നാഷ് പപ്പൈറസിന്റെ മൂല്യം
നിങ്ങൾ ഒരു പഴയ എബ്രായ ബൈബിൾ കയ്യെഴുത്തുപ്രതിയെ എങ്ങനെ കൃത്യമായി കാലനിർണ്ണയം ചെയ്യും? ഡോ. ജോൺ സി ട്രവർ 1948-ൽ യെശയ്യാവിന്റെ ചാവുകടൽ ചുരുളുകൾ ആദ്യം കണ്ടപ്പോൾ അദ്ദേഹത്തെ അഭിമുഖീകരിച്ച പ്രശ്നം അതായിരുന്നു. എബ്രായ അക്ഷരങ്ങളുടെ ആകൃതി അദ്ദേഹത്തെ അമ്പരപ്പിച്ചുകളഞ്ഞു. അതിന്റെ പ്രായം അറിയാനുള്ള താക്കോൽ സ്ഥിതിചെയ്യുന്നത് അക്ഷരങ്ങളിലാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, എന്നാൽ അവ എന്തുമായി താരതമ്യം ചെയ്യും? അദ്ദേഹം ശരിയായ തീരുമാനത്തിലെത്തി: നാഷ് പപ്പൈറസിലെ അക്ഷരങ്ങളുമായിത്തന്നെ. എന്തുകൊണ്ട്? എന്താണ് ഈ കയ്യെഴുത്തുപ്രതി, അത് എവിടെനിന്നു ലഭിച്ചു?
നാഷ് പപ്പൈറസിൽ എബ്രായ പാഠത്തിന്റെ 24 വരികൾ അടങ്ങുന്ന നാലു ശകലങ്ങൾ ആണുള്ളത്, 7.5 സെൻറീമീററർ വീതിയും 12.5 സെൻറീമീററർ നീളവും ഉള്ളവതന്നെ. സൊസൈററി ഓഫ് ബിബ്ളിക്കൽ ആർക്കിയോളജിയുടെ സെക്രട്ടറിയായിരുന്ന ഡബ്ളിയു. എൽ. നാഷിന്റെ പേരാണ് അതിനു കൊടുത്തിരിക്കുന്നത്, അദ്ദേഹം 1902-ൽ ഒരു ഈജിപ്ഷ്യൻ വ്യാപാരിയിൽനിന്ന് അതു വാങ്ങി. അടുത്ത വർഷം എസ്. എ. കുക്ക് ആ സൊസൈററിയുടെ പ്രൊസീഡിംഗ്സിൽ അതു പ്രസിദ്ധീകരിക്കുകയും ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ലൈബ്രറിയിലേക്ക് അതു കൊടുക്കുകയും ചെയ്തു, അത് അവിടെ സൂക്ഷിച്ചിരിക്കുന്നു. ഈ പപ്പൈറസ് ശകലത്തിന്റെ മൂല്യം അതിന്റെ പ്രായത്തോടു ബന്ധപ്പെട്ടിരിക്കുന്നു. പണ്ഡിതൻമാർ അത് പൊ.യു.മു. രണ്ടാമത്തെയോ ഒന്നാമത്തെയോ നൂററാണ്ടിലേതായി കാലനിർണ്ണയം ചെയ്തു, അതുകൊണ്ട് അതു കണ്ടുപിടിച്ചതിൽവെച്ച് ഏററവും ആദ്യത്തെ എബ്രായ കയ്യെഴുത്തു താളായിരുന്നു.
ഡോ. ട്രവർ നാഷ് പപ്പൈറസിന്റെ ഒരു വർണ്ണ സൈഡ്ള് തനിക്കു കിട്ടിയ ചുരുളുമായി താരതമ്യം ചെയ്തപ്പോൾ, അദ്ദേഹം ഒററപ്പെട്ട അക്ഷരങ്ങളുടെ കെട്ടും മട്ടും സൂക്ഷ്മമായി പരിശോധിച്ചുനോക്കി. സംശയലേശമെന്യേ, അവ വളരെ സാമ്യമുള്ളതായിരുന്നു. അങ്ങനെ ആയിരുന്നെങ്കിലും, പുതുതായി കണ്ടെത്തിയ വലിയ കയ്യെഴുത്തുപ്രതി നാഷ് പപ്പൈറസിന്റെ അത്രതന്നെ പഴക്കമുള്ളതായിരിക്കാൻ സാദ്ധ്യതയുണ്ടെന്നുള്ളത് അദ്ദേഹത്തിന് അവിശ്വസനീയമായി തോന്നി. എന്നിരുന്നാലും, കുറെക്കഴിഞ്ഞ് അദ്ദേഹത്തിന്റെ ന്യായവാദം ശരിയാണെന്ന് കണ്ടെത്തുകയുണ്ടായി. യെശയ്യായുടെ ചാവുകടൽ ചുരുളുകൾ പൊ.യു.മു. രണ്ടാം നൂററാണ്ടിലേതായിരുന്നു.
നാഷ് പപ്പൈറസിന്റെ ഉള്ളടക്കം
നാഷ് പപ്പൈറസ് പാഠത്തിന്റെ ഒരു സൂക്ഷ്മപരിശോധന അതിന്റെ 24 വരികളും അപൂർണ്ണമാണെന്ന്, രണ്ടററങ്ങളിലും ഒരു വാക്കോ അക്ഷരങ്ങളോ വിട്ടുപോയിരിക്കുന്നുവെന്നു വെളിപ്പെടുത്തുന്നു. അതിൽ പുറപ്പാട് 20-ാം അദ്ധ്യായത്തിൽനിന്നുള്ള പത്തു കല്പനകളുടെ ഭാഗങ്ങളും അതോടൊപ്പം ആവർത്തനം 5-ഉം 6-ഉം അദ്ധ്യായങ്ങളിലെ ചില വാക്യങ്ങളും അടങ്ങുന്നു. അതുകൊണ്ട് ഇതു സാധാരണമായ ഒരു ബൈബിൾ കയ്യെഴുത്തു പ്രതിയായിരുന്നില്ല, പിന്നെയോ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായുള്ള ഒരു സമ്മിശ്ര പാഠമായിരുന്നു. അതു പ്രത്യക്ഷത്തിൽ ദൈവത്തോടുള്ള ഒരുവന്റെ കർത്തവ്യം ഒരു യഹൂദനെ ഓർമ്മപ്പെടുത്താൻ പ്രബോധനത്തിന്റെ ഉദ്ദേശ്യത്തിലുള്ള ഒരു സമാഹാരം ആയിരുന്നു. ഷേമാ എന്നു വിളിക്കപ്പെടുന്ന ആവർത്തനം 6:4-ഓടെ തുടങ്ങുന്ന ഒരു തിരുവെഴുത്തു ഭാഗം കൂടെക്കൂടെ ആവർത്തിച്ചിരുന്നു. ആ വാക്യം ഇപ്രകാരം വായിക്കുന്നു: “ഇസ്രയേലേ, കേൾക്ക, നമ്മുടെ ദൈവമായ യഹോവ ഏക യഹോവയാകുന്നു.”
ഈ വാക്യത്തിൽ YHWH, “യഹോവ” എന്ന ചതുരക്ഷരങ്ങൾ പപ്പൈറസിന്റെ അവസാനത്തെ വരിയിൽ രണ്ടു പ്രാവശ്യം കാണാവുന്നതാണ്, അതു മററ് അഞ്ചു സ്ഥലങ്ങളിൽകൂടെ വരുന്നുണ്ട്. അതിന്റെ ആദ്യ അക്ഷരം കൂടാതെ അത് ഒരു പ്രാവശ്യംകൂടെ പ്രത്യക്ഷപ്പെടുന്നു.
ഷേമ പ്രത്യേകിച്ചും “ദൈവത്തിന്റെ ഏകവ്യക്തിത്വം” ഊന്നിപ്പറയാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. യഹൂദ തൽമൂദ് അനുസരിച്ച് (ബെരക്കോട്ട് 19എ) സമാപന വാക്കായ എക്കോദ് (“ഏക”) “ഓരോ അക്ഷരവും എടുത്തു വ്യക്തമായി ഉച്ചരിക്കുമ്പോൾ പ്രത്യേകാൽ ദൃഢതനൽകപ്പെടണം.” (ഡബ്ളിയു. ഓ. ഇ. ഓസ്ററർലെയും ജി. എച്ച്. ബോക്സും) ദൈവത്തെ പരാമർശിക്കുമ്പോൾ ഈ ദീർഘിപ്പിച്ച എക്കോദ് അവിടുത്തെ അദ്വിതീയതയെ വിളിച്ചറിയിക്കുന്നു.
ഇന്ന് നാഷ് പപ്പൈറസിന് അനേകം കൂട്ടാളികളുണ്ട്, വിശേഷിച്ചും ക്വംറാനു സമീപം ചാവുകടലിന്റെ തീരങ്ങളിലെ ഗുഹകളിൽനിന്നു കണ്ടെത്തിയ ചുരുളുകളുടെ കൂട്ടത്തിൽതന്നെ. ഈ കയ്യെഴുത്തുപ്രതികളിൽ പലതും പൊ.യു.മു. ഒന്നും രണ്ടും നൂററാണ്ടുകളിലേതായിരുന്നുവെന്നു വിശദമായ പരിശോധന സ്ഥിരീകരിച്ചിട്ടുണ്ട്.a നാഷ് പപ്പൈറസ് മേലാൽ അറിയപ്പെടുന്ന ഏററവും ആദ്യത്തെ കയ്യെഴുത്തുപ്രതിയല്ലെങ്കിലും അത് ഇപ്പോഴും വലിയ താത്പര്യം ജനിപ്പിക്കുന്നതുതന്നെയാണ്. അത് ഈജിപ്ററിൽനിന്നു കണ്ടെത്തിയ അത്രയും പഴക്കമുള്ള ഏക എബ്രായ ബൈബിൾ കയ്യെഴുത്തുപ്രതിയായി ഇപ്പോഴും നിലനിൽക്കുന്നു. (w92 12/15)
[അടിക്കുറിപ്പ്]
a 1991 ഏപ്രിൽ 15-ലെ ഇംഗ്ലീഷ് വീക്ഷാഗോപുരം 10-13 പേജുകൾ കാണുക.