‘നിങ്ങൾ ദൈവത്തിന്റെ നാമത്തോടു കാണിച്ച സ്നേഹം’ അവൻ മറക്കുന്നില്ല
“ദൈവം നിങ്ങളുടെ വേലയും വിശുദ്ധൻമാരെ ശുശ്രൂഷിച്ചിരിക്കുന്നതിലും ശുശ്രൂഷിക്കുന്നതിൽ തുടരുന്നതിലും നിങ്ങൾ അവന്റെ നാമത്തോടു കാണിച്ച സ്നേഹവും മറക്കുന്നില്ല.” (എബ്രായർ 6:10, NW) അപ്പോസ്തലനായ പൗലോസിന്റെ ഈ വാക്കുകൾ കിഴക്കൻ യൂറോപ്പിലെ യഹോവയുടെ സാക്ഷികളുടെ കാര്യത്തിൽ സത്യമാണ്. ദൈവനാമത്തിന്റെ താത്പര്യങ്ങൾക്ക് വിശ്വസ്തമായി സേവിച്ചുകൊണ്ട്, അവർ മുൻ സോവ്യററ്നിയന്ത്രിത ഗവൺമെൻറുകൾ ചുമത്തിയിരുന്ന നിയന്ത്രണങ്ങളിൻകീഴിൽ ദശാബ്ദങ്ങളിൽ കഠിനാദ്ധ്വാനം ചെയ്തിരിക്കുന്നു. യഹോവ അവരുടെ നല്ല പ്രവൃത്തികൾ ഓർക്കുകയും അവരുടെമേൽ രാജ്യാനുഗ്രഹങ്ങൾ വർഷിക്കുകയും ചെയ്യുന്നു. ദൃഷ്ടാന്തത്തിന്, ആ പ്രദേശങ്ങളിൽ കേവലം മൂന്നെണ്ണത്തിൽനിന്നുള്ള കഴിഞ്ഞ സേവനവർഷത്തിലെ റിപ്പോർട്ടു നമുക്കൊന്നു പരിശോധിക്കാം.
മുൻ സോവ്യററ് യൂണിയന്റെ പ്രദേശങ്ങൾ
ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂററിരണ്ടിലെ സേവനവർഷത്തിൽ രാജ്യപ്രസാധകരുടെ അത്യുച്ച സംഖ്യ 49,171-ൽനിന്ന് 66,211 ആയി 35 ശതമാനം വർദ്ധിച്ചുവെന്നു മുൻ സോവ്യററ്യൂണിയനിലെ പ്രദേശങ്ങൾ റിപ്പോർട്ടുചെയ്യുന്നു! എന്നാൽ അതുമാത്രമല്ല, മാസികകൾ ഉൾപ്പെടെയുള്ള ബൈബിൾസാഹിത്യസമർപ്പണങ്ങളിലെ നല്ല വർദ്ധനവുകളിൽനിന്നു കാണാൻ കഴിയുന്നതുപോലെ, ആ പ്രസാധകർ പിന്നീടു വളരെ പ്രവർത്തനനിരതരായിരിക്കുന്നു. അവർ ലഘുപത്രികകളും ചെറുപുസ്തകങ്ങളുംകൂടെ നന്നായി ഉപയോഗിച്ചിരിക്കുന്നു, 16,54,559 എണ്ണം സമർപ്പിച്ചുകൊണ്ടുതന്നെ. അതു കഴിഞ്ഞ വർഷത്തെ സംഖ്യയായ 4,77,235-ന്റെ ഇരട്ടിയിലധികമാണ്! ഈ സമർപ്പണങ്ങളോടെല്ലാമുള്ള പ്രതികരണം എന്തായിരുന്നിട്ടുണ്ട്? ഭവനബൈബിളദ്ധ്യയനങ്ങളുടെ എണ്ണം ഇരട്ടിയായി. ഇപ്പോൾ 38,484 ബൈബിളദ്ധ്യയനങ്ങൾ നടത്തുന്നുണ്ട്.
കൂടാതെ സഹായ പയനിയർസേവനത്തിലെ പങ്കുപററൽ 94 ശതമാനം ഉയർന്നു. കഴിഞ്ഞ വർഷം സ്നാപനമേററവരുടെ സംഖ്യയായ 6,570-നോടു താരതമ്യപ്പെടുത്തുമ്പോൾ, ഇതു പുതുതായി സ്നാപനമേററ ശിഷ്യരുടെ മുന്തിയ മൊത്തസംഖ്യയായ 26,986-നു സംഭാവനചെയ്തുവെന്നു സ്പഷ്ടമാണ്, വർദ്ധനവ് വിസ്മയാവഹമായ 311 ശതമാനമാണ്!
പുതുതായി സ്നാപനമേററവരിൽ ചിലർ എങ്ങനെയാണ് ആദ്യമായി സുവാർത്തയിൽ തത്പരരായത്? ചിലസമയങ്ങളിൽ അദ്ധ്യയനം നടത്തുന്ന സാക്ഷിയുടെ അഗാധമായ താത്പര്യം ഒരു ഘടകമായിരുന്നു. മോൾഡോവയിൽനിന്നുള്ള ഒരു അദ്ധ്യക്ഷമേൽവിചാരകൻ ഇങ്ങനെ പ്രസ്താവിക്കുന്നു:
“എന്റെ ഭാര്യയും ഞാനും മുമ്പു ബൈബിൾസത്യത്തിൽ താത്പര്യം പ്രകടമാക്കിയ ഒരു സ്ത്രീയെ സന്ദർശിച്ചു. അവരുമായി ഒരു ബൈബിളദ്ധ്യയനം തുടങ്ങി. എന്നിരുന്നാലും, അവരുടെ ഭർത്താവ് അശേഷം താത്പര്യം കാണിച്ചില്ല. ഒരു ദിവസം അദ്ധ്യയനം തുടർന്നു നടത്തുന്നതിനു അവരെ സന്ദർശിക്കാൻ ഞങ്ങൾ പോകുമ്പോൾ കാലാവസ്ഥ അതിശീതവും മഞ്ഞുനിറഞ്ഞതുമായിരുന്നു. തെരുവുകളിൽ ആരുംതന്നെ ഇല്ലായിരുന്നു, എന്നാൽ ഞങ്ങൾ നിശ്ചിതസമയത്തുതന്നെ അവരുടെ വീട്ടിലെത്തി. അവർ ഭർത്താവിനോടു പറഞ്ഞു: ‘ഈ ആളുകൾ നമ്മളെക്കുറിച്ചു എത്രമാത്രം കരുതുന്നുവെന്ന് അങ്ങു മനസ്സിലാക്കുന്നുണ്ടോ? മഞ്ഞുണ്ടായിരുന്നിട്ടും അവർ സമയനിഷ്ഠ പാലിക്കുന്നു.’ ഈ സംഭവം അവരുടെ ഭർത്താവിനെ ചിന്തിപ്പിച്ചു. അദ്ദേഹം തീരുമാനം മാററുകയും അദ്ധ്യയനത്തിൽ ചേരുകയും ചെയ്തു. ഇപ്പോൾ അയാളും ഭാര്യയും സ്നാപനമേററ സാക്ഷികളാണ്.”
മററു സമയങ്ങളിൽ സാക്ഷിയുടെ മര്യാദ സുവാർത്തയിൽ താത്പര്യം ഉത്തേജിപ്പിച്ചേക്കാം. മോൾഡോവയിൽനിന്നുതന്നെയുള്ള ഒരു മൂപ്പന് ഈ അനുഭവം ഉണ്ടായി:
“എന്റെ പ്രസംഗപ്രദേശത്തു ഞാൻ സന്ദർശിച്ച ഒരു മനുഷ്യൻ യഹോവയുടെ സാക്ഷികളിൽ തത്പരനായിരുന്നില്ല. താൻ തന്റെ പിതാവിനെയും പിതാമഹനെയും പോലെ ഓർത്തഡോക്സുകാരനാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് സ്ഥലംവിടാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഏതായാലും, പോരുന്നതിനുമുമ്പ് എന്റെ സന്ദർശനത്തിന്റെ കാരണമെന്താണെന്ന് അദ്ദേഹത്തോടു പറയാനുള്ള അവസരം അദ്ദേഹം എനിക്കു നൽകി. ഞാൻ മത്തായി 28:19-ലേക്കു വിരൽചൂണ്ടി, അതിങ്ങനെ പ്രസ്താവിക്കുന്നു: ‘പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചു സകലജാതികളെയും ശിഷ്യരാക്കുക.’ പിന്നീടു ഞാൻ അദ്ദേഹത്തിനു ഞങ്ങളുടെ യോഗസ്ഥലത്തിന്റെ മേൽവിലാസം കൊടുത്തിട്ടു പോയി. ഒരാഴ്ച കഴിഞ്ഞ് ഈ മനുഷ്യൻ ഞങ്ങളുടെ യോഗത്തിനു വന്നപ്പോൾ ഞാൻ അതിശയിച്ചുപോയി! പരിപാടി തീരുന്നതുവരെ അദ്ദേഹം ഇരുന്നു. എന്നോടു തീരെ അപമര്യാദയായി പെരുമാറിയതുകൊണ്ട് വാരം മുഴുവൻ തനിക്ക് പശ്ചാത്താപംതോന്നിയിരുന്നെന്ന് അദ്ദേഹം വിശദീകരിച്ചു. ഉടൻതന്നെ ഒരു ബൈബിളദ്ധ്യയനം തുടങ്ങി. ഇപ്പോൾ അദ്ദേഹം നമ്മുടെ സഹോദരൻമാരിലൊരാളാണ്.”
സേവനവർഷത്തിലെ മറെറാരു പ്രമുഖവശം ആ പ്രദേശത്തെ നമ്മുടെ സഹോദരൻമാരുടെ ആവശ്യങ്ങളോടുള്ള അത്യധികമായ പ്രതികരണമാണ്. ഞെരുക്കമുള്ളവർക്കുവേണ്ടി 1991⁄92-ലെ വർഷകാലത്ത് ഏതാണ്ടു 400 ടൺ ഭക്ഷ്യപദാർത്ഥങ്ങളും പുരുഷൻമാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി വളരെയധികം വസ്ത്രങ്ങളും അയക്കപ്പെട്ടു. ഈ വസ്തുക്കൾ മുൻ സോവ്യററ്യൂണിയന്റെ പ്രദേശത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും, ജപ്പാന്റെ അടുത്തുള്ള സൈബീരിയായിലെ ഇർക്കുട്ട്സ്ക്കും ഖാബറോസ്ക്കും വരെപോലും, വിതരണംചെയ്യപ്പെട്ടു. വാസ്തവത്തിൽ, നമ്മുടെ സഹോദരൻമാർ തന്റെ നാമത്തോടു കാണിച്ച സ്നേഹത്തെ യഹോവ മറന്നിട്ടില്ലെന്നുള്ളതിന്റെ ഒരു ശ്രദ്ധാർഹമായ സൂചനതന്നെ! യഹോവയുടെ ആത്മാവിനാൽ ഉത്തേജിക്കപ്പെടുന്ന സഹോദരസ്നേഹത്തിന്റെ ഈ സൂചനക്ക് അവരെ തങ്ങളുടെ ലോകവ്യാപകകുടുംബത്തോടു ഏകീഭവിപ്പിക്കുന്ന ഫലവുമുണ്ടായിരുന്നു. ദൃഷ്ടാന്തത്തിന്, ഉക്രേയ്നിലെ ഒരു സഹോദരി ബ്രാഞ്ചാഫീസിലേക്ക് ഇങ്ങനെ എഴുതി:
“നിങ്ങൾ ഞങ്ങൾക്കു നൽകിയ സഹായം ഞങ്ങളുടെ ഹൃദയത്തെ അഗാധമായി സ്പർശിച്ചു. ഞങ്ങൾ വികാരാധീനരായി കണ്ണീർ പൊഴിക്കുകയും ഞങ്ങളെ മറക്കാതിരുന്നതിനു യഹോവയാം ദൈവത്തിനു നന്ദി കൊടുക്കുകയുംചെയ്തു. ഇപ്പോൾത്തന്നെ ഞങ്ങൾക്കു ഭൗതികമായ പ്രയാസങ്ങളുണ്ടെന്നുള്ളതു സത്യംതന്നെ, എന്നാൽ പാശ്ചാത്യനാടുകളിലെ നമ്മുടെ സഹോദരൻമാരിൽനിന്നു വന്നെത്തിയ സഹായത്താൽ ഞങ്ങൾക്കു ഭൗതികമായി കരകയറാൻ സാധിച്ചു. ഇപ്പോൾ, നിങ്ങളുടെ സഹായത്താൽ, ഞങ്ങളുടെ കുടുംബത്തിന് യഹോവയുടെ സേവനത്തിൽ കൂടുതൽ സമയം വിനിയോഗിക്കാൻ കഴിയും. യഹോവക്കിഷ്ടമെങ്കിൽ, എന്റെ മകളും ഞാനും വേനൽമാസങ്ങളിൽ സഹായപയനിയറിംഗ് നടത്തും.”
അതിനുപുറമേ, സാക്ഷികൾ തങ്ങളുടെ പ്രവർത്തനങ്ങളാൽ സ്നേഹം പ്രകടിപ്പിക്കുന്നുവെന്നു കാണികൾക്കു മനസ്സിലാക്കാൻ കഴിഞ്ഞതിനാൽ ദുരിതാശ്വാസശ്രമങ്ങൾ പുറത്തുള്ളവർക്കു ഒരു സാക്ഷ്യമായി. മറെറാരു സഭയിൽനിന്നുള്ള ഒരു കുടുംബം ഇങ്ങനെ എഴുതി: “ഭക്ഷണവും വസ്ത്രവുമടങ്ങിയ ഭൗതികസഹായം ഞങ്ങൾക്കു കിട്ടി. അതു വളരെയധികമുണ്ടായിരുന്നു! നിങ്ങളുടെ പിന്തുണയും പ്രോൽസാഹനവും ഞങ്ങളും മററുള്ളവർക്കു നൻമ ചെയ്യണമെന്നുള്ള ഒരു പാഠമാണ്. ഈ സ്നേഹപ്രവൃത്തി അവിശ്വാസികളും അതുപോലെതന്നെ താത്പര്യക്കാരും അവരുടെ കുടുംബങ്ങളും ശ്രദ്ധിക്കാതിരുന്നില്ല; അത് യഥാർത്ഥ സാഹോദര്യം സംബന്ധിച്ച ഒരു വമ്പിച്ച സാക്ഷ്യമായിരിക്കുന്നു.”
“പ്രകാശവാഹകർ” എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ഈ കഴിഞ്ഞ ജൂണിലും ജൂലൈയിലും നടത്തിയ അഞ്ചു ഡിസ്ട്രിക്ററ് കൺവെൻഷനുകളും ഒരു സാർവദേശീയ കൺവെൻഷനും തന്റെ സാക്ഷികളുടെ കഠിനവേലയുടെമേലും തന്റെ നാമത്തെ പ്രസിദ്ധമാക്കുന്നതിനു അവർ കാണിച്ചിരിക്കുന്ന സ്നേഹത്തിൻമേലുമുള്ള യഹോവയുടെ അനുഗ്രഹത്തിന്റെ മറെറാരു തെളിവാണ്. കൺവെൻഷനുകൾക്ക് 91,673പേർ ഹാജരായി. 8,562 പേർ സ്നാപനമേററു. ഏററവും വലിയ ഹാജർ സാർവദേശീയകൺവെൻഷൻ നടന്ന സെൻറ് പീറേറഴ്സ്ബർഗ്ഗിലായിരുന്നു. അവിടെ ലോകത്തിനുചുററുമുള്ള ഏതാണ്ടു 30 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ 46,214 പേർ കിറോവ് സ്റേറഡിയത്തിൽ കൂടിവന്നു.
സൈബീരിയയിൽ ഏകദേശം 60 വയസ്സുള്ള ഒരു മനുഷ്യൻ ഒന്നു കാണാൻവേണ്ടിമാത്രം ഇർക്കുട്ട്സ്ക്കിലെ കൺവെൻഷൻസ്ഥലത്തേക്കു വന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഹാജരായിരുന്ന എല്ലാവരും പുഞ്ചിരിതൂകുന്ന മുഖങ്ങളോടെ, നന്നായി വസ്ത്രധാരണം നടത്തിയിരിക്കുന്നു, അന്യോന്യം ദയയുള്ളവരുമാണ്. ഈ ആളുകൾ ഒരു ഏകീകൃത കുടുംബം പോലെയാണ്. അവർ സ്റേറഡിയത്തിൽ മാത്രമല്ല, ജീവിതത്തിലും സുഹൃത്തുക്കളാണെന്ന് ഒരുവന് അനുഭവിച്ചറിയാൻ കഴിയും. എനിക്കു വിശിഷ്ടമായ ബൈബിൾസാഹിത്യം ലഭിച്ചു, ഇത് ഏതുതരം സ്ഥാപനമാണെന്നു വളരെ മെച്ചമായി മനസ്സിലാകുകയും ചെയ്തു. ഞാൻ യഹോവയുടെ സാക്ഷികളുമായി സമ്പർക്കംപുലർത്താനും അവരോടുകൂടെ ബൈബിൾ പഠിക്കാനും ആഗ്രഹിക്കുന്നു.”
അയ്യായിരത്തിഅമ്പത്തൊന്നുപേർ ഹാജരായ ഇർക്കുററ്സ്ക്കിലെ അതേ കൺവെൻഷനിൽവെച്ചു സൈബീരിയയിലെ യാക്കററ്റിപ്പബ്ലിക്കിൽനിന്നുള്ള ഒരു താത്പര്യക്കാരി ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഞാൻ ആളുകളെ നോക്കുന്നു, ഞാൻ സന്തോഷംകൊണ്ടു കരയാനാഗ്രഹിക്കുന്നു. ഇങ്ങനെയുള്ള ആളുകളെക്കുറിച്ച് അറിയാൻ എന്നെ സഹായിച്ചതിന് എനിക്കു യഹോവയോടു വളരെ നന്ദിയുണ്ട്. ഇവിടെ കൺവെൻഷനിൽവെച്ചു എനിക്കു സാഹിത്യം കിട്ടി, അതിനെക്കുറിച്ചു മററുള്ളവരുമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ യഹോവയുടെ ഒരു ആരാധകയായിരിക്കാൻ വളരെയധികം ആഗ്രഹിക്കുന്നു.”
ആറായിരത്തിഅറുനൂററഞ്ചു പേർ ഹാജരായ കൺവെൻഷൻ നടന്ന കസാക്ക്സ്ഥാനിലെ ആൽമാ ആററായിലെ സെൻട്രൽ സ്റേറഡിയത്തിന്റെ ഡയറക്ടർ പിൻവരുന്നതു പറഞ്ഞു: “ഞാൻ നിങ്ങളുടെ മനോഭാവത്തിൽ പുളകംകൊള്ളുന്നു. നിങ്ങളെല്ലാം, ചെറുപ്പക്കാരും പ്രായമുള്ളവരും, ബഹുമാന്യരായ ആളുകളാണെന്ന് എനിക്കു ബോധ്യപ്പെട്ടു. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന് എനിക്ക് പറയാൻ കഴിയില്ല, എന്നാൽ നിങ്ങളുടെ സാഹോദര്യം വഹിക്കുന്ന പവിത്രകാര്യങ്ങളിലും ആത്മീയമൂല്യങ്ങളോടും ഭൗതികമൂല്യങ്ങളോടുമുള്ള നിങ്ങളുടെ മനോഭാവത്തിലും ഞാൻ വിശ്വസിക്കുകതന്നെ ചെയ്യുന്നു.”
ആൽമാ ആററാ കൺവെൻഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻ രണ്ടു പ്രാവശ്യം നിങ്ങളുടെ ആളുകളുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്, ഓരോ പ്രാവശ്യവും ഒരു കൺവെൻഷനിൽവെച്ചുതന്നെ. യഹോവയുടെ സാക്ഷികളോടുകൂടെ ജോലി ചെയ്യുന്നത് അത്യന്തം ഉല്ലാസകരമാണ്.”
റുമേനിയ
റുമേനിയയിലെ സഹോദരൻമാർ തന്റെ നാമത്തോടു കാണിച്ച സ്നേഹവും യഹോവ മറന്നിട്ടില്ല. ഈ കഴിഞ്ഞ സേവനവർഷത്തിൽ യഹോവയുടെ സാക്ഷികൾക്ക് സന്തോഷകരമായ അനേകം സംഭവങ്ങളുണ്ടായി. ഒന്നാമതായി, ഒരിക്കൽകൂടെ ബുക്കാറസ്ററിൽ ഒരു ബ്രാഞ്ചാഫീസ് സ്ഥാപിക്കപ്പെട്ടു. അവസാനത്തെ നിയമപരമായ പ്രവർത്തനം 1949-ൽ നിലച്ചു. പുതിയ ഓഫീസിൽ ഏതാണ്ട് 20 സഹോദരൻമാരും സഹോദരിമാരും ജോലിചെയ്യുന്നുണ്ട്. ബ്രാഞ്ചാഫീസ് 24,752 പ്രസാധകർക്കു സേവനമനുഷ്ഠിക്കുന്നു—ഇത് ഏപ്രിലിൽ എത്തിച്ചേർന്ന സർവ്വകാല അത്യുച്ചമായിരുന്നു, കഴിഞ്ഞ വർഷത്തെ ശരാശരിയെ അപേക്ഷിച്ച് 21 ശതമാനം വർദ്ധനവുമാണ്.
വർഷങ്ങളോളം രഹസ്യമായി പ്രസംഗിച്ചശേഷം, പ്രസാധകർ വീടുതോറുമുള്ള പരസ്യസാക്ഷീകരണ വേലയോടു മെച്ചമായി പൊരുത്തപ്പെടുകയാണ്. മുരസ് കൗണ്ടിയിൽനിന്നുള്ള ഒരു അനുഭവം ചില സാക്ഷികൾ മററുള്ളവരോടു പ്രസംഗിക്കുന്നതിനുള്ള ഏതവസരത്തെയും, യാത്രചെയ്യുന്ന സമയംപോലും, നന്നായി എങ്ങനെ വിനിയോഗിക്കുന്നുവെന്നു പ്രകടമാക്കുന്നു. ബ്രാഞ്ചാഫീസ് ഇങ്ങനെ എഴുതുന്നു:
“ഒരു പ്രസാധകൻ തീവണ്ടിയിൽ കമ്പാർട്ടുമെൻറുകൾതോറും പ്രസംഗിക്കാൻ തീരുമാനിച്ചു. ആളുകളുടെ പ്രതികരണം പൊതുവേ അനുകൂലമായിരുന്നു, എന്നാൽ അവസാനത്തെ കമ്പാർട്ട്മെൻറിൽ കുറെ പ്രയാസങ്ങൾ നേരിട്ടു. യാത്രക്കാരിൽ ആരും നമ്മുടെ മാസികകളുടെ ഒരു പ്രതി സ്വീകരിക്കാൻ ആഗ്രഹിച്ചില്ല. ഒടുവിൽ, വളരെ അസ്വസ്ഥനായിത്തീർന്ന ഒരു മനുഷ്യൻ എഴുന്നേററ് ആക്രോശിച്ചു: ‘ഞാൻ നിങ്ങളുടെ മാസികകളെല്ലാം ജനലിനു പുറത്തേക്ക് എറിയാൻ പോകയാണ്! നിങ്ങൾ നിങ്ങളുടെ മതവുമായി ഞങ്ങളെ ഇത്രയധികം ശല്യപ്പെടുത്തുന്നതെന്തിന്?’ അദ്ദേഹം മാസികകളെല്ലാം എറിഞ്ഞുകളഞ്ഞാലും അയാളുടെ പ്രവർത്തനത്തിൽനിന്ന് മററാർക്കെങ്കിലും—മാസികകൾ പെറുക്കിയെടുക്കുന്നവർക്ക്—പ്രയോജനം കിട്ടിയേക്കാമെന്നു പ്രസാധകൻ ദയാപൂർവം മറുപടി പറഞ്ഞു. പ്രസാധകന്റെ പ്രശാന്തത കണ്ടിട്ട് ആ മനുഷ്യനു വളരെയധികം മതിപ്പുണ്ടാകയാൽ അദ്ദേഹംതന്നെ മാസികകൾ എടുത്തു കമ്പാർട്ട്മെൻറിലെ മററു യാത്രക്കാർക്കു വിതരണം ചെയ്തുതുടങ്ങി. അതിശയകരമായി, അവരെല്ലാം ഓരോ മാസിക സ്വീകരിച്ചു. വിതരണംചെയ്തുകഴിഞ്ഞപ്പോൾ ആ മനുഷ്യന് ഒരു പ്രതി ഇല്ലായിരുന്നു. അതുകൊണ്ടു പ്രസാധകൻ അയാളോട് ‘സർ, താങ്കൾക്കു പ്രതികളൊന്നും വേണ്ടേ?’ എന്നു ചോദിച്ചു. അപ്പോൾ ആ മനുഷ്യൻ രണ്ടു പ്രതികളുണ്ടായിരുന്ന ഒരു മനുഷ്യനിൽനിന്ന് ഒന്നു പിടിച്ചുപറിക്കുകയും ‘ഇപ്പോൾ എനിക്കും ഒരു പ്രതി കിട്ടി’ എന്നു പറയുകയും ചെയ്തു!”
അനേകം രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികളുടെ പ്രസംഗവേല ചിലപ്പോൾ ക്രൈസ്തവലോകത്തിലെ വൈദികരുടെ എതിർപ്പ് ഇളക്കിവിട്ടിട്ടുണ്ട്. റുമേനിയയിൽ, ഓർത്തഡോക്സ് സഭയിലെ പുരോഹിതൻമാർ മിക്കപ്പോഴും സാക്ഷികളോടു കോപിക്കുന്നു. എന്നാൽ തന്റെ നാമത്തോടു തന്റെ ജനം കാണിച്ച സ്നേഹം നിമിത്തം അവരെ അനുഗ്രഹിക്കുന്നതിൽനിന്ന് യഹോവയെ തടയാൻ ഇതിനു കഴികയില്ല. ഒരു സർക്കിട്ട് മേൽവിചാരകൻ ഇങ്ങനെ എഴുതുന്നു:
“സ്ഥലത്തെ സഭയോടൊത്തു ഞങ്ങൾ ഉൾപ്രദേശങ്ങളിൽ സേവനത്തിനു പോയി. നൂറു സഹോദരൻമാർ ഉണ്ടായിരുന്നു. ഞങ്ങൾ ഒരു ബസ്സ് വാടകക്കെടുത്തു നാട്ടിൻപുറത്തെ ഒരു ചെറുപട്ടണത്തിലേക്ക് ഏതാണ്ട് 50 കിലോമീററർ പോയി. ഞങ്ങൾ ഒരു പരസ്യപ്രസംഗത്തിന് അനേകരെ ക്ഷണിച്ചു. അതു നടത്താനിരുന്നതു സാംസ്കാരികമന്ദിരത്തിലായിരുന്നു. മീററിംഗ് തുടങ്ങിയ ഉടനെ ഓർത്തഡോക്സ് പുരോഹിതൻ ഞങ്ങളുടെ മീററിംഗ് അലങ്കോലപ്പെടുത്താൻ വന്നു. പൊലീസ് ഉദ്യോഗസ്ഥൻമാർ പുരോഹിതനെ തടയാൻ ശ്രമിച്ചു. എന്നിട്ടും അദ്ദേഹം ശാന്തനാകാൻ വിസമ്മതിച്ചു. അദ്ദേഹം പ്രധാന പ്രവേശനകവാടത്തിന്റെ കണ്ണാടിച്ചില്ല് തല്ലിപ്പൊട്ടിച്ചപ്പോൾ യോഗം നിർത്തിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. എന്നിരുന്നാലും, തദ്ദേശവാസികളിലനേകർ പുരോഹിതന്റെ നടത്തയോടു ഒട്ടും യോജിച്ചില്ല. അപ്പോൾ ഹാജരായിരുന്ന എല്ലാവർക്കും ഒരു പൂർണ്ണസാക്ഷ്യം കൊടുക്കാൻ കഴിഞ്ഞു. ധാരാളം സാഹിത്യവും വിതരണംചെയ്തു.”
നിർഭാഗ്യവശാൽ, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ, വളരെ കുറച്ചു സാക്ഷികളേ ഉള്ളു. ഒരു നിരന്തര പയനിയർ ആദ്യം ഓൾട്ട് കൗണ്ടിയിൽ എത്തിയപ്പോൾ, മുഴു കൗണ്ടിയിലും ഒൻപതു സഹോദരങ്ങളെ മാത്രമേ അദ്ദേഹം കണ്ടുള്ളു, പ്രസംഗിക്കുന്നതിന് ഒരു വലിയ പ്രദേശവുമുണ്ടായിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ, സാക്ഷികളുടെ എണ്ണം 27 ആയി വർദ്ധിച്ചു, അവരിൽ അഞ്ചുപേർ പുനഃക്രിയരാക്കപ്പെട്ട പ്രസാധകരായിരുന്നു. പയനിയർ കൊറോബ്യാ നഗരത്തിൽ പാർപ്പുറപ്പിച്ചു, അവിടെ സാക്ഷികളേ ഇല്ലായിരുന്നു. സാക്ഷികൾ വെറും 45 ദിവസം അവിടെ ചെലവഴിച്ചശേഷം, അവിടത്തെ ഇടവക പുരോഹിതൻ അവരുടെ വേലയെ ക്രയോവാ റേഡിയോയിലൂടെ വിമർശിച്ചു. അവർ അവരുടെ പഠിപ്പിക്കലുകൾകൊണ്ടു കൊറോബ്യയെ “ആക്രമിക്കുകയും” ആളുകളെ മതപരിവർത്തനം ചെയ്യിക്കാൻ ശ്രമിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. ആക്രമണങ്ങൾ തുടർന്നു, വേലയെ തടയുകയും ആ പ്രദേശത്തെ സാക്ഷികളുടെ കീർത്തിയെ നശിപ്പിക്കുകയും ചെയ്യുകയെന്നതായിരുന്നു ഉദ്ദേശ്യം. സഹോദരൻമാർ ഡിസ്ട്രിക്ട് കൺവെൻഷനുവേണ്ടി ബുക്കാറസ്ററിലെത്തിയപ്പോൾ എല്ലാം മൂർദ്ധന്യത്തിലെത്തി. കൊറോബ്യയിലെ ഇടവകപുരോഹിതൻ തന്റെ പള്ളിശുശ്രൂഷക്കുശേഷം, ഒരു ശക്തമായ പ്രഖ്യാപനം നടത്തി: “സാക്ഷികൾക്കെതിരെ നടപടിയെടുക്കാൻ പോലീസിനെ ഇളക്കിവിടുന്നതിന് നമ്മളെല്ലാം ഒരു തെരുവുപ്രകടനം സംഘടിപ്പിക്കണം, അവരാണെങ്കിൽ തങ്ങളുടെ പ്രസിദ്ധീകരണങ്ങളുമായി മുഴുപ്രദേശത്തെയും ആക്രമിക്കുകയും ആളുകളിൽ വിഷം കുത്തിവെക്കുകയും ചെയ്തിരിക്കുകയാണ്.” എന്നാൽ മീററിംഗ് നടത്താൻ ഉദ്ദേശിച്ചിരുന്ന ദിവസത്തിന്റെ തലേ രാത്രി അസാധാരണമായ ചിലതു സംഭവിച്ചു. ഒരു കൂട്ടം ആഭാസൻമാർ ഭദ്രാസനപ്പള്ളിയും സിററി കൾച്ച്വറൽ ഹോമും നശിപ്പിച്ചു. അതുകൊണ്ട് പ്രതിഷേധ യോഗം ഒരിക്കലും നടന്നില്ല!
മുൻയൂഗോസ്ലാവ്യയുടെ പ്രദേശങ്ങൾ
യൂഗോസ്ലാവ്യപ്രദേശത്തെ സഹോദരങ്ങൾക്ക് 1992-ലെ സേവനവർഷം അത്യന്തം പ്രയാസകരമായ ഒരു വർഷമായിരുന്നു. എന്നിരുന്നാലും, അതേസമയംതന്നെ, അവർക്കു സന്തോഷകരമായ കുറെ അനുഭവങ്ങളുമുണ്ടായിരുന്നു. അവരുടെ വേലയെയും അവന്റെ നാമത്തോട് അവർ കാണിച്ച സ്നേഹത്തെയും യഹോവ മറക്കുന്നില്ലാത്തതിൽ നന്ദിയുണ്ട്.
ആദ്യം സ്ലൊവേന്യയിലും പിന്നീട് ക്രയോഷ്യയിലും അനന്തരം ബോസ്നിയയിലും ഹെർസഗോവിനയിലും യുദ്ധം തുടങ്ങി. ഒരു വർഷത്തിനുള്ളിൽ ഒരു റിപ്പബ്ലിക്കിൽനിന്ന് അഞ്ചു പുതിയ സംസ്ഥാനങ്ങൾ അവയുടെ സ്വന്തം അതിർത്തികളും നിയമങ്ങളും കറൻസിയും സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു. നൂറുകണക്കിനു സാക്ഷികൾക്കു തങ്ങളുടെ വീടുവിട്ടോടി മററു സ്ഥലങ്ങളിലെ തങ്ങളുടെ സഹോദരങ്ങളോടൊത്ത് അഭയംകണ്ടെത്തേണ്ടിവന്നു. കിഴക്കൻ യൂറോപ്പിലെ മററു രാജ്യങ്ങളിലെപ്പോലെ, വലിപ്പമേറിയ നഗരങ്ങളിൽ അടിയന്തിരാവസ്ഥാകമ്മിററികളെ നിയമിച്ചുകൊണ്ട്, ഞെരുക്കമുള്ള നമ്മുടെ സഹോദരങ്ങൾക്കുവേണ്ടി താമസസൗകര്യങ്ങൾ, ഭക്ഷണം, വസ്ത്രം എന്നിവ കൈകാര്യംചെയ്തു. ആ സേവനവർഷത്തിൽ അസ്വസ്ഥപ്രദേശങ്ങളിലെ സഭകളിൽപെട്ട സഹോദരങ്ങൾക്ക് ഏതാണ്ട് 55 ടൺ ഭക്ഷ്യപദാർത്ഥങ്ങൾ വിതരണംചെയ്തു. വിലമതിപ്പിന്റെ അനേകം കത്തുകൾ ലഭിക്കുകയുണ്ടായി.
ലഭിച്ച സഹായത്തിനു തങ്ങൾ എത്ര നന്ദിയുള്ളവരാണെന്ന് ഡുബ്രോവ്നിക്കിലെ സഹോദരങ്ങൾ പ്രസ്താവിച്ചു. ഒരു സഹോദരി തന്റെ ഭക്ഷണപ്പൊതിയുമായി വീട്ടിലേക്കു ചെന്നപ്പോൾ അവർ എവിടെനിന്നാണ് മുട്ട കൊണ്ടുവന്നതെന്ന് ഒരു അയൽക്കാരി ചോദിച്ചു. മറെറാരു മേഖലയിലുള്ള തന്റെ ആത്മീയ സഹോദരങ്ങൾ അവ അയച്ചുതന്നതാണെന്ന് സഹോദരി അവളോടു പറഞ്ഞു. അയൽക്കാരി അതിശയിച്ചുപോയി. മറെറാരു സംഭവത്തിൽ സ്ലൊവേനിയയിൽനിന്നുള്ള ഒരു അജ്ഞാതമനുഷ്യൻ ഒരു മൂപ്പനെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികൾ തങ്ങളുടെ സഹോദരൻമാരിൽനിന്ന് ലഭിച്ച ഭക്ഷണം ന്യായമായ രീതിയിൽ വിതരണംചെയ്യുന്നുണ്ടെന്ന് ഞാൻ കേട്ടിരിക്കുന്നു. ഞാൻ ആളുകൾക്ക് പല പൊതികൾ അയച്ചിട്ടുണ്ട്; എന്നിരുന്നാലും അവ ഒരിക്കലും ലക്ഷ്യത്തിലെത്തിയില്ല. നിങ്ങളെ ദുരിതാശ്വാസത്തിനായുള്ള കുറെ പദാർത്ഥങ്ങൾ ഏൽപ്പിച്ചാൽ അവ വിതരണംചെയ്യാൻ കഴിയുമോ?” കൂടാതെ, പത്രങ്ങളും റേഡിയോയും നമ്മുടെ ദുരിതാശ്വാസപ്രവർത്തനത്തെക്കുറിച്ച് അനുകൂലമായി റിപ്പോർട്ടുചെയ്തു.
സാഗ്രബിൽ 1991-ലെ സാർവദേശീയ കൺവെൻഷനിൽ സ്നാപനമേററ ഒരു സഹോദരൻ വർദ്ധിച്ചുവരുന്ന പ്രയാസങ്ങളെക്കുറിച്ചറിയുകയും ഒരു മുഴുഭക്ഷ്യശാലയും വാങ്ങുകയും ചെയ്തു. അദ്ദേഹം യുദ്ധപ്രദേശത്തിനടുത്തുള്ള തന്റെ വീട്ടിലേക്കു ഭക്ഷ്യവസ്തുക്കൾ കൊണ്ടുവന്നു. ഭക്ഷ്യദൗർലഭ്യം ഗുരുതരമായപ്പോൾ ഈ ശേഖരം സഹോദരങ്ങൾക്ക് യഥാർത്ഥ അനുഗ്രഹമാണെന്നു തെളിഞ്ഞു.
സാരയെവോയിലെ ഉപരോധിക്കപ്പെട്ട സഹോദരങ്ങൾക്കു മുഖ്യഭക്ഷ്യപദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിന് ഒരു വലിയ ലോറിക്കു പെർമിററുകിട്ടുക സാദ്ധ്യമായിരുന്നു. സാധനങ്ങൾ വിജയകരമായി എത്തിച്ചുകൊടുത്തുവെന്നു പറയാൻ ഞങ്ങൾക്കു സന്തോഷമുണ്ട്.
പോരാട്ടത്തിൽ പൗരൻമാരും മരണമടഞ്ഞു. സങ്കടകരമെന്നു പറയട്ടെ, സേവനവർഷത്തിന്റെ അവസാനമായപ്പോഴേക്ക് നമ്മുടെ സഹോദരീസഹോദരൻമാരിൽ ആറുപേർക്കും രണ്ടു താത്പര്യക്കാർക്കും ജീവഹാനി സംഭവിച്ചു, ചിലർക്കു പരുക്കേററു.
എന്നിരുന്നാലും, പൊതുവേ യഹോവയുടെ സാക്ഷികളിലൊരാളായിരിക്കുന്നത് ഒരു സംരക്ഷണമാണെന്ന് അനേകം അനുഭവങ്ങൾ തെളിയിക്കുന്നു. ഒരു സന്ദർഭത്തിൽ, സഹോദരൻമാർ ബൽഗ്രേഡിലെ ഒരു ഡിസ്ട്രിക്ട് കൺവെൻഷനിലേക്കു യാത്രചെയ്യുകയായിരുന്നു. പടയാളികൾ ബസ്സ് തടയുകയും ഒരു പ്രത്യേകമതത്തിലെ അംഗങ്ങൾ അവരുടെ കൂട്ടത്തിലുണ്ടോയെന്നു ചോദിക്കുകയും ചെയ്തു. ആരുമില്ലെന്ന് സഹോദരൻമാർ മറുപടി പറഞ്ഞു. അവർ തിരിച്ചറിയൽകാർഡ് കാണിക്കണമായിരുന്നു, അവരിൽ ചിലർക്ക് ആ മതത്തിൽപെട്ടവരായിരിക്കാമെന്നു സൂചിപ്പിക്കുന്ന പേരുകളാണുണ്ടായിരുന്നത്. അവർ വ്യാജം പറയുകയാണെന്ന് പടയാളികൾ കുററപ്പെടുത്തി, എന്നാൽ സഹോദരൻമാർക്ക് ആ സഭയിൽനിന്നു പിൻമാറിയതായി കാണിക്കുന്ന അറിയിപ്പുകൾ കൈവശമുണ്ടായിരുന്നു; അവർ ആ മതത്തിൽ ജനിച്ചിരുന്നുവെങ്കിലും ഇപ്പോൾ അവർ യഹോവയുടെ സാക്ഷികളാണെന്നും തങ്ങളുടെ കൺവെൻഷനിലേക്കുള്ള യാത്രയിലാണെന്നും അവർ പറഞ്ഞു. അതോടെ യാത്ര തുടരാൻ പടയാളികൾ അവരെ അനുവദിച്ചു.
പയനിയർമാർ തളരാത്ത തീക്ഷ്ണതയോടെ തങ്ങളുടെ സേവനം തുടരുകയാണ്, ഇതു വേലക്കു യഥാർത്ഥ ഉത്തേജനമാണെന്നു തെളിഞ്ഞിരിക്കുന്നു. മുഴുവർണ്ണ കവറോടുകൂടിയ ഭംഗിയുള്ള വീക്ഷാഗോപുരം ഈ പ്രദേശത്തെ മുഖ്യഭാഷകളിലേക്കെല്ലാം ഒരേ കാലത്ത് പരിഭാഷപ്പെടുത്തുകയാണ്. അത് സത്യത്തെയും നീതിയെയും സ്നേഹിക്കുന്നവർക്ക് ‘തക്കസമയത്തെ ആത്മീയാഹാരവീതം’ ക്രമമായി പ്രദാനംചെയ്തുകൊണ്ടിരിക്കുകയാണ്. (ലൂക്കൊസ് 12:42) ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂററിരണ്ടിലെ സേവനവർഷത്തിൽ, 674 പുതിയ സഹോദരീസഹോദരൻമാർ സ്നാപനമേററു.
തീർച്ചയായും കിഴക്കൻ യൂറോപ്പിലെ സഹോദരങ്ങളുടെ വേലയും തന്റെ നാമത്തോട് അവർ കാണിച്ചിരിക്കുന്ന സ്നേഹവും ദൈവം മറന്നിട്ടില്ല. കൂടാതെ, തന്റെ സകല ആരാധകരും, അവർ എവിടെ ജീവിച്ചാലും, എബ്രായർ 6:11-ൽ പൗലോസ് അടുത്തതായി നൽകിയ നല്ല ബുദ്ധിയുപദേശം അനുസരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. അതിങ്ങനെ പ്രസ്താവിക്കുന്നു: “നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.”