നുണ പറയുന്നതു വളരെ എളുപ്പുമായിരിക്കുന്നതെന്തുകൊണ്ട്?
തന്നോടു നുണപറയുന്നത് ആരും ഇഷ്ടപ്പെടുന്നില്ല. എങ്കിലും വിവിധ കാരണങ്ങളാൽ ലോകത്തെവിടെയുമുള്ള ആളുകൾ അന്യോന്യം നുണപറയുന്നു. ജെയിംസ് പാറേറഴ്സനും പീററർ കിമും ചേർന്നെഴുതിയ ദ ഡേ അമേരിക്ക റേറാൾഡ് ദ ട്രൂത്ത് എന്ന പുസ്തകത്തിൽ വന്ന ഒരു സർവ്വേ, 91 ശതമാനം അമേരിക്കക്കാരും പതിവായി നുണപറയുന്നുവെന്നു വെളിപ്പെടുത്തി. എഴുത്തുകാർ ഇപ്രകാരം പ്രസ്താവിക്കുന്നു: “നുണ പറയാതെ ഒരു ആഴ്ച കഴിഞ്ഞുകൂടുന്നതു വളരെ പ്രയാസമാണെന്നു നമ്മിൽ മിക്കവരും കണ്ടെത്തുന്നു. അഞ്ചിൽ ഒരാൾക്ക് ഒരു ദിവസംപോലും അതിനു കഴിയുകയില്ല—നാം സംസാരിക്കുന്നതു ബോധപൂർവ്വം കരുതിക്കൂട്ടി പറയുന്ന നുണകളെക്കുറിച്ചാണ്.”
ആധുനികജീവിതത്തിന്റെ മിക്കവാറും എല്ലാ വശങ്ങളിലും നുണപറയുന്നത് ഒരു സാധാരണ നടപടിയാണ്. രാഷ്ട്രീയ നേതാക്കൻമാർ തങ്ങളുടെ ജനങ്ങളോടും അന്യോന്യവും നുണപറയുന്നു. വാസ്തവത്തിൽ അവർ ആഴമായി ഉൾപ്പെട്ടിട്ടുള്ള അപകീർത്തിപ്പെടുത്തുന്ന പദ്ധതികളുമായുള്ള ഏതു ബന്ധവും നിഷേധിച്ചുകൊണ്ട് അവർ വീണ്ടും വീണ്ടും ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നു. ലയിംഗ്—മോറൽ ചോയ്സ് ഇൻ പബ്ലിക് ആൻഡ് പ്രൈവററ് ലൈഫ് എന്ന തന്റെ പുസ്തകത്തിൽ സിസലാ ബോക് ഇപ്രകാരം നിരീക്ഷിക്കുന്നു: “നിയമത്തിലും പത്രപ്രവർത്തനത്തിലും, ഭരണകൂടത്തിലും സാമൂഹികശാസ്ത്രങ്ങളിലും വഞ്ചന സ്വീകാര്യമായി കണക്കാക്കപ്പെടുന്നു, നുണ പറയുന്നവർക്കും ചട്ടങ്ങൾ ഉണ്ടാക്കാൻ പ്രവണത കാണിക്കുന്നവർക്കും ക്ഷമിക്കാവുന്നതായി തോന്നുമ്പോൾതന്നെ.”
ഐക്യനാടുകളിൽ പറയപ്പെടുന്ന രാഷ്ട്രീയ നുണയെ പരാമർശിച്ചുകൊണ്ട് 1989 മെയ്⁄ജൂണിലെ കോമൺ കോസ് മാഗസിൻ ഇപ്രകാരം കുറിക്കൊണ്ടു: “ഭരണകൂടത്തിന്റെ വഞ്ചനയുടെയും പൊതുജനങ്ങളുടെ അവിശ്വാസത്തിന്റെയും കാര്യത്തിൽ ഇറാൻ-കോൺട്രാ തീർച്ചയായും വാട്ടർഗേററ് സംഭവത്തെയും വിയററ്നാം യുദ്ധത്തെയും വെല്ലുന്നതായിരുന്നു. അതുകൊണ്ടു റീഗന്റെ വർഷങ്ങളെ അത്ര വ്യത്യസ്തമാക്കിയതെന്താണ്? അനേകർ നുണപറഞ്ഞു, എന്നാൽ കുറച്ചുപേരേ പശ്ചാത്തപിച്ചുള്ളു.” അതുകൊണ്ട്, പൊതുജനം അവരുടെ രാഷ്ട്രീയ നേതാക്കളെ വിശ്വസിക്കാത്തതു മതിയായ ന്യായമുള്ളതുകൊണ്ടാണ്.
അന്താരാഷ്ട്രബന്ധങ്ങളിൽ അന്യോന്യം വിശ്വസിക്കുന്നത് പ്രയാസമായി അത്തരം നേതാക്കൾ കണ്ടെത്തുന്നു. ഗ്രീക്ക് തത്ത്വചിന്തകനായ പ്ലേറേറാ ഇപ്രകാരം കുറിക്കൊണ്ടു: “സംസ്ഥാനത്തിന്റെ ഭരണാധികാരികളെ . . . സംസ്ഥാനത്തിന്റെ നൻമക്കുവേണ്ടി നുണപറയാൻ അനുവദിക്കാവുന്നതാണ്.” സാർവ്വദേശീയ ബന്ധങ്ങളിൽ ദാനീയേൽ 11:27-ൽ ബൈബിൾ പറയുന്നതുപോലെതന്നെയാണ്: “[അവർ] ഒരേ മേശയിങ്കൽവെച്ചു ഭോഷ്ക്കു സംസാരിക്കും.”
വ്യാപാരലോകത്തിൽ ഉത്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും നുണപറയുന്നത് ഒരു സാധാരണ രീതിയാണ്. ചെറിയ അക്ഷരത്തിൽ എഴുതിച്ചേർത്തിരിക്കുന്നവയും വായിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം ജാഗ്രതയോടെവേണം ഉപഭോക്താക്കൾ ഉടമ്പടികളിൽ പ്രവേശിക്കാൻ. ആളുകളെ വ്യാജപ്രചരണത്തിൽനിന്നും പ്രയോജനപ്രദമോ നിരുപദ്രവകരമോ ആയി അവതരിപ്പിക്കപ്പെടുന്ന ദോഷകരമായ വ്യാപാരച്ചരക്കുകളിൽനിന്നും വഞ്ചനയിൽനിന്നും സംരക്ഷിക്കുന്നതിനു ചില രാജ്യങ്ങളിൽ ഗവൺമെൻറുതലത്തിൽതന്നെ നിയന്ത്രണ സംവിധാനങ്ങളുണ്ട്. ഈ ശ്രമങ്ങളെല്ലാം ഉണ്ടെങ്കിലും ആളുകൾ തുടർന്നും നുണപറയുന്ന വ്യാപാരികളാൽ സാമ്പത്തികമായി വലയുന്നു.
ചിലയാളുകൾക്കു നുണപറയുന്നതു സ്വാഭാവികമായിത്തീരുന്ന അളവോളം അത് അത്ര എളുപ്പമാണ്. മററുള്ളവർ സാധാരണഗതിയിൽ സത്യസന്ധരാണ്, എന്നാൽ ഗതിമുട്ടുമ്പോൾ അവർ നുണപറയും. ഏതു സാഹചര്യങ്ങളിലായാലും നുണ പറയാൻ വിസമ്മതിക്കുന്നവർ വിരളമാണ്.
ഒരു നുണ ഇപ്രകാരം നിർവ്വചിക്കപ്പെട്ടിരിക്കുന്നു, “1. ഒരു വ്യാജ പ്രസ്താവനയോ പ്രവർത്തനമോ, വിശേഷിച്ചും വഞ്ചിക്കാനുള്ള ലക്ഷ്യത്തിൽ നടത്തപ്പെട്ടത് . . . 2. ഒരു വ്യാജധാരണ നൽകുന്നതോ നൽകുവാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ എന്തെങ്കിലും.” നുണ പറയുന്ന ആൾക്കു സത്യമല്ലെന്ന് അറിയാവുന്ന എന്തെങ്കിലും മററുള്ളവരെ വിശ്വസിപ്പിക്കുക എന്നതാണു ലക്ഷ്യം. നുണകളോ അർദ്ധസത്യങ്ങളോ മുഖാന്തരം സത്യം അറിയാൻ അവകാശമുള്ളവരെ വഞ്ചിക്കാൻ അയാൾ ശ്രമിക്കുന്നു.
നുണ പറയുന്നതിന്റെ കാരണങ്ങൾ
ആളുകൾ നിരവധി കാരണങ്ങളാൽ നുണപറയുന്നു. ഈ മത്സരാത്മക ലോകത്തിൽ മുന്നേറുന്നതിനു തങ്ങളുടെ പ്രാപ്തികൾ സംബന്ധിച്ചു നുണപറയാൻ തങ്ങൾ ബാദ്ധ്യസ്ഥരാണെന്നു ചിലർ കരുതുന്നു. മററുള്ളവർ നുണപറഞ്ഞുകൊണ്ടു തെററുകളോ കുററങ്ങളോ മൂടിവെക്കാൻ ശ്രമിക്കുന്നു. തങ്ങൾ ചെയ്യാത്ത ജോലി ചെയ്തുവെന്ന ധാരണ കൊടുക്കാൻ മററുചിലർ വ്യാജ റിപ്പോർട്ടുകൾ കൊടുക്കുന്നു. മററുള്ളവരുടെ കീർത്തി നശിപ്പിക്കുന്നതിനോ, നാണക്കേട് ഒഴിവാക്കുന്നതിനോ, മുമ്പുപറഞ്ഞ നുണകൾ ന്യായീകരിക്കുന്നതിനോ ആളുകളുടെ കയ്യിൽനിന്നു പണം വഞ്ചിച്ചെടുക്കുന്നതിനോ വേണ്ടി നുണ പറയുന്നവരുമുണ്ട്.
നുണപറയുന്നതിനുള്ള ഒരു സാധാരണ ന്യായീകരണം അതു മറെറാരാളെ സംരക്ഷിക്കുന്നു എന്നതാണ്. അത് ആരെയും ദ്രോഹിക്കുന്നില്ലെന്ന് അവർ കരുതുന്നതുകൊണ്ട് ഇത് ഒരു മോടിക്കള്ളം ആണെന്നു ചിലർ വിചാരിക്കുന്നു. എന്നാൽ മോടിക്കള്ളം എന്നു വിളിക്കപ്പെടുന്നവ യഥാർത്ഥത്തിൽ ഒരു ദുഷ്ഫലവും വരുത്താതിരിക്കുന്നുണ്ടോ?
ഫലങ്ങൾ പരിചിന്തിക്കുക
മോടിക്കള്ളങ്ങൾ നുണ പറയുന്ന ഒരു ശീലത്തിലേക്കു നയിക്കാൻ ഇടയുണ്ട്, കൂടുതൽ ഗൗരവമുള്ള കാര്യങ്ങൾ ഉൾപ്പെട്ടേക്കാവുന്നതുതന്നെ. സിസലാ ബോക് ഇപ്രകാരം അഭിപ്രായപ്പെടുന്നു: “‘മോടി’ക്കള്ളങ്ങളെന്ന് അവകാശപ്പെടുന്നവ എല്ലാം വളരെ എളുപ്പം തള്ളിക്കളയാവുന്നവയല്ല. ഒന്നാമത്, നുണകളുടെ ദൂഷ്യമില്ലായ്മ കുപ്രസിദ്ധ തർക്കവിഷയമാണ്. നുണയൻ ദൂഷ്യമില്ലാത്തതോ പ്രയോജനപ്രദം പോലുമോ ആയി കരുതുന്നത് വഞ്ചിക്കപ്പെടുന്നയാളുടെ ദൃഷ്ടിയിൽ അങ്ങനെയല്ലായിരിക്കാം.”
നുണകൾ എത്ര നിർദ്ദോഷമെന്നു തോന്നിയാലും അവ നല്ല മനുഷ്യബന്ധങ്ങളെ നശിപ്പിക്കുന്നവയാണ്. നുണയന്റെ വിശ്വാസ്യത തകർക്കപ്പെടുന്നു, പരസ്പരവിശ്വാസത്തിന്റെ സ്ഥിരമായ ഒരു തകർച്ചയും സംഭവിച്ചേക്കാം. പ്രശസ്ത ഉപന്യാസകാരനായ റാൾഫ് വോൾഡൊ എമേഴ്സൻ ഇപ്രകാരം എഴുതി: “സത്യത്തിന്റെ ഓരോ അതിലംഘിക്കലും നുണയനിൽ ഒരുതരം ആത്മഹത്യയാണെന്നു മാത്രമല്ല, അതു മനുഷ്യസമുദായത്തിന്റെ ആരോഗ്യത്തിന് ഒരു ക്ഷതവും ആണ്.”
ഒരു നുണയനു മറെറാരാളെക്കുറിച്ച് ഒരു വ്യാജപ്രസ്താവന നടത്തുന്നത് എളുപ്പമാണ്. അയാൾ ഒരു തെളിവും ഹാജരാക്കുന്നില്ലെങ്കിലും അയാളുടെ നുണ സംശയം ജനിപ്പിക്കുന്നു, അയാളുടെ അവകാശവാദത്തെക്കുറിച്ച് അന്വേഷണം നടത്താതെതന്നെ പലരും അയാളെ വിശ്വസിക്കുകയും ചെയ്യുന്നു. അങ്ങനെ, നിർദ്ദോഷിയുടെ സൽപ്പേരു ഹനിക്കപ്പെടുന്നു, തന്റെ നിർദ്ദോഷിത്വം തെളിയിക്കാനുള്ള ഭാരം അയാൾ വഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, ആളുകൾ നിർദ്ദോഷിയെ വിശ്വസിക്കുന്നതിനുപകരം നുണയനെ വിശ്വസിക്കുമ്പോൾ അതു നിരാശാജനകമാണ്, നിർദ്ദോഷിയും നുണയനും തമ്മിലുള്ള ബന്ധത്തെ അതു നശിപ്പിക്കുകയും ചെയ്യുന്നു.
ഒരു നുണയനു നുണപറയുന്ന ശീലം എളുപ്പം വികസിപ്പിച്ചെടുക്കാൻ കഴിയും. ഒരു നുണ സാധാരണഗതിയിൽ മറെറാന്നിലേക്കു നയിക്കുന്നു. മുൻകാലത്തെ ഒരു അമേരിക്കൻ രാജ്യതന്ത്രജ്ഞനായ തോമസ് ജെഫേഴ്സൻ ഇപ്രകാരം പ്രസ്താവിച്ചു: “ഇത്ര ഹീനമായ, ഇത്ര നികൃഷ്ടമായ, ഇത്ര നിന്ദ്യമായ ഒരു ദുർഗ്ഗുണമില്ല; ഒരിക്കൽ ഒരു നുണ പറയാൻ തന്നെത്തന്നെ അനുവദിക്കുന്ന ഒരാൾ രണ്ടാമതും മൂന്നാമതും അതു ചെയ്യുന്നത് എളുപ്പമായി കണ്ടെത്തുന്നു, ഒടുവിൽ അതു ശീലമായിത്തീരുന്നതുവരെതന്നെ.” അതു ധാർമ്മിക തകർച്ചയിലേക്കുള്ള വഴിയാണ്.
നുണ പറയുന്നത് എളുപ്പമായിരിക്കുന്നതിന്റെ കാരണം
മത്സരിയായ ഒരു ദൈവദൂതൻ ആദ്യസ്ത്രീയോട് അവൾ തന്റെ സ്രഷ്ടാവിനെ അനുസരിച്ചില്ലെങ്കിലും മരിക്കുകയില്ലെന്നു പ്രസ്താവിച്ചുകൊണ്ട് നുണ പറഞ്ഞപ്പോൾ ഭോഷ്ക്ക് ആരംഭിച്ചു. എല്ലാവർക്കും അപൂർണ്ണതയും രോഗവും മരണവും കൈവരുത്തിക്കൊണ്ട് അത് മുഴുമനുഷ്യവർഗ്ഗത്തിനും കണക്കററ ദ്രോഹത്തിൽ കലാശിച്ചു.—ഉൽപത്തി 3:1-4; റോമർ 5:12.
അനുസരണംകെട്ട ആദാമിന്റെയും ഹവ്വയുടെയും കാലംമുതൽ ഈ ഭോഷ്ക്കിന്റെ പിതാവിന്റെ വഞ്ചനാത്മകമായ സ്വാധീനം നുണക്കു പ്രചോദനം നൽകുന്ന ഒരു അന്തരീക്ഷം മനുഷ്യവർഗ്ഗലോകത്തിൽ സൃഷ്ടിച്ചിരിക്കുന്നു. (യോഹന്നാൻ 8:44) ഇത് സത്യം വെറും ആപേക്ഷികം മാത്രമായിരിക്കുന്ന ക്ഷയോൻമുഖമായ ഒരു ലോകമാകുന്നു. നുണ പറയുന്ന പ്രശ്നം “വ്യാപാരം, ഭരണകൂടം, വിദ്യാഭ്യാസം, വിനോദം എന്നിവയെയും സഹപൗരൻമാരും അയൽക്കാരും തമ്മിലുള്ള അനുദിനബന്ധങ്ങളെയും ബാധിക്കുന്നു. . . . പരമമായ സത്യങ്ങൾ ഇല്ല എന്നു പറയുന്ന കേവലം വലിയൊരു നുണയായ ആപേക്ഷികതാസിദ്ധാന്തം നാം അംഗീകരിച്ചിരിക്കുന്നു” എന്ന് 1986 സെപ്ററംബറിലെ ദ സാററർഡെ ഈവനിംഗ് പോസ്ററ് പ്രസ്താവിക്കുകയുണ്ടായി.
തങ്ങൾ വഞ്ചിക്കുന്ന ആളുകളോട് ഒരു സഹാനുഭാവവും ഇല്ലാത്ത പതിവു നുണയൻമാരുടെ വീക്ഷണം അതാണ്. നുണ പറയുക അവർക്ക് എളുപ്പമാണ്. അത് അവരുടെ ജീവിതഗതിയാണ്. എന്നാൽ പതിവു നുണയൻമാരല്ലാത്ത മററുള്ളവർ ഭയം നിമിത്തം—കണ്ടുപിടിക്കുമോയെന്നുള്ള ഭയവും ശിക്ഷാഭയവും അതുപോലുള്ളവയും നിമിത്തം—സങ്കോചമില്ലാതെ നുണ പറഞ്ഞേക്കാം. അത് അപൂർണ്ണ ജഡത്തിന്റെ ഒരു ബലഹീനതയാണ്. ഈ പ്രവണത നീക്കി സത്യം സംസാരിക്കാനുള്ള ഒരു മനോനിർണ്ണയം സ്ഥാപിക്കാൻ എങ്ങനെ കഴിയും?
പരമാർത്ഥികൾ ആയിരിക്കേണ്ടതെന്തുകൊണ്ട്?
സത്യം നമ്മുടെ മഹാസ്രഷ്ടാവ് എല്ലാവർക്കുംവേണ്ടി വെച്ചിരിക്കുന്ന ഒരു നിലവാരമാണ്. അവിടുത്തെ എഴുതപ്പെട്ട വചനമായ ബൈബിൾ എബ്രായർ 6:18-ൽ “ദൈവത്തിനു ഭോഷ്ക്കു പറയാൻ കഴിയില്ല” എന്നു പ്രസ്താവിക്കുന്നു. ഭൂമിയിൽ ദൈവത്തിന്റെ വ്യക്തിപരമായ പ്രതിനിധിയായിരുന്ന അവിടുത്തെ പുത്രനായ യേശുക്രിസ്തുവും ഇതേ നിലവാരം ഉയർത്തിപ്പിടിച്ചു. തന്നെ കൊല്ലുവാൻ അന്വേഷിച്ച യഹൂദ മതനേതാക്കളോട് യേശു പറഞ്ഞു: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു. . . . അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്ക്കുപറയുന്നവൻ ആകും.” (യോഹന്നാൻ 8:40, 55) “അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല” എന്നതിൽ അവൻ നമുക്ക് ഒരു മാതൃക വെച്ചു.—1 പത്രൊസ് 2:21, 22.
യഹോവയെന്നു നാമമുള്ള നമ്മുടെ സ്രഷ്ടാവ് നുണപറയുന്നതിനെ വെറുക്കുന്നു, സദൃശവാക്യങ്ങൾ 6:16-19 വ്യക്തമായി പ്രസ്താവിക്കുന്നതുപോലെതന്നെ: “ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന്ന് അറെപ്പാകുന്നു: ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുററമില്ലാത്ത രക്തം ചൊരിയുന്ന കയ്യും ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിനു ബദ്ധപ്പെട്ടു ഓടുന്ന കാലും ഭോഷ്ക്കു പറയുന്ന കള്ളസാക്ഷിയും സഹോദരൻമാരുടെയിടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ.”
പരമാർത്ഥതയുള്ള ഈ ദൈവം നാം അവിടത്തെ അംഗീകാരം നേടുന്നതിന് അവിടത്തെ നിലവാരങ്ങളനുസരിച്ചു ജീവിക്കണമെന്നു നിഷ്ക്കർഷിക്കുന്നു. അവിടത്തെ നിശ്വസ്തവചനം നമ്മോട് ഇപ്രകാരം കല്പിക്കുന്നു: “അന്യോന്യം ഭോഷ്ക്കു പറയരുത്; . . . പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളയുക.” (കൊലൊസ്സ്യർ 3:9) നുണ പറയുന്ന ശീലം ഒഴിവാക്കാൻ വിസമ്മതിക്കുന്ന ആളുകൾ അവിടത്തേക്ക് സ്വീകാര്യരല്ല. അവർക്ക് അവിടത്തെ ജീവന്റെ ദാനം ലഭിക്കുകയില്ല. ദൈവം “ഭോഷ്ക്കു പറയുന്നവരെ നശിപ്പിക്കും” എന്ന് സങ്കീർത്തനം 5:6 വെട്ടിത്തുറന്നു പറയുന്നു. “ഭോഷ്ക്കു പറയുന്ന ഏവർക്കും” ഉള്ള ഓഹരി നിത്യനാശമാകുന്ന “രണ്ടാം മരണം” ആണെന്ന് വെളിപ്പാട് 21:8 കൂടുതലായി പറയുന്നു. അതുകൊണ്ട് നുണപറയൽ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം നാം അംഗീകരിക്കുന്നതു സത്യം സംസാരിക്കാൻ നമുക്ക് ശക്തമായ കാരണം നൽകുന്നു.
എന്നാൽ സത്യം ലജ്ജാകരമായ ഒരവസ്ഥയോ നാണക്കേടോ സൃഷ്ടിച്ചേക്കാവുന്ന ഒരു സാഹചര്യത്തിൽ എന്തു ചെയ്യണം? നുണ പറയൽ ഒരിക്കലും പരിഹാരമല്ല, ചിലപ്പോൾ ഒന്നും പറയാതിരിക്കലാണ് പരിഹാരം. നിങ്ങളുടെ വിശ്വാസ്യത നശിപ്പിക്കുന്നതും നിങ്ങളെ ദിവ്യ അപ്രീതിക്കു വിധേയമാക്കുന്നതും ആയ നുണകൾ എന്തിനു പറയണം?
ഭയവും മനുഷ്യ ബലഹീനതയും നിമിത്തം ഒരാൾ ഒരു നുണയിൽ അഭയം തേടാൻ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. അത് എളുപ്പം പോകാവുന്ന വഴി അഥവാ തെററിദ്ധരിക്കപ്പെട്ട ദയ ആകുന്നു. തനിക്ക് യേശുക്രിസ്തുവിനെ അറിയാമെന്ന കാര്യം പത്രൊസ് മൂന്നു പ്രാവശ്യം നിഷേധിച്ചപ്പോൾ അദ്ദേഹം അത്തരം ഒരു പ്രലോഭനത്തിനു കീഴടങ്ങി. പിന്നീട്, നുണപറഞ്ഞതിൽ അദ്ദേഹത്തിനു ദുഃഖം തോന്നി. (ലൂക്കൊസ് 22:54-62) അദ്ദേഹത്തിന്റെ ആത്മാർത്ഥമായ അനുതാപം അദ്ദേഹത്തോടു ക്ഷമിക്കാൻ ദൈവത്തെ പ്രേരിപ്പിച്ചു, പിന്നീട് പല സേവന പദവികൾ നൽകി അനുഗ്രഹിച്ചത് അതിന്റെ തെളിവായിരുന്നു. നുണപറയൽ നിറുത്താനുള്ള സുനിശ്ചിത തീരുമാനത്തോടുകൂടിയ അനുതാപമാണ് ദൈവം വെറുക്കുന്ന കാര്യങ്ങൾ ചെയ്തതിനു ദിവ്യ ക്ഷമ കൈവരുത്തുന്ന ഗതി.
എന്നാൽ ഒരു നുണ പറഞ്ഞതിനുശേഷം ക്ഷമതേടുന്നതിനു പകരം നിങ്ങളുടെ സ്രഷ്ടാവുമായി ഒരു നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും സത്യം സംസാരിച്ചുകൊണ്ടു മററുള്ളവരുടെ മുമ്പാകെ നിങ്ങളുടെ വിശ്വാസ്യത നിലനിർത്തുകയും ചെയ്യുക. സങ്കീർത്തനം 15:1, 2 പറയുന്നത് ഓർക്കുക: “യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധ പർവ്വതത്തിൽ ആർ വസിക്കും? നിഷ്ക്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ.”