നിങ്ങളുടെ പ്രയോജനപ്രദമായ ശീലങ്ങളെ ആരും പാഴാക്കാതിരിക്കട്ടെ
“വഴിതെററിക്കപ്പെടരുത്. ചീത്ത സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.”—1 കൊരിന്ത്യർ 15:33, NW.
1, 2. (എ) കൊരിന്തിലെ ക്രിസ്ത്യാനികളെ സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് എങ്ങനെ വിചാരിച്ചു, എന്തുകൊണ്ട്? (ബി) ഏതു പ്രത്യേക ബുദ്ധ്യുപദേശം നാം പരിചിന്തിക്കും?
മാതാപിതാക്കളുടെ സ്നേഹം എന്തൊരു ശക്തമായ വികാരമാണ്! അതു മാതാപിതാക്കളെ തങ്ങളുടെ മക്കൾക്കുവേണ്ടി ത്യാഗങ്ങൾ ചെയ്യാൻ, അവരെ പഠിപ്പിക്കാനും ബുദ്ധ്യുപദേശിക്കാനും പ്രചോദിപ്പിക്കുന്നു. അപ്പോസ്തലനായ പൗലോസ് ഒരു ജഡിക പിതാവല്ലായിരുന്നിരിക്കാം, എന്നിട്ടും അദ്ദേഹം കൊരിന്തിലെ ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം ഗുരുക്കൻമാർ ഉണ്ടെങ്കിലും പിതാക്കൻമാർ ഏറെയില്ല; ക്രിസ്തുയേശുവിൽ ഞാനല്ലോ നിങ്ങളെ സുവിശേഷത്താൽ ജനിപ്പിച്ചതു.”—1 കൊരിന്ത്യർ 4:15.
2 കുറേക്കാലം മുമ്പ്, പൗലോസ് കൊരിന്തിലേക്കു യാത്ര ചെയ്തിരുന്നു. അവിടെ അദ്ദേഹം യഹൂദരോടും യവനരോടും പ്രസംഗിക്കുകയും ചെയ്തിരുന്നു. കൊരിന്തിൽ സഭ രൂപീകരിക്കാൻ അദ്ദേഹം സഹായിച്ചു. മറെറാരു ലേഖനത്തിൽ പൗലോസ് തന്റെ പരിപാലനത്തെ മുലയൂട്ടുന്ന ഒരു അമ്മയുടേതിനോട് ഉപമിച്ചു, എന്നാൽ അദ്ദേഹം കൊരിന്ത്യർക്ക് ഒരു പിതാവിനെപ്പോലെയായിരുന്നു. (1 തെസ്സലൊനീക്യർ 2:7) സ്നേഹവാനായ ഒരു ജഡിക പിതാവു ചെയ്യുന്നതുപോലെ പൗലോസ് തന്റെ ആത്മീയ മക്കളെ ബുദ്ധ്യുപദേശിച്ചു. കൊരിന്തിലെ ക്രിസ്ത്യാനികൾക്കായുള്ള ഈ പിതൃസഹജമായ ബുദ്ധ്യുപദേശത്തിൽനിന്നു പ്രയോജനം അനുഭവിക്കാൻ നിങ്ങൾക്കാകും: “വഴിതെററിക്കപ്പെടരുത്. ചീത്ത സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” (1 കൊരിന്ത്യർ 15:33, NW) പൗലോസ് കൊരിന്ത്യർക്കു അത് എഴുതിയത് എന്തുകൊണ്ടായിരുന്നു? ആ ഉപദേശം നമുക്കു ബാധകമാക്കാൻ കഴിയുന്നതെങ്ങനെ?
അവർക്കും നമുക്കും വേണ്ടിയുള്ള ബുദ്ധ്യുപദേശം
3, 4. ഒന്നാം നൂററാണ്ടിലെ കൊരിന്തിനെയും അതിന്റെ ജനസംഖ്യയെയും കുറിച്ചു നമുക്ക് എന്തറിയാം?
3 ഒന്നാം നൂററാണ്ടിൽ ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞനായ സ്ട്രാബോ ഇപ്രകാരം എഴുതി: “കരയിടുക്കിൽ സ്ഥിതിചെയ്യുന്നതിനാലും രണ്ടു തുറമുഖങ്ങളുടെ—നേരേ ഏഷ്യയിലേക്കു നയിക്കുന്ന ഒന്നിന്റേയും ഇററലിയിലേക്കു നയിക്കുന്ന മറെറാന്നിന്റേയും—അധികാരിയായിരുന്നതിനാലും, കൊരിന്തിന്റെ വാണിജ്യം ഹേതുവായി, അതു ‘സമ്പന്ന’മെന്നു പറയപ്പെടുന്നു; ഇതു രണ്ടു രാജ്യങ്ങളിൽനിന്നുമുള്ള വ്യാപാരച്ചരക്കുകളുടെ കൈമാററം എളുപ്പമാക്കുന്നു.” രണ്ടു വർഷത്തിലൊരിക്കലുള്ള പ്രശസ്ത ഇസ്മിയൻ കായിക മത്സരങ്ങൾ കൊരിന്തിലേക്കു വൻപുരുഷാരങ്ങളെ കൊണ്ടുവന്നു.
4 ഗവൺമെൻറ് അധികാരത്തിന്റെയും അഫ്രൊഡൈററിന്റെ ഭോഗാസക്തമായ ആരാധനയുടെയും കേന്ദ്രമായിരുന്ന ഈ നഗരത്തിലെ ജനങ്ങൾ എങ്ങനെയുള്ളവരായിരുന്നു? പ്രൊഫസ്സർ ടി. എസ്. ഇവാൻസ് ഇങ്ങനെ വിശദീകരിച്ചു: “ജനസംഖ്യ സാധ്യതയനുസരിച്ചു ഏകദേശം 4,00,000 [ആയിരുന്നു]. ഉന്നത സംസ്കാരമുള്ള[തായിരുന്നു] സമൂഹം, എന്നാൽ ധാർമികത അയവുള്ളതും ലജ്ജാവഹം പോലുമായിരുന്നു. . . . ബൗദ്ധികമായ അസ്വസ്ഥതയും പുതുമകൾക്കായുള്ള ആവേശംപൂണ്ട അഭിലാഷവും ഖായയിലെ ഗ്രീക്ക് നിവാസികളുടെ ലക്ഷണമായിരുന്നു. . . . അവരുടെ അഹന്ത വിഭാഗീയതയുടെ തീപ്പന്തത്തിന് ഒരുക്കിയ ഇന്ധനം പോലെയായിരുന്നു.”
5. കൊരിന്തിലെ സഹോദരൻമാർ ഏത് അപകടത്തെ അഭിമുഖീകരിച്ചു?
5 കാലക്രമത്തിൽ അപ്പോഴും ഗർവിഷ്ഠമായ അഭ്യൂഹങ്ങൾ നടത്താൻ ചായ്വു കാണിച്ച ചിലരാൽ സഭപോലും വിഭജിതമായിത്തീർന്നു. (1 കൊരിന്ത്യർ 1:10-31; 3:2-9) “മരിച്ചവരുടെ പുനരുത്ഥാനം ഇല്ല” എന്നു ചിലർ പറഞ്ഞതായിരുന്നു ഒരു വലിയ പ്രശ്നം. (1 കൊരിന്ത്യർ 15:12; 2 തിമൊഥെയൊസ് 2:16-18) അവരുടെ കൃത്യമായ വിശ്വാസം (അല്ലെങ്കിൽ തെററായ വിശ്വാസം) എന്തായിരുന്നാലും, ക്രിസ്തു “മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു” എന്നതിന്റെ വ്യക്തമായ തെളിവോടെ പൗലോസിന് അവരെ തിരുത്തേണ്ടതുണ്ടായിരുന്നു. അപ്രകാരം, ദൈവം തങ്ങൾക്കു “നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം . . . ജയം” നൽകുമെന്നു ക്രിസ്ത്യാനികൾക്കു വിശ്വസിക്കാൻ കഴിയുമായിരുന്നു. (1 കൊരിന്ത്യർ 15:20, 51-57) നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ അപകടത്തിലാകുമായിരുന്നോ?
6. ഒന്നു കൊരിന്ത്യർ 15:33-ലെ പൗലോസിന്റെ ബുദ്ധ്യുപദേശം ആർക്കാണു വിശേഷാൽ ബാധകമായിരുന്നത്?
6 മരിച്ചവർ ഉയിർപ്പിക്കപ്പെടേണ്ടതാകുന്നു എന്നതിന് ഉറച്ച തെളിവ് കൊടുക്കുന്ന അവസരത്തിൽ പൗലോസ് അവരോടു പറഞ്ഞു: “വഴിതെററിക്കപ്പെടരുത്. ചീത്ത സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” ഈ ബുദ്ധ്യുപദേശം സഭയുമായി സഹവസിച്ചുകൊണ്ടിരിക്കെ പുനരുത്ഥാന പഠിപ്പിക്കലുമായി വിയോജിച്ചവരെ മനസ്സിൽ കണ്ടുകൊണ്ടുള്ളതായിരുന്നു. തങ്ങൾക്കു മനസ്സിലാകാഞ്ഞ ഒരു ആശയം സംബന്ധിച്ച് അവർ കേവലം നിശ്ചയമില്ലാത്തവരായിരുന്നു എന്നാണോ? (ലൂക്കൊസ് 24:38 താരതമ്യപ്പെടുത്തുക.) അല്ല. “മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നു” എന്നു പൗലോസ് എഴുതി, തന്നിമിത്തം അതിലുൾപ്പെട്ടവർ, വിശ്വാസത്യാഗത്തിലേക്കു ചായ്വു കാണിച്ചുകൊണ്ട്, വിയോജിപ്പു പ്രകടിപ്പിക്കുകയായിരുന്നു. അവർക്കു മററുള്ളവരുടെ നല്ല ശീലങ്ങളെയും ചിന്തകളെയും പാഴാക്കാനാകുമെന്നു പൗലോസിനു നന്നായി അറിയാമായിരുന്നു.—പ്രവൃത്തികൾ 20:30; 2 പത്രൊസ് 2:1.
7. ഒന്നു കൊരിന്ത്യർ 15:33 നമുക്കു ബാധകമാക്കാവുന്ന ഒരു രംഗം ഏത്?
7 സഹവാസങ്ങളെ സംബന്ധിച്ച പൗലോസിന്റെ ബുദ്ധ്യുപദേശം നമുക്ക് എങ്ങനെ ബാധകമാക്കാൻ കഴിയും? സഭയിൽ ഒരു ബൈബിൾ വാക്യമോ പഠിപ്പിക്കലോ മനസ്സിലാക്കാൻ വിഷമിക്കുന്ന ഒരുവനെ നാം സഹായിക്കാൻ കൂട്ടാക്കരുതെന്ന് അദ്ദേഹം അർഥമാക്കിയില്ല. തീർച്ചയായും അത്തരം സംശയങ്ങളുള്ള ആത്മാർഥതയുള്ളവർക്കു കരുണാപൂർവമായ സഹായം കൊടുക്കാൻ യൂദാ 22, 23 നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (യാക്കോബ് 5:19, 20) എന്നിരുന്നാലും നമുക്കു ബൈബിൾസത്യമെന്ന് അറിയാവുന്നതിനോട് ഒരുവൻ വിയോജിപ്പു പ്രകടമാക്കിക്കൊണ്ടിരിക്കുകയോ സംശയാസ്പദമായ അല്ലെങ്കിൽ നിഷേധാത്മകമായ സ്വഭാവത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിൽ തുടരുകയോ ചെയ്യുന്നെങ്കിൽ പൗലോസിന്റെ പിതൃസഹജമായ ബുദ്ധ്യുപദേശം തീർച്ചയായും ബാധകമാകണം. അത്തരം വ്യക്തിയുമായുള്ള സഹവാസത്തിനെതിരെ നാം സൂക്ഷിക്കണം. നിശ്ചയമായും ആരെങ്കിലും തീർത്തും വിശ്വാസത്യാഗിയായിത്തീരുന്നെങ്കിൽ ആത്മീയ ഇടയൻമാർ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കാൻ പ്രവർത്തിക്കേണ്ടതുണ്ടായിരിക്കും.—2 തിമൊഥെയൊസ് 2:16-18; തീത്തൊസ് 3:10, 11.
8. ആരെങ്കിലും ഒരു ബൈബിൾ ഉപദേശത്തോടു വിയോജിക്കുമ്പോൾ നമുക്കെങ്ങനെ വിവേചനയോടെ പ്രവർത്തിക്കാം?
8 സഭയ്ക്കു പുറത്തു വ്യാജപഠിപ്പിക്കലുകളെ പ്രോത്സാഹിപ്പിക്കുന്നവരുടെ കാര്യത്തിലും 1 കൊരിന്ത്യർ 15:33-ലെ പൗലോസിന്റെ പിതൃസഹജമായ വാക്കുകൾ നമുക്കു ബാധകമാക്കാനാകും. അവരുമായുള്ള സഹവാസത്തിലേക്കു നാം എങ്ങനെ ആകർഷിക്കപ്പെട്ടേക്കാം? സത്യം പഠിക്കാൻ സഹായിക്കപ്പെടാവുന്നവരെയും ഒരു വ്യാജപഠിപ്പിക്കലിനെ പ്രോത്സാഹിപ്പിക്കാൻവേണ്ടി കേവലം ഒരു വെല്ലുവിളി ഉയർത്തുന്നവരെയും തമ്മിൽ നാം തിരിച്ചറിയുന്നില്ലെങ്കിൽ അതു സംഭവിച്ചേക്കാം. ഉദാഹരണത്തിന്, നമ്മുടെ സാക്ഷീകരണ വേലയിൽ ചില ആശയങ്ങളിൽ വിയോജിപ്പു പ്രകടിപ്പിക്കുന്ന, എന്നാൽ കൂടുതൽ ചർച്ചചെയ്യാൻ മനസ്സു കാണിക്കുന്ന ഒരു വ്യക്തിയെ നാം കണ്ടുമുട്ടിയേക്കാം. (പ്രവൃത്തികൾ 17:32-34) അത് അതിൽത്തന്നെ നമുക്ക് ഒരു പ്രശ്നം ആയിരിക്കേണ്ടതില്ല, എന്തുകൊണ്ടെന്നാൽ ആത്മാർഥമായി അറിയാൻ ആഗ്രഹിക്കുന്ന ആർക്കും നാം സന്തോഷത്തോടെ ബൈബിൾ സത്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നു, ബോധ്യപ്പെടുത്തുന്ന തെളിവുകൾ സമർപ്പിക്കാൻ മടങ്ങിച്ചെന്നുകൊണ്ടു പോലും. (1 പത്രൊസ് 3:15) എന്നാൽ, ബൈബിൾ സത്യം കണ്ടെത്തുന്നതിൽ ചിലർക്കു വാസ്തവത്തിൽ താത്പര്യമില്ലായിരിക്കാം.
9. നമ്മുടെ വിശ്വാസങ്ങളുടെ നേരെയുള്ള വെല്ലുവിളികളോടു നാം എങ്ങനെ പ്രതികരിക്കണം?
9 അനേകം ആളുകൾ വാരംതോറും മണിക്കൂറുകളോളം വാദപ്രതിവാദം നടത്തിയേക്കാം, എന്നാൽ അത് അവർ സത്യം അന്വേഷിക്കുന്നതുകൊണ്ടല്ല. എബ്രായയിലോ ഗ്രീക്കിലോ പരിണാമസിദ്ധാന്ത ശാസ്ത്രത്തിലോ തങ്ങൾക്കുണ്ടെന്ന് അവർ സങ്കല്പിക്കുന്ന വിദ്യാഭ്യാസത്തിന്റെ ഗമ പ്രദർശിപ്പിച്ചുകൊണ്ട് മറെറാരാളുടെ വിശ്വാസത്തിനു തുരങ്കം വെക്കാൻ മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. അവരെ അഭിമുഖീകരിച്ചപ്പോൾ ചില സാക്ഷികൾ തങ്ങൾ വെല്ലുവിളിക്കപ്പെട്ടതായി വിചാരിക്കുകയും വ്യാജമത വിശ്വാസത്തെയോ തത്ത്വശാസ്ത്രത്തെയോ ശാസ്ത്രീയാബദ്ധത്തെയോ കേന്ദ്രീകരിച്ചുള്ള ദീർഘിച്ച സഹവാസത്തിൽ ഉൾപ്പെടുകയും ചെയ്തിട്ടുണ്ട്. എബ്രായയിലും ഗ്രീക്കിലും വിദ്യാഭ്യാസം ലഭിച്ചിരുന്ന മതനേതാക്കളുമായുള്ള തർക്കം ജയിക്കാൻ യേശുവിനു കഴിയുമായിരുന്നെങ്കിലും അതു തനിക്കു സംഭവിക്കാൻ അവിടുന്ന് അനുവദിച്ചില്ലെന്നത് ശ്രദ്ധാർഹമാണ്. വെല്ലുവിളിക്കപ്പെട്ടപ്പോൾ യേശു ഹ്രസ്വമായി മറുപടി പറയുകയും അനന്തരം യഥാർഥ ചെമ്മരിയാടുകളായ താഴ്മയുള്ളവരിലേക്കു വീണ്ടും തന്റെ ശ്രദ്ധ തിരിക്കുകയും ചെയ്തു.—മത്തായി 22:41-46; 1 കൊരിന്ത്യർ 1:23–2:2.
10. കമ്പ്യൂട്ടറുകളോടും ഇലക്ട്രോണിക് ബുള്ളററിൻ ബോർഡുകളോടും സമ്പർക്കമുള്ള ക്രിസ്ത്യാനികൾക്കു ജാഗ്രത ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
10 ആധുനിക കമ്പ്യൂട്ടറുകൾ ചീത്ത സഹവാസത്തിലേക്കു മററു മാർഗങ്ങൾ തുറന്നിട്ടുണ്ട്. കമ്പ്യൂട്ടറും ടെലിഫോണും ഉപയോഗിച്ച് ഇലക്ട്രോണിക് ബുള്ളററിൻ ബോർഡുകളിലേക്കു സന്ദേശങ്ങൾ അയയ്ക്കാൻ ചില വാണിജ്യ സ്ഥാപനങ്ങൾ വരിക്കാരെ സഹായിക്കുന്നു; ഇപ്രകാരം ഒരു വ്യക്തിക്കു ബുള്ളററ് ബോർഡിൽ എല്ലാ വരിക്കാർക്കും പ്രാപ്യമായ ഒരു സന്ദേശമിടാൻ കഴിയും. ഇതു മതപരമായ കാര്യങ്ങളെ സംബന്ധിച്ചുള്ള ഇലക്ട്രോണിക് വാദപ്രതിവാദം എന്നു പറയുന്നതിലേക്കു നയിച്ചിട്ടുണ്ട്. ഒരു ക്രിസ്ത്യാനി അത്തരം വാദപ്രതിവാദത്തിലേക്ക് ആകർഷിക്കപ്പെട്ടേക്കാം, സഭയിൽനിന്നു പുറത്താക്കപ്പെട്ട ഒരു വിശ്വാസത്യാഗിയുമായി അയാൾ അനേകം മണിക്കൂർ ചെലവഴിച്ചേക്കാം. രണ്ടു യോഹന്നാൻ 9-11-ലെ മാർഗനിർദ്ദേശം ചീത്ത സഹവാസം സംബന്ധിച്ച പൗലോസിന്റെ പിതൃസഹജമായ ബുദ്ധ്യുപദേശത്തിന് അടിവരയിടുന്നു.a
വഴിതെററിക്കപ്പെടുന്നത് ഒഴിവാക്കുക
11. കൊരിന്തിലെ വാണിജ്യപരമായ സ്ഥിതിവിശേഷം ഏതവസരം പ്രദാനം ചെയ്തു?
11 നേരത്തെ കുറിക്കൊണ്ടതുപോലെ കൊരിന്ത് എണ്ണമററ കടകളും ബിസിനസും ഉണ്ടായിരുന്ന ഒരു വാണിജ്യ കേന്ദ്രമായിരുന്നു. (1 കൊരിന്ത്യർ 10:25) ഇസ്മിയൻ കായിക മത്സരങ്ങൾക്കുവേണ്ടി വന്നെത്തിയ അനേകർ കൂടാരങ്ങളിൽ താമസിക്കുമായിരുന്നു, ആ സന്ദർഭത്തിൽ വ്യാപാരികൾ എടുത്തുമാററാവുന്ന ചെററപ്പുരകളിൽനിന്നോ മൂടിയുള്ള സ്ററാളുകളിൽനിന്നോ വിൽപ്പന നടത്തുമായിരുന്നു. (പ്രവൃത്തികൾ 18:1-3 താരതമ്യപ്പെടുത്തുക.) ഇതു പൗലോസിന് അവിടെ കൂടാരമുണ്ടാക്കുന്ന ജോലി കണ്ടെത്തുന്നതു സാധ്യമാക്കി. സുവാർത്ത പുരോഗമിപ്പിക്കാൻ ജോലിസ്ഥലം ഉപയോഗപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. പ്രൊഫസർ ജെ. മർഫി-ഒ’കൊണൊർ ഇങ്ങനെ എഴുതുന്നു: “തിക്കുംതിരക്കുമുള്ള ഒരു തെരുവിന് അഭിമുഖമായുള്ള . . . തിരക്കേറിയ ഒരു മാർക്കററിലെ ഒരു കടയിൽനിന്നു പൗലോസിനു സഹജോലിക്കാരും ഇടപാടുകാരുമായി മാത്രമല്ല പുറത്തുള്ള ജനക്കൂട്ടവുമായും സമ്പർക്കത്തിൽ വരാമായിരുന്നു. കാര്യമായ ബിസിനസില്ലാത്ത സമയങ്ങളിൽ അദ്ദേഹത്തിനു വാതിൽക്കൽ നിൽക്കാനും ശ്രദ്ധിക്കുമെന്ന് അദ്ദേഹം വിചാരിച്ചയാളുകളെ പിടിച്ചുനിർത്തി സംസാരിക്കാനും കഴിയുമായിരുന്നു . . . അദ്ദേഹത്തിന്റെ കരുത്താർന്ന വ്യക്തിത്വവും പൂർണബോധ്യവും അദ്ദേഹത്തെ താമസിയാതെ അയൽവക്കത്തെ ഒരു ‘വിശിഷ്ട വ്യക്തി’യാക്കിയില്ലെന്നു വിഭാവന ചെയ്യാൻ ബുദ്ധിമുട്ടാണ്. ഇത് ജിജ്ഞാസുക്കളെ, വെറും മടിയൻമാരെ മാത്രമല്ല, ആത്മാർഥമായി സത്യമന്വേഷിക്കുന്നവരെയും, ആകർഷിക്കുമായിരുന്നു. . . . അദ്ദേഹത്തെക്കുറിച്ചു കേട്ടിരുന്ന വിവാഹിതരായ സ്ത്രീകൾക്കു തങ്ങളുടെ പരിചാരികമാരോടുകൂടെ സാധനങ്ങൾ വാങ്ങാൻ വരുന്ന നാട്യത്തിൽ സന്ദർശിക്കാൻ കഴിയുമായിരുന്നു. സംഘർഷസമയത്ത്, പീഡനമോ ലഘുവായ ഉപദ്രവമോ ഭീഷണി ഉയർത്തിയപ്പോൾ വിശ്വാസികൾക്ക് അദ്ദേഹത്തെ ഇടപാടുകാർ മാതിരി അഭിമുഖീകരിക്കാമായിരുന്നു. പണിശാല അദ്ദേഹത്തെ മുൻസിപ്പൽ ഉദ്യോഗസ്ഥരുമായും സമ്പർക്കത്തിലാക്കി.”
12, 13. ഒന്നു കൊരിന്ത്യർ 15:33 ജോലിസ്ഥലത്തു നന്നായി ബാധകമാകാവുന്നത് എങ്ങനെ?
12 എന്നിരുന്നാലും പൗലോസ് ജോലിസ്ഥലത്തെ “ചീത്ത സഹവാസ”ത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞിട്ടുണ്ടാകും. നാമും തിരിച്ചറിയണം. അർത്ഥഗർഭമായി, ചിലർക്കിടയിൽ നിലനിന്നിരുന്ന ഒരു മനോഭാവം പൗലോസ് ഉദ്ധരിച്ചു: “നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.” (1 കൊരിന്ത്യർ 15:32) അതിനു തൊട്ടുപിന്നാലെ തന്റെ പിതൃസഹജമായ ബുദ്ധ്യുപദേശവും അദ്ദേഹം നൽകി: “വഴിതെററിക്കപ്പെടരുത്. ചീത്ത സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” അപകടസാധ്യത സൃഷ്ടിക്കുന്നതിൽ ജോലിസ്ഥലവും സുഖം തേടലും എങ്ങനെ ഒത്തുചേർന്നേക്കാം?
13 സഹജോലിക്കാരുമായി സൗഹൃദത്തിലായിരിക്കാൻ ക്രിസ്ത്യാനികൾ ആഗ്രഹിക്കുന്നു. ഒരു സാക്ഷ്യം കൊടുക്കാനുള്ള അവസരമൊരുക്കുന്നതിൽ ഇതിന് എത്രമാത്രം ഫലപ്രദമായിരിക്കാൻ കഴിയുമെന്നതിനു ധാരാളം അനുഭവങ്ങളുണ്ട്. എന്നിരുന്നാലും ഒരുമിച്ചു രസിക്കാൻവേണ്ടി സഹവാസം തേടുകയാണെന്ന് ഒരു സഹപ്രവർത്തകൻ സൗഹൃദത്തെ ദുർവ്യാഖ്യാനം ചെയ്തേക്കാം. അദ്ദേഹമോ അവളോ ഉച്ചഭക്ഷണത്തിനോ, ജോലിക്കുശേഷം മദ്യശാലയിൽ പോകാനോ, വാരാന്തത്തിൽ ഏതെങ്കിലും വിനോദത്തിനോ ഒരു അനൗപചാരിക ക്ഷണം വെച്ചുനീട്ടിയേക്കാം. ഈ വ്യക്തി ദയാലുവും യോഗ്യനുമായി പ്രത്യക്ഷപ്പെട്ടേക്കാം, ക്ഷണം നിഷ്കളങ്കമായി തോന്നിക്കുകയും ചെയ്തേക്കാം. എന്നാലും, പൗലോസ് നമ്മെ ഉപദേശിക്കുന്നു: “വഴിതെററിക്കപ്പെടരുത്.”
14. സഹവാസങ്ങളിലൂടെ ചില ക്രിസ്ത്യാനികൾ വഴിപിഴപ്പിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
14 ചില ക്രിസ്ത്യാനികൾ വഴിതെററിക്കപ്പെട്ടിട്ടുണ്ട്. സഹജോലിക്കാരുമായുള്ള സഹവാസത്തോട് ഒരു അയഞ്ഞ മനോഭാവം അവർ ക്രമാനുഗതമായി വളർത്തിയെടുത്തു. ഒരുപക്ഷേ സ്പോർട്സിലെയോ ഹോബിയിലെയോ ഒരു പൊതു താത്പര്യത്തിൽ നിന്നായിരിക്കാം അതു വളർന്നത്. അല്ലെങ്കിൽ ജോലിസ്ഥലത്ത് ഒരു അക്രൈസ്തവൻ അസാധാരണമാംവിധം ദയാലുവും ശ്രദ്ധയുള്ളവനുമായിരിക്കാം. അത് സഭയിലെ ചിലരോടുള്ളതിനെക്കാൾപ്പോലും ആ വ്യക്തിയുമായുള്ള കൂട്ടുകെട്ടു കൂടുതൽ ഇഷ്ടപ്പെടുന്നതിലേക്കും അയാളോടൊപ്പം കൂടുതൽക്കൂടുതൽ സമയം ചെലവഴിക്കുന്നതിലേക്കും നയിച്ചേക്കാം. പിന്നെ, സഹവാസം കേവലം ഒരു യോഗം മുടങ്ങുന്നതിലേക്കു നയിച്ചേക്കാം. ഒരു രാത്രിയിൽ വളരെ വൈകുന്നതുവരെ പുറത്തായിരിക്കുന്നതിനെയും രാവിലെ വയൽശുശ്രൂഷയിൽ പങ്കെടുക്കുന്ന രീതി ലംഘിക്കുന്നതിനെയും അത് അർഥമാക്കിയേക്കാം. ഒരു ക്രിസ്ത്യാനി സാധാരണഗതിയിൽ നിരാകരിക്കുന്ന തരത്തിലുള്ള ഒരു സിനിമയോ വീഡിയോയോ കാണുന്നതിൽ അതു കലാശിക്കാം. ‘ഓ, അതൊരിക്കലും എനിക്കു സംഭവിക്കില്ല,’ എന്നു നാം ചിന്തിച്ചേക്കാം. എന്നാൽ വഴിതെററിക്കപ്പെട്ടിട്ടുള്ളവരിൽ മിക്കവരും ആദ്യം ആ വിധത്തിൽ പ്രതിവചിച്ചിരിക്കാം. നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കേണ്ടതുണ്ട്, ‘പൗലോസിന്റെ ബുദ്ധ്യുപദേശം ബാധകമാക്കാൻ ഞാൻ എത്രമാത്രം ദൃഢനിശ്ചയമുള്ളവനാണ്?’
15. അയൽക്കാരോടു സന്തുലിതമായ ഏതു മനോഭാവം നമുക്കുണ്ടായിരിക്കേണം?
15 ജോലിസ്ഥലത്തെ സംബന്ധിച്ചു നാം ഇപ്പോൾ പരിചിന്തിച്ചത് അയൽക്കാരോടുള്ള നമ്മുടെ സഹവാസത്തിനും ബാധകമാകുന്നു. തീർച്ചയായും പുരാതന കൊരിന്തിലെ ക്രിസ്ത്യാനികൾക്കും അയൽക്കാരുണ്ടായിരുന്നു. ചില ജനസമുദായങ്ങളിൽ അയൽക്കാരോടു വളരെ സൗഹാർദതയുള്ളവരും അവരെ പിന്തുണക്കുന്നവരും ആയിരിക്കുക എന്നതു സാധാരണമാണ്. ഗ്രാമപ്രദേശങ്ങളിൽ, ഒററപ്പെട്ട അവസ്ഥ നിമിത്തം അയൽക്കാർ അന്യോന്യം ആശ്രയിച്ചേക്കാം. ചില സംസ്കാരങ്ങളിൽ ഭക്ഷണത്തിനായുള്ള അനേകം ക്ഷണങ്ങൾക്ക് അവസരമൊരുക്കിക്കൊണ്ടു കുടുംബ ബന്ധങ്ങൾ വിശേഷിച്ചും ബലിഷ്ഠമാണ്. സ്പഷ്ടമായും, യേശു പ്രകടമാക്കിയതുപോലുള്ള ഒരു സന്തുലിത വീക്ഷണം പ്രധാനമാണ്. (ലൂക്കൊസ് 8:20, 21; യോഹന്നാൻ 2:12) അയൽക്കാരോടും ബന്ധുക്കളോടും ഉള്ള നമ്മുടെ ഇടപെടലുകളിൽ ക്രിസ്ത്യാനികളായിത്തീരുന്നതിനുമുമ്പു നാം ചെയ്തിരുന്നതുപോലെ തുടരാൻ നാം ചായ്വുള്ളവരാണോ? പ്രത്യുത, അത്തരം ഇടപെടലുകളെ നാം ഇപ്പോൾ പുനർവിചിന്തനം ചെയ്ത് ഏതു പരിധികൾ ഉചിതമെന്നു ബോധപൂർവം തീരുമാനിക്കേണ്ടതല്ലേ?
16. മത്തായി 13:3, 4-ലെ യേശുവിന്റെ വാക്കുകൾ മനസ്സിലാക്കേണ്ടത് എങ്ങനെ?
16 യേശു ഒരിക്കൽ രാജ്യവചനത്തെ “വഴിയരികെ വീണ”തും “പറവകൾ വന്നു . . . തിന്നുകളഞ്ഞ”തുമായ വിത്തുകളോട് ഉപമിച്ചു. (മത്തായി 13:3, 4, 19) അക്കാലത്തു ധാരാളമാളുകൾ അങ്ങോട്ടുമിങ്ങോട്ടും നടന്നിരുന്നതിനാൽ വഴിയരികിലെ മണ്ണ് കട്ടിയുള്ളതായിത്തീർന്നിരുന്നു, അങ്ങനെതന്നെയാണ് അനേകമാളുകളുടെയും സ്ഥിതി. അവരുടെ ജീവിതം അയൽക്കാരെക്കൊണ്ടും ബന്ധുക്കളെക്കൊണ്ടും വന്നുപോകുന്ന മററുള്ളവരെക്കൊണ്ടും നിറഞ്ഞതാണ്, അവരെ തിരക്കുള്ളവരാക്കിക്കൊണ്ടുതന്നെ. ഇതു സത്യത്തിന്റെ വിത്തുകൾക്കു വേരുപിടിക്കാൻ പ്രയാസമാക്കികൊണ്ട് അവരുടെ ഹൃദയമാകുന്ന മണ്ണിനെ ചവുട്ടിമെതിക്കുന്നു എന്നു പറയാവുന്നതാണ്. ഇപ്പോൾതന്നെ ക്രിസ്ത്യാനിയായിരിക്കുന്ന ഒരുവന്റെ കാര്യത്തിലും സമാനമായ പ്രതികരണമില്ലായ്മ വികാസം പ്രാപിക്കാവുന്നതാണ്.
17. അയൽക്കാരോടും മററുള്ളവരോടും ഉള്ള സഹവാസത്തിനു നമ്മെ എങ്ങനെ ബാധിക്കാൻ കഴിയും?
17 ചില ലൗകിക അയൽക്കാരും ബന്ധുക്കളും ആത്മീയ കാര്യങ്ങളിൽ താത്പര്യമോ നീതിയോടുള്ള സ്നേഹമോ സ്ഥിരമായി പ്രകടിപ്പിച്ചിട്ടില്ലെങ്കിലും അവർ സൗഹൃദരും സഹായകരും ആയിരിക്കാം. (മർക്കൊസ് 10:21, 22; 2 കൊരിന്ത്യർ 6:14) ക്രിസ്ത്യാനികളായിത്തീരുമ്പോൾ നാം സൗഹാർദതയും അയൽസ്നേഹവും ഇല്ലാത്തവരായിത്തീരണമെന്ന് അത് അർഥമാക്കരുത്. മററുള്ളവരിൽ യഥാർഥ താത്പര്യം പ്രകടമാക്കാൻ യേശു നമ്മെ ബുദ്ധ്യുപദേശിച്ചു. (ലൂക്കൊസ് 10:29-37) പക്ഷേ, നമ്മുടെ സഹവാസങ്ങൾ സംബന്ധിച്ചു ശ്രദ്ധാലുക്കളായിരിക്കണമെന്ന പൗലോസിന്റെ ബുദ്ധ്യുപദേശം സമാനമായി നിശ്വസ്തവും അത്യാവശ്യവുമാണ്. ഇവയിൽ ആദ്യത്തെ ബുദ്ധ്യുപദേശം ബാധകമാക്കുമ്പോൾ രണ്ടാമത്തെതു നാം വിസ്മരിക്കരുത്. രണ്ടു തത്ത്വങ്ങളും നാം മനസ്സിൽ പിടിക്കുന്നില്ലെങ്കിൽ അതു നമ്മുടെ ശീലങ്ങളെ ബാധിച്ചേക്കാം. സത്യസന്ധതയോ കൈസരുടെ നിയമം അനുസരിക്കുന്നതോ സംബന്ധിച്ച നിങ്ങളുടെ ശീലങ്ങളെ നിങ്ങളുടെ അയൽക്കാരുടേതുമായി എങ്ങനെ താരതമ്യം ചെയ്യാം? ഉദാഹരണത്തിന്, നികുതിയടക്കേണ്ട സമയത്തു വരുമാനമോ ബിസിനസ് ലാഭമോ കണക്കിൽ കുറച്ചു കാണിക്കുന്നതു നീതീകരിക്കപ്പെടുന്നതായും കഴിഞ്ഞുകൂടുന്നതിന് അത് ആവശ്യമായും അവർക്കു തോന്നിയേക്കാം. ഒരു അനൗപചാരികമായ കാപ്പികുടിയുടെ സമയത്തോ ഒരു ഹ്രസ്വ സന്ദർശനത്തിനിടയിലോ അവർ തങ്ങളുടെ വീക്ഷണങ്ങൾ സംബന്ധിച്ചു ബോധ്യം വരുത്തുംവിധം നിങ്ങളോടു പറഞ്ഞേക്കാം. അതു നിങ്ങളുടെ ചിന്തയെയും സത്യസന്ധമായ ശീലങ്ങളെയും എങ്ങനെ ബാധിച്ചേക്കാം? (മർക്കൊസ് 12:17; റോമർ 12:2) “വഴിതെററിക്കപ്പെടരുത്. ചീത്ത സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.”
യൗവനകാല ശീലങ്ങളും
18. ഒന്നു കൊരിന്ത്യർ 15:33 യുവജനങ്ങൾക്കും ബാധകമാകുന്നതെന്തുകൊണ്ട്?
18 കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളാൽ യുവജനങ്ങൾ വിശേഷാൽ ബാധിക്കപ്പെടുന്നു. കുട്ടികളുടെ ആംഗ്യങ്ങൾക്കും പെരുമാററരീതികൾക്കും അവരുടെ മാതാപിതാക്കളുടേവയോടോ ഉടപ്പിറന്നവരുടേവയോടോ വളരെ സാമ്യമുള്ളതായി നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ? അപ്പോൾ കുട്ടികൾ അവരുടെ കളിക്കൂട്ടുകാരാലോ സഹപാഠികളാലോ സാരമായി സ്വാധീനിക്കപ്പെട്ടേക്കാമെന്നതിൽ നാം അത്ഭുതപ്പെടരുത്. (മത്തായി 11:16, 17 താരതമ്യപ്പെടുത്തുക.) നിങ്ങളുടെ മകനോ മകളോ, തങ്ങളുടെ മാതാപിതാക്കളെപ്പററി അനാദരവോടെ സംസാരിക്കുന്ന യുവാക്കളോടൊപ്പമാണെങ്കിൽ, ഇതു നിങ്ങളുടെ കുട്ടികളെ ബാധിക്കില്ലെന്ന് എന്തുകൊണ്ടു വിചാരിക്കണം? മററു യുവജനങ്ങൾ അശ്ലീല ഭാഷ ഉപയോഗിക്കുന്നത് അവർ കൂടെക്കൂടെ കേൾക്കുന്നെങ്കിലെന്ത്? സ്കൂളിലോ അയൽവക്കത്തോ ഉള്ള അവരുടെ സമപ്രായക്കാർ പുതിയ സ്റൈറലിലുള്ള ഷൂസുകളിലോ ഒരു സ്വർണാഭരണ ഫാഷനിലോ അവേശഭരിതരാകുന്നുവെങ്കിലെന്ത്? അത്തരം സ്വാധീനങ്ങൾ യുവക്രിസ്ത്യാനികളെ ബാധിക്കില്ലെന്നു നാം ചിന്തിക്കണമോ? ഒന്നു കൊരിന്ത്യർ 15:33-ന് ഒരു നിശ്ചിത പ്രായപരിധിയുണ്ടെന്നു പൗലോസ് പറഞ്ഞോ?
19. മാതാപിതാക്കൾ ഏതു വീക്ഷണമാണു തങ്ങളുടെ കുട്ടികളുടെ മനസ്സിൽ പതിപ്പിക്കേണ്ടത്?
19 നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ നിങ്ങൾ സ്വന്തം കുട്ടികളുമായി ന്യായവാദം ചെയ്യുമ്പോഴും അവരെ സംബന്ധിച്ചു തീരുമാനങ്ങൾ എടുക്കുമ്പോഴും നിങ്ങൾക്ക് ആ ബുദ്ധ്യുപദേശത്തെപ്പററി ബോധമുണ്ടോ? അയൽവക്കത്തോ സ്കൂളിലോ നിങ്ങളുടെ കുട്ടികൾ സഹവസിക്കുന്ന മറെറല്ലാ യുവജനങ്ങളും നല്ലവരല്ലെന്ന് ഇത് അർഥമാക്കുന്നില്ല എന്നു നിങ്ങൾ അംഗീകരിക്കുന്നെങ്കിൽ അതു സഹായകമായിരിക്കാനിടയുണ്ട്. നിങ്ങളുടെ ചില അയൽക്കാരെയും ബന്ധുക്കളെയും സഹജോലിക്കാരെയുംപോലെ അവരിൽ ചിലർ സ്നേഹശീലരും അന്തസുള്ളവരും ആയിരിക്കാം. ഇതു കാണാനും കൊരിന്ത്യർക്കുള്ള പൗലോസിന്റെ ജ്ഞാനപൂർവകവും പിതൃസഹജവുമായ ബുദ്ധ്യുപദേശം ബാധകമാക്കുന്നതിൽ നിങ്ങൾ സമനിലയുള്ളവരാണെന്നു ഗ്രഹിക്കാനും നിങ്ങളുടെ മക്കളെ സഹായിക്കാൻ ശ്രമിക്കുക. നിങ്ങൾ സംഗതികളെ സമനിലയിലാക്കുന്ന വിധം അവർ കാണുമ്പോൾ അതിനു നിങ്ങളെ അനുകരിക്കാൻ അവരെ സഹായിക്കാൻ കഴിയും.—ലൂക്കൊസ് 6:40; 2 തിമൊഥെയൊസ് 2:22.
20. യുവജനങ്ങളേ, നിങ്ങൾ ഏതു വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു?
20 ഇപ്പോഴും ചെറുപ്പമായിരിക്കുന്നവരേ, പൗലോസിന്റെ ബുദ്ധ്യുപദേശം എങ്ങനെ ബാധകമാക്കാമെന്നു കാണാൻ ശ്രമിക്കുക, യുവാവായാലും വൃദ്ധനായാലും ഓരോ ക്രിസ്ത്യാനിക്കും അതു മൂല്യവത്താണെന്ന് അറിഞ്ഞുകൊണ്ടുതന്നെ. ഇതു ഒരു വെല്ലുവിളിയായിരിക്കും, എന്നാൽ ആ വെല്ലുവിളിയെ നേരിടാൻ എന്തുകൊണ്ടു മനസ്സു വെച്ചുകൂടാ? കുട്ടിക്കാലംമുതൽ ആ യുവജനങ്ങളിൽ ചിലരെ നിങ്ങൾ അറിഞ്ഞിട്ടുണ്ടെന്നുള്ള വസ്തുത നിങ്ങളുടെ ശീലങ്ങളെ അവർക്കു സ്വാധീനിക്കാനാവില്ലെന്നും ഒരു ക്രിസ്തീയ യുവാവെന്നനിലയിൽ നിങ്ങൾ രൂപപ്പെടുത്തുന്ന ശീലങ്ങളെ പാഴാക്കാനാവില്ലെന്നും അർഥമാക്കുന്നില്ല എന്നു തിരിച്ചറിയുക.—സദൃശവാക്യങ്ങൾ 2:1, 10-15.
നമ്മുടെ ശീലങ്ങളെ സംരക്ഷിക്കാനുള്ള ക്രിയാത്മക നടപടികൾ
21. (എ) സഹവാസം സംബന്ധിച്ചു നമുക്ക് ആവശ്യമായിരിക്കുന്നതെന്ത്? (ബി) ചില സഹവാസങ്ങൾ അപകടകരമായിരിക്കാമെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
21 സഹവാസം നമുക്കെല്ലാം ആവശ്യമാണ്. എന്നിരുന്നാലും നമ്മുടെ സഹകാരികൾക്കു നമ്മെ നല്ലതോ ചീത്തയോ ആയ രീതിയിൽ ബാധിക്കാൻ കഴിയുമെന്ന വസ്തുത സംബന്ധിച്ചു നാം ജാഗരൂകരായിരിക്കണം. അത് ആദാമിനെ സംബന്ധിച്ചും അതിനുശേഷം നൂററാണ്ടുകളിൽ ഓരോരുത്തരെ സംബന്ധിച്ചും ശരിയാണെന്നു തെളിഞ്ഞു. ഉദാഹരണത്തിന്, യഹൂദ്യയിലെ ഒരു നല്ല രാജാവായ യെഹോശാഫാത്ത് യഹോവയുടെ പ്രീതിയും അനുഗ്രഹവും അനുഭവിച്ചു. എന്നാൽ അദ്ദേഹം മകനെ ഇസ്രയേലിലെ ആഹാബ് രാജാവിന്റെ മകളെ വിവാഹം കഴിക്കാൻ അനുവദിച്ചതോടെ യെഹോശാഫാത്ത് ആഹാബുമായി സഹവസിക്കാൻ തുടങ്ങി. ആ ചീത്ത സഹവാസം യെഹോശാഫാത്തിനെ തന്റെ ജീവൻ നഷ്ടപ്പെടുന്നതിന്റെ വക്കോളമെത്തിച്ചു. (2 രാജാക്കൻമാർ 8:16-18; 2 ദിനവൃത്താന്തം 18:1-3, 29-31) നമ്മുടെ സഹവാസങ്ങൾ സംബന്ധിച്ചു നാം ജ്ഞാനപൂർവകമല്ലാത്ത തീരുമാനങ്ങൾ എടുക്കുന്നെങ്കിൽ അതിന് ഇമ്മാതിരിതന്നെ അപകടകരമായിരിക്കാൻ കഴിയും.
22. നാം എന്ത് കാര്യമായി എടുക്കണം, എന്തുകൊണ്ട്?
22 അതുകൊണ്ട് 1 കൊരിന്ത്യർ 15:33-ൽ പൗലോസ് നമുക്കു നൽകുന്ന സ്നേഹപൂർവകമായ ബുദ്ധ്യുപദേശം നമുക്കു കാര്യമായി എടുക്കാം. ഓർമയിൽനിന്നു നമുക്ക് ആവർത്തിക്കാൻ കഴിയത്തക്കവണ്ണം നാം കൂടെക്കൂടെ കേട്ടിരിക്കാവുന്ന വെറും വാക്കുകളല്ല അവ. അവ കൊരിന്തിലെ സഹോദരീസഹോദരൻമാരോടും വിശാലമായ അർഥത്തിൽ നമ്മോടും പൗലോസിനുണ്ടായിരുന്ന പിതൃസഹജമായ വാത്സല്യത്തെ പ്രതിഫലിപ്പിക്കുന്നു. സംശയലേശമെന്യേ, അവയിൽ നമ്മുടെ സ്വർഗീയ പിതാവു പ്രദാനം ചെയ്യുന്ന ബുദ്ധ്യുപദേശം അടങ്ങിയിരിക്കുന്നു, എന്തുകൊണ്ടെന്നാൽ നമ്മുടെ ശ്രമങ്ങളിൽ നാം വിജയിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.—1 കൊരിന്ത്യർ 15:58.
[അടിക്കുറിപ്പ്]
a അത്തരം ബുള്ളററിൻ ബോർഡുകളിലുള്ള മറെറാരപകടം യഥാർഥ ഉടമസ്ഥരുടേയോ രചയിതാക്കളുടേയോ അനുവാദം കൂടാതെ പകർപ്പവകാശമുള്ള പ്രോഗ്രാമുകളുടെയോ പ്രസിദ്ധീകരണങ്ങളുടെയോ പകർപ്പെടുത്തു വെക്കാനുള്ള പ്രലോഭനമാണ്, അതു സാർവദേശീയ പകർപ്പവകാശ നിയമങ്ങൾക്കെതിരായിരിക്കും.—റോമർ 13:1.
നിങ്ങൾ ഓർക്കുന്നുവോ?
◻ ഏതു പ്രത്യേക കാരണത്താലാണു പൗലോസ് 1 കൊരിന്ത്യർ 15:33 എഴുതിയത്?
◻ പൗലോസിന്റെ ബുദ്ധ്യുപദേശം നമുക്കെങ്ങനെ ജോലിസ്ഥലത്തു ബാധകമാക്കാൻ കഴിയും?
◻ അയൽക്കാരെ സംബന്ധിച്ചു നമുക്കുണ്ടായിരിക്കേണ്ട സന്തുലിത വീക്ഷണമേത്?
◻ ഒന്നു കൊരിന്ത്യർ 15:33 യുവജനങ്ങൾക്കു വിശേഷാൽ ഉചിതമായ ബുദ്ധ്യുപദേശമായിരിക്കുന്നത് എന്തുകൊണ്ട്?
[17-ാം പേജിലെ ചിത്രം]
പൗലോസ് സുവാർത്ത പുരോഗമിപ്പിക്കാൻ ജോലിസ്ഥലം ഉപയോഗപ്പെടുത്തി
[18-ാം പേജിലെ ചിത്രം]
മററു യുവജനങ്ങൾക്കു നിങ്ങളുടെ ക്രിസ്തീയ ശീലങ്ങളെ പാഴാക്കാൻ കഴിയും