അയൽസ്നേഹം സാധ്യമാണ്
യേശുക്രിസ്തു പറഞ്ഞ ശമര്യാക്കാരന്റെ ദൃഷ്ടാന്തം ആത്മാർഥമായ അയൽസ്നേഹം യഥാർഥത്തിൽ എന്തർഥമാക്കുന്നുവെന്നു പ്രകടമാക്കി. (ലൂക്കൊസ് 10:25-37) യേശു ഇതുംകൂടെ പഠിപ്പിച്ചു: “നിന്റെ ദൈവമായ കർത്താവിനെ (യഹോവയെ, NW) നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.”—മത്തായി 22:37-39.
നിരവധി ആളുകളെപ്പോലെ, നിങ്ങളുടേതിൽനിന്നു വ്യത്യസ്തമായ വംശത്തിൽപ്പെട്ട നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കാൻ ബുദ്ധിമുട്ടുള്ളതായി നിങ്ങൾക്കു തോന്നുന്നുണ്ടോ? അങ്ങനെയായിരിക്കുന്നത് ഒരുപക്ഷേ, നിങ്ങൾ വിവേചനത്തെയും അനീതിയെയും കുറിച്ചു മനസ്സിലാക്കുകയോ വ്യക്തിപരമായി അവ അനുഭവിക്കുകയോ ചെയ്തതുകൊണ്ടായിരിക്കാം. നിങ്ങളോ നിങ്ങളുടെ പ്രിയപ്പെട്ടവരോ മറെറാരു സമൂഹത്തിലെ ആളുകളാൽ ഉപദ്രവിക്കപ്പെടുകപോലും ചെയ്തിരിക്കാം.
ദൈവത്തിന്റെ കൽപ്പനകളിൽ ഒന്ന് നാം നമ്മുടെ അയൽക്കാരനെ സ്നേഹിക്കണം എന്നതാണെന്നു യേശു സൂചിപ്പിച്ചതിനാൽ അത്തരം ശക്തമായ വികാരങ്ങളെ തരണംചെയ്യുക സാധ്യമായിരിക്കേണ്ടതാണ്. അങ്ങനെ ചെയ്യുന്നതിനുള്ള താക്കോൽ ആളുകളെ ദൈവവും ക്രിസ്തുവും വീക്ഷിക്കുന്നതുപോലെ വീക്ഷിക്കുക എന്നതാണ്. ഇക്കാര്യത്തിൽ നമുക്കു യേശുവിന്റെയും ആദ്യകാല ക്രിസ്ത്യാനികളുടെയും ദൃഷ്ടാന്തം പരിചിന്തിക്കാം.
യേശുവിന്റെ നല്ല ദൃഷ്ടാന്തം
ഒന്നാം നൂററാണ്ടിലെ യഹൂദർക്ക്, യഹൂദ്യക്കും ഗലീലക്കും ഇടയിലുള്ള ഒരു പ്രദേശത്തു വസിച്ചിരുന്ന ഒരു ജനമായ ശമര്യാക്കാർക്കെതിരെ ശക്തമായ വികാരങ്ങൾ ഉണ്ടായിരുന്നു. ഒരവസരത്തിൽ യഹൂദരായ എതിരാളികൾ അവജ്ഞയോടെ: “നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങൾ പറയുന്നതു ശരിയല്ലയോ” എന്നു യേശുവിനോടു ചോദിച്ചു. (യോഹന്നാൻ 8:48) ചില യഹൂദർ ശമര്യാക്കാരെ സിന്നഗോഗുകളിൽവെച്ചു പരസ്യമായി ശപിക്കുകയും ശമര്യാക്കാർക്കു നിത്യജീവൻ കൊടുക്കരുതെന്നു പ്രാർഥിക്കുകയും ചെയ്യത്തക്കവണ്ണം പോലും ശമര്യാ-വിരുദ്ധ വികാരങ്ങൾ അത്ര ശക്തമായിരുന്നു.
സംശയലേശമെന്യേ, അഗാധസ്ഥിതമായ ഈ വിദ്വേഷത്തെക്കുറിച്ചുള്ള അറിവാണു കവർച്ചക്കാരുടെ പ്രഹരമേററ യഹൂദനെ പരിരക്ഷിച്ചുകൊണ്ടു യഥാർഥ അയൽക്കാരനെന്നു സ്വയം തെളിയിച്ച ശമര്യാക്കാരന്റെ ദൃഷ്ടാന്തം നൽകാൻ യേശുവിനെ പ്രേരിപ്പിച്ചത്. മോശയുടെ ന്യായപ്രമാണം സംബന്ധിച്ചു വിശാരദനായിരുന്ന യഹൂദമനുഷ്യൻ “എന്റെ കൂട്ടുകാരൻ (അയൽക്കാരൻ, NW) ആർ” എന്നു ചോദിച്ചപ്പോൾ യേശുവിന് എങ്ങനെ ഉത്തരം പറയാമായിരുന്നു? (ലൂക്കൊസ് 10:29) കൊള്ളാം, ‘നിന്റെ അയൽക്കാരിൽ സഹയഹൂദൻ മാത്രമല്ല, മററു മനുഷ്യരും, ഒരു ശമര്യാക്കാരൻ പോലും ഉൾപ്പെടുന്നു’ എന്നു പറഞ്ഞുകൊണ്ടു യേശുവിനു നേരിട്ടു മറുപടി നൽകാമായിരുന്നു. എന്നാൽ അതു സ്വീകരിക്കുക പ്രയാസമെന്നു യഹൂദർ കണ്ടെത്തുമായിരുന്നു. അതുകൊണ്ട്, അവിടുന്ന് ഒരു ശമര്യാക്കാരന്റെ കാരുണ്യം ലഭിച്ച ഒരു യഹൂദനെക്കുറിച്ചുള്ള ദൃഷ്ടാന്തം വിവരിച്ചു. അങ്ങനെ യഥാർഥ അയൽസ്നേഹം യഹൂദേതരിലേക്കും വ്യാപിക്കുമെന്നു നിഗമനം ചെയ്യാൻ യേശു യഹൂദ ശ്രോതാക്കളെ സഹായിച്ചു.
യേശുവിനു ശമര്യാവിരുദ്ധ വികാരങ്ങളില്ലായിരുന്നു. ഒരിക്കൽ ശമര്യയിൽക്കൂടി സഞ്ചരിക്കവേ തന്റെ ശിഷ്യൻമാർ ഭക്ഷണം വാങ്ങുന്നതിന് അടുത്തുള്ള പട്ടണത്തിലേക്കു പോയപ്പോൾ അവിടുന്ന് ഒരു കിണററിന്നരികെ വിശ്രമിച്ചു. ഒരു ശമര്യാക്കാരി വെള്ളം കോരുന്നതിനു വന്നപ്പോൾ അവിടുന്നു ചോദിച്ചു: “എനിക്കു കുടിപ്പാൻ തരുമോ.” യഹൂദർക്കു ശമര്യാക്കാരുമായി യാതൊരിടപാടുമില്ലാഞ്ഞതുകൊണ്ടു സ്ത്രീ ചോദിച്ചു: “നീ യഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ.” അപ്പോൾ, താനാണു മിശിഹ എന്നു പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടുപോലും യേശു ആ സ്ത്രീക്കു സാക്ഷ്യം നൽകി. വന്ന് അവിടുത്തെ കേൾക്കാൻ മററുള്ളവരെ വിളിക്കാനായി പട്ടണത്തിലേക്കു പോയിക്കൊണ്ട് ആ സ്ത്രീ പ്രതികരിച്ചു. ഫലമോ? “ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു.” തന്റെ യഹൂദ സമകാലീനരുടെ ഇടയിൽ പ്രബലപ്പെട്ടിരുന്ന മനോഭാവത്താൽ തളയ്ക്കപ്പെടാഞ്ഞതിനാൽ ഉണ്ടായ എന്തൊരു നല്ല ഫലം!—യോഹന്നാൻ 4:4-42.
ദൈവത്തിനു മുഖപക്ഷമില്ല
യേശു മുഖ്യമായും യഹൂദരോട്, “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളോട്” പ്രസംഗിക്കണമെന്നതു ദൈവത്തിന്റെ ഉദ്ദേശ്യമായിരുന്നു. (മത്തായി 15:24) അതിനാൽ അവിടുത്തെ ആദ്യകാല അനുഗാമികൾ യഹൂദ പശ്ചാത്തലത്തിൽപ്പെട്ടവരായിരുന്നു. എന്നാൽ പൊ.യു. (പൊതുയുഗം) 33-ലെ പെന്തക്കോസ്തിലുണ്ടായ പരിശുദ്ധാത്മാവിന്റെ പകരലിനു വെറും മൂന്നു വർഷത്തിനുശേഷം യഹൂദ വിശ്വാസികൾ ജനതകളിലേക്ക്, വിജാതീയരിലേക്ക്, ശിഷ്യരാക്കൽവേല വ്യാപിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നെന്നു യഹോവ വ്യക്തമാക്കി.
തന്നെപ്പോലെതന്നെ ഒരു ശമര്യാക്കാരനെ സ്നേഹിക്കുക എന്നതു യഹൂദ മനസ്സിന് ഉൾക്കൊള്ളാൻ വളരെ ബുദ്ധിമുട്ടായിരിക്കുമായിരുന്നു. യഹൂദരുമായി ശമര്യാക്കാരെക്കാൾ കുറച്ചു പൊതുതാത്പര്യം ഉണ്ടായിരുന്ന പരിച്ഛേദനയേൽക്കാഞ്ഞ വിജാതീയരോട് അയൽസ്നേഹം കാട്ടുക അതിലും ബുദ്ധിമുട്ടായിരിക്കുമായിരുന്നു. വിജാതീയരോടുള്ള യഹൂദരുടെ മനോഭാവത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ടു ദി ഇൻറർനാഷണൽ സ്ററാൻഡേഡ് ബൈബിൾ എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്: “അങ്ങേയററത്തെ വെറുപ്പും നിന്ദയും വിദ്വേഷവും പു[തിയ] നി[യമ] കാലത്ത് ഉണ്ടായിരുന്നതായി നാം മനസ്സിലാക്കുന്നു. അവരെ [വിജാതീയരെ] അശുദ്ധരായി കണക്കാക്കിയിരുന്നു, അവരുമായുള്ള ഏതൊരുവിധ സൗഹൃദ ഇടപെടലും നിയമവിരുദ്ധമായിരുന്നു. അവർ ദൈവത്തിന്റെയും അവിടുത്തെ ജനത്തിന്റെയും ശത്രുക്കളായിരുന്നു, മതപരിവർത്തനം ചെയ്യാത്തപക്ഷം അവർക്കു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം നിഷേധിക്കപ്പെട്ടിരുന്നു. പരിവർത്തനം ചെയ്താൽപ്പോലും, പുരാതന കാലത്തെപ്പോലെ, അവർക്കു പൂർണതോതിലുള്ള കൂട്ടായ്മ അനുവദിക്കാൻ കഴിയുമായിരുന്നില്ല. അവർക്കു ബുദ്ധ്യുപദേശം കൊടുക്കുന്നതിൽനിന്നു യഹൂദരെ വിലക്കിയിരുന്നു, അവർ ദിവ്യകാര്യങ്ങളെക്കുറിച്ചു ചോദിച്ചാൽ അവരെ ശപിക്കണമായിരുന്നു.”
അനേകർക്ക് ഈ വീക്ഷണങ്ങൾ ഉണ്ടായിരിക്കെ, ‘ദൈവം ശുദ്ധീകരിച്ചതിനെ അശുദ്ധമെന്നു വിളിക്കുന്നതു’ നിർത്താൻ തന്നോട് ആവശ്യപ്പെട്ട ഒരു ദർശനം പത്രോസ് കാണാൻ യഹോവ ഇടയാക്കി. പിന്നെ ദൈവം അദ്ദേഹത്തെ വിജാതീയനായ കൊർന്നെല്യോസിന്റെ ഭവനത്തിലേക്കു നയിച്ചു. പത്രോസ് കൊർന്നെല്യോസിനും അയാളുടെ കുടുംബത്തിനും മററു വിജാതീയർക്കും ക്രിസ്തുവിനെക്കുറിച്ചു സാക്ഷ്യം നൽകി. “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർഥമായി ഗ്രഹിക്കുന്നു” എന്നു പത്രോസ് പറഞ്ഞു. പത്രോസ് സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ ആ പുതിയ വിശ്വാസികളുടെമേൽ പരിശുദ്ധാത്മാവു വന്നു, അനന്തരം അവർ സ്നാപനമേൽക്കുകയും ക്രിസ്തുവിന്റെ ആദ്യ വിജാതീയ അനുഗാമികളായിത്തീരുകയും ചെയ്തു.—പ്രവൃത്തികൾ 10-ാം അധ്യായം.
“സകല ജാതികളെയും ശിഷ്യരാക്കാ”നുള്ള യേശുവിന്റെ കൽപ്പന സകല ദേശങ്ങളിലെയും യഹൂദരിൽ മാത്രം പരിമിതപ്പെടുത്താതെ വിജാതീയരെയും ഉൾപ്പെടുത്തിയിരുന്നെന്നു തിരിച്ചറിഞ്ഞുകൊണ്ടു യഹൂദാനുഗാമികൾ ഈ വികാസത്തെ അംഗീകരിച്ചു. (മത്തായി 28:19, 20; പ്രവൃത്തികൾ 11:18) തങ്ങൾക്കു വിജാതീയർക്കെതിരെ ഉണ്ടായിരുന്നിരിക്കാവുന്ന ഏതു വികാരങ്ങളെയും തരണംചെയ്തുകൊണ്ടു ജനതകൾക്കിടയിൽ ശിഷ്യരെ ഉളവാക്കാൻ അവർ ഉത്സാഹപൂർവം ഒരു പ്രസംഗപ്രസ്ഥാനം സംഘടിപ്പിച്ചു. മുപ്പതിൽത്താഴെ വർഷങ്ങൾക്കുശേഷം “ആകാശത്തിൻ കീഴെ സകല സൃഷ്ടികളുടെയും ഇടയിൽ” സുവാർത്ത പ്രസംഗിക്കപ്പെട്ടു എന്നു പറയാൻ കഴിഞ്ഞു.—കൊലൊസ്സ്യർ 1:23.
ഈ പ്രസംഗവേലക്കു നേതൃത്വം നൽകിക്കൊണ്ടിരുന്നതു യഹൂദ പശ്ചാത്തലമുണ്ടായിരുന്ന ഒരു ക്രിസ്ത്യാനിയായിരുന്ന അപ്പോസ്തലനായ പൗലോസ് ആയിരുന്നു. ക്രിസ്തുവിന്റെ അനുഗാമിയാകുന്നതിനു മുമ്പ് അദ്ദേഹം പരീശമതവിഭാഗത്തിലെ തീക്ഷ്ണതയുള്ള ഒരംഗമായിരുന്നു. അവർ വിജാതീയരെ മാത്രമല്ല, തങ്ങളുടെതന്നെ ദേശക്കാരായ സാധാരണക്കാരെപ്പോലും അവജ്ഞയോടെ വീക്ഷിച്ചു. (ലൂക്കൊസ് 18:11, 12) എന്നാൽ മററുള്ളവരോട് അയൽസ്നേഹം കാണിക്കുന്നതിൽനിന്നു തന്നെ പിന്തിരിപ്പിക്കാൻ പൗലോസ് ആ വീക്ഷണങ്ങളെ അനുവദിച്ചില്ല. മറിച്ച്, മെഡിറററേനിയൻ ദേശങ്ങളിലുടനീളമുള്ള ശിഷ്യരാക്കൽവേലക്കായി തന്റെ ജീവിതം അർപ്പിച്ചുകൊണ്ട് അദ്ദേഹം “ജാതികളുടെ [വിജാതീയരുടെ] ഒരു അപ്പൊസ്തലൻ” ആയിത്തീർന്നു.—റോമർ 11:13.
തന്റെ ശുശ്രൂഷാകാലത്തു പൗലോസ് കല്ലേറു കൊള്ളുകയും അടികൊള്ളുകയും തടവിലാക്കപ്പെടുകയും ചെയ്തു. (പ്രവൃത്തികൾ 14:19; 16:22, 23) അത്തരം കഠിനമായ അനുഭവങ്ങൾ അദ്ദേഹം പ്രകോപിതനാകാനും തന്റെ സമയം ചില ജനതകൾക്കും വംശീയ സമൂഹങ്ങൾക്കുമിടയിൽ പാഴാക്കുകയാണെന്നു നിഗമനം ചെയ്യാനും ഇടയാക്കിയോ? അശേഷമില്ല. തന്റെ നാളിലെ അനേകം വംശീയ സമൂഹങ്ങൾക്കിടയിൽ ആത്മാർഥഹൃദയരായവർ ചിതറിക്കിടപ്പുണ്ടെന്ന് അദ്ദേഹം അറിഞ്ഞിരുന്നു.
ദൈവത്തിന്റെ വഴികൾ പഠിക്കാൻ സന്നദ്ധത കാട്ടിയ വിജാതീയരെ കണ്ടെത്തിയപ്പോൾ പൗലോസ് അവരെ സ്നേഹിക്കാനിടയായി. ഉദാഹരണത്തിന്, അദ്ദേഹം തെസ്സലോനിക്യർക്കിങ്ങനെ എഴുതി: “ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോററുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു. ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനുംകൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.” (1 തെസ്സലൊനീക്യർ 2:7, 8) പൗലോസ് വിജാതീയ തെസ്സലോനിക്യരെ വാസ്തവമായും സ്നേഹിച്ചെന്നും അവരുമായുള്ള നല്ല ബന്ധം മൂലമുണ്ടായ സന്തോഷത്തെ നശിപ്പിക്കാൻ യാതൊന്നിനെയും അനുവദിച്ചില്ലെന്നും ഈ ഹൃദയംഗമമായ വാക്കുകൾ പ്രകടമാക്കുന്നു.
അയൽസ്നേഹം പ്രവർത്തനത്തിൽ
ഇന്ന്, ഒന്നാം നൂററാണ്ടിലെപ്പോലെ, ക്രിസ്തീയ സഭയോട് പററിനിൽക്കുന്നവർ സകല വംശീയ സമൂഹങ്ങളിലെയും ആളുകളോട് അയൽസ്നേഹം വളർത്തുന്നു. മററുള്ളവരെക്കുറിച്ച് ഒരു ദൈവിക വീക്ഷണം വികസിപ്പിച്ചെടുക്കുന്നതിനാലും അവർക്കു രാജ്യസുവാർത്ത പങ്കു വെക്കുന്നതിനാലും, സത്യക്രിസ്ത്യാനികൾ ഒരുപക്ഷേ തങ്ങൾ ഒരിക്കലും അറിയാനിടയാകുകയില്ലാത്ത ആളുകളെക്കുറിച്ചുള്ള ഗ്രാഹ്യം വിശാലമാക്കിയിരിക്കുന്നു. അവർക്ക് അവരോടു സഹോദരസ്നേഹം പോലുമുണ്ട്. (യോഹന്നാൻ 13:34, 35) ഇതു നിങ്ങളുടെയും അനുഭവമായിരിക്കാൻ കഴിയും.
യഹോവയുടെ സാക്ഷികൾ 229 രാജ്യങ്ങളിൽ കാണപ്പെടുകയും ‘സകല ജാതികളെയും ഗോത്രങ്ങളെയും വംശങ്ങളെയും ഭാഷകളെയും’ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നെങ്കിലും ഇത്തരം സ്നേഹം അവർക്കിടയിലുണ്ട്. (വെളിപ്പാടു 7:9) ഒരു ആഗോള സഹോദരവർഗമെന്നനിലയിൽ, യഹോവയെ ആരാധിക്കുന്നതിലും, വംശീയ കലാപങ്ങളിലും മാത്സര്യങ്ങളിലും പങ്കെടുക്കുന്നതിനു വിസമ്മതിക്കുന്നതിലും, ആളുകൾക്കു സഹമനുഷ്യരോടുള്ള ഊഷ്മളബന്ധത്തെ കവർന്നുകളയുന്ന മുൻവിധികളെ നിരാകരിക്കുന്നതിലും അവർ ഒററക്കെട്ടായി നിലകൊള്ളുന്നു.
സാക്ഷികളുമായി സഹവസിക്കുക, അപ്പോൾ, എല്ലാ വംശീയ പശ്ചാത്തലങ്ങളിലുംപെട്ട ആളുകൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതെങ്ങനെയെന്നു നിങ്ങൾ നിരീക്ഷിക്കും. അവർ ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുമ്പോൾ, അയൽസ്നേഹം പ്രവർത്തനത്തിലിരിക്കുന്നതു നിങ്ങൾ കാണും. അതേ, കൂടാതെ തങ്ങളുടെ അയൽക്കാരെ സ്നേഹിക്കാൻ തങ്ങൾ യഥാർഥത്തിൽ പഠിച്ചിട്ടുണ്ടെന്നു സ്വന്തം ജീവിതംകൊണ്ടു പ്രകടമാക്കുന്ന, ദയയും ആത്മാർഥതയും ഉള്ള ആളുകളെ നിങ്ങൾ അവരുടെ സഭകളിൽ കണ്ടുമുട്ടും.
[4-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Arrival of the Good Samaritan at the Inn/The Doré Bible Illustrations/Dover Publications, Inc.
[6-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികളുടെ സഭകളിൽ നിങ്ങൾ എല്ലാ വർഗങ്ങളിലുംപെട്ട സന്തുഷ്ടരായ ആളുകളെ കണ്ടെത്തും