‘യഹോവയിൽ ആശ്രയിക്കു’ന്ന യുവജനങ്ങൾ
യുവാക്കൾക്കു സൗന്ദര്യത്തിന്റെ കുത്തകയൊന്നുമില്ല, ജ്ഞാനത്തിന്റെ കാര്യത്തിൽ വൃദ്ധരും അങ്ങനെതന്നെ. (സദൃശവാക്യങ്ങൾ 11:22; സഭാപ്രസംഗി 10:1 താരതമ്യപ്പെടുത്തുക.) മറിച്ച്, യഹോവയിൽ ആശ്രയിച്ച് “നീ എന്റെ ദൈവം” എന്നു മുഴുഹൃദയത്തോടെ അവിടുത്തോടു പറയുന്നവരാണു ശാശ്വതമായ സൗന്ദര്യവും യഥാർഥ ജ്ഞാനവും കൈമുതലായുള്ളവർ.—സങ്കീർത്തനം 31:14; സദൃശവാക്യങ്ങൾ 9:10; 16:31.
യുവാക്കളും വൃദ്ധരുമായ സൗന്ദര്യമുള്ള ആളുകളുടെ ഒരു വലിയകൂട്ടം ലോകമെമ്പാടും വികാസം പ്രാപിച്ചുവരുന്നുണ്ട്. ദൈവത്തെ സേവിച്ചുകൊണ്ടും ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചുകൊണ്ടും അവർ തങ്ങളുടെ ജ്ഞാനം പ്രകടമാക്കുന്നു. ഉദാഹരണത്തിന്, 8 വയസ്സുള്ള സാബ്രീനയുടെ കാര്യംതന്നെ എടുക്കുക.
ജർമനിയിൽ താമസിക്കുന്ന സാബ്രീന രണ്ടാം ഗ്രേഡിലാണു പഠിക്കുന്നത്. ആ സ്കൂളിൽ എത്തുന്ന ആദ്യത്തെ യഹോവയുടെ സാക്ഷിയാണ് അവൾ. സങ്കടകരമെന്നു പറയട്ടെ, അവൾ സഹപാഠികളുടെ പരിഹാസ പാത്രമായി. പക്ഷേ, ആ അവസ്ഥയ്ക്ക് ഒരു മാററമുണ്ടായത് തങ്ങൾക്കിഷ്ടപ്പെട്ട പുസ്തകം ക്ലാസ്സിൽ കൊണ്ടുവരണമെന്ന് അധ്യാപിക ആവശ്യപ്പെട്ട ദിവസം വന്നപ്പോഴാണ്. എന്റെ ബൈബിൾ കഥാ പുസ്തകവുമായി ക്ലാസ്സിൽ പോകാൻ സാബ്രീന തീരുമാനിച്ചു. അങ്കലാപ്പുണ്ടായിരുന്നെങ്കിലും തലേ രാത്രിയിൽ അവൾ ക്ലാസ്സിനുവേണ്ടി നന്നായി ഒരുങ്ങി. 26 വിദ്യാർഥികളുള്ള ക്ലാസ്സിൽ തനിക്ക് അധികം സമയം ലഭിക്കാൻ പോകുന്നില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. എന്നാൽ തന്റെ അവതരണത്തെ തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കുകയില്ലെന്ന് അവൾ ദൃഢനിശ്ചയം ചെയ്തു. മാത്രവുമല്ല, യഹോവ തന്നെ സഹായിക്കുമെന്ന ഉറപ്പും അവൾക്കുണ്ടായിരുന്നു. നിയുക്ത ദിവസം ആഗതമായി, പുസ്തകം കൊണ്ടുവന്നിട്ടുള്ളത് ആദ്യം കാണിക്കാൻ ഇഷ്ടപ്പെടുന്നതാരാണ് എന്ന് അധ്യാപിക ചോദിച്ചു. സാബ്രീന മാത്രമേ പുസ്തകം കൊണ്ടുവന്നിരുന്നുള്ളൂ എന്നത് ആശ്ചര്യകരമായിരുന്നു. അവൾ ക്ലാസ്സിനു മുമ്പിലെത്തി പ്രസംഗം ആരംഭിച്ചു. വായനയ്ക്കൊപ്പം പുസ്തകത്തിലെ ചിത്രം കാണിച്ചുകൊണ്ട് അതെല്ലാം ബൈബിളിൽ അധിഷ്ഠിതമാണെന്ന് അവൾ വിശദീകരിച്ചു. ഉപസംഹരിക്കവേ അവൾ ചോദിച്ചു: “ആർക്കെങ്കിലും ഈ പുസ്തകം വേണമെന്നുണ്ടോ?” അവൾ ഒരു പ്രതി അധ്യാപികയ്ക്കു കൊടുത്തു. തുടർന്നുള്ള ഏതാനും ദിവസങ്ങളിൽ പത്തു പുസ്തകം തന്റെ സഹപാഠികൾക്കും കൊടുത്തു. “ഇതുപോലൊന്നു ഞാൻ ഒരിക്കലും കണ്ടിട്ടേയില്ല,” അങ്ങനെ അഭിപ്രായപ്പെടാനേ അവതരണം കേട്ട അധ്യാപികയ്ക്കു കഴിഞ്ഞുള്ളൂ. അവർ സാബ്രീനയുടെ ഉദ്യമത്തിന് ഏററവും കൂടിയ മാർക്കാണു കൊടുത്തത്.
വാസ്തവത്തിൽ, അനേകം യുവസാക്ഷികളും സ്കൂളിൽ സുവാർത്തയുടെ സന്തുഷ്ടരായ പ്രസാധകരാണ്. മെക്സിക്കോയിലെ 11-കാരിയായ പ്രസാധിക, എറിക്കായാണു മറെറാരു ഉദാഹരണം. യഹോവയെ സ്നേഹിക്കാൻ ഇവളെ ബാല്യംമുതലേ പഠിപ്പിച്ചിട്ടുണ്ട്. സ്കൂളിൽ അവൾ മികച്ച പ്രകടനമാണു കാഴ്ച്ചവെച്ചത്. ഒരിക്കൽ അവൾക്കൊരു നിയമനം കിട്ടി, എയ്ഡ്സിനെയും പുകയില, മദ്യപാനം എന്നിവയോടുള്ള ആസക്തിയെയും കുറിച്ചു വിവരങ്ങൾ അവതരിപ്പിക്കുക. ഉണരുക! എന്ന മാസിക ഉപയോഗിച്ചുകൊണ്ട് അവൾ നന്നായി തയ്യാർ ചെയ്തു, അവൾക്ക് അതിന് ഏററവും ഉയർന്ന മാർക്കും കിട്ടി. പ്രസ്തുത വിവരങ്ങൾ എവിടെ നിന്നാണു ലഭിച്ചതെന്ന് അന്വേഷിച്ച ടീച്ചർക്ക് അവൾ ആ വിഷയങ്ങൾ സംബന്ധിച്ച ലേഖനങ്ങളുള്ള മാസികകൾ കൊടുത്തു. പിന്നീട്, ടീച്ചർ ആ മാസികകൾ ഉപയോഗിച്ചുകൊണ്ട് ആ വിഷയം മുഴു ക്ലാസ്സുമായി ചർച്ച ചെയ്തു. എറിക്കായുടെ ഇത്തരം പ്രവർത്തനം, അധ്യാപകരോടുള്ള അവളുടെ ആദരവ്, അവളുടെ ഉന്നത മാർക്ക് എന്നിവ നിമിത്തം അവൾ സമ്മാനങ്ങൾക്കും ഡിപ്ലോമകൾക്കും ഭാഗികമായ സ്കോളർഷിപ്പിനും അർഹയായി. എന്നിരുന്നാലും, ഒരു യഹോവയുടെ സാക്ഷിയാണെന്നു സ്വയം തിരിച്ചറിയിച്ചത്, ബൈബിൾ സാഹിത്യങ്ങൾ സമർപ്പിക്കാൻ സാധിച്ചത്, ദൈവനാമം ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞത്, ഇവയൊക്കെയാണു തന്റെ ഏററവും വലിയ നേട്ടങ്ങളെന്ന് അവൾ വിചാരിക്കുന്നത്.
ഇനി, അടുത്തതായി ന്യൂസിലൻഡിൽ ജീവിക്കുന്ന 10 വയസ്സുകാരൻ ഷാനൻ ആണ്. അവന്റെ ഒരു കണ്ണിനേ കാഴ്ചയുള്ളൂ; മറേറ കണ്ണ് അവൻ കുട്ടിയായിരുന്നപ്പോൾ ക്യാൻസർ ബാധിച്ചു നഷ്ടപ്പെട്ടു. ഷാനന് 7 വയസ്സുള്ളപ്പോൾ അവന്റെ അമ്മ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ ആരംഭിച്ചു. ബൈബിൾപഠനം തുടങ്ങി അധികനാളാകുന്നതിനു മുമ്പ് അവർ പഠനമുപേക്ഷിച്ച് വിവാഹം ചെയ്യാതെ ഒരു പുരുഷനോടൊപ്പം ജീവിക്കാൻ തുടങ്ങി. ഷാനൻ തന്റെ ബൈബിളധ്യയനം തുടരണമേ എന്നു യാചിച്ചു. അവന്റെ ആഗ്രഹം നടന്നു. സാക്ഷികൾ സന്ദർശിച്ചുകൊണ്ടേയിരുന്നു, അവസാനം വീട്ടിലെ മൂവരും ബൈബിൾ പഠിച്ച് ആത്മീയ പുരോഗതി വരുത്തി. നിയമപരമായി വിവാഹിതരായശേഷം ഷാനന്റെ അമ്മയും രണ്ടാനച്ഛനും സ്നാപനമേററു.
ഒരു ദിവസം സർക്കിട്ട് മേൽവിചാരകന്റെ ഭാര്യയുമൊത്തു വയൽശുശ്രൂഷയിലായിരിക്കുമ്പോൾ ഒരു വീട്ടുകാരൻ ഷാനനോടു ചോദിച്ചു: “നിന്റെ കണ്ണിനെന്തു പററി?” അവൻ ഇങ്ങനെ ഉത്തരം കൊടുത്തു: “ക്യാൻസർ ബാധിച്ചതാ, എടുത്തുമാറേറണ്ടിവന്നു. താമസിയാതെ പറുദീസയിൽവെച്ചു യഹോവ എനിക്കു പുതിയത് ഒരെണ്ണം തരാൻ പോകുകയാണ്, അതിനെക്കുറിച്ചു പറയാനാ ഞങ്ങളിവിടെ വന്നിരിക്കുന്നത്.”