യഹോവയുടെ വഴികളിൽ സധൈര്യം നടക്കുക
“യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ.”—സങ്കീർത്തനം 128:1.
1, 2. യഹോവയുടെ ആദിമ സാക്ഷികളുടെ വാക്കുകളുടെയും പ്രവൃത്തികളുടെയും ബൈബിൾ രേഖകൾ എന്തു സഹായമേകുന്നു?
യഹോവയുടെ വിശുദ്ധവചനം തന്റെ വിശ്വസ്തരായ സേവകരുടെ പീഡാനുഭവങ്ങളുടെയും സന്തോഷങ്ങളുടെയും വൃത്താന്തങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു. നോഹ, അബ്രാഹാം, സാറാ, യോശുവാ, ദെബോര, ബാരാക്ക്, ദാവീദ് എന്നിവരുടെയും മററുചിലരുടെയും അനുഭവങ്ങൾ അതിന്റെ ഏടുകളിൽ ജ്വലിച്ചുനിൽക്കുന്നു. അവരെല്ലാം പൊതുവായ എന്തോ സവിശേഷതയോടുകൂടിയ യഥാർഥ വ്യക്തികളായിരുന്നു. അവർക്കു ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു, അവിടുത്തെ വഴികളിൽ അവർ സധൈര്യം നടക്കുകയും ചെയ്തു.
2 യഹോവയുടെ ആദിമ സാക്ഷികളുടെ വാക്കുകളും പ്രവൃത്തികളും നാം ദൈവത്തിന്റെ വഴികളിൽ നടക്കാൻ പ്രയത്നിക്കവേ നമുക്കു പ്രോത്സാഹജനകമായിരിക്കാൻ കഴിയും. കൂടാതെ, ദൈവത്തോടു ഭക്തിയും അവിടുത്തെ അപ്രീതിപ്പെടുത്തുന്നതിൽ ആരോഗ്യാവഹമായ ഭയവും പ്രകടമാക്കുകയാണെങ്കിൽ നാം സന്തുഷ്ടരായിരിക്കും. നാം ജീവിതത്തിൽ പീഡാനുഭവങ്ങളെ അഭിമുഖീകരിക്കുന്നുവെങ്കിലും ഇതു വാസ്തവമാണ് കാരണം, നിശ്വസ്ത സങ്കീർത്തനക്കാരൻ പാടി: “യഹോവയെ ഭയപ്പെട്ടു, അവന്റെ വഴിയിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ.”—സങ്കീർത്തനം 128:1.
ധൈര്യം എന്താണെന്ന്
3. ധൈര്യം എന്നാൽ എന്ത്?
3 യഹോവയുടെ വഴികളിൽ നടക്കുന്നതിനു നമുക്കു ധൈര്യം ഉണ്ടായിരിക്കണം. വാസ്തവത്തിൽ, ഈ ഗുണം പ്രകടമാക്കാൻ തിരുവെഴുത്തുകൾ ദൈവത്തിന്റെ ജനത്തോടു കല്പിക്കുന്നു. ദൃഷ്ടാന്തത്തിന്, സങ്കീർത്തനക്കാരനായ ദാവീദ് പാടി: “യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിൻ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.” (സങ്കീർത്തനം 31:24) ധൈര്യം എന്നാൽ “ഒരുമ്പെട്ടിറങ്ങുന്നതിനും സഹിച്ചു നിൽക്കുന്നതിനും അപകടം, ഭയം അല്ലെങ്കിൽ പ്രയാസം എന്നിവയെ ചെറുത്തുനിൽക്കുന്നതിനുമുള്ള മാനസ്സികവും ധാർമികവുമായ കരുത്താണ്.” (Webster’s Ninth New Collegiate Dictionary) ധൈര്യശാലിയായ ഒരു വ്യക്തി ബലവാനും നിർഭയനും ധീരോദാത്തനുമാണ്. യഹോവ തന്റെ ദാസർക്കു ധൈര്യം നൽകുന്നുവെന്നത് അപ്പോസ്തലനായ പൗലോസ് സഹപ്രവർത്തകനായ തിമോഥെയോസിന് എഴുതിയ ഈ വാക്കുകളിൽനിന്നു വ്യക്തമാണ്: “ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതു.”—2 തിമൊഥെയൊസ് 1:7.
4. ധൈര്യം സമ്പാദിക്കാനുള്ള ഒരു മാർഗം എന്ത്?
4 ദൈവദത്തമായ ധൈര്യം സമ്പാദിക്കുന്നതിനുള്ള ഒരു മാർഗം യഹോവയുടെ വചനമായ ബൈബിളിനു പ്രാർഥനാനിരതമായ പരിചിന്തനം നൽകുകയാണ്. തിരുവെഴുത്തുകളിൽ പ്രത്യക്ഷപ്പെടുന്ന അനേകം വൃത്താന്തങ്ങൾക്ക് കൂടുതൽ ധൈര്യശാലികളായിത്തീരാൻ നമ്മെ സഹായിക്കാൻ കഴിയും. അതുകൊണ്ട്, യഹോവയുടെ വഴികളിൽ സധൈര്യം നടന്ന ചിലരെക്കുറിച്ചുള്ള എബ്രായ തിരുവെഴുത്തു രേഖയിൽനിന്ന് എന്തു പഠിക്കാൻ കഴിയുമെന്ന് നമുക്ക് ആദ്യം കാണാം.
ദൈവസന്ദേശം പ്രഖ്യാപിക്കുവാൻ ധൈര്യം
5. ഹാനോക്കിന്റെ ധൈര്യം യഹോവയുടെ ഇക്കാലത്തെ സേവകർക്ക് എങ്ങനെ പ്രയോജനം ചെയ്യാൻ കഴിയും?
5 ഹാനോക്കിന്റെ ധൈര്യത്തിന് യഹോവയുടെ ഇക്കാലത്തെ ദാസൻമാരെ ദൈവസന്ദേശം സധൈര്യം പ്രസംഗിക്കുന്നതിനു സഹായിക്കാൻ കഴിയും. ഹാനോക്ക് ജനിക്കുന്നതിനു മുമ്പ്, “യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.” ആളുകൾ യഹോവയുടെ നാമം “നിന്ദാപൂർവം” വിളിക്കാൻ “തുടങ്ങി” എന്നു ചില പണ്ഡിതൻമാർ പറയുന്നു. (ഉല്പത്തി 4:25, 26; 5:3, 6) ആ ദിവ്യനാമം മനുഷ്യർക്കോ വിഗ്രഹങ്ങൾക്കുപോലുമോ നല്കിയിരിക്കാം. തന്നിമിത്തം, പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) 3404-ൽ ഹാനോക്ക് ജനിച്ചപ്പോൾ വ്യാജമതം തഴച്ചുവളരുകയായിരുന്നു. വാസ്തവത്തിൽ, യഹോവയുടെ വെളിപ്പെടുത്തിയ സത്യത്തിനു ചേർച്ചയിൽ ‘ദൈവത്തോടുകൂടെ നടന്ന്,’ ഒരു നീതിയുള്ള മാർഗം പിൻപററിയ ഒരേ ഒരാൾ അദ്ദേഹമായിരുന്നുവെന്നു തോന്നുന്നു.—ഉല്പത്തി 5:18, 24.
6. (എ) ഹാനോക്ക് പ്രഖ്യാപിച്ച ശക്തമായ സന്ദേശമെന്ത്? (ബി) നമുക്ക് എന്തു ശുഭാപ്തിവിശ്വാസമുണ്ടായിരിക്കാൻ കഴിയും?
6 ഹാനോക്ക് സാധ്യതയനുസരിച്ചു പ്രസംഗത്തിലൂടെ ദൈവത്തിന്റെ സന്ദേശം സധൈര്യം പ്രഖ്യാപിച്ചു. (എബ്രായർ 11:5; 2 പത്രൊസ് 2:5 താരതമ്യം ചെയ്യുക.) ഏകനായ ഈ സാക്ഷി പ്രഖ്യാപിച്ചു, “ഇതാ കർത്താവു [യഹോവ, NW] എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും [കുററം വിധിപ്പാനും, NW] ആയിരമായിരം വിശുദ്ധൻമാരോടുകൂടെ വന്നിരിക്കുന്നു.” (യൂദാ 14, 15) ഭക്തികെട്ടവരെ കുററംവിധിക്കുന്ന ആ സന്ദേശം പ്രഖ്യാപിച്ചപ്പോൾ യഹോവ എന്ന നാമം ഉപയോഗിക്കുന്നതിനുള്ള ധൈര്യം ഹാനോക്കിനുണ്ടായിരുന്നു. ദൈവം ഹാനോക്കിന് ആ ശക്തമായ സന്ദേശം പ്രഖ്യാപിക്കാൻ ധൈര്യം നൽകിയതുപോലെ, ശുശ്രൂഷയിലും സ്കൂളിലും മററിടങ്ങളിലും തന്റെ വചനം ധൈര്യത്തോടെ പ്രസംഗിക്കുന്നതിനു യഹോവ ഇക്കാലത്തെ തന്റെ സാക്ഷികളെ ശക്തരാക്കിയിരിക്കുന്നു.—പ്രവൃത്തികൾ 4:29-31 താരതമ്യം ചെയ്യുക.
പീഡാനുഭവത്തിൻകീഴിൽ ധൈര്യം
7. നോഹ ധൈര്യത്തിന്റെ എന്തു ദൃഷ്ടാന്തം വെക്കുന്നു?
7 നാം പീഡാനുഭവത്തിൻകീഴിലായിരിക്കുമ്പോൾ നീതിപ്രവൃത്തികൾ ചെയ്യുന്നതിൽ ധൈര്യമുള്ളവരായിരിക്കാൻ നാഹയുടെ ദൃഷ്ടാന്തത്തിനു നമ്മെ സഹായിക്കാൻ കഴിയും. ധൈര്യത്തോടും വിശ്വാസത്തോടും കൂടെ അദ്ദേഹം ഒരു ആഗോള ജലപ്രളയത്തെക്കുറിച്ചുള്ള ദിവ്യ മുന്നറിയിപ്പനുസരിച്ചു പ്രവർത്തിക്കുകയും “തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം” തീർക്കുകയും ചെയ്തു. അനുസരണയാലും നീതിപ്രവൃത്തികളാലും നോഹ അവിശ്വാസികളുടെ ലോകത്തെ അതിന്റെ ദോഷകരമായ പ്രവൃത്തികൾ ഹേതുവായി കുററം വിധിക്കുകയും അതു നാശയോഗ്യമെന്നു തെളിയിക്കുകയും ചെയ്തു. (എബ്രായർ 11:7, ഉല്പത്തി 6:13-22; 7:16) നോഹ സ്വീകരിച്ച ഗതിയെപ്പററി ധ്യാനിക്കുന്നത് ക്രിസ്തീയ ശുശ്രൂഷപോലെയുള്ള നീതിനിഷ്ഠമായ വേലയിൽ ധൈര്യസമേതം ഏർപ്പെടുന്നതിന് ദൈവത്തിന്റെ ആധുനിക നാളിലെ ദാസരെ സഹായിക്കുന്നു.
8. (എ) ഒരു ധീരനായ “നീതിപ്രസംഗി” എന്ന നിലയിൽ നോഹ എന്തിനെ അഭിമുഖീകരിച്ചു? (ബി) നാം ധീരരായ നീതിപ്രസംഗികളാണെങ്കിൽ യഹോവ നമുക്കുവേണ്ടി എന്തു ചെയ്യും?
8 നാം നീതിനിഷ്ഠമായ ഒരു മാർഗം പിന്തുടരവേ ഒരു പ്രത്യേക പീഡാനുഭവത്തെ എങ്ങനെ നേരിടണമെന്ന് അറിയാൻ പാടില്ലെങ്കിൽ അതിനെ നേരിടുന്നതിനാവശ്യമായ ജ്ഞാനത്തിനുവേണ്ടി നമുക്കു പ്രാർഥിക്കാവുന്നതാണ്. (യാക്കോബ് 1:5-8) പരിശോധനയിൻകീഴിൽ ദൈവത്തോടുള്ള നോഹയുടെ വിശ്വസ്തത, പീഡാനുഭവങ്ങളെ ധൈര്യത്തോടും വിശ്വസ്തതയോടും കൂടെ നേരിടാൻ സാധിക്കുമെന്നു കാണിക്കുന്നു. അദ്ദേഹം ഒരു ദുഷ്ടലോകത്തിൽനിന്നും മൂർത്തീകരിച്ച ദൂതൻമാരിൽനിന്നും അവരുടെ സങ്കരസന്താനങ്ങളിൽനിന്നുമുള്ള സമ്മർദത്തെ ചെറുത്തുനിന്നു. അതേ, നാശത്തിലേക്കു മുന്നേറിക്കൊണ്ടിരുന്ന “ഒരു പുരാതനലോക”ത്തിനു നോഹ ധൈര്യവാനായ “നീതിപ്രസംഗി” ആയിരുന്നു. (2 പത്രൊസ് 2:4, 5; ഉല്പത്തി 6:1-9) പ്രളയത്തിനു മുമ്പുള്ളവരോടു ദൈവത്തിന്റെ മുന്നറിയിപ്പു പ്രഖ്യാപിച്ചുകൊണ്ട് ഒരു ഘോഷകനെപ്പോലെ അദ്ദേഹം ധൈര്യപൂർവം പ്രസംഗിച്ചുവെങ്കിലും “പ്രളയം വന്നു തങ്ങളെ വിഴുങ്ങുംവരെ അവർ അത് അറിഞ്ഞില്ല.” (മത്തായി 24:36-39, ഓശാന ബൈ.) എന്നാൽ പീഡനവും ബൈബിളധിഷ്ഠിതമായ നമ്മുടെ സന്ദേശത്തിന്റെ മിക്ക ആളുകളാലുമുള്ള നിരസനവും ഗണ്യമാക്കാതെ നീതിപ്രസംഗികളെന്ന നിലയിൽ നാം സമാനമായ വിശ്വാസവും ധൈര്യവും പ്രദർശിപ്പിച്ചാൽ നോഹയെ തുണച്ചതുപോലെ യഹോവ നമ്മെയും തുണയ്ക്കും എന്നു നമുക്കു സ്മരിക്കാം.
ദൈവത്തെ അനുസരിക്കുവാൻ ധൈര്യം
9, 10. ഏതു വശങ്ങളിലാണ് അബ്രാഹാമും സാറായും ഇസ്ഹാക്കും ധീരമായ അനുസരണം പ്രകടമാക്കിയത്?
9 “ദൈവത്തിന്റെ സ്നേഹിതനായ” അബ്രാഹാം ദൈവത്തോടുള്ള ധീരമായ അനുസരണത്തിന്റെ ഒരു നല്ല ദൃഷ്ടാന്തമാണ്. (യാക്കോബ് 2:23) യഹോവയെ അനുസരിക്കുന്നതിനും ഭൗതിക നേട്ടങ്ങൾകൊണ്ടു നിറഞ്ഞിരുന്ന കൽദയരുടെ പട്ടണമായ ഊർ വിട്ടു പോകുന്നതിനും അബ്രാഹാമിനു വിശ്വാസവും ധൈര്യവും ആവശ്യമായിരുന്നു. താൻ മുഖാന്തരം “ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടു”മെന്നും തന്റെ സന്തതിക്ക് ഒരു ദേശം കൊടുക്കുമെന്നും ഉള്ള ദൈവത്തിന്റെ വാഗ്ദത്തം അദ്ദേഹം വിശ്വസിച്ചു. (ഉല്പത്തി 12:1-9; 15:18-21) വിശ്വാസത്താൽ അബ്രാഹാം “വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെചെന്നു . . . പാർത്തുകൊണ്ടു” യഥാർഥ ‘അടിസ്ഥാനങ്ങളുള്ള നഗരത്തിനായി’—ദൈവത്തിന്റെ സ്വർഗീയരാജ്യത്തിനായി—നോക്കിപ്പാർത്തു, അതിൻകീഴിൽ അദ്ദേഹം ഭൂമിയിലെ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടും.—എബ്രായർ 11:8-16.
10 അബ്രാഹാമിന്റെ ഭാര്യയായ സാറായ്ക്കും ഊർ വിടുന്നതിനും ഒരു അന്യദേശത്തേക്കു തന്റെ ഭർത്താവിനെ അനുഗമിക്കുന്നതിനും അവിടെ അവർ നേരിടാൻ പോകുന്ന ഏതു ബുദ്ധിമുട്ടുകളെയും സഹിക്കുന്നതിനും വേണ്ടതായ വിശ്വാസവും ധൈര്യവും ഉണ്ടായിരുന്നു. ദൈവത്തോടുള്ള അവരുടെ ധീരമായ അനുസരണയ്ക്ക് എത്ര നല്ല പ്രതിഫലമാണ് അവർക്കു ലഭിച്ചത്! ഏതാണ്ടു 90 വയസ്സുവരെ മച്ചിയായി “പ്രായം കഴിഞ്ഞിട്ടും”, സാറായ്ക്ക് ‘വാഗ്ദത്തം ചെയ്തവനായ ദൈവം വിശ്വസ്തൻ എന്ന് എണ്ണുകയാൽ പുത്രോല്പാദനത്തിനുള്ള’ ശക്തിലഭിച്ചു. കാലക്രമത്തിൽ അവർ ഇസ്ഹാക്കിനെ പ്രസവിച്ചു. (എബ്രായർ 11:11, 12; ഉല്പത്തി 17:15-17; 18:11; 21:1-7) വർഷങ്ങൾകഴിഞ്ഞ് അബ്രാഹാം ദൈവത്തെ സധൈര്യം അനുസരിക്കുകയും “ഫലത്തിൽ ഇസ്ഹാക്കിനെ ബലിചെയ്യുകയും” ചെയ്തു. ഒരു ദൂതൻ തടഞ്ഞതിനാൽ ആ ഗോത്രപിതാവിനു ധൈര്യവും അനുസരണയുമുള്ള തന്റെ പുത്രനെ “ആലങ്കാരികമായി” മരണത്തിൽനിന്നു തിരിച്ചുകിട്ടി. അങ്ങനെ അദ്ദേഹവും ഇസ്ഹാക്കും, യഹോവയാം ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ലഭിക്കേണ്ടതിന് പുത്രനെ ഒരു മറുവിലയായി നൽകുമെന്നു പ്രാവചനികമായി ചിത്രീകരിച്ചു. (എബ്രായർ 11:17-19, പി.ഒ.സി. ബൈ.; ഉല്പത്തി 22:1-19; യോഹന്നാൻ 3:16) തീർച്ചയായും അബ്രാഹാമിന്റെയും സാറായുടെയും ഇസ്ഹാക്കിന്റെയും ധീരമായ അനുസരണം യഹോവയെ അനുസരിക്കുന്നതിനും എല്ലായ്പോഴും അവിടുത്തെ ഹിതം ചെയ്യുന്നതിനും നമ്മെ പ്രേരിപ്പിക്കേണ്ടതാണ്.
ദൈവത്തിന്റെ ജനത്തോടൊപ്പം നിൽക്കുവാൻ ധൈര്യം
11, 12. (എ) യഹോവയുടെ ജനങ്ങളോടുള്ള ബന്ധത്തിൽ മോശ ധൈര്യം പ്രകടമാക്കിയതെങ്ങനെ? (ബി) മോശയുടെ ധൈര്യത്തിന്റെ കാഴ്ചപ്പാടിൽ എന്തു ചോദ്യങ്ങൾ ചോദിക്കാൻ കഴിയും?
11 ദൈവത്തിന്റെ പീഡിത ജനത്തോടൊപ്പം മോശ സധൈര്യം നിലകൊണ്ടു. പൊ.യു.മു. 16-ാം നൂററാണ്ടിൽ മോശയുടെ മാതാപിതാക്കൾതന്നെയും ധൈര്യം കാണിച്ചു. നവജാത എബ്രായ ആൺകുട്ടികളെ കൊല്ലുന്നതിനുള്ള രാജാവിന്റെ കല്പന ഭയപ്പെടാതെ അവർ മോശയെ ഒളിച്ചുവെക്കുകയും അവനെ ഒരു ഞാങ്ങണപ്പെട്ടകത്തിൽ കിടത്തി നൈൽ നദിയുടെ തീരത്തുള്ള ഞാങ്ങണയുടെ ഇടയിൽ വയ്ക്കുകയും ചെയ്തു. ഫറവോന്റെ പുത്രി അവനെ കാണാനിടയാകുകയും അവരുടെ സ്വന്തം പുത്രനായി അവനെ വളർത്തുകയും ചെയ്തു, പക്ഷേ അവന് ആദ്യം ആത്മീയ പരിശീലനം ലഭിച്ചത് തന്റെ മാതാപിതാക്കളുടെ ഭവനത്തിൽ വച്ചായിരുന്നു. ഫറവോന്റെ കുടുംബത്തിന്റെ ഭാഗമെന്ന നിലയിൽ മോശ “മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമർത്ഥനായിത്തീർന്നു”കൊണ്ടു മാനസിക-ശാരീരിക പ്രാപ്തികളിൽ പ്രബലനായി.—പ്രവൃത്തികൾ 7:20-22; പുറപ്പാട് 2:1-10; 6:20.
12 രാജഗൃഹത്തിലെ ഭൗതിക നേട്ടങ്ങൾ ഗണ്യമാക്കാതെ മോശ, അന്ന് ഈജിപ്ഷ്യരാൽ അടിമകളാക്കപ്പെട്ടിരുന്ന യഹോവയുടെ ജനത്തോടൊപ്പം നിലകൊള്ളാൻ ധൈര്യസമേതം നിശ്ചയിച്ചു. ഒരു ഇസ്രയേല്യനെ രക്ഷിക്കവേ അദ്ദേഹം ഒരു ഈജിപ്ഷ്യനെ കൊല്ലുകയും പിന്നീടു മിദ്യാനിലേക്ക് ഓടിപ്പോവുകയും ചെയ്തു. (പുറപ്പാടു 2:11-15) ഏതാണ്ടു 40 വർഷം കഴിഞ്ഞ് ഇസ്രയേല്യരെ അടിമത്തത്തിൽനിന്നു വിടുവിക്കുന്നതിനു നേതൃത്വം വഹിക്കാൻ ദൈവം അദ്ദേഹത്തെ ഉപയോഗിച്ചു. ഇസ്രയേല്യരെപ്രതി യഹോവയെ പ്രതിനിധാനം ചെയ്തതിന്റെ പേരിൽ മോശയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ “രാജാവിന്റെ കോപം ഭയപ്പെടാതെ” മോശ “മിസ്രയീം വിട്ടുപോന്നു.” ‘അദൃശ്യനായ’ യഹോവയാം ദൈവത്തെ കണ്ടതുപോലെ മോശ നടന്നു. (എബ്രായർ 11:23-29; പുറപ്പാടു 10:28) ബുദ്ധിമുട്ടും പീഡനവും കണക്കാക്കാതെ യഹോവയോടും അവിടുത്തെ ജനത്തോടും പററിനിൽക്കുന്നതിനു സമാനമായ വിശ്വാസവും ധൈര്യവും നിങ്ങൾക്കുണ്ടോ?
യഹോവയെ ‘പൂർണമായി പിൻപററുവാൻ’ ധൈര്യം
13. യോശുവായും കാലേബും ധൈര്യത്തിന്റെ ദൃഷ്ടാന്തങ്ങൾ വെച്ചതെങ്ങനെ?
13 ധീരരായ യോശുവായും കാലേബും യഹോവയുടെ വഴികളിൽ നമുക്കു നടക്കാമെന്നതിനു തെളിവു നൽകി. അവർ ‘യഹോവയെ പൂർണമായി പിൻപററി.’ (സംഖ്യാപുസ്തകം 32:12) വാഗ്ദത്തദേശം ഒററുനോക്കുന്നതിനയയ്ക്കപ്പെട്ട 12 പേരിൽ ഉൾപ്പെട്ടവരായിരുന്നു യോശുവായും കാലേബും. കനാനിലെ നിവാസികളെ ഭയന്നു പത്തു ചാരൻമാർ അതിൽ പ്രവേശിക്കുന്നതിൽനിന്ന് ഇസ്രയേല്യരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നിരുന്നാലും യോശുവായും കാലേബും ധൈര്യസമേതം പറഞ്ഞു: “യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും. യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു.” (സംഖ്യാപുസ്തകം 14:8, 9) വിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും അഭാവംമൂലം ഇസ്രയേല്യരുടെ ആ തലമുറ ഒരിക്കലും വാഗ്ദത്തദേശത്ത് എത്തിച്ചേർന്നില്ല. എന്നാൽ യോശുവായും കാലേബും പുതിയ ഒരു തലമുറയോടൊപ്പം അതിൽ പ്രവേശിക്കുകതന്നെ ചെയ്തു.
14, 15. (എ) യോശുവ 1:7, 8-ലെ വാക്കുകൾ യോശുവാ ബാധകമാക്കിയപ്പോൾ അദ്ദേഹവും ഇസ്രയേല്യരും എന്തനുഭവിച്ചു? (ബി) യോശുവായിൽനിന്നും കാലേബിൽനിന്നും ധൈര്യം ഉൾപ്പെടുന്ന എന്തു പാഠങ്ങൾ നാം പഠിക്കുന്നു?
14 ദൈവം യോശുവായോടു പറഞ്ഞു: “എന്റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ചു നടക്കേണ്ടതിന്നു നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന്നു അതു വിട്ടു ഇടത്തോട്ടോ വലത്തോട്ടോ മാറരുതു. ഈ ന്യായപ്രമാണപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും.”—യോശുവ 1:7, 8.
15 യോശുവാ ഈ വാക്കുകൾ ബാധകമാക്കിയതുകൊണ്ടു യരീഹോയും മററു പട്ടണങ്ങളും ഇസ്രയേല്യരോടു തോററു. ഇസ്രയേല്യർ ഗിബയോനിൽ വിജയം വരിക്കുന്നതുവരെ പ്രകാശിച്ചുകൊണ്ടിരിക്കാൻ സൂര്യനെ ദൈവം നിശ്ചലമാക്കുകപോലും ചെയ്തു. (യോശുവ 10:6-14) “പെരുപ്പത്തിൽ കടല്ക്കരയിലെ മണൽപോലെ അനവധി”യായ ഏകോപിതരായ ശത്രു സൈന്യങ്ങളാൽ അപകടത്തിലകപ്പെട്ടപ്പോൾ യോശുവാ ധൈര്യസമേതം പ്രവർത്തിക്കുകയും ദൈവം വീണ്ടും ഇസ്രയേല്യരെ വിജയികളാക്കുകയും ചെയ്തു. (യോശുവ 11:1-9) നാം അപൂർണ മനുഷ്യരെങ്കിലും യോശുവായെയും കാലേബിനെയും പോലെ നമുക്കും യഹോവയെ പൂർണമായി പിൻപററാൻ കഴിയും, തന്റെ വഴികളിൽ സധൈര്യം നടക്കുന്നതിന് യഹോവക്കു നമ്മെ ശക്തരാക്കാൻ കഴിയും.
ദൈവത്തിൽ ആശ്രയിക്കുവാൻ ധൈര്യം
16. ഏതുവിധത്തിലാണു ദെബോരയും ബാരാക്കും യായേലും ധൈര്യം കാണിച്ചത്?
16 ന്യായാധിപൻമാർ ഇസ്രയേലിൽ ന്യായപാലനം നടത്തിയ നാളുകളിലെ സംഭവങ്ങൾ കാണിക്കുന്നപ്രകാരം ദൈവത്തിലുള്ള ധരമായ ആശ്രയം പ്രതിഫലദായകമാണ്. (രൂത്ത് 1:1) ദൃഷ്ടാന്തത്തിന്, ന്യായാധിപനായ ബാരാക്കും പ്രവാചകിയായ ദെബോരയും ദൈവത്തിൽ സധൈര്യം ആശ്രയിച്ചു. കനാന്യരാജാവായ യാബീൻ ഇസ്രയേല്യരെ 20 സംവത്സരം കഠിനമായി ഞെരുക്കിയിരുന്നപ്പോഴാണ് താബോർപർവതത്തിൽ 10,000 പേരെ കൂട്ടിവരുത്താനായി യഹോവ ദെബോരയെക്കൊണ്ടു ബാരാക്കിനെ പ്രേരിപ്പിച്ചത്. യാബീന്റെ സേനാപതി സീസെരാ, ഇസ്രയേലിന്റെ ആളുകൾ ഈ സമതലപ്രദേശത്ത് തന്റെ സൈന്യത്തോടും ചക്രങ്ങളിൽ ഇരുമ്പരിവാൾ ഘടിപ്പിച്ച 900 യുദ്ധരഥത്തോടും കിടനിൽക്കുകയില്ലെന്ന ഉറപ്പോടെ കുത്തിയൊഴുക്കുള്ള കീശോൻ താഴ്വരയിലേക്ക് ഇരച്ചിറങ്ങി. ഇസ്രയേൽ ജനങ്ങൾ സമതലതാഴ്വാരത്തേക്കു മാർച്ചുചെയ്തപ്പോൾ ദൈവം അവർക്കുവേണ്ടി പ്രവർത്തിക്കുകയും പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട ഒരു പ്രളയം പോർക്കളത്തെയാകെ സീസെരായുടെ രഥങ്ങളെ നിശ്ചലമാക്കിയ ചതുപ്പുനിലമാക്കി മാററുകയും ചെയ്തു. ബാരാക്കിന്റെ പടയാളികൾ ജയിച്ചു, തൻമൂലം “സീസെരയുടെ സൈന്യമൊക്കെയും വാളിന്റെ വായ്ത്തലയാൽ വീണു.” സീസെരാ യായേലിന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി, എന്നാൽ അയാൾ ഉറങ്ങിയപ്പോൾ കൂടാരത്തിലെ ഒരു കുററിയെടുത്ത് അയാളുടെ ചെന്നിയിൽ തറച്ച് കൊല്ലാനുള്ള ധൈര്യം ആ സ്ത്രീക്കുണ്ടായി. ദെബോര ബാരാക്കിനോടു ചെയ്ത പ്രാവചനിക പ്രസ്താവനക്കു ചേർച്ചയിൽ വിജയത്തിന്റെ “ബഹുമാനം” ഒരു സ്ത്രീക്കു പോയി. ദെബോരയും ബാരാക്കും യായേലും സധൈര്യം ദൈവത്തിൽ ആശ്രയിച്ചതുകൊണ്ട് ഇസ്രയേലിനു “നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.”—ന്യായാധിപൻമാർ 4:1-22; 5:31.
17. യഹോവയിലുള്ള ധീരോദാത്തമായ ആശ്രയത്തിന്റെ ഏതു ദൃഷ്ടാന്തമാണു ന്യായാധിപനായ ഗിദയോൻ നൽകിയത്?
17 മിദ്യാന്യരും മററുചിലരും ഇസ്രയേലിനെ ആക്രമിച്ചപ്പോൾ ന്യായാധിപനായ ഗിദയോൻ സധൈര്യം യഹോവയാം ദൈവത്തിൽ ആശ്രയിച്ചു. ആക്രമണകാരികൾ എണ്ണത്തിൽ ഇസ്രയേലിനെക്കവിഞ്ഞ് ഏകദേശം 1,35,000 പേരുണ്ടായിരുന്നെങ്കിലും ദൈവദത്തമായ വിജയം തങ്ങളുടെ സ്വന്ത ശൂരത്വംകൊണ്ടു നേടിയതാണെന്നു സ്ഥാപിക്കാൻ ഇസ്രയേലിന്റെ 32,000 പോരാളികൾ ചായ്വുള്ളവരായിരുന്നിരിക്കാം. അതുകൊണ്ട്, യഹോവയുടെ നിർദേശപ്രകാരം ഗിദയോൻ 100 യോദ്ധാക്കളുടെ മൂന്നു കൂട്ടമായി സൈന്യത്തെ ചുരുക്കി. (ന്യായാധിപൻമാർ 7:1-7, 16; 8:10) രാത്രിയിൽ മിദ്യാന്യരുടെ പാളയത്തെ വലയം ചെയ്ത 300 പേരിൽ ഓരോരുത്തർക്കും ഓരോ കാഹളവും ഉള്ളിൽ പന്തംവെച്ച ഓരോ കുടവും ഉണ്ടായിരുന്നു. ഒരു അടയാളം കൊടുക്കവേ അവർ കാഹളങ്ങൾ ഊതി, കുടങ്ങൾ ഉടെച്ച്, പന്തം ഉയർത്തിപ്പിടിച്ച്, “യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ” എന്ന് ആർത്തു. (ന്യായാധിപൻമാർ 7:20) പരിഭ്രാന്തരായ മിദ്യാന്യർ പാച്ചൽ തുടങ്ങുകയും കീഴടക്കപ്പെടുകയും ചെയ്തു. ദൈവത്തിലുള്ള ധൈര്യപൂർവകമായ ആശ്രയത്തിന് ഇന്നും പ്രതിഫലം ലഭിക്കുന്നുവെന്ന് അത്തരം സംഭവങ്ങൾ നമ്മെ ബോധ്യമുള്ളവരാക്കേണ്ടതാണ്.
യഹോവയെ മഹത്ത്വപ്പെടുത്താനും നിർമലാരാധനയെ പ്രോത്സാഹിപ്പിക്കാനും ധൈര്യം
18. ഗോലിയാത്തിനെ വീഴ്ത്തിയപ്പോൾ ദാവീദ് ധൈര്യസമേതം എന്താണു ചെയ്തത്?
18 യഹോവയെ ബഹുമാനിക്കാനും നിർമലാരാധനയെ പ്രോത്സാഹിപ്പിക്കാനും ചില ബൈബിൾ ദൃഷ്ടാന്തങ്ങൾ ധൈര്യം പകരുന്നു. തന്റെ പിതാവിന്റെ ആടുകളെ നിർഭയം സംരക്ഷിച്ച ബാലനായ ദാവീദ് ഫെലിസ്ത്യമല്ലനായ ഗോലിയാത്തിന്റെ മുമ്പിൽ ധീരനെന്നു തെളിയിച്ചു. ദാവീദ് പറഞ്ഞു: “നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; . . . യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും. യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവക്കുള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.” (1 ശമൂവേൽ 17:32-37, 45-47) ദിവ്യസഹായത്തോടെ ദാവീദ് ധൈര്യസമേതം യഹോവയെ ബഹുമാനിക്കുകയും ഗോലിയാത്തിനെ വീഴ്ത്തുകയും അങ്ങനെ നിർമലാരാധനക്കുള്ള ഒരു ഫെലിസ്ത്യ ഭീഷണിയെ നീക്കിക്കളയുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുകയും ചെയ്തു.
19. ഏതു സംരംഭത്തിനുവേണ്ടി ശലോമോനു ധൈര്യം ആവശ്യമായിരുന്നു, അദ്ദേഹത്തിന്റെ സമീപനം നമ്മുടെ നാളിൽ എങ്ങനെ ബാധകമാക്കാൻ കഴിയും?
19 ദാവീദ് രാജാവിന്റെ മകനായ ശലോമോൻ ദൈവത്തിന്റെ ആലയം പണിയാൻ പുറപ്പെടുമ്പോൾ അദ്ദേഹത്തിന്റെ വൃദ്ധ പിതാവ് അദ്ദേഹത്തെ ഉദ്ബോധിപ്പിച്ചു: “ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ടു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള എല്ലാവേലയും നീ നിവർത്തിക്കുംവരെ അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.” (1 ദിനവൃത്താന്തം 28:20) ധീരമായ നടപടി സ്വീകരിച്ചുകൊണ്ടു ശലോമോൻ വിജയകരമായി ആലയം പൂർത്തിയാക്കി. ഒരു ദിവ്യാധിപത്യ നിർമാണ പരിപാടി ഇന്നു വെല്ലുവിളി ഉയർത്തുമ്പോൾ നമുക്കു ദാവീദിന്റെ വാക്കുകൾ ഓർമിക്കാം: “ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവർത്തിച്ചുകൊൾക.” യഹോവയെ ബഹുമാനിക്കുന്നതിനും നിർമലാരാധനയെ പ്രോത്സാഹിപ്പിക്കുന്നതിനും ഉള്ള എത്ര മഹത്തായ മാർഗം!
20. ആസാ രാജാവ് ഏതുകാര്യത്തിലാണു ധൈര്യം കാണിച്ചത്?
20 ദൈവത്തെ ബഹുമാനിക്കുന്നതിനും നിർമലാരാധനയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആഗ്രഹം നിമിത്തം ആസാ രാജാവ് യഹൂദയിൽനിന്നു വിഗ്രഹങ്ങളെയും പുരുഷമൈഥുനക്കാരെയും നീക്കിക്കളഞ്ഞു. അദ്ദേഹം വിശ്വാസത്യാഗിയായ തന്റെ പിതാമഹിയെ അവരുടെ ഉന്നതസ്ഥാനത്തുനിന്നു നീക്കിക്കളയുകയും അവരുടെ “മ്ലേച്ഛവിഗ്രഹം” ചുട്ടുകളയുകയും ചെയ്തു. (1 രാജാക്കൻമാർ 15:11-13) അതേ, ആസാ “ധൈര്യപ്പെട്ടു, യെഹൂദയുടെയും ബെന്യാമിന്റെയും ദേശത്തുനിന്നൊക്കെയും എഫ്രയീംമലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.” (2 ദിനവൃത്താന്തം 15:8) നിങ്ങളും സധൈര്യം വിശ്വാസത്യാഗത്തെ തള്ളിക്കളയുകയും നിർമലാരാധനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമോ? നിങ്ങളുടെ ഭൗതിക വിഭവങ്ങൾ രാജ്യ താത്പര്യങ്ങളുടെ ഉന്നമനത്തിനായി നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ? യഹോവയുടെ സാക്ഷികളിൽ ഒരാൾ എന്നനിലയിൽ സുവാർത്ത പ്രഖ്യാപിക്കുന്നതിൽ നിരന്തര പങ്കു വഹിച്ചുകൊണ്ട് യഹോവയെ ബഹുമാനിക്കാനുള്ള അവസരം നിങ്ങൾ തേടുന്നുണ്ടോ?
21. (എ) ക്രിസ്തീയകാലങ്ങൾക്കു മുമ്പുള്ള നിർമലതാപാലകരെ സംബന്ധിച്ച വിവരണങ്ങൾക്കു നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും? (ബി) അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കുന്നതാണ്?
21 ക്രിസ്തീയകാലങ്ങൾക്കു മുമ്പുള്ള ധീരരായ നിർമലതാ പാലകരെക്കുറിച്ചുള്ള തിരുവെഴുത്തുപരമായ വൃത്താന്തങ്ങൾ ദൈവം സംരക്ഷിച്ചുവെച്ചതിൽ നാം എത്ര നന്ദിയുള്ളവരാണ്! ധൈര്യത്തോടും ഭയഭക്ത്യാദരങ്ങളോടും കൂടെ യഹോവക്കു വിശുദ്ധ സേവനം അർപ്പിക്കുന്നതിനു തീർച്ചയായും അവരുടെ നല്ല ദൃഷ്ടാന്തങ്ങൾക്കു നമ്മെ സഹായിക്കാൻ കഴിയും. (എബ്രായർ 12:28) എന്നാൽ ദൈവിക ധൈര്യം പ്രാവർത്തികമാക്കിയതിന്റെ ദൃഷ്ടാന്തങ്ങൾ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിലും അടങ്ങിയിരിക്കുന്നു. യഹോവയുടെ വഴികളിൽ സധൈര്യം നടക്കാൻ ഇപ്രകാരമുള്ള വിവരണങ്ങളിൽ ചിലതിനു നമ്മെ സഹായിക്കാൻ കഴിയുന്നതെങ്ങനെ?
നിങ്ങൾ എങ്ങനെ മറുപടി പറയും?
◻ ധൈര്യം എന്നാൽ എന്താണ്?
◻ ഹാനോക്കും നോഹയും ധൈര്യം പ്രകടമാക്കിയതെങ്ങനെ?
◻ ഏതു വിധത്തിലാണ് അബ്രാഹാമും സാറായും ഇസ്ഹാക്കും ധൈര്യസമേതം പ്രവർത്തിച്ചത്?
◻ മോശയും യോശുവായും കാലേബും ധൈര്യത്തിന്റെ എന്തു ദൃഷ്ടാന്തങ്ങൾ വച്ചു?
◻ തങ്ങൾക്കു ദൈവത്തിൽ ആശ്രയിക്കുന്നതിനുള്ള ധൈര്യമുണ്ടെന്നു മററു ചിലർ പ്രകടമാക്കിയതെങ്ങനെ?
[15-ാം പേജിലെ ചിത്രം]
ഗിദയോനും അദ്ദേഹത്തിന്റെ ചെറിയ പടക്കൂട്ടവും സധൈര്യം യഹോവയിൽ ആശ്രയിച്ചു