക്കു കടക്കാൻ ഞാൻ ശ്രമിച്ചു, എന്നാൽ അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ല. അല്പം ദുഃഖത്തോടെ ഞങ്ങൾ ഐക്യനാടുകളിലേക്കു മടങ്ങിപ്പോന്നു. അവിടെ എത്തിയപ്പോൾ ഞങ്ങൾക്കു സന്തോഷകരമായ ഒരു കുടുംബ പുനഃസംഗമം നടന്നു; എന്റെ അഞ്ചു കുട്ടികളും പെട്ടെന്നുതന്നെ പരിചയത്തിലാവുകയും അന്യോന്യം സ്നേഹിക്കുകയും ചെയ്തു. അന്നുമുതൽ അവർ വളരെ അടുപ്പത്തിലായിരുന്നിട്ടുണ്ട്.
ഞങ്ങൾ കാൻസാസിലെ വിച്ചിററായിൽ താമസമുറപ്പിച്ചു, അവിടെ ഒരു റേഡിയോ എൻജിനിയറും അനൗൺസറുമായി ഞാൻ ജോലി കണ്ടെത്തി. ലൂസിൽ വീട്ടിലെ ഉത്തരവാദിത്വങ്ങളുമായി പൊരുത്തപ്പെട്ടു, കുട്ടികൾ വീടിനോടടുത്തുള്ള സ്കൂളിൽ ഹാജരായിക്കൊണ്ടിരുന്നു. ഓരോ തിങ്കളാഴ്ച രാത്രിയും ഞാൻ ഒരു കുടുംബ വീക്ഷാഗോപുര അദ്ധ്യയനം നടത്തി, എല്ലായ്പോഴും അതു സജീവവും രസാവഹവുമാക്കാൻ ശ്രമിച്ചുകൊണ്ടു തന്നെ. സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടോയെന്നു ഞങ്ങൾ ദൈനംദിനം അന്വേഷിച്ചിരുന്നു.
കുട്ടികൾ ഓരോരുത്തരും ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ ചേർന്നപ്പോൾ, ഈ പരിശീലനം അവരുടെ വിദ്യാലയ ശിക്ഷണത്തിനു സഹായകമായി. ഞങ്ങൾ അവരെ ശൈശവംമുതൽ വയൽസേവനത്തിനു പരിശീലിപ്പിച്ചു. വീട്ടുവാതിൽക്കൽ ബൈബിൾ പ്രസിദ്ധീകരണങ്ങൾ സമർപ്പിക്കാൻ അവർ പഠിച്ചു, അവർ ഞങ്ങളോടൊപ്പം ഭവന ബൈബിളദ്ധ്യയനങ്ങൾക്കു വരുകയും ചെയ്തു.
ജീവിതത്തെ കുറിച്ചു ചില അടിസ്ഥാന കാര്യങ്ങൾ കുട്ടികളെ പഠിപ്പിക്കാനും ഞങ്ങൾ ശ്രമിച്ചു, അവരിൽ ഒരാൾക്ക് ഉണ്ടായിരിക്കുന്നത് എല്ലായ്പോഴും മറെറാരാൾക്കു ഉണ്ടായിരിക്കാൻ കഴിയുകയില്ല എന്നു വിശദീകരിച്ചുകൊണ്ടു തന്നെ. ഉദാഹരണത്തിന്, ഒരേ സമ്മാനം എല്ലാവർക്കും എല്ലായ്പോഴും ലഭ്യമായിരുന്നില്ല. “നിങ്ങളുടെ സഹോദരനോ സഹോദരിക്കോ ഒരു കളിക്കോപ്പു ലഭിക്കുമ്പോൾ,” “നിനക്ക് ഒരെണ്ണം ലഭിക്കുന്നില്ലെങ്കിൽ, നീ പരാതിപ്പെടുന്നതു ഉചിതമായിരിക്കുമോ?” എന്നു ഞങ്ങൾ അവരുമായി ന്യായവാദം ചെയ്തിരുന്നു. മററു സമയങ്ങളിൽ, തീർച്ചയായും മററു കുട്ടികൾക്കും എന്തെങ്കിലും ലഭിച്ചിരുന്നു, അതുകൊണ്ട് ആരും അവഗണിക്കപ്പെട്ടിരുന്നില്ല. ഞങ്ങൾ അവരെ എല്ലാവരെയും എല്ലായ്പോഴും സ്നേഹിച്ചിരുന്നു, ഒരുവനോടു മററു രണ്ടു പേരെക്കാൾ കൂടുതൽ പ്രീതി കാട്ടാതെ തന്നെ.
മററു കുട്ടികൾ ചില സമയങ്ങളിൽ ചെയ്യാൻ അനുവദിക്കപ്പെട്ടിരുന്ന കാര്യങ്ങൾ ഞങ്ങളുടെ കുട്ടികൾ ചെയ്യാൻ അനുവദിക്കപ്പെട്ടിരുന്നില്ല. “അവനും ഇവനുമെല്ലാം അതു ചെയ്യാം, ഞങ്ങൾക്ക് എന്തുകൊണ്ടു പാടില്ല?” എന്നു ഞാൻ കൂടെക്കൂടെ കേട്ടിരുന്നു. ഞാൻ വിശദീകരിക്കുവാൻ ശ്രമിച്ചു, എന്നാൽ ചിലപ്പോൾ ഉത്തരം വെറുതെ “നീ ആ കുടുംബത്തിലെ അല്ല; നീ ഒരു ബ്രമ്ലി ആണ്. നമുക്കു വ്യത്യസ്തമായ നിയമങ്ങൾ ഉണ്ട്” എന്നത് ആയിരുന്നു.
പെറുവിൽ സേവിക്കുന്നു
എത്യോപ്യയിൽ നിന്നു മടങ്ങിവന്നതു മുതൽ, ഞാനും ലൂസിലിയും വീണ്ടും മിഷനറിവേലയിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നു. അവസാനം, 1972-ൽ തെക്കെ അമേരിക്കയിലെ പെറുവിലേക്കു പോകാനുള്ള അവസരം വന്നു. ഞങ്ങളുടെ കുട്ടികളെ അവരുടെ കൗമാരപ്രായത്തിൽ വളർത്താൻ അതിലും മെച്ചമായ ഒരു സ്ഥലം തിരെഞ്ഞെടുക്കാൻ കഴിയുമായിരുന്നില്ല. അവർ മിഷനറിമാരുമായും പ്രത്യേക പയനിയർമാരുമായും പെറുവിൽ സേവിക്കാൻ വന്നിട്ടുണ്ടായിരുന്ന മററുള്ളവരുമായും ആസ്വദിച്ച സഹവാസം രാജ്യതാത്പര്യങ്ങൾ ഒന്നാമതായി അന്വേഷിക്കുന്നവർ എത്ര സന്തുഷ്ടരാകുന്നുവെന്നു നേരിട്ടുകാണാൻ അവരെ സഹായിച്ചു. ഫിലിപ്പ് തന്റെ സഹവാസത്തെ സമപ്രായക്കാരിൽനിന്നുള്ള ക്രിയാത്മക സഹവാസം എന്നു വിളിച്ചു.
ഏതാനും നാളുകൾക്കുശേഷം കാൻസാസിലെ ചില പഴയ സുഹൃത്തുക്കൾ ഞങ്ങൾക്കു രാജ്യ ശുശ്രൂഷയിൽ എന്തു മാത്രം പുരോഗതി ഉണ്ട് എന്നു മനസ്സിലാക്കുകയും പെറുവിൽ ഞങ്ങളോടു ചേരുകയും ചെയ്തു. ഞാൻ ഞങ്ങളുടെ വീട് മിഷനറി ഭവനം പോലെ ക്രമീകരിച്ചു. ഓരോരുത്തർക്കും ചുമതലകൾ നിയമിച്ചു കൊടുത്തതിനാൽ വയൽ ശുശ്രൂഷ ആസ്വദിക്കുന്നതിനു എല്ലാവർക്കും സമയം ലഭിച്ചിരുന്നു. ഓരോ ദിവസവും രാവിലെ ഭക്ഷണമേശക്കൽ ഞങ്ങൾക്കു ഒരു ബൈബിൾ വാക്യത്തിന്റെ ചർച്ചയുണ്ടായിരുന്നു. അതു ഞങ്ങൾക്കെല്ലാവർക്കും വലിയ സന്തോഷത്തിന്റെ ഒരു സമയമായിരുന്നു. വീണ്ടും, ഓരോ ദിവസവും രാവിലെ ഉണരുമ്പോൾ ഞാൻ എവിടെ ആയിരുന്നുവെന്നും എന്തുകൊണ്ടാണെന്നും തിരിച്ചറിഞ്ഞു, ഞാൻ നിശ്ശബ്ദമായി യഹോവക്കു ആഴമായ നന്ദി കൊടുത്തു.
കാലക്രമത്തിൽ, ജൂഡിത്ത് വിവാഹിതയായി. ജൂഡിത്തും ഭർത്താവും പെട്ടെന്നു തന്നെ ഐക്യനാടുകളിലേക്കു മടങ്ങി, കാരണം അദ്ദേഹത്തിനു തുടർന്നു താമസിക്കുന്നതിനുള്ള വിസ ലഭിച്ചില്ല. മൂന്നു വർഷത്തെ പ്രത്യേക പയനിയർ സേവനത്തിനുശേഷം, ഫിലിപ്പ് ന്യൂയോർക്കിലെ ബ്രുക്ക്ളിൻ ബെഥേലിൽ സേവിക്കുന്നതിന് അപേക്ഷിക്കുകയും അപേക്ഷ സ്വീകരിക്കുകയും ചെയ്തു. അവസാനം ലെസ്ലിയും ഐക്യനാടുകളിലേക്കു മടങ്ങി. സമ്മിശ്രവികാരങ്ങളോടെ അവർ അവിടം വിട്ടുപോയി. അവരെ പെറുവിലേക്കു കൊണ്ടുപോയത് ഞങ്ങൾ അവർക്കുവേണ്ടി ചെയ്ത ഏററവും നല്ല കാര്യമായിരുന്നുവെന്ന് അവർ കൂടെക്കൂടെ പറഞ്ഞിരുന്നു.
പെറുവിലെ സാമ്പത്തികസ്ഥിതി മോശമായപ്പോൾ ഞങ്ങളും അവിടം ഉപേക്ഷിച്ചു പോകേണ്ടി വരുമെന്നു ഞങ്ങൾ മനസ്സിലാക്കി. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയെട്ടിൽ ഞങ്ങൾ വിച്ചിററായിലേക്കു മടങ്ങിവന്നതിനുശേഷം സ്പാനീഷ് സംസാരിക്കുന്ന ഒരു കൂട്ടം സാക്ഷികളെ കണ്ടെത്തി. അവിടെ താമസിക്കുന്നതിനും അവരെ സഹായിക്കുന്നതിനും അവർ ആവശ്യപ്പെട്ടു, ഞങ്ങൾ സന്തോഷത്തോടെ അങ്ങനെ ചെയ്തു. ഒരു സഭ രൂപീകരിക്കപ്പെട്ടു, അതു പെട്ടെന്നുതന്നെ ഞങ്ങൾ നേരത്തെ സേവിച്ചിരുന്നിട്ടുള്ളവപോലെ ഞങ്ങൾക്കു പ്രിയങ്കരമായിത്തീർന്നു.
ഇക്വഡോർ വിളിക്കുന്നു
എന്നെ ഭാഗികമായി തളർത്തിയ ഒരു ആഘാതം ഉണ്ടായെങ്കിലും എനിക്കും ലൂസിലിക്കും മറെറാരു രാജ്യത്തു വീണ്ടും സേവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ പ്രത്യാശയോടെ ആഗ്രഹിച്ചു. ആയിരത്തിത്തൊള്ളായിരത്തി എൺപത്തിനാലിൽ ഇക്വഡോറിലെ പുരോഗതിയെക്കുറിച്ചും അവിടെ ക്രിസ്തീയ മൂപ്പൻമാരുടെ ആവശ്യമുള്ളതിനെക്കുറിച്ചും ഒരു സഞ്ചാരമേൽവിചാരകൻ ഞങ്ങളോടു പറഞ്ഞു. എന്റെ മുടന്തു കാരണം വയൽ ശുശ്രൂഷയിൽ എനിക്കു അല്പമേ ചെയ്യാൻ കഴിയുകയുള്ളു എന്ന് ഞാൻ സൂചിപ്പിച്ചു, എന്നാൽ 65 വയസ്സുള്ള, ഭാഗികമായി തളർന്ന ഒരു മൂപ്പൻപോലും സഹായകമായിരിക്കുമെന്നു അദ്ദേഹം ഉറപ്പു നല്കി.
അദ്ദേഹം പോയതിനുശേഷം ഇക്വഡോറിലേക്കു പോകാനുള്ള സാദ്ധ്യതയെക്കുറിച്ചു സംസാരിച്ചിരുന്നതുകൊണ്ട് അന്നു രാത്രി ഞങ്ങൾക്ക് ഉറങ്ങാൻ സാധിച്ചില്ല, ലൂസിലിനു പോകുന്നതിന് എനിക്കുണ്ടായിരുന്ന അതേ ജ്വലിക്കുന്ന ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങളുടെ ചെറിയ കീട നിയന്ത്രണ വ്യവസായം പരസ്യംചെയ്യുകയും രണ്ടാഴ്ചയ്ക്കുള്ളിൽ വില്ക്കുകയും ചെയ്തു. ഞങ്ങൾ ഞങ്ങളുടെ വീടു വെറും പത്തു ദിവസത്തിനുള്ളിൽ വിററു. അങ്ങനെ, ഞങ്ങളുടെ വാർദ്ധക്യ വർഷങ്ങളിൽ, ഞങ്ങൾ വീണ്ടും വിദേശ മിഷനറി സേവനം എന്ന ഞങ്ങളുടെ മഹത്തായ സന്തോഷത്തിലേക്കു മടങ്ങി.
ഞങ്ങൾ ക്വിറേറായിൽ താമസമുറപ്പിച്ചു, വയൽസേവനം ആഹ്ലാദകരമായിരുന്നു, ഓരോ ദിവസവും ഒരു പുതിയ അനുഭവമോ സാഹസകൃത്യമോ ഉൾപ്പെട്ടിരുന്നു. എന്നാൽ 1987-ൽ എനിക്കു വൻകുടലിൽ ക്യാൻസർ ഉള്ളതായി നിർണ്ണയിക്കപ്പെട്ടു; എനിക്കു ഉടനടി ശസ്ത്രക്രിയ ആവശ്യമായിരുന്നു. ഞങ്ങൾ ശസ്ത്രക്രിയയ്ക്കുവേണ്ടി വിച്ചിററായിലേക്കു മടങ്ങി, അതു വിജയകരമായിരുന്നു. ഞങ്ങൾ ക്വിറേറായിൽ തിരിച്ചെത്തിയതിനു വെറും രണ്ടു വർഷങ്ങൾക്കുശേഷം വീണ്ടും ക്യാൻസർ കണ്ടെത്തി, ഞങ്ങൾ ഐക്യനാടുകളിലേക്കു സ്ഥിരമായി മടങ്ങിപ്പോകേണ്ടി വന്നു. ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന ഉത്തര കരോലിനയിൽ ഞങ്ങൾ താമസമുറപ്പിച്ചു.
ഒരു ധന്യമായ, പ്രതിഫലദായകമായ ജീവിതം
ശാരീരികമായ എന്റെ ഭാവി അനിശ്ചിതമാണ്. ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയൊൻപതിൽ എന്റെ വൻകുടലിന്റെ ഭാഗം മുറിച്ചുനീക്കേണ്ടതായി വന്നു. എങ്കിൽപോലും, ഇപ്പോഴും ഒരു മൂപ്പനായി സേവിക്കുന്നതിനും എന്റെ വീട്ടിൽ വരുന്ന വ്യത്യസ്ത ആളുകളുമായി ബൈബിളദ്ധ്യയനം നടത്തുന്നതിനും എനിക്കു കഴിയുന്നു. വർഷങ്ങളിലൂടെ, ഞങ്ങൾ സത്യത്തിന്റെ വിത്തു നടുകയോ നനയ്ക്കുകയോ നട്ടുവളർത്തുകയോ ചെയ്തുകൊണ്ട് അക്ഷരീയമായി നൂറുകണക്കിന് ആളുകളെ സഹായിച്ചിട്ടുണ്ട്. എത്ര തവണ ആവർത്തിച്ചാലും ഒരിക്കലും മങ്ങുകയില്ലാത്ത ഒരു സന്തോഷമാണ് അത്.
കൂടുതലായി, എന്റെ എല്ലാ കുട്ടികളും യഹോവയെ സേവിക്കുന്നതു കാണുന്നതിൽ എനിക്കു വലിയ സന്തോഷമുണ്ടായിരുന്നിട്ടുണ്ട്. പെഗി 30 വർഷമായി ഐക്യനാടുകളിൽ സഞ്ചാരവേലയിൽ തന്റെ ഭർത്താവ് പോൾ മോസ്ക്കിനോടു കൂടെ പോയിരിക്കുന്നു. ഫിലിപ്പും ജൂഡിത്തും ന്യൂയോർക്കിലെ ബ്രുക്ക്ളിൻ ബെഥേലിൽ പ്രത്യേക സേവനം അനുഷ്ഠിച്ചിരിക്കുന്നു. ഹാങ്കും ലെസ്ലിയും അവരുടെ ഇണകളും ഉത്സാഹമുള്ള സാക്ഷികളാണ്, എന്റെ നാലു സഹോദരൻമാരും സഹോദരിമാരും അവരുടെ കുടുംബങ്ങളും, രക്തബന്ധമുള്ള എൺപതിലധികം പേരും, എല്ലാവരും യഹോവയെ സേവിക്കുന്നു. ഞങ്ങളുടെ 50-തിനോടടുത്ത വർഷത്തെ വിവാഹജീവിതത്തിൽ ലൂസിലി ഒരു മാതൃകാപരമായ ക്രിസ്തീയ ഭാര്യ ആയിരുന്നിട്ടുണ്ട്. ഈ അടുത്ത വർഷങ്ങളിൽ എന്റെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ശരീരം പരിചരിക്കുന്നതിന് എന്നെ സഹായിക്കാൻ അഹിതകരമായ പല ജോലിയും പിറുപിറുപ്പു കൂടാതെ അവൾ ചെയ്തിട്ടുണ്ട്.
തീർച്ചയായും, എന്റെ ജീവിതം സന്തോഷകരമായിരുന്നു. അതു വാക്കുകൾക്കു പറയാവുന്നതിനേക്കാൾ സന്തോഷകരമായിരുന്നു. യഹോവയെ സേവിക്കുന്നതു വളരെ സന്തോഷകരമായതിനാൽ ഈ ഭൂമിയിൽ എന്നേക്കും അവിടത്തെ ആരാധിക്കുകയെന്നത് എന്റെ ഹൃദയംഗമമായ ആഗ്രഹമാണ്. സങ്കീർത്തനം 59:16, ഞാൻ എല്ലായ്പോഴും ഓർമ്മിക്കുന്നു, അതു പറയുന്നു: “ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാൻ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.”
[23-ാം പേജിലെ ചിത്രം]
ജോർജ്ജ് ബ്രമ്ലി എത്യോപ്യൻ ചക്രവർത്തിയായ ഹെയ്ലി സെലാസ്സിയോടൊപ്പം
[25-ാം പേജിലെ ചിത്രം]
ജോർജ്ജ് ബ്രമ്ലിയും അദ്ദേഹത്തിന്റെ ഭാര്യ ലൂസിലും