അടിയന്തിരതാബോധത്തോടെ സേവിക്കൽ
ഹാൻസ് ഫാൻ ഫ്യൂറെ പറഞ്ഞ പ്രകാരം
ആയിരത്തിത്തൊള്ളായിരത്തറുപത്തിരണ്ടിലെ ഒരു പ്രഭാതം. നെതർലൻഡ്സിലെ വാച്ച് ടവർ സൊസൈററിയുടെ ബ്രാഞ്ച് ഓവർസിയറായ പോൾ കുശ്നിർ റോട്ടർഡാം തുറമുഖ ഡിസ്ട്രിക്ററിൽവെച്ച് എന്നെ കണ്ടുമുട്ടുന്നു. കോഫിഹൗസിനുള്ളിലെ അരണ്ട വെളിച്ചത്തിൽ മേശയ്ക്കപ്പുറം ഇരുന്ന് എന്നെ നോക്കിക്കൊണ്ട് അദ്ദേഹം ചോദിച്ചു: “ഹാൻസ്, താങ്കൾ ഈ നിയമനം സ്വീകരിച്ചാൽ താങ്കൾക്കും ഭാര്യക്കും അങ്ങോട്ടു പോകാനുള്ള ടിക്കററു മാത്രമേ ലഭിക്കയുള്ളുവെന്നതു താങ്കൾക്കറിയാമോ?”
“അറിയാം, സൂസിയും അതിനോടു യോജിക്കുമെന്ന് എനിക്കു നല്ല ഉറപ്പുണ്ട്.”
“കൊള്ളാം, സൂസിയുമായി ഇക്കാര്യം സംസാരിച്ചോളൂ. നിങ്ങളുടെ തീരുമാനം എത്ര വേഗം എന്നെ അറിയിക്കുന്നുവോ അത്രയും നന്ന്.”
“പോകാൻ ഞങ്ങൾ തയ്യാറാണ്” എന്ന ഞങ്ങളുടെ മറുപടി അദ്ദേഹത്തിനു പിറേറന്നു രാവിലെതന്നെ ലഭിച്ചു. അങ്ങനെ 1962 ഡിസംബർ 26-ന് മഞ്ഞുമൂടിയ സ്കീപോൾ വിമാനത്താവളത്തിൽവെച്ചു ബന്ധുമിത്രാദികളെ കെട്ടിപ്പുണർന്നു യാത്ര പറഞ്ഞ ഞങ്ങൾ (ഇപ്പോൾ ഇൻഡോനേഷ്യയിലെ വെസ്ററ് ഇരീയൻ എന്നറിയപ്പെടുന്ന) പാപ്പുവക്കാരുടെ നാടായ നെതർലൻഡ്സ് ന്യൂ ഗിനിയയിലേക്കു പറന്നകന്നു. ഇത്, മുമ്പു മിഷനറിമാരാരും വന്നിറങ്ങിയിട്ടില്ലാത്ത ഒരു കന്നിപ്രദേശമായിരുന്നു.
ഈ വെല്ലുവിളിനിറഞ്ഞ നിയമനം സ്വീകരിക്കുന്നതിനു ഞങ്ങൾക്കു സംശയങ്ങൾ ഉണ്ടായിരുന്നോ? തീർച്ചയായും ഇല്ലായിരുന്നു. ദൈവഹിതം ചെയ്യുന്നതിനു ഞങ്ങളുടെ ജീവിതം ഞങ്ങൾ മുഴുഹൃദയത്തോടെ സമർപ്പിച്ചിരുന്നു, അവിടുന്നു ഞങ്ങളെ പിന്തുണക്കുമെന്നു ഞങ്ങൾ ഉറപ്പായി വിശ്വസിച്ചു. പിന്തിരിഞ്ഞു നോക്കുമ്പോൾ യഹോവയിലുള്ള ഞങ്ങളുടെ ആത്മവിശ്വാസം ഒരിക്കലും അസ്ഥാനത്തായിരുന്നില്ലെന്നു ഞങ്ങൾക്കു കാണാൻ കഴിയുന്നുണ്ട്. ഇൻഡോനേഷ്യയിൽ എന്തു സംഭവിച്ചു എന്നു വിശദീകരിക്കുന്നതിനു മുമ്പു ഞങ്ങളുടെ മുൻകാല ജീവിതത്തെക്കുറിച്ചു ഞാൻ അല്പം പറയട്ടെ.
യുദ്ധകാല പരിശീലനം
ആർതർ വിംഗ്ലർ എന്ന ധീരനായ സാക്ഷി ഞങ്ങളുടെ കുടുംബത്തെ 1940-ൽ സന്ദർശിച്ചപ്പോൾ എനിക്കന്നു പത്തു വയസ്സേ ഉണ്ടായിരുന്നുള്ളൂ. ക്രൈസ്തവലോകത്തിന്റെ വ്യാജോപദേശങ്ങളെ സംബന്ധിച്ചു ബൈബിളിനു പറയാനുള്ളത് എന്തെന്നു മനസ്സിലാക്കിയപ്പോൾ എന്റെ മാതാപിതാക്കൾ നടുങ്ങിപ്പോയി. നെതർലൻഡ്സ് അന്നു നാസി ജർമനിയുടെ കീഴിലായിരുന്നു, യഹോവയുടെ സാക്ഷികളാകട്ടെ നാസികൾ വേട്ടയാടിയിരുന്നവരും. നിരോധിക്കപ്പെട്ട ഒരു സംഘടനയുടെ സഹകാരികളായിത്തീരണമോ എന്ന് എന്റെ മാതാപിതാക്കൾക്കു തീരുമാനിക്കേണ്ടിയിരുന്നു. എന്നാൽ അവർ അങ്ങനെതന്നെ തീരുമാനിച്ചു.
സ്വാതന്ത്ര്യവും എന്തിന്, ജീവൻ പോലും പണയപ്പെടുത്തിക്കൊണ്ട് എന്റെ അമ്മ കാണിച്ച ധൈര്യവും മനസ്സൊരുക്കവും എന്നിൽ മതിപ്പുളവാക്കി. ഒരിക്കൽ അവർ സൈക്കിളിൽ 11 കിലോമീററർ സഞ്ചരിച്ച് ഒരു ബാഗ് നിറയെ ബൈബിൾലഘുലേഖകളുമായി ഇരുട്ടിന്റെ മറവിൽ കാത്തുനിന്നു. ഒരു പ്രത്യേക വേലക്കുള്ള നിർദിഷ്ട സമയമായപ്പോൾ അവർ തനിക്കാവുന്നത്ര വേഗത്തിൽ സൈക്കിൾ ചവുട്ടിക്കൊണ്ടു ബാഗിൽനിന്നു ക്രമമായി ലഘുലേഖകളെടുത്തു തെരുവിൽ വിതറി. ഒരാൾ അവരെ സൈക്കിളിൽ പിന്തുടർന്നുവന്ന് അവർക്കു മുന്നിലെത്തി കിതച്ചുകൊണ്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഹേയ്, ശ്രീമതി, നിങ്ങളുടെ കയ്യിൽനിന്ന് എന്തോ താഴെവീഴുന്നു!” അമ്മ ഈ സംഭവം ഞങ്ങളോടു പറഞ്ഞപ്പോൾ ഞങ്ങൾക്കു ചിരിയടക്കാൻ കഴിഞ്ഞില്ല.
ഞാൻ നന്നേ ചെറുപ്പമായിരുന്നെങ്കിലും എന്റെ ജീവിതംകൊണ്ട് എന്താണു ചെയ്യേണ്ടതെന്ന് എനിക്ക് അറിയാമായിരുന്നു. ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിരണ്ടിന്റെ മധ്യത്തിൽ ഞങ്ങളുടെ യോഗങ്ങളിലൊന്നിൽ പരിപാടി നിർവഹിച്ചയാൾ ചോദിച്ചു, “അടുത്തപ്രാവശ്യം സ്നാപനമേൽക്കാൻ ആഗ്രഹിക്കുന്നതാരെല്ലാമാണ്?” ഞാൻ എന്റെ കൈ ഉയർത്തി. അത്തരം ഒരു തീരുമാനത്തിന്റെ പ്രാധാന്യം ഞാൻ മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയിച്ചുകൊണ്ട് എന്റെ മാതാപിതാക്കൾ തെല്ല് അമ്പരപ്പോടെ പരസ്പരം നോക്കി. എന്നാൽ എനിക്കു 12 വയസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും ദൈവത്തിനുള്ള സമർപ്പണത്തിന്റെ അർഥം എന്തെന്നു ഞാൻ മനസ്സിലാക്കിയിരുന്നു.
ഞങ്ങളെ തെരയുന്ന നാസികളുണ്ടായിരുന്നതിനാൽ വീടുതോറുമുള്ള സാക്ഷീകരണവേലയിൽ ജാഗ്രത ആവശ്യമായിരുന്നു. നാസികൾക്കു ഞങ്ങളെ ഒററിക്കൊടുക്കാൻ സാധ്യതയുള്ളവരുടെ വീടുകൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ ഞാൻ ചെയ്തത് ഇതായിരുന്നു, നാസി അനുഭാവികൾ തങ്ങളുടെ ജനാലകളിൻമേൽ പോസ്റററുകൾ ഒട്ടിക്കുന്ന ദിവസങ്ങളിൽ ഞാൻ സൈക്കിളിൽ ചുററിക്കറങ്ങി അവരുടെ അഡ്രസ്സ് കുറിച്ചെടുക്കുമായിരുന്നു. ഇതു ശ്രദ്ധിച്ച ഒരാൾ ഒരിക്കൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “കൊള്ളാം കുഞ്ഞേ. എഴുതിക്കോളൂ—അവരുടെയെല്ലാം അഡ്രസ്സ് എഴുതിക്കോളൂ!” എനിക്ക് ആവേശമുണ്ടായിരുന്നെങ്കിലും വേണ്ടത്ര ജാഗ്രതയില്ലാതെപോയി! 1945-ൽ യുദ്ധം അവസാനിച്ചപ്പോൾ പ്രസംഗിക്കാൻ കൂടുതലായ സ്വാതന്ത്ര്യം ലഭിക്കുമെന്ന പ്രത്യാശയിൽ ഞങ്ങൾ ആഹ്ലാദംകൊണ്ടു.
ഒരു ജീവിതവൃത്തിയുടെ ആരംഭം
എന്റെ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞിരിക്കെ 1948 നവംബർ 1-നായിരുന്നു എനിക്കു പയനിയർ എന്നനിലയിലുള്ള മുഴുസമയ പ്രസംഗനിയമനം ആദ്യമായി ലഭിച്ചത്. ഒരു മാസം കഴിഞ്ഞ് വിംഗ്ലർ സഹോദരൻ ഞാൻ കൂടെ താമസിച്ചിരുന്ന കുടുംബത്തെ സന്ദർശിച്ചു. എന്നെ അദ്ദേഹം നന്നായി വിലയിരുത്തിയിരിക്കണം, കാരണം അതുകഴിഞ്ഞയുടനെയായിരുന്നു എന്നെ സൊസൈററിയുടെ ആംസ്ററർഡാം ബ്രാഞ്ചിൽ സേവിക്കാൻ ക്ഷണിച്ചത്.
പിന്നീട്, സർക്കിട്ടു മേൽവിചാരകനായി യഹോവയുടെ സാക്ഷികളുടെ സഭകൾ സന്ദർശിക്കാൻ എന്നോട് ആവശ്യപ്പെട്ടു. അങ്ങനെയിരിക്കെയാണ് 1952-ൽ മിഷനറി പരിശീലനത്തിനു ന്യൂയോർക്കിലെ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 21-ാമത്തെ ക്ലാസ്സിൽ പങ്കുകൊള്ളാനുള്ള ക്ഷണം എനിക്കു ലഭിക്കുന്നത്. അങ്ങനെ 1952 അവസാനിക്കാറായപ്പോഴേക്കും നെതർലൻഡ്സിൽനിന്നുള്ള ഞങ്ങൾ എട്ടു പേർ ന്യൂ ആംസ്ററർഡാം എന്ന കപ്പലിൽ അമേരിക്കയിലേക്കു യാത്രയായി.
സ്കൂൾ കോഴ്സിന്റെ അവസാനമായപ്പോൾ ഇൻസ്ട്രക്ററർമാരിൽ ഒരാളായ മാക്സ്വെൽ ഫ്രണ്ട് പറഞ്ഞു: “ഇവിടെ നിങ്ങൾ പഠിച്ച മിക്ക കാര്യങ്ങളും നിങ്ങൾ മറക്കും, എന്നാൽ മൂന്നു സംഗതികൾ നിങ്ങളോടൊപ്പം നിലനിൽക്കുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു: വിശ്വാസം, പ്രത്യാശ, സ്നേഹം.” മറെറാന്നുകൂടി എന്റെ മനസ്സിലും ഹൃദയത്തിലും പതിഞ്ഞിരുന്നു, അടിയന്തിരതയോടെ ജോലി ചെയ്യുന്ന യഹോവയുടെ സ്ഥാപനത്തെക്കുറിച്ചുള്ള അമൂല്യ സ്മരണകൾ.
അതുകഴിഞ്ഞ് ഒരു വലിയ നിരാശയായിരുന്നു എനിക്ക് അനുഭവപ്പെട്ടത്. ഞങ്ങളുടെ ഡച്ചുഗ്രൂപ്പിൽ ഞാനുൾപ്പെടെയുള്ള പകുതി പേർക്കു നിയമനം ലഭിച്ചത് തിരികെ നെതർലൻഡ്സിലേക്കായിരുന്നു. നിരാശനായിരുന്നെങ്കിലും ഞാൻ വിഷണ്ണനായില്ല. പുരാതന നാളിലെ മോശയെപ്പോലെ ഒരു വിദേശനിയമനം ലഭിക്കുന്നതിന് എനിക്കു 40 വർഷം കാത്തിരിക്കേണ്ടിവരില്ല എന്നു മാത്രം ഞാൻ പ്രത്യാശിച്ചു.—പ്രവൃത്തികൾ 7:23-30.
ഒരു അമൂല്യ സഹായി
വിവാഹിതനാകാനുള്ള എന്റെ പരിപാടിയെക്കുറിച്ചറിഞ്ഞ, ഞാൻ പിതാവിനെപ്പോലെ കരുതിയിരുന്ന എന്റെ സുഹൃത്തായ ഫ്രിററ്സ് ഹാർററ്സാൻ സ്വകാര്യമായിപ്പറഞ്ഞു: “ഇതിലേറെ മെച്ചപ്പെട്ട ഒരാൾ ഉണ്ടെന്ന് എനിക്കു തോന്നുന്നില്ല.” സൂസിയുടെ പിതാവായ കെയ്സി സ്ററൂഫാ രണ്ടാം ലോകമഹായുദ്ധത്തിൽ നാസികൾക്കെതിരെയുള്ള ചെറുത്തുനിൽപ്പിൽ ഒരു മുന്നണി പോരാളിയായിരുന്നു. എന്നിട്ടോ, 1946-ൽ സാക്ഷികൾ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ഒരു മടിയും കൂടാതെ അദ്ദേഹം ബൈബിൾ സത്യങ്ങൾ സ്വീകരിച്ചു. താമസിയാതെ അദ്ദേഹവും ആറു കുട്ടികളിൽ മൂന്നു പേരും—സൂസി, മരിയൻ, കെന്നത്ത്—സ്നാപനമേററു. ഈ കുട്ടികളെല്ലാവരുംതന്നെ 1947 മേയ് 1-നു പയനിയർമാരായി മുഴുസമയ ശുശ്രൂഷ ആരംഭിച്ചു. 1948-ൽ ബിസിനസ് നിർത്തിയിട്ട് കെയ്സിയും പയനിയറിങ് തുടങ്ങി. “എന്റെ ജീവിതത്തിലെ ഏററവും സന്തോഷനിർഭരമായ കാലം ആ വർഷങ്ങളായിരുന്നു!” എന്നായിരുന്നു പിന്നീട് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഞാൻ സൂസിയുമായി പരിചയപ്പെടുന്നത് 1949-ൽ ആയിരുന്നു. ആംസ്ററർഡാം ബ്രാഞ്ചാഫീസിൽ ജോലി ചെയ്യാൻ അവൾ ക്ഷണിക്കപ്പെട്ടത് ആ വർഷമായിരുന്നു. പക്ഷേ, അടുത്ത വർഷം അവളും അവളുടെ സഹോദരി മരിയനും 16-ാമത്തെ ഗിലെയാദ് ക്ലാസ്സിൽ പങ്കുകൊള്ളാൻ പോയി, അവരുടെ മിഷനറി നിയമനപ്രദേശമായ ഇൻഡോനേഷ്യയിലേക്കു കപ്പൽ കയറുകയും ചെയ്തു. അവിടെ അഞ്ചു വർഷത്തെ സേവനത്തിനുശേഷം 1957 ഫെബ്രുവരിയിൽ നെതർലൻഡ്സിലേക്കു തിരിച്ചുവന്ന അവളെ ഞാൻ വിവാഹം ചെയ്തു. ആ സമയത്തു ഞാൻ സർക്കിട്ടു മേൽവിചാരകനായി സേവിക്കുകയായിരുന്നു, ഞങ്ങളുടെ വിവാഹജീവിതത്തിലുടനീളം അവൾ രാജ്യശുശ്രൂഷയ്ക്കുവേണ്ടി വ്യക്തിപരമായ ത്യാഗങ്ങൾ സഹിക്കാൻ പലതവണ മനസ്സൊരുക്കം പ്രകടമാക്കിയിട്ടുണ്ട്.
വിവാഹത്തിനുശേഷം ഞങ്ങൾ നെതർലൻഡ്സിന്റെ വ്യത്യസ്തഭാഗങ്ങളിലുള്ള സഭകൾ സന്ദർശിക്കുന്നതിൽ തുടർന്നുപോന്നു. പ്രയാസമേറിയ നിയമനങ്ങളിൽ വർഷങ്ങളോളം മിഷനറി വേലചെയ്ത സൂസിയുടെ അനുഭവപരിചയം ഒരു സഭയിൽനിന്ന് അടുത്തതിലേക്കുള്ള ഞങ്ങളുടെ സൈക്കിൾ യാത്രയ്ക്ക് അവളെ നന്നായി ഒരുക്കിയിരുന്നു. 1962-ൽ സർക്കിട്ടു വേലയിലായിരുന്ന സമയത്തായിരുന്നു കുശ്നിർ സഹോദരൻ റോട്ടർഡാമിൽവെച്ചു ഞങ്ങളെ ഇൻഡോനേഷ്യയിലെ വെസ്ററ് ഇരീയനിലേക്കു വരാൻ ക്ഷണിച്ചത്.
ഇൻഡോനേഷ്യയിലെ മിഷനറി സേവനം
ഞങ്ങൾ മനോക്വാരി എന്ന പട്ടണത്തിൽ എത്തിച്ചേർന്നു, അതു തികച്ചും വ്യത്യസ്തമായ ഒരു ലോകമായിരുന്നു! ഉഷ്ണമേഖലാ രാത്രികളുടെ ഭീകരശബ്ദങ്ങളും ചൂടും പൊടിപടലവുമൊക്കെ അവിടെ സാധാരണമായിരുന്നു. കൂടാതെ ഉൾനാടുകളിൽ കൗപീനം മാത്രം ധരിച്ച പാപ്പുവക്കാരുമുണ്ടായിരുന്നു. കരിമ്പു മുറിക്കുന്ന വലിയ കത്തി കൂടെക്കൊണ്ടുനടക്കുന്ന അവർ ഞങ്ങൾക്കു തൊട്ടു പിന്നാലെ നടക്കാൻ ഇഷ്ടപ്പെട്ടിരുന്നു, ഞങ്ങളുടെ വെളുത്ത തൊലിയിൽ തൊട്ടുനോക്കാനും അവർ ശ്രമിക്കുമായിരുന്നു. ഇതെല്ലാമായി ഇണങ്ങിവരുക അത്ര എളുപ്പമായിരുന്നില്ല.
ഞങ്ങൾ എത്തി ആഴ്ചകൾക്കുള്ളിൽ പള്ളിയുടെ പ്രസംഗപീഠത്തിൽനിന്നു പുരോഹിതൻമാർ യഹോവയുടെ സാക്ഷികൾക്കെതിരെയുള്ള മുന്നറിയിപ്പിൻ കത്തുകൾ വായിച്ചുകേൾപ്പിക്കുകയും സന്നിഹിതരായിരുന്നവർക്കെല്ലാം ഓരോ കോപ്പി കൊടുക്കുകയും ചെയ്തു. പ്രാദേശിക റേഡിയോനിലയം കത്തിന്റെ പ്രക്ഷേപണവും നിർവഹിച്ചു. തുടർന്ന് മൂന്നു പുരോഹിതർ ഞങ്ങളെ സമീപിച്ച്, ഉൾനാടുകളിൽ പോയി “പുറജാതികൾ” എന്ന് അവർ പരാമർശിച്ചവരുടെ ഇടയിൽ വേല ചെയ്യാൻ ആവശ്യപ്പെട്ടു. ഞങ്ങളോട് അവിടംവിട്ടു പോകാൻ ഒരു ഉന്നത പാപ്പുവൻ പൊലീസ് ഓഫീസറും ആവശ്യപ്പെട്ടു. ഞങ്ങളെ വധിക്കാൻ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നു രഹസ്യപ്പൊലീസ് സേനയിലെ ഒരംഗം ഞങ്ങളെ അറിയിക്കുകയും ചെയ്തു.
എങ്കിലും, എല്ലാവരും ഞങ്ങളെ എതിർത്തില്ല. പാപ്പുവക്കാരുടെ ഒരു രാഷ്ട്രീയോപദേഷ്ടാവായിരുന്ന ഒരു ഡച്ച് പൗരൻ നെതർലൻഡ്സിലേക്കു തിരിച്ചു പോകുന്നതിനു മുമ്പു ഞങ്ങളെ അനേകം പാപ്പുവൻ നേതാക്കൾക്കു പരിചയപ്പെടുത്തി. “യഹോവയുടെ സാക്ഷികൾ നിങ്ങൾ അറിഞ്ഞിട്ടുള്ളതിനെക്കാൾ മെച്ചപ്പെട്ടതരം ക്രിസ്തീയ മതത്തെ ആനയിക്കും” എന്ന് അദ്ദേഹം അവരോടു പറഞ്ഞു. “അതുകൊണ്ട് നിങ്ങൾ അവരെ സ്വാഗതം ചെയ്യണം.”
പിന്നീട്, തെരുവിൽവെച്ച് ഒരു ഗവൺമെൻറ് ഉദ്യോഗസ്ഥൻ സൂസിയെ സമീപിച്ച് ഇങ്ങനെ മന്ത്രിച്ചു: “നിങ്ങൾ ഇവിടെ ഒരു പുതിയ വേല ആരംഭിച്ചിരിക്കുന്നതായി ഞങ്ങൾക്കു വിവരം ലഭിച്ചിരിക്കുന്നു, അതുകൊണ്ട് നിങ്ങൾ ഇവിടെ താമസിക്കുന്നതു ഞങ്ങൾക്ക് അനുവദിക്കാൻ കഴിയില്ല. എന്നാൽ ഒരു കാര്യം, നിങ്ങൾക്ക് ഒരു പള്ളിയുണ്ടെങ്കിൽ . . .” അത് ഒരു സൂചനയായിരുന്നു! പെട്ടെന്നുതന്നെ ഞങ്ങളുടെ വീടിന്റെ മതിലുകൾ പുനഃക്രമീകരിച്ചു, ബെഞ്ചുകൾ നിരത്തി, പ്രസംഗപീഠം സ്ഥാപിച്ചു, “രാജ്യഹാൾ” എന്നെഴുതി ഒരു ബോർഡും തൂക്കി. എന്നിട്ടു ഞങ്ങൾ ആ ഉദ്യോഗസ്ഥനെ ഒരു സന്ദർശനത്തിനു ക്ഷണിച്ചു. സമ്മതസൂചകമായി തലയാട്ടി ചിരിച്ച അദ്ദേഹം ചൂണ്ടുവിരൽകൊണ്ടു തന്റെ ശിരസ്സിൽ മെല്ലെ തട്ടി, ‘നിങ്ങൾ ആളു കൊള്ളാമല്ലോ’ എന്നു പറയാൻ ഭാവിച്ചപോലെ.
ഞങ്ങൾ എത്തിച്ചേർന്ന് ഒന്നര വർഷം കഴിഞ്ഞപ്പോൾ, അതായത് 1964 ജൂൺ 26-നു ഞങ്ങളുടെ ബൈബിൾ വിദ്യാർഥികളിൽ ആദ്യത്തെ 12 പാപ്പുവക്കാർ സ്നാപനമേററു. താമസിയാതെ 10 പേർകൂടെ സ്നാപനമേററു, ഞങ്ങളുടെ യോഗഹാജരിന്റെ ശരാശരി 40 ആയി. ഞങ്ങളെ സഹായിക്കാൻ ഇൻഡോനേഷ്യക്കാരായ രണ്ടു പയനിയർമാരെ സൊസൈററി അയച്ചുതന്നു. മനോക്വാരിയിലെ സഭയുടെ അടിത്തറ ഭദ്രമായപ്പോൾ സൊസൈററിയുടെ ഇൻഡോനേഷ്യൻ ബ്രാഞ്ച് 1964 ഡിസംബറിൽ മറെറാരു പ്രസംഗനിയമനം ഞങ്ങൾക്ക് ഏൽപ്പിച്ചുതന്നു.
ഞങ്ങൾ പുറപ്പെടുംമുമ്പു ഗവൺമെൻറിന്റെ പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെൻറിന്റെ തലവൻ ഞങ്ങളെ സ്വകാര്യമായി വിളിച്ചു പറഞ്ഞു: “നിങ്ങൾ ഇവിടെനിന്നു പോകുന്നതിൽ എനിക്കു ദുഃഖമുണ്ട്. അവരുടെ ഫലങ്ങളെ തട്ടിയെടുക്കുന്നു എന്നു പറഞ്ഞുകൊണ്ടു നിങ്ങളെ ഇവിടെനിന്ന് ആട്ടിയോടിക്കാൻ പുരോഹിതർ എന്നോട് ഓരോ ആഴ്ചയും കേണപേക്ഷിക്കുമായിരുന്നു. പക്ഷേ ഞാൻ അവരോടു പറഞ്ഞു: ‘അങ്ങനെയല്ല, വാസ്തവത്തിൽ അവർ ചെയ്യുന്നതു നിങ്ങളുടെ വൃക്ഷങ്ങൾക്കു വളംവെക്കുകയാണ്.’” എന്നിട്ട് അദ്ദേഹം ഇതുകൂടി പറഞ്ഞു: “എവിടെ പോയാലും ശരി, നിങ്ങൾ പോരാടിക്കൊണ്ടിരിക്കണം. നിങ്ങൾക്കു വിജയമുണ്ടാകും!”
ഒരു അട്ടിമറിശ്രമത്തിനു നടുവിൽ
1965-ലെ ഒരു രാത്രി, ഞങ്ങൾ തലസ്ഥാനമായ ജക്കാർത്തയിൽ സേവിച്ചുകൊണ്ടിരിക്കുമ്പോൾ കമ്യൂണിസ്ററ് വിപ്ലവകാരികൾ അനേകം സൈനിക നേതാക്കൻമാരെ വധിച്ച് ജക്കാർത്തയെ അഗ്നിക്കിരയാക്കി. അതേത്തുടർന്ന് ആരംഭിച്ച ദേശവ്യാപക പോരാട്ടത്തിൽ ഒടുവിൽ രാഷ്ട്രത്തിന്റെ പ്രസിഡൻറ്, സുകർണോ, മറിച്ചിടപ്പെട്ടു. ഏതാണ്ട് 4,00,000 പേർക്ക് ജീവനും നഷ്ടമായി!
ഒരിക്കൽ ഞങ്ങൾ പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കുമ്പോൾ അടുത്ത തെരുവിൽ വെടിവെയ്പും തീവെയ്പും നടക്കുകയായിരുന്നു. പിറെറ ദിവസം, അടുത്തുള്ള ഒരു കമ്യൂണിസ്ററ് താവളം സൈന്യം നശിപ്പിക്കും എന്നു ഞങ്ങൾ കേട്ടു. ഞങ്ങൾ വീട്ടുകാരെ സമീപിച്ചപ്പോൾ അവർ ഭയവിഹ്വലരായിത്തീർന്നു, എന്നാൽ ഞങ്ങളുടെ ബൈബിൾ സന്ദേശം കേട്ട് ആശ്വാസം പ്രകടമാക്കിയ അവർ ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. ഞങ്ങൾ അവരോടൊപ്പമുള്ളത് അവർക്കു സുരക്ഷാബോധം ഉളവാക്കി. ആ കാലഘട്ടം യഹോവയിൽ ആശ്രയിക്കാനും പ്രതികൂല സാഹചര്യത്തിൻകീഴിൽ സമനില പാലിക്കാനും ഞങ്ങളെ എല്ലാവരെയും പഠിപ്പിച്ചു.
കൂടുതലായ എതിർപ്പു പരാജയപ്പെടുന്നു
1966-ന്റെ ഒടുവിൽ ഞങ്ങൾ തെക്കെ മെലെക്ക ദ്വീപുകളിലെ പ്രകൃതിരമണീയമായ അംബോൺ എന്ന നഗരത്തിലേക്കു മാറിത്താമസിച്ചു. അവിടെ സൗഹൃദശീലമുള്ളവരും തുറന്ന് ഇടപെടുന്നവരുമായ ജനങ്ങളുടെ ഇടയിൽ ഞങ്ങൾ ആത്മീയ കാര്യങ്ങളിൽ താത്പര്യമുള്ളവരെ കണ്ടെത്തി. ഞങ്ങളുടെ ചെറിയ സഭ പെട്ടെന്നായിരുന്നു വളർന്നു വലുതായത്, യോഗഹാജർ നൂറോടടുത്തു. അതുകൊണ്ട് ക്രൈസ്തവലോകത്തിന്റെ സഭാധികാരികൾ ഞങ്ങളെ അംബോണിൽനിന്നു കെട്ടുകെട്ടിക്കാൻ മതകാര്യ ഓഫീസിലെ മേധാവിക്കുമേൽ സ്വാധീനം ചെലുത്താൻ ചെന്നു. എന്നാൽ മേധാവിയുടെ മേശപ്പുറത്ത് ആരെയും ആകർഷിക്കുംവിധം വാച്ച് ടവർ സൊസൈററിയുടെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചിരുന്നു! മേധാവിയെ തങ്ങളുടെ വഴിക്കു കൊണ്ടുവരുന്നതിൽ പരാജയപ്പെട്ട അവർ ഞങ്ങളെ അംബോണിൽനിന്നു മാത്രമല്ല മുഴു ഇൻഡോനേഷ്യയിൽനിന്നുകൂടി പുറത്താക്കണമെന്ന ആവശ്യവുമായി ജക്കാർത്തയിലുള്ള മതമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻമാരുമായി ബന്ധപ്പെട്ടു.
ഇപ്രാവശ്യം അവർ വിജയിക്കുമെന്നു തോന്നി. എന്തുകൊണ്ടെന്നാൽ 1968 ഫെബ്രുവരി 1 ഞങ്ങളെ പുറത്താക്കാനുള്ള തീയതിയായി നിശ്ചയിച്ചു കഴിഞ്ഞു. എന്നിരുന്നാലും, ജക്കാർത്തയിലുള്ള നമ്മുടെ ക്രിസ്തീയ സഹോദരൻമാർ മതമന്ത്രാലയത്തിലെ ഒരു ഉന്നത മുസ്ലീം ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട് ആ തീരുമാനം റദ്ദു ചെയ്യിപ്പിച്ചു. അതിനുംപുറമെ, മുൻകാല നയത്തിനും മാററം വന്നു, അങ്ങനെ മററു മിഷനറിമാർക്കും പ്രവേശനം അനുവദിക്കപ്പെട്ടു.
അങ്ങനെ അടുത്ത പത്തു വർഷത്തിൽ വടക്കെ സുമാട്രയിലെ മനോമോഹനമായ പർവതങ്ങളുടെയും വനങ്ങളുടെയും തടാകങ്ങളുടെയും പശ്ചാത്തലത്തിൽ ആസ്ട്രേലിയ, ഓസ്ട്രിയ, ജർമനി, ഫിലിപ്പീൻസ്, സ്വീഡൻ, ഐക്യനാടുകൾ എന്നിവിടങ്ങളിൽനിന്നുള്ള മിഷനറിമാരോടൊപ്പം ഞങ്ങൾക്കു സേവിക്കാൻ സാധിച്ചു. അവിടെ പ്രസംഗവേല അഭിവൃദ്ധി പ്രാപിച്ചു, അതു കൂടുതൽ അനുഭവപ്പെട്ടത് അവിടത്തെ പ്രധാന വംശജരായ ബാററാകരുടെ ഇടയിലായിരുന്നു.
എന്നുവരികിലും, അവസാനം 1976 ഡിസംബറിൽ ഞങ്ങളുടെ വേലയിൻമേൽ നിരോധനം ഏർപ്പെടുത്തുന്നതിൽ മതവൈരികൾ വിജയിച്ചു. പിറെറ വർഷം മിക്ക മിഷനറിമാരും അവിടം വിട്ട് മററു രാജ്യങ്ങളിലേക്കു നിയമനം തേടിപ്പോയി. അവസാനം 1979-ൽ ഞങ്ങൾക്കും പോകേണ്ടിവന്നു.
തെക്കെ അമേരിക്കയിലേക്ക്
അപ്പോഴേക്കും ഞങ്ങൾക്കു പ്രായം ഏതാണ്ട് 50 ആയി, അതിനാൽ ഇനിയും മറെറാരു രാജ്യത്തേക്കു പോകാൻ കഴിയുമോ എന്നു ഞങ്ങൾ സംശയിച്ചിരുന്നു. “നാം ഇനിയും ഒരു പുതിയ നിയമനം സ്വീകരിക്കണമോ അതോ എവിടെയെങ്കിലും സ്ഥിരമായി താമസമാക്കണമോ?” എന്നു സൂസി ചോദിച്ചു.
“ആകട്ടെ, സൂസീ, പോകാൻ യഹോവ നമ്മെ ക്ഷണിച്ചിടത്തെല്ലാം അവിടുന്നു നമ്മെ പരിപാലിച്ചു. ഭാവി നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തുമെന്ന് ആർക്കറിയാം?” അങ്ങനെ ഞങ്ങൾ ഞങ്ങളുടെ പുതിയ നിയമനസ്ഥലമായ സുരിനാം എന്ന തെക്കെ അമേരിക്കൻ രാജ്യത്ത് എത്തി. രണ്ടു മാസത്തിനുള്ളിൽ ഞങ്ങൾ വീണ്ടും സഞ്ചാരവേലയിലായി, ഞങ്ങൾക്ക് ഒരു അസ്വസ്ഥതയും അനുഭവപ്പെട്ടില്ല.
മുഴുസമയ ശുശ്രൂഷയിലായിരുന്ന ഞങ്ങളുടെ 45-ലധികം വർഷങ്ങൾ പുനരവലോകനം ചെയ്യുമ്പോൾ മിഷനറിവേലയിൽ ഉറച്ചുനിൽക്കാൻ ഞങ്ങളെ സഹായിക്കുന്നതിൽ ഞങ്ങളുടെ മാതാപിതാക്കളുടെ പിന്തുണ എത്ര പ്രാധാന്യമുള്ളതായിരുന്നു എന്നു ഞാനും സൂസിയും മനസ്സിലാക്കുന്നു. ആറു വർഷം കഴിഞ്ഞ് അതായത് 1969-ൽ ഞാൻ എന്റെ മാതാപിതാക്കളെ വീണ്ടും കണ്ടപ്പോൾ പിതാവ് എന്നെ മാററിനിർത്തി പറഞ്ഞു: “അമ്മയെങ്ങാനും ആദ്യം മരിച്ചാൽ നീ തിരിച്ചുപോരണമെന്നില്ല. നിന്റെ നിയമനത്തിൽത്തന്നെ തുടരുക. അത് എനിക്കു കൈകാര്യം ചെയ്യാവുന്നതേയുള്ളൂ. മറിച്ചാണു സംഭവിക്കുന്നതെങ്കിൽ അതു നീ അമ്മയോടു ചോദിക്കണം.” അമ്മ പറഞ്ഞതും അതുതന്നെയായിരുന്നു.
സൂസിയുടെ മാതാപിതാക്കൾക്കും അതേ നിസ്വാർഥ മനോഭാവമുണ്ടായിരുന്നു. ഒരു പ്രാവശ്യം സൂസിക്ക് അവരെ വീണ്ടും കാണാൻ സാധിച്ചത് 17 വർഷം കഴിഞ്ഞായിരുന്നു, എന്നിട്ടും അവളുടെ ഹൃദയത്തെ നോവിക്കുന്ന ഒരു വാക്കും അവർ ഒരിക്കലും എഴുതിയില്ല. ഞങ്ങളുടെ മാതാപിതാക്കൾക്കു വേറെ ഒരു സഹായവും ലഭ്യമായിരുന്നില്ലെങ്കിൽ ഞങ്ങൾ വീട്ടിലേക്കു തിരികെ പോകുമായിരുന്നു എന്നതു തീർച്ചതന്നെ. എന്നാൽ സംഗതി ഇതാണ്, മിഷനറിവേലയെക്കുറിച്ചു ഞങ്ങൾക്കുണ്ടായിരുന്ന അതേ വിലമതിപ്പു ഞങ്ങളുടെ മാതാപിതാക്കൾക്ക് അവരുടെ മരണംവരെയും ഉണ്ടായിരുന്നു, ഞങ്ങളുടെ ഹൃദയത്തിൽ അവർ നട്ടുവളർത്തിയ അതേ അടിയന്തിരതാബോധത്തോടെ അവരും യഹോവയെ സേവിച്ചു.—1 ശമൂവേൽ 1:26-28 താരതമ്യപ്പെടുത്തുക.
വിശ്വസ്തതയോടെ ഞങ്ങൾക്ക് എഴുത്തുകൾ എഴുതിയിരുന്നവരാലും ഞങ്ങൾ പ്രോത്സാഹിതരായി. മുപ്പതു വർഷത്തിൽ കൂടുതലുള്ള ഞങ്ങളുടെ മിഷനറി സേവനത്തിനിടയിൽ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും എഴുതാൻ മറക്കാതിരുന്ന കുറച്ചുപേർ ഉണ്ടായിരുന്നു! എന്നാൽ എല്ലാററിനും ഉപരിയായി ഞങ്ങൾ മനസ്സിൽ പിടിക്കുന്നത് നമ്മുടെ പ്രിയ സ്വർഗീയ പിതാവായ യഹോവയെയാണ്, ഭൂമിയിലെ തന്റെ ദാസൻമാരെ നിലനിർത്തേണ്ടത് എങ്ങനെയെന്ന് അവിടുത്തേക്ക് അറിയാം. അതുകൊണ്ട്, നാം നോക്കിപ്പാർത്തുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ പാരമ്യത്തിലേക്കു സമീപിക്കുമ്പോൾ ഞാനും സൂസിയും അടിയന്തിരതാബോധത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടർന്നുകൊണ്ട് “യഹോവയുടെ ദിവസത്തിന്റെ സാന്നിധ്യം മനസിൽ അടുപ്പിച്ചു” നിർത്താൻ ആഗ്രഹിക്കുന്നു.—2 പത്രോസ് 3:12, NW.
[26-ാം പേജിലെ ചിത്രം]
1957-ൽ വിവാഹിതരായി
[29-ാം പേജിലെ ചിത്രം]
പയനിയർമാരായി ആറു ചെറുപ്പക്കാർ—എത്ര പുളകപ്രദം!