സമ്പൽസമൃദ്ധിക്കു നിങ്ങളുടെ വിശ്വാസത്തെ പരിശോധിക്കാൻ കഴിയും
സമ്പൽസമൃദ്ധിക്കു നീതിനിഷ്ഠനായ ഒരു വ്യക്തിയുടെ വിശ്വാസത്തെ പരിശോധിക്കുന്നതിനു കഴിയും. ഭൗതികമായി അഭിവൃദ്ധി പ്രാപിക്കാൻ കഠിനശ്രമം ചെയ്യുന്നതു വിശ്വാസം നഷ്ടപ്പെടുന്നതിലേക്കു നയിച്ചേക്കാം. (1 തിമൊഥെയൊസ് 6:9, 10) എന്നാൽ സമ്പൽസമൃദ്ധിക്കു മറെറാരു രീതിയിലും വിശ്വാസത്തെ പരിശോധിക്കാൻ കഴിയും. ഒരു നീതിമാൻ ദുരിതമനുഭവിക്കെ, നീതികെട്ട അനേകമാളുകൾ ഭൗതികമായി അഭിവൃദ്ധിപ്പെടുന്നത് അയാൾ നിരീക്ഷിക്കുമ്പോൾ ഒരു ഭക്തികെട്ട മാർഗം പിന്തുടരാൻ അയാൾ പ്രലോഭിതനായേക്കാം. എന്തിന്, ഈ വസ്തുത യഹോവയുടെ ദാസൻമാരിൽ ചിലരെപ്പോലും സത്യസന്ധമായ ഒരു ഗതി പിന്തുടരുന്നതിന്റെ മൂല്യത്തെക്കുറിച്ചു ശങ്കിക്കുന്നതിലേക്കു നയിച്ചിട്ടുണ്ട്!
ദാവീദ് ഇസ്രയേൽ രാജാവായി വാണകാലത്തു ലേവ്യ സംഗീതജ്ഞനായ ആസാഫിന് ഇതു സംഭവിച്ചു. പരസ്യ ആരാധനയിൽ ഉപയോഗിച്ച സങ്കീർത്തനങ്ങൾ ആസാഫ് രചിച്ചിരുന്നു. ഹേമാന്റെയും യെദൂഥൂന്റെയും കൂടെ സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചുകൊണ്ട് അദ്ദേഹം യഹോവക്കു സ്തുതിയും നന്ദിയും നൽകി പ്രവചിക്കുകയും ചെയ്തു. (1 ദിനവൃത്താന്തം 25:1; 2 ദിനവൃത്താന്തം 29:30) ആസാഫ് അനുഗൃഹീതനായിരുന്നെങ്കിലും ദുഷ്ടരായ ആളുകളുടെ സമ്പൽസമൃദ്ധി അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ഒരു വലിയ പരിശോധനയായിരുന്നുവെന്നു സങ്കീർത്തനം 73 കാണിക്കുന്നു.
ആസാഫിന്റെ ആപൽക്കരമായ മനോഭാവം
“ദൈവം യിസ്രായേലിന്നു, നിർമ്മലഹൃദയമുള്ളവർക്കു തന്നേ, നല്ലവൻ ആകുന്നു നിശ്ചയം. എന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറെക്കുറെ വഴുതിപ്പോയി.” (സങ്കീർത്തനം 73:1, 2) യഹോവ ഇസ്രയേൽ ജനതക്കു നല്ലവനായിരുന്നുവെന്ന് ആസാഫ് ഈ വാക്കുകളിൽ സമ്മതിച്ചുപറഞ്ഞു. പ്രത്യേകിച്ചും “നിർമ്മലഹൃദയമുള്ളവർക്കു” അത് അപ്രകാരംതന്നെ ആയിരുന്നു, കാരണം ദൈവത്തിനു സമ്പൂർണ ഭക്തി നൽകുക എന്നതും അവിടുത്തെ പരിശുദ്ധ നാമത്തിന്റെ വിശുദ്ധീകരണത്തിനു സംഭാവന ചെയ്യുക എന്നതും അവരുടെ ആഗ്രഹമായിരുന്നു. നമുക്ക് അതേ മനോഭാവമുണ്ടെങ്കിൽ ദുഷ്ടൻമാരുടെ സമ്പൽസമൃദ്ധിയാലോ മറെറന്തെങ്കിലും സാഹചര്യത്താലോ നാം കഠിനമായി പരീക്ഷിക്കപ്പെട്ടാൽപ്പോലും നാം യഹോവയെ പ്രകീർത്തിച്ചുകൊണ്ട് വാഴ്ത്തും.—സങ്കീർത്തനം 145:1, 2.
യഹോവയുടെ നൻമയെപ്പററി ആസാഫ് അറിവുള്ളവനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കാലടികൾ നീതിയുള്ള പാതയിൽനിന്ന് ഏകദേശം ഇടറിപ്പോയി. അതു ക്ഷീണിപ്പിക്കുന്ന മാരത്തൺ ഓട്ടത്തിൽ മഞ്ഞു നിറഞ്ഞടത്തു കാലടികൾ തെററുന്നതു പോലെയായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ വിശ്വാസം അത്ര ക്ഷയിച്ചത്? അദ്ദേഹം വിശദീകരിച്ചു: “ദുഷ്ടൻമാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി. അവർക്കു വേദന ഒട്ടുമില്ലല്ലോ; അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു. അവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; മററു മനുഷ്യരെപ്പോലെ ബാധിക്കപ്പെടുന്നതുമില്ല.”—സങ്കീർത്തനം 73:3-5.
നീതികെട്ട ആളുകളുടെ ഭൗതിക സമൃദ്ധി ആസാഫിന് അവരോട് അസൂയ തോന്നാൻ ഇടയാക്കി. അവർ വഞ്ചനാത്മകമായ വഴിയിലൂടെ സമ്പത്തു കുന്നുകൂട്ടിയെങ്കിലും സമാധാനപൂർണമായ ജീവിതം ആസ്വദിക്കുന്നതായി തോന്നി. (സങ്കീർത്തനം 37:1 താരതമ്യം ചെയ്യുക.) ദുഷ്പ്രവൃത്തികൾ ചെയ്തിട്ടും പ്രത്യക്ഷത്തിൽ അവർ സുരക്ഷിതരായിരുന്നു. എന്തിന്, ഭയങ്കരമായ മരണവേദനകൂടാതെ അവരുടെ ജീവിതം അവസാനിക്കുന്നതായിപോലും തോന്നി! ചിലപ്പോൾ അവർ ആത്മീയ ആവശ്യത്തെപ്പററി ഒരു ബോധവുമില്ലാതെ സമാധാനത്തോടെയും ആത്മവിശ്വാസത്തോടെയും മരിച്ചു. (മത്തായി 5:3) നേരെ മറിച്ച് ദൈവത്തിന്റെ ചില ദാസൻമാർ വേദനാകരമായ രോഗവും മരണവും അനുഭവിക്കുന്നു, എന്നാൽ അവിടുന്ന് അവരെ പുലർത്തുന്നു, അവർക്ക് അത്ഭുതകരമായ പുനരുത്ഥാന പ്രത്യാശയുമുണ്ട്.—സങ്കീർത്തനം 43:1-3; യോഹന്നാൻ 5:28, 29.
അനേകം ദുഷ്ടർക്കു തങ്ങളുടെ സമൃദ്ധമായ ഭക്ഷ്യം ആസ്വദിക്കുന്നതിൽനിന്ന് അവരെ തടയുന്ന ഒരു ആരോഗ്യ പ്രശ്നവുമില്ല. “അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു,” അവരുടെ വയറ് ഉന്തിനിൽക്കുന്നു. കൂടാതെ, അവർ “മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല,” കാരണം മനുഷ്യവർഗത്തിലെ ജനസമൂഹങ്ങളിൽനിന്നു വ്യത്യസ്തരായി ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾക്കായി അവർക്കു മല്ലിടേണ്ടതില്ല. ദുഷ്ടൻമാർ “മററു മനുഷ്യരെപ്പോലെ ബാധിക്കപ്പെടുന്നതുമില്ല” എന്ന് ആസാഫ് അനുമാനിച്ചു. വിശേഷിച്ചും, ഭക്തരായ ജനങ്ങൾ സാത്താന്റെ ദുഷ്ടലോകത്തിൽ യഹോവയുടെ നീതിയുള്ള പ്രമാണങ്ങളോടു പററിനിൽക്കുന്നതു നിമിത്തം അനുഭവിക്കുന്ന പീഡാനുഭവങ്ങളിൽനിന്നു ദുഷ്ടൻമാർ രക്ഷപെടുന്നു.—1 യോഹന്നാൻ 5:19.
ദുഷ്ടൻമാർ അഭിവൃദ്ധിപ്പെടുന്നതുകൊണ്ട് ആസാഫ് അവരെക്കുറിച്ചു തുടർന്നു പറഞ്ഞു: “ആകയാൽ ഡംഭം അവർക്കു മാലയായിരിക്കുന്നു; ബലാല്ക്കാരം വസ്ത്രംപോലെ അവരെ ചുററിയിരിക്കുന്നു. അവരുടെ കണ്ണുകൾ പുഷ്ടികൊണ്ടു ഉന്തിനില്ക്കുന്നു; അവരുടെ ഹൃദയത്തിലെ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു. അവർ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു. അവർ വായ് ആകാശത്തോളം ഉയർത്തുന്നു; അവരുടെ നാവു ഭൂമിയിൽ സഞ്ചരിക്കുന്നു.”—സങ്കീർത്തനം 73:6-9.
ദുഷ്പ്രവർത്തിക്കാർ ഡംഭം “മാല”യായി അണിയുന്നു, അവരുടെ ബലാൽക്കാരപ്രവർത്തനങ്ങൾ ധാരാളമായതിനാൽ അവ ‘വസ്ത്രംപോലെ അവരെ ചുററിയിരിക്കുന്നു.’ തങ്ങളുടെ ഉദ്ദേശ്യം നേടിയെടുക്കാനുള്ള ദൃഢനിശ്ചയത്തോടെ അവർ മററുള്ളവരെ ഭീഷണിപ്പെടുത്തുന്നു. ദുഷ്ടൻമാരുടെ കണ്ണുകൾ പുഷ്ടിയുടെ അഭാവത്താൽ കുഴിഞ്ഞിരിക്കുന്നില്ല, മറിച്ച് ‘പുഷ്ടികൊണ്ടു ഉന്തിനിൽക്കുന്നു,’ അതിഭക്ഷണത്താലുള്ള ദേഹപുഷ്ടിയാൽ വെളിയിലേക്കു തള്ളിനിൽക്കുന്നു. (സദൃശവാക്യങ്ങൾ 23:20) അവരുടെ ‘ഹൃദയത്തിലെ നിരൂപണങ്ങൾ കവിഞ്ഞൊഴുകുമാറ്’ അവരുടെ ഉപായങ്ങൾ വളരെ സഫലമാണ്. അവർ തങ്ങളുടെ വഞ്ചനയെപ്പററി ഉദ്ധതമായ “ഉന്നതഭാവത്തോടെ” സംസാരിക്കുന്നു. എന്തിന്, ‘അവർ വായ് ആകാശത്തോളം ഉയർത്തുന്നു; അവരുടെ നാവു ഭൂമിയിൽ സഞ്ചരിക്കുന്നു’! ആകാശത്തിലോ ഭൂമിയിലോ ആരോടും ആദരവുകാണിക്കാതെ അവർ മനുഷ്യരെ ദ്വേഷിക്കുകയും ദൈവദൂഷണം പറയുകയും ചെയ്യുന്നു.
പ്രത്യക്ഷത്തിൽ ആസാഫ് കണ്ടതുപോലുള്ള കാര്യങ്ങളാൽ പ്രതികൂലമായി ബാധിക്കപ്പെട്ടത് അദ്ദേഹം മാത്രമല്ലായിരുന്നു. അദ്ദേഹം പറഞ്ഞു: “അതുകൊണ്ടു അവൻ [ദൈവം] തന്റെ ജനത്തെ ഇതിലേക്കു തിരിക്കുന്നു; അവർ ധാരാളം വെള്ളം വലിച്ചുകുടിക്കുന്നു. ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന്നു അറിവുണ്ടോ? എന്നു അവർ പറയുന്നു.” (സങ്കീർത്തനം 73:10, 11) ദുഷ്ടൻമാർ അഭിവൃദ്ധിപ്പെടുന്നതായി തോന്നുന്നതുകൊണ്ട് ദൈവത്തിന്റെ ജനത്തിൽ ചിലർ ഒരു തെററായ വീക്ഷണം സ്വീകരിക്കുകയും ‘സംഭവിക്കുന്നതെന്താണെന്നു ദൈവം അറിയുന്നില്ല, അധർമത്തിനെതിരെ പ്രവർത്തിക്കുകയുമില്ല’ എന്നു പറഞ്ഞുകൊണ്ടു അധർമികളുടെ അതേ അവസ്ഥയിൽ തങ്ങളെത്തന്നെ എത്തിക്കുകയും ചെയ്യുന്നതായി എബ്രായ പാഠം അർഥമാക്കിയേക്കാം. നേരെ മറിച്ച്, ഭവിഷ്യദ്ഭീതിയില്ലാതെ ദുഷ്ടൻമാർ അധർമം പ്രവർത്തിക്കുന്നതു കാണുന്നതു കയ്ക്കുന്ന കഷായം കുടിക്കുന്നതുപോലെയാണ്, അത് ‘ദൈവത്തിന് ഈ കാര്യങ്ങൾ എങ്ങനെ അനുവദിക്കാൻ കഴിയും? സംഭവിക്കുന്നതെന്താണെന്ന് അവിടുന്നു കാണുന്നില്ലേ?’ എന്നു ചോദിക്കാൻ നീതിമാനെ പ്രേരിപ്പിക്കുന്നു.
തന്റെ സാഹചര്യങ്ങളെ ദുഷ്ടൻമാരുടേതിനോടു തുലനം ചെയ്തുകൊണ്ട് ആസാഫ് പറഞ്ഞു: “ഇങ്ങനെ ആകുന്നു ദുഷ്ടൻമാർ; അവർ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വർദ്ധിപ്പിക്കുന്നു. എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുററമില്ലായ്മയിൽ കഴുകിയതും വ്യർത്ഥമത്രേ.” (സങ്കീർത്തനം 73:12-14) നേരുള്ള ജീവിതം നയിക്കുന്നതു വ്യർഥമാണെന്ന് ആസാഫിനു തോന്നി. ദുഷ്ൻമാർ ഒരുപക്ഷേ വഞ്ചനാപരമായ മാർഗത്തിൽ ‘സമ്പത്തു വർധിപ്പി’ച്ചുകൊണ്ട് അഭിവൃദ്ധിപ്രാപിച്ചു. അവർ ഏററവും വഷളായ ദുഷ്പ്രവർത്തിക്കുള്ള ശിക്ഷയിൽനിന്നുപോലും ഒഴിഞ്ഞുപോകുന്നതായി തോന്നി, എന്നാൽ ആസാഫ് “ഇടവിടാതെ” ബാധിതനായിരുന്നു—പ്രഭാതംമുതൽ പ്രദോഷംവരെ. യഹോവ എല്ലാ പ്രഭാതത്തിലും തന്നെ തിരുത്തുന്നതായി അദ്ദേഹത്തിനു തോന്നി. ഇത് ഉചിതമാണെന്നു തോന്നാഞ്ഞതിനാൽ അത് ആസാഫിന്റെ വിശ്വാസത്തെ പരീക്ഷിച്ചു.
ചിന്തയിൽ ഒരു പുനഃക്രമീകരണം
ഒടുവിൽ തന്റെ ചിന്ത തെററാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് ആസാഫ് പറഞ്ഞു: “ഞാൻ ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു. ഞാൻ ഇങ്ങനെ സംസാരിപ്പാൻ വിചാരിച്ചെങ്കിൽ ഇതാ, ഞാൻ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു. ഞാൻ ഇതു ഗ്രഹിപ്പാൻ നിരൂപിച്ചപ്പോൾ എനിക്കു പ്രയാസമായി തോന്നി; ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു. നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു. എത്ര ക്ഷണത്തിൽ അവർ ശൂന്യമായ്പോയി! അവർ മെരുൾചകളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു. ഉണരുമ്പോൾ ഒരു സ്വപ്നത്തെപ്പോലെ കർത്താവേ, നീ ഉണരുമ്പോൾ അവരുടെ രൂപത്തെ തുച്ഛീകരിക്കും.”—സങ്കീർത്തനം 73:15-20.
ആസാഫ് ഒരു പരാതി പറയാഞ്ഞതു നന്നായി, കാരണം യഹോവയെ സേവിക്കുന്നതു വ്യർഥമാണ് എന്നു പരസ്യമായി പറയുന്നത് അദ്ദേഹത്തിന്റെ കുടുംബത്തിലെ ആരാധകരെ നിരുത്സാഹപ്പെടുത്തുകയോ അവരുടെ വിശ്വാസത്തിനു തുരങ്കം വയ്ക്കുകയോ ചെയ്തേനെ. നിശബ്ദരായിരുന്ന് ആസാഫ് ചെയ്തതുപോലെ ചെയ്യുന്നത് എത്ര നന്നാണ്! നേരുള്ളവർ കഷ്ടപ്പെടുമ്പോൾ ദുഷ്ടൻമാർ ദുഷ്പ്രവൃത്തിയിൽനിന്നു രക്ഷപെടുന്നതായി തോന്നുന്നത് എന്തുകൊണ്ടാണ് എന്നറിയുവാൻ അദ്ദേഹം ദൈവത്തിന്റെ വിശുദ്ധമന്ദിരത്തിൽ പോയി. ആ ചുററുപാടു യഹോവയുടെ ആരാധകരോടൊപ്പമിരുന്നു ശാന്തമായി ധ്യാനിക്കുന്നതിന് ആസാഫിനെ അനുവദിച്ചു, അദ്ദേഹത്തിന്റെ ചിന്ത പുനഃക്രമീകരിക്കപ്പെട്ടു. തൻനിമിത്തം നാം ഇന്നു കാണുന്ന കാര്യങ്ങളാൽ കുഴങ്ങുന്നുവെങ്കിൽ നമ്മെത്തന്നെ ഒററപ്പെടുത്തുന്നതിനു പകരം ആസാഫിനെപ്പോലെ ദൈവജനവുമായി സഹവസിച്ചുകൊണ്ടു നമുക്കു നമ്മുടെ ചോദ്യങ്ങൾക്കുത്തരം തേടാം.—സദൃശവാക്യങ്ങൾ 18:1.
ദൈവം ദുഷ്ടൻമാരെ “വഴുവഴുപ്പിൽ” നിർത്തിയിരിക്കുന്നു എന്ന് ആസാഫ് തിരിച്ചറിയാൻ ഇടയായി. അവരുടെ ജീവിതം ഭൗതിക വസ്തുക്കളെ ചുററിപ്പററിയായിരിക്കുന്നതിനാൽ പെട്ടെന്നൊരു തകർച്ച അനുഭവിക്കുന്നതിന്റെ അപകടത്തിലാണവർ. ഏററവും താമസിച്ചാൽ, വാർധക്യത്തിൽ മരണം അവരെ പിടികൂടും, ഹീന മാർഗങ്ങളിലൂടെ ആർജിച്ച സമ്പത്ത് അവർക്ക് ഒരു നീണ്ട ജീവിതം ഉറപ്പാക്കുകയില്ല. (സങ്കീർത്തനം 49:6-12) അവരുടെ സമ്പൽസമൃദ്ധി പെട്ടെന്നു കടന്നുപോകുന്ന ഒരു സ്വപ്നം പോലെയായിരിക്കും. തങ്ങൾ വിതയ്ക്കുന്നതു കൊയ്യുന്നതുകൊണ്ടു പ്രായമാകുന്നതിനുമുമ്പേ നീതി അവരെ പിടികൂടുകപോലും ചെയ്തേക്കാം. (ഗലാത്യർ 6:7) തങ്ങളെ സഹായിക്കാൻ കഴിവുള്ള ഒരേ ഒരുവനെ മനപ്പൂർവം അവഗണിച്ചിരിക്കുന്നതിനാൽ അവർ നിസ്സഹായരായി ആശയററവരായി വിടപ്പെടുന്നു. യഹോവ അവർക്കെതിരായി പ്രവർത്തിക്കുമ്പോൾ അവിടുന്ന് അവരുടെ “രൂപ”ത്തെ—അവരുടെ പ്രതാപത്തെയും പദവിയെയും—വെറുപ്പോടെ വീക്ഷിക്കും.
നിങ്ങളുടെ പ്രതികരണം സൂക്ഷിക്കുക
താൻ കണ്ട വസ്തുതകളോട് ഉചിതമായി പ്രതികരിക്കാഞ്ഞതിനാൽ ആസാഫ് ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ ഞാൻ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു. എന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.”—സങ്കീർത്തനം 73:21-24.
ദുഷ്ടൻമാരുടെ സമ്പൽസമൃദ്ധിയെയും നേരുള്ളവരുടെ ദുരിതത്തെയും കുറിച്ചുള്ള പരിചിന്തനം ഒരു വ്യക്തിയുടെ ഹൃദയത്തെ പരുഷമാക്കുകയോ അയാളെ കഠിനപ്പെടുത്തുകയോ ചെയ്തേക്കാം. ഈ സാഹചര്യം സംബന്ധിച്ച ആസാഫിന്റെ പ്രക്ഷുബ്ധത അദ്ദേഹത്തിന് ഏററവും ഉള്ളിൽ—അന്തരംഗത്തിൽ—വലിയ വേദനക്കിടയാക്കി. യഹോവയുടെ നിലപാടിൽ, അദ്ദേഹം വിവേചനമില്ലാതെ പ്രതികരിക്കുന്ന ഒരു മൃഗത്തെപ്പോലെയായി. എന്നിരുന്നാലും, ആസാഫ് ‘തന്റെ ഇന്ദ്രിയ ഗ്രഹണങ്ങളാൽ മാത്രം വലങ്കൈ പിടിച്ചിരുന്ന ദൈവത്തോടൊപ്പം നിരന്തരം ഇരുന്നു.’ ആസാഫിനെപ്പോലെ നാം ചിന്തയിൽ തെററു വരുത്തിയാലും യഹോവയുടെ ആലോചന തേടുന്നുവെങ്കിൽ ദൈവം നമ്മുടെ കൈപിടിച്ചു നമ്മെ താങ്ങുകയും നയിക്കുകയും ചെയ്യും. (യിരെമ്യാവു 10:23 താരതമ്യംചെയ്യുക.) അവിടുത്തെ ബുദ്ധ്യുപദേശം ബാധകമാക്കിയാൽ മാത്രമേ ഒരു നല്ല ഭാവിയിലേക്കു നമ്മെ നയിക്കാൻ കഴിയുകയുള്ളു. കുറേ കാലത്തേക്കു നാം അപമാനം സഹിച്ചേക്കാം, എന്നാൽ യഹോവ കാര്യങ്ങൾക്കു വ്യത്യാസം വരുത്തി ‘നമുക്കു മഹത്ത്വം’ അല്ലെങ്കിൽ മാനം കൈവരുത്തും.
യഹോവയിലെ ആശ്രയത്വത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട് ആസാഫ് കൂട്ടിച്ചേർത്തു: “സ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു. ഇതാ, നിന്നോടു അകന്നിരിക്കുന്നവർ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും. എന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന്നു ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.”—സങ്കീർത്തനം 73:25-28.
ആസാഫിനെപ്പോലെ യഥാർഥ സുരക്ഷിതത്വത്തിനും ആശ്വാസത്തിനും വേണ്ടി നമുക്ക് ആശ്രയിക്കാൻ യഹോവയല്ലാതെ മററാരുമില്ല. (2 കൊരിന്ത്യർ 1:3, 4) അതുകൊണ്ട് ആരുടെയെങ്കിലും ഭൗതിക ധനം മോഹിക്കുന്നതിനു പകരം നമുക്കു ദൈവത്തെ സേവിക്കുകയും സ്വർഗത്തിൽ നിക്ഷേപം സ്വരൂപിക്കുകയും ചെയ്യാം. (മത്തായി 6:19, 20) യഹോവയുടെ മുമ്പാകെ ഒരു അംഗീകൃതനില ഉണ്ടായിരിക്കുക എന്നതായിരിക്കണം നമ്മുടെ ഏററവും വലിയ പ്രമോദം. നമ്മുടെ ജൈവഘടനയും ഹൃദയവും ക്ഷയിച്ചുപോയാലും അവിടുന്നു നമ്മെ ശക്തരാക്കുകയും നമ്മുടെ ഹൃദയത്തിനു സ്ഥിരത നല്കുകയും ചെയ്യുന്നു, തത്ഫലമായി വിപത്തുകളിലും നമുക്കു പ്രത്യാശയും ധൈര്യവും നഷ്ടപ്പെടുന്നില്ല. യഹോവയുമായുള്ള ഉററബന്ധം വിലതീരാത്ത ഒരു സ്വത്താണ്. അതു തള്ളിക്കളയുന്നതു നമുക്കും യഹോവയെ ഉപേക്ഷിക്കുന്നവർക്കും അനർഥം കൈവരുത്തും. അതുകൊണ്ട്, ആസാഫിനെപ്പോലെ നമുക്ക് ദൈവത്തോട് അടുത്തുചെല്ലുകയും നമ്മുടെ സകല ഉത്ക്കണ്ഠകളും തന്റെമേൽ ഇടുകയും ചെയ്യാം. (1 പത്രൊസ് 5:6, 7) ഇതു നമ്മുടെ ആത്മീയ ക്ഷേമത്തെ അഭിവൃദ്ധിപ്പെടുത്തുകയും മററുള്ളവരോടു യഹോവയുടെ അത്ഭുതക്രിയകളെപ്പററി പറയാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
യഹോവയോടു വിശ്വസ്തരായി നിലകൊള്ളുക
തന്റെ സ്വദേശമായ ഇസ്രയേലിൽ ദുഷ്പ്രവൃത്തിക്കാർ അഭിവൃദ്ധിപ്പെടുന്നതുകണ്ട് ആസാഫ് അസ്വസ്ഥനായി. യഹോവയുടെ വിശ്വസ്ത ദാസൻമാരുടെ ഇടയിൽ പൊങ്ങച്ചം പറയൽ, അഹങ്കാരം, അക്രമം, പരിഹാസം, വഞ്ചന മുതലായ കുററമുള്ളവരും തങ്ങൾ ചെയ്യുന്നതു ദൈവം അറിയുന്നുണ്ടെന്ന വസ്തുത നിഷേധിച്ചവരുമായ “ദുഷ്ടൻമാർ” ഉണ്ടായിരുന്നു. (സങ്കീർത്തനം 73:1-11) എന്തൊരു മുന്നറിയിപ്പ്! യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കുന്നതിനു നാം അഹങ്കാരം, അക്രമം, പരിഹാസം, അവിശ്വസ്തത മുതലായ സ്വഭാവങ്ങൾ പ്രദർശിപ്പിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കണം. ആസാഫിനെപ്പോലെ യഹോവയുടെ എല്ലാ ദാസൻമാരും അവിടുത്തെ ആരാധകരോടുകൂടെ ക്രമമായി സമ്മേളിച്ചുകൊണ്ട് ‘ദൈവത്തിന്റെ മഹത്തായ ആലയത്തിലേക്കു വരട്ടെ.’ തീർച്ചയായും യഹോവയെ സ്നേഹിക്കുന്ന എല്ലാവരും ‘ദൈവത്തോട് അടുത്തിരിക്കു’കയും മററുള്ളവർ പറയുന്നതും ചെയ്യുന്നതും ഗണ്യമാക്കാതെ കഷ്ടപ്പാടുകൾക്കു മധ്യേ തങ്ങളെ പുലർത്തുന്നതിന് അവിടുത്തെ ആശ്രയിക്കുകയും ചെയ്യട്ടെ.—സങ്കീർത്തനം 73:12-28; 3 യോഹന്നാൻ 1-10.
ദുഷ്പ്രവൃത്തിക്കാരുടെ ഭൗതിക സമൃദ്ധി നമ്മുടെ വിശ്വാസത്തെ പരീക്ഷിച്ചേക്കാമെന്നതു സത്യം തന്നെ, അത് ആസാഫിന്റെ വിശ്വാസത്തെ പരീക്ഷിച്ചതുപോലെ. എങ്കിലും നമ്മുടെ ജീവിതം യഹോവയുടെ സേവനത്തിൽ കേന്ദ്രീകരിക്കുന്നെങ്കിൽ ഈ പരിശോധനയെ നമുക്കു സഹിക്കുന്നതിനു കഴിയും. ഇതു ചെയ്യുന്നതിനു നമുക്കു പ്രതിഫലം കിട്ടും, കാരണം ‘നമ്മുടെ പ്രവൃത്തിയും തന്റെ നാമത്തോടു നാം കാണിക്കുന്ന സ്നേഹവും മറന്നുകളവാൻ തക്കവണ്ണം ദൈവം അനീതിയുള്ളവനല്ല.’ (എബ്രായർ 6:10) നമ്മുടെ പ്രതിഫലത്തോടു തുലനം ചെയ്യുമ്പോൾ നമ്മുടെ ശോധനകൾ ‘നൊടിനേരത്തേക്കുള്ളതും ലഘുവും’ ആയിരിക്കും. (2 കൊരിന്ത്യർ 4:17) എഴുപതോ 80-ഓ വർഷത്തെ കഷ്ടപ്പാടുകൾ പോലും യഹോവ തന്റെ വിശ്വസ്ത സേവകർക്കു വാഗ്ദത്തം ചെയ്യുന്ന നിത്യമായ സന്തുഷ്ട ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ നാം ഒന്നു മന്ത്രിക്കവേ നമ്മുടെ അധരങ്ങളിലൂടെ പോകുന്ന ശ്വാസം പോലെ മാത്രമാണ്.—സങ്കീർത്തനം 90:9, 10.
നീതിനിമിത്തമുള്ള നമ്മുടെ കഷ്ടപ്പാടുകൾക്കു വിപരീതമായ ദുഷ്പ്രവൃത്തിക്കാരുടെ ഭൗതിക സമൃദ്ധി, നമ്മെ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഒരു ഫലമായ വിശ്വാസം പ്രകടിപ്പിക്കുന്നതിൽനിന്ന് ഒരിക്കലും തടയാതിരിക്കട്ടെ. (ഗലാത്യർ 5:22, 23; 1 പത്രൊസ് 3:13, 14) തത്ത്വദീക്ഷയില്ലാത്തതിനാൽ മിക്കപ്പോഴും അഭിവൃദ്ധിപ്പെടുന്ന ദുഷ്ടൻമാരെ നാം അനുകരിച്ചാൽ സാത്താൻ പ്രസാദിക്കും. പകരം, യഹോവയുടെ നീതിയുള്ള പ്രമാണങ്ങളെ ഉപേക്ഷിക്കുന്നതിനുള്ള പ്രലോഭനങ്ങളെ ചെറുത്തുകൊണ്ടു നമുക്ക് അവിടുത്തെ നാമത്തെ ബഹുമാനിക്കാം. (സെഫന്യാവു 2:3) ദുഷ്ടൻമാരുടെ വിജയത്തിൽ നമുക്കു ക്ലേശിതരാകാതിരിക്കാം, കാരണം ഏററവും കൂടിയാൽ അവർക്കു ഭൗതിക അഭിവൃദ്ധി മാത്രമേ നേടാൻ കഴിയൂ. അതിന് എന്തു മൂല്യമാണുള്ളത്? പരമാധികാരിയാം കർത്താവായ യഹോവയിൽ വിശ്വാസം പ്രകടിപ്പിക്കുന്നവർ ആസ്വദിക്കുന്ന ആത്മീയ അഭിവൃദ്ധിയുമായി അതിനെ തുലനം ചെയ്യാൻപോലും കഴിയുകയില്ല.