വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“അവിശ്വാസികളുമായി ഇണയില്ലാപ്പിണ കൂടരുത്” എന്നു ബൈബിൾ നമ്മോടു പറയുന്നതുകൊണ്ട് ഒരു ക്രിസ്ത്യാനി ഒരു അവിശ്വാസിയുമൊത്തു ബിസിനസ് തുടങ്ങുന്നത് ഉചിതമാണോ?
നാം ആ ബുദ്ധ്യുപദേശം കാണുന്നതു 2 കൊരിന്ത്യർ 6:14-16 (NW)-ലാണ്: “അവിശ്വാസികളുമായി ഇണയില്ലാപ്പിണ കൂടരുത്. എന്തെന്നാൽ നീതിക്കും അധർമത്തിനും തമ്മിൽ എന്തു കൂട്ടായ്മയാണുള്ളത്? അല്ലെങ്കിൽ വെളിച്ചത്തിന് ഇരുളുമായി എന്തു പങ്കാണുള്ളത്? കൂടാതെ, ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? അല്ലെങ്കിൽ ഒരു വിശ്വസ്തനായ ആൾക്ക് ഒരു അവിശ്വാസിയുമായി എന്ത് ഓഹരിയാണുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്?”
ക്രിസ്ത്യാനി ഒരു അവിശ്വാസിയുമായി ബിസിനസ് തുടങ്ങുന്നതിനെതിരായുള്ള വിലക്കുകൾപോലെ നിഷ്കൃഷ്ടമായ നിരോധനങ്ങൾ ഏർപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് അപ്പോസ്തലനായ പൗലോസ് ഈ ബുദ്ധ്യുപദേശം നൽകിയത് എന്നു വിശ്വസിക്കാൻ ഒരു കാരണവുമില്ല. എങ്കിലും, അദ്ദേഹത്തിന്റെ ബുദ്ധ്യുപദേശം അതിനെയും ജീവിതത്തിന്റെ മററു മേഖലകളെയും സംബന്ധിച്ചു നിശ്ചയമായും പ്രസക്തിയുള്ളതാണ്.
പൗലോസ് പുരാതന കൊരിന്തിലെ തന്റെ ക്രിസ്തീയ സഹോദരങ്ങൾക്ക് ആ ബുദ്ധ്യുപദേശം എഴുതി. വിശേഷാൽ ദുഷിച്ച ഒരു നഗരത്തിൽ താമസിച്ചുകൊണ്ട് അവർ ദിവസേന ധാർമികവും ആത്മീയവും ആയ അപകടങ്ങൾക്കെതിരെ പോരാടേണ്ടതുണ്ടായിരുന്നു. അവർ ശ്രദ്ധാലുക്കൾ അല്ലായിരുന്നെങ്കിൽ ഒരു വ്യതിരിക്ത ജനം, “തിരഞ്ഞെടുക്കപ്പെട്ട ഒരു വർഗം ഒരു രാജകീയപുരോഹിതവർഗം, ഒരു വിശുദ്ധ ജനത, പ്രത്യേക സ്വത്തായ ഒരു ജനം” ആയിരിക്കാനുള്ള അവരുടെ ദൃഢനിശ്ചയത്തെ ക്രമേണ ദുർബലപ്പെടുത്താൻ ആരോഗ്യാവഹമല്ലാത്ത സ്വാധീനങ്ങളോടുള്ള സമ്പർക്കത്തിനു കഴിയുമായിരുന്നു.—1 പത്രോസ് 2:9, NW.
രണ്ടു കൊരിന്ത്യർ 6:14-16-ലെ വാക്യങ്ങൾ എഴുതുന്നതിനു മുമ്പു പൗലോസ് കൊരിന്തിലെ തന്റെ സഹോദരൻമാരുടെ ഇടയിലെ ഒരു ഗൗരവമായ പ്രശ്നം കൈകാര്യം ചെയ്തിരുന്നു. തങ്ങൾക്കിടയിൽ കടുത്ത ദുർമാർഗത്തിന്റെ ഒരു കേസ് സ്ഥിതിചെയ്യാൻ അവർ അനുവദിച്ചിരുന്നു, അതുകൊണ്ട് അനുതാപമില്ലാത്ത ആ പാപിയെ പുറത്താക്കാൻ പൗലോസ് അവരോടു നിർദേശിച്ചു. (1 കൊരിന്ത്യർ 5:1) ചീത്ത സഹവാസത്തിനോ ലോകത്തിന്റെ ധാർമിക ചുററുപാടിലെ അശ്രദ്ധമായ മുഴുകലിനോ ക്രിസ്ത്യാനികളെ ബാധിക്കാനാകുമെന്ന് ആ മമനുഷ്യന്റെ ദുഷ്പ്രവൃത്തി പ്രകടമാക്കി.
കൊരിന്തിലെ ക്രിസ്ത്യാനികൾ പുറത്താക്കപ്പെട്ട മനുഷ്യനുമായുള്ള സഹവാസം ഒഴിവാക്കണമായിരുന്നു, എന്നാൽ അവർ അവിശ്വാസികളിൽനിന്നു തങ്ങളെത്തന്നെ പരിപൂർണമായി വേർപെടുത്തണമെന്ന് അത് അർഥമാക്കിയോ? ചാവുകടലിനടുത്തുള്ള ഖുമ്രാനിലേക്കു പിൻവാങ്ങിയ യഹൂദരെപ്പോലെ ഒരുതരം സന്ന്യാസിവിഭാഗമായിത്തീർന്നുകൊണ്ടു ഫലത്തിൽ അക്രൈസ്തവരോടുള്ള സകല സമ്പർക്കവും അഥവാ ഇടപാടുകളും അവർ ഒഴിവാക്കണമായിരുന്നോ? അതിനുള്ള ഉത്തരം പൗലോസ് പറയട്ടെ: “ദുർന്നടപ്പുകാരോടു സംസർഗം അരുതു എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ. അതു ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ . . . അല്ല. അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും.”—1 കൊരിന്ത്യർ 5:9, 10.
ആ വാക്കുകളുടെ അർഥം വ്യക്തമാണ്. അവിശ്വാസികൾക്കിടയിൽ ജീവിച്ചുകൊണ്ടും താഴ്ന്ന ധാർമിക തത്ത്വങ്ങളും വ്യത്യസ്ത നിലവാരങ്ങളും ഉണ്ടായിരുന്ന അവരുമായി മിക്കവാറും ദൈനംദിന സമ്പർക്കത്തിൽ വന്നുകൊണ്ടും ക്രിസ്ത്യാനികൾ അപ്പോഴും ഈ ഗ്രഹത്തിൽത്തന്നെയാണെന്നു പൗലോസ് തിരിച്ചറിഞ്ഞു. അത് അടിസ്ഥാനപരമായി ഒഴിവാക്കാനാവാത്തതായിരുന്നതുകൊണ്ട് അത്തരം സമ്പർക്കം മൂലമുള്ള അപകടങ്ങളെക്കുറിച്ചു ക്രിസ്ത്യാനികൾ ജാഗരൂകരായിരിക്കണമായിരുന്നു.
കൊരിന്ത്യർക്കുള്ള പൗലോസിന്റെ രണ്ടാമത്തെ ലേഖനം നമുക്ക് ഒന്നുകൂടി പരിശോധിക്കാം. അഭിഷിക്ത ക്രിസ്ത്യാനികൾ ദൈവത്തിന്റെ ശുശ്രൂഷകർ, ക്രിസ്തുവിനുവേണ്ടിയുള്ള സ്ഥാനപതികൾ എന്ന നിലയിൽ യോഗ്യത ഉള്ളവരാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. തങ്ങളുടെ ശുശ്രൂഷക്കു ദുഷ്പേരു വരുത്താവുന്ന ഇടർച്ചക്കുള്ള ഏതൊരു കാര്യത്തിനും എതിരെ ജാഗ്രത പാലിക്കാൻ അദ്ദേഹം അവരോടു പറഞ്ഞു. (2 കൊരിന്ത്യർ 4:1–6:3) പൗലോസ് തനിക്ക് ആത്മീയ സന്താനങ്ങളെ പോലെയായിരുന്ന കൊരിന്തിലെ സഹോദരങ്ങളെ അവരുടെ സ്നേഹവാത്സല്യങ്ങളിൽ വിശാലരാകാൻ നേരിട്ടു പ്രോത്സാഹിപ്പിച്ചു. (2 കൊരിന്ത്യർ 6:13) അതിനുശേഷം അദ്ദേഹം ഇപ്രകാരം ആഹ്വാനം ചെയ്തു: “അവിശ്വാസികളുമായി ഇണയില്ലാപ്പിണ കൂടരുത്.” (NW) ആ ആശയത്തിന് അടിവരയിടാൻ അദ്ദേഹം ആലങ്കാരിക വൈരുദ്ധ്യങ്ങളുടെ ഒരു പരമ്പരതന്നെ ഉപയോഗിച്ചു.
പൗലോസ് ബിസിനസോ തൊഴിലോ പോലുള്ള ഏതെങ്കിലും പ്രത്യേക ജീവിതമണ്ഡലത്തെ കേന്ദ്രീകരിക്കുകയും ആ കാര്യത്തിൽ ഒരു ഔപചാരിക നിയമം വെക്കുകയും അല്ലായിരുന്നുവെന്നു സന്ദർഭം പ്രകടമാക്കുന്നു. അതിനു പകരം, അദ്ദേഹം വാത്സല്യപൂർവം സ്നേഹിച്ച സഹോദരങ്ങൾക്കു വിശാലവും ന്യായയുക്തവും സഹായകരവും ആയ ബുദ്ധ്യുപദേശം നൽകുകയായിരുന്നു.
ഉദാഹരണത്തിന്, ഈ ബുദ്ധ്യുപദേശം വിവാഹത്തിൽ തത്പരനായിരിക്കുന്ന ഒരു ക്രിസ്ത്യാനിയുടെ കാര്യത്തിൽ ബാധകമാകുമോ? തീർച്ചയായും ബാധകമാണ്. അദ്ദേഹത്തിന്റെ ആദ്യലേഖനത്തിൽ വിവാഹിതരാകാൻ ആഗ്രഹിച്ച കൊരിന്ത്യരെ “കർത്താവിൽ . . . മാത്രമേ” വിവാഹിതരാകാവൂ എന്ന് അദ്ദേഹം ബുദ്ധ്യുപദേശിച്ചു. (1 കൊരിന്ത്യർ 7:39) അദ്ദേഹം ആ വാക്കുകളുടെ ജ്ഞാനത്തെ പിന്നീട് 2 കൊരിന്ത്യർ 6:14-18-ൽ പ്രസ്താവിച്ചിരിക്കുന്ന വാക്കുകൾകൊണ്ട് ഊന്നിപ്പറഞ്ഞു. യഹോവയുടെ ഒരു ദാസനും ക്രിസ്തുവിന്റെ ഒരു ശിഷ്യനും അല്ലാത്ത ഒരുവനെ വിവാഹം ചെയ്യാൻ ആലോചിക്കുന്ന ഒരു ക്രിസ്ത്യാനി അവിശ്വാസിയുമായി ബന്ധപ്പെടുന്നതിനെപ്പററിയാണു ചിന്തിക്കുന്നത്. (ലേവ്യപുസ്തകം 19:19; ആവർത്തനപുസ്തകം 22:10 എന്നിവ താരതമ്യപ്പെടുത്തുക.) വ്യക്തമായും, അടിസ്ഥാനപരമായ പൊരുത്തക്കേട് ആത്മീയമായവ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തും. ഉദാഹരണത്തിന്, അവിശ്വാസി ഇപ്പോഴോ ഭാവിയിലോ ഒരു വ്യാജ ദൈവത്തിന്റെ ആരാധന പിൻപററിയേക്കാം. പൗലോസ് ഇങ്ങനെ ന്യായവാദം ചെയ്തു: “ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്?”
എന്നിരുന്നാലും, അവിശ്വാസിയുമായി ബിസിനസ് തുടങ്ങുന്നതുപോലുള്ള ജീവിതത്തിന്റെ മററു മേഖലകളെ സംബന്ധിച്ചെന്ത്? ചില സന്ദർഭങ്ങളിൽ ഒരു വരുമാനമുണ്ടാക്കി കുടുംബം പുലർത്തുന്നതിന് ഒരു സഹക്രിസ്ത്യാനിയല്ലാത്ത ആരെങ്കിലുമായി ബിസിനസിൽ പ്രവേശിക്കേണ്ടത് ആവശ്യമാണെന്ന് ഒരു ക്രിസ്ത്യാനിക്കു തോന്നിയേക്കാം. (1 തിമൊഥെയൊസ് 5:8) കേവലം ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക:
ഏതെങ്കിലും ഒരു ചരക്കു വിൽക്കുന്നതിന്റെ ഒരു ബിസിനസ് ആരംഭിക്കാൻ ഒരു ക്രിസ്ത്യാനി ആഗ്രഹിച്ചേക്കാം, എന്നാൽ ഉൽപ്പന്നങ്ങളോ പണമോ കൈവശമുള്ള ഒരു മനുഷ്യനുമായി കൂട്ടുവ്യാപാരത്തിൽ ഏർപ്പെടുകയായിരിക്കും ഒരേയൊരു മാർഗം. മറെറാരു ക്രിസ്ത്യാനി കൃഷി ചെയ്യാൻ (അല്ലെങ്കിൽ ഒരുതരം കന്നുകാലി വളർത്തൽ നടത്താൻ) ആഗ്രഹിക്കുന്നു, എന്നാൽ സ്ഥലം ലഭ്യമല്ല. അപ്പോൾ ലാഭത്തിലെ ഒരു ഓഹരി വാങ്ങി സ്ഥലം പാട്ടത്തിനു നൽകാൻ മനസ്സുള്ള ആരെങ്കിലുമായി കൂട്ടുചേർന്ന് അദ്ദേഹത്തിന് അതു ചെയ്യേണ്ടിവന്നേക്കാം. ഒരുപക്ഷേ ഗവൺമെൻറ് ചുരുക്കം ചില ലൈസൻസുകൾ മാത്രം അനുവദിക്കുകയും അതെല്ലാം എടുത്തു തീരുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ മറെറാരു ക്രിസ്ത്യാനിക്കു പ്ലംബിംങ്ങ് ബിസിനസിലേക്കു കടന്നുവരാൻ കഴിയുന്നില്ല; ലൈസൻസുള്ള അവിശ്വാസിയായ ഒരു ബന്ധുവിനോടു ചേരുകയായിരിക്കും ഏക പോംവഴി.—മർക്കൊസ് 12:17.
ഇവയെല്ലാം കേവലം ദൃഷ്ടാന്തങ്ങൾ മാത്രം. നാം എല്ലാ സാധ്യതകളും വിവരിക്കാനോ അംഗീകാരത്തിന്റെയോ അംഗീകാരമില്ലായ്മയുടെയോ ഏതെങ്കിലും പ്രസ്താവന നടത്താനോ ശ്രമിക്കുന്നില്ല. എന്നാൽ ഈ ദൃഷ്ടാന്തങ്ങൾ മനസ്സിൽ പിടിക്കുമ്പോൾ 2 കൊരിന്ത്യർ 6:14-18-ലെ ബുദ്ധ്യുപദേശം എന്തുകൊണ്ട് അവഗണിക്കാൻ പാടില്ല എന്നു നിങ്ങൾക്കു കാണാനാകില്ലേ?
അവിശ്വാസിയുമായി ബിസിനസ് തുടങ്ങിയ ഒരു ക്രിസ്ത്യാനിക്ക്, അയാൾ ബന്ധുവായാലും അല്ലെങ്കിലും ശരി, അപ്രതീക്ഷിത പ്രശ്നങ്ങളും പ്രലോഭനങ്ങളും നേരിടാൻ നല്ല സാധ്യതയുണ്ട്. ഒരുപക്ഷേ ന്യായമായ ലാഭമുണ്ടാക്കാനുള്ള മാർഗം, ഗവൺമെൻറ് നിയമങ്ങൾ ലംഘിച്ചിട്ടാണെങ്കിൽപ്പോലും, വരുമാനം കുറച്ചു കാണിക്കുകയോ വേണ്ടത്ര രേഖയില്ലാതെ ജോലിക്കാരെ നിയമിക്കുകയോ ആണെന്നു പങ്കാളി നിഗമനം ചെയ്തേക്കാം. ഔദ്യോഗിക ഇൻവോയ്സിൽ പെടുത്താതെ സാധനങ്ങൾ ലഭിക്കുന്നതിന് അവ എത്തിച്ചു തരുന്നയാൾക്കു രഹസ്യമായി കൈമടക്കു കൊടുക്കാൻ അദ്ദേഹം സന്തോഷമുള്ളവനായിരിക്കാം. ഒരു ക്രിസ്ത്യാനിക്ക് അതിലോ സമാനമായ സത്യസന്ധതയില്ലായ്മയിലോ എന്തെങ്കിലും പങ്കാകാമോ? നികുതിയോടു ബന്ധപ്പെട്ട കടലാസ്സുകളിലോ തങ്ങൾ എപ്രകാരം ബിസിനസ് നടത്തിക്കൊണ്ടുപോകുന്നു എന്നതു സംബന്ധിച്ച നിയമപരമായ മററു രേഖകളിലോ രണ്ടുപേരും ഒപ്പിടേണ്ടിവരുമ്പോൾ ക്രിസ്ത്യാനി എന്തു ചെയ്യും?—പുറപ്പാടു 23:1; റോമർ 13:1, 7.
അല്ലെങ്കിൽ പുറജാതീയ വിശേഷദിവസങ്ങളോടു ബന്ധപ്പെട്ട സാധനങ്ങൾ ശേഖരിച്ചു വെക്കാനും കമ്പനിയുടെ പേരിൽ ആശംസാകാർഡുകൾ അയയ്ക്കാനും മതപരമായ വിശേഷദിവസങ്ങൾക്കുവേണ്ടി ബിസിനസ് സ്ഥലം അലങ്കരിക്കാനും അവിശ്വാസിയായ ബിസിനസ് പങ്കാളി ആഗ്രഹിച്ചേക്കാം. പൗലോസ് ഇങ്ങനെ ചോദിച്ചു: “ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? എന്തുകൊണ്ടെന്നാൽ നാം ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്.” (NW) ഈ അഭിപ്രായപ്രകടനം എത്ര ഉചിതമാണ്: “‘“അതുകൊണ്ട് അവരുടെ ഇടയിൽനിന്നു പുറപ്പെട്ടു വേർപെട്ടിരിപ്പിൻ,” എന്നു യഹോവ പറയുന്നു, “അശുദ്ധമായതിനെ തൊടുന്നതു നിർത്തുക”’, ‘“എന്നാൽ ഞാൻ നിങ്ങളെ സ്വീകരിക്കും”’”! (2 കൊരിന്ത്യർ 6:16, 17, NW) ആ ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശം ബാധകമാക്കുന്നതിന് അനേകം ക്രിസ്ത്യാനികൾ ഏററവും കുറഞ്ഞ പ്രശ്നസാധ്യതയുള്ളതരം ലൗകിക ജോലികൾ തിരഞ്ഞെടുത്തിരിക്കുന്നു.—എബ്രായർ 13:5, 6, 18.
ക്രിസ്ത്യാനികൾ, ബിസിനസിലെ തൊഴിലാളികളായാലും ഉടമസ്ഥരായാലും, അവരുടെ ലൗകിക ജോലിയിൽ ചെയ്യുന്നതെല്ലാം സസൂക്ഷ്മം നിരീക്ഷിക്കാനോ അന്വേഷിക്കാനോ സഭയോടു കൽപ്പിച്ചിട്ടില്ല. തീർച്ചയായും, വ്യാജാരാധനയോ ഏതെങ്കിലും തരത്തിലുള്ള കള്ളമോ മോഷണമോ പുരോഗമിപ്പിക്കുന്നതു പോലുള്ള ദുഷ്പ്രവൃത്തിക്ക് ഒരു ക്രിസ്ത്യാനി പങ്കാളിയാണെന്ന് അറിഞ്ഞാൽ യഹോവയുടെ നിലവാരങ്ങൾ ഉയർത്തിപ്പിടിക്കാൻ സഭയ്ക്കു നിശ്ചയമായും നടപടികൾ സ്വീകരിക്കേണ്ടിവരും.
എന്നിരുന്നാലും “അവിശ്വാസികളുമായി ഇണയില്ലാപ്പിണ കൂടരുത്” എന്ന പൗലോസിന്റെ നിശ്വസ്ത ബുദ്ധ്യുപദേശത്തിനു പ്രശ്നങ്ങളും ആവശ്യമായിവരുന്ന ഏതെങ്കിലും നീതിന്യായ നടപടിയും ഒഴിവാക്കാൻ ക്രിസ്ത്യാനികളെ സഹായിക്കാൻ കഴിയുമെന്നതാണു മുഖ്യാശയം. ജ്ഞാനികളായ ക്രിസ്ത്യാനികൾ ആ ബുദ്ധ്യുപദേശം ഗൗരവമായി എടുക്കുകയും തങ്ങൾ ബൈബിൾതത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കൂടുതലായ സമ്മർദത്തിൻകീഴിലാകുന്ന സാഹചര്യങ്ങളിൽ പ്രവേശിക്കാൻ തീരുമാനിക്കാതിരിക്കുകയും ചെയ്യും. ഒരു അവിശ്വാസിയുമായി ബിസിനസ് തുടങ്ങണമെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ, തന്റെ തീരുമാനത്തിന്റെ ഉത്തരവാദിത്വം അദ്ദേഹം തന്നെ പേറേണ്ടിവരുമെന്നു തിരിച്ചറിഞ്ഞുകൊണ്ടു മററുള്ളവർ ഉടൻതന്നെ അദ്ദേഹത്തെ വിധിക്കുകയോ വിമർശിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. അടിസ്ഥാനപരമായി, പൗലോസ് അവിശ്വാസികളുമായി ബിസിനസ് തുടങ്ങുന്നതിനെതിരെ ഔപചാരികവും നടപ്പിലാക്കേണ്ടുന്നതും ആയ ഒരു നിയമം വെക്കുകയായിരുന്നില്ല. എന്നാലും അദ്ദേഹത്തിന്റെ ബുദ്ധ്യുപദേശം അവഗണിക്കപ്പെടരുത്. ദൈവം ആ ബുദ്ധ്യുപദേശത്തെ നിശ്വസ്തമാക്കിയതും ബൈബിളിൽ രേഖപ്പെടുത്താൻ ഇടയാക്കിയതും നമ്മുടെ പ്രയോജനത്തിനാണ്. അതു ചെവിക്കൊള്ളുന്നെങ്കിൽ നാം ജ്ഞാനികളാണ്.