“അവസാനത്തെ ശത്രു” തോൽപ്പിക്കപ്പെടും!
നിങ്ങൾ കുട്ടിയായിരുന്നപ്പോൾ ഇരുട്ടിനെ ഭയന്നിരിക്കാം. ഭീകര കഥകൾ മാത്രമല്ല, ചില യക്ഷിക്കഥകൾപോലും നിങ്ങളിൽ ഉത്കണ്ഠ ജനിപ്പിച്ചിരിക്കാം. നിങ്ങൾ ഉറങ്ങാൻ തുടങ്ങുമ്പോൾ മാതാവോ പിതാവോ ഒരു വിളക്കു കത്തിച്ചു നിങ്ങളുടെ സമീപം വച്ചിട്ടുപോയപ്പോൾ എത്ര ആശ്വാസം തോന്നി!
മരണം അതുപോലെ അനേകരെ ഭയപ്പെടുത്തുന്നു. എന്നാൽ അതിന്റെ ആവശ്യമില്ല. എന്തുകൊണ്ട്? മരണം വാസ്തവത്തിൽ എന്താണ് എന്ന കാരണത്താൽതന്നെ.
നിങ്ങളുടെ ശത്രുവിനെ അറിയുക
പുരാതന ഇസ്രയേലിന്റെ രാജാവായിരുന്ന ജ്ഞാനിയായ ശലോമോൻ പ്രഖ്യാപിച്ചു: “ജീവിച്ചിരിക്കുന്നവർക്കു തങ്ങൾ മരിക്കുമെന്നു ബോധമുണ്ട്; എന്നാൽ മരിച്ചവരെ സംബന്ധിച്ചിടത്തോളം അവർക്കു യാതൊന്നിനെക്കുറിച്ചും ബോധമില്ല.” (സഭാപ്രസംഗി 9:5, NW) നിങ്ങളുടെ തന്നെ ബൈബിളിൽ കാണപ്പെടുന്ന ഈ ദിവ്യനിശ്വസ്തമായ ആശയമനുസരിച്ച്, മരണം കേവലം ജീവന്റെ വിപരീതമാണ്. മരിച്ചവർക്ക് ബോധപൂർവമായ അസ്തിത്വമില്ല.
മരണത്തെ ആലങ്കാരികമായ ഒരു വിധത്തിൽ പരാമർശിച്ചുകൊണ്ട് ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് എഴുതുന്നു: “ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?” മരണം ഉളവാക്കുന്ന വിഷമുള്ള് എന്താണ്? പൗലോസ് പറയുന്നു: “മരണത്തിന്റെ വിഷമുള്ളു പാപം.” (1 കൊരിന്ത്യർ 15:55, 56; ഹോശേയ 13:14) എന്നാൽ പിന്നെ, മാരകമായ ഈ വിഷമുള്ളിന്റെ ആവിർഭാവം എങ്ങനെയായിരുന്നു? തിരുവെഴുത്തുകളിൽ മറെറാരു ഭാഗത്തു പൗലോസ് പ്രസ്താവിക്കുന്നു: “ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിലേക്കു പ്രവേശിച്ചു. അങ്ങനെ എല്ലാവരും പാപം ചെയ്തിരിക്കുകയാൽ മരണം സകല മനുഷ്യരിലേക്കും വ്യാപിച്ചു.” (റോമർ 5:12, NW) “ആദാമിൽ എല്ലാവരും മരിക്കുന്നു” എന്നു പറയുമ്പോൾ ആ “ഏക മനുഷ്യ”ൻ ആരെന്നുള്ളതു സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് ഒരു സംശയവും അവശേഷിപ്പിക്കുന്നില്ല. (1 കൊരിന്ത്യർ 15:22) അതേ, നമ്മുടെ ആദ്യ പൂർവപിതാവായ ആദാമിന്റെ അനുസരണക്കേടിനാൽ നാമെല്ലാം മരണത്തിന്റെ വിഷമുള്ളിനു വിധേയരാണ്.—ഉല്പത്തി 3:1-19.
നല്ല ആരോഗ്യവും ആനന്ദദായകമായ ചുററുപാടിൽ സ്നേഹമുള്ള കുടുംബാംഗങ്ങളുമുള്ളപ്പോൾ നമ്മിലാരും മരിക്കാൻ ഇഷ്ടപ്പെടുകയില്ല. എന്നിരുന്നാലും ബൈബിൾ കാണിക്കുന്ന പ്രകാരം “സമയവും മുൻകൂട്ടിക്കാണാത്ത സംഭവവും” നമ്മുടെ ജീവൻ അപഹരിച്ചേക്കാം. (സഭാപ്രസംഗി 9:11, NW) വാസ്തവത്തിൽ, നമ്മുടെ ജീവനു നാളെ എന്തു സംഭവിക്കുമെന്നു നമുക്കറിഞ്ഞുകൂടാ. (യാക്കോബ് 4:14) ഒരു കാര്യം തീർച്ചയാണ്—നാം എല്ലാവരും പാപവും മരണവും അവകാശപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട്, മരണം നമ്മെ ഒരു ശത്രുവിനെപ്പോലെ വേട്ടയാടുകയും വീഴ്ത്തുകയും ചെയ്യുന്നു.
പ്രിയപ്പെട്ട ഒരാളുടെ മരണത്തെ നേരിടൽ
മരണം പ്രിയപ്പെട്ട ഒരാളെ വീഴ്ത്തുമ്പോൾ അതു വിശേഷിച്ചും ഒരു ശത്രുവാണ്. മരിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്ന, രോഗം ബാധിച്ചു മരിക്കാറായ ഒരു സ്ത്രീ ഭർത്താവിനോടു പറഞ്ഞു: “നിങ്ങൾക്ക് അത് ഏറെ വേദനയ്ക്കിടയാക്കും.” അവർക്ക് അങ്ങനെ പറയാൻ കഴിഞ്ഞതെന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ ബൈബിൾ പറയുന്നു: “ചെയ്യാൻ നിന്റെ കൈ കണ്ടെത്തുന്നതൊക്കെയും നിന്റെ ശക്തിയോടെതന്നെ ചെയ്യുക, എന്തുകൊണ്ടെന്നാൽ നീ ചെല്ലുന്ന സ്ഥലമായ ഷീയോളിൽ [മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴി] പ്രവൃത്തിയോ ഉപായമോ അറിവോ ജ്ഞാനമോ ഇല്ല.” (സഭാപ്രസംഗി 9:10, NW) മരിച്ചവർ വീണ്ടും കഷ്ടം സഹിക്കുന്നില്ല. എന്നാൽ അതിജീവിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ദുഃഖഭാരം പേറുന്നു. അപ്രകാരമുള്ള കഷ്ടപ്പാടു സംബന്ധിച്ച് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
ദൈവവചനമായ ബൈബിളിന്റെ താളുകളിൽ അനേകം ആശ്വാസ വാക്കുകൾ അടങ്ങിയിരിക്കുന്നു. ദൃഷ്ടാന്തത്തിന്, സങ്കീർത്തനങ്ങൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതു തീർച്ചയായും സാന്ത്വനത്തിനുള്ള ഒരു ഉറവാണ്. “നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ” എന്നിങ്ങനെയുള്ള വാക്കുകൾ തീർച്ചയായും ആശ്വാസകരമാണ്.—സങ്കീർത്തനം 68:19.
ക്രിസ്തീയ സഭയാണ് ആശ്വാസത്തിനുള്ള മറെറാരു ഉറവ്. പൊ.യു. (പൊതുയുഗം) ഒന്നാം നൂററാണ്ടിൽ അപ്പോസ്തലനായ പൗലോസ് എഴുതി: “സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. വല്ല വിധവെക്കും [അവളുടെ ഭൗതികാവശ്യങ്ങൾക്കുവേണ്ടി കരുതാൻ കഴിവുള്ള] പുത്രപൌത്രൻമാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പൻമാർക്കു പ്രത്യുപകാരം ചെയ്വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു. സൽപ്രവൃത്തികളാൽ ശ്രുതിപ്പെട്ടു ഏകഭർത്താവിന്റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ മക്കളെ വളർത്തുകയോ അതിഥികളെ സല്ക്കരിക്കയോ വിശുദ്ധൻമാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്കു മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയും ചെയ്തുപോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം.” (1 തിമൊഥെയൊസ് 5:3, 4, 9, 10) ഇന്ന് യഹോവയുടെ സാക്ഷികൾ സഹവിശ്വാസികളെ അപ്രകാരം സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു.
വിരഹമനുഭവിക്കുന്ന ഒരുവൻ ചെയ്യേണ്ട ഏററവും വലിയ ക്രമീകരണം മിക്കപ്പോഴും വൈകാരികമായിട്ടുള്ളതാണ്. “എന്റെ ഭാര്യയെ ഞാൻ ഉററുസ്നേഹിച്ചിരുന്നു” എന്നു രണ്ടു വർഷം മുമ്പ് ഇണ മരിച്ചുപോയ ഒരു വ്യക്തി എഴുതി. “ഇത് എന്റെ ജീവിതത്തിലെ ഏററവും ദാരുണമായ സംഭവമാണ്, എനിക്കിതു സഹിക്കുക വിഷമമാണ്.” വിവാഹം കഴിച്ചിട്ടു കുറച്ചു കാലമായ ഒരു വ്യക്തി അയാളുടെ അല്ലെങ്കിൽ അവളുടെ ജീവിതത്തിൽ മനുഷ്യബന്ധങ്ങളിൽ ഏററവും ഉററബന്ധം പങ്കിട്ടനുഭവിച്ചിരിക്കുന്നു. വിവാഹ പങ്കാളി മരിക്കുമ്പോൾ അതിജീവിക്കുന്ന ഇണ സ്വാഭാവികമായും വലിയ നഷ്ടം അനുഭവിക്കുന്നു. അങ്ങനെയുള്ള ഒരാൾക്ക് സഹായത്തിനായി ആരിലേക്കു തിരിയാൻ കഴിയും?
അങ്ങനെയുള്ള സാഹചര്യങ്ങളിൽ കെട്ടുപണിചെയ്യുന്നതിനു നല്ല ക്രിസ്തീയ കൂട്ടാളികൾക്കു കഴിയും. “സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്തു അവൻ സഹോദരനായ്തീരുന്നു” എന്ന് ഒരു ജ്ഞാനപൂർവകമായ സദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 17:17) ഒരു വിധവയ്ക്കോ വിഭാര്യനോ സഹായം—യഥാർഥ പിന്തുണ നല്കുന്ന സ്നേഹിതർ—ആവശ്യമാണ്. വിവേകമുള്ള സുഹൃത്തുക്കൾ വിലപിക്കുന്നയാളെ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു, അങ്ങനെ ചെയ്യുന്നതു കരയാൻ ഇടവരുത്തുന്നുവെങ്കിൽ തന്നെയും. ഇണ നഷ്ടപ്പെട്ടതിന്റെ വേദനയും ഹൃദയവ്യഥയും അനുഭവിച്ചറിഞ്ഞിട്ടുള്ള ഒരു ക്രിസ്ത്യാനിക്ക് ഒരുപക്ഷേ ദയാപുരസ്സരമായ സഹായം വാഗ്ദാനം ചെയ്യാവുന്നതാണ്. “വിഷാദമഗ്നരോടു ആശ്വാസദായകമായി സംസാരിക്കുക” എന്നു ബൈബിൾ ബുദ്ധ്യുപദേശിക്കുന്നു. (1 തെസ്സലോനിക്യർ 5:14, NW) എന്നാൽ വിധവയും വിഭാര്യനും തങ്ങളുടെ വിവാഹ പങ്കാളിയുടെ അഭാവം അനുഭവിക്കുന്നുവെന്നത് ഓർക്കുക. അതുകൊണ്ട് നിർമലമായ നടത്ത നിലനിർത്താൻ സകലർക്കും സാധ്യമായ സാഹചര്യത്തിൽ മാത്രമേ വിരഹമനുഭവിക്കുന്നയാൾ മററുള്ളവരെ പൂർണമായി വിശ്വസിക്കാവൂ.—1 പത്രൊസ് 2:12.
മരണം ഏല്പിക്കുന്ന വേദനയ്ക്കുള്ള ഏററവും നല്ല പ്രതിവിധി മററുള്ളവരെ സഹായിക്കുന്നതിൽ തിരക്കുള്ളവരായിരിക്കുക എന്നതാണ്—സഹായം ആവശ്യമായിരിക്കുന്നതു തങ്ങൾക്കാണെന്നു വിശ്വസിക്കുന്നവർക്ക് അതു തീർത്തും ഒരു വെല്ലുവിളിതന്നെ! ഇവിടെയാണ് നിസ്വാർഥത രംഗത്തു വരുന്നത്. മററുള്ളവർക്കുവേണ്ടി നിസ്വാർഥതയോടെ കാര്യങ്ങൾ ചെയ്യുന്നതു സങ്കടവും മനസ്താപവും അകററുന്നതിനു സഹായിക്കും, കാരണം യേശു പറഞ്ഞു: “സ്വീകരിക്കുന്നതിലുള്ളതിനെക്കാൾ അധികം സന്തുഷ്ടി കൊടുക്കുന്നതിലുണ്ട്.”—പ്രവൃത്തികൾ 20:35, NW.
മരണത്തിൻമേൽ വിജയം
ഒരു തേനീച്ചയുടെ കുത്ത് വളരെ വേദനാജനകം, മരണകരംപോലും ആയിരുന്നേക്കാം. എന്നിരുന്നാലും സാധാരണമായി തൊലിയിൽ പതിഞ്ഞിരിക്കുന്ന പ്രാണിയുടെ കൊമ്പ് നീക്കംചെയ്യുന്നത് ആശ്വാസം കൈവരുത്തും. എന്നാൽ മരണം ഉളവാക്കുന്ന വിഷമുള്ളിൽനിന്നുള്ള മോചനത്തിന് എന്തെല്ലാം പ്രത്യാശകളാണുള്ളത്?
പാപം മരണം ഉളവാക്കുന്ന വിഷമുള്ളാണെന്നു വിശദീകരിച്ചശേഷം പൗലോസ് ഉൽഘോഷിക്കുന്നു: “നമ്മുടെ കർത്താവായ യേശുക്രിസ്തു വഴി നമുക്കു വിജയം നല്കുന്ന ദൈവത്തിനു നന്ദി.” (1 കോറിന്തോസ് 15:57, പി.ഒ.സി. ബൈ.) മരണത്തിൻമേലുള്ള വിജയം ക്രിസ്തുവുമായി എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നത്? യേശു തന്നേക്കുറിച്ച്: “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും” വന്നു എന്നു പറഞ്ഞപ്പോൾ വസ്തുത അങ്ങനെയാണെന്ന് അവിടുന്നു കാണിച്ചുതന്നു. (മത്തായി 20:28) ദൈവപുത്രനായ യേശുക്രിസ്തുവിലും അവിടുന്നു മുഖാന്തരം യഹോവ പ്രദാനം ചെയ്ത മറുവിലയാഗത്തിലും വിശ്വാസം പ്രകടമാക്കുന്നവർക്ക് ആദാമിൽനിന്ന് അവകാശപ്പെടുത്തിയ മരണം സ്ഥിരമായ അസ്തിത്വരാഹിത്യത്തിൽ കലാശിക്കുകയില്ല.—യോഹന്നാൻ 3:16.
“ഇതിങ്കൽ ആശ്ചര്യപ്പെടരുത്, എന്തുകൊണ്ടെന്നാൽ സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവിടുത്തെ ശബ്ദം കേട്ട്, നല്ല കാര്യങ്ങൾ ചെയ്തവർ ജീവന്റെ ഒരു പുനരുത്ഥാനത്തിലേക്കും ഹീനമായ കാര്യങ്ങൾ പതിവായി ചെയ്തുകൊണ്ടിരുന്നവർ ന്യായവിധിയുടെ ഒരു പുനരുത്ഥാനത്തിലേക്കുമായി പുറത്തു വരാനുള്ള നാഴിക വരുന്നു” എന്ന യേശുവിന്റെ വാക്കുകൾ തീർച്ചയായും പ്രചോദനം നൽകുന്നതാണ്.—യോഹന്നാൻ 5:28, 29, NW.
നൂററാണ്ടുകൾക്കു മുമ്പു ദൈവത്തിന്റെ പ്രവാചകനായ യെശയ്യാവ് ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “അവിടുന്ന് [യഹോവയാം ദൈവം] വാസ്തവമായും മരണത്തെ സദാകാലത്തേക്കും വിഴുങ്ങിക്കളയും, പരമാധീശകർത്താവായ യഹോവ നിശ്ചയമായും സകല മുഖങ്ങളിൽനിന്നും കണ്ണുനീർ തുടച്ചുകളയും.” (യെശയ്യാവ് 25:8, NW) വീണ്ടും വെളിപ്പാട് 21:4-ൽ [NW] ബൈബിൾ വിസ്മയാവഹമായ ഈ പ്രത്യാശ നൽകുന്നു: “[ദൈവം] അവരുടെ കണ്ണുകളിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണം ഉണ്ടായിരിക്കുകയില്ല, ദുഃഖവും മുറവിളിയും വേദനയും ഇനി ഉണ്ടായിരിക്കുകയില്ല. പൂർവകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.” മരണത്തിൽ നിദ്രകൊള്ളുന്നവർക്കായുള്ള ഈ ബൈബിൾ പ്രത്യാശയാൽ ശക്തരാക്കപ്പെടുന്നതിനാൽ വിരഹമനുഭവിക്കുന്നവർ “പ്രത്യാശയില്ലാത്ത മററുള്ളവരെപ്പോലെ ദുഃഖി”ക്കേണ്ട ആവശ്യമില്ല.—1 തെസ്സലൊനീക്യർ 4:13.
ദൈവം മനുഷ്യവർഗത്തിനുവേണ്ടി കരുതിയിരിക്കുന്നതായി ബൈബിളിൽ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ വിഭാവനചെയ്യാൻ ശ്രമിക്കുക. ആസന്നമായ “മഹാകഷ്ടം” ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ നാശത്തെ അർഥമാക്കുന്നു. (വെളിപ്പാടു 7:14) വ്യാജമതം ആചരിക്കുന്നവർ നശിപ്പിക്കപ്പെടുന്നു. ഭക്ഷ്യക്ഷാമത്തിനും യുദ്ധത്തിനും ഇടയാക്കുന്നവരായ അത്യാർത്തിപൂണ്ട രാഷ്ട്രീയ, വ്യാപാര ഘടകങ്ങൾ പൊയ്പോയിരിക്കുന്നു. ഇത്രയധികം മാനവ മൃത്യുവിനിടയാക്കിയ പിശാചായ സാത്താനെ അഗാധത്തിലടയ്ക്കുന്നതിനു യേശുക്രിസ്തു ഇറങ്ങിത്തിരിക്കുന്നു. അതിനുശേഷം യേശുക്രിസ്തു തന്റെ മറുവിലയാഗത്തിന്റെ മൂല്യം മനുഷ്യവർഗത്തിൻമേൽ പകരുന്ന തന്റെ സഹസ്രാബ്ദ വാഴ്ച തുടങ്ങുന്നു. വളരെ ആശിച്ചിരുന്ന പുനരുത്ഥാനത്തിൽ മരിച്ചവർ തിരികെ വരുന്നു, ദൈവവചനത്തിൽനിന്നുള്ള വെളിച്ചം തേജസ്സോടെ പ്രകാശിക്കുന്നതിന്റെ ഫലമായി മനുഷ്യവർഗത്തിന്റെ ശത്രുവായ മരണത്തെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങൾ വീണ്ടും ഒരിക്കലും സ്ഥിതിചെയ്യുന്നില്ല. അന്നു ജീവിച്ചിരിക്കുന്ന സകലർക്കും ദൈവത്തിന്റെ വഴികളെക്കുറിച്ചു പഠിക്കുന്നതിനും അവിടുത്തെ നീതിയുള്ള മാനദണ്ഡങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതിനും ഉള്ള അവസരമുണ്ട്.—സദൃശവാക്യങ്ങൾ 4:18; പ്രവൃത്തികൾ 24:15; എബ്രായർ 2:14, 15; വെളിപ്പാടു 18:4-8; 19:19-21; 20:1-3.
പൗലോസ് പറയുന്നു ‘പിന്നീട് അവസാനം വരും; അപ്പോൾ എല്ലാ ഭരണവും അധികാരവും ശക്തിയും നശിപ്പിച്ച് അവൻ രാജ്യം പിതാവായ ദൈവത്തിന് ഏല്പിച്ചുകൊടുക്കും. തന്റെ ശത്രുക്കളെയെല്ലാം കാൽക്കീഴാക്കുവോളം അവൻ ഭരണം നടത്തണം. നശിപ്പിക്കപ്പെടേണ്ട അവസാനത്തെ ശത്രു മരണമാണ്.’ (1 കൊരിന്ത്യർ 15:24-26) ആദാമ്യ പാപത്തിന്റെ ഫലമായുണ്ടാകുന്ന സകല വൈകല്യങ്ങളും പൊയ്പോയിരിക്കുന്നു. അവസാനമായി ഒരു പരിശോധന നടക്കുകയും ദൈവത്തെ സ്നേഹിക്കുന്നവർ വിശ്വസ്തതയോടെ അതിനെ തരണംചെയ്യുകയും ചെയ്യുന്നു. (വെളിപ്പാട് 20:4-10) പൂർണതയിലേക്കു തിരികെ വരുത്തപ്പെട്ട അനുസരണയുള്ള ഈ മനുഷ്യർ വെറും ഇരുപതിററ് മൂന്നും പത്തും വർഷങ്ങൾ അല്ലെങ്കിൽ ഇരുപതിററഞ്ചും പത്തും വർഷങ്ങൾപോലുമല്ല മറിച്ച്, എന്നേക്കും ജീവിക്കും. തന്റെ പ്രിയ പുത്രനായ യേശുക്രിസ്തു മുഖാന്തരമുള്ള ദൈവത്തിന്റെ എന്തൊരു അതിശ്രേഷ്ഠ ദാനം!—റോമർ 6:23.
അപ്പോൾ, നിങ്ങൾക്ക് എത്ര ദീർഘമായി ജീവിക്കാനാകും? നിങ്ങളുടെ ആയുർദൈർഘ്യം സകല നിത്യതയിലേക്കും നീട്ടാൻ കഴിയും. ഈ ലോകത്തിന്റെ “അന്ത്യകാല”ത്തു ജീവിച്ചിരിക്കുന്നതുപോലെ നിങ്ങൾ ഒരിക്കലും മരിക്കാതിരിക്കുകപോലും ചെയ്തേക്കാം. (ദാനീയേൽ 12:4; യോഹന്നാൻ 11:25, 26; 17:3) നിങ്ങൾ ദിവ്യഹിതം ചെയ്താൽ ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന പുതിയ ലോകത്തിലേക്കു കടന്നു നിങ്ങൾക്കു ജീവിക്കാൻ കഴിയും.—2 പത്രൊസ് 3:13.
എന്നിരുന്നാലും, നിങ്ങൾ പ്രായം ചെന്ന ആളാണെങ്കിൽ മരിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചു യാഥാർഥ്യബോധത്തോടെ പരിചിന്തിക്കേണ്ടത് ആവശ്യമാണ്. തീർച്ചയായും പുനരുത്ഥാന പ്രത്യാശ ആനന്ദം കൈവരുത്തുന്നു. എന്നാൽ യഹോവ ആ പുതിയ വ്യവസ്ഥിതിയിൽ കുടുംബജീവിതം എങ്ങനെ ക്രമീകരിക്കുമെന്നു നിങ്ങൾ അതിശയിച്ചേക്കാം. അങ്ങനെയുള്ള കാര്യങ്ങൾ നിങ്ങളെ ഉത്കണ്ഠപ്പെടുത്താൻ അനുവദിക്കാതിരിക്കുക, കാരണം, തന്നെ എന്നേക്കും വിശ്വസ്തതയോടെ സേവിക്കുന്നവരുടെ നിലനിൽക്കുന്ന സന്തോഷത്തിനാവശ്യമായിട്ടുള്ളതു യഹോവ കരുതിക്കൊള്ളും.
സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ ക്ലേശപൂർണമായ “അന്ത്യകാലം” അതിന്റെ സമാപ്തിയിലേക്കു നീങ്ങവേ മരണത്തെ സംബന്ധിച്ചുള്ള ഭയം യഹോവയെ ഇപ്പോൾ സേവിക്കുന്നതിനുള്ള നിങ്ങളുടെ പദവിയെ കവർന്നുകളയാൻ അനുവദിക്കരുത്. (2 തിമൊഥെയൊസ് 3:1) നിങ്ങളുടെ പ്രിയപ്പെട്ട ഒരാൾ മരണത്തിൽ നഷ്ടപ്പെട്ടാൽ മരണത്തിന്റെ മേധാവിത്വം താത്കാലികമാണെന്നതിൽ ആശ്വസിക്കുക. (വെളിപ്പാടു 20:13, 14) പുനരുത്ഥാന പ്രത്യാശയിൽ വിശ്വാസം പ്രകടമാക്കുക. നിങ്ങൾ പുതിയ ഭൂമിയിലേക്കു പ്രവേശിക്കുന്നതു മഹോപദ്രവത്തെ അതിജീവിച്ചുകൊണ്ടോ പുനരുത്ഥാനത്തിലൂടെയോ ആയാലും അവസാന ശത്രുവായ മരണം നശിപ്പിക്കപ്പെടാനിരിക്കുകയാണ് എന്ന നിശ്വസ്തമായ ഉറപ്പിനെക്കുറിച്ചു നിശ്ചയമുള്ളവരായിരിക്കുക.—വെളിപ്പാടു 7:9, 14.
[5-ാം പേജിലെ ചിത്രം]
നല്ല ക്രിസ്തീയ കൂട്ടാളികൾക്ക് വിരഹമനുഭവിക്കുന്നവരെ ആത്മീയമായി കെട്ടുപണിചെയ്യാൻ കഴിയും
[7-ാം പേജിലെ ചിത്രം]
മററുള്ളവരെ സഹായിക്കുന്നതിൽ തിരക്കുള്ളവരായിരിക്കുന്നതു പ്രിയപ്പെട്ട ഒരാളുടെ മരണത്താലുണ്ടായ ദുഃഖത്തെ ലഘൂകരിക്കുന്നു