പയനിയർമാർ—അനുഗ്രഹങ്ങൾ വർഷിക്കുന്നു, വാരിക്കൂട്ടുന്നു
“വിജയപ്രദമായ ഒരു ലൗകിക ജോലിയെക്കാളും വളരെയേറെ വിലയേറിയതാണ് പയനിയറിങ്. യഹോവയെയും അവിടുത്തെ സത്യത്തെയും കുറിച്ച് അറിയാൻ ആളുകളെ സഹായിക്കുന്നതിനെക്കാൾ സംതൃപ്തികരമായ വേറൊന്നുമില്ല.” പയനിയറിങ്—മുഴുസമയ രാജ്യപ്രസംഗവേല—തന്റെ ജീവിതവൃത്തിയായി തിരഞ്ഞെടുത്ത ഒരു ക്രിസ്തീയ വനിത പറഞ്ഞത് അപ്രകാരമാണ്. വേറെ ഏതു ജോലികൾക്ക് അത്തരം സന്തുഷ്ടി പ്രദാനം ചെയ്യാനാകും?
പയനിയറിങ് ഉന്നതമായ ഒരു ലാക്കും അമൂല്യമായ ഒരു പദവിയുമാണ്. ഒരു വ്യക്തിക്ക് അത്തരമൊരു ജീവിതം തിരഞ്ഞെടുക്കാൻ എങ്ങനെ കഴിയും? പയനിയറിങ് വെച്ചുനീട്ടുന്ന അനുഗ്രഹങ്ങൾ കൊയ്യുന്നതിനു വേണ്ടത്ര ദീർഘകാലം അതിനോടു പററിനിൽക്കാൻ ആവശ്യമായിരിക്കുന്നത് എന്താണ്?
രണ്ടു കാര്യങ്ങൾ സുപ്രധാനമാണ്. ഒന്ന്, ശരിയായ സാഹചര്യങ്ങൾ. പയനിയറിങ്ങിനെ തികച്ചും അസാധ്യമാക്കിത്തീർക്കുന്ന ചില സാഹചര്യങ്ങളിലാണ് അനേകർ ജീവിക്കുന്നത്. രണ്ട്, ഉചിതമായ ആത്മീയ യോഗ്യതകളും വീക്ഷണവും. തീർച്ചയായും, ഇപ്പോഴത്തെ സാഹചര്യങ്ങൾ പയനിയറിങ് ചെയ്യാൻ ഒരു വ്യക്തിയെ അനുവദിച്ചാലും ഇല്ലെങ്കിലും പക്വമായ ക്രിസ്തീയ ഗുണങ്ങൾ വികസിപ്പിച്ചെടുക്കാൻ എല്ലാവർക്കും പ്രവർത്തിക്കാനാകും.
ചിലർ പയനിയറിങ് ചെയ്യുന്നതിന്റെ കാരണം
വിജയപ്രദമായ പയനിയറിങ്ങിനുള്ള യോഗ്യതകൾ എന്തൊക്കെയാണ്? കൊള്ളാം, പ്രസംഗവൈദഗ്ധ്യങ്ങൾ പ്രധാനമാണ്. അപരിചിതരോടു സുവാർത്ത പറയേണ്ടതും താത്പര്യമുള്ളവർക്കു മടക്കസന്ദർശനങ്ങൾ നടത്തേണ്ടതും ബൈബിളധ്യയനങ്ങൾ നടത്തേണ്ടതും എങ്ങനെയെന്നു പയനിയർമാർ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഈ കഴിവുകളുടെ അഭാവം ഒരു പയനിയറെ നിരുത്സാഹപ്പെടുത്തിയേക്കാം. എന്നിരുന്നാലും, മററു കാര്യങ്ങളും പ്രധാനമാണ്.
ദൃഷ്ടാന്തത്തിന്, നമ്മുടെ ആരാധനയിൽ ഉൾപ്പെട്ട ഏതു കാര്യവും യഹോവയോടും അവിടുത്തെ സ്ഥാപനത്തോടുമുള്ള നമ്മുടെ ബന്ധത്തോടു ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ പയനിയറിങ്ങും ഉൾപ്പെടുന്നു. റാഡോ എന്നു പേരുള്ള ഒരു യുവപയനിയർ ഇപ്രകാരം വിശദീകരിച്ചു: “ഒരു യുവവ്യക്തിയെ സംബന്ധിച്ചിടത്തോളം യഹോവയെ ഓർക്കുകയും സത്യത്തിന്റെ പാതയിൽ നടക്കുകയും ചെയ്യുന്നതിനെക്കാൾ മെച്ചമായ യാതൊന്നുമില്ല.” അതേ, യുവജനങ്ങൾക്കു യഹോവയോടുള്ള തങ്ങളുടെ സ്നേഹവും അടുപ്പവും പ്രകടമാക്കാനുള്ള ഒരു നല്ല മാർഗമാണു പയനിയറിങ്.—സഭാപ്രസംഗി 12:1.
പരിജ്ഞാനവും ഗ്രാഹ്യവും ഒഴിച്ചുകൂടാനാവാത്തവയാണ്. (ഫിലിപ്പിയർ 1:9-11) ഫലത്തിൽ, നമ്മുടെ ആത്മീയ യന്ത്രത്തെ മുന്നോട്ടു നയിക്കുന്ന ഇന്ധനമാണ് ഇവ. ഉത്സാഹവും ബോധ്യവും നഷ്ടപ്പെട്ട് ആത്മീയമായി ക്ഷീണിതരായിത്തീരാതിരിക്കാൻ ക്രമമായുള്ള വ്യക്തിപരമായ പഠനം അനിവാര്യമാണ്. തീർച്ചയായും, നാം ഉൾക്കൊള്ളുന്ന പരിജ്ഞാനം ബുദ്ധിയെ മാത്രമല്ല നമ്മുടെ ഹൃദയത്തെയും സ്വാധീനിക്കണം. (സദൃശവാക്യങ്ങൾ 2:2) അതുകൊണ്ട്, വ്യക്തിപരമായി പഠിക്കുന്നതു കൂടാതെ നാം ആർജിക്കുന്ന പരിജ്ഞാനം ഹൃദയത്തെ സ്പർശിക്കുന്നതിനു പ്രാർഥിക്കാനും ധ്യാനിക്കാനുമുള്ള സമയവും നമുക്കാവശ്യമാണ്. അപ്പോൾ, നമ്മുടെ സാഹചര്യങ്ങൾ അനുവദിക്കുന്നപക്ഷം, പയനിയറിങ് നടത്താൻ നാം ആഗ്രഹിക്കും.—എസ്രാ 7:10 താരതമ്യപ്പെടുത്തുക.
പയനിയർസേവനം ഏറെറടുക്കുന്നതിന് ആത്മത്യാഗത്തിന്റെ ആത്മാവ് ആവശ്യമാണ്. റോൺ എന്ന യുവാവ് പയനിയറിങ്ങിനുള്ള സകല ആസൂത്രണങ്ങളും നടത്തി. പയനിയറിങ് തുടങ്ങാനുള്ള ശരിയായ സാഹചര്യങ്ങൾക്കായി അദ്ദേഹം കാത്തിരിക്കുകയായിരുന്നു. വ്യക്തമായി പറഞ്ഞാൽ, പയനിയറിങ് നടത്താനും അതേസമയംതന്നെ ജീവിതത്തിലെ കുറച്ചു സുഖലോലുപത ആസ്വദിക്കാനും തന്നെ സഹായിക്കുന്ന ഒരു ജോലി അദ്ദേഹം ആഗ്രഹിച്ചു. പക്വതയുള്ള ഒരു സഹോദരിയോട് അദ്ദേഹം ഇക്കാര്യം പരാമർശിച്ചപ്പോൾ അവരുടെ ഉത്തരം അദ്ദേഹത്തിനു ഞെട്ടലുളവാക്കി. അവർ പറഞ്ഞതിങ്ങനെയാണ്: “യഹോവ അനുഗ്രഹിക്കുന്നതു പ്രവൃത്തികളെയാണ്, വാഗ്ദാനങ്ങളെയല്ല.” പയനിയറിങ്ങിനു സമയം ലഭ്യമാക്കിത്തീർത്ത താഴ്ന്ന വരുമാനമുള്ള ഒരു ജോലി ആ യുവാവ് കണ്ടെത്തി. മത്തായി 6:25-34 ബാധകമാക്കുന്നത് ചെറിയ വരുമാനവുമായി പൊരുത്തപ്പെട്ടു പോകാൻ ഒരു വ്യക്തിയെ സഹായിക്കും.
താഴ്മയോടെ നല്ല നിർദേശങ്ങൾ പിൻപററാനുള്ള മനസ്സൊരുക്കം പയനിയർസേവനത്തിൽ പ്രവേശിക്കാൻ നമ്മെ സഹായിച്ചേക്കാം. പയനിയറിങ് ചെയ്യാനുള്ള ആഗ്രഹം ഒരു ക്രിസ്ത്യാനിയെന്നനിലയിൽ ഹാന്നാ ബാല്യകാലത്തു വളർത്തിയെടുത്തിരുന്നു. എന്നാൽ, ഒരു കുടുംബത്തെ വളർത്തിക്കൊണ്ടുവന്നപ്പോൾ അവർ പയനിയറിങ് ചെയ്തില്ല. പിന്നീട് അവർ ഒരു ബിസിനസിൽ ഏർപ്പെടുകയും ചെയ്തു. ജാഗ്രതയുണ്ടായിരുന്ന മൂപ്പൻമാരിൽനിന്നുള്ള നല്ല ബുദ്ധ്യുപദേശം സ്വീകരിച്ചുകൊണ്ട്, ഹാന്നാ തനിക്കിഷ്ടപ്പെട്ട ജോലി ഉപേക്ഷിച്ച് പയനിയർസേവനം ഏറെറടുത്തു. മററുള്ളവരെ സമർപ്പണത്തിലേക്കു കൊണ്ടുവരുന്നതിലും നിഷ്ക്രിയരെ സഹായിക്കുന്നതിലും ഹാന്നാ ഇപ്പോൾ വലിയ സന്തോഷം അനുഭവിക്കുന്നു.
സത്യം ഒരുവന്റെ ജീവിതത്തിൽ എന്തു ചെയ്തിരിക്കുന്നുവോ അതിനോടുള്ള കൃതജ്ഞതയ്ക്കും പയനിയറിങ് നടത്താനുള്ള ഒരു പ്രചോദനമായിരിക്കാൻ കഴിയും. വിവാഹബന്ധം തകർന്നുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ കാര്യമെടുക്കുക, അവർ ആഴമായ വിഷാദമനുഭവിച്ചിരുന്നു. അവർ ദൈവവചനത്തിലെ സത്യം പഠിച്ച് അതു ബാധകമാക്കിയപ്പോൾ സ്ഥിതിഗതികൾക്കു നാടകീയ മാററം ഉണ്ടായി. സത്യം തനിക്കുവേണ്ടി ചെയ്ത സംഗതിയിൽ പുളകിതയായ ആ സ്ത്രീ, തന്റെ വിലമതിപ്പു പ്രകടമാക്കാനുള്ള ഏററവും നല്ല മാർഗം പയനിയറിങ് ചെയ്ത് മററുള്ളവരെ സഹായിക്കുന്നതായിരിക്കും എന്നു തീരുമാനിച്ചു. അവർ അതുതന്നെ ചെയ്തു. അനേകം ബൈബിളധ്യയനങ്ങളുടെയും ഒരു സന്തുഷ്ട കുടുംബജീവിതത്തിന്റെയും അനുഗ്രഹങ്ങൾ അവർ ഇപ്പോൾ അനുഭവിക്കുന്നു.
മററുള്ളവർക്കു സഹായിക്കാൻ കഴിയും
പയനിയർമാർ മിക്കപ്പോഴും മററു പയനിയർമാരെ ഉളവാക്കുന്നു. മുമ്പു പ്രസ്താവിച്ച റാഡോയ്ക്ക് ആറു വയസ്സുള്ളപ്പോഴായിരുന്നു രണ്ടു പയനിയർമാർ അവന്റെ മാതാപിതാക്കളോടൊത്തു ബൈബിൾ പഠിച്ചത്. തീരെ ചെറുപ്പമായിരിക്കെത്തന്നെ വയൽശുശ്രൂഷയിൽ അവൻ ഈ മുഴുസമയ പ്രസംഗകരോടൊപ്പം ക്രമമായി പോയിരുന്നു. 17-ാമത്തെ വയസ്സിൽ റാഡോ ഒരു നിരന്തരപയനിയറായിത്തീർന്നു. മറെറാരു യുവാവായ ആർനോ ക്രിസ്തീയ കുടുംബത്തിലാണു വളർന്നതെങ്കിലും ആത്മീയമായി ബലഹീനനായിത്തീർന്നു. പിന്നീട്, തന്റെ ആത്മീയ ശക്തി വീണ്ടെടുക്കാൻ നിശ്ചയിച്ചുറച്ച അവൻ ഇപ്പോൾ പറയുന്നത് ഇങ്ങനെയാണ്: “പയനിയർമാരിൽനിന്ന് എനിക്കു ധാരാളം പ്രോത്സാഹനം ലഭിച്ചു. പ്രത്യേകിച്ച് സ്കൂൾ അവധിക്കാലത്തു ഞാൻ അവരോടൊത്തു സഹവസിച്ചു, ചില മാസങ്ങളിൽ വയൽസേവനത്തിൽ 60 മണിക്കൂർ റിപ്പോർട്ടിടുകയും ചെയ്തു. അതു കഴിഞ്ഞപ്പോൾ നിരന്തരപയനിയർ സേവനത്തിലേക്കുള്ള അടുത്ത പടി [മാസംതോറും ആവശ്യമായ 90 മണിക്കൂർ] അത്ര പ്രയാസമില്ലായിരുന്നു.” ലോകത്തെ പൂർണമായി ഉപയോഗിക്കാതിരിക്കാനുള്ള 1 കൊരിന്ത്യർ 7:29-31-ലെ ബുദ്ധ്യുപദേശത്തെക്കുറിച്ചു ധ്യാനിക്കുന്നത് അത്തരം യുവജനങ്ങളെ യഥാർഥത്തിൽ സഹായിച്ചിരിക്കുന്നു.
ആത്മീയ താത്പര്യങ്ങൾക്കു പ്രഥമസ്ഥാനമുള്ളതും മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കാൻ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു ഭവനത്തിൽ പയനിയർ ആത്മാവ് വേരുപിടിക്കുന്നതു കൂടുതൽ എളുപ്പമാണ്. അത്തരമൊരു ഭവനത്തിൽ വളർന്നുവന്ന ഫിലോ അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്: “ഒരു ലൗകിക ഭാവിക്കായി പ്രവർത്തിക്കുന്നതിന് എന്റെ വിദ്യാഭ്യാസം തുടരാൻ പലരും എന്നെ ഉപദേശിച്ചു. എന്നാൽ ജ്ഞാനമേറിയ ഒരു തിരഞ്ഞെടുപ്പു നടത്താൻ മാതാപിതാക്കൾ എന്നെ സഹായിച്ചു. ഞാൻ എന്റെ ഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നപക്ഷം, എന്റെ ഒന്നാം സ്ഥാനം യഹോവയുമായുള്ള ഒരു ബന്ധം വളർത്തിയെടുക്കുന്നതായിരിക്കണമെന്ന് അവർ എന്നോടു പറഞ്ഞു.”
താൻ പയനിയർസേവനം ഏറെറടുത്തതിന്റെ കാരണം തന്റെ മാതാപിതാക്കളുടെ മാതൃകയും ഉദ്യമങ്ങളുമാണെന്നു താമാർ എന്നു പേരുള്ള യുവതിയും പറയുന്നു. അവർ പറയുന്നതു കേൾക്കൂ: “ജീവിതത്തെക്കുറിച്ചുള്ള ഒരു ആത്മീയ വീക്ഷണം എപ്പോഴാണു ഞാൻ വളർത്തിയെടുത്തതെന്നു പറയാൻ വാസ്തവത്തിൽ എനിക്കാവില്ല, എന്നാൽ അത്തരമൊരു വീക്ഷണത്തോടെയല്ല ഞാൻ ജനിച്ചതെന്ന് എനിക്കറിയാം. ക്രമമായി വയൽസേവനത്തിൽ പങ്കുപററുകയും യോഗങ്ങൾക്കു ഹാജരാകുകയും ചെയ്യുന്ന എന്റെ മാതാപിതാക്കളുടെ പതിവു രീതിയും ഒപ്പം സത്യത്തോടുള്ള അവരുടെ ആഴമായ സ്നേഹവും എന്റെ ആത്മീയ വീക്ഷണം വളർത്തിയെടുക്കാൻ സാരമായി എന്നെ സഹായിച്ചു.”
നിങ്ങളുടെ തീരുമാനത്തോടു പററിനിൽക്കൽ
ഒരു വ്യക്തി പയനിയർസേവനത്തിൽ പ്രവേശിച്ചശേഷം അതിൽ തുടർന്നു നിലനിൽക്കുന്നത്, ജ്ഞാനപൂർവകമായ ആ തീരുമാനത്തിന്റെ പൂർണ പ്രയോജനം കൊയ്യാൻ ആ വ്യക്തിയെ പ്രാപ്തമാക്കുന്നു. ആ ലക്ഷ്യത്തിൽ പ്രായോഗികമായ ധാരാളം ഉപദേശം നൽകാൻ കഴിയും. ഉദാഹരണത്തിന്, സാധ്യമാകുന്നിടത്തോളം ഉത്പാദനക്ഷമമായിരിക്കത്തക്കവണ്ണം തങ്ങളുടെ സമയം പട്ടികപ്പെടുത്താൻ പയനിയർമാർ പഠിക്കുന്നതു വളരെ നല്ലതാണ്. എന്നിരുന്നാലും, യഹോവയോടും അവിടുത്തെ സ്ഥാപനത്തോടുമുള്ള ഒരു വ്യക്തിയുടെ ബന്ധം അതിപ്രധാനഘടകമായിത്തന്നെ നിലകൊള്ളുന്നു.
ഇതിനോടു ബന്ധപ്പെട്ടതാണ് പ്രാർഥനാപൂർവകമായ ഒരു മനോഭാവം. “ഞാൻ സത്യത്തിലേക്കു വന്നപ്പോൾ, പയനിയറിങ് ചെയ്യാൻ വളരെയധികം ആഗ്രഹിച്ചു” എന്നു കോർ പറയുന്നു. എന്നാൽ, ആദ്യം അവൻ കാർഷിക സർവകലാശാലയിലെ ഒരു കോഴ്സ് പൂർത്തിയാക്കണമെന്ന് അദ്ദേഹത്തിന്റെ പിതാവ് ആവശ്യപ്പെട്ടു. അതിനുശേഷം കോർ പയനിയറിങ് തുടങ്ങി. കാലക്രമേണ അദ്ദേഹം വിവാഹം ചെയ്തു, അദ്ദേഹത്തിന്റെ ഭാര്യ പയനിയർവേലയിൽ അദ്ദേഹത്തോടൊപ്പം ചേർന്നു. ഭാര്യ ഗർഭിണിയായപ്പോൾ, അദ്ദേഹം പയനിയർവേല ഉപേക്ഷിക്കേണ്ടതിന്റെ സാധ്യതയെ അഭിമുഖീകരിച്ചു. “ഞാൻ മിക്ക സമയത്തും യഹോവയോടു പ്രാർഥിക്കുകയും പയനിയറിങ് തുടരാനുള്ള എന്റെ ഹൃദയാഭിലാഷം അവിടുത്തെ മുമ്പാകെ വയ്ക്കുകയും ചെയ്തു,” കോർ പറയുന്നു. ഒടുവിൽ ഒരു കുടുംബത്തെ വളർത്തിക്കൊണ്ടുവരവേ, പയനിയറിങ് ചെയ്യാൻ തന്നെ പ്രാപ്തനാക്കിയ ഒരു ജോലി കോർ കണ്ടെത്തി.
പയനിയർശുശ്രൂഷയിൽ നിലനിൽക്കാൻ മിക്കപ്പോഴും ഒരു വ്യക്തിയെ സഹായിക്കുന്ന മറെറാരു ഘടകമാണ് അവശ്യ ഭൗതികവസ്തുക്കൾക്കൊണ്ടു തൃപ്തരായിരിക്കൽ. അപ്പോസ്തലനായ പൗലോസ് ഇപ്രകാരമെഴുതി: ‘നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ; “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നേ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.’ (എബ്രായർ 13:5) നിലവിലുള്ള വസ്തുക്കൾക്കൊണ്ടു തൃപ്തരായിരുന്നത്, പയനിയറിങ് തുടരാൻ ഹാരിയെയും ഇറേനയെയും സഹായിച്ചു. അന്ധയായ ഇറേന എട്ടു വർഷം ഒരു പയനിയറായിരുന്നു. “ഞങ്ങളുടെ സാമ്പത്തികാവസ്ഥയെ ഒരു പ്രശ്നമായി ഞങ്ങളൊരിക്കലും വീക്ഷിച്ചിട്ടില്ല,” ഇറേന പറയുന്നു. “അനാവശ്യമായ സാമ്പത്തിക ഭാരങ്ങൾ തലയിൽ കയററാതിരിക്കാൻ ഞങ്ങൾ ശ്രദ്ധ പുലർത്തി. ഞങ്ങൾ എപ്പോഴും കണക്കു കൂട്ടിനോക്കിയിരുന്നു. ഞങ്ങളുടെ ജീവിതം എപ്പോഴും ലളിതമായിരുന്നെങ്കിലും അതു വളരെ സന്തോഷഭരിതവും അനുഗ്രഹങ്ങളാൽ സമ്പന്നവുമായിരുന്നു.”
അനവധി സന്തോഷാനുഗ്രഹങ്ങൾ
ഒമ്പതു വർഷത്തെ പയനിയറിങ്ങിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ട്, താമാർ പറയുന്നത് ഇങ്ങനെയാണ്: “യഥാർഥത്തിൽ യഹോവ നിങ്ങളുടെ കൈ പിടിച്ചിരുന്നതുപോലെ നിങ്ങൾ അവിടുത്തോടു വളരെ അടുത്തു വരുന്നു.” (സങ്കീർത്തനം 73:23) ചില കഷ്ടാനുഭവങ്ങളും മനസ്സിലേക്കു വരും. “മററുള്ളവരുടെ അപൂർണതകളും എന്റെ സ്വന്തം അപൂർണതകളും എന്നെ നിരന്തരം അസ്വസ്ഥയാക്കി,” താമാർ കൂട്ടിച്ചേർക്കുന്നു. “അതു മാത്രമല്ല, ഭൗതികമായി കൂടുതൽ പ്രതിഫലദായകമായ ജീവിതഗതി തിരഞ്ഞെടുത്ത സഹോദരീസഹോദരൻമാരെ ഞാൻ നോക്കുമായിരുന്നു, മഴയത്തും തണുപ്പത്തും വീടുവീടാന്തരം ഞാൻ കയറിയിറങ്ങിയപ്പോൾ, അവർ തിരഞ്ഞെടുത്തത് ഏറെ ആകർഷകമായി എനിക്കു തോന്നി. എന്നാൽ, എന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ ഞാൻ ഒരിക്കലും അവരുടെ സ്ഥാനത്തായിരിക്കാൻ ആഗ്രഹിച്ചിരുന്നില്ല. അത്തരം സന്തോഷവും ആത്മീയ സംതൃപ്തിയും അനുഗ്രഹങ്ങളും കൈവരുത്താൻ പയനിയറിങ്ങിനല്ലാതെ മറെറന്തിനു കഴിയും?” സമാനമായ സന്തോഷങ്ങൾക്കും അനുഗ്രഹങ്ങൾക്കും നിങ്ങൾ ഉയർന്ന വില കൽപ്പിക്കുമോ?
ക്രിസ്തീയ ശുശ്രൂഷയിൽ പയനിയർമാർ വളരെയധികം സമയം ചെലവഴിക്കുന്നതുകൊണ്ട്, ബൈബിൾ സത്യത്തെക്കുറിച്ചുള്ള പരിജ്ഞാനം നേടാൻ ധാരാളമാളുകളെ സഹായിക്കാൻ കഴിയുന്ന ഒരു സ്ഥാനത്താണവർ. മുമ്പു പരാമർശിച്ച ഹാരിയും ഇറേനയും ഇങ്ങനെ പറയുന്നു: “യഹോവയുടെ സ്ഥാപനത്തിൽ ഉണ്ടായിരിക്കാൻ കഴിയുന്ന അനവധി പദവികളുണ്ട്, എന്നാൽ ഒരു പുതിയ താത്പര്യക്കാരനെ യഹോവയുടെ ഒരു ദാസനായിത്തീരുന്ന ഘട്ടത്തോളം പുരോഗമിക്കാൻ സഹായിക്കുന്നതാണ് എല്ലാററിലും വച്ച് ഏററവും മഹത്തായ പദവി.”
“എന്റെ കാര്യത്തിൽ സദൃശവാക്യങ്ങൾ 10:22-ലെ വാക്കുകൾ സത്യമെന്നു തെളിഞ്ഞിരിക്കുന്നു: ‘യഹോവയുടെ അനുഗ്രഹം—അതാണു സമ്പന്നനാക്കുന്നത്, അവിടുന്ന് അതിനോടു വേദന കൂട്ടുന്നില്ല.’ ഞാൻ യഹോവയെ സേവിച്ച വർഷങ്ങളിൽ ഈ തിരുവെഴുത്ത് എന്റെ കാര്യത്തിൽ കൂടെക്കൂടെ നിവൃത്തിയായിട്ടുണ്ട്” എന്നു പറഞ്ഞപ്പോൾ മറെറാരു പയനിയർ കാര്യങ്ങളെ നല്ലവണ്ണം പ്രകടമാക്കുകയായിരുന്നു.
മാതാപിതാക്കളേ, പയനിയറിങ് ചെയ്യാനുള്ള ഒരു ആഗ്രഹം നിങ്ങളുടെ കുട്ടികളിൽ നിങ്ങൾ കരുപ്പിടിപ്പിക്കുന്നുണ്ടോ? പയനിയർമാരേ, മററുള്ളവരിൽ ഈ ആഗ്രഹം നട്ടുവളർത്താൻ നിങ്ങൾ പ്രയത്നിക്കുന്നുണ്ടോ? മൂപ്പൻമാരേ, നിങ്ങളുടെ സഭയിലെ പയനിയർമാരെ പിന്തുണയ്ക്കുകയും മററുള്ളവരിൽ ഒരു പയനിയർ ആത്മാവ് വളർത്തിയെടുക്കാൻ നിങ്ങൾ സഹായിക്കുകയും ചെയ്യുന്നുണ്ടോ? പയനിയർസേവനത്തിൽ ഏർപ്പെട്ടുകൊണ്ട് അത്തരം അനുഗ്രഹങ്ങളിലേക്ക് എത്തിപ്പിടിക്കാൻ യഹോവയുടെ ജനത്തിലെ അനേകമനേകം പേർ പ്രേരിതരാകട്ടെ.