കിഴക്കും പടിഞ്ഞാറും യഹോവ തന്റെ ജനത്തെ ശക്തീകരിക്കുന്നു
“പ്രസംഗവേല നിരോധിച്ചിട്ടുള്ള പ്രദേശങ്ങളിൽ, അക്രമപ്രവർത്തനങ്ങളാൽ പിച്ചിച്ചീന്തപ്പെട്ട രാജ്യങ്ങളിൽ, അടുത്തയിടെ നിരോധനങ്ങൾ നീക്കപ്പെട്ട നാടുകളിൽ—തീർച്ചയായും ലോകവ്യാപക വയലിൽ ഉടനീളം—യഹോവ തന്റെ സാക്ഷികൾക്കു “സാധാരണയിൽ കവിഞ്ഞശക്തി” പ്രദാനം ചെയ്യുന്നതിൽ തുടരുന്നു.—2 കൊരിന്ത്യർ 4:7, NW.
നിരോധനത്തിൻ കീഴിൽ അഭിവൃദ്ധി
വിദൂരപൂർവദേശത്തെ ഒരു ദ്വീപസമൂഹത്തിൽ പ്രസംഗവേല നിരോധിച്ചിട്ട് ഇപ്പോൾ 17 വർഷമായി. ഇതിൽ സാക്ഷികൾ നിരുത്സാഹിതരാണോ? അശേഷമല്ല! ഇക്കഴിഞ്ഞ മേയിൽ അവർ 10,756 പ്രസാധകരുടെ പുതിയ അത്യുച്ചത്തിലെത്തി. അതിൽ 1,297 പേർ മുഴുസമയ ശുശ്രൂഷകരായി സേവിക്കുകയായിരുന്നു. ലോകാവസ്ഥകൾ വഷളാകുന്തോറും ദ്വീപുവാസികൾ സത്യത്തിനു ചെവികൊടുക്കാൻ പൂർവാധികം ചായ്വു കാണിക്കുന്നു. അതിനാൽ താത്പര്യക്കാരായ ആളുകളുടെ ഭവനങ്ങളിൽ അവർ 15,654 ബൈബിളധ്യയനങ്ങൾ നടത്തിക്കൊണ്ടിരുന്നതായി റിപ്പോർട്ടു ചെയ്തു. നേരത്തെ, യേശുവിന്റെ മരണം കൊണ്ടാടുവാൻ രഹസ്യമായി നടത്തപ്പെട്ട യോഗങ്ങളിൽ 25,397 പേർ സംബന്ധിച്ചു.
ഇനി, “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷൻ—അതും പ്രാദേശിക സാഹചര്യങ്ങൾക്കു ചേർച്ചയിൽ വിവേചനയോടെ—നടത്തപ്പെട്ടപ്പോൾ, ഐക്യനാടുകളിൽ പ്രകാശനം ചെയ്തിരുന്ന പുതിയ പുസ്തകങ്ങളുടെ പ്രതികൾ തങ്ങളുടെ പ്രാദേശിക ഭാഷയിൽ ലഭിച്ചതിൽ സഹോദരങ്ങൾ ആനന്ദാതിരേകത്തിലാണ്ടു. പരിഭാഷകരും പ്രൂഫ് വായിക്കുന്നവരും മററുള്ളവരും സാധാരണയിലും കൂടുതൽ സ്വമേധയാ ജോലി ചെയ്തതിനാൽ നൂറു കണക്കിനു പേജുകളുള്ള ഈ മുഖ്യ പ്രകാശനം കൃത്യസമയത്തു തയ്യാറായി. സഹകരണ മനോഭാവമുള്ള ഒരു അച്ചടിസ്ഥാപനം സന്തോഷപൂർവം അതിന്റെ മനോഹരമായ അച്ചടിയും ബയൻറിങ്ങും ചെയ്തുതന്നു. വർണപ്പൊലിമയുള്ള ആയിരത്തിലധികം ചിത്രങ്ങൾ അണിനിരത്തിയിട്ടുള്ള പ്രസ്തുത പ്രസിദ്ധീകരണം ലഭിക്കാനിടയായതു കൺവെൻഷനിൽ പങ്കെടുത്തവർക്കു വലിയ സന്തോഷത്തിനു വകനൽകി. അനേകം ഗവൺമെൻറ് ഉദ്യോഗസ്ഥൻമാർ യഹോവയുടെ സാക്ഷികളെ ആദരിക്കുന്നു, എന്നാൽ എതിർപ്പു വരുന്നതു മുഖ്യമായും ക്രൈസ്തവലോകത്തിലെ പുരോഹിതവർഗത്തിൽനിന്നാണ്. നിരോധനം പെട്ടെന്നു മാറുമെന്നാണു പ്രതീക്ഷിക്കുന്നത്.
അമേരിക്കകളെ സംബന്ധിച്ചെന്ത്?
ഈ പാശ്ചാത്യരാജ്യങ്ങളിലെ യഹോവയുടെ സാക്ഷികൾ പൗരസ്ത്യദേശങ്ങളിലുള്ള സഹോദരങ്ങളോടൊപ്പം തങ്ങളുടെ പ്രശ്നങ്ങൾ ധൈര്യപൂർവം പരിഹരിക്കുന്നതിൽ ഏകീകൃതരാണ്. പ്രയാസകരമായ സ്ഥിതിവിശേഷങ്ങളെ മറികടക്കാൻ യഹോവയുടെ ആത്മാവ് അവരെ സഹായിക്കുന്നു. മയക്കുമരുന്നു കള്ളക്കടത്തുകാർ വിലസുന്ന കാടുകളുള്ള ലാററിൻ-അമേരിക്കൻ രാജ്യത്തുനിന്നുള്ള പിൻവരുന്ന ഉദാഹരണംതന്നെ എടുക്കാം.
ഒരു ഒററപ്പെട്ട പ്രദേശത്തേക്ക് ഒരു കൂട്ടം സാക്ഷികൾ ബസ്സിൽ യാത്രയായി. ബസ്സിൽനിന്നിറങ്ങിയ അവർ ഗ്രാമത്തിൽനിന്ന് ഉള്ളിലേക്കു പോകുന്ന ഒരു ചെറിയ വഴി കണ്ടു. അതുകൊണ്ട്, സഹോദരിമാരെയും കുട്ടികളെയും ഗ്രാമത്തിൽ പ്രവർത്തിക്കാൻ ആക്കിയിട്ട് അഞ്ചു സഹോദരൻമാർ ആ കൊച്ചുവഴി എങ്ങോട്ടാണെന്നു നോക്കാൻ പോയി. സഹോദരൻമാരിൽ ഒരാൾ തുടർന്നുള്ള സംഭവങ്ങൾ ഇങ്ങനെ വിവരിക്കുന്നു:
ആ വഴിയിലൂടെ രണ്ടു മണിക്കൂർ നടന്നിട്ടും അധികം വീടുകളൊന്നും കാണാൻ കഴിഞ്ഞില്ല. അപ്പോൾ, മുഖംമൂടിയണിഞ്ഞ സായുധരായ എട്ടു മനുഷ്യർ കാട്ടിൽനിന്നു പെട്ടെന്നു പുറത്തേക്കു വന്നു. ചിലരുടെ കയ്യിൽ യന്ത്രത്തോക്കും മററുള്ളവരുടെ കയ്യിൽ വാളും. ഞങ്ങൾ എന്തിലാണ് അകപ്പെട്ടിരിക്കുന്നത്? അവർക്കെന്തു വേണം എന്നു ഞങ്ങൾ ചോദിച്ചു, എന്നാൽ മിണ്ടാതെ, ശാന്തരായി മുന്നോട്ടു നടക്കാനായിരുന്നു അവർ ഞങ്ങളോട് ആവശ്യപ്പെട്ടത്. ഞങ്ങൾ അങ്ങനെ ചെയ്തു! ഇടതൂർന്ന വനങ്ങളിലൂടെയും കുററിക്കാടുകളിലൂടെയും ഉള്ള രണ്ടു മണിക്കൂർ നടത്തം ഞങ്ങളെ ഒരു സായുധ ക്യാമ്പിലാണ് എത്തിച്ചതെന്നു വ്യക്തമായി. എവിടെയും തോക്കുധാരികളായ കാവൽക്കാരുണ്ടായിരുന്നു. മധ്യത്തിലായി ഒരു മനോഹരമായ കെട്ടിടം, ഞങ്ങളെ അതിലേക്കു നടത്തി.
“ഞങ്ങൾ ഇരുന്നു കഴിഞ്ഞപ്പോൾ ക്യാമ്പിന്റെ നേതാവാണെന്നു തോന്നിയ ഒരാൾ ഞങ്ങളോടു സംസാരിക്കാൻ എത്തി. മാന്യമായി വസ്ത്രം ധരിച്ചിരുന്ന അയാൾ വിദ്യാസമ്പന്നനും പ്രതാപശാലിയുമായിരുന്നു. അയാൾ സഹോദരൻമാരിൽ ഒരാളെ ചൂണ്ടിയിട്ട് എഴുന്നേററു നിൽക്കാൻ ആവശ്യപ്പെട്ടു, എന്നിട്ടു ചോദിച്ചു: ‘ഞങ്ങളുടെ ഗ്രൂപ്പിനെപ്പററി നിങ്ങളുടെ അഭിപ്രായമെന്താണ്?’ ഞങ്ങൾ എവിടെയാണെന്ന പൂർണബോധ്യത്തോടെ സഹോദരൻ ഇങ്ങനെ മറുപടി പറഞ്ഞു: ‘നിങ്ങളുടെ ഗ്രൂപ്പിനെപ്പററി ഞങ്ങൾക്ക് അറിയാം, പക്ഷേ ഞങ്ങൾക്ക് അതിലൊരു താത്പര്യവുമില്ല. മാത്രമല്ല വേറൊരു രാഷ്ട്രീയ ഗ്രൂപ്പിലും ഞങ്ങൾക്കു താത്പര്യമില്ല. ഞങ്ങൾ ഇവിടെ എത്തിയതുതന്നെ ക്രിസ്തുയേശുവിനാലുള്ള യഹോവയാം ദൈവത്തിന്റെ രാജ്യത്തെപ്പററി പ്രസംഗിക്കാനാണ്. അത് ഈ വ്യവസ്ഥിതിയിലെ എല്ലാ രാഷ്ട്രീയ ഗവൺമെൻറുകളെയും ഉടൻ നശിപ്പിച്ച് പറുദീസാ അവസ്ഥകൾക്കു കീഴിൽ ഈ ഭൂമിയിലെ ജനങ്ങൾക്ക് അത്ഭുതകരമായ അനുഗ്രഹങ്ങൾ ആനയിക്കും, അതാകട്ടെ, ഒരു മനുഷ്യനോ ഏതെങ്കിലും ഗ്രൂപ്പിനോ ചെയ്യാൻ സാധിക്കാത്ത ഒന്നായിരിക്കുകയും ചെയ്യും.’
“അതോടെ മനോഭാവത്തിനു മാററംവന്ന അദ്ദേഹം പല ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ‘ഇതെല്ലാം നിങ്ങൾ എവിടെനിന്നാണു പഠിച്ചത്? ഇങ്ങനെ സംസാരിക്കാൻതക്കവണ്ണം നിങ്ങൾ എങ്ങനെയാണു സജ്ജരായത്?’ ഏതാണ്ട് ഒന്നര മണിക്കൂറോളം ലോകാവസ്ഥകളെയും മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശയായി ബൈബിൾ തിരിച്ചറിയിക്കുന്നതെന്ത് എന്നതിനെയും സംബന്ധിച്ച് ഒരു നല്ല സാക്ഷ്യം കൊടുക്കാൻ ഞങ്ങൾക്കു സാധിച്ചു. ഞങ്ങൾ ഭരണാധികാരികളെ അനുസരിക്കുന്നു, എന്നാൽ അവരുടേതു യഹോവയുടെ വചനത്തിനു വിരുദ്ധമായി വരുമ്പോൾ ഞങ്ങൾ ആദ്യം ഞങ്ങളുടെ ദൈവമായ യഹോവയെ അനുസരിക്കുന്നു എന്നു പറഞ്ഞുകൊണ്ടു ഞങ്ങൾ റോമർ 13-ാം അധ്യായം വിശദീകരിക്കുകയും ചെയ്തു. അവസാനം ഞങ്ങളുടെ പക്കലുണ്ടായിരുന്ന പുസ്തകങ്ങൾ ഞങ്ങൾ അയാൾക്കു സമർപ്പിച്ചു. അതിൽനിന്നു മൂന്നു പുസ്തകവും ഒരു ബൈബിളും അദ്ദേഹം എടുത്തു, അതിനൊരു സംഭാവനയും തന്നു. അതു ഞങ്ങളെ അത്ഭുതസ്തബ്ധരാക്കി. എന്നിട്ട്, താൻ അവ വായിക്കുമെന്ന് അദ്ദേഹം ഞങ്ങളോടു പറയുകയും ചെയ്തു.
“തുടർന്ന്, ഞങ്ങളെ ക്യാമ്പിനു പുറത്തേക്കു നയിക്കാൻ നേതാവു തന്റെ കൂട്ടരിൽ ഒരുവനോട് ആംഗ്യം കാണിച്ചു. സാക്ഷീകരണത്തിന്റെ മറെറാരു മേഖലയിൽ ഞങ്ങൾക്കുണ്ടായ വിജയത്തിൽ യഹോവക്കു നന്ദി പറഞ്ഞുകൊണ്ടു ഞങ്ങൾ എത്രയും വേഗം തിരിച്ചു യാത്രയായി.”
കലാപകലുഷിതമായ ആഫ്രിക്ക
വിദൂരപൂർവദേശത്തിനും വിദൂരപാശ്ചാത്യദേശത്തിനും മധ്യേയായി ആഫ്രിക്കാ ഭൂഖണ്ഡം സ്ഥിതിചെയ്യുന്നു. ഗോത്രയുദ്ധങ്ങൾ അതിലെ ചില രാജ്യങ്ങളെ അക്രമങ്ങളുടെ വൻചുഴിയിലാക്കിയിരിക്കുകയാണ്. ലൈബീരിയയിൽ ആഭ്യന്തരയുദ്ധത്തിന്റെ പൊട്ടിപ്പുറപ്പെടൽ യഹോവയുടെ ജനത്തെ വീണ്ടും വീർപ്പുമുട്ടിക്കുന്നു. ആദ്യം, 1992, ഒക്ടോബർ-നവംബർ മാസങ്ങളിൽ തലസ്ഥാന നഗരത്തിനകത്തും പരിസരത്തുമായിരുന്നു പോരാട്ടം. പിന്നെ യുദ്ധം രാജ്യവ്യാപകമായി, അപ്പോൾ ശേഷംജനങ്ങളോടൊപ്പം സഹോദരങ്ങളും കാട്ടിലേക്കു പലായനം ചെയ്തു, അങ്ങനെ മുഴുസഭകളും ചിതറി. എന്നുവരികിലും, അവരുടെ ആവേശം തണുത്തുപോയില്ല. പലായനം ചെയ്ത അവർ പ്രസംഗവേലയും നിർവഹിക്കുന്നുണ്ടായിരുന്നു. ഫലമോ, അതിവിദൂര ഉൾഭാഗങ്ങളിൽ ഒരു മഹാസാക്ഷ്യം ലഭിച്ചു.
വീടുകളിൽനിന്ന് അകന്നു കഴിയേണ്ടിവന്ന സഹോദരങ്ങളുടെ ഒരു സഭ ഒരു റബ്ബർതോട്ടത്തിനകത്തു താത്കാലിക രാജ്യഹാൾ പണിതു. യുദ്ധമുന്നണിക്കടുത്തുള്ള ഒരു പട്ടണത്തിൽ പകൽസമയത്തെ ബോംബുവർഷത്തിൽനിന്നു രക്ഷനേടാൻ സ്ഥലവാസികൾ ചുററുപാടുമുള്ള റബ്ബർതോട്ടങ്ങളിലേക്ക് ഓടി ഒളിക്കുമായിരുന്നു. (തലസ്ഥാനമായ മൺറോവീയയിൽനിന്നു ചിതറിയെത്തിയ അനേകം പ്രസാധകരെയും ഉൾപ്പെടുത്തിക്കൊണ്ടു) പ്രദേശത്തെ സഹോദരങ്ങൾ വയൽശുശ്രൂഷ സംഘടിപ്പിച്ചു. റബ്ബർമരങ്ങൾക്കിടയിൽ അഭയംതേടിയിരിക്കുന്ന ആയിരങ്ങളോടു പ്രസംഗിക്കുന്ന അവരെ അവിടെ സ്ഥിരമായി കാണാമായിരുന്നു! വിമാനം വരുമ്പോഴൊക്കെ സഹോദരങ്ങൾ തൊട്ടടുത്തുള്ള കിടങ്ങുകളിലേക്കു ചാടും, എന്നിട്ട് അപകടം ഒഴിഞ്ഞുവെന്നു തോന്നുമ്പോൾ അവർ വീണ്ടും സാക്ഷീകരണത്തിലേർപ്പെടും.
ആഭ്യന്തരയുദ്ധത്തിന്റെ ഈ സാഹചര്യമുണ്ടായിരുന്നിട്ടും, വയൽശുശ്രൂഷയിൽ ശരാശരി 18.1 മണിക്കൂറുണ്ടായിരുന്നു എന്നാണ് ആയിരത്തിലധികം സഭാപ്രസാധകരുള്ള ആ പ്രദേശത്തുനിന്നു സൊസൈററിക്കു ലഭിക്കാനിടയായ റിപ്പോർട്ടുകൾ കാണിക്കുന്നത്, ഇതു തികച്ചും ആശ്ചര്യജനകംതന്നെ. മാസംതോറും നടത്തുന്ന ബൈബിളധ്യയനങ്ങളുടെ എണ്ണമോ, 3,111-ഉം.
കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ, ആഫ്രിക്കയിൽ 18 രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികളുടെ മേലുണ്ടായിരുന്ന നിരോധനം നീങ്ങി. 1967 ഒക്ടോബർ മുതൽ മലാവിയിലെ സാക്ഷികളുടെമേൽ ഏർപ്പെടുത്തിയിരുന്ന നിരോധനം ആഗസ്ററ് 12-ന് എടുത്തുമാററി. സന്തോഷിക്കാൻ എത്ര നല്ല കാരണം! രഹസ്യമായി നിർവഹിച്ചിരുന്ന സുവാർത്താഘോഷണം എല്ലായ്പോഴും അഭിവൃദ്ധി പ്രാപിച്ചിരുന്നു, എന്നാൽ ഇപ്പോൾ സാക്ഷികൾക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കുന്നു. പിന്നെ എതിരാളികൾ വധിച്ച തങ്ങളുടെ മിത്രങ്ങളുടെ കാര്യം, വീണ്ടും അവരെ അഭിവാദനം ചെയ്യാൻ പുനരുത്ഥാനംവരെ കാത്തിരിക്കണമെന്നു മാത്രം.
മൊസാമ്പിക്കിൽ 1992 ഒക്ടോബർ 4-ന് ഒരു സമാധാന കരാർ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ 16 വർഷമായി തുടരുകയായിരുന്ന നശീകരണ യുദ്ധംനിമിത്തം മുമ്പ് എത്തിപ്പെടാൻ കഴിയാഞ്ഞ സ്ഥലങ്ങളിൽ ഇപ്പോൾ പോകാൻ കഴിയുന്നുണ്ട്. കാരിയോക്കോ പ്രദേശത്ത്, 375 സഹോദരങ്ങളുമായുള്ള സമ്പർക്കം പുനഃസ്ഥാപിച്ചു. അവർക്കു കഴിഞ്ഞ ഏഴു വർഷമായി സ്ഥാപനവുമായി ഒരു സമ്പർക്കവും ഇല്ലായിരുന്നു. മീലാഞ്ചിൽ ഒരു പ്രത്യേക ഏകദിന സമ്മേളനം നടത്തപ്പെട്ടു. തടങ്കൽ പാളയവും യഹോവയുടെ സാക്ഷികളുടെ “പുനർവിദ്യാഭ്യാസ” കേന്ദ്രവും സ്ഥിതിചെയ്തിരുന്ന സ്ഥലം എന്നറിയപ്പെട്ടിരുന്ന ഇവിടത്തെ പലരും മലാവിയിൽനിന്നുള്ള അഭയാർഥികളായിരുന്നു. യഹോവയുടെ സാക്ഷികളെ സ്വാഗതം ചെയ്ത നഗരഭരണാധിപൻ ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുത്തവരുടെ മൊത്ത സംഖ്യ അതിശയിപ്പിക്കുന്നതായിരുന്നു, 2,915 പേർ. അങ്ങനെ മുൻ “പുനർവിദ്യാഭ്യാസ” കേന്ദ്രം ആ ദിവസം ദിവ്യ ബോധനത്തിനുള്ള കേന്ദ്രമായിത്തീർന്നു.
ഒരു മിഷനറി ഇങ്ങനെ എഴുതുന്നു: “റെറയ്ററ പ്രോവിൻസിൽ അഭയാർഥി ക്യാമ്പിലെത്തിയ നമ്മുടെ സഹോദരൻമാരെ സംബന്ധിച്ചു യുഎൻഎച്ച്സിആറിന്റെ (United Nations High Commissioner for Refugees) പ്രതിനിധി രസാവഹമായ ഒരു അഭിപ്രായപ്രകടനം നടത്തി. മററു ഗ്രൂപ്പുകളിൽനിന്നു വേർപെട്ട് യഹോവയുടെ സാക്ഷികൾ തങ്ങളുടെ സ്വന്തം ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ‘ശരിയായി നടത്തപ്പെട്ട ഒരേ ഒരു ക്യാമ്പ് അവരുടേതായിരുന്നു. യഹോവയുടെ സാക്ഷികൾ വൃത്തിയുള്ളവരും സംഘടിതരും വിദ്യാസമ്പന്നരുമാണ്’ എന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട്, വിമാനത്തിൽ കുററിക്കാടുകൾക്കു മീതെ പറന്ന് ഞാൻതന്നെ അതു കണ്ടുമനസ്സിലാക്കാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. ആകാശത്തുവെച്ചു പൈലററ് രണ്ടു ക്യാമ്പുകൾ ചൂണ്ടിക്കാണിച്ചുതന്നു. ഒന്ന് ഒരു പ്ലാനിങ്ങുമില്ലാതെ അടുപ്പിച്ചടുപ്പിച്ചു മൺവീടുകൾ പണിത് അലങ്കോലപ്പെട്ടു വൃത്തിഹീനമായതായിരുന്നു. മറേറതു നന്നായി പ്ലാൻ ചെയ്തു റോഡുകൾക്ക് ഇരുവശങ്ങളിലുമായി വരിവരിയായി വീടുകളുള്ളതായിരുന്നു. മുററം അടിച്ചുവൃത്തിയാക്കിയിരുന്നതിനാൽ ആ വീടുകൾ കാണാൻ ചന്തമുണ്ടായിരുന്നു. വീട്ടിലുണ്ടാക്കിയ ചായംകൊണ്ടു ചില വീടുകൾ പൂശുകയും ചെയ്തിരുന്നു. ‘നിങ്ങളുടെ ആളുകളുടേത് ഏതാണെന്ന് ഊഹിക്കാമോ?’ എന്നു പൈലററ് ചോദിച്ചു. ഈ ക്യാമ്പിലെ സഹോദരങ്ങളെ കണ്ടുമുട്ടുക എന്നത് എനിക്കു വളരെ സന്തോഷമുള്ള ഒരു കാര്യമായിരുന്നു. സാക്ഷികളുടെ ഈ ഗ്രാമത്തിൽ ഇപ്പോൾ എട്ടു സഭകളുണ്ട്.”
‘കഴുകന്റെ നാട്ടി’ൽ
അല്ല, ഇത് അമേരിക്കൻ കഴുകന്റെ കാര്യമല്ല! പൗരസ്ത്യദേശത്തിനും പാശ്ചാത്യദേശത്തിനും ഇടയിൽ കിടക്കുന്ന അൽബേനിയയുടെ കാര്യമാണ്. ഔദ്യോഗിക ഭാഷയിൽ ഇതിന്റെ പേരായ ഷ്കൈപരീയ എന്നതിനർഥം “കഴുകന്റെ നാട്” എന്നാണ്. ഈ രാജ്യത്തു യഹോവയുടെ സാക്ഷികളുടെമേൽ ഏർപ്പെടുത്തിയിരുന്ന 50 വർഷം പിന്നിട്ട ക്രൂരമായ നിരോധനം പിൻവലിച്ചത് ഈയിടെയായിരുന്നു. തങ്ങളുടെ ആരാധനാസ്വാതന്ത്ര്യം ആസ്വദിക്കുന്നതിൽ പൗരസ്ത്യ-പാശ്ചാത്യ ദേശത്തുനിന്നുമുള്ള തങ്ങളുടെ സഹോദരങ്ങളോടൊപ്പം ഒത്തുചേരാൻ അവർക്കു സാധിക്കുന്നു. അവർ യഥാർഥത്തിൽ “അവസരോചിതമായ സമയം വിലയ്ക്കുവാങ്ങു”കയാണ്. (എഫേസ്യർ 5:16, NW) അൽബേനിയയുടെ ചരിത്രത്തിലെ ആദ്യത്തെ സമ്മേളനം, ഒരു ഏകദിനസമ്മേളനം, തലസ്ഥാനമായ ടിറനിയിൽ മാർച്ച് 21 ഞായറാഴ്ച നാഷണൽ തിയേറററിൽ നടന്നു. ഞായറാഴ്ച വൈകുന്നേരം സ്വമേധയാ സേവകരായ 75 സാക്ഷികൾ വന്ന് ജീർണാവസ്ഥയിലെത്തിയ യോഗസ്ഥലം തിളങ്ങുന്ന, വൃത്തിയുള്ള ഒരു സമ്മേളനഹാൾ ആക്കിമാററി. അതിന്റെ നടത്തിപ്പുകാർ അത്ഭുതസ്തബ്ധരായി. തന്നെയുമല്ല, 75 സ്വമേധയാ സേവകരിൽ 20 പേർ മാത്രമേ സ്നാപനമേററവരായി ഉണ്ടായിരുന്നുള്ളൂവെന്നത് എടുത്തു പറയേണ്ടതാണ്!
അന്നു സുഖകരമായ കാലാവസ്ഥയായിരുന്നു. വിദേശപ്രതിനിധികൾ എത്തിച്ചേർന്നപ്പോഴത്തെ അഭിവാദനങ്ങൾ—മിക്കവരും കൈകൾ വീശിയും കെട്ടിപ്പിടിച്ചും—പ്രത്യേക സമ്മേളനദിനത്തെ വളരെ പ്രത്യേകതയുള്ളതാക്കി. മേൽപ്പോട്ട് ഉയർത്തിയ കൈകളുമായി നാഷോ ഡോറി സഹോദരൻ പ്രാരംഭ പ്രാർഥനയർപ്പിച്ചു. 1930-ൽ സ്നാപനമേററ അദ്ദേഹം ഇപ്പോൾ മിക്കവാറും അന്ധനാണ്. അൽബേനിയൻ ഭാഷയിൽ അവതരിപ്പിക്കപ്പെട്ട പരിപാടികളിൽ ഏറിയ പങ്കും നിർവഹിച്ചതു വിദേശത്തുനിന്നുള്ള പ്രത്യേക പയനിയർമാരായിരുന്നു. സന്ദർശകരായ ഗ്രീക്കു സഹോദരൻമാർ പ്രദേശത്തെ രാജ്യഹാളിനോടനുബന്ധിച്ചു പണികഴിച്ച സ്നാപനക്കുളത്തിലേക്കു 41 പുതിയ സഹോദരീസഹോദരൻമാർ നടന്നപ്പോൾ സന്നിഹിതരായിരുന്ന 585 പേർ, സമ്മേളനത്തിനുവേണ്ടി തർജമ ചെയ്ത ആറു ഗീതങ്ങളിൽ ഒന്നായ “ക്രിസ്തീയ സമർപ്പണം” എന്ന ഗീതം ആലപിച്ചു. എന്തോരു മാററം! മുമ്പ്, ഒരു ബൈബിൾ കൈവശം വെച്ചാൽ അടിമവേലയുള്ള തടവിൽ പോകണമായിരുന്നു, യോഗങ്ങൾ നടത്തിയിരുന്നതു രണ്ടോ മൂന്നോ പേരെ വെച്ചായിരുന്നു.
സമ്മേളനം കഴിഞ്ഞു പിറേറദിവസം വാച്ച് ടവർ ഓഫീസിൽ തിയേറററിന്റെ ഡയറക്ടറിൽനിന്ന് ഒരു ഫോൺ ലഭിച്ചു. തിയേററർ ആർ ഉപയോഗിക്കുന്നു എന്നൊന്നും സാധാരണമായി അദ്ദേഹം ശ്രദ്ധിക്കാറില്ല. അത് അസിസ്ററൻറ് ഡയറക്ടറുടെ ജോലിയാണ്. എന്നിട്ടും അദ്ദേഹം പറഞ്ഞു: “നിങ്ങളെ വിളിച്ചു നന്ദി പറയാതെ തരമില്ല. ഈ സ്ഥലം ഇത്ര വൃത്തിയുള്ളതായി ഞാൻ ഒരിക്കലും കണ്ടിട്ടേയില്ല. ഞാൻ അതു വർണിക്കുകയാണെങ്കിൽ ഇന്നലെ ഞങ്ങളുടെ തിയേറററിലേക്ക് ഇറങ്ങിവന്നതു സ്വർഗത്തിൽനിന്നുള്ള ഒരു ഇളംതെന്നലായിരുന്നു എന്നു ഞാൻ പറയും. ഞങ്ങളുടെ ഹാൾ എപ്പോൾ വേണമെന്നു നിങ്ങൾക്കു തോന്നിയാലും ദയവായി വരിക, മുൻഗണന നിങ്ങൾക്കായിരിക്കും. വാസ്തവത്തിൽ മുമ്മൂന്നു മാസം കൂടുമ്പോൾ ഞങ്ങൾ നിങ്ങൾക്ക് ഇതു വാടകയില്ലാതെതന്നെ തരേണ്ടതാണ്.”
ബലിഷ്ഠരാക്കപ്പെട്ട സാക്ഷികൾ നന്ദിപൂർവം തങ്ങളുടെ പട്ടണങ്ങളിലേക്കു തിരിച്ചുപോയി യേശുവിന്റെ മരണത്തിന്റെ സ്മാരകത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പരസ്യമായി നടക്കുന്ന ആദ്യത്തെ സ്മാരകം, കേവലം 15 ദിവസത്തിനുശേഷം, ഏപ്രിൽ 6-ാം തീയതി ചൊവ്വാഴ്ച ഏഴു സ്ഥലങ്ങളിൽവെച്ചു നടന്നു.
ബറാററ് എന്ന പട്ടണത്തിൽ യോഗഹാജർ 170-ഓളമെത്തി. ഇതു കണ്ട് പ്രദേശത്തെ പുരോഹിതനു കലിയിളകി. ബറാററിലെ 33 രാജ്യപ്രസാധകരിൽ 21 പേർ ആ സമ്മേളനത്തിൽവെച്ചു സ്നാപനമേററു. സ്മാരകഹാജർ 472 ആണെന്നു ബറാററിൽനിന്നുള്ള റിപ്പോർട്ടു സൂചിപ്പിക്കുന്നു. മററു സ്ഥലങ്ങളിലെയും സ്മാരകഹാജർ നില എടുത്തുപറയത്തക്കതാണ്, അത് ഏറിയ പങ്കും പ്രത്യേക പയനിയർമാർ കൊടുത്ത നല്ല നേതൃത്വത്തിന്റെ ഫലമായിരുന്നു.
ഒരു ബസ്ലിക്ക സ്ഥിതിചെയ്യുന്ന ഷ്കോഡർ ഏററവും കൂടുതൽ കത്തോലിക്കരുള്ള അൽബേനിയൻ പട്ടണമാണ്. അവിടെ സഭ “യഹോവയുടെ സാക്ഷികളെ ഒഴിവാക്കാനുള്ള വിധങ്ങൾ” എന്ന വിഷയം ഓരോ ലക്കത്തിലും കൈകാര്യം ചെയ്യുന്ന ഒരു വാർത്താലേഖനം മാസംതോറും അച്ചടിക്കാൻ തുടങ്ങി. അവസാനത്തെ ലക്കത്തിൽ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികൾ ഇപ്പോൾ ഷ്കോഡർ കീഴടക്കിക്കഴിഞ്ഞു”! രണ്ടു സാക്ഷികളുടെ വൻസൈന്യം സ്മാരകത്തിനു സൽപ്പെരുമാററവും കാര്യഗൗരവവുമുള്ള 74 പേരെ കൂട്ടിവരുത്തി. സ്മാരകപ്രസംഗം കേട്ടുകഴിഞ്ഞപ്പോൾ 15 കുടുംബങ്ങൾ ബൈബിളധ്യയനത്തിന് ആവശ്യപ്പെട്ടു. നാലു സാക്ഷികളുടെ ഒരു സൈന്യമുള്ള ഡ്യൂറസ് എന്ന മറെറാരു പട്ടണത്തിലെ ഹാജർ അതിഗംഭീരമായിരുന്നു, 79 പേർ.
കല്ലെറിഞ്ഞ് ഓടിക്കുമെന്നു ഭീഷണി മുഴക്കിയ കത്തോലിക്കാ യുവാക്കളുടെ എതിർപ്പു മൂലം കാൽമററി ഇ ഫോഗൽ എന്ന മലമ്പ്രദേശ ഗ്രാമത്തിൽ നടത്തേണ്ടിയിരുന്ന സ്മാരകയോഗം സ്ഥലത്തെ ഒരു സഹോദരന്റെ വീട്ടിലേക്കു മാററി. ആ സമാധാന അന്തരീക്ഷത്തിൽ അവിടെ 22 പേർ സംബന്ധിച്ചു. ഈ ഗ്രൂപ്പിലുള്ള അഞ്ചു പ്രസാധകരിൽ മൂന്നു പേർ ടിറനിയിലെ സമ്മേളനത്തിൽവെച്ചു സ്നാപനമേററിരുന്നു.
വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി ലഭിച്ച വ്ളോറിയിലെ രണ്ടു യുവാക്കൾ, അതു വായിച്ചിട്ടു സൊസൈററിക്ക് ഇങ്ങനെ എഴുതി: “വീക്ഷാഗോപുരത്തിൽനിന്നു ഞങ്ങൾ പഠിച്ച സത്യം ഹേതുവായി ഇപ്പോൾ ഞങ്ങൾ സ്വയം യഹോവയുടെ സാക്ഷികളെന്നു വിളിക്കുന്നു. ദയവായി ഞങ്ങൾക്കു വേണ്ട സഹായം എത്തിച്ചുതരിക.” രണ്ടു പ്രത്യേക പയനിയർമാരെ അങ്ങോട്ടു നിയമിച്ചയച്ചതിനെത്തുടർന്ന് ഈ രണ്ടു യുവാക്കളിൽ ഒരാൾ പെട്ടന്നുതന്നെ പ്രസാധകനാകാനുള്ള യോഗ്യത നേടി. വ്ളോറിയിലെ സ്മാരകത്തിൽ ഹാജരായ 64 പേരിൽ ഒരുവനായിരിക്കുന്നതിൽ അയാൾ സന്തോഷമുള്ളവനായിരുന്നു.
ഐക്യനാടുകളിൽവെച്ചു സത്യം പഠിച്ച ഒരു അൽബേനിയൻ സഹോദരൻ 1950-കളിൽ തന്റെ മാതൃപട്ടണമായ ഗിരകാസ്റററിലേക്കു തിരിച്ചു പോയി. അവിടെ അദ്ദേഹം തന്റെ മരണംവരെ ആവുംവിധമെല്ലാം സേവിച്ചു. അദ്ദേഹം തന്റെ മകന്റെ ഹൃദയത്തിൽ സത്യത്തിന്റെ വിത്തുകൾ പാകി. നിരോധനം നീങ്ങിയതോടെ ഈ മകൻ വാച്ച് ടവർ സൊസൈററിയോടു സഹായാഭ്യർഥന നടത്തി. തൊട്ടു വടക്കുഭാഗത്തുള്ള ഗ്രാമത്തിൽ ജീവിക്കുന്ന മറെറാരു താത്പര്യക്കാരനും സഹായം ആവശ്യപ്പെട്ട് എഴുതിയിരുന്നു. അതുകൊണ്ട്, നാലു പ്രത്യേക പയനിയർമാരെ അങ്ങോട്ട് അയച്ചു. സ്മാരകം കഴിഞ്ഞു ബുധനാഴ്ച രാവിലെ അവരിലൊരാൾ ടിറനിയിലുള്ള സൊസൈററിയുടെ ഓഫീസിലേക്കു ഫോൺ ചെയ്ത് ഇങ്ങനെ പറഞ്ഞു: “യഹോവയുടെ ആത്മാവു പ്രവർത്തിച്ചിരിക്കുന്നത് എത്രയധികമെന്നു പറയാതിരിക്കാനാവുന്നില്ല. ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. സ്മാരകം ഒരു വിജയമായിരുന്നു.” ഏഴു രാജ്യപ്രസാധകർ ഉൾപ്പെടെ 106 പേർ സന്നിഹിതരായിരുന്നു.
മൊത്തം സ്മാരകഹാജർ എത്രയായിരുന്നു? 30 രാജ്യപ്രസാധകരുണ്ടായിരുന്ന 1992-ൽ ഹാജർ 325 ആയിരുന്നു. 1993-ൽ 131 രാജ്യപ്രസാധകർ കൂട്ടിവരുത്തിയത് 1,318 പേരെയായിരുന്നു. രണ്ടു വർഷവും പ്രസാധകരുടെ പത്തിരട്ടിയായിരുന്നു ഹാജർ. ഇത്ര കുറഞ്ഞ കാലയളവിൽ “കുറഞ്ഞവൻ ആയിരം . . . ആയിത്തീരു”ന്നതു കാണുന്നത് എത്ര പുളകപ്രദം!—യെശയ്യാവു 60:22.
“നിന്റെ കയറുകളെ നീട്ടുക”
യഹോവയുടെ സാക്ഷികളുടെ വേല ഗോളത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിക്കുമ്പോൾ അതു വിളിച്ചോതുന്നത് ഇതാണ്: “നിന്റെ കൂടാരത്തിന്റെ സ്ഥലത്തെ വിശാലമാക്കുക; നിന്റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവർ നിവർക്കട്ടെ; തടുത്തുകളയരുതു; നിന്റെ കയറുകളെ നീട്ടുക; നിന്റെ കുററികളെ ഉറപ്പിക്ക. നീ ഇടത്തോട്ടും വലത്തോട്ടും പരക്കും.” (യെശയ്യാവു 54:2, 3) തന്റെ ആരാധകരുടെ ലോകവ്യാപക സഭയിലൂടെ കാണപ്പെടുന്ന, ദൈവത്തിന്റെ “കൂടാര”ത്തിന്റെ ഈ വ്യാപനം പൂർവ യൂറോപ്പിൽ, വിശേഷിച്ചു മുൻ സോവിയററ് യൂണിയനിലുണ്ടായിരുന്ന രാജ്യങ്ങളിൽ തീർച്ചയായും ദൃശ്യമാണ്. ദശകങ്ങളിലെ അടിച്ചമർത്തലുകളിലെല്ലാം തന്റെ ദാസരെ താങ്ങിനിർത്തിയ ശേഷം ഇപ്പോൾ യഹോവ തന്റെ സാക്ഷികൾക്കു സ്ഥാപനത്തെ വികസിപ്പിച്ചു ശക്തീകരിക്കാനുള്ള ചലനാത്മക ഊർജം പ്രദാനം ചെയ്യുകയാണ്.
റഷ്യയിലെ മോസ്കോയിലുള്ള ലോക്കോമോട്ടീഫ് സ്റേറഡിയത്തിൽ ജൂലൈ 22-25 വരെ നടന്ന കഴിഞ്ഞ വർഷത്തെ “ദിവ്യ ബോധന” പരമ്പരയിൽപ്പെട്ട അന്തർദേശീയ കൺവെൻഷൻ ചിരസ്മരണീയമായിരുന്നു, അതിൽ പങ്കെടുത്തവരുടെ അത്യുച്ച ഹാജർ 23,743 ആയിരുന്നു. ഇതു സാധ്യമാകുമെന്നു രണ്ടു വർഷം മുമ്പുപോലും ആർക്കെങ്കിലും വിചാരിക്കാനാകുമായിരുന്നോ? പക്ഷേ അവർക്ക് അതു സാധിച്ചു! ജപ്പാൻ, കൊറിയ എന്നിവിടങ്ങളിൽനിന്ന് 1,000-ത്തിലധികം പേർ എത്തി, ദക്ഷിണ പസഫിക്ക്, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 30-ലധികം രാജ്യങ്ങളിൽനിന്നെത്തിയ ആയിരങ്ങളെക്കൂടാതെ ഐക്യനാടുകൾ, കാനഡ എന്നിവിടങ്ങളിൽനിന്ന് ഏതാണ്ടു 4,000 പേരും വന്നെത്തി.—സത്യമായും പൗരസ്ത്യരും പാശ്ചാത്യരും തമ്മിലുള്ള ഒരു സംഗമംതന്നെ. ഇവർക്കെല്ലാം 15,000-ത്തിലധികം വരുന്ന തങ്ങളുടെ റഷ്യൻ സഹോദരങ്ങളുമായി അടുത്ത് ഇടപഴകാനായത് എത്ര പ്രോത്സാഹജനകമാണ്! അവരുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.
1,489 പുതിയ സാക്ഷികൾ സ്നാപനമേററതു വിസ്മയജനകമായ ഒരു കാര്യംതന്നെ. ലോകമെമ്പാടുമുള്ള വാർത്താമാധ്യമങ്ങൾ ഈ സ്നാപനത്തിനു വലിയ പരസ്യം നൽകി, ദ ന്യൂയോർക്ക് ടൈംസ് ഒന്നാം പേജിൽത്തന്നെ ഇതിന്റെ പകിട്ടേറിയ ഒരു ചിത്രവും പ്രസിദ്ധീകരിച്ചു. സ്നാപന സമയത്ത് ഇടിമുഴക്കംപോലെ കയ്യടി ഉണ്ടായിരുന്നെങ്കിലും കൺവെൻഷൻ ഇത്ര വിജയപ്രദമാക്കാൻ സഹായിച്ച 4,752 സ്വമേധയാ സേവകർക്കും ഉദ്യോഗസ്ഥർക്കും അവസാനത്തെ പ്രസംഗകൻ നന്ദി പറഞ്ഞിട്ട് “സർവോപരി, നാം യഹോവക്കു നന്ദി പറയുന്നു” എന്നു പറഞ്ഞപ്പോഴത്തെ കയ്യടി അതിനെ വെല്ലുന്നതായിരുന്നു! അതേ, ഓർത്തഡോക്സ് മതക്കാരിൽനിന്നുള്ള ശക്തമായ എതിർപ്പിനെ തടുത്തുനിർത്തി കൺവെൻഷൻ ഒരു പുളകപ്രദമായ യാഥാർഥ്യമാക്കുവാൻ വേണ്ട ജീവത്പ്രധാനമായ ഊർജം പ്രദാനം ചെയ്തതു യഹോവയുടെ ആത്മാവാണ്.
എന്നിരുന്നാലും, ആഗസ്ററ് 5-8 വരെ ഉക്രെയ്നിലെ കീവ് നഗരത്തിൽ നടക്കാനിരുന്നത് ഇതിലും വലിയതായിരുന്നു. ഇവിടെയും സ്വമേധയാ സേവകർ സ്റേറഡിയത്തിന്റെ മട്ടും ഭാവവും മാററി മോടിപിടിപ്പിച്ചു. അത്യുച്ച ഹാജരായിരുന്ന 64,714 പേർക്കും ഇരിക്കാൻ ഈ പടുകൂററൻ രാജ്യഹാളിൽ സ്ഥലമുണ്ടായിരുന്നു. ഒരിക്കൽക്കൂടി പൗരസ്ത്യദേശത്തുനിന്നും പാശ്ചാത്യദേശത്തുനിന്നും അവയ്ക്കിടയിലുള്ള സകല രാജ്യങ്ങളിൽനിന്നും സാക്ഷികൾ വന്നുചേർന്നു. മുഖ്യ പ്രസംഗങ്ങൾ 12 ഭാഷകളിൽ പരിഭാഷപ്പെടുത്തി. പൊതുവാഹനങ്ങളിൽ എത്തിയ 53,000 പ്രതിനിധികളെ റെയിൽവേ സ്റേറഷനുകളിലും വിമാനത്താവളങ്ങളിലും ചെന്നു സ്വീകരിച്ച് അവരുടെ താമസസ്ഥലങ്ങളായ ഹോട്ടലുകൾ, സ്കൂളുകൾ, സ്വകാര്യ ഭവനങ്ങൾ എന്നിവിടങ്ങളിലേക്കു മാത്രമല്ല കപ്പലുകളിലേക്കും വാഹനങ്ങളിൽ കൊണ്ടുപോകണമായിരുന്നു. സംഘാടകരുടെ അനുനയവും കാര്യക്ഷമതയും നിമിത്തം ഇതിനെല്ലാം മിനിമം ചെലവേ വേണ്ടിവന്നുള്ളൂ. ഇതിൽ അന്തംവിട്ടുപോയ നഗരത്തിലെ പൊലീസ് മുന്നോട്ടുവന്നത് അഭിനന്ദനവുമായിട്ടായിരുന്നു.
ഹൃദയംകവർന്ന കൺവെൻഷൻ പരിപാടികളിൽ മുന്തിനിന്ന ഇനമായിരുന്നു രണ്ടര മണിക്കൂർ നേരത്തെ സ്നാപനം. അതിബൃഹത്തായ സ്റേറഡിയമാകെ കയ്യടിയുടെ ആരവം തലങ്ങും വിലങ്ങും മാറെറാലിക്കൊള്ളുന്നതിനിടയിൽ ആകെ 7,402 പുതിയ സഹോദരീസഹോദരൻമാർ യഹോവക്കുള്ള തങ്ങളുടെ സമർപ്പണത്തെ പ്രതീകപ്പെടുത്തി. അതുവരെയുണ്ടായിരുന്ന ഏററവും വലിയ റെക്കോഡ് 1958-ൽ ന്യൂയോർക്ക് നഗരത്തിൽ 2,53,922 പേർ പങ്കെടുത്ത കൺവെൻഷനിലെ 7,136 പേരുടെ സ്നാപനമായിരുന്നു. എന്നാൽ അതിനെയും കവച്ചുവെക്കുന്നതായിരുന്നു ഇവിടെ നടന്നത്.
ന്യായവിധിയുടെ ഈ കാലഘട്ടം അതിന്റെ സമാപ്തിയിലേക്ക് അടുക്കുന്തോറും പൗരസ്ത്യ-പാശ്ചാത്യ ദേശങ്ങളിൽനിന്നും “ഭൂമിയുടെ അററത്തു”നിന്നുപോലും ചെമ്മരിയാടുതുല്യരായ ആളുകൾ മുഴുമനുഷ്യ ചരിത്രത്തിലും ഇന്നോളമുണ്ടായിട്ടില്ലാത്ത ഒരു ഐക്യത്തിലേക്കു കൂട്ടിവരുത്തപ്പെടുകയാണ്. തീർച്ചയായും, “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ള . . . ഒരു മഹാപുരുഷാരം” യഹോവയുടെ പരമാധികാര ഭരണത്തിന്റെ സംസ്ഥാപനത്തിൽ ഇപ്പോൾ നേടിയെടുത്തുകൊണ്ടിരിക്കുന്ന സകലത്തിന്റെയും അടിത്തറയായ, യേശുവിന്റെ വിലതീരാത്ത മറുവില യാഗത്തിലുള്ള തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കുന്നതിൽ ആത്മീയ ഇസ്രായേലിനോടു ചേരുകയാണ്.—പ്രവൃത്തികൾ 1:8; വെളിപ്പാടു 7:4, 9, 10.
[8, 9 പേജിലെ ചിത്രങ്ങൾ]
മോസ്കോയിലും കീവിലും പൗരസ്ത്യരും പാശ്ചാത്യരും സംഗമിക്കുന്നു