ഒരു ഏകാഗ്രഹൃദയത്തോടെ നടക്കൽ
“യഹോവേ . . . എന്നെ പഠിപ്പിക്കേണമേ . . .നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.”—സങ്കീർത്തനം 86:11, NW.
1. യഹോവ തന്റെ വിശ്വസ്‌തർക്ക് എങ്ങനെ പ്രതിഫലം കൊടുക്കുന്നു?
‘യഹോവേ, നീ മാത്രം ദൈവമാകുന്നു.’ (സങ്കീർത്തനം 86:8, 10) വിലമതിപ്പു തുളുമ്പുന്ന ഒരു ഹൃദയത്തിൽനിന്നു ദാവീദു ദൈവത്തെ സ്‌തുതിച്ചു. ദാവീദു സകല ഇസ്രയേലിൻമേലും രാജാവാകുന്നതിനുമുമ്പുതന്നെ യഹോവ അവനെ ശൗലിൽനിന്നും ഫെലിസ്‌ത്യരിൽനിന്നും വിടുവിച്ചിരുന്നു. അതുകൊണ്ട്, അവനു “യഹോവ എന്റെ ശൈലവും എൻകോട്ടയും എന്റെ രക്ഷകനും ആകുന്നു. ദയാലുവോടു നീ ദയാലുവാകുന്നു” എന്നു പാടാൻ കഴിഞ്ഞു. (2 ശമൂവേൽ 22:2, 26) യഹോവ തന്റെ വിശ്വസ്‌തദാസനെ അനേകം പീഡാനുഭവങ്ങളിൽ സംരക്ഷിച്ചിരുന്നു. ദാവീദിനു തന്റെ ആശ്രയവും വിശ്വാസവും തന്റെ വിശ്വസ്‌തദൈവത്തിൽ അർപ്പിക്കാൻ കഴിഞ്ഞു, എന്നാൽ അവനു തുടർച്ചയായ മാർഗ്ഗനിർദ്ദേശം ആവശ്യമായിരുന്നു. ദാവീദ് ഇപ്പോൾ “യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ” (എന്നെ പഠിപ്പിക്കേണമേ, NW) എന്നു ദൈവത്തോട് അപേക്ഷിച്ചു.—സങ്കീർത്തനം 86:11.
2. നാം യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിന് അവൻ എങ്ങനെ കരുതൽ ചെയ്‌തിരിക്കുന്നു?
2 ദാവീദു ലൗകികമായ ആശയങ്ങളെ അല്ലെങ്കിൽ തത്ത്വശാസ്‌ത്രങ്ങളെ പൂർണ്ണമായും ഒഴിവാക്കാൻ ആഗ്രഹിച്ചു. ദൈവത്തിന്റെ പ്രവാചകൻ പിന്നീടു പ്രസ്‌താവിച്ചപ്രകാരം അവൻ “യഹോവയാൽ പഠിപ്പിക്ക”പ്പെടാനാഗ്രഹിച്ചു. (യെശയ്യാവു 54:13) ദാവീദിനു തന്റെ നാളിൽ ലഭ്യമായിരുന്ന ബൈബിളിന്റെ ഒൻപതു പുസ്‌തകങ്ങളെക്കുറിച്ചു മാത്രമേ ധ്യാനിക്കാൻ കഴിഞ്ഞിരിക്കയുള്ളു. എന്നിരുന്നാലും, യഹോവയിൽനിന്നുള്ള ആ പ്രബോധനം അവനു വിലയേറിയതായിരുന്നു! പഠിപ്പിക്കപ്പെടുമ്പോൾ, ഇന്നു നമുക്കു ബൈബിളിലെ 66 പുസ്‌തകങ്ങളുടെയും അതുപോലെതന്നെ “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിലൂടെ പ്രദാനംചെയ്യപ്പെടുന്ന സമൃദ്ധമായ രാജ്യസാഹിത്യങ്ങളുടെയും വിരുന്നാസ്വദിക്കാൻ കഴിയും. (മത്തായി 24:45, NW) ദാവീദിനെപ്പോലെ, “ദൈവം തന്നെ സ്‌നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു . . . ദൈവത്തിന്റെ ആഴങ്ങളെ”ത്തന്നെ ആരായാൻ യഹോവയുടെ ആത്മാവു നമ്മെ സഹായിക്കുന്നതിനു നമുക്കു യഹോവയെ വിളിച്ചപേക്ഷിക്കാം.—1 കൊരിന്ത്യർ 2:9, 10.
3. ബൈബിൾ പ്രബോധനത്തിന് ഏതു വിധങ്ങളിൽ നമുക്കു പ്രയോജനംചെയ്യാൻ കഴിയും?
3 നമ്മുടെ ജീവിതത്തിൽ പൊന്തിവന്നേക്കാവുന്ന ഏതു ചോദ്യത്തിനും പ്രശ്‌നത്തിനുമുള്ള ഉത്തരം ബൈബിളിലുണ്ട്. എന്തെന്നാൽ “മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിനായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നുതന്നെ എഴുതിയിരിക്കുന്നു.” (റോമർ 15:4) യഹോവയിൽനിന്നുള്ള പ്രബോധനം സ്വീകരിക്കുന്നതു പ്രയാസങ്ങൾ സഹിക്കുന്നതിനു നമ്മെ സഹായിക്കുകയും മ്ലാനതയുടെ സമയങ്ങളിൽ നമ്മെ ആശ്വസിപ്പിക്കുകയും നമ്മുടെ ഹൃദയങ്ങളിൽ രാജ്യപ്രത്യാശയെ ഉജ്ജ്വലത്താക്കിനിർത്തുകയും ചെയ്യും. ദൈവവചനം വായിക്കുന്നതിലും “രാപ്പകൽ” അതിനെക്കുറിച്ചു ധ്യാനിക്കുന്നതിലും നമുക്ക് ഉല്ലാസം കണ്ടെത്താം, എന്തുകൊണ്ടെന്നാൽ ബൈബിളധിഷ്‌ഠിതജ്ഞാനം “പിടിച്ചുകൊള്ളുന്നവർക്കു അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാൻമാർ.”—സങ്കീർത്തനം 1:1-3; സദൃശവാക്യങ്ങൾ 3:13-18; യോഹന്നാൻ 17:3 കൂടെ കാണുക.
4. നമ്മുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചു യേശു നമുക്കുവേണ്ടി എന്തു മാതൃകവെച്ചു?
4 “ദാവീദിന്റെ പുത്രൻ” എന്നുകൂടെ വിളിക്കപ്പെടുന്ന ദൈവപുത്രനായ യേശു പ്രബോധനത്തിനുവേണ്ടി എല്ലായ്‌പ്പോഴും യഹോവയിലേക്കു നോക്കി. (മത്തായി 9:27)a അവൻ പറഞ്ഞു: “പിതാവു ചെയ്‌തുകാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്‌വാൻ കഴികയില്ല; അവൻ ചെയ്യുന്നതു എല്ലാം പുത്രനും അങ്ങനെതന്നെ ചെയ്യുന്നു.” “ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചു തന്നതുപോലെ ഇതു സംസാരിക്കുന്നു.” (യോഹന്നാൻ 5:19; 8:28) യേശു നാം “അവന്റെ കാൽചുവടു പിന്തുടരുവാൻ” ഒരു മാതൃക വെച്ചു. (1 പത്രൊസ് 2:21) ഒന്നു ചിന്തിക്കുക! യേശു ചെയ്‌തിരിക്കാവുന്നതുപോലെ നാം പഠിക്കുകയാണെങ്കിൽ നാം എങ്ങനെ പ്രവർത്തിക്കണമെന്നു യഹോവ ആഗ്രഹിക്കുന്നുവോ അതുപോലെ ഏതു സാഹചര്യത്തിലും പ്രവർത്തിക്കാൻ നാം പ്രാപ്‌തരായിരിക്കും. യഹോവയുടെ വഴിയാണ് എല്ലായ്‌പ്പോഴും ശരിയായ വഴി.
5. “സത്യം” എന്നാൽ എന്താണ്?
5 അടുത്തതായി, “ഞാൻ നിന്റെ സത്യത്തിൽ നടക്കും” എന്നു ദാവീദു പ്രഖ്യാപിക്കുന്നു. (സങ്കീർത്തനം 86:11) ഒരു ആയിരം വർഷം കഴിഞ്ഞ്, പീലാത്തോസ് ദാവീദിന്റെ പുത്രനായ യേശുവിനെ സംബോധനചെയ്‌തുകൊണ്ടു “സത്യം എന്നാൽ എന്തു” എന്നു ചോദിച്ചു. എന്നാൽ തന്റെ രാജ്യം “ഈ ലോകത്തിന്റെ ഭാഗമല്ല” എന്നു പീലാത്തോസിനോടു പറഞ്ഞുകൊണ്ടു യേശു ആ ചോദ്യത്തിന് ഉത്തരം പറഞ്ഞുകഴിഞ്ഞിരുന്നു, ഇങ്ങനെ കൂട്ടിച്ചേർത്തുകൊണ്ട്: “നീ പറഞ്ഞതുപോലെ ഞാൻ രാജാവുതന്നെ; സത്യത്തിന്നു സാക്ഷിനില്‌ക്കേണ്ടതിന്നു ഞാൻ ജനിച്ചു അതിന്നായി ലോകത്തിൽ വന്നുമിരിക്കുന്നു.” (യോഹന്നാൻ 18:33-38) അങ്ങനെ യേശു, സത്യം മിശിഹൈകരാജ്യത്തിൽ കേന്ദ്രീകരിക്കുന്നുവെന്നു അറിയിച്ചു. തീർച്ചയായും, ബൈബിളിന്റെ മുഴു പ്രതിപാദ്യവിഷയവും ആ രാജ്യം മുഖാന്തരമുള്ള യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണമാണ്.—യെഹെസ്‌ക്കേൽ 38:23; മത്തായി 6:9, 10; വെളിപ്പാടു 11:15.
6. സത്യത്തിൽ നടക്കുമ്പോൾ, നാം എന്തിനെക്കുറിച്ചു ജാഗ്രതയുള്ളവരായിരിക്കണം?
6 സത്യത്തിൽ നടക്കുക എന്നതിന്റെ അർത്ഥം എന്താണ്? സത്യത്തിൽ നടക്കുകയെന്നാൽ രാജ്യപ്രത്യാശയെ നമ്മുടെ ജീവിതത്തിലെ മുഖ്യതാത്‌പര്യമാക്കുകയെന്നാണ്. നാം രാജ്യസത്യമനുസരിച്ചു ജീവിക്കണം. യേശുവിന്റെ മാതൃക അനുസരിച്ചുകൊണ്ടു നാം രാജ്യതാത്‌പര്യങ്ങളെ ഒന്നാമതു കരുതുന്നതിൽ അവിഭക്തരും രാജ്യസത്യത്തിനു സാക്ഷ്യം വഹിക്കുന്നതിൽ നമ്മുടെ അവസരങ്ങൾക്കനുസൃതമായി തീക്ഷ്‌ണതയുള്ളവരുമായിരിക്കണം. (മത്തായി 6:33; യോഹന്നാൻ 18:37) കേവലം നാമമാത്ര സേവനം അർപ്പിച്ചുകൊണ്ടു സമയത്തിന്റെ ഒരംശം സത്യത്തിൽ നടക്കാനും എന്നാൽ അമിതവിനോദത്തിലേർപ്പെടാനോ സമയം കൊല്ലുന്ന ഒരു ജീവിതവൃത്തിയിലേർപ്പെടാനോ “ധനത്തിനുവേണ്ടി . . . അടിമവേല ചെയ്യാനോ” വഴിമാറിപ്പൊയ്‌ക്കൊണ്ട് നമ്മേത്തന്നെ പ്രസാദിപ്പിക്കാനോ പാടില്ല. (മത്തായി 6:24, NW) നാം ആ ചുററുവഴികളിലൊന്നിൽ വഴിതെററിപ്പോയേക്കാം, അങ്ങനെ തിരികെ ‘ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ വഴി’ ഒരിക്കലും കണ്ടെത്താതിരുന്നേക്കാം. നമുക്ക് ഒരിക്കലും ആ വഴിയിൽനിന്നു മാറിപ്പോകാതിരിക്കാം! (മത്തായി 7:13, 14) നമ്മുടെ മഹോപദേഷ്ടാവായ യഹോവ തന്റെ വചനവും സ്ഥാപനവും മുഖാന്തരം വഴിയിൽ വെളിച്ചം കാട്ടിക്കൊണ്ടു പറയുന്നു: “നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.”—യെശയ്യാവു 30:21.
ഒരു ഉചിതമായ ഭയം
7. നമുക്ക് എങ്ങനെ നമ്മുടെ ഹൃദയങ്ങളെ “ഏകാഗ്രമാ”ക്കാം?
7 ദാവീദിന്റെ പ്രാർത്ഥന 11-ാം വാക്യത്തിൽ തുടരുന്നു: “നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.” ദാവീദിനെപ്പോലെ, നമ്മുടെ ഹൃദയങ്ങൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിൽ അവിഭക്തമായിരിക്കാൻ, പൂർണ്ണമായിരിക്കാൻ, നാം ആഗ്രഹിക്കണം. ഇതു മോശയുടെ ബുദ്ധിയുപദേശത്തിനു ചേർച്ചയായിട്ടാണ്: “ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാ വഴികളിലും നടക്കുകയും അവനെ സ്‌നേഹിക്കുകയും നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ സേവിക്കുകയും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ ചട്ടങ്ങളും കല്‌പനകളും നിന്റെ നൻമക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നതു എന്തു?” (ആവർത്തനം 10:12, 13) നാം യഹോവയുടെ സേവനത്തിൽ നമ്മുടെ മുഴുഹൃദയവും മുഴുമനസ്സും വ്യാപരിപ്പിക്കുന്നതു തീർച്ചയായും നമ്മുടെ നൻമക്കാണ്. അങ്ങനെ നാം അവന്റെ വിശ്രുതമായ നാമത്തോടുള്ള ഉചിതമായ ഭയം പ്രകടമാക്കുന്നു. യഹോവയുടെ നാമത്തിന്റെ അക്ഷരീയാർത്ഥം “ആയിത്തീരുവാൻ അവൻ ഇടയാക്കുന്നു” എന്നാണ്, വിശേഷാൽ അവന്റെ മഹത്തായ ഉദ്ദേശ്യങ്ങളെ പൂർത്തീകരിക്കുന്നതുസംബന്ധിച്ച്. അതു സർവ്വ അഖിലാണ്ഡത്തിൻമേലുമുള്ള അവന്റെ പരമോന്നതാധികാരത്തെയും പ്രതിനിധാനം ചെയ്യുന്നു. ദൈവത്തിന്റെ പ്രതാപത്തോടുള്ള ഭയാദരവിൽ സേവിക്കുമ്പോൾ നാം മർത്ത്യരായ മനുഷ്യരോടുള്ള ഭയത്താൽ വ്യതിചലിപ്പിക്കപ്പെടുകയില്ല. നമ്മുടെ ഹൃദയങ്ങൾ വിഭജിതമാകുകയില്ല. മറിച്ച്, നമ്മുടെ ജീവൻതന്നെ ആരുടെ കൈയിലാണോ ആ പരമോന്നത ന്യായാധിപതിയും പരമാധികാരകർത്താവുമായ യഹോവയെ അപ്രീതിപ്പെടുത്തുന്ന എന്തെങ്കിലും ചെയ്യുന്നതിനു നമുക്കു ഭയമുണ്ടായിരിക്കും.—യെശയ്യാവു 12:2; 33:22.
8, 9. (എ) “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കുന്നതിന്റെ അർത്ഥമെന്താണ്? (ബി) നാം “ഒരു കൂത്തുകാഴ്‌ച”യായിരിക്കുന്നതുകൊണ്ടു നാം ഏതു നടപടികൾ സ്വീകരിക്കണം?
8 നിന്ദയും പീഡനവും സഹിച്ചുകൊണ്ടുപോലും നമുക്കു ചുററുമുള്ള ദുഷ്ടലോകത്തിന്റെ ഭാഗമായിരിക്കാത്തതിൽ നാം യേശുവിന്റെ നിർഭയമായ ദൃഷ്ടാന്തം അനുസരിക്കും. (യോഹന്നാൻ 15:17-21) യേശുവിന്റെ ശിഷ്യൻമാർ സന്യാസിമാരായി ജീവിക്കണമെന്നോ ഒരു സന്യാസിമഠത്തിൽ ഒളിച്ചിരിക്കണമെന്നോ അതിനർത്ഥമില്ല. യേശു തന്റെ പിതാവിനോടുള്ള പ്രാർത്ഥനയിൽ ഇങ്ങനെ പറഞ്ഞു: “അവരെ ലോകത്തിൽനിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കൈയിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു. ഞാൻ ലൌകികനല്ലാത്തതുപോലെ (ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ, NW) അവരും ലൌകികൻമാരല്ല. സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ; നിന്റെ വചനം സത്യമാകുന്നു. നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.” (യോഹന്നാൻ 17:15-18) യേശുവിനെപ്പോലെ, രാജ്യസത്യം ഘോഷിക്കാൻ നാം അയക്കപ്പെടുന്നു. യേശു സമീപിക്കാവുന്നവനായിരുന്നു. ആളുകൾ അവന്റെ പഠിപ്പിക്കൽരീതിയിൽ ആശ്വാസമനുഭവിച്ചു. (മത്തായി 7:28, 29 താരതമ്യപ്പെടുത്തുക; 11:28, 29; യോഹന്നാൻ 7:46.) നമ്മേസംബന്ധിച്ചും അങ്ങനെയായിരിക്കണം.
9 നമ്മുടെ തുറന്ന സൗഹൃദവും അഭിരുചിയോടുകൂടിയ ചമയവും പ്രകൃതിയും ദയാപൂർവകവും നിർമ്മലവുമായ സംഭാഷണവും നീതിഹൃദയികളായ ആളുകൾക്കു നമ്മെയും നമ്മുടെ സന്ദേശത്തെയും സ്വീകാര്യമാക്കേണ്ടതാണ്. നാം അലക്ഷ്യതയും അവിനീതമായ വസ്‌ത്രധാരണവും ലൗകികമായ ബന്ധപ്പെടലുകളിലേക്കു നയിക്കാവുന്ന സഹവാസങ്ങളും നമുക്കു ചുററും കാണുന്ന അഴിഞ്ഞ, തത്ത്വരഹിതമായ ജീവിതരീതിയും വർജ്ജിക്കണം. നാം “ലോകത്തിന്നു, ദൂതൻമാർക്കും മനുഷ്യർക്കുംതന്നെ, കൂത്തുകാഴ്‌ചയായി തീർന്നിരിക്കയാൽ” ദൈവത്തെ സേവിക്കുന്നതിനും മാതൃകായോഗ്യരായ ക്രിസ്‌ത്യാനികളായി ജീവിക്കുന്നതിനും ഓരോ ദിവസവും 24 മണിക്കൂറും നാം കർത്തവ്യനിരതരാണ്. (1 കൊരിന്ത്യർ 4:9; എഫെസ്യർ 5:1-4; ഫിലിപ്പിയർ 4:8, 9; കൊലൊസ്സ്യർ 4:5, 6) ഈ ഉദ്ദേശ്യത്തിൽ നമ്മുടെ ഹൃദയം ഏകാഗ്രമായിരിക്കണം.
10. വിശുദ്ധ സേവനത്തിൽ തങ്ങളുടെ ഹൃദയങ്ങളെ ഏകാഗ്രമാക്കുന്നവരെ യഹോവ ഓർക്കുന്നതെങ്ങനെ?
10 യഹോവയുടെ നാമത്തോടുള്ള ഭയത്തിൽ ഹൃദയങ്ങളെ ഏകാഗ്രമാക്കുകയും അവന്റെ മഹത്തായ ഉദ്ദേശ്യങ്ങളെക്കുറിച്ചു ധ്യാനിക്കുകയും നമ്മുടെ ജീവിതത്തെ പവിത്ര സേവനംകൊണ്ടു നിറക്കുകയും ചെയ്യുന്ന നാം യഹോവയാൽ ഓർമ്മിക്കപ്പെടും. “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തൻമാരായിരിക്കുന്നവർക്കുവേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” (2 ദിനവൃത്താന്തം 16:9) പ്രാവചനികമായി നമ്മുടെ നാളിനെ പരാമർശിച്ചുകൊണ്ടു മലാഖി 3:16 ഇങ്ങനെ വായിക്കപ്പെടുന്നു: “യഹോവാഭക്തൻമാർ തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവാഭക്തൻമാർക്കും (യഹോവയെ ഭയപ്പെടുന്നവർക്കും, NW) അവന്റെ നാമത്തെ സ്‌മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്‌മരണപുസ്‌തകം എഴുതിവെച്ചിരിക്കുന്നു.” നമ്മുടെ ഹൃദയങ്ങൾ ആ ആരോഗ്യാവഹമായ യഹോവാഭയത്തിൽ ഏകാഗ്രമായിരിക്കട്ടെ!
യഹോവയുടെ സ്‌നേഹദയ
11. യഹോവയുടെ സ്‌നേഹദയ വിശ്വസ്‌തൻമാരുടെ നേരെ എങ്ങനെ പ്രകടമാക്കപ്പെടും?
11 ദാവീദിന്റെ പ്രാർത്ഥന എത്ര വികാരതീക്ഷ്‌ണമാണ്: “എന്റെ ദൈവമായ കർത്താവേ, (യഹോവേ, NW) ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്‌തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും. എന്നോടുള്ള നിന്റെ ദയ (സ്‌നേഹദയ, NW) വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തിൽനിന്നു രക്ഷിച്ചിരിക്കുന്നു.” (സങ്കീർത്തനം 86:12, 13) ഈ സങ്കീർത്തനത്തിൽ രണ്ടാം പ്രാവശ്യം ദാവീദു യഹോവയെ അവന്റെ സ്‌നേഹദയ, വിശ്വസ്‌തസ്‌നേഹം, നിമിത്തം സ്‌തുതിക്കുന്നു. അസാദ്ധ്യമെന്നു തോന്നുന്ന സാഹചര്യങ്ങളിൽപോലും രക്ഷിക്കാൻ കഴിയത്തക്കവണ്ണം ഈ സ്‌നേഹം അത്ര വലുതാണ്. ശൗൽ ദാവീദിനെ വിജനപ്രദേശത്തു വേട്ടയാടിക്കൊണ്ടിരുന്നപ്പോൾ ഒരു മൂലയിലേക്കു വലിഞ്ഞ് മരിച്ചാൽ കൊള്ളാമെന്ന് അവൻ വിചാരിച്ചിരിക്കാം. അത് അധമപാതാളവുമായി—ശവക്കുഴിയുടെ ആഴങ്ങളുമായി—മുഖാമുഖം വരുന്നതുപോലെയായിരുന്നു. എന്നാൽ യഹോവ അവനെ വിടുവിച്ചു! അതുപോലെതന്നെ യഹോവ തന്റെ ആധുനികനാളിലെ ദാസൻമാർക്കു മിക്കപ്പോഴും അത്യത്ഭുതകരമായ വിധങ്ങളിൽ ആശ്വാസം കൈവരുത്തിയിട്ടുണ്ട്, അവൻ മരണത്തോളംപോലും വിശ്വസ്‌തമായി സഹിച്ചുനിന്നിട്ടുള്ള നിർമ്മലതാപാലകരെയും പുലർത്തിയിട്ടുണ്ട്. സകല വിശ്വസ്‌തർക്കും പ്രതിഫലം ലഭിക്കും, ആവശ്യമെങ്കിൽ ഒരു പുനരുത്ഥാനത്താൽപോലും.—ഇയ്യോബ് 1:6-12; 2:1-6, 9, 10; 27:5; 42:10; സദൃശവാക്യങ്ങൾ 27:11; മത്തായി 24:9, 13; വെളിപ്പാടു 2:10.b
12. വൈദികർ എങ്ങനെ ഗർവിഷ്‌ഠരും ക്രൂരഭരണാധികാരികളുമായിരിക്കുന്നു, അവരുടെ പ്രതിഫലം എന്തായിരിക്കും?
12 പീഡകരെസംബന്ധിച്ചു ദാവീദ് ഇങ്ങനെ അഭ്യർത്ഥിക്കുന്നു: “ദൈവമേ, അഹങ്കാരികൾ എന്നോടു എതിർത്തിരിക്കുന്നു. ഘോരൻമാരുടെ കൂട്ടം എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. അവർ നിന്നെ ലക്ഷ്യമാക്കുന്നുമില്ല.” (സങ്കീർത്തനം 86:14) ഇന്ന്, പീഡകരിൽ ക്രൈസ്‌തവലോകത്തിലെ വൈദികർ ഉൾപ്പെട്ടിരിക്കുന്നു. ഇവർ ദൈവത്തെ ആരാധിക്കുന്നുവെന്നു സങ്കൽപ്പിക്കുന്നുവെങ്കിലും അവന്റെ വിശുദ്ധനാമത്തിനു പകരം “കർത്താവ്” എന്ന സ്ഥാനപ്പേർ വെക്കുകയും യഥാർത്ഥത്തിൽ ബൈബിളിലൊരിടത്തും പറഞ്ഞിട്ടില്ലാത്ത ദുർജ്ഞേയമായ ഒരു ത്രിത്വമായി അവനെ അവതരിപ്പിക്കുകയും ചെയ്യുന്നു. എത്ര ധിക്കാരപരം! ഇതിനും പുറമേ, അവർ യഹോവയുടെ സാക്ഷികളെ നിയമഭ്രഷ്ടരാക്കാനും തടവിലാക്കാനും രാഷ്‌ട്രീയ അധികാരങ്ങളെ പ്രേരിപ്പിക്കാൻ ശ്രമിക്കുന്നു, അതിശയംജനിപ്പിക്കുമാറ് ഭൂമിക്കു ചുററും നിരവധി രാജ്യങ്ങളിൽ ഇപ്പോഴും അതുതന്നെയാണല്ലോ ചെയ്യപ്പെടുന്നത്. കുപ്പായമിട്ടുകൊണ്ടു ദൈവനാമത്തെ ദുഷിക്കുന്ന ഇവരും ഒപ്പം മഹാബാബിലോന്റെ സകല വേശ്യാതുല്യ ഭാഗങ്ങളും പ്രതിഫലം വാങ്ങും.—വെളിപ്പാടു 17:1, 2, 15-18; 19:1-3.
13. യഹോവ തന്റെ നൻമ പ്രസിദ്ധമാക്കുന്നതിൽ ഏതു ഗുണങ്ങൾ പ്രകടമാക്കുന്നു?
13 സന്തോഷപ്രദമായ വ്യത്യാസം കാട്ടിക്കൊണ്ടു ദാവീദിന്റെ പ്രാർത്ഥന തുടരുന്നു: “നീയോ കർത്താവേ, (യഹോവേ, NW) കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്‌തതയുമുള്ളവൻ തന്നേ.” (സങ്കീർത്തനം 86:15) തീർച്ചയായും, നമ്മുടെ ദൈവത്തിന്റെ അങ്ങനെയുള്ള ഗുണങ്ങൾ അതിവിശിഷ്ടമാണ്. ഈ വാക്കുകൾ യഹോവയുടെ മഹത്വം കാണണമെന്നു മോശ അപേക്ഷിച്ചടമായ സീനായിമലയിങ്കലേക്കു നമ്മെ പിറകോട്ടുകൊണ്ടുപോകുന്നു. യഹോവ ഇങ്ങനെ മറുപടി പറഞ്ഞു: “ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും.” എന്നാൽ അവൻ മോശക്ക് ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “നിനക്കു എന്റെ മുഖം കാൺമാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല.” അതിനുശേഷം, യഹോവ മേഘത്തിൽ ഇറങ്ങുകയും ഇങ്ങനെ ഘോഷിക്കുകയും ചെയ്‌തു: “യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്‌തതയുമുള്ളവൻ.” (പുറപ്പാടു 33:18-20; 34:5, 6) ദാവീദു തന്റെ പ്രാർത്ഥനയിൽ ഈ വാക്കുകൾ ഉദ്ധരിച്ചു. അങ്ങനെയുള്ള യഹോവയുടെ ഗുണങ്ങൾ ഏതു ശാരീരിക പ്രകൃതിയെക്കാളും വളരെയധികം അർത്ഥവത്താണ്! നമ്മുടെ സ്വന്തം അനുഭവത്തിൽനിന്ന്, ഈ നല്ല ഗുണങ്ങളിലൂടെ ഉദാഹരിക്കപ്പെട്ട യഹോവയുടെ നൻമയെ നാം വിലമതിക്കുന്നില്ലേ?
“നൻമെക്കായി ഒരു അടയാളം”
14, 15. യഹോവ തന്റെ ദാസൻമാർക്കുവേണ്ടി “നൻമെക്കായി ഒരു അടയാളം” കൊടുക്കുന്നതെങ്ങനെ?
14 ദാവീദു വീണ്ടും യഹോവയുടെ അനുഗ്രഹം അഭ്യർത്ഥിക്കുന്നു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപയുണ്ടാകേണമേ; നിന്റെ ദാസന്നു നിന്റെ ശക്തി തന്നു, നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കേണമേ. എന്നെ പകെക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിന്നു നൻമെക്കായി ഒരു അടയാളം എനിക്കു തരേണമേ; യഹോവേ, നീ എന്നെ സഹായിച്ചു ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.” (സങ്കീർത്തനം 86:16, 17) ‘യഹോവയുടെ ദാസിയുടെ പുത്രനെ’ന്നനിലയിൽ താനും യഹോവക്കുള്ളവനായിരിക്കണമെന്നു ദാവീദ് തിരിച്ചറിയുന്നു. നമ്മുടെ ജീവനെ യഹോവക്കും അവന്റെ സേവനത്തിൽ അടിമവേല ചെയ്യുന്നവർക്കുമായി സമർപ്പിച്ചിരിക്കുന്ന നമ്മേയെല്ലാംസംബന്ധിച്ച് അങ്ങനെതന്നെയാണ്. യഹോവയുടെ പരിശുദ്ധാത്മാവുമുഖാന്തരമുള്ള അവന്റെ രക്ഷിക്കൽശക്തി നമുക്കാവശ്യമാണ്. തന്നിമിത്തം “നൻമെക്കായി ഒരു അടയാളം” നമുക്കു തരാൻ നാം നമ്മുടെ ദൈവത്തോടു അപേക്ഷിക്കുന്നു. യഹോവയുടെ നൻമയിൽ നാം ചർച്ചചെയ്‌തുകഴിഞ്ഞ നല്ല ഗുണങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യഹോവ നമുക്ക് എന്ത് അടയാളം നൽകുമെന്നു നമുക്കു പ്രതീക്ഷിക്കാൻ കഴിയും?
15 യഹോവ “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” നൽകുന്നവനാണ്, “തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ” കൊടുക്കുന്നതുസംബന്ധിച്ചു യേശു നമുക്ക് ഉറപ്പുനൽകുന്നതുപോലെ ഉദാരനുമാണ്. (യാക്കോബ് 1:17; ലൂക്കൊസ് 11:13) പരിശുദ്ധാത്മാവ്—യഹോവയിൽനിന്നുള്ള എന്തൊരു അമൂല്യദാനം! പരിശുദ്ധാത്മാവു മുഖേന യഹോവ പീഡനസമയത്തുപോലും ഹൃദയസന്തോഷം നൽകുന്നു. തന്നിമിത്തം, തങ്ങളുടെ ജീവനുവേണ്ടി നടന്ന വിസ്‌താരസമയത്ത്, ദൈവം തന്നെ ഭരണാധികാരിയായി അനുസരിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ കൊടുക്കുന്നുവെന്നു യേശുവിന്റെ അപ്പോസ്‌തലൻമാർക്കു സന്തോഷപൂർവം പ്രഖ്യാപിക്കാൻ കഴിഞ്ഞു. (പ്രവൃത്തികൾ 5:27-32) പരിശുദ്ധാത്മാവിന്റെ സന്തോഷം അവർക്കു തുടർച്ചയായി “നൻമെക്കായി ഒരു അടയാളം” കൊടുത്തു.—റോമർ 14:17, 18.
16, 17. (എ) യഹോവ പൗലോസിനും ബർന്നബാസിനും തന്റെ നൻമയുടെ എന്തടയാളം കൊടുത്തു? (ബി) പീഡിപ്പിക്കപ്പെട്ട തെസ്സലോന്യർക്ക് എന്ത് അടയാളം കൊടുക്കപ്പെട്ടു?
16 ഏഷ്യാമൈനറിലൂടെയുള്ള തങ്ങളുടെ മിഷനറിപര്യടനവേളയിൽ പൗലോസിനും ബർന്നബാസിനും പ്രയാസങ്ങൾ, കഠിനപീഡനം പോലും, അനുഭവപ്പെട്ടു. അവർ പിസിദ്യയിലെ അന്ത്യോക്യയിൽ പ്രസംഗിച്ചപ്പോൾ, യഹൂദൻമാർ അവരുടെ സന്ദേശത്തെ നിരസിച്ചു. അതുകൊണ്ട് അവർ ജനതകളിലെ ആളുകളിലേക്കു തിരിഞ്ഞു. എന്തു ഫലമുണ്ടായി? “ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ (നിത്യജീവന് ശരിയായ പ്രകൃതമുണ്ടായിരുന്നവർ, NW) എല്ലാവരും വിശ്വസിച്ചു.” എന്നാൽ യഹൂദൻമാർ ബഹളമുണ്ടാക്കി, തന്നിമിത്തം ആ മിഷനറിമാർ രാജ്യത്തുനിന്നു ബഹിഷ്‌ക്കരിക്കപ്പെട്ടു. അവരും പുതിയ വിശ്വാസികളും ഇതിങ്കൽ ഭഗ്നാശരായോ? തീർച്ചയായുമില്ല! മറിച്ച്, “ശിഷ്യൻമാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.” (പ്രവൃത്തികൾ 13:48, 52) യഹോവ നൻമയുടെ ആ അടയാളം അവർക്കു കൊടുത്തു.
17 പിന്നീടു തെസ്സലോനീക്യയിലെ പുതിയ സഭ പീഡനത്തിനു വിധേയമാക്കപ്പെട്ടു. ഇതു ക്ലേശാനുഭവത്തിലെ അവരുടെ സഹനത്തിന് അവരെ അനുമോദിച്ചുകൊണ്ട് അപ്പോസ്‌തലനായ പൗലോസ് ആശ്വാസത്തിന്റെ ഒരു ലേഖനം അവർക്കെഴുതാനിടയാക്കി. അവർ “ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു.” (1 തെസ്സലോനീക്യർ 1:6) “പരിശുദ്ധാത്മാവിന്റെ സന്തോഷം” കരുണാപൂർണ്ണനും കൃപാലുവും കോപത്തിനു താമസമുള്ളവനും സ്‌നേഹദയയിലും സത്യതയിലും സമൃദ്ധനുമായ ദൈവത്തിൽനിന്നുള്ള സ്‌പഷ്ടമായ ഒരു അടയാളമെന്ന നിലയിൽ അവരെ തുടർന്നു ബലപ്പെടുത്തിക്കൊണ്ടിരുന്നു.
18. പൂർവ യൂറോപ്പിലെ നമ്മുടെ സഹോദരൻമാർ യഹോവയുടെ നൻമയോടു വിലമതിപ്പു പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
18 സമീപകാലങ്ങളിൽ, പൂർവ യൂറോപ്പിലെ നമ്മുടെ വിശ്വസ്‌തസഹോദരങ്ങളെ ദ്വേഷിച്ചിരുന്നവരെ—അവരുടെ മുൻപീഡകരെ—ലജ്ജിപ്പിച്ചുകൊണ്ടു യഹോവ അവരോടുള്ള തന്റെ നൻമ പ്രകടമാക്കിയിരിക്കുന്നു. ദശാബ്ദങ്ങളിലെ മർദ്ദനത്തിൽനിന്ന് അടുത്ത കാലത്തു വിമോചിതരായെങ്കിലും ഈ പ്രിയപ്പെട്ട സഹോദരങ്ങൾ ഇപ്പോഴും സഹിച്ചുനിൽക്കേണ്ടിയിരിക്കുന്നു, എന്തുകൊണ്ടെന്നാൽ അവർ കടുത്ത സാമ്പത്തികപ്രയാസങ്ങളെ അഭിമുഖീകരിക്കുകയാണ്. എന്നിരുന്നാലും അവരുടെ “പരിശുദ്ധാത്മാവിന്റെ സന്തോഷം” അവരെ ആശ്വസിപ്പിക്കുന്നു. സാക്ഷീകരണത്തെ വിപുലപ്പെടുത്തുന്നതിനു തങ്ങളുടെ പുതുതായി കണ്ടെത്തിയ സ്വാതന്ത്ര്യങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ കൂടിയ എന്തു സന്തോഷം അവർക്കുണ്ടായിരിക്കാൻ കഴിയും? കൺവെൻഷനുകളും സ്‌നാപനങ്ങളും സംബന്ധിച്ച റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നതുപോലെ, അനേകർ അവരെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു.—പ്രവൃത്തികൾ 9:31 താരതമ്യപ്പെടുത്തുക; 13:48.
19. നമുക്കു സങ്കീർത്തനം 86:11-ലെ വാക്കുകൾ നമ്മുടെ സ്വന്തംതന്നെ ആക്കാവുന്നതെങ്ങനെ?
19 ഈ ലേഖനത്തിലും മുൻലേഖനത്തിലും പരിചിന്തിക്കപ്പെട്ടതെല്ലാം യഹോവയോടുള്ള ദാവീദിന്റെ വികാരതീക്ഷ്‌ണമായ പ്രാർത്ഥനയെ പ്രതിദ്ധ്വനിപ്പിക്കുന്നു: “യഹോവേ . . . എന്നെ പഠിപ്പിക്കേണമേ. . . . നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.” (സങ്കീർത്തനം 86:11, NW) രാജ്യതാത്‌പര്യങ്ങളെ പിന്താങ്ങിക്കൊണ്ടും നമ്മുടെ ഏക ദൈവമായ പരമാധികാരിയാം കർത്താവായ യഹോവയുടെ വററിപ്പോകാത്ത നൻമയോടുള്ള വിലമതിപ്പിലും നാം മുഴുഹൃദയത്തോടെ പ്രവർത്തിക്കുമ്പോൾ 1993-ലെ നമ്മുടെ വാർഷികവാക്യത്തിലെ ആ വാക്കുകളെ നമുക്കു സ്വന്തംതന്നെയാക്കാം. (w92 12/15)
[അടിക്കുറിപ്പ്]
a മുൻകൂട്ടിപ്പറയപ്പെട്ട “സന്തതി”യെന്ന നിലയിൽ യേശു ദാവീദികരാജ്യത്തിന്റെ അവകാശിയും തന്നിമിത്തം അക്ഷരീയമായ അർത്ഥത്തിലും ആത്മീയമായ അർത്ഥത്തിലും “ദാവീദിന്റെ പുത്രനു”മായിരുന്നു.—ഉല്‌പത്തി 3:15; സങ്കീർത്തനം 89:29, 34-37.
b ആധുനികകാല ദൃഷ്ടാന്തങ്ങൾക്ക്, യഹോവയുടെ സാക്ഷികളുടെ വാർഷികപ്പുസ്‌തകത്തിന്റെ 1974-ലെ പതിപ്പിന്റെ 113-212 പേജുകൾ; 1985-ലേതിന്റെ 194-7 പേജുകൾ; 1986-ലേതിന്റെ 237-8 പേജുകൾ; 1988-ലേതിന്റെ 182-5 പേജുകൾ; 1990-ലേതിന്റെ 171-2 പേജുകൾ; 1992-ലേതിന്റെ 174-81 പേജുകൾ എന്നിവ കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ “യഹോവേ, . . . എന്നെ പഠിപ്പിക്കേണമേ” എന്നു പ്രാർത്ഥിക്കുന്നതിനാൽ നാം എന്തു സൂചിപ്പിക്കുന്നു?
◻ യഹോവയുടെ നാമത്തെ ഭയപ്പെടുവാൻ നമ്മുടെ ഹൃദയങ്ങൾ ഏകാഗ്രമാക്കപ്പെടുന്നതിനാൽ അർത്ഥമാക്കപ്പെടുന്നതെന്താണ്?
◻ യഹോവ തന്റെ സകല വിശ്വസ്‌തരോടും തന്റെ സ്‌നേഹദയ എങ്ങനെ പ്രകടമാക്കും?
◻ യഹോവ നമുക്ക് എങ്ങനെ “നൻമെക്കായി ഒരു അടയാളം” തരുന്നു?
[20-ാം പേജിലെ ചതുരം]
1993-ലെ വാർഷികവാക്യം: “യഹോവേ, . . . എന്നെ പ്രബോധിപ്പിക്കേണമെ. . . . നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.”—സങ്കീർത്തനം 86:11, NW.
[19-ാം പേജിലെ ചിത്രം]
സത്യത്തിൽ നേരായി നടക്കുന്നവർക്കു യഹോവ ഒരു പാറയും ഒരു കോട്ടയുമാകുന്നു
[22-ാം പേജിലെ ചിത്രം]
ജൂണിൽ റഷ്യയിലെ സെൻറ്‌പീറേറഴ്‌സ്‌ബർഗ്ഗിൽ നടന്ന യഹോവയുടെ സാക്ഷികളുടെ “പ്രകാശ വാഹകർ” സാർവദേശീയ കൺവെൻഷന് 46,214 പേർ ഹാജരാകുകയും 3,256 പേർ സ്‌നാപനമേൽക്കുകയും ചെയ്‌തു. എത്ര അത്ഭുതകരമായിട്ടാണ് ഇവർ “പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ” യഹോവയുടെ നൻമയെ പ്രയോജനപ്പെടുത്തുന്നത്!