“സകല സൗമ്യൻമാരുമായുള്ളോരേ, യഹോവയെ അന്വേഷിപ്പിൻ”
“യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൗമ്യൻമാരുമായുള്ളോരേ, യഹോവയെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൗമ്യത അന്വേഷിപ്പിൻ; ഒരുപക്ഷേ നിങ്ങൾ യഹോവയുടെ കോപദിവസത്തിൽ മറയ്ക്കപ്പെട്ടേക്കാം.”—സെഫന്യാവ് 2:3, NW.
പ്രവാചകനായ സെഫന്യാവ് ആ വാക്കുകൾ സംബോധന ചെയ്തത് ‘ഭൂമിയിലെ സൗമ്യതയുള്ളവ’രോടായിരുന്നു. “യഹോവയുടെ കോപദിവസത്തിൽ” സംരക്ഷിക്കപ്പെടേണ്ടതിനു “സൗമ്യത അന്വേഷി”പ്പാൻ അദ്ദേഹം അവരെ ബുദ്ധ്യുപദേശിച്ചു. അതിജീവനത്തിനു സൗമ്യത ഒരു അവശ്യഘടകമാണെന്നതിനു യാതൊരു സംശയവും അവശേഷിപ്പിക്കുന്നില്ല. എന്നാൽ എന്തുകൊണ്ട്?
സൗമ്യത അന്വേഷിക്കേണ്ടത് എന്തുകൊണ്ട്?
ഗർവമോ അഹംഭാവമോ ഇല്ലാതെ ശാന്ത സ്വഭാവമുണ്ടായിരിക്കുക എന്ന ഗുണമാണു സൗമ്യത. താഴ്മ, വിനയം എന്നിങ്ങനെയുള്ള മററു സദ്ഗുണങ്ങളോട് അതു വളരെ അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ആ സ്ഥിതിക്ക്, സൗമ്യതയുള്ളവർ പ്രബോധിപ്പിക്കാൻ പററുന്നവരും തത്കാലം വ്യസനകരമെന്നു തോന്നിയാലും ദൈവത്തിന്റെ കൈയാലുള്ള ശിക്ഷണം സ്വീകരിക്കാൻ ഒരുക്കമുള്ളവരുമാണ്.—സങ്കീർത്തനം 25:9; എബ്രായർ 12:4-11.
സൗമ്യതക്ക് അതിൽത്തന്നെ ഒരുവന്റെ വിദ്യാഭ്യാസത്തോടോ ജീവിതനിലവാരത്തോടോ യാതൊരു ബന്ധവുമില്ലായിരിക്കാം. എന്നാൽ ഉന്നത വിദ്യാഭ്യാസമുള്ളവരും ലൗകികമായ വിധത്തിൽ വിജയം പ്രാപിക്കുന്നവരും തങ്ങൾ എല്ലാ കാര്യത്തിലും, ആരാധനയുടെ കാര്യത്തിൽപോലും, സ്വന്തമായി തീരുമാനമെടുക്കാൻ യോഗ്യരാണ് എന്നു ചിന്തിച്ചേക്കാൻ പ്രവണത കാട്ടുന്നു. ഇതു തങ്ങളെ എന്തെങ്കിലും പഠിപ്പിക്കാൻ മറെറാരാളെ അനുവദിക്കുന്നതിൽനിന്ന് അല്ലെങ്കിൽ ബുദ്ധ്യുപദേശം കൈക്കൊണ്ടു തങ്ങളുടെ ജീവിതത്തിൽ ആവശ്യമായ മാററങ്ങൾ വരുത്തുന്നതിൽനിന്ന് അവരെ തടഞ്ഞേക്കാം. ഭൗതികമായി സമ്പന്നരായ മററു ചിലർ തങ്ങളുടെ സുരക്ഷിതത്വം തങ്ങളുടെ ഭൗതിക സ്വത്തുക്കളിലാണ് എന്ന തെററായ ചിന്തയിലേക്കു വഴുതിവീണേക്കാം. അതിനാൽ ദൈവത്തിന്റെ വചനമായ ബൈബിളിൽനിന്നുള്ള ആത്മീയ സമ്പത്തിന്റെ ആവശ്യകത അവർക്ക് അനുഭവപ്പെടുന്നില്ല.—മത്തായി 4:4; 5:3; 1 തിമൊഥെയൊസ് 6:17.
യേശുവിന്റെ നാളിലെ ശാസ്ത്രിമാരെയും പരീശൻമാരെയും മുഖ്യപുരോഹിതൻമാരെയുംകുറിച്ചു ചിന്തിക്കുക. ഒരിക്കൽ യേശുവിനെ അറസ്ററു ചെയ്യാനായി പറഞ്ഞയച്ച ചേവകർ വെറുംകൈയോടെ തിരിച്ചുവന്നപ്പോൾ പരീശൻമാർ ഇങ്ങനെ പറഞ്ഞു: “നിങ്ങളും തെററിപ്പോയോ? പ്രമാണികളിൽ ആകട്ടെ പരീശൻമാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ? ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു.” (യോഹന്നാൻ 7:45-49) മററു വാക്കുകളിൽ പറഞ്ഞാൽ, അവരുടെ കണക്കിന് അജ്ഞരും അനഭ്യസ്തരും മാത്രമേ യേശുവിൽ വിശ്വസിക്കാൻമാത്രം വിഡ്ഢികളായിരിക്കൂ.
എന്നിട്ടും ചില പരീശൻമാർ സത്യത്തിലേക്ക് ആകർഷിക്കപ്പെടുകയും ക്രിസ്തുവിനും ക്രിസ്ത്യാനികൾക്കും വേണ്ടി വാദിക്കുകയും ചെയ്തു. ഇവരിൽ പെട്ടവരായിരുന്നു നിക്കോദേമൊസും ഗമാലിയേലും. (യോഹന്നാൻ 7:50-52; പ്രവൃത്തികൾ 5:34-40) യേശുവിന്റെ മരണശേഷം “പുരോഹിതൻമാരിലും വലിയോരു കൂട്ടം വിശ്വാസത്തിന്നു അധീനരായിത്തീർന്നു.” (പ്രവൃത്തികൾ 6:7) ഏററവും മികച്ച ദൃഷ്ടാന്തം അപ്പോസ്തലനായ പൗലോസിന്റേതായിരുന്നെന്നതിനു സംശയമില്ല. അദ്ദേഹം ഗമാലിയേലിൽനിന്നു വിദ്യ അഭ്യസിച്ചിട്ട് യഹൂദമതത്തിന്റെ സമർഥനും ബഹുമാന്യനുമായ ഒരു വക്താവായിത്തീർന്നു. എന്നിരുന്നാലും, സമയമായപ്പോൾ ക്രിസ്തുയേശുവിന്റെ വിളിയോടു പ്രതികരിക്കുകയും അവിടുത്തെ തീക്ഷ്ണാനുഗാമിയായിത്തീരുകയും ചെയ്തു.—പ്രവൃത്തികൾ 22:3; 26:4, 5; ഗലാത്യർ 1:14-24; 1 തിമൊഥെയൊസ് 1:12-16.
ഇതെല്ലാം കാണിക്കുന്നത്, ഒരുവന്റെ പശ്ചാത്തലം എന്തുതന്നെയായിരുന്നാലും, അല്ലെങ്കിൽ ബൈബിൾസന്ദേശത്തെക്കുറിച്ച് ഒരുവൻ ഇപ്പോൾ എങ്ങനെ വിചാരിച്ചാലും സെഫന്യാവിന്റെ വാക്കുകൾ അപ്പോഴും ബാധകമാണ്. ആരെങ്കിലും ദൈവത്താൽ അംഗീകരിക്കപ്പെടാനും അവിടുത്തെ വചനത്താൽ വഴിനടത്തപ്പെടാനും ആഗ്രഹിക്കുന്നെങ്കിൽ സൗമ്യത അനിവാര്യമാണ്.
ഇന്നു “സൗമ്യത അന്വേഷിക്കു”ന്നവർ
ഇന്ന്, ലോകത്തിനുചുററുമുള്ള ലക്ഷക്കണക്കിനാളുകൾ രാജ്യസുവാർത്തയോടു പ്രതികരിക്കുന്നുണ്ട്. അത്തരമാളുകളുടെ ഭവനങ്ങളിൽവെച്ചു യഹോവയുടെ സാക്ഷികൾ വാരംതോറും 40 ലക്ഷത്തിലധികം ബൈബിളധ്യയനങ്ങൾ നടത്തുന്നു. ഇവർ അനേക പശ്ചാത്തലങ്ങളിൽനിന്നും സാമ്പത്തികവും സാമൂഹികവുമായ വ്യത്യസ്ത സാഹചര്യങ്ങളിൽനിന്നുമുള്ളവരാണ്. എന്നിട്ടും, അവർക്കെല്ലാം പൊതുവായുള്ള ഒരു സംഗതി അവരുടെ വീട്ടുവാതിൽക്കലോ മറെറവിടെയെങ്കിലുമോ വച്ച് ആരോ അവർക്കു കൊടുത്ത ബൈബിൾസന്ദേശം സ്വീകരിക്കാൻമാത്രമുള്ള താഴ്മ അവർക്കുണ്ട് എന്നതാണ്. അവരിലനേകരും നല്ലവണ്ണം പുരോഗമിക്കുന്നുണ്ട്, കാരണം തങ്ങളുടെ മാർഗമധ്യേയുള്ള പ്രതിബന്ധങ്ങളെ തരണം ചെയ്യാനാവശ്യമായ ശ്രമം നടത്താൻ അവർ മനസ്സൊരുക്കമുള്ളവർ ആണ്. അതേ, അവർ ‘ഭൂമിയിലെ സൗമ്യ’രിൽ പെട്ടവരാണ്.
ഉദാഹരണത്തിന് മെക്സിക്കോയിലെ മരിയയുടെ കാര്യമെടുക്കുക. അവർ സർവകലാശാലയിൽ നിയമം പഠിച്ചു, പൂർവസ്വത്തുണ്ടായിരുന്നതിനാൽ സാമ്പത്തികമായി സുരക്ഷിതയുമായിരുന്നു. ഇക്കാരണത്താൽ, അവർ പറഞ്ഞപ്രകാരം, തന്നെ ഒരു “മത്സരിയും പരുഷയും അടക്കിഭരിക്കുന്നവളും നിരീശ്വരവിശ്വാസിയും” ആക്കിമാററിയ ചില യഥേഷ്ട സങ്കൽപ്പങ്ങൾ താൻ വളർത്തിയെടുത്തു. “പണംകൊണ്ട് എന്തും നേടാമെന്നും ദൈവം അപ്രസക്തമാണെന്നും ഞാൻ ചിന്തിക്കാനിടയായി. വാസ്തവത്തിൽ, അവൻ സ്ഥിതിചെയ്തിരുന്നില്ലെന്നുപോലും ഞാൻ വിചാരിച്ചു,” മരിയ ഓർക്കുന്നു. “എന്നെ സംബന്ധിച്ചടത്തോളം, മതം അപഹാസ്യവും വെറുമൊരു സാമൂഹിക ആവശ്യവുമായിരുന്നു,” അവർ കൂട്ടിച്ചേർത്തു.
നാളുകൾക്കുശേഷം, തന്റെ ഒരു മച്ചുനൻ യഹോവയുടെ സാക്ഷിയായതിൽപ്പിന്നെ അയാളിൽക്കണ്ട മാററങ്ങൾ മരിയ ശ്രദ്ധിച്ചു. “അയാൾ ഭയങ്കരനായിരുന്നു, ഇപ്പോഴോ, വളരെ ശാന്തനും നേരുള്ളവനുമായ ഒരു വ്യക്തി” മരിയ വിശദീകരിച്ചു. “അയാൾ ഒരു സുവിശേഷപ്രസംഗകനാണെന്നും ബൈബിൾ വായിക്കുമെന്നും അക്കാരണത്താൽ അയാൾ മേലാൽ മദ്യപിക്കുകയോ പെണ്ണുപിടിക്കുകയോ ചെയ്യുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. അതുകൊണ്ട് അയാൾ വന്ന് എന്നെ ബൈബിൾ വായിച്ചുകേൾപ്പിക്കാൻ ഞാനാഗ്രഹിച്ചു, കാരണം എനിക്ക് വളരെ ആവശ്യമായിരുന്ന ശാന്തതയും സമാധാനവും അങ്ങനെയെനിക്കു കിട്ടുമല്ലോ എന്നു ഞാൻ ചിന്തിച്ചു.” സാക്ഷികളായ ഒരു ദമ്പതികളോടൊപ്പം മരിയ ഒരു ബൈബിളധ്യയനം സ്വീകരിച്ചെന്നതാണു ഫലം.
അവർക്കു തരണം ചെയ്യേണ്ട നിരവധി സംഗതികളുണ്ടായിരുന്നു. ഒന്നാമതായി, തന്റെ ഭർത്താവിനു കീഴ്പെടാൻതക്കവണ്ണം ശിരസ്ഥാനമെന്ന ബൈബിൾതത്ത്വം അംഗീകരിക്കാൻ അവർക്കു വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ അവർ തന്റെ ജീവിതത്തിലും മനോഭാവത്തിലും സമൂല മാററങ്ങൾ വരുത്തി. അവർ ഇങ്ങനെ ഏററുപറഞ്ഞു: “യഹോവയുടെ സഹായവുമായി സഹോദരൻമാർ എന്റെ വീട്ടിൽ കാലുകുത്തിയനാൾമുതൽ ഇവിടെ സന്തോഷവും സമാധാനവും ദൈവാനുഗ്രഹവുമുണ്ട്.” ഇന്നു മരിയ സമർപ്പിച്ചു സ്നാപനമേററ ഒരു യഹോവയുടെ സാക്ഷിയാണ്.
സത്യാരാധനയുടെ അനുധാവനത്തിൽ, സൗമ്യത അല്ലെങ്കിൽ അതിന്റെ അഭാവം സുപ്രധാന പങ്കു വഹിക്കുന്ന മറെറാരു വശമുണ്ട്. മിക്കപ്പോഴും, കുടുംബത്തിൽ ഭാര്യ സത്യം സ്വീകരിക്കുകയും യഹോവയെ സേവിക്കാനാഗ്രഹിക്കുകയും ചെയ്യുന്നു, എന്നാൽ ഭർത്താവു മടിച്ചു നിൽക്കുന്നു. തന്റെ ഭാര്യ ഇപ്പോൾ കീഴ്പെടേണ്ട മറെറാരു വ്യക്തി—യഹോവയാം ദൈവം—ഉണ്ടെന്ന് അംഗീകരിക്കുക ഒരുപക്ഷേ ചില ഭർത്താക്കൻമാർക്കു പ്രയാസമാണ്. (1 കൊരിന്ത്യർ 11:3) മെക്സിക്കോയിലെ ചെവാവായിലെ ഒരു സ്ത്രീ ഒരു ബൈബിളധ്യയനം ആവശ്യപ്പെടുകയും ക്രമേണ അവരും ഏഴു മക്കളും സത്യത്തിൽ വരുകയും ചെയ്തു. ആദ്യം അവരുടെ ഭർത്താവ് എതിർത്തു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ബൈബിൾസാഹിത്യങ്ങൾ വിതരണം ചെയ്തുകൊണ്ടു തന്റെ കുടുംബത്തിലുള്ളവർ വീടുതോറും പോകുന്നത് അയാൾക്ക് ഇഷ്ടമില്ലായിരുന്നു. വാസ്തവത്തിൽ ഇതു തന്റെ അന്തസ്സിനു ചേർന്നതല്ലെന്ന് അയാൾ വിചാരിച്ചു. എന്നുവരികിലും, അയാളുടെ കുടുംബം ദൈവത്തെ സേവിക്കാനുള്ള തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിന്നു. കാലക്രമേണ, ദൈവത്തിന്റെ ക്രമീകരണത്തെ അംഗീകരിക്കുന്നതിന്റെ മൂല്യം ഭർത്താവു തിരിച്ചറിയാൻ തുടങ്ങി. എന്നാൽ അയാൾ യഹോവക്കു സമർപ്പിക്കുമ്പോഴേക്കും 15 വർഷങ്ങൾ കടന്നുപോയിരുന്നു.
മെക്സിക്കോയിലുടനീളം, തദ്ദേശവാസികൾ അമേരിക്കൻ ഇൻഡ്യക്കാരുടെ നാട്ടുഭാഷ സംസാരിക്കുന്നതും പ്രാദേശിക സമ്പ്രദായങ്ങളുള്ളതുമായ ധാരാളം ഒററപ്പെട്ട സമൂഹങ്ങൾ ഇനിയുമുണ്ട്. ബൈബിൾസന്ദേശം അവരിലേക്ക് എത്തുകയും അത് അവരുടെ സാംസ്കാരിക നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കാരണം ബൈബിൾ പഠിക്കുമ്പോൾത്തന്നെ ചിലർ എഴുതാനും വായിക്കാനുംകൂടി പഠിക്കുന്നുണ്ട്. എന്നിരുന്നാലും, ആളുകൾക്കു വിദ്യാഭ്യാസമില്ലെന്നതോ ഭൗതിക ധനം ഇല്ലെന്നതോ അവർ കൂടുതൽ സ്വീകാര്യക്ഷമതയുള്ളവരായിരിക്കും എന്ന് അവശ്യം അർഥമാക്കുന്നില്ല. വംശാഭിമാനവും പിതൃപാരമ്പര്യങ്ങളോടുള്ള അഭിനിവേശവും ചിലർക്കു സത്യം സ്വീകരിക്കുക പ്രയാസകരമാക്കാറുണ്ട്. ചില ഇൻഡ്യൻ ഗ്രാമങ്ങളിൽ സത്യം പഠിക്കുന്നവരെ മിക്കപ്പോഴും മററു ഗ്രാമവാസികൾ ഉപദ്രവിക്കുന്നതിന്റെ കാരണവും ഇതു വ്യക്തമാക്കുന്നു. അതുകൊണ്ട്, വിവിധ സന്ദർഭങ്ങളിൽ സൗമ്യത പ്രകടമാക്കേണ്ടതുണ്ട്.
സൗമ്യമായി പ്രതികരിക്കുക
വ്യക്തിപരമായി നിങ്ങളെ സംബന്ധിച്ചെന്ത്? ദൈവവചനത്തിലെ സത്യത്തോടു നിങ്ങൾ പ്രതികരിക്കുന്നുണ്ടോ? അതോ ചില ബൈബിൾസത്യങ്ങൾ സ്വീകരിക്കാൻ നിങ്ങൾക്കു പ്രയാസമുണ്ടോ? നിങ്ങളെ എന്താണു തടയുന്നതെന്നു മനസ്സിലാക്കാൻ ഒരുപക്ഷേ സ്വയം ഒരു പരിശോധന നടത്താൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. സത്യത്തിലേക്ക് ആകർഷിക്കപ്പെട്ടിരിക്കുന്നവരിൽ അനേകരും എളിയ കുലങ്ങളിൽനിന്നു വന്നവരായതുകൊണ്ടു നിങ്ങൾ അസ്വസ്ഥരാകുന്നുവോ? ദുരഭിമാനമാണോ നിങ്ങളുടെ ചിന്തയിലുള്ളത്? അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ ശ്രദ്ധിക്കുന്നതു നല്ലതാണ്: “ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു. ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു; ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നെ.”—1 കൊരിന്ത്യർ 1:27-29.
ഒരു നിസ്സാര മൺകുടത്തിൽ കണ്ടെത്തിയെന്ന കാരണത്താൽ നിങ്ങൾ ഒരു നിധി വലിച്ചെറിയുമോ? ഒരിക്കലുമില്ല! എന്നാൽ അതേ വിധത്തിൽത്തന്നെയാണു ദൈവം തന്റെ ജീവരക്ഷാകരമായ സത്യവചനം നമുക്കു തരുന്നത്. അതാണ് അപ്പോസ്തലനായ പൗലോസ് പറയുന്നത്: “എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനം എന്നത്രേ വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ അത്രേ ആകുന്നു ഉള്ളതു.” (2 കൊരിന്ത്യർ 4:7) നമുക്കു പകർന്നുതരാനുപയോഗിക്കുന്ന “മൺപാത്രങ്ങ”ളെ അഥവാ മനുഷ്യ മാധ്യമങ്ങളെ നോക്കാതെ ആ നിധിയുടെ യഥാർഥ മൂല്യം തിരിച്ചറിയാൻ സൗമ്യതയും താഴ്മയും നമ്മെ സഹായിക്കും. അങ്ങനെ ചെയ്താൽ, “യഹോവയുടെ കോപദിവസത്തിൽ മറയ്ക്കപ്പെടാ”നും “ഭൂമിയെ അവകാശമാക്കു”ന്ന സൗമ്യരുടെയിടയിൽ ഉണ്ടായിരിക്കാനും ഉള്ള നമ്മുടെ സാധ്യത വർധിപ്പിക്കുകകൂടെയായിരിക്കും നാം ചെയ്യുന്നത്.—സെഫന്യാവു 2:3; മത്തായി 5:5.