നമ്മുടെ ശ്രേഷ്ഠനായ സ്രഷ്ടാവും അവന്റെ പ്രവൃത്തികളും
എത്ര ഉജ്ജ്വലം! ഇഗ്വാക്കുവിലെ അല്ലെങ്കിൽ നയാഗ്രായിലെ ഇരമ്പുന്ന ജലപാതങ്ങൾ, അരിസോണയിലെ അല്ലെങ്കിൽ ഹവായിയിലെ ഗംഭീരമായ മലയിടുക്കുകൾ, നോർവേയിലെ അല്ലെങ്കിൽ ന്യൂസീലണ്ടിലെ മഹനീയമായ സമുദ്രവങ്കങ്ങൾ—പ്രകൃതിയിലെ ഈ അത്ഭുതങ്ങൾ ഭയാദരവിന്റെ എന്ത് ഉദ്ഘോഷങ്ങളാണ് ഉണർത്തുന്നത്! എന്നാൽ അവ കേവലം പ്രകൃതിമാതാവെന്നു വിളിക്കപ്പെടുന്നതിന്റെ യാദൃച്ഛിക ഉല്പന്നങ്ങളാണോ? അല്ല, അവ അവയേക്കാൾ വളരെ കവിഞ്ഞവയാണ്! അവ ശ്രേഷ്ഠനായ ഒരു സ്രഷ്ടാവിന്റെ, സ്നേഹവാനായ ഒരു സ്വർഗ്ഗീയ പിതാവിന്റെ, കിടിലംകൊള്ളിക്കുന്ന പ്രവൃത്തികളാണ്. അവനെക്കുറിച്ചു ജ്ഞാനിയായ ശലോമോൻരാജാവ് ഇങ്ങനെ എഴുതി: “അവൻ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.” (സഭാപ്രസംഗി 3:11) സത്യമായി, നമ്മുടെ സ്രഷ്ടാവു പ്രപഞ്ചത്തെ നിറച്ചിരിക്കുന്ന മഹത്തായ സകല സൃഷ്ടിക്രിയകളെയും ആരായുന്നതിനു മനുഷ്യർക്കു നിത്യത ആവശ്യമാണ്.
നമുക്ക് എത്ര ശ്രേഷ്ഠനായ സ്രഷ്ടാവാണുള്ളത്! ഈ സർവശക്തനായ ദൈവം “ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. അവനെ താൻ സകലത്തിന്നും അവകാശിയാക്കിവെച്ചു; അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി”, അതിൽ നാം എത്ര സന്തുഷ്ടരാണ്. (എബ്രായർ 1:2) ഈ പുത്രൻ, യേശുക്രിസ്തു, പിതാവിന്റെ സൃഷ്ടിയിലെ രമണീയ വസ്തുക്കളെ വിലമതിച്ചു. അവൻ തന്റെ പിതാവിന്റെ ഉദ്ദേശ്യങ്ങളെ വിശദീകരിച്ചപ്പോഴും തന്റെ കേൾവിക്കാരോടു പ്രോൽസാഹനവാക്കുകൾ പറഞ്ഞപ്പോഴും കൂടെക്കൂടെ അവയെ പരാമർശിച്ചു. (മത്തായി 6:28-30; യോഹന്നാൻ 4:35, 36) സൃഷ്ടിയിലെ അത്ഭുതങ്ങൾ “ദൈവത്തിന്റെ വചനത്താൽ നിർമ്മിക്കപ്പെട്ടു”വെന്ന് അനേകർ “വിശ്വാസത്താൽ” ഗ്രഹിച്ചിരിക്കുന്നു. (എബ്രായർ 11:3) നമ്മുടെ അനുദിനജീവിതം അങ്ങനെയുള്ള വിശ്വാസത്തെ പ്രതിഫലിപ്പിക്കണം.—യാക്കോബ് 2:14, 26.
ദൈവത്തിന്റെ സൃഷ്ടികൾ തീർച്ചയായും ശ്രേഷ്ഠമാണ്. അവ അവന്റെ ജ്ഞാനത്തെയും ശക്തിയെയും നീതിയെയും സ്നേഹത്തെയും അത്ഭുതകരമായി പ്രതിബിംബിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, അവൻ തന്റെ ഭാവിസൃഷ്ടിയായ മനുഷ്യനു ഋതുക്കളുടെ ഉല്ലാസദായകമായ ഘോഷയാത്ര ആസ്വദിക്കാൻ കഴിയത്തക്കവണ്ണം നമ്മുടെ ഭൂമിയെ ചെരിച്ചുനിർത്തുകയും സൂര്യനു ചുററും അതു കറങ്ങത്തക്കവണ്ണം ക്രമീകരിക്കുകയും ചെയ്തു. ദൈവം ഇങ്ങനെ പ്രസ്താവിച്ചു: “ഭൂമിയുള്ള കാലത്തോളം വിതയും കൊയിത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല.” (ഉല്പത്തി 8:22) കൂടാതെ, ദൈവം നമ്മുടെ ഭൂമിയിൽ വിലയേറിയ ധാതുസമ്പത്തു ധാരാളമായി സംഭരിച്ചുവെച്ചു. അവൻ, പിൽക്കാലത്തു സകല ഭൗമജീവന്റെയും അത്യന്താപേക്ഷിത ഘടകവും പിൻബലവുമായിരിക്കത്തക്കവണ്ണം വിശേഷാൽ ധാരാളമായി വെള്ളം പ്രദാനംചെയ്തു.
ഓരോന്നിനും ആയിരക്കണക്കിനു വർഷങ്ങൾ ദൈർഘ്യമുള്ള ആറു ‘സൃഷ്ടിദിവസങ്ങളുടെ’ ഒരു ക്രമീകൃത പരമ്പരയിൽ “ദൈവത്തിന്റെ ആത്മാവ്,” (പ്രവർത്തനനിരതമായ ശക്തി, NW) മനുഷ്യനിവാസത്തിനുവേണ്ടി ഭൂമിയെ ഒരുക്കാൻ തുടങ്ങി. ഏതിനാൽ നാം കാണുന്നുവോ ആ വെളിച്ചവും നാം ശ്വസിക്കുന്ന വായുവും നാം ജീവിക്കുന്ന ഉണങ്ങിയ നിലവും സസ്യങ്ങളും പകലിന്റെയും രാത്രിയുടെയും പരമ്പരയും മത്സ്യങ്ങളും പക്ഷികളും മൃഗങ്ങളും—സകലവും മമനുഷ്യന്റെ സേവനത്തിനുവേണ്ടിയും ആസ്വാദനത്തിനുവേണ്ടിയും നമ്മുടെ ശ്രേഷ്ഠനായ സ്രഷ്ടാവു ക്രമാനുഗതമായി ഉളവാക്കിയതാണ്. (ഉല്പത്തി 1:2-25) തീർച്ചയായും, “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു” എന്ന് ഉദ്ഘോഷിക്കുന്നതിൽ നമുക്കു സങ്കീർത്തനക്കാരനോടു ചേരാൻ കഴിയും.—സങ്കീർത്തനം 104:24.
ദൈവത്തിന്റെ വിദഗ്ദ്ധസൃഷ്ടി
ആറാം സൃഷ്ടി“ദിവസം” അവസാനത്തോടടുത്തപ്പോൾ ദൈവം മനുഷ്യനെയും പിന്നീട് അവന്റെ സഹധർമ്മിണിയായ സ്ത്രീയെയും നിർമ്മിച്ചു. ഭൗമികസൃഷ്ടിയുടെ എന്തൊരു മഹത്തരമായ പാരമ്യം, മുമ്പു നടന്ന സകല ഭൗതികസൃഷ്ടികളേക്കാളും വളരെയേറെ അത്ഭുതകരം! സങ്കീർത്തനം 115:16 നമ്മെ ഇങ്ങനെ അറിയിക്കുന്നു: “സ്വർഗ്ഗം യഹോവയുടെ സ്വർഗ്ഗമാകുന്നു; ഭൂമിയെ അവൻ മനുഷ്യർക്കു കൊടുത്തിരിക്കുന്നു.” അതനുസരിച്ച്, യഹോവ നേരത്തെയുള്ള ഭൂമിയിലെ തന്റെ സൃഷ്ടികളിൽ പ്രമോദിക്കാനും അവയെ ഉപയോഗിക്കാനും കഴിയത്തക്കവണ്ണം മനുഷ്യദേഹികളായ നമ്മെ സംവിധാനംചെയ്തു. നമുക്കു ചുററുമുള്ള വർണ്ണപ്പകിട്ടാർന്ന ലോകത്തെ ഒപ്പിയെടുക്കാൻ കഴിയുന്ന അതിവിശിഷ്ട ക്യാമറയെക്കാൾ സങ്കീർണ്ണമായ നമ്മുടെ കണ്ണുകൾക്കുവേണ്ടി നാം എത്ര നന്ദിയുള്ളവരായിരിക്കണം! സംഭാഷണവും സംഗീതവും പക്ഷികളുടെ ശ്രുതിമധുരമായ ഗാനവും ആസ്വദിക്കുന്നതിനു നമ്മെ സഹായിക്കുന്ന ഏതു മനുഷ്യനിർമ്മിത ഉച്ചഭാഷിണിയെക്കാളും മെച്ചപ്പെട്ട ചെവികൾ നമുക്കുണ്ട്. നമുക്ക് ഏതു ദിശയിലേക്കും തിരിക്കാവുന്ന നാവുൾപ്പെടെ ഒരു അന്തർനിർമ്മിത സംസാരസംവിധാനമുണ്ട്. നാവിലെ രസമുകുളങ്ങളും അതോടൊപ്പം നമ്മുടെ ഘ്രാണേന്ദ്രിയവും അനന്തവൈവിധ്യമാർന്ന ഭക്ഷ്യപദാർത്ഥങ്ങൾ രുചിക്കുന്നതിനും കരുതൽചെയ്യുന്നു! സ്നേഹനിർഭരമായ ഒരു കരസ്പർശത്തെ നാം എത്ര വിലമതിക്കുന്നു! തീർച്ചയായും, “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു” എന്നു പറഞ്ഞ സങ്കീർത്തനക്കാരൻ ചെയ്തതുപോലെ നമുക്കു നമ്മുടെ സ്രഷ്ടാവിനു നന്ദികൊടുക്കാൻ കഴിയും.—സങ്കീർത്തനം 139:14.
നമ്മുടെ സ്രഷ്ടാവിന്റെ സ്നേഹദയ
സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ . . . ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.” (സങ്കീർത്തനം 136:1-4) ആ സ്നേഹദയ നാമിപ്പോൾ വർണ്ണിച്ചുകഴിഞ്ഞ സകല സൃഷ്ടികളെക്കാളും അതിമഹത്തരമായ അത്ഭുതകാര്യങ്ങൾ ചെയ്യാൻ ഇപ്പോൾ അവനെ പ്രേരിപ്പിക്കുകയാണ്. അതെ, ഭൗതികവസ്തുക്കൾ സൃഷ്ടിച്ച ശേഷം വിശ്രമിക്കുമ്പോൾപോലും അവൻ ഒരു ആത്മീയ തലത്തിൽ സൃഷ്ടി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് അവൻ ചെയ്യുന്നത് അവന്റെ നേർക്കുണ്ടായ ഒരു ദുഷ്ട വെല്ലുവിളിക്കുത്തരമായിട്ടാണ്. അതെങ്ങനെ?
ഒന്നാമത്തെ മനുഷ്യനും സ്ത്രീയും മഹത്തായ ഒരു പറുദീസയിൽ, ഏദെനിൽ, ആക്കിവെക്കപ്പെട്ടു. എന്നിരുന്നാലും, ഒരു വിശ്വാസഘാതകനായ ദൂതൻ, സാത്താൻ, തന്നേത്തന്നെ ഒരു ദൈവമായി അവരോധിക്കുകയും ആ മനുഷ്യജോടിയെ യഹോവക്കെതിരായ ഒരു മത്സരത്തിലേക്കു നയിക്കുകയും ചെയ്തു. ദൈവം ന്യായയുക്തമായി അവരെ മരണത്തിനു വിധിച്ചു, അവരുടെ മക്കളായ മുഴു മനുഷ്യവർഗ്ഗവും പാപപൂർണ്ണവും മരണകരവുമായ ഒരു അവസ്ഥയിൽ ജനിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ഫലം. (സങ്കീർത്തനം 51:5) യാതൊരു മനുഷ്യനും പരിശോധനയിൻ കീഴിൽ ദൈവത്തോടു നിർമ്മലത പാലിക്കാൻ കഴികയില്ലെന്നു വാദിച്ചുകൊണ്ടു സാത്താൻ ദൈവത്തെ വെല്ലുവിളിച്ചുവെന്ന് ഇയ്യോബിനെക്കുറിച്ചുള്ള ബൈബിൾ വിവരണം സൂചിപ്പിക്കുന്നു. എന്നാൽ സാത്താൻ ഒരു കടുത്ത നുണയനാണെന്ന് ഇയ്യോബ് തെളിയിച്ചു, ബൈബിൾകാലങ്ങളിലെയും നമ്മുടെ കാലംവരെയുമുള്ള മററനേകം വിശ്വസ്തദൈവദാസൻമാരും അങ്ങനെ ചെയ്തിട്ടുണ്ട്. (ഇയ്യോബ് 1:7-12; 2:2-5, 9, 10; 27:5) ഒരു പൂർണ്ണമനുഷ്യനെന്ന നിലയിൽ യേശു കിടയററ നിർമ്മലതാപാലനത്തിന്റെ മാതൃക വെച്ചു.—1 പത്രൊസ് 2:21-23.
അങ്ങനെ, യേശുവിന്, ‘ലോകത്തിന്റെ പ്രഭുവിന്ന് [സാത്താൻ] എന്നോടു ഒരു കാര്യവുമില്ല’ എന്നു പറയാൻ കഴിഞ്ഞു. (യോഹന്നാൻ 14:30) എന്നിരുന്നാലും ഇന്നോളം “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) യഹോവയുടെ പരമാധികാരത്തെ ചോദ്യംചെയ്യുകയാൽ മനുഷ്യവർഗ്ഗത്തിൻമേലുള്ള സാത്താന്റെ സ്വന്തം ആധിപത്യത്തിനു വിജയിക്കാൻ കഴിയുമോയെന്നു പ്രകടമാക്കാൻ അവന് ഏതാണ്ട് 6,000 വർഷങ്ങൾ കൊടുക്കപ്പെട്ടിരിക്കുകയാണ്. അധഃപതിച്ചുകൊണ്ടിരിക്കുന്ന ലോകാവസ്ഥകൾ തുടർന്നു സാക്ഷ്യപ്പെടുത്തുന്നതുപോലെ, എത്ര ദയനീയമായി അവൻ പരാജയപ്പെട്ടിരിക്കുന്നു! നമ്മുടെ സ്നേഹനിധിയായ യഹോവയാം ദൈവം അഴിമതി നിറഞ്ഞ ഈ ലോകസമൂഹത്തെ പെട്ടെന്നുതന്നെ നീക്കംചെയ്യുകയും ഭൂമിമേലുമുള്ള തന്റെ നീതിയുക്തമായ പരമാധികാരത്തെ സ്ഥാപിക്കുകയും ചെയ്യും. അതു സമാധാനപൂർണ്ണമായ നീതിഭരണത്തിനു കാംക്ഷിക്കുന്ന മനുഷ്യർക്ക് എത്ര സന്തുഷ്ടമായ ആശ്വാസമാണു കൈവരുത്തുക!—സങ്കീർത്തനം 37:9-11; 83:17, 18.
എന്നിരുന്നാലും, അതുമാത്രമല്ല! യോഹന്നാൻ 3:16-ലെ യേശുവിന്റെ പിൻവരുന്ന വാക്കുകളുടെ അടിസ്ഥാനത്തിൽ ദൈവത്തിന്റെ സ്നേഹദയ കൂടുതലായി പ്രകടിപ്പിക്കപ്പെടും: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നൽകുവാൻ തക്കവണ്ണം മനുഷ്യവർഗ്ഗലോകത്തെ സ്നേഹിച്ചു.” ഭൂമിയിലെ നിത്യജീവന്റെ പ്രതീക്ഷ മനുഷ്യവർഗ്ഗത്തിനു പുനഃസ്ഥാപിക്കുന്നതിൽ പുതിയ കാര്യങ്ങൾ സൃഷ്ടിക്കുന്നത് ഉൾപ്പെടുന്നു. അവ എന്തൊക്കെയാണ്? ദുഃഖിക്കുന്ന മനുഷ്യരാശിക്ക് അവ എങ്ങനെ പ്രയോജനംചെയ്യുന്നു? ഞങ്ങളുടെ അടുത്ത ലേഖനം പറയും.