നൻമ തിൻമക്ക് എതിരെ—യുഗപഴക്കമുള്ള ഒരു പോരാട്ടം
കഴിഞ്ഞ കാലങ്ങളിലെ ചലച്ചിത്രങ്ങളിൽ, “നൻമ ചെയ്ത ആൾ” എല്ലായ്പ്പോഴും തിൻമയുടെ ശക്തികളെ തോല്പിച്ചിരുന്നു. എന്നാൽ യാഥാർത്ഥ്യം ഒരിക്കലും അത്ര ലളിതമായിരുന്നിട്ടില്ല. യഥാർത്ഥ ലോകത്തിൽ ഒട്ടുമിക്കപ്പോഴും തിൻമ വിജയിക്കുന്നതായി തോന്നുന്നു.
തിൻമയാകുന്ന ഭൂതം രാത്രിയിലെ വാർത്താറിപ്പോർട്ടുകളിൽ നിരന്തരം പ്രത്യക്ഷപ്പെടുകയാണ്. ഐക്യനാടുകളുടെ വടക്കുഭാഗത്ത്, ഒരു മിൽവാക്കിക്കാരൻ 11 പേരെ കൊല്ലുകയും അവരുടെ അംഗഭംഗം ഭവിച്ച ഭൗതികാവശിഷ്ടങ്ങൾ തന്റെ ശീതീകരണയന്ത്രത്തിൽ കൂട്ടിയിടുകയും ചെയ്യുന്നു. തെക്കൻഭാഗത്ത്, ഒരു അപരിചിതൻ ഒരു ടെക്സാസ് ഭക്ഷണശാലയിലേക്ക് ഓടിക്കയറി പത്തുമിനിററുസമയം മുൻപിൻനോക്കാതെ നിറയൊഴിക്കുന്നു, അയാൾ ഉൾപ്പെടെ 23 പേർ മരണമടയുന്നു. കൊറിയയിൽ അസംതൃപ്തനായ ഒരു എതിരാളി യഹോവയുടെ സാക്ഷികളുടെ ഒരു രാജ്യഹാളിനു തീവെക്കുകയും 14 ആരാധകരെ അങ്ങനെ കൊല്ലുകയും ചെയ്യുന്നു.
തിൻമയുടെ ഈ വിവേചനാരഹിതമായ ഇരച്ചുകയററങ്ങൾ ഉണ്ടെന്നു മാത്രമല്ല, ലോകത്തെ ബാധിക്കുന്ന മറെറാരു ദാരുണമായ തിൻമയുമുണ്ട്—വംശവിച്ഛേദം. പത്തുലക്ഷം അർമ്മീനിയക്കാരും അറുപതുലക്ഷം യഹൂദൻമാരും പത്തുലക്ഷത്തിൽപരം കംബോഡിയക്കാരും ഈ നൂററാണ്ടിലെമാത്രം വർഗ്ഗീയവും രാഷ്ട്രീയവുമായ തുടച്ചുനീക്കലുകളിൽ നിർമ്മൂലമാക്കപ്പെട്ടിരിക്കുന്നു. വംശീയശുദ്ധീകരണം എന്നു വിളിക്കപ്പെടുന്നതു മുൻ യൂഗോസ്ലാവ്യയിൽ അനേകരെ നിലംപരിചാക്കിയിരിക്കുന്നു. ഗോളത്തിനുചുററും നിരപരാധികളായ എത്ര ലക്ഷങ്ങൾ മൃഗീയമായി ദണ്ഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ആർക്കും അറിയാൻപാടില്ല.
ഇവപോലുള്ള ദുരന്തങ്ങൾ ആളുകൾ ഈ വിധത്തിൽ പ്രവർത്തിക്കുന്നതെന്തുകൊണ്ട് എന്ന അസഹ്യപ്പെടുത്തുന്ന ചോദ്യത്തെ അഭിമുഖീകരിക്കാൻ നമ്മെ നിർബന്ധിതരാക്കുന്നു. ഈ നിഷ്ഠുര പ്രവർത്തനങ്ങൾ മനസ്സിന്റെ താളംതെററിയ ചുരുക്കംചിലരുടെ ചെയ്തികൾ ആണെന്നു പറഞ്ഞു തള്ളിക്കളയാനാവില്ല. നമ്മുടെ നൂററാണ്ടിൽ ചെയ്യപ്പെട്ട തിൻമകളുടെ വ്യാപ്തിതന്നെ അത്തരമൊരു വിശദീകരണത്തെ വ്യാജമാക്കുന്നു.
ധാർമ്മികമായി തെററായ ഒരു പ്രവർത്തനത്തെയാണ് ഒരു തിൻമപ്രവൃത്തിയെന്നു നിർവചിക്കുന്നത്. നൻമയോ തിൻമയോ ചെയ്യുന്നതിനെ തെരഞ്ഞെടുക്കാൻ കഴിവുള്ള ഒരാൾ ചെയ്യുന്ന ഒരു പ്രവർത്തനമാണത്. എങ്ങനെയോ അയാളുടെ ധാർമ്മികവിവേചന ദുഷിക്കുകയും തിൻമ വിജയിക്കുകയും ചെയ്യുന്നു. എന്നാൽ ഇത് എന്തുകൊണ്ട്, എങ്ങനെ സംഭവിക്കുന്നു?
തിൻമയുടെ മതപരമായ വിശദീകരണങ്ങൾ മിക്കപ്പോഴും തൃപ്തികരമല്ല. കത്തോലിക്കാ തത്ത്വചിന്തകനായ തോമസ് അക്വിനാസ്, “തിൻമ സ്ഥിതിചെയ്യാൻ ദൈവം അനുവദിച്ചില്ലെങ്കിൽ അനേകം നല്ല കാര്യങ്ങൾ നീക്കംചെയ്യപ്പെടും” എന്ന് അവകാശപ്പെട്ടു. അനേകം പ്രോട്ടസ്ററൻറ് തത്ത്വചിന്തകർ സമാനമായ വീക്ഷണങ്ങൾ പുലർത്തുന്നു. ദൃഷ്ടാന്തത്തിന്, എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കയിൽ പ്രസ്താവിക്കുന്ന പ്രകാരം, തിൻമ “ലോകത്തിലെ നൻമയുടെ ആഭരണം മാത്രമാണ്, അതിനെ തിൻമ താരതമ്യത്താൽ വർദ്ധിതമാക്കുന്നു” എന്നു ഗോട്ട്ഫ്രൈഡ് ലിപ്നിററ്സ് കരുതി. മററു വാക്കുകളിൽ പറഞ്ഞാൽ, നൻമയെ വിലമതിക്കാൻ കഴിയേണ്ടതിനു നമുക്കു തിൻമ ആവശ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അത്തരം ന്യായവാദം ഒരു കാൻസർരോഗിയോട് അയാളുടെ രോഗം മറെറാരാൾക്കു യഥാർത്ഥത്തിൽ താൻ ജീവനുള്ളവനും സുഖമുള്ളവനുമാണെന്നു തോന്നിക്കാൻ ആവശ്യമായതുതന്നെയാണെന്നു പറയുന്നതുപോലെയാണ്.
ദുഷിച്ച ലക്ഷ്യങ്ങൾ എവിടെനിന്നെങ്കിലും ഉത്ഭവിക്കേണ്ടതാണ്. ദൈവത്തെ പരോക്ഷമായി പഴിചാരാൻ കഴിയുമോ? ബൈബിൾ ഉത്തരം പറയുന്നു: “പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” ദൈവമല്ലെങ്കിൽ പിന്നെ ആരാണ് ഉത്തരവാദി? തുടർന്നുവരുന്ന വാക്യങ്ങൾ ഉത്തരം നൽകുന്നു: “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്ത മോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.” (യാക്കോബ് 1:13-15) അങ്ങനെ ഒരു തിൻമപ്രവൃത്തി ഒരു ദുഷിച്ച ആഗ്രഹം തള്ളപ്പെടുമ്പോഴല്ല, വളർത്തപ്പെടുമ്പോൾ സംജാതമാകുന്നു. എന്നിരുന്നാലും, അതുകൊണ്ടു ചിത്രം പൂർണ്ണമാകുന്നില്ല.
മനുഷ്യരാശിക്ക് അടിസ്ഥാനപരമായ ഒരു ന്യൂനത—പാരമ്പര്യസിദ്ധമായ അപൂർണ്ണത—ഉള്ളതുകൊണ്ടു ദുഷിച്ച ആഗ്രഹങ്ങൾ ഉണ്ടാകുന്നുവെന്നു തിരുവെഴുത്തുകൾ വിശദീകരിക്കുന്നു. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപംചെയ്കയാൽ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു.” (റോമർ 5:12) പാരമ്പര്യസിദ്ധമായ പാപം നിമിത്തം സ്വാർത്ഥത നമ്മുടെ ചിന്തയിൽ ദയയെ അടിപ്പെടുത്താൻ സാദ്ധ്യതയുണ്ട്, ക്രൂരത അനുകമ്പയെ കീഴ്പ്പെടുത്തിയേക്കാം.
തീർച്ചയായും, ചില പ്രവർത്തനങ്ങൾ തെററാണെന്നു മിക്കവർക്കും നൈസർഗ്ഗികമായി അറിയാം. അവരുടെ മനഃസാക്ഷി—അല്ലെങ്കിൽ പൗലോസ് പറയുന്ന പ്രകാരം ‘അവരുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടിരിക്കുന്ന നിയമം’—ഒരു തിൻമപ്രവൃത്തി ചെയ്യുന്നതിൽനിന്ന് അവരെ പിന്തിരിപ്പിക്കുന്നു. (റോമർ 2:15, NW) അപ്പോഴും, ഒരു ക്രൂരമായ ചുററുപാടിന് അങ്ങനെയുള്ള വിചാരങ്ങളെ അമർത്താൻ കഴിയും, ആവർത്തിച്ച് അവഗണിക്കപ്പെടുന്നുവെങ്കിൽ ഒരു മനഃസാക്ഷിക്കു മൃതമാകാൻ കഴിയും.a—1 തിമൊഥെയൊസ് 4:2 താരതമ്യപ്പെടുത്തുക.
മനുഷ്യ അപൂർണ്ണതക്കുമാത്രം നമ്മുടെ കാലത്തെ സംഘടിത തിൻമയുടെ കാരണം വിശദീകരിക്കാൻ കഴിയുമോ? ചരിത്രകാരനായ ജെഫ്രി ബർട്ടൻ റസ്സൽ ഇങ്ങനെ പ്രസ്താവിച്ചു: “നമ്മിൽ ഓരോരുത്തരിലും തിൻമ ഉണ്ടെന്നുള്ളതു സത്യമാണ്, ഒററയൊററയായ തിൻമകളുടെ വലിയ സംഖ്യകൾ ഒന്നിച്ചുകൂട്ടുന്നത് ഒരു ആഷ്വിററ്സ് തടങ്കൽപാളയ തിൻമക്കു വിശദീകരണമാകുന്നില്ല . . . ഈ തോതിലുള്ള തിൻമപ്രവൃത്തി സ്വഭാവത്തിലും അളവിലും വ്യത്യസ്തമാണെന്നു തോന്നുന്നു.” തിൻമയുടെ ഈ സ്വഭാവപരമായി വ്യത്യസ്തമായ ഉറവിനെ ചൂണ്ടിക്കാണിച്ചതു യേശുക്രിസ്തു അല്ലാതെ മററാരുമല്ല.
തന്നെ കൊല്ലാൻ ശ്രമിച്ചവർ തികച്ചും തങ്ങളുടെ സ്വന്തം ഇഷ്ടത്താൽ പ്രവർത്തിക്കുകയല്ലെന്നു യേശു വിശദീകരിച്ചതു തന്റെ മരണത്തിന് ഏറെ നാൾ മുമ്പായിരുന്നില്ല. ഒരു അദൃശ്യശക്തി അവരെ നയിച്ചു. യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നിൽക്കുന്നതുമില്ല.” (യോഹന്നാൻ 8:44) “ഈ ലോകത്തിന്റെ പ്രഭു” എന്നു യേശു വിളിച്ച പിശാചിനു തിൻമ ഇളക്കിവിടുന്നതിൽ ഒരു പ്രമുഖ പങ്കുണ്ടെന്നു വ്യക്തമാണ്.—യോഹന്നാൻ 16:11; 1 യോഹന്നാൻ 5:19.
മനുഷ്യ അപൂർണ്ണതയും സാത്താന്യ സ്വാധീനവും ആയിരക്കണക്കിനു വർഷങ്ങളിൽ വളരെയധികം കഷ്ടപ്പാടിൽ കലാശിച്ചിരിക്കുന്നു. മനുഷ്യവർഗ്ഗത്തിൻമേലുള്ള അവയുടെ പിടി അയയുന്നതിന്റെ ലക്ഷണമില്ല. തിൻമ ഇവിടെ സ്ഥിരമായി ഉണ്ടായിരിക്കുമോ? അതോ നൻമയുടെ ശക്തികൾ ഒടുവിൽ തിൻമയെ ഉച്ചാടനം ചെയ്യുമോ?
[അടിക്കുറിപ്പ്]
a അടുത്തകാലത്തു ഗവേഷകർ ടെലിവിഷനിലെ സ്പഷ്ടമായ അക്രമവും ബാലജനദുഷ്കൃത്യവും തമ്മിൽ ഒരു ബന്ധം ഉള്ളതായി കണ്ടിരിക്കുന്നു. കുററകൃത്യങ്ങൾ പ്രബലപ്പെട്ടിരിക്കുന്ന പ്രദേശങ്ങളും തകർന്ന ഭവനങ്ങളും സാമൂഹികവിരുദ്ധ പെരുമാററങ്ങളുടെ ഹേതുക്കളാണ്. നാസിജർമ്മനിയിൽ നിരന്തരമായ വർഗ്ഗീയ പ്രചാരണം ചിലർ യഹൂദൻമാർക്കും സ്ലാവുകൾക്കുമെതിരായ ക്രൂരതകളെ ന്യായീകരിക്കാൻ—മഹത്ത്വീകരിക്കാൻ പോലും—ഇടയാക്കി.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Cover: U.S. Army photo
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
U.S. Army photo