ബൈബിളിന്റെ കൃത്യത പരിശോധിക്കേണ്ടത് എന്തുകൊണ്ട്?
നിങ്ങൾ ബൈബിളിനെ എങ്ങനെ വീക്ഷിക്കുന്നു? അതു മനുഷ്യനുള്ള ദൈവത്തിന്റെ വെളിപാടായി ചിലർ ഉറച്ചു വിശ്വസിക്കുന്നു. അതു വെറുമൊരു സാധാരണ പുസ്തകമാണെന്നു മററു ചിലർ വിശ്വസിക്കുന്നു. ഇനിയും വേറെ ചിലർ ഇക്കാര്യത്തിൽ അനിശ്ചിതരാണ്. ബൈബിളിന്റെ തുടക്കത്തെക്കുറിച്ചു നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ അതു പരിശോധിക്കേണ്ടതിനും സംശയനിവാരണം നേടേണ്ടതിനും നിർബന്ധിതമായ കാരണങ്ങളുണ്ട്.
ബൈബിൾ ദൈവത്തിന്റെ വചനമായി ക്രൈസ്തവലോക രാജ്യങ്ങളിൽ 18-ാം നൂററാണ്ടുവരെ പരക്കെ ആദരിക്കപ്പെട്ടിരുന്നു. എന്നാൽ 19-ാം നൂററാണ്ടുമുതൽ പ്രബോധകരുടേയും ശാസ്ത്രജ്ഞൻമാരുടേയും വേദശാസ്ത്രികളുടേയും സഭാനേതാക്കൻമാരുടേയും പോലും, വർധിച്ചുവരുന്ന ഒരു സംഖ്യ ബൈബിളിന്റെ കൃത്യതയിൽ പരസ്യമായി സംശയം പ്രകടിപ്പിക്കാൻ തുടങ്ങി.
തത്ഫലമായി, അനേകരും ബൈബിളിന്റെ ഉള്ളടക്കം അറിയാതെതന്നെ തീർപ്പുകല്പിക്കുവാൻ തക്കവണ്ണം ബൈബിൾ വിമർശനം വളരെ വ്യാപകമായിത്തീർന്നിരിക്കുന്നു. ക്രൈസ്തവലോകത്തിലെ അനേകരും ഇപ്പോൾ ബൈബിളിന്റെ സ്ഥാനത്തു മനുഷ്യരുടെ തത്ത്വശാസ്ത്രങ്ങളിലേക്കു നോക്കുകയാണ്. എങ്കിലും ആധുനിക തത്ത്വശാസ്ത്രം കൂടുതൽ സുരക്ഷിതമോ സന്തുഷ്ടമോ ആയ ഒരു ജീവിതം ഉത്പാദിപ്പിച്ചിട്ടില്ല. ബൈബിൾ പരിശോധിക്കുന്നതിനും അതിലെ മാർഗനിർദേശം സന്തുഷ്ടിയിലേക്കും വിജയത്തിലേക്കും നയിക്കുന്നുണ്ടോ എന്നു കാണുന്നതിനും അതൊരു പ്രധാനകാരണമാണ്.
ബൈബിളിന്റെ കൃത്യത പരിശോധിക്കുന്നതിനുള്ള മറെറാരു കാരണം മനുഷ്യവർഗത്തിന് അതു വച്ചുനീട്ടുന്ന അത്ഭുതകരമായ പ്രത്യാശയാണ്. ദൃഷ്ടാന്തത്തിന്, സങ്കീർത്തനം 37:29, [NW] പ്രസ്താവിക്കുന്നു: “നീതിമാൻമാർതന്നെ ഭൂമിയെ കൈവശമാക്കും, അവർ അതിൽ എന്നേക്കും വസിക്കും.” (വെളിപ്പാടു 21:3-5) ഇത്തരം വാഗ്ദത്തങ്ങൾ നിങ്ങളിൽ എന്തു പ്രഭാവം ഉളവാക്കുന്നു? തീർച്ചയായും അവ ബൈബിൾ പരിശോധിക്കുന്നതിനും അതു വിശ്വാസയോഗ്യമാണോ എന്നു കാണുന്നതിനും മതിയായ കാരണങ്ങളാണ്.
ഈ മാസിക എല്ലായ്പോഴും ബൈബിളിന്റെ വിശ്വാസ്യതയെ ഉയർത്തിപ്പിടിക്കുകയും അതിന്റെ കൃത്യത സംബന്ധിച്ചു മിക്കപ്പോഴും തെളിവുകൾ നൽകുകയും ചെയ്തിട്ടുണ്ട്. ബൈബിളിന്റെ കൃത്യത പരിശോധിക്കാവുന്ന പല മണ്ഡലങ്ങളുണ്ട്. വീക്ഷാഗോപുരത്തിന്റെ വിവിധ ലക്കങ്ങൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനു നിങ്ങളെ സഹായിക്കും: അറിയപ്പെടുന്ന പുരാതന ചരിത്ര വസ്തുതകൾ ബൈബിളുമായി പൊരുത്തപ്പെടുന്നുണ്ടോ? അതിന്റെ പ്രവചനങ്ങൾ കൃത്യതയുള്ളതാണോ? അതിലെ ഉപദേശങ്ങൾ പ്രായോഗികമാണോ അഥവാ ആധുനിക പ്രബോധകരും തത്ത്വജ്ഞാനികളും ബൈബിൾ കാലഹരണപ്പെട്ടതാണെന്നു തെളിയിച്ചിട്ടുണ്ടോ?
ബൈബിളിന്റെ കൃത്യത നിങ്ങൾക്കു പരിശോധിക്കാവുന്ന മറെറാരു മണ്ഡലം ഭൂമിശാസ്ത്രമാണ്. പുറജാതി കെട്ടുകഥകൾ മിക്കപ്പോഴും ഭൂമിശാസ്ത്രപരമായ യാഥാർഥ്യങ്ങൾക്കു വിരുദ്ധമാണ്. ദൃഷ്ടാന്തത്തിന്, പുരാതനകാലത്തെ അനേകമാളുകൾ മരിച്ചവരുടേതെന്നു പറയപ്പെടുന്ന ലോകത്തിലേക്കുള്ള യാത്രയെപ്പററി കഥകൾ പറഞ്ഞിട്ടുണ്ട്. പുരാതന ഗ്രീക്കുകാരെപ്പററി ദൈവങ്ങളിലേക്കുള്ള ഒരു വഴികാട്ടി (A Guide to the Gods) എന്ന ഗ്രന്ഥം വിവരിക്കുന്നു: “സമുദ്രമെന്നു പേർപറയുന്ന വിസ്തൃതമായ ജലപ്പരപ്പിനാൽ ചുററപ്പെട്ടു കിടക്കുന്ന ഒരു പരന്ന ഉപരിതലമായി ഭൂമി കാണപ്പെട്ടു. അവിടവിടെ ഇരുട്ടും ഫലം കായ്ക്കാത്ത സസ്യങ്ങളുമായി ഇരുളടഞ്ഞ തരിശുഭൂമിയായ പരലോകം അതിനപ്പുറം കിടക്കുന്നു.” ഇതൊരു കെട്ടുകഥയാണെന്നു തെളിഞ്ഞപ്പോൾ പുറജാതി തത്ത്വജ്ഞാനികൾക്കു തങ്ങളുടെ പറയപ്പെടുന്ന പരലോകത്തിന്റെ സ്ഥാനം മാറേറണ്ടിവന്നു. “ഭൂമിക്കടിയിൽ, വ്യത്യസ്ത ഗുഹകളാൽ ഈ ലോകവുമായി ബന്ധിപ്പിക്കപ്പെട്ട ഉചിതമായ ഒരു സ്ഥലം കണ്ടെത്തി,” എന്നു ഗ്രന്ഥകാരനായ റിച്ചാർഡ് കാർലിയൻ വിവരിക്കുന്നു. ഇതും ഒരു കെട്ടുകഥയാണെന്ന് ഇന്നു നമുക്കറിയാം. അപ്രകാരമുള്ള അധോലോകമോ പ്രവേശനമാർഗമോ നിലവിലില്ല.
പുരാതനകാലത്തെ ജനങ്ങളുടെ കെട്ടുകഥകൾപോലെ ഭൂമി പരന്നതാണ് എന്നുള്ള തെററായ വീക്ഷണം ബൈബിൾ ഉൾക്കൊള്ളുന്നില്ല. പകരം ഭൂമി ശൂന്യതയിൽ സ്ഥിതിചെയ്യുന്ന വൃത്താകൃതിയിലുള്ള ഒരു വസ്തുവാണെന്ന ശാസ്ത്രീയസത്യം അതു പ്രസ്താവിക്കുന്നു. (ഇയ്യോബ് 26:7; യെശയ്യാവു 40:22) ബൈബിളിൽ പറഞ്ഞിരിക്കുന്ന ഭൂമിശാസ്ത്രപരമായ മററു വർണനകൾ സംബന്ധിച്ചെന്ത്? അവ സാങ്കല്പികമാണോ അഥവാ സീനായ് പെനിൻസുലയടക്കം ഇക്കാലത്തെ ഈജിപ്ററും ആധുനിക നാളിലെ ഇസ്രയേലും സന്ദർശിക്കുമ്പോൾ ബൈബിളിലെ സംഭവങ്ങൾ കൃത്യതയോടെ ഭാവനയിൽ കാണുക സാധ്യമാണോ?
[3-ാം പേജിലെ ചിത്രം]
“ഭൂവൃത്തത്തിൻമീതെ അധിവസിക്കുന്ന ഒരുവൻ ഉണ്ട്.”—യെശയ്യാവ് 40:22, പു.ലോ.ഭാ.
“അവിടുന്ന് . . . ഭൂമിയെ ശൂന്യത്തിൻമേൽ തൂക്കുന്നു.”—ഇയ്യോബ് 26:7, പു.ലോ.ഭാ.