ക്രിസ്തീയകുടുംബം ആത്മീയകാര്യങ്ങൾക്കു മുൻഗണന കൊടുക്കുന്നു
“നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദരസ്നേഹവും കരുണയും വിനയവും ഉള്ളവരായിരിക്കുവിൻ.”—1 പത്രോസ് 3:8, പി.ഒ.സി. ബൈ.
1. നമുക്ക് എല്ലാവർക്കും എന്തു തെരഞ്ഞെടുപ്പാണുള്ളത്, നമ്മുടെ തെരഞ്ഞെടുപ്പിനു നമ്മുടെ ഭാവിയെ ബാധിക്കാൻ കഴിയുന്നതെങ്ങനെ?
മുകളിൽ കാണുന്ന വാക്യം മനുഷ്യവർഗത്തിന്റെ ഏററവും പുരാതന സ്ഥാപനമായ കുടുംബത്തിൽ എത്ര നന്നായി ബാധകമാകുന്നു! ഈ വിഷയങ്ങളിൽ മാതാപിതാക്കൾ നേതൃത്വം പ്രകടമാക്കുന്നത് എത്ര പ്രധാനമാണ്! അവരുടെ മാതൃകാനുസാരവും ദോഷകരവും ആയ ഗുണഗണങ്ങൾ മിക്കപ്പോഴും കുട്ടികളിലും പ്രകടമാകുന്നു. എന്നുവരികിലും, തെരഞ്ഞെടുക്കാനുള്ള അവസരം ഒരു കുടുംബത്തിൽ ഓരോ അംഗത്തിനുമുണ്ട്. ക്രിസ്ത്യാനികളെന്നനിലയിൽ, നമുക്ക് ആത്മീയവ്യക്തികളായിരിക്കുന്നതിനോ ജഡികവ്യക്തികളായിരിക്കുന്നതിനോ തെരഞ്ഞെടുക്കാൻ കഴിയും. നമുക്കു ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനെയോ അപ്രീതിപ്പെടുത്തുന്നതിനെയോ തെരഞ്ഞെടുക്കാൻ കഴിയും. ആ തെരഞ്ഞെടുപ്പ് ഒന്നുകിൽ നിത്യജീവനും സമാധാനവും ആകുന്ന ഒരു അനുഗ്രഹത്തിൽ അല്ലെങ്കിൽ എന്നന്നേക്കുമുള്ള മരണമെന്ന ഒരു ശാപത്തിൽ കലാശിച്ചേക്കാം.—ഉല്പത്തി 4:1, 2; റോമർ 8:5-8; ഗലാത്യർ 5:19-23.
2. (എ) കുടുംബത്തോടുള്ള തന്റെ താത്പര്യം പത്രോസ് പ്രകടമാക്കിയതെങ്ങനെ? (ബി) ആത്മീയത എന്നാലെന്ത്? (അടിക്കുറിപ്പു കാണുക.)
2 ഒന്നു പത്രോസ് 3-ാം അധ്യായം 8-ാം വാക്യത്തിലെ അപ്പോസ്തലന്റെ വാക്കുകൾ ഭാര്യാഭർത്താക്കൻമാർക്ക് അദ്ദേഹം നൽകിയ ഏതാനും ശ്രേഷ്ഠമായ ബുദ്ധ്യുപദേശത്തെ തുടർന്നുവരുന്നതാണ്. ക്രിസ്തീയ കുടുംബങ്ങളുടെ ക്ഷേമത്തിൽ പത്രോസ് വാസ്തവമായും തത്പരനായിരുന്നു. ശക്തമായ ആത്മീയത ഏകീകൃതവും കരുതലുള്ളതും ആയ ഒരു കുടുംബത്തിന്റെ താക്കോലാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു.a അതുകൊണ്ട്, ഭർത്താക്കൻമാർക്കുള്ള തന്റെ ബുദ്ധ്യുപദേശം അവഗണിച്ചാൽ ഭർത്താവിനും യഹോവയ്ക്കും ഇടയിൽ ഒരു ആത്മീയമതിൽ ഉണ്ടാകലായിരിക്കും അനന്തരഫലമെന്ന് അദ്ദേഹം 7-ാം വാക്യത്തിൽ സൂചിപ്പിച്ചു. ഭാര്യയുടെ ആവശ്യങ്ങൾ അവഗണിക്കുകയോ അവളെ നിർദയം ഞെരുക്കുകയോ ചെയ്യുന്നെങ്കിൽ ഭർത്താവിന്റെ പ്രാർഥനകൾ തടസ്സപ്പെട്ടേക്കാം.
ക്രിസ്തു—ആത്മീയതയുടെ പരിപൂർണമായ ഒരു മാതൃക
3. ഭർത്താക്കൻമാർക്കുള്ള ക്രിസ്തുവിന്റെ മാതൃക പൗലോസ് എങ്ങനെ വിശേഷവത്ക്കരിച്ചു?
3 ഒരു കുടുംബത്തിന്റെ ആത്മീയത ആശ്രയിച്ചിരിക്കുന്നത് ഉത്തമ മാതൃകയിലാണ്. ഭർത്താവ് ക്രിസ്ത്യാനിത്വം ആചരിക്കുന്ന ഒരുവനായിരിക്കുമ്പോൾ ആത്മീയഗുണങ്ങൾ പ്രകടിപ്പിക്കുന്നതിൽ അദ്ദേഹം നേതൃത്വമെടുക്കുന്നു. വിശ്വാസിയായ ഭർത്താവില്ലെങ്കിൽ ആ ഉത്തരവാദിത്വം നിവർത്തിക്കാൻ സാധാരണമായി കുട്ടികളുടെ അമ്മ പ്രയത്നിക്കുന്നു. സംഗതി എന്തായാലും, അനുകരിക്കാൻ പരിപൂർണമായ മാതൃക യേശുക്രിസ്തു പ്രദാനം ചെയ്യുന്നു. അവിടുത്തെ പ്രവൃത്തിയും വാക്കുകളും ചിന്തയും എല്ലായ്പോഴും കെട്ടുപണി ചെയ്യുന്നതും നവോൻമേഷപ്രദവും ആയിരുന്നു. അപ്പോസ്തലനായ പൗലോസ് വായനക്കാരനെ ആവർത്തിച്ചാവർത്തിച്ചു ക്രിസ്തുവിന്റെ സ്നേഹപൂർവകമായ മാതൃകയിലേക്കു തിരിച്ചുവിടുന്നു. ഉദാഹരണത്തിന്, അദ്ദേഹം ഇപ്രകാരം പ്രസ്താവിക്കുന്നു: “ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യക്കു തലയാകുന്നു. ഭർത്താക്കൻമാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.”—എഫെസ്യർ 5:23, 25, 29; മത്തായി 11:28-30; കൊലൊസ്സ്യർ 3:19.
4. ആത്മീയതയുടെ ഏതു മാതൃകയാണു യേശു വെച്ചത്?
4 യേശു ആത്മീയതയുടെയും സ്നേഹം, ദയ, അനുകമ്പ എന്നിവ പ്രകടമാക്കിക്കൊണ്ടുള്ള ശിരസ്ഥാനത്തിന്റെയും പ്രമുഖ ദൃഷ്ടാന്തമായിരുന്നു. അവിടുന്ന് ആത്മത്യാഗിയായിരുന്നു, സ്വാർഥലോലുപനായിരുന്നില്ല. അവിടുന്ന് എല്ലായ്പോഴും തന്റെ പിതാവിനെ മഹത്ത്വപ്പെടുത്തുകയും അവിടുത്തെ ശിരസ്ഥാനത്തെ ആദരിക്കുകയും ചെയ്തു. പിൻവരുന്ന പ്രകാരം പറയാൻ കഴിയേണ്ടതിന് അവിടുന്നു തന്റെ പിതാവിൽനിന്നു മാർഗനിർദേശം സ്വീകരിച്ചു: “എനിക്കു സ്വതേ ഒന്നും ചെയ്വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാൻ ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.” “ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതു പോലെ ഇതു സംസാരിക്കുന്നു.”—യോഹന്നാൻ 5:30; 8:28; 1 കൊരിന്ത്യർ 11:3.
5. തന്റെ അനുഗാമികൾക്കുവേണ്ടി കരുതുന്നതിൽ യേശു ഭർത്താക്കൻമാർക്കായി ഏതു മാതൃക വെച്ചു?
5 ഭർത്താക്കൻമാരെ സംബന്ധിച്ച് ഇത് എന്താണ് അർഥമാക്കുന്നത്? എല്ലാക്കാര്യങ്ങളിലും അവർ പിന്തുടരേണ്ട മാതൃക തന്റെ പിതാവിന് എല്ലായ്പോഴും തന്നെത്തന്നെ കീഴ്പ്പെടുത്തിയ ക്രിസ്തുവാണെന്ന് അത് അർഥമാക്കുന്നു. ഉദാഹരണത്തിന്, ഭൂമിയിലെ സകല ജീവരൂപങ്ങൾക്കും യഹോവ ഭക്ഷണം പ്രദാനം ചെയ്തതുപോലെ, യേശു തന്റെ അനുഗാമികൾക്കു ഭക്ഷണം പ്രദാനം ചെയ്തു. അവരുടെ അടിസ്ഥാനപരമായ ഭൗതികാവശ്യത്തെ അവിടുന്ന് അവഗണിച്ചില്ല. അയ്യായിരം പേരെയും 4,000 പേരെയും തീററിപോററിയ അവിടുത്തെ അത്ഭുതങ്ങൾ അവിടുത്തെ ശ്രദ്ധയുടെയും ഉത്തരവാദിത്വബോധത്തിന്റെയും തെളിവാണ്. (മർക്കൊസ് 6:35-44; 8:1-9) അതുപോലെ ഇന്ന്, ഉത്തരവാദിത്തമുള്ള കുടുംബത്തലവൻമാർ തങ്ങളുടെ വീട്ടുകാരുടെ ഭൗതികാവശ്യങ്ങൾക്കുവേണ്ടി കരുതുന്നു. എന്നാൽ അവരുടെ ഉത്തരവാദിത്വം അവിടംകൊണ്ടവസാനിക്കുന്നുവോ?—1 തിമൊഥെയൊസ് 5:8.
6. (എ) ഏതു പ്രധാന കുടുംബാവശ്യങ്ങൾക്കുവേണ്ടി കരുതേണ്ടതുണ്ട്? (ബി) ഭർത്താക്കൻമാർക്കും പിതാക്കൻമാർക്കും വിവേകം പ്രകടമാക്കാൻ കഴിയുന്നതെങ്ങനെ?
6 യേശു സൂചിപ്പിച്ചതുപോലെ, കുടുംബങ്ങൾക്കു കൂടുതൽ പ്രധാനപ്പെട്ട വേറെ ആവശ്യങ്ങളുമുണ്ട്. അവർക്ക് ആത്മീയവും വൈകാരികവുമായ ആവശ്യങ്ങളുണ്ട്. (ആവർത്തനപുസ്തകം 8:3; മത്തായി 4:4) കുടുംബത്തിലും സഭയിലും നാം മററുള്ളവരുമായി അന്യോന്യം വർത്തിക്കുന്നു. കെട്ടുപണി ചെയ്യുന്നവരായിരിക്കാൻ നമ്മെ പ്രചോദിപ്പിക്കാൻ നമുക്ക് ഉത്തമ മാർഗനിർദേശം ആവശ്യമാണ്. ഇക്കാര്യത്തിൽ ഭർത്താക്കൻമാർക്കും പിതാക്കൻമാർക്കും ഒരു വലിയ പങ്കു വഹിക്കാനുണ്ട്—അവർ മൂപ്പൻമാരോ ശുശ്രൂഷാദാസൻമാരോ ആണെങ്കിൽ അതിൽക്കൂടുതലും. മാതാവോ പിതാവോ മാത്രമുള്ള കുടുംബങ്ങളിൽ തങ്ങളുടെ കുട്ടികളെ സഹായിക്കുമ്പോൾ സമാനമായ ഗുണങ്ങൾ അവർക്ക് ആവശ്യമാണ്. കുടുംബാംഗങ്ങൾ പറയുന്നതു മാത്രമല്ല, അവർ പറയാതെ വിട്ടുകളയുന്നതും മാതാപിതാക്കൾ മനസ്സിലാക്കണം. അതിനു വിവേചനയും സമയവും ക്ഷമയും ആവശ്യമാണ്. ഭർത്താക്കൻമാർ പരിഗണനയുള്ളവരും പരിജ്ഞാനപ്രകാരം തങ്ങളുടെ ഭാര്യമാരോടൊപ്പം വസിക്കുന്നവരും ആയിരിക്കണമെന്നു പത്രോസിനു പറയാൻ കഴിഞ്ഞതിന്റെ ഒരു കാരണം അതാണ്.—1 തിമൊഥെയൊസ് 3:4, 5, 12; 1 പത്രൊസ് 3:7.
ഒഴിവാക്കേണ്ട അപകടങ്ങൾ
7, 8. (എ) ഒരു കുടുംബത്തിന് ആത്മീയ കപ്പൽഛേദം ഒഴിവാക്കണമെങ്കിൽ എന്താണ് ആവശ്യമായിരിക്കുന്നത്? (ബി) ക്രിസ്തീയമാർഗത്തിൽ ഒരു നല്ല തുടക്കത്തിനു പുറമെ വേറെ എന്തുകൂടി ആവശ്യമാണ്? (മത്തായി 24:13)
7 കുടുംബത്തിന്റെ ആത്മീയതക്കു ശ്രദ്ധ നൽകുന്നതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? ദൃഷ്ടാന്തീകരിക്കുന്നതിന്, നമുക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്, ഒരു കപ്പലിന്റെ കപ്പിത്താൻ ആഴംകുറഞ്ഞ അപകട മേഖലയിലൂടെ കപ്പലോടിക്കുമ്പോൾ തന്റെ നാവികഭൂപടങ്ങളിലേക്കു സൂക്ഷ്മ ശ്രദ്ധ കൊടുക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിരണ്ട് ആഗസ്ററിൽ സമുദ്രപര്യടന കപ്പലായ ക്വീൻ എലിസബത്ത് 2 (QE2) മണൽത്തിട്ടകളും പാറക്കെട്ടുകളും ഹേതുവായി അപകടംപതിയിരിക്കുന്ന, സമുദ്രയാത്രയിൽ അബദ്ധങ്ങൾ സാധാരണമായി സംഭവിക്കാറുള്ള ഒരു മേഖലയിലൂടെ ഓടിച്ചുപോയി. ഒരു സ്ഥലവാസി ഇപ്രകാരം അഭിപ്രായപ്രകടനം നടത്തി: “ആ മേഖലമുഖാന്തരം എത്ര പേർക്ക് അവരുടെ തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നു.” ക്വീൻ എലിസബത്ത് 2 വെള്ളത്തിനടിയിലെ പാറക്കെട്ടിൽ തട്ടി. ആ അബദ്ധത്തിനു കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു. അടിത്തട്ടിന്റെ മൂന്നിലൊരു ഭാഗം തകർന്നതിനാൽ കപ്പൽ നന്നാക്കാൻവേണ്ടി പലയാഴ്ചകളോളം സർവീസ് നിർത്തേണ്ടിവന്നു.
8 അതുപോലെ കുടുംബത്തിന്റെ “കപ്പിത്താൻ” നാവികഭൂപടമായ ദൈവവചനം ശ്രദ്ധാപൂർവം പരിശോധിക്കുന്നില്ലെങ്കിൽ അയാളുടെ കുടുംബത്തെ എളുപ്പം ആത്മീയ അനർത്ഥം പിടികൂടാം. ഒരു മൂപ്പന് അല്ലെങ്കിൽ ശുശ്രൂഷാദാസനു സഭയ്ക്കകത്തുള്ള പദവികളുടെ നഷ്ടമായിരിക്കാം ഫലം, ഒരുപക്ഷേ മററു കുടുംബാംഗങ്ങൾക്കു ഗുരുതരമായ ദോഷവും വരുത്തിയേക്കാം. അതുകൊണ്ട്, പണ്ടുണ്ടായിരുന്ന പഠനസ്വഭാവത്തിലും തീക്ഷ്ണതയിലും മാത്രം ആശ്രയിച്ചുകൊണ്ട് ആത്മീയ അലംഭാവത്തിൽ കുടുങ്ങിപ്പോകാതിരിക്കാൻ ഓരോ ക്രിസ്ത്യാനിയും ശ്രദ്ധിക്കണം. നമ്മുടെ ക്രിസ്തീയ മാർഗത്തിൽ നന്നായി തുടക്കം കുറിക്കുന്നതുമാത്രം മതിയായിരിക്കുന്നില്ല; യാത്ര വിജയകരമായി പൂർത്തീകരിക്കണം.—1 കൊരിന്ത്യർ 9:24-27; 1 തിമൊഥെയൊസ് 1:19.
9. (എ) വ്യക്തിഗതമായ പഠനം എത്ര പ്രധാനമാണ്? (ബി) നമുക്കു നമ്മോടുതന്നെ ചോദിക്കാവുന്ന ചില പ്രസക്തമായ ചോദ്യങ്ങളേവ?
9 ആത്മീയമായ ആഴക്കുറവും പാറക്കെട്ടുകളും മണൽത്തിട്ടകളും ഒഴിവാക്കാൻവേണ്ടി നാം ദൈവവചനത്തിന്റെ ഒരു നിരന്തരമായ പഠനത്താൽ നമ്മുടെ “നാവിക ഭൂപടങ്ങൾ” സംബന്ധിച്ച് ഏററവും പുതിയ വിവരങ്ങൾ അറിഞ്ഞിരിക്കേണ്ട ആവശ്യമുണ്ട്. നമ്മെ സത്യത്തിലേക്കു കൊണ്ടുവന്ന അടിസ്ഥാന പഠനത്തിൽ മാത്രം ആശ്രയിക്കാൻ നമുക്കാകില്ല. നമ്മുടെ ആത്മീയബലം ആശ്രയിച്ചിരിക്കുന്നതു പഠനത്തിന്റെയും സേവനത്തിന്റെയും നിരന്തരവും സമനിലയുള്ളതും ആയ ഒരു കർമപരിപാടിയിലാണ്. ഉദാഹരണത്തിന്, ഈ പ്രതിയും കയ്യിലേന്തി നാം സഭയിലെ വീക്ഷാഗോപുരധ്യയനത്തിനു സംബന്ധിക്കുമ്പോൾ, നമുക്കു നമ്മോടുതന്നെ ചോദിക്കാനാകും, ‘ഞാൻ അഥവാ ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ തിരുവെഴുത്തുകൾ പരിശോധിച്ചുകൊണ്ടും അവയുടെ പ്രയുക്തതയെ സംബന്ധിച്ചു ധ്യാനിച്ചുകൊണ്ടും ഈ ലേഖനം വാസ്തവത്തിൽ പഠിച്ചുവോ? അതോ ഞങ്ങൾ കേവലം ഉത്തരങ്ങൾക്ക് അടിവരയിട്ടുവോ? ഒരുപക്ഷേ, ഞങ്ങൾ യോഗത്തിനു മുമ്പായി ലേഖനം ഒന്നു വായിച്ചുനോക്കുന്നതു പോലും അവഗണിച്ചുവോ? ഈ ചോദ്യങ്ങൾക്കുള്ള സത്യസന്ധമായ ഉത്തരങ്ങൾ ചിന്തക്കു വക നൽകുകയും പുരോഗതി പ്രാപിക്കാനുള്ള ആഗ്രഹത്തിനു തിരികൊളുത്തുകയും ചെയ്തേക്കാം—അത് അത്യാവശ്യമായി വരുന്നെങ്കിൽ.—എബ്രായർ 5:12-14.
10. ആത്മപരിശോധന പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
10 അത്തരം ആത്മപരിശോധന പ്രധാനമായിരിക്കുന്നതെന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ, നാം ജീവിക്കുന്നതു സാത്താന്റെ ആത്മാവ് ആധിപത്യം പുലർത്തുന്ന ഒരു ലോകത്തിലാണ്, ദൈവത്തിലും അവിടുത്തെ വാഗ്ദാനങ്ങളിലും ഉള്ള നമ്മുടെ വിശ്വാസത്തിന് അനേകം നിഗൂഢ വിധങ്ങളിൽ തുരങ്കംവെക്കാൻ ശ്രമിക്കുന്ന ഒരു ലോകത്തിൽ തന്നെ. ആത്മീയാവശ്യങ്ങൾ ശ്രദ്ധിക്കാൻ നമുക്കു സമയമില്ലാത്തവിധം നമ്മെ തിരക്കിലാക്കിനിർത്താൻ ആഗ്രഹിക്കുന്ന ഒരു ലോകമാണിത്. അതുകൊണ്ട് നാം നമ്മോടുതന്നെ ചോദിക്കേണ്ടതാണ്, ‘എന്റെ കുടുംബം ആത്മീയമായി ബലിഷ്ഠമാണോ? ഞാൻ ഒരു പിതാവെന്ന നിലയിൽ ആയിരിക്കേണ്ട വിധത്തിൽ ശക്തനാണോ? ഞങ്ങൾ ഒരു കുടുംബം എന്ന നിലയിൽ, നീതിയിലും വിശ്വസ്തതയിലും അധിഷ്ഠിതമായ തീരുമാനങ്ങൾ എടുക്കാൻ ഞങ്ങളെ സഹായിക്കുന്ന, മനസ്സിനെ കർമോദ്യുക്തമാക്കുന്ന ആ ആത്മീയശക്തി നട്ടുവളർത്തുന്നുണ്ടോ?’—എഫെസ്യർ 4:23, 24.
11. ക്രിസ്തീയ യോഗങ്ങൾ ആത്മീയമായി പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഒരു ദൃഷ്ടാന്തം നൽകുക.
11 നാം സംബന്ധിക്കുന്ന ഓരോ യോഗത്താലും നമ്മുടെ ആത്മീയത ബലപ്പെടുത്തപ്പെടണം. സാത്താന്റേതായ പ്രതികൂല ലോകത്തിൽ അതിജീവിക്കാൻ ശ്രമിച്ചുകൊണ്ടു നാം ചെലവഴിക്കേണ്ടിവരുന്ന നീണ്ട മണിക്കൂറുകൾക്കുശേഷം രാജ്യഹാളിലോ സഭാപുസ്തകാധ്യയനത്തിലോ നാം ചെലവിടുന്ന ആ വിലപിടിച്ച മണിക്കൂറുകൾ നമുക്കു നവോൻമേഷം പകർന്നു കിട്ടാൻ സഹായിക്കുന്നു. ഉദാഹരണത്തിന്, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്തകം പഠിക്കാൻ കഴിഞ്ഞത് എന്തൊരു നവോൻമേഷപ്രദമായിരുന്നു! യേശുവിനെയും അവിടുത്തെ ജീവിതത്തെയും അവിടുത്തെ ശുശ്രൂഷയെയും സംബന്ധിച്ച് ഒരു മെച്ചപ്പെട്ട ഗ്രാഹ്യം ലഭിക്കാൻ ഇതു നമ്മെ സഹായിച്ചു. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ നാം ശ്രദ്ധാപൂർവം വായിക്കുകയും വ്യക്തിഗതമായ ഗവേഷണങ്ങൾ നടത്തുകയും, അങ്ങനെ യേശു വെച്ച മാതൃകയിൽനിന്നു ധാരാളം കാര്യങ്ങൾ പഠിക്കുകയും ചെയ്തു.—എബ്രായർ 12:1-3; 1 പത്രൊസ് 2:21.
12. വയൽശുശ്രൂഷ നമ്മുടെ ആത്മീയതയെ പരിശോധിക്കുന്നതെങ്ങനെ?
12 നമ്മുടെ ആത്മീയതയുടെ ഒരു ഉത്തമ പരിശോധനയാണു ക്രിസ്തീയ ശുശ്രൂഷ. പലപ്പോഴും ഉദാസീനരോ എതിർക്കുന്നവരോ ആയ പൊതുജനങ്ങളുടെ മുമ്പിൽ ഔപചാരികവും അനൗപചാരികവും ആയ സാക്ഷീകരണത്തിൽ സ്ഥിരോത്സാഹം പ്രകടിപ്പിക്കാൻ ഉചിതമായ പ്രചോദനവും ദൈവത്തോടുള്ള സ്നേഹവും അയൽക്കാരോടുള്ള സ്നേഹവും നമുക്ക് ആവശ്യമാണ്. നിശ്ചയമായും, നിരാകരിക്കപ്പെടുന്നത് ആരും ആസ്വദിക്കുന്നില്ല, നമ്മുടെ വയൽശുശ്രൂഷയിൽ അതു സംഭവിക്കാവുന്നതുമാണ്. എന്നാൽ നിരാകരിക്കുന്നതു സുവാർത്തയെയാണ്, വ്യക്തികളെന്ന നിലയിൽ നമ്മെയല്ല എന്നു നാം ഓർക്കണം. യേശു ഇങ്ങനെ പറയുകയുണ്ടായി: “ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിൻ. നിങ്ങൾ ലോകക്കാർ [“ലോകത്തിന്റെ ഭാഗം,” NW] ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തെരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു. . . . എങ്കിലും എന്നെ അയച്ചവനെ അവർ അറിയായ്കകൊണ്ടു എന്റെ നാമം നിമിത്തം ഇതു ഒക്കെയും നിങ്ങളോടു ചെയ്യും.”—യോഹന്നാൻ 15:18-21.
പ്രവൃത്തികൾ വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു
13. ഒരു കുടുംബത്തിന്റെ ആത്മീയതയെ അപകടപ്പെടുത്താൻ ഒരു വ്യക്തിക്കു കഴിയുന്നതെങ്ങനെ?
13 ഒരു കുടുംബത്തിൽ ഒരാൾ ഒഴികെ മറെറല്ലാവരും വീടിന്റെ ശുചിത്വവും വൃത്തിയും സൂക്ഷിക്കുമ്പോൾ എന്തു സംഭവിക്കുന്നു? മഴയുള്ള ഒരു ദിവസം മറവിക്കാരനായ വ്യക്തി ഒഴികെ എല്ലാവരും കാലിലെ ചെളിയോടെ വീടിനകത്തേക്കു കയറാതിരിക്കാൻ ശ്രദ്ധിക്കുന്നു. മററുള്ളവർക്ക് അധികജോലിക്ക് ഇടയാക്കിക്കൊണ്ടു വീടാകെ പതിഞ്ഞ ചെളിപിടിച്ച കാൽപ്പാടുകൾ അയാളുടെ അശ്രദ്ധയ്ക്കു തെളിവു നൽകുന്നു. ഇതുതന്നെ ആത്മീയതക്കും ബാധകമാകുന്നു. സ്വാർഥമതിയോ അശ്രദ്ധനോ ആയ കേവലം ഒരു വ്യക്തിക്കു കുടുംബത്തിന്റെ സൽപ്പേരിനു കളങ്കം വരുത്താനാകും. ക്രിസ്തുവിന്റെ മനോഭാവം പ്രതിഫലിപ്പിക്കാൻ മാതാപിതാക്കൾ മാത്രമല്ല വീട്ടുകാർ എല്ലാവരും യത്നിക്കണം. നിത്യജീവന്റെ കാഴ്ചപ്പാടോടെ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കുമ്പോൾ അത് എത്ര നവോൻമേഷപ്രദമാണ്! ആ കുടുംബത്തിന്റെ മാനസിക ചായ്വ് ആത്മീകമാണ്, (എന്നാൽ സ്വയം നീതീകരിക്കുന്ന ഒന്നല്ല). അത്തരമൊരു കുടുംബത്തിൽ ആത്മീയമായ അവഗണനയുടെ ലക്ഷണങ്ങൾ ഉണ്ടാകാറില്ല.—സഭാപ്രസംഗി 7:16; 1 പത്രൊസ് 4:1, 2.
14. എന്തു ഭൗതിക പ്രലോഭനങ്ങളാണു സാത്താൻ നമ്മുടെ വഴിയിൽ വെക്കുന്നത്?
14 ഓരോ ദിവസവും നമ്മുടെ ജീവൻ നിലനിർത്താൻ നിറവേറേറണ്ട അടിസ്ഥാനപരമായ ഭൗതികാവശ്യങ്ങൾ നമുക്ക് എല്ലാവർക്കുമുണ്ട്. (മത്തായി 6:11, 30-32) എന്നാൽ പലപ്പോഴും നമ്മുടെ ആവശ്യങ്ങളെ കവച്ചുവെക്കുന്നതാണു നമ്മുടെ ആഗ്രഹങ്ങൾ. ഉദാഹരണത്തിന്, സാത്താന്റെ വ്യവസ്ഥിതി നമുക്കു നേരെ എല്ലാത്തരം ഗൃഹോപകരണങ്ങളും സാമഗ്രികളും വെച്ചുനീട്ടുന്നു. സകലത്തിലും അതിനൂതനമായത് ഉണ്ടായിരിക്കണം എന്നു നാം എല്ലായ്പോഴും ആഗ്രഹിക്കുന്നെങ്കിൽ നമുക്ക് ഒരിക്കലും തൃപ്തി വരില്ല, കാരണം അതിനൂതനം പെട്ടെന്നുതന്നെ പഴഞ്ചനായിത്തീരുകയും അതിലും വിശേഷതയാർന്ന മോഡൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. വാണിജ്യലോകം ഒരിക്കലും നിൽക്കാത്ത ഒരു ഉല്ലാസവലയം തീർത്തിരിക്കുന്നു. അതു നമ്മെ വർധിച്ചുകൊണ്ടേയിരിക്കുന്ന ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ കൂടുതൽ പണം ഉണ്ടാക്കാൻ ശ്രമിക്കുന്നതിലേക്കു വശീകരിക്കുന്നു. “മൗഢ്യവും ഹാനികരവുമായ അനേകം ആഗ്രഹങ്ങ”ളിലേക്കോ “അബദ്ധജഡിലവും അപകടകരവുമായ ജീവിതാഭിലാഷങ്ങ”ളിലേക്കോ ഇതിനു നയിക്കാൻ കഴിയും. ആത്മീയ പ്രവർത്തനങ്ങൾക്കുള്ള സമയം കുറച്ചു-കുറച്ച് അതിന് അസന്തുലിതമായ ഒരു ജീവിതത്തിൽ കലാശിക്കാൻ കഴിയും.—1 തിമൊഥെയൊസ് 6:9, 10; ദ ജറൂസലേം ബൈബിൾ.
15. കുടുംബനാഥന്റെ മാതൃക പ്രധാനമായിരിക്കുന്നത് ഏതു വിധത്തിൽ?
15 ഇവിടെ വീണ്ടും, ക്രിസ്തീയകുടുംബത്തിന്റെ ശിരസ്സ് വെക്കുന്ന മാതൃക വളരെ പ്രധാനമാണ്. ലൗകികവും ആത്മീയവും ആയ ഉത്തരവാദിത്വങ്ങളുടെ നേർക്കുള്ള അദ്ദേഹത്തിന്റെ സമനിലയുള്ള മനോഭാവം മററു കുടുംബാംഗങ്ങളെ പ്രചോദിപ്പിക്കണം. പിതാവ് ഉത്കൃഷ്ടമായ നിർദേശങ്ങൾ വാക്കാൽ കൊടുക്കുകയും എന്നാൽ സ്വന്തം വാക്കുകൾക്കു ചേർച്ചയിൽ ജീവിക്കാൻ പരാജയപ്പെടുകയുമാണെങ്കിൽ അതു നിശ്ചയമായും ഇടിച്ചുകളയുന്ന ഫലമുണ്ടാക്കും. എന്റെ പ്രവൃത്തി നോക്കേണ്ട, വചനം നോക്കിയാൽ മതി എന്ന സമീപനം കുട്ടികൾക്കു പെട്ടെന്നു മനസ്സിലാക്കാൻ കഴിയും. അതുപോലെ, മററുള്ളവരോടു വീടുതോറുമുള്ള ശുശ്രൂഷയിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു മൂപ്പനോ ശുശ്രൂഷാദാസനോ, അതേ സമയം ആ പ്രവർത്തനത്തിൽ തന്റെ കുടുംബത്തോടു ചേരുന്നില്ലെങ്കിൽ ഉടനെ അദ്ദേഹത്തിനു കുടുംബത്തിലും സഭയിലും ഉള്ള വിശ്വാസ്യത നഷ്ടപ്പെടും.—1 കൊരിന്ത്യർ 15:58; മത്തായി 23:3 താരതമ്യപ്പെടുത്തുക.
16. നാം നമ്മോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കേണ്ടതാണ്?
16 അതുകൊണ്ട്, നമുക്കു പ്രയോജനപ്രദമാകുമാറു നമ്മുടെ ജീവിതങ്ങളെ പരിശോധിക്കാം. ആത്മീയ പുരോഗതി പ്രാപിക്കുന്നതിനെ അവഗണിച്ചുകൊണ്ടു ലൗകിക വിജയം കൈവരിക്കുന്നതിൽ നാം മുഴുകിയിരിക്കുന്നുവോ? നാം ലൗകികമായി ഉയരുകയും സഭയിൽ താഴുകയും ചെയ്യുന്നുവോ? പൗലോസിന്റെ ബുദ്ധ്യുപദേശം ഓർക്കുക: “ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നുവെങ്കിൽ നല്ലവേല ആഗ്രഹിക്കുന്നു. എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.” (1 തിമൊഥെയൊസ് 3:1) തൊഴിൽസ്ഥലത്തെ ഉദ്യോഗക്കയററത്തെക്കാൾ സഭയിലുള്ള ഒരു ഉത്തരവാദിത്വബോധം നമ്മുടെ ആത്മീയത സംബന്ധിച്ചു കൂടുതൽ സൂചിപ്പിക്കുന്നു. യഹോവക്ക് എന്നതിലുപരി തൊഴിലുടമകൾക്കു സമർപ്പിച്ചിരിക്കുന്നു എന്നപോലെ അവർ നമ്മെ നിയന്ത്രിക്കാൻ നമ്മുടെ തൊഴിലുടമകളെ അനുവദിക്കാതിരിക്കുന്നതിന് നാം ശ്രദ്ധാപൂർവം ഒരു സമനില കാക്കേണ്ടതുണ്ട്.—മത്തായി 6:24.
അർഥവത്തായ ആശയവിനിയമം ആത്മീയത അഭിവൃദ്ധിപ്പെടുത്തുന്നു
17. ഒരു കുടുംബത്തിൽ യഥാർഥ സ്നേഹം നട്ടുവളർത്തുന്നതിനു സംഭാവന ചെയ്യുന്നത് എന്താണ്?
17 ഇന്നു ലക്ഷക്കണക്കിനു ഭവനങ്ങൾ ഫലത്തിൽ വിശ്രമസങ്കേതങ്ങൾ മാത്രമായി ചുരുങ്ങിയിരിക്കുന്നു. എങ്ങനെ? കുടുംബാംഗങ്ങൾ വരുന്നതു തിന്നാനും ഉറങ്ങാനും മാത്രം, എന്നിട്ടു പെട്ടെന്നു പോകുകയും ചെയ്യുന്നു. ഒരു മേശക്കു ചുററും ഒരുമിച്ചിരുന്നു ഭക്ഷണം ആസ്വദിക്കാറില്ല. കുടുംബമെന്ന വിചാരം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഫലമോ? ആശയവിനിമയത്തിന്റെ അഭാവമുണ്ട്, അർഥവത്തായ സംഭാഷണം ഇല്ലതന്നെ. അതു മററ് അംഗങ്ങളുടെ കാര്യത്തിലുള്ള താത്പര്യക്കുറവിലും, ഒരുപക്ഷേ ഒരു യഥാർഥ താത്പര്യത്തിന്റെ അഭാവത്തിലും കലാശിച്ചേക്കാം. നാം പരസ്പരം സ്നേഹിക്കുമ്പോൾ നാം സംഭാഷിക്കാനും ശ്രദ്ധിക്കാനും സമയമുണ്ടാക്കുന്നു. നാം പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നു. ദമ്പതികൾ തമ്മിലും മാതാപിതാക്കളും കുട്ടികളും തമ്മിലും ഉള്ള അർഥവത്തായ ആശയവിനിയമം ആത്മീയതയുടെ ഈ വശത്ത് ഉൾപ്പെടുന്നു.b നമ്മുടെ സന്തോഷങ്ങളും അനുഭവങ്ങളും പ്രശ്നങ്ങളും പങ്കുവെക്കാൻവേണ്ടി നാം പരസ്പരം അടുക്കുമ്പോൾ അതിനു സമയവും നയവും ആവശ്യമാക്കിത്തീർക്കുന്നു.—1 കൊരിന്ത്യർ 13:4-8; യാക്കോബ് 1:19.
18. (എ) പലപ്പോഴും ആശയവിനിമയത്തിനുള്ള ഒരു വൻതടസ്സം എന്താണ്? (ബി) അർഥവത്തായ ബന്ധങ്ങൾ കെട്ടിപ്പൊക്കുന്നത് എന്തിൻമേലാണ്?
18 നല്ല ആശയവിനിമയത്തിനു സമയവും ശ്രമവും ആവശ്യമാണ്. പരസ്പരം സംസാരിക്കാനും ശ്രദ്ധിക്കാനും സമയം നീക്കിവെക്കുന്നതിനെ അത് അർഥമാക്കുന്നു. ഇതിനുള്ള വൻതടസ്സങ്ങളിൽ ഒന്ന് അനേകം കുടുംബങ്ങളിലും ആദരപൂർവകമായ സ്ഥലം കയ്യടക്കിയിരിക്കുന്ന, സമയംകൊല്ലി ഉപകരണമായ ടിവി ആണ്. ഇത് ഒരു വെല്ലുവിളി ഉയർത്തുന്നു—ടിവി നിങ്ങളെ നിയന്ത്രിക്കുന്നോ അതോ നിങ്ങൾ അതിനെ നിയന്ത്രിക്കുന്നോ? ടിവിയെ നിയന്ത്രിക്കുന്നതിന്, അതു ഓഫ് ചെയ്യാനുള്ള മനക്കരുത്തുൾപ്പെടെ, ദൃഢനിശ്ചയം ആവശ്യമാണ്. എന്നാൽ കുടുംബാംഗങ്ങൾ എന്ന നിലയിലും ആത്മീയ സഹോദരീസഹോദരൻമാർ എന്ന നിലയിലും അന്യോന്യം മൈത്രിയിലാകാൻ അങ്ങനെ ചെയ്യുന്നതു നമുക്കു വഴി തുറന്നുതരും. അന്യോന്യം നമ്മുടെ ആവശ്യങ്ങളും സന്തോഷങ്ങളും മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ട് നമുക്കു ചെയ്തുതരുന്ന ദയാപുരസ്സരമായ എല്ലാ സംഗതികളെയും നാം എന്തുമാത്രം വിലമതിക്കുന്നു എന്നു പരസ്പരം പറഞ്ഞുകൊണ്ട് നല്ല ആശയവിനിയമം നടത്തുന്നത് അർഥവത്തായ ബന്ധങ്ങൾക്ക് ആവശ്യമാണ്. മററു വാക്കുകളിൽപ്പറഞ്ഞാൽ, നാം മററുള്ളവരോടു നന്ദിയുള്ളവരും അവരെ വിലമതിക്കുന്നവരും ആണെന്ന് അർഥവത്തായ സംഭാഷണം പ്രകടമാക്കുന്നു.—സദൃശവാക്യങ്ങൾ 31:28, 29.
19, 20. കുടുംബത്തിലെ എല്ലാവർക്കുംവേണ്ടി നാം കരുതുന്നെങ്കിൽ നാം എന്തു ചെയ്യും?
19 അതുകൊണ്ട്, കുടുംബപശ്ചാത്തലത്തിൽ നാം പരസ്പരം കരുതുന്നുവെങ്കിൽ—അതിൽ വിശ്വാസികളല്ലാത്ത കുടുംബാംഗങ്ങൾക്കുവേണ്ടി കരുതുന്നതും ഉൾപ്പെടുന്നു—നാം നമ്മുടെ ആത്മീയതയെ പരിപുഷ്ടിപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും വേണ്ടി വളരെയധികം പ്രവർത്തിക്കുകയായിരിക്കും. ഒരു കുടുംബപശ്ചാത്തലത്തിൽ നാം പത്രോസിന്റെ ഈ ബുദ്ധ്യുപദേശം പിൻപററുകയായിരിക്കും: “അവസാനമായി, നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദരസ്നേഹവും കരുണയും വിനയവും ഉള്ളവരായിരിക്കുവിൻ. തിൻമയ്ക്കു തിൻമയോ, നിന്ന്ദനത്തിന് നിന്ന്ദനമോ പകരം കൊടുക്കാതെ, അനുഗ്രഹിക്കുവിൻ. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങൾ.”—1 പത്രോസ് 3:8, 9, പി.ഒ.സി. ബൈ.
20 നാം നമ്മുടെ ആത്മീയത നിലനിർത്താൻ പ്രയത്നിക്കുന്നെങ്കിൽ നമുക്ക് ഇപ്പോൾ യഹോവയുടെ അനുഗ്രഹം ഉണ്ടായിരിക്കാൻ കഴിയും, നമുക്കു പറുദീസാ ഭൂമിയിലെ നിത്യജീവന്റെ ദാനം ലഭിക്കുമ്പോൾ ഭാവിയിൽ അവിടുത്തെ അനുഗ്രഹം അവകാശമാക്കുന്നതിലേക്കും ഇതിനു നയിക്കാൻ കഴിയും. കുടുംബമെന്ന നിലയിൽ ആത്മീയമായി പരസ്പരം സഹായിക്കാൻ നമുക്കു ചെയ്യാൻ കഴിയുന്ന വേറെയും സംഗതികളുണ്ട്. ഒരു കുടുംബമെന്ന നിലയിൽ കാര്യങ്ങൾ ഒത്തൊരുമിച്ചു ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ അടുത്ത ലേഖനം ചർച്ച ചെയ്യുന്നതായിരിക്കും.—ലൂക്കൊസ് 23:43; വെളിപ്പാടു 21:1-4.
[അടിക്കുറിപ്പുകൾ]
a ആത്മീയതയെ “മതപരമായ മൂല്യങ്ങളോടുള്ള മൃദുപ്രകൃതിത്വമോ മമതയോ: ആത്മീയമായിരിക്കുന്ന ഗുണമോ അവസ്ഥയോ” ആയി നിർവചിച്ചിരിക്കുന്നു. (വെബ്സ്റേറഴ്സ് നയന്ത് ന്യൂ കൊളിജിയേററ് ഡിക്ഷ്ണറി) ജഡിലവും മൃഗതുല്യവും ആയ ഒരു വ്യക്തിയുടെ നേരെ വിപരീതമാണ് ഒരു ആത്മീയവ്യക്തി.—1 കൊരിന്ത്യർ 2:13-16; ഗലാത്യർ 5:16, 25; യാക്കോബ് 3:14, 15; യൂദാ 19.
b കുടുംബത്തിലെ ആശയവിനിയമം സംബന്ധിച്ച കൂടുതലായ നിർദേശങ്ങൾക്ക് 1991 സെപ്ററംബർ 1-ലെ (ഇംഗ്ലീഷ്) വീക്ഷാഗോപുരം, പേജ് 20-2 കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ ആത്മീയത എന്നാൽ എന്താണ്?
◻ ക്രിസ്തുവിന്റെ മാതൃക ഒരു കുടുംബത്തലവന് അനുകരിക്കാൻ കഴിയുന്നതെങ്ങനെ?
◻ നമ്മുടെ ആത്മീയതയ്ക്കു നേരെയുള്ള ഭീഷണികൾ നമുക്ക് എങ്ങനെ ഒഴിവാക്കാം?
◻ ഒരു കുടുംബത്തിന്റെ ആത്മീയതയെ അപകടപ്പെടുത്താൻ എന്തിനു കഴിയും?
◻ അർഥവത്തായ ആശയവിനിയമം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
[12-ാം പേജിലെ ചിത്രം]
സഭാപുസ്തകാധ്യയനത്തിൽ പങ്കുകൊള്ളുന്നതു കുടുംബത്തെ ആത്മീയമായി ബലിഷ്ഠമാക്കുന്നു