വാഗ്ദത്തദേശത്തുനിന്നുള്ള രംഗങ്ങൾ
ഗിലെയാദ്—ധൈര്യശാലികൾക്കുള്ള മേഖല
ഇസ്രയേൽ വാഗ്ദത്തദേശത്തിലേക്കു യോർദാൻ നദി കുറുകെ കടക്കുന്നതിനു തൊട്ടു മുമ്പ് മോശ അവരെ ഇങ്ങനെ പ്രബോധിപ്പിച്ചു: “ബലവും ധൈര്യവുമുള്ളവരായിരിപ്പിൻ; അവരെ പേടിക്കരുത്, ഭ്രമിക്കയുമരുത്; നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു.”—ആവർത്തനപുസ്തകം 31:6.
രൂബേന്റെയും ഗാദിന്റെയും ഗോത്രങ്ങളും മനശ്ശെ ഗോത്രത്തിന്റെ പകുതിയും മോശയുടെ ആഹ്വാനത്തിൽ ഉൾപ്പെട്ടിരുന്നു. ‘ഗിലെയാദ് ദേശം ആടുമാടുകൾക്കു കൊള്ളാകുന്ന സ്ഥലം’ എന്ന് അവർ കണ്ടിരുന്നു, അതിനാൽ ഗിലെയാദ് ദേശത്ത് ജീവിക്കാൻ തക്കവണ്ണം നിയമിച്ചുകിട്ടാൻ അവർ ആവശ്യപ്പെട്ടിരുന്നു.—സംഖ്യാപുസ്തകം 32:1-40.
ഗിലെയാദ് സ്ഥിതി ചെയ്തിരുന്നതു യോർദാന്റെ മറുകരയിൽ കിഴക്കെ തീരത്തായിരുന്നു, അതു ചാവുകടലിന്റെ വടക്കെ അററംമുതൽ ഗലീലയാ കടൽവരെയുള്ള കിഴക്കെ തീരം മുഴുവനും ആയിരുന്നു. ഈ പ്രദേശം യോർദാൻ സമതലത്തിൽനിന്നു നല്ല നീരോട്ടമുള്ള പീഠഭൂമിയായും വൃത്താകാരമായ കുന്നുകളായും ഉയർന്നുനിന്നിരുന്നു. അതുകൊണ്ടു ഗിലെയാദ് ധാന്യോത്പാദനത്തിനും ആടുമാടുകളെ മേയ്ക്കുന്നതിനും ഒരു ഉത്തമ പ്രദേശമായിരുന്നു. ഗിലെയാദിന്റെ ഭാഗം എങ്ങനെയായിരുന്നുവെന്നു മുകളിലുള്ള ചിത്രം നിങ്ങൾക്ക് ഒരു ധാരണ നൽകുന്നു. എന്നാൽ താരതമ്യേന രമണീയമായ അത്തരമൊരു പ്രദേശത്തെ ധൈര്യവുമായി എന്തുകൊണ്ടു ബന്ധപ്പെടുത്തണം?
ഗിലെയാദിൽ ജീവിക്കാൻ ആഗ്രഹിച്ച ഗോത്രങ്ങൾ സ്പഷ്ടമായും അങ്ങനെ ചെയ്തതു ഭയം നിമിത്തമല്ലായിരുന്നു. വാഗ്ദത്തദേശത്തെ ശത്രുക്കളുമായി പോരാടാൻ അവർ യോർദാൻ കടക്കാമെന്നു സമ്മതിച്ചത് ഓർമിക്കുക. ഗിലെയാദിൽ തിരിച്ചുവന്നതിനുശേഷം അവർക്കു കൂടുതൽ ധൈര്യം ആവശ്യമായിരുന്നു. എന്തുകൊണ്ട്? കൊള്ളാം, അവർ ദക്ഷിണ-പൂർവദേശത്തെ അമ്മോന്യരിൽനിന്നും വടക്കെ ദേശത്തെ സിറിയക്കാരിൽനിന്നും ആക്രമണസാധ്യതയുള്ള അതിർത്തി പ്രദേശത്തായിരുന്നു. അവർ ആക്രമിക്കപ്പെടുകയും ചെയ്തു.—യോശുവ 22:9; ന്യായാധിപൻമാർ 10:7, 8; 1 ശമൂവേൽ 11:1; 2 രാജാക്കൻമാർ 8:28; 9:14; 10:32, 33.
ആ ആക്രമണങ്ങൾ ധൈര്യം ആവശ്യമായിരുന്ന പ്രത്യേക അവസരങ്ങളായിരുന്നു. ഉദാഹരണത്തിന്, അമ്മോന്യർ ഗിലെയാദിനെ ഞെരുക്കാൻ യഹോവ അനുവദിച്ചതിനുശേഷം ദൈവജനം പശ്ചാത്തപിക്കുകയും നേതൃത്വത്തിനായി “പരാക്രമശാലി”യായ ഒരു മമനുഷ്യന്റെ അടുക്കലേക്കു തിരിയുകയും ചെയ്തു, അദ്ദേഹത്തിന്റെ പിതാവിന്റെ പേർ ഗിലെയാദ് എന്നുമായിരുന്നു. പരാക്രമിയായ അല്ലെങ്കിൽ ധൈര്യശാലിയായ ആ മനുഷ്യൻ യിഫ്താഹ് ആയിരുന്നു. അദ്ദേഹം ധൈര്യശാലിയായിരുന്നിട്ടുപോലും ദൈവത്തിന്റെ മാർഗനിർദേശവും പിന്തുണയും തേടിയതായി പ്രതിഫലിപ്പിച്ച ഒരു ശപഥത്തിനു പേരുകേട്ടവനാണ്. മർദകരായ അമ്മോന്യരെ കീഴടക്കാൻ തന്നെ ദൈവം സഹായിച്ചാൽ തന്റെ ഭവനത്തിൽനിന്നു തന്നെ എതിരേൽക്കാൻ ആദ്യമായി ഇറങ്ങിവരുന്നതിനെ ദൈവത്തിനു ‘ഹോമയാഗമായി അർപ്പിക്കു’കയോ ബലിയർപ്പിക്കുകയോ ചെയ്യുമെന്നു യിഫ്താഹ് ശപഥം ചെയ്തു.a അതു യിഫ്താഹിന്റെ ഏക കുട്ടി, അദ്ദേഹത്തിന്റെ പുത്രിയായിപ്പോയി. അവൾ പിന്നീടു ദൈവത്തിന്റെ കൂടാരത്തിൽ സേവിക്കാൻ പോകുകയും ചെയ്തു. അതേ, യിഫ്താഹും ഒരു വ്യത്യസ്തമായ വിധത്തിൽ അദ്ദേഹത്തിന്റെ പുത്രിയും ധൈര്യം പ്രകടിപ്പിച്ചു.—ന്യായാധിപൻമാർ 11:1, 4-40.
ശൗലിന്റെ സമയത്ത് ഒരുപക്ഷേ അത്രയധികം അറിയപ്പെടാത്ത ഒരു ധൈര്യപ്രകടനം നടന്നു. സാഹചര്യം മനസ്സിലാക്കാൻ, ശൗൽ രാജാവായപ്പോൾ കുന്നുകളിലൂടെ യോർദാനിലേക്ക് ഒഴുകുന്ന ഒരു നീർച്ചാലിൽ സ്ഥിതിചെയ്തിരിക്കാൻ സാധ്യതയുള്ള യാബേശ്-ഗിലെയാദ് എന്ന പട്ടണത്തിലെ ആണുങ്ങളുടെ വലതുകണ്ണ് അമ്മോന്യർ ചുഴ്ന്നെടുക്കുമെന്നു ഭീഷണിപ്പെടുത്തിയത് ഓർമിക്കുക. യാബേശിനെ ശക്തിപ്പെടുത്താൻവേണ്ടി ഒരു സൈന്യത്തെ ശൗൽ പെട്ടെന്നുതന്നെ ശേഖരിച്ചു. (1 ശമുവേൽ 11:1-11) ഈ പശ്ചാത്തലം മനസ്സിൽ പിടിച്ചുകൊണ്ടു ശൗലിന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിലേക്കു തിരിഞ്ഞാൽ ധൈര്യം പ്രകടമാക്കിയതെങ്ങനെയെന്നു കാണാം.
ശൗലും അദ്ദേഹത്തിന്റെ മൂന്നു പുത്രൻമാരും ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ മരിച്ചുവെന്നു നിങ്ങൾ ഓർമിച്ചേക്കാം. ആ ശത്രുക്കൾ ശൗലിന്റെ ശിരസ്സു ഛേദിക്കുകയും വിജയശ്രീലാളിതരായി ശൗലിന്റെയും അദ്ദേഹത്തിന്റെ പുത്രൻമാരുടെയും മൃതശരീരങ്ങൾ ബേത്ത്-ശാന്റെ ചുവരിൻമേൽ തൂക്കുകയും ചെയ്തു. (1 ശമൂവേൽ 31:1-10; വലതുവശത്ത് നിങ്ങൾ കാണുന്നതു ഖനനം ചെയ്ത ബേത്ത്-ശാൻ കുന്നാണ്.) യോർദാന്റെ മറുവശത്തുള്ള ഗിലെയാദ് കുന്നുകളിലുള്ള യാബേശിൽ ഇതിനെക്കുറിച്ചുള്ള വിവരം എത്തി. ഇസ്രയേൽ രാജാവിനെ തോൽപ്പിക്കാൻപോന്ന ശക്തിയുള്ള ഒരു ശത്രുവിനു മുമ്പിൽ ഗിലെയാദുകാർക്ക് എന്തു ചെയ്യാൻ കഴിയുമായിരുന്നു?
ഭൂപടം നോക്കുക. “ശൂരൻമാരായ എല്ലാവരും പുറപ്പെട്ടു രാത്രിമുഴുവനും നടന്നുചെന്നു ബേത്ത്-ശാന്റെ ചുവരിൽനിന്നു ശൌലിന്റെ ശവവും അവന്റെ പുത്രൻമാരുടെ ശവങ്ങളും എടുത്തു യാബേശിൽ കൊണ്ടുവന്നു അവിടെവെച്ചു ദഹിപ്പിച്ചു.” (1 ശമൂവേൽ 31:12) അതേ, ശത്രുവിന്റെ ശക്തികേന്ദ്രത്തിലേക്കു രാത്രിസമയത്തുള്ള ഒരു മിന്നലാക്രമണം അവർ ഏറെറടുത്തു. അവരെ ശൂരൻമാർ, അല്ലെങ്കിൽ ധൈര്യശാലികൾ എന്ന് ബൈബിൾ എന്തുകൊണ്ടു വിളിക്കുന്നുവെന്നു നിങ്ങൾക്കു മനസ്സിലാക്കാവുന്നതാണ്.
കാലക്രമത്തിൽ, ഇസ്രയേലിന്റെ വടക്കെ രാജ്യം രൂപീകരിക്കാൻവേണ്ടി പത്തു ഗോത്രങ്ങൾ വേർപിരിഞ്ഞു, ഇതിൽ ഗിലെയാദും ഉൾപ്പെട്ടിരുന്നു. ആദ്യം സിറിയക്കാരും, പിന്നെ അസീറിയക്കാരുമായി ചുററും കിടന്നിരുന്ന ജനതകൾ യോർദാന്റെ കിഴക്കു വശത്തുള്ള ആ സ്ഥലത്തിന്റെ ഭാഗങ്ങൾ കയ്യടക്കാൻ തുടങ്ങി. അങ്ങനെ ധൈര്യത്തിന്റെ കഴിഞ്ഞകാല ദൃഷ്ടാന്തങ്ങൾ ഉണ്ടായിരുന്നിട്ടും ഒരു അതിർത്തി പ്രദേശത്തായിരുന്നതിന്റെ പേരിൽ ഗിലെയാദിലെ ജനങ്ങൾ ഒരു വില കൊടുത്തു.—1 രാജാക്കൻമാർ 22:1-3; 2 രാജാക്കൻമാർ 15:29.
[അടിക്കുറിപ്പ്]
a പ്രസ്തുത വിവരണത്തിന്റെ ശ്രദ്ധാപൂർവമായ ഒരു വിലയിരുത്തൽ യിഫ്താഹ് തന്റെ കുട്ടിയെ നരബലി നടത്തിയെന്ന ആരോപണത്തെ നിർവീര്യമാക്കുന്നു. വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകളെ സംബന്ധിച്ച ഉൾക്കാഴ്ച (Insight on the Scriptures), 2-ാം വാല്യം, 27-8 പേജുകൾ കാണുക.
[8-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.
[9-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.
[8-ാം പേജിലെ ഭൂപടം]
ഗലീലയാ കടൽ
ചാവു കടൽ
യോർദാൻ നദി
ബെത്ത്-ശാൻ
രാമോത്ത്-ഗിലെയാദ്
യാബേശ്
ഗിലെയാദ്
[കടപ്പാട്]
Based on a map copyrighted by Pictorial Archive (Near Eastern History) Est. and Survey of Israel.