യഹോവയുടെ സാക്ഷികൾ ലോകത്തിനു ചുററും—ഫിലിപ്പീൻസ് റിപ്പബ്ലിക്
ഭാഗികമായി സമുദ്രത്തിൽ ആണ്ടുകിടക്കുന്ന പർവതനിരയുടെ മുകൾഭാഗമാണ് ഫിലിപ്പീൻസ് എന്ന രാഷ്ട്രത്തിനു രൂപംകൊടുക്കുന്ന നിരപ്പില്ലാത്ത 7,083 ഉഷ്ണമേഖലാ ദ്വീപുകൾ.a ഫിലിപ്പീൻസിലെ 6,20,00,000 നിവാസികൾ മിക്കവാറും ഏതു വിഷയത്തെക്കുറിച്ചും സംസാരിക്കാൻ ഇഷ്ടപ്പെടുന്നു. വിനയമുള്ള ഈ മനോഭാവം രാജ്യസാക്ഷീകരണത്തിനു വളക്കൂറുള്ള ഒരു വയൽ ഒരുക്കിത്തരുന്നു.
സ്കൂളിൽ സാക്ഷീകരിക്കൽ
ചോദ്യങ്ങൾക്കു ശരിയോ തെറേറാ എന്ന് ഉത്തരമെഴുതേണ്ട ഒരു പ്രശ്നോത്തരിയുടെ സമയത്തു തന്റെ അധ്യാപികയോടും ക്ലാസ്സിലെ കുട്ടികളോടും സാക്ഷീകരണം നടത്താൻ മാസ്ബാററി ദ്വീപിലെ ഒരു യുവ ഹൈസ്കൂൾ വിദ്യാർഥിനിക്കു കഴിഞ്ഞു. അവൾ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു:
“‘ദൈവം എന്നെ സ്നേഹിക്കുന്നെങ്കിൽ അവിടുന്ന് എനിക്കു പ്രശ്നങ്ങൾ വരുത്തുകയോ കഷ്ടപ്പെടാൻ എന്നെ അനുവദിക്കുകയോ ചെയ്യുകയില്ല’ എന്നതായിരുന്നു പ്രസ്താവന. അധ്യാപിക ഞങ്ങളുടെ ഉത്തരക്കടലാസുകൾ പരിശോധിച്ചപ്പോൾ ഞാനൊഴികെ ക്ലാസ്സിലെ മറെറല്ലാ കുട്ടികളും ശരി എന്ന് ഉത്തരമെഴുതിയിരിക്കുന്നതായി അവർ കണ്ടെത്തി. ഞാൻ എന്തുകൊണ്ട് തെററ് എന്ന് ഉത്തരമെഴുതിയെന്നു വിശദീകരിക്കാൻ അധ്യാപിക എന്നെ അനുവദിച്ചു. കഷ്ടപ്പാടുകൾ ഉണ്ടായിരിക്കാനും നാം പരിശോധിക്കപ്പെടാനും അവിടുന്ന് അനുവദിക്കുന്നെങ്കിൽപ്പോലും നമുക്കു പ്രശ്നങ്ങൾ വരുത്തുന്നതു ദൈവമല്ലെന്നു ഞാൻ പറഞ്ഞു. ഞാൻ എപ്പോഴും സ്കൂളിൽ കൊണ്ടുപോകുന്ന എന്റെ ബൈബിൾ ഉപയോഗിച്ച്, ‘ദൈവം സ്നേഹമാകുന്നു’ എന്ന 1 യോഹന്നാൻ 4:8-ലെ വാക്കുകളെക്കുറിച്ചു ഞാൻ ക്ലാസ്സിൽ ന്യായവാദം ചെയ്തു. എന്റെ വിശദീകരണത്തിനുശേഷം ബോധ്യം വന്ന അധ്യാപിക മേശയിൽ അടിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘മാരിലോ പറഞ്ഞതാണു ശരി.’ ഈ ചോദ്യത്തിനു ശരിയായ ഉത്തരമെഴുതിയ ഒരേ ഒരാൾ ഞാൻ മാത്രമായിരുന്നു, എനിക്ക് ഏററവും ഉയർന്ന മാർക്കും കിട്ടി.”
എങ്ങും രാജ്യസന്ദേശം
ഫിലിപ്പീൻസിന്റെ മറെറാരു ഭാഗത്തു വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കെ ഒരു നിരന്തര പയനിയർ (സുവാർത്തയുടെ ഒരു മുഴുസമയ പ്രഘോഷക) മൂന്നു ചെറിയ കുട്ടികളുള്ള ഒരു മാതാവിനെ കണ്ടുമുട്ടി. ഈ സ്ത്രീ രാജ്യസന്ദേശത്തിൽ അതിയായ താത്പര്യം പ്രകടിപ്പിച്ചു, അവരോടൊത്ത് ഒരു ബൈബിളധ്യയനം തുടങ്ങുന്നത് അത് എളുപ്പമാക്കിത്തീർത്തു. അവർക്കു ബൈബിൾ ക്ലാസ്സുകൾ ലഭിക്കുന്നത്, പ്രത്യേകിച്ചു യഹോവയുടെ സാക്ഷികളിൽനിന്നു ലഭിക്കുന്നത്, അവരുടെ ഭർത്താവിന് ഇഷ്ടമില്ലായിരുന്നെങ്കിലും അധ്യയനം തുടർന്നു.
ആ മനുഷ്യൻ കുടുംബത്തോടൊപ്പം മറെറാരു പട്ടണത്തിലേക്കു മാറിപ്പാർത്തു, ഈ മാററം സാക്ഷികളോടുള്ള തന്റെ ഭാര്യയുടെ സഹവാസം അവസാനിപ്പിക്കുമെന്ന് അയാൾ വിചാരിച്ചിരുന്നു. എന്നാൽ, ഏറെ താമസിയാതെ സാക്ഷികൾ ഈ സ്ത്രീയെ കണ്ടെത്തുകയും ബൈബിളധ്യയനം പുനരാരംഭിക്കുകയും ചെയ്തു. ഇതു ഭർത്താവിനെ ദേഷ്യം പിടിപ്പിച്ചു എന്നു പറയേണ്ടതില്ലല്ലോ. അയാൾ ജോലിക്കു പോയപ്പോഴും ദേഷ്യം തീർന്നിട്ടില്ലായിരുന്നു. അവിടെവച്ച് ഒരു ഇടപാടുകാരന്റെ വാഹനം നന്നാക്കിക്കൊണ്ടിരിക്കെ അയാൾ തന്റെ വികാരങ്ങളെല്ലാം ആ മനുഷ്യനോടു തുറന്നുപറഞ്ഞു. ആ ഇടപാടുകാരൻ യഹോവയുടെ സാക്ഷികളിൽ ഒരുവനാണെന്ന വിവരം അയാൾ അറിഞ്ഞിരുന്നില്ല.
അയാളുടെ ഭാര്യ ബൈബിൾ പഠിക്കുന്നതു തുടർന്നാൽ അതു മുഴുകുടുംബത്തിനും വളരെ പ്രയോജനകരമായിരിക്കുമെന്ന് ആ സാക്ഷി വിശദീകരിച്ചു. ബൈബിൾതത്ത്വങ്ങൾ ഭവനത്തിൽത്തന്നെ ബാധകമാക്കിത്തുടങ്ങാൻ അദ്ദേഹത്തിന്റെ ഭാര്യക്കു കഴിയുമല്ലോ. ദൈവരാജ്യത്തെക്കുറിച്ചു പഠിക്കുന്നതു ഭർത്താവിനുതന്നെയും പ്രയോജനം ചെയ്യുമെന്നും നിർദേശിക്കപ്പെട്ടു.
ഈ ചർച്ചയുടെ ഫലമെന്തായിരുന്നു? ബൈബിൾ പഠിക്കാൻ ആ മമനുഷ്യന്റെ ഭാര്യക്കു കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചു, തന്റെ ആദ്യത്തെ വീട്ടിലേക്കു മടങ്ങിപ്പോകാൻ അയാൾ തീരുമാനിച്ചു. അവിടെവച്ച് സ്നാപനമേൽക്കാത്ത രാജ്യപ്രസാധിക ആയിത്തീരുന്ന ഘട്ടത്തോളം ആ സ്ത്രീ ആത്മീയ പുരോഗതി നേടി. അവരുടെ ഭർത്താവും ഒരു ബൈബിളധ്യയനം സ്വീകരിച്ചു, അങ്ങനെ മുഴുകുടുംബവും ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കാൻ തുടങ്ങി.
[അടിക്കുറിപ്പ്]
a കൂടുതൽ വിവരങ്ങൾക്കുവേണ്ടി യഹോവയുടെ സാക്ഷികളുടെ 1994-ലെ കലണ്ടർ കാണുക.
[8-ാം പേജിലെ ചതുരം]
രാജ്യത്തെക്കുറിച്ചുള്ള സംക്ഷിപ്തവിവരം
1993 സേവനവർഷം
സാക്ഷീകരിക്കുന്നവരുടെ അത്യുച്ചസംഖ്യ: 1,16,576
അനുപാതം 1 സാക്ഷിക്ക്: 549 പേർ
സ്മാരക ഹാജർ: 3,57,388
ശരാശരി പയനിയർ പ്രസാധകർ: 22,705
ശരാശരി ബൈബിളധ്യയനങ്ങൾ: 94,370
സ്നാപനമേററവരുടെ എണ്ണം: 7,559
സഭകളുടെ എണ്ണം: 3,332
ബ്രാഞ്ച് ഓഫീസ്: മനില
[9-ാം പേജിലെ ചിത്രം]
വ്യാപാരസ്ഥലത്തെ സാക്ഷീകരണം നല്ല ഫലങ്ങൾ കൈവരുത്തുന്നു
[9-ാം പേജിലെ ചിത്രം]
വാച്ച്ടവർ സൊസൈററിക്കു മനിലയിലുള്ള ബ്രാഞ്ച് ഓഫീസ്