വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
മല്ക്കീസേദെക്ക് എന്നു പേരുള്ള പുരാതന പുരോഹിതൻ ഒരു യഥാർഥ മനുഷ്യനായിരുന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിനു “വംശാവലിയില്ല” എന്നു ബൈബിൾ പറയുന്നത്?
എബ്രായർ 7:3-ലാണ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ഈ വാക്യത്തിന്റെ സന്ദർഭം ശ്രദ്ധിക്കുക:
“ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മല്ക്കീസേദെക്ക് രാജാക്കൻമാരെ ജയിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേററു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാൽ സമാധാനത്തിന്റെ രാജാവു എന്നും അർത്ഥം. അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.”—എബ്രായർ 7:1-3.
പറഞ്ഞിരിക്കുന്നപ്രകാരം മല്ക്കീസേദെക്ക് അദ്ദേഹത്തിനു നേരിട്ട് ഇടപാടുകളുണ്ടായിരുന്ന അബ്രാഹാമിനെപ്പോലെ ഒരു യഥാർഥ മനുഷ്യനായിരുന്നു. (ഉല്പത്തി 14:17-20; എബ്രായർ 7:4-10) അങ്ങനെയാകയാൽ, മല്ക്കീസേദെക്കിനു മാതാവും പിതാവും ഉണ്ടായിരുന്നിരിക്കണം, അദ്ദേഹത്തിനു സന്താനങ്ങളും ഉണ്ടായിരുന്നിരിക്കാം. അതുകൊണ്ട്, ഒരു മനുഷ്യൻ എന്ന നിലയിൽ അദ്ദേഹത്തിന് വംശാവലി അല്ലെങ്കിൽ വംശപാരമ്പര്യം ഉണ്ടായിരുന്നു. അദ്ദേഹം മരിക്കുകയുമുണ്ടായി. അപ്പോസ്തലനായ പൗലോസ് റോമർ 5:12, 14-ൽ നൽകിയ പ്രസ്താവനയോടുള്ള ചേർച്ചയിൽ മല്ക്കീസേദെക്ക് ഏതോ ഘട്ടത്തിൽ മരിച്ചു. എന്നാൽ അദ്ദേഹം എന്നാണു മരിച്ചതെന്നും അങ്ങനെ പുരോഹിതനായുള്ള സേവനം എന്നാണ് അവസാനിച്ചതെന്നും നമുക്കറിഞ്ഞുകൂടാ, ആ അർഥത്തിൽ അറിയപ്പെടുന്ന അവസാനം ഇല്ലാതെ അദ്ദേഹം സേവിച്ചു.
എബ്രായർക്കുള്ള പുസ്തകത്തിൽ പൗലോസ് ഒരു ശ്രേഷ്ഠ മഹാപുരോഹിതനായുള്ള യേശുക്രിസ്തുവിന്റെ റോളിനെ സംബന്ധിച്ചു പറഞ്ഞപ്പോൾ മല്ക്കീസേദെക്കിനെപ്പററി പരാമർശനങ്ങൾ നടത്തി. യേശുവിന്റെ ഈ പൗരോഹിത്യ റോളിൽ മല്ക്കീസേദെക്കിനെ ഒരു മുൻകുറിയായി അല്ലെങ്കിൽ മാതൃകയായി പരാമർശിച്ചുകൊണ്ട് പൗലോസ് പറഞ്ഞു: “യേശു മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി” തീർന്നിരിക്കുന്നു. (എബ്രായർ 6:20) ഏതർഥത്തിൽ?
മല്ക്കീസേദെക്കിന്റെ കുടുംബ വംശാവലിയെ—അദ്ദേഹത്തിന്റെ പൂർവികൻമാരെയോ സന്തതികളായിരിക്കാൻ സാധ്യതയുള്ളവരെയോ—സംബന്ധിച്ചുള്ള വിശദാംശങ്ങൾ ബൈബിൾ നൽകുന്നില്ലെന്നു പൗലോസ് തിരിച്ചറിഞ്ഞിരിക്കും. ആ വിവരം ബൈബിൾ രേഖയിലുള്ള കാര്യം അല്ലതന്നെ. അതുകൊണ്ട്, പൗലോസിനോ നമുക്കോ അറിയാവുന്ന വസ്തുതയുടെ നിലപാടിൽനിന്നു നോക്കുമ്പോൾ മല്ക്കീസേദെക്കിനെക്കുറിച്ച് “വംശാവലിയില്ലാത്തവൻ” എന്ന് (ന്യൂവേൾഡ് ട്രാൻസ്ലേഷൻ; അമേരിക്കൻ സ്ററാൻഡാർഡ് വേർഷൻ), “വംശോല്പത്തിപ്പട്ടിക ഇല്ലാത്തവൻ” എന്ന് (ഡബ്ലിയൂ. ജെ. കോണീബെയർ), അല്ലെങ്കിൽ “വംശപാരമ്പര്യമില്ലാത്തവൻ” എന്ന് (ജെ. ബി. ഫിലിപ്സ്) കൃത്യമായി പറയാൻ കഴിയും.
ഏതുവിധത്തിലാണ് യേശു അങ്ങനെയായിരുന്നത്? യേശുവിന്റെ പിതാവ് യഹോവയാം ദൈവം ആയിരുന്നുവെന്നും അവിടുത്തെ മാനുഷിക മാതാവ് യഹൂദാ ഗോത്രത്തിലെ മറിയ ആയിരുന്നുവെന്നും നമുക്കറിയാമെന്നതു ശരിതന്നെ. എങ്കിലും മല്ക്കീസേദെക്കും യേശുവും തമ്മിൽ ഒരു സാമ്യം ഉണ്ടായിരുന്നു. അതെങ്ങനെ? ഇസ്രയേൽ ജനതയുടെ പുരോഹിത കുലമായിരുന്ന ലേവി ഗോത്രത്തിലായിരുന്നില്ല യേശു ജനിച്ചത്. ഇല്ല, യേശു മനുഷ്യവംശാവലിപ്രകാരം ഒരു പുരോഹിതനായിത്തീർന്നില്ല. മല്ക്കീസേദെക്ക് പുരോഹിതനായതും “ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താൽ അല്ലാ”യിരുന്നു, അതായത്, പുരോഹിത ഗോത്രത്തിലോ കുടുംബത്തിലോ ജനിക്കുകവഴിയല്ല എന്നുതന്നെ. (എബ്രായർ 7:15, 16) പുരോഹിതനായിരുന്ന ഒരു മാനുഷപിതാവിലൂടെ പുരോഹിതനാകുന്നതിനുപകരം യേശുവിന് “മല്ക്കീസേദെക്കിന്റെ ക്രമപ്രകാരം മഹാപുരോഹിതൻ എന്നുള്ള നാമം ദൈവത്താൽ ലഭിച്ചുമിരിക്കുന്നു.”—എബ്രായർ 5:10.
കൂടാതെ യേശുവിന്റെ പൗരോഹിത്യത്തിന് അനന്തരഗാമികളോ പിൻഗാമികളോ ഉണ്ടായിരുന്നില്ല. ഈ അർഥത്തിലും അവിടുന്നു വംശാവലി ഇല്ലാത്തവനായിരുന്നു. അവിടുന്നു സഹായകനായ ഉപദേശകനായി നിത്യം പൗരോഹിത്യ സേവനം അനുഷ്ഠിക്കും. എല്ലാ നിത്യതയിലും തുടരുന്ന ഈ സേവനത്തെക്കുറിച്ചു പൗലോസ് ഇങ്ങനെ അഭിപ്രായപ്പെട്ടു:
“[യേശുവോ] എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു. അതുകൊണ്ടു താൻമുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.”—എബ്രായർ 7:24, 25.
അതുകൊണ്ട്, എബ്രായർ 7:3-ലെ പൗലോസിന്റെ വാക്കുകളുടെ പരിചിന്തനം നമ്മുടെ തലയിൽ എങ്ങോ സൂക്ഷിക്കേണ്ട കേവലം ഒരു അറിവിന്റെ ശകലം ആയി ഒതുങ്ങരുത്. അത്, യഹോവയാം ദൈവം നമ്മുടെ പാപങ്ങൾക്കു നിത്യമായി മോചനം ലഭിക്കുന്നതിനു ചെയ്തിരിക്കുന്ന സ്നേഹനിർഭരമായ കരുതലിനോടും നമുക്കു സ്ഥിരമായി സഹായവും മാർഗനിർദേശവും ലഭിക്കുന്നതിന് അവിടുന്ന് ഒരുക്കിയിരിക്കുന്ന വിധത്തോടുമുള്ള നമ്മുടെ വിലമതിപ്പിനെ ബലിഷ്ഠമാക്കേണ്ടതാണ്.