പുതിയ സൃഷ്ടികൾ ഉളവാക്കപ്പെടുന്നു!
ജ്ഞാനിയായ ശലോമോൻരാജാവ്, “സൂര്യന്നു കീഴിൽ പുതുതായി യാതൊന്നുമില്ല” എന്ന് ഒരിക്കൽ പറഞ്ഞു. (സഭാപ്രസംഗി 1:9) അതു നാം ജീവിക്കുന്ന ഭൗതികലോകത്തെസംബന്ധിച്ചു സത്യമാണ്, എന്നാൽ യഹോവയുടെ ആത്മീയസൃഷ്ടികളുടെ വിപുലമായ മണ്ഡലത്തെസംബന്ധിച്ചെന്ത്? ആ മണ്ഡലത്തിൽ, ശലോമോനെക്കാൾ വലിയ ഒരുവനായ, തീർച്ചയായും ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും വലിയ മനുഷ്യനായിരുന്നവൻ, പ്രമുഖനായ ഒരു പുതിയ സൃഷ്ടിയായിത്തീർന്നു. ഇതെങ്ങനെ സംഭവിച്ചു?
നമ്മുടെ പൊതുയുഗത്തിന്റെ 29-ാമാണ്ടിൽ, പൂർണ്ണമനുഷ്യനായിരുന്ന യേശു യോഹന്നാനാൽ സ്നാപനം കഴിപ്പിക്കപ്പെടേണ്ടതിനു യോർദ്ദാൻനദിയിങ്കൽ തന്നേത്തന്നെ ഏല്പിച്ചുകൊടുത്തു. “യേശു സ്നാനമേററ ഉടനെ, വെള്ളത്തിൽനിന്നു കയറി; അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെമേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദവും ഉണ്ടായി.” (മത്തായി 3:16, 17) അങ്ങനെ, ക്രിസ്തുയേശു എന്ന മനുഷ്യൻ ദൈവേഷ്ടം ചെയ്യാൻ അഭിഷേകംചെയ്യപ്പെട്ട, ഒരു പുതിയ സൃഷ്ടിയിലെ ആദ്യത്തവൻ ആയിരുന്നു. പിന്നീട്, യേശു തന്റെ ബലിമരണത്തിന്റെ അടിസ്ഥാനത്തിൽ ദൈവവും മനുഷ്യരുടെ ഒരു തെരഞ്ഞെടുക്കപ്പെട്ട കൂട്ടവും തമ്മിലുള്ള ഒരു പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായിത്തീർന്നു. ഇവരിലോരോരുത്തരും യേശുവിന്റെ സ്വർഗ്ഗീയരാജ്യത്തിൽ അവനോടുകൂടെ ഭരിക്കാനുള്ള പ്രതീക്ഷയോടെ ഒരു സ്വർഗ്ഗീയ പ്രത്യാശയിലേക്കു ദൈവാത്മാവിനാൽ ജനിപ്പിക്കപ്പെട്ട് “ഒരു പുതിയ സൃഷ്ടി” ആയിത്തീർന്നിരിക്കുന്നു.—2 കൊരിന്ത്യർ 5:17; 1 തിമൊഥെയൊസ് 2:5, 6; എബ്രായർ 9:15.
ഈ ആത്മജനനം പ്രാപിച്ച അഭിഷിക്തക്രിസ്ത്യാനികൾ പല നൂററാണ്ടുകളിലായി ഒരു പുതിയ സൃഷ്ടിതന്നെയായ സത്യക്രിസ്തീയസഭയെന്ന നിലയിൽ ക്രിസ്തുവിനോടുള്ള ഐക്യത്തിൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. ദൈവം അതിനെ ഒരു ഉദ്ദേശ്യാർത്ഥം ഈ ലോകത്തിൽനിന്നു വിളിച്ചതാണ്, അപ്പൊസ്തലനായ പത്രൊസ് പ്രസ്താവിക്കുന്നതുപോലെ, “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.” (1 പത്രൊസ് 2:9) ദൈവത്തിന്റെ ആദ്യത്തെ പുതിയ സൃഷ്ടിയായ ക്രിസ്തുയേശുവിനെപ്പോലെ, തുടർന്നുവരുന്ന ഈ പുതിയ സൃഷ്ടിക്കും സുവാർത്ത പ്രസംഗിക്കാനുള്ള ഒരു പ്രഥമകടപ്പാടുണ്ട്. (ലൂക്കൊസ് 4:18, 19) ആത്യന്തികമായി 1,44,000 എണ്ണം വരുന്ന അതിലെ അംഗങ്ങൾ വ്യക്തിഗതമായി “യഥാർത്ഥനീതിയിലും വിശ്വസ്തതയിലും ദൈവേഷ്ടപ്രകാരം സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിത്വം ധരിക്ക”ണം. (എഫേസ്യർ 4:24, NW; വെളിപ്പാടു 14:1, 3) ഇത് അവർ ഗലാത്യർ 5:22, 23-ൽ വർണ്ണിക്കപ്പെട്ടിരിക്കുന്ന “ആത്മാവിന്റെ ഫലം” നട്ടുവളർത്തേണ്ടതും തങ്ങളുടെ ഗൃഹവിചാരകത്വത്തിനുവേണ്ടി വിശ്വസ്തമായി കരുതേണ്ടതുമാവശ്യമാക്കിത്തീർക്കുന്നു.—1 കൊരിന്ത്യർ 4:2; 9:16.
ആധുനികകാലങ്ങളിലെ ഈ പുതിയ സൃഷ്ടിയെസംബന്ധിച്ചെന്ത്? ബൈബിൾ കാലപ്പട്ടിക പ്രകടമാക്കുന്നപ്രകാരം 1914 എന്ന വർഷത്തിൽ വെളിപ്പാടു 11:15-ലെ വാക്കുകൾ നിറവേറി: “ലോകരാജത്വം നമ്മുടെ കർത്താവിന്നും [യഹോവ] അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും.” പുതുതായി അവരോധിക്കപ്പെട്ട രാജാവെന്ന നിലയിൽ ക്രിസ്തുവിന്റെ ആദ്യത്തെ പ്രവൃത്തി സാത്താനെയും അവന്റെ ഭൂതദൂതൻമാരെയും സ്വർഗ്ഗത്തിൽനിന്നു ഭൂമിയുടെ പരിസരത്തേക്കു വലിച്ചെറിയുകയെന്നതായിരുന്നു. ഇതു ഒന്നാം ലോകമഹായുദ്ധത്തിന്റെയും അതോടൊപ്പം വന്ന കൊടുംവിപത്തുകളുടെയും രൂപത്തിൽ ഭൂമിക്ക് “അയ്യോ കഷ്ടം” വരുത്തി.—വെളിപ്പാടു 12:9, 12, 17.
ഇതു പുതിയ സൃഷ്ടിയിൽപെട്ടവരായി ഭൂമിയിൽ ശേഷിച്ചവർ “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പടും; അപ്പോൾ അവസാനം വരും” എന്ന യേശുവിന്റെ പ്രവചനം നിവർത്തിക്കുന്നതിൽ പങ്കുപററണമെന്നുള്ള അറിയിപ്പായും ഉതകി: ആ “അവസാനം” എന്താണ്? യേശു തുടർന്നു വിശദീകരിക്കുന്നു: “ലോകാരംഭം മുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നു ഉണ്ടാകും. ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതൻമാർ നിമിത്തമോ ആ നാളുകൾ ചുരുങ്ങും.”—മത്തായി 24:3-14, 21, 22.
യഹോവയുടെ ആത്മാവ് ഈ ഭൂമിയിൽ നടക്കാനിരിക്കുന്നതിലേക്കും അതിവിപുലമായ പ്രസംഗപ്രസ്ഥാനത്തിൽ തിരക്കുള്ളവരായിരിക്കാൻ ഈ പുതിയ സൃഷ്ടിയിലുള്ള ആ അഭിഷിക്തരെ പ്രേരിപ്പിച്ചു. ആ തീക്ഷ്ണതയുള്ള രാജ്യപ്രഘോഷകരുടെ 1919-ലെ ഏതാനുംചില ആയിരങ്ങളിൽനിന്ന് 1930-കളുടെ മദ്ധ്യമായപ്പോഴേക്ക് ഏതാണ്ട് 50,000 ആയി വർദ്ധിച്ചു. പ്രവചിക്കപ്പെട്ടതുപോലെ, “അവരുടെ നാദം സർവഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അററത്തോളവും പരന്നു.”—റോമർ 10:18.
രക്ഷക്കുവേണ്ടി കൂട്ടിച്ചേർക്കപ്പെടുന്നവർ പുതിയ സൃഷ്ടിയിലെ ഭൂമിയിലെ ശേഷിപ്പുമാത്രമായിരിക്കുമോ? അല്ല, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിലേക്കു പോകാനുള്ള ആത്മീയ ഇസ്രയേല്യരുടെ മാത്രമല്ല, പിന്നെയോ “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാര”മായ മററുള്ളവരുടെയും കൂട്ടിച്ചേർപ്പു പൂർത്തിയാകുന്നതുവരെ ദൈവദൂതൻമാർ മഹോപദ്രവത്തിന്റെ കാററുകൾ പിടിച്ചുനിർത്തുമെന്നു പ്രവചനം പ്രസ്താവിച്ചിരുന്നു. അവരുടെ ഭാവി എവിടെയായിരിക്കും? എന്തിന്, അവർ ഒരു പറുദീസാഭൂമിയിലെ നിത്യജീവൻ ആസ്വദിക്കാൻ “മഹോപദ്രവ”ത്തിൽനിന്നു ഹാനിതട്ടാതെ പുറത്തുവരും!—വെളിപ്പാടു 7:1-4, 9, 14.
സന്തോഷകരമെന്നു പറയട്ടെ, 229 രാജ്യങ്ങളിൽനിന്നു കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്ന ഈ മഹാപുരുഷാരം കൂണുപോലെ ഏകദേശം 45,00,000-ത്തിൽപരം സജീവസാക്ഷികളായി പെരുകിയിരിക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 17-നു നടന്ന, യേശുവിന്റെ മരണത്തിന്റെ സ്മാരകത്തിലെ 1,14,31,171 എന്ന ഹാജരിനാൽ സൂചിപ്പിക്കപ്പെടുന്നതുപോലെ, കൂടുതലായി അനേകർ വരുന്നുണ്ട്. ഈ ലക്ഷങ്ങളിലെല്ലാംവെച്ചു പുതിയ സൃഷ്ടിയിൽ ശേഷിച്ചവർ എന്ന് അവകാശപ്പെടുന്ന 8,683 പേർമാത്രമേ സ്മാരകചിഹ്നങ്ങളിൽ പങ്കുപററിയുള്ളു. ഈ ചെറിയ സംഘത്തിൽപെട്ടവർക്കു സ്വന്തമായി ഇന്നത്തെ ഈ വിപുലമായ പ്രസംഗവേല ചെയ്തുതീർക്കാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ മഹാപുരുഷാരമായിരിക്കുന്ന ഈ ലക്ഷങ്ങൾ വേല ചെയ്തുതീർക്കുന്നതിന് അവരുടെ തോളൊത്തുനിന്നു പ്രവർത്തിക്കുകയാണ്. (സെഫന്യാവു 3:9) തന്നെയുമല്ല, നല്ല പരിശീലനം കിട്ടിയ മഹാപുരുഷാരത്തിലെ അംഗങ്ങൾ, യെരൂശലേമിന്റെ മതിലുകളുടെ അററകുററപ്പണികൾ ചെയ്യുന്നതിൽ ഇസ്രയേല്യരല്ലാത്ത നെഥിനിം പുരോഹിതൻമാരോടുകൂടെ പ്രവർത്തിച്ചതുപോലെ, ആത്മീയ ഇസ്രയേലിന്റെ അഭിഷിക്തഭരണസംഘത്തോടൊത്തു ഭരണപരമായ ജോലികളും ഉത്തരവാദപ്പെട്ട മററു ജോലികളും ഇപ്പോൾ ചെയ്യുന്നുണ്ട്.—നെഹെമ്യാവു 3:22-26.
“പുതിയ ആകാശങ്ങളുടെയും ഒരു പുതിയഭൂമി”യുടെയും സൃഷ്ടി
ഈ കൂട്ടിച്ചേർപ്പോടുകൂടെ എന്തു സന്തോഷമാണു കൈവരുന്നത്! അതു യഹോവ പറഞ്ഞതുപോലെതന്നെയാണ്: “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല. ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ; ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു. ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കുകയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കുകയും ചെയ്യും; കരച്ചലും നിലവിളിയും ഇനി അതിൽ കേൾക്കയില്ല.” (യെശയ്യാവു 65:17-19) യഹോവ സൃഷ്ടിക്കുന്ന പുതിയ ആകാശങ്ങൾ ഒടുവിൽ ക്രിസ്തുയേശുവും കഴിഞ്ഞ 19 നൂററാണ്ടുകളിൽ മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽനിന്നു വിലയ്ക്കുവാങ്ങപ്പെട്ട പുനരുത്ഥാനം പ്രാപിക്കുന്ന പുതിയ സൃഷ്ടിയുടെ 1,44,000 അംഗങ്ങളും ചേർന്നുണ്ടാകുന്നതായിരിക്കും. അത് അക്ഷരീയ യരൂശലേമിൽ ഭരിച്ച ഏതു ഭൗമികഗവൺമെൻറിനേക്കാളും, ശലോമോന്റെ നാളിലേതിനെക്കാൾ പോലും, വളരെ വളരെ മഹത്തായിരിക്കും. അത് ഒളിവിതറുന്ന സകല മനോഹാരിതയോടുംകൂടെ വെളിപ്പാടു 21-ാം അദ്ധ്യായത്തിൽ വർണ്ണിക്കപ്പെട്ടിരിക്കുന്ന ഒരു സ്വർഗ്ഗീയ നഗരമായ പുതിയ യെരൂശലേമിനെ ഉൾപ്പെടുത്തുന്നു.
പുതിയ യെരൂശലേം ക്രിസ്തുവിന്റെ ആത്മീയ മണവാട്ടിയാണ്, അവന്റെ 1,44,000 അഭിഷിക്താനുഗാമികളാണ്, അവർ തങ്ങളുടെ മരണത്തിനും ആത്മീയ പുനരുത്ഥാനത്തിനും ശേഷം സ്വർഗ്ഗത്തിൽ തങ്ങളുടെ മണവാളനോടു ചേരുന്നു. അവർ വെളിപ്പാടു 21:1-4-ൽ “സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ ഇറങ്ങുന്ന”തായി, അതായത് ഇവിടെ ഭൂമിയിലെ മനുഷ്യവർഗ്ഗത്തിന് അനുഗ്രഹങ്ങൾ ചൊരിയുന്നതിന്, അവനാൽ ഉപയോഗിക്കപ്പെടുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഈ വിധത്തിൽ ഈ പ്രവചനം നിവർത്തിക്കപ്പെടുന്നു: “ഇതാ മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”
ദൈവത്തിന്റെ ആ പുതിയ ആകാശങ്ങളുടെ സൃഷ്ടിയിൽ നമുക്കെത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും! മനുഷ്യവർഗ്ഗത്തെ ഇത്ര ദീർഘമായി കഷ്ടപ്പെടുത്തിയ നശ്വരമായ, അഴിമതി നിറഞ്ഞ, ഭരണാധിപത്യങ്ങളിൽനിന്നു വ്യത്യസ്തമായി, ദൈവത്തിന്റെ ഈ ഭരണപരമായ ക്രമീകരണം സ്ഥിരമായിരിക്കും. പുതിയ സൃഷ്ടിയും അവരുടെ ആത്മീയ സന്തതിയായ മഹാപുരുഷാരവും ദൈവത്തിന്റെ കൂടുതലായ വാഗ്ദത്തത്തിൽ ആഹ്ലാദിക്കുന്നു: “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനിൽക്കും എന്നു യഹോവയുടെ അരുളപ്പാടു.”—യെശയ്യാവു 66:22.
“പുതിയ ഭൂമി”ക്കു തുടക്കമിടുന്നതു പുതിയ സൃഷ്ടിയിലെ ഈ അഭിഷിക്തരുടെ സന്തതിയിലാണ്. അതു പുതിയ, ദൈവഭയമുള്ള, ഭൂമിയിലെ മനുഷ്യവർഗ്ഗസമുദായമാണ്. ഇന്നത്തെ മനുഷ്യസമുദായത്തിലെ വിദ്വേഷവും കുററകൃത്യങ്ങളും അക്രമവും അഴിമതിയും ദുർമ്മാർഗ്ഗവും തീർച്ചയായും ഉപകാരപ്രദമായ പുതിയ ആകാശത്തിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം പ്രവർത്തിക്കുന്ന ഒരു പുതിയഭൂമിസമുദായത്തിലേക്കുള്ള ഒരു സമ്പൂർണ്ണമാററത്തിന്റെ ആവശ്യത്തിന് അടിവരയിടുന്നു. അതാണു യഹോവ ഉദ്ദേശിക്കുന്നത്. അവൻ പുതിയ ആകാശങ്ങൾ സൃഷ്ടിച്ചിരിക്കുന്നതുപോലെ, അവൻ സമാധാനപൂർണ്ണമായ ഒരു പുതിയലോകസമുദായത്തിന്റെ കേന്ദ്രബിന്ദുവെന്നനിലയിൽ മഹാപുരുഷാരത്തെ കൂട്ടിവരുത്തിക്കൊണ്ട് പുതിയ ഭൂമിയെ സൃഷ്ടിക്കുകയാണ്. ഈ സമുദായം മാത്രമേ “മഹാകഷ്ടത്തിൽ” ജീവനോടെ സംരക്ഷിക്കപ്പെടുകയും മുഴുഭൂമിയെയും നിറയ്ക്കുന്നതിനു വികസിക്കുകയും ചെയ്യുകയുള്ളു.—വെളിപ്പാടു 7:14.
മഹോപദ്രവത്തെ തുടർന്നു നമുക്ക് എന്തു പ്രതീക്ഷിക്കാൻ കഴിയും? പുതിയ ഭൂമിയെ ഭരിക്കാനിരിക്കുന്ന പുതിയ ആകാശങ്ങളായിത്തീരുന്നവരിലെ ആദ്യത്തവരായ തന്റെ അപ്പൊസ്തലൻമാരോടു സംസാരിച്ചുകൊണ്ടു യേശു ഇങ്ങനെ വാഗ്ദാനംചെയ്തു: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ [പുനർസൃഷ്ടിയിൽ, NW] മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനങ്ങളിൽ” ഇരിക്കും. (മത്തായി 19:28) ഈ പുതിയ യെരൂശലേമിലെ 1,44,000 പേരും മനുഷ്യവർഗ്ഗത്തെ ന്യായം വിധിക്കുന്നതിൽ യേശുവിനോടുകൂടെ പങ്കുചേരും. അന്നു മനുഷ്യസമുദായം പണിയപ്പെട്ടിരിക്കുന്ന അടിസ്ഥാനമെന്ന നിലയിൽ സ്നേഹം സ്വാർത്ഥതയെ പുറന്തള്ളും. ഗോത്രപരവും വർഗ്ഗീയവും ദേശീയവുമായ പ്രശ്നങ്ങൾ ഉൻമൂലനം ചെയ്യപ്പെടും. പുനരുത്ഥാനം ക്രമാനുഗതമായി പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരും. കോടിക്കണക്കിനുള്ള വിശ്വസ്തമനുഷ്യവർഗ്ഗം ഒരു പറുദീസയായി രൂപാന്തരം പ്രാപിക്കുന്ന ഭൂമിയിലെ നിത്യജീവനിലേക്ക് ഉദ്ധരിക്കപ്പെടുന്ന ഒരു ഏകീകൃതമായ വലിയ കുടുംബമായിത്തീരും.
ഇത് ഒരു സാങ്കല്പികലോകമോ ഭൂലോകസ്വർഗ്ഗമോ അല്ല. അത് ഒരു സ്ഥിരമായ സൃഷ്ടിയായിരിക്കും—“നാം അവന്റെ വാഗ്ദത്തപ്രകാരം കാത്തിരിക്കുന്ന പുതിയ ആകാശങ്ങളും ഒരു പുതിയ ഭൂമിയു”മായിരിക്കും, “അവയിൽ നീതിവസിക്കേണ്ടതാണ്.” (2 പത്രൊസ് 2:13, NW) തീർച്ചയായും, അത് അത്യത്ഭുതകരമായ ഒരു പദ്ധതിയാണ്, “ഇതാ ഞാൻ സകലവും പുതുതാക്കുന്നു” എന്നു പറഞ്ഞവനാലുള്ള ഒരു മഹനീയ വാഗ്ദത്തംതന്നെ. “ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു” എന്ന വിശ്വാസപ്രചോദകമായ പ്രസ്താവന കൂട്ടിച്ചേർത്തവൻ അവനാണ്.—വെളിപ്പാടു 21:5.