പുളകംകൊള്ളിക്കുന്ന കൺവെൻഷനുകൾ ദിവ്യ ബോധനത്തിനു പ്രചോദനമേകുന്നു
ലോകം ഇന്നു വിവരങ്ങളുടെ ഒരു പ്രളയംതന്നെ അനുഭവിക്കുകയാണ്. ടെലിവിഷൻ, റേഡിയോ, പുസ്തകങ്ങൾ എന്നിവയിൽനിന്നോ അല്ലെങ്കിൽ കമ്പ്യൂട്ടറുകളിലൂടെയോ ലഭ്യമാകുന്ന, ചിന്തിക്കാവുന്ന ഏതു വിഷയത്തെക്കുറിച്ചുമുള്ള അറിവിന്റെ ശേഖരം ഏതാണ്ട് അനന്തമാണ്. എന്നിട്ടും, ആളുകൾ രോഗം ബാധിച്ചു മരിക്കുന്നു. കുററകൃത്യവും വിശപ്പും ദാരിദ്ര്യവും ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും നിലനിൽക്കുന്നു, വൈകാരിക ക്രമക്കേടുകൾ മുമ്പെന്നത്തേക്കാളും അധികമധികം ആളുകളെ ബാധിക്കുന്നു. ലഭ്യമായ അറിവുകൾക്കൊന്നും കാര്യങ്ങളെ നേരെയാക്കാൻ കഴിഞ്ഞിട്ടില്ല. എന്തുകൊണ്ടില്ല? എന്തെന്നാൽ മനുഷ്യവർഗം ദൈവത്തിന്റെ ജ്ഞാനത്തിനു പുറംതിരിഞ്ഞുകളഞ്ഞിരിക്കുന്നു.
അപ്പോൾ, യഹോവയുടെ സാക്ഷികളുടെ അടുത്ത കാലത്തെ കൺവെൻഷനുകൾക്കു തിരഞ്ഞെടുത്ത ‘ദിവ്യ ബോധനം’ എന്ന വിഷയം എത്ര അനുയോജ്യമായിരുന്നു! ദൈവവചനമായ ബൈബിളിൽ കാണുന്ന പഠിപ്പിക്കലിനു മാത്രമേ ജീവരക്ഷാകരമായ യഥാർഥ മൂല്യമുള്ളൂവെന്നു സന്നിഹിതരായ എല്ലാവരെയും ആ പരിപാടി അനുസ്മരിപ്പിച്ചു.
ആദ്യത്തെ കൺവെൻഷൻ ജൂൺ 3, വ്യാഴാഴ്ച യു.എസ്.എ.യിലെ ന്യൂയോർക്കിലുള്ള യൂണിയൻഡേലിൽ ആരംഭിച്ചു. അപ്പോൾമുതൽ ഒന്നിനു പിന്നാലെ മറെറാന്നായി ഓരോ രാജ്യത്തും വ്യത്യസ്ത നഗരങ്ങളിൽ ഈ പരിപാടി അവതരിപ്പിക്കപ്പെട്ടു, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലാണ് അവ അവസാനിക്കുന്നത്.
ഒന്നാം ദിവസം ഉച്ചതിരിഞ്ഞ്
ദിവ്യ ബോധനത്തിന്റെ ഒരു പ്രത്യേക വശത്തിന് ഊന്നൽ നൽകിയ ഒരു വിഷയം ഓരോ ദിവസവും ഉണ്ടായിരുന്നു. ദൃഷ്ടാന്തത്തിന്, ഒന്നാം ദിവസത്തെ പരിപാടി “ദൈവത്തിൽനിന്നുള്ള ബോധനത്തെ മനസ്സിലാക്കൽ” എന്ന വിഷയത്തെ ആധാരമാക്കിയുള്ളതായിരുന്നു. (യോഹന്നാൻ 7:17) വൈകുന്നേരമായതോടെ ഈ ആശയം നന്നായി വികസിപ്പിക്കപ്പെട്ടു.
ഗീതത്തിനും പ്രാർഥനയ്ക്കും ശേഷം, “ദിവ്യ ബോധനം നമ്മെ കൂട്ടിവരുത്തുന്നു” എന്ന തലക്കെട്ടുള്ള പ്രസംഗത്തോടെ കൺവെൻഷൻ ചെയർമാൻ പരിപാടി ആരംഭിച്ചു. യഹോവയുടെ വഴികൾ പഠിക്കുന്നതിനാലും അവിടുത്തെ പാതകളിൽ നടക്കുന്നതിനാലും യഹോവയുടെ ജനം ഐക്യമുള്ളവരാണ് എന്ന് അദ്ദേഹം പ്രകടമാക്കി. (മീഖാ 4:1-5) ദിവ്യ ബോധനം അവരുടെ ഐക്യത്തെ ബലിഷ്ഠമാക്കുന്നു. തങ്ങളുടെ ഏകീകൃത സഹവർത്തിത്വത്തിൽ സന്തോഷിക്കാൻ സമ്മേളിതർ പ്രോത്സാഹിപ്പിക്കപ്പെട്ടു.—സങ്കീർത്തനം 133:1-3.
ഉച്ചതിരിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ, “യഹോവയുടെ വഴികളെക്കുറിച്ചു നമ്മെ പ്രബോധിപ്പിക്കുന്ന യോഗങ്ങൾ” എന്ന തലക്കെട്ടുള്ള ഒരു സിമ്പോസിയത്തിലൂടെ ക്രമമായുള്ള സഭായോഗങ്ങളെക്കുറിച്ചുള്ള ചർച്ച നടന്നു. നാം കൂടിവരുമ്പോൾ യഹോവയെ ബഹുമാനിക്കുകയാണെന്നും തത്ഫലമായി അവിടുത്തെ അനുഗ്രഹം ലഭിക്കുന്നുവെന്നും ആദ്യപ്രസംഗകൻ സമ്മേളിതരെ ഓർമിപ്പിച്ചു. അതിനുശേഷം പ്രസംഗം നടത്തിയ ആൾ യോഗങ്ങളിൽ പങ്കുപറേറണ്ടതിന്റെ ആവശ്യത്തെ ഊന്നിപ്പറഞ്ഞു. അങ്ങനെ ചെയ്യുമ്പോൾ നാം യഹോവയെ പരസ്യമായി സ്തുതിക്കുകയും നമ്മുടെ വിശ്വാസത്തെ പ്രകടമാക്കുകയും മററുള്ളവരുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയുമാണു ചെയ്യുന്നത്. യോഗങ്ങളിൽ നാം പഠിക്കുന്ന കാര്യങ്ങൾ ബാധകമാക്കേണ്ടതിന്റെ ആവശ്യകത സിമ്പോസിയത്തിലെ മൂന്നാമത്തെ പ്രസംഗകൻ എടുത്തുകാട്ടി. നാം “കേൾവിക്കാർ മാത്രമായിരിക്കാതെ വചനത്തെ പ്രവർത്തിക്കുന്നവർ” ആയിരിക്കേണ്ടതുണ്ട്.—യാക്കോബ് 1:22, NW.
അടുത്തതായി യഹോവയ്ക്കു സ്തുതികൾ പാടുന്നതിനെക്കുറിച്ചുള്ള ഒരു നല്ല ചർച്ചയായിരുന്നു. ഹൃദയംഗമമായ ഗീതം നമ്മുടെ ആരാധനയുടെ ഒരു പ്രധാന ഭാഗമാണ്. ഈ പ്രസംഗത്തെത്തുടർന്ന് “ദിവ്യ ബോധനം വിജയിക്കുന്നു” എന്ന മുഖ്യവിഷയ പ്രസംഗമാണുണ്ടായിരുന്നത്. എന്തൊരു അത്യുത്തമ വിഷയം! “ഏതൊരാൾക്കും ലഭിക്കാവുന്ന ഏററവും നല്ല പഠിപ്പിക്കലിന്റെ ഉറവ് യഹോവയാണ്,” പ്രസംഗകൻ പറഞ്ഞു. പിന്നീട് മനുഷ്യ മസ്തിഷ്കത്തിന്റെ അത്ഭുതത്തെക്കുറിച്ചു ഹ്രസ്വമായി ചർച്ച ചെയ്തശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നാം നമ്മുടെ ചിന്താപ്രാപ്തികളെ പ്രാഥമികമായി ദിവ്യബോധനം സ്വീകരിക്കുന്നതിന് ഉപയോഗിക്കണം. അതു മാത്രമാണു സാക്ഷാലുള്ള ജ്ഞാനത്തിൽ കലാശിക്കുന്നത്.” എത്രയോ സത്യം!
രണ്ടാം ദിവസം രാവിലെ
“നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കുക” എന്നതായിരുന്നു കൺവെൻഷന്റെ രണ്ടാം ദിവസത്തെ വിഷയം. (തീത്തൊസ് 2:9) “ഭൂതങ്ങളുടെ പഠിപ്പിക്കലുകൾക്കെതിരെ ദിവ്യ ബോധനം” എന്ന പ്രസംഗത്തിൽ ഈ തത്ത്വം മുൻപന്തിയിലേക്കു വന്നു. അതേ, ഭൂതങ്ങൾക്ക് അവയുടെ പഠിപ്പിക്കലുകളുണ്ട്. (1 തിമൊഥെയൊസ് 4:1) പ്രസംഗകൻ വിശദീകരിച്ചപ്രകാരം, വ്യാജ പഠിപ്പിക്കലുകളെയും പിശാചിന്റെ കുടിലമായ മാർഗങ്ങളെയും തുറന്നുകാട്ടുകവഴി ദിവ്യ ബോധനം സാത്താന്റെ “ജ്ഞാന”ത്തിൻമേൽ വിജയം വരിക്കുന്നു. ഇതു നിമിത്തം നീതി ഹൃദയരായ ഏതാണ്ട് 45,00,000 ക്രിസ്ത്യാനികൾ മേലാൽ സാത്താന്റെ അന്ധകാരത്തിലെ അടിമകളല്ല.—യോഹന്നാൻ 8:32.
എന്നുവരികിലും നാം സാത്താനെ തുടർന്നും ചെറുത്തുകൊണ്ടേയിരിക്കണം. “നിങ്ങൾ ലോകത്തിന്റെ ആത്മാവിനെ ചെറുക്കുന്നുവോ?” എന്ന പ്രസംഗം ഇതിന് ഊന്നൽ നൽകി. ഈ ലോകത്തിന്റെ ആത്മാവ് മാരകമാണ്. അധഃപതിച്ച ധാർമികതയെയും അധികാരത്തോടുള്ള ഒരു മത്സര മനോഭാവത്തെയും ഭൗതിക വസ്തുക്കളോടുള്ള അത്യാഗ്രഹത്തെയും അത് ഊട്ടിവളർത്തുന്നു. ഒരു ക്രിസ്ത്യാനി തന്നേത്തന്നെ നിരന്തരം പരിശോധിക്കേണ്ടതുണ്ട്. താൻ എന്തു വീക്ഷിക്കുന്നു, എന്തു ശ്രദ്ധിക്കുന്നു, അല്ലെങ്കിൽ എന്തു വായിക്കുന്നു എന്നീ കാര്യങ്ങളിൽ ഇപ്പോഴും അയാൾക്ക് ഉന്നതമായ നിലവാരങ്ങളുണ്ടോ? പ്രോത്സാഹജനകമാംവിധം പ്രസംഗകൻ ഇങ്ങനെ പറഞ്ഞു: “സഹോദരൻമാരും സഹോദരിമാരും ചെറുപ്പക്കാരും ആയ നിങ്ങൾ ഇക്കാര്യത്തിൽ ഇപ്പോൾത്തന്നെ നടത്തുന്ന ആത്മാർഥമായ പരിശ്രമത്തെ ഞങ്ങൾ പ്രശംസിക്കുന്നു.”—1 യോഹന്നാൻ 2:15-17.
ലോകത്തിന്റെ ആത്മാവിനോടു ചെറുത്തുനിൽക്കുന്നതു ദുഷ്കരമാക്കിത്തീർക്കുന്ന ഒരു ഘടകമുണ്ട്. എന്താണത്? നാമെല്ലാം അപൂർണരാണ് എന്ന കാര്യം. യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു എന്നതു സത്യംതന്നെ, എന്നാൽ പാപത്തിലേക്കുള്ള ചായ്വിനെതിരെ നാം ഇപ്പോഴും പോരാടേണ്ടതുണ്ട്. “വീഴ്ചഭവിച്ച ജഡത്തിൻമേലുള്ള പാപത്തിന്റെ പിടിയോടു പൊരുതൽ” എന്ന പ്രസംഗത്തിൽ ഈ വിഷയം പരിചിന്തിക്കപ്പെട്ടു. നാം പുതിയ വ്യക്തിത്വം ധരിക്കുകയും നമ്മുടെ പാപപൂർണമായ പ്രവണതകളെ തൃപ്തിപ്പെടുത്തുന്ന എന്തും ഒഴിവാക്കുകയും ചെയ്യുന്നപക്ഷം പാപത്തോടുള്ള പോരാട്ടത്തിൽ നമുക്കു വിജയിക്കാൻ കഴിയുമെന്ന്, മററു കാര്യങ്ങളുടെ കൂട്ടത്തിൽ, പ്രസംഗകൻ പറഞ്ഞു.
“ആരോഗ്യാവഹമായ പ്രബോധനത്തെ നിങ്ങളുടെ ജീവിതമാർഗമാക്കുക” എന്നതായിരുന്നു അടുത്ത പ്രസംഗത്തിന്റെ വിഷയം. തങ്ങളുടെ ശാരീരിക ആരോഗ്യത്തെക്കുറിച്ചു ചിലർക്ക് അമിതമായ ഉത്കണ്ഠയുണ്ട്. എന്നാൽ വാസ്തവത്തിൽ ആത്മീയ ആരോഗ്യമാണ് അതിലുമേറെ പ്രധാനം. ഈ കാര്യത്തിൽ നമ്മുടെ ഉത്തരവാദിത്വങ്ങൾ ഗൗരവമായി എടുക്കേണ്ടതിന്റെ ആവശ്യത്തെ പ്രസംഗകൻ ഊന്നിപ്പറഞ്ഞു. ക്രിസ്തീയ സ്ത്രീകളോട് അദ്ദേഹത്തിനു വിശേഷാൽ പ്രോത്സാഹജനകമായ ഒരു കാര്യം പറയാനുണ്ടായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “തങ്ങളുടെ ശുശ്രൂഷയിലുള്ള തീക്ഷ്ണതയിലും വ്യക്തിപരമായ ഉത്തരവാദിത്വങ്ങളിലും നല്ല സമനില പാലിക്കുന്ന പ്രായമായ സഹോദരിമാരെയും ചെറുപ്പക്കാരായ സഹോദരിമാരെയും നാം വളരെ വിലമതിക്കുന്നു.” അതേ, നമ്മെ ലോകത്തിൽനിന്നു വേർതിരിച്ചുനിർത്തുന്ന ആരോഗ്യാവഹമായ പ്രബോധനത്തിനുവേണ്ടി നാമെല്ലാം യഹോവയോടു നന്ദിയുള്ളവരാണ്.
രാവിലത്തെ പരിപാടിക്കു പരിസമാപ്തി കുറിച്ചത്, “ദിവ്യ ബോധനം ജീവിതത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുന്നു” എന്ന പ്രസംഗമായിരുന്നു. “‘ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്’ എന്ന് ഇപ്പോഴല്ലെങ്കിൽ പിന്നീട് മിക്കവാറും എല്ലാവരും ആശ്ചര്യപ്പെടാറുണ്ട്.” ബൈബിൾ മാത്രമേ ആ ചോദ്യത്തിനുള്ള യഥാർഥ ഉത്തരം നൽകുന്നുള്ളൂവെന്നു ശക്തമായ വാദങ്ങളോടെ അദ്ദേഹം തെളിയിച്ചു. അതിനുശേഷം, ദൈവത്തിന്റെ അത്ഭുതാവഹമായ വാഗ്ദത്തങ്ങൾ നമുക്കു ജീവിതത്തിൽ ഒരു നല്ല ഉദ്ദേശ്യം തരുന്നുവെന്ന് അദ്ദേഹം എടുത്തുകാട്ടി. ‘എന്റെ പ്രദേശത്തുള്ള ആളുകൾ തീർച്ചയായും കേൾക്കേണ്ട ഒന്നാണിത്’ എന്നു സദസ്യരിൽ പലരും ചിന്തിച്ചിരിക്കാനിടയുണ്ട്. ഭരണസംഘത്തിൽപ്പെട്ടവരും അതേ അഭിപ്രായമുള്ളവരായിരുന്നു. ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? എന്ന തലക്കെട്ടുള്ള ഒരു പുതിയ ലഘുപത്രിക പ്രസംഗത്തിന്റെ ഒടുവിൽ പ്രകാശനം ചെയ്യപ്പെട്ടു. എല്ലാവരും എത്ര സന്തോഷമുള്ളവരായിരുന്നു! പുതിയ പ്രസിദ്ധീകരണം ഒന്നു കാണാനുള്ള അവസരം ഉച്ചയ്ക്കത്തെ ഇടവേള പ്രദാനം ചെയ്തു.
രണ്ടാം ദിവസം ഉച്ചതിരിഞ്ഞ്
“നിങ്ങളുടെ സകല ഉത്ക്കണ്ഠകളും യഹോവയുടെമേൽ ഇട്ടുകൊൾക” എന്ന ആശ്വാസദായകമായ വിഷയമായിരുന്നു ഉച്ചതിരിഞ്ഞുള്ള ആദ്യത്തെ പ്രസംഗത്തിനുണ്ടായിരുന്നത്. ഉത്കണ്ഠയുണ്ടാക്കുന്ന പല കാര്യങ്ങളുണ്ട്; എന്നാൽ, നമ്മുടെ എല്ലാ ഉത്കണ്ഠകളും നാം ദൈവത്തിന്റെമേൽ ഇട്ടുകൊള്ളണമെന്നു ദൈവവചനം പറയുന്നു. (1 പത്രൊസ് 5:6, 7) ചില പ്രശ്നങ്ങൾ നീണ്ടുനിന്നേക്കാം എന്നതു സത്യമാണ്, ഈ കാര്യത്തിൽ പ്രസംഗകൻ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: ‘ക്ഷമയുള്ളവനായിരിക്കുക. യഹോവക്കായി കാത്തിരിക്കുക. ബൈബിൾ പറയുന്നതു പിന്തുടരുന്നതാണ് എപ്പോഴും അത്യുത്തമമെന്ന് ഉറപ്പായി വിശ്വസിക്കുക. നമ്മുടെ ഹൃദയങ്ങൾ നാം യഹോവയിൽ പതിപ്പിക്കുന്നെങ്കിൽ, സകല ചിന്തയേയും കവിയുന്ന “ദൈവസമാധാനം” നാം ആസ്വദിക്കാൻ ഇടയായിത്തീരും.’—ഫിലിപ്പിയർ 4:6, 7.
ദിവ്യ ബോധനം കുടുംബജീവിതത്തിനു ബാധകമാകുന്നുവെന്നു തുടർന്നു വന്ന നാലു പ്രസംഗങ്ങൾ പ്രകടമാക്കി. ലോകത്തിന്റെ ദൃഷ്ടിയിൽ വിവാഹം ഉപേക്ഷിക്കാവുന്ന ഒന്നാണ്, എന്നാൽ ദൈവത്തിന്റെ ദൃഷ്ടിയിൽ അത് അങ്ങനെയല്ല എന്ന് “വിവാഹത്തെ ഒരു നിലനിൽക്കുന്ന ബന്ധമാക്കൽ” എന്ന ആദ്യപ്രസംഗം സമ്മേളിതരെ ഓർമപ്പെടുത്തി. എന്നാൽ, വിവാഹജീവിതത്തെ വിജയപ്രദമാക്കാൻ നാം യഹോവയുടെ മാർഗനിർദേശം പിൻപറേറണ്ടതുണ്ട്. അവിടുന്ന് നമ്മെ ഉണ്ടാക്കി. അതുകൊണ്ട്, വിവാഹജീവിതത്തെക്കുറിച്ചുള്ള ലഭ്യമായ ഏററവും നല്ല ബുദ്ധ്യുപദേശം അവിടുത്തെ നിശ്വസ്ത വചനത്തിൽ അടങ്ങിയിരിക്കുന്നു.
“നിങ്ങളുടെ കുടുംബത്തിന്റെ രക്ഷക്കുവേണ്ടി കഠിനമായി പ്രയത്നിക്കുക” എന്ന പ്രസംഗം ഈ ദുർഘടസമയങ്ങളിൽ ഒരു കുടുംബത്തെ പരിപാലിക്കുന്നതിന്റെ വെല്ലുവിളികളെക്കുറിച്ചു ചർച്ച ചെയ്തു. (2 തിമൊഥെയൊസ് 3:1) ശാരീരിക ശുചിത്വം, നല്ല പെരുമാററരീതികൾ, എങ്ങനെ ജോലി ചെയ്യണം, എങ്ങനെ മററുള്ളവരോട് ഔദാര്യമുള്ളവരും അവരെ പരിപാലിക്കുന്നവരും ആയിരിക്കണം തുടങ്ങിയ കാര്യങ്ങൾ മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കുന്നു. അതിലും പ്രധാനമായി, യഹോവയുടെ അർപ്പിത ദാസൻമാരായിരിക്കാൻ അവർ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്.—സദൃശവാക്യങ്ങൾ 22:6.
അടുത്തതായി ഉണ്ടായിരുന്ന, “മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികൾക്കു വിശേഷവിധമായ ശ്രദ്ധ ആവശ്യമാണ്” എന്ന ചർച്ചയിൽ കുട്ടികളെ പ്രശംസിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു പ്രസംഗകൻ സമ്മേളിതരെ ഓർമപ്പെടുത്തി, ഒപ്പം അവരുടെ ബലഹീനതകൾക്കു നേരെ കണ്ണടച്ചുകളയാതിരിക്കാനും. സത്യസന്ധതയില്ലായ്മ, ഭൗതികത്വം, അല്ലെങ്കിൽ സ്വാർഥത എന്നിവയിലേക്കുള്ള പ്രവണതകൾക്കെതിരെ മാതാപിതാക്കൾ പ്രത്യേകിച്ചും ജാഗ്രതയുള്ളവരായിരിക്കണം.
“യുവാക്കളേ, നിങ്ങൾ ആരുടെ പ്രബോധനങ്ങളെ പിൻപററുന്നു?” എന്ന പ്രസംഗത്തിനു സമ്മേളനത്തിൽ കൂടിവന്നവരിൽ പ്രത്യേകിച്ചും ചെറുപ്പക്കാർ അവധാനപൂർവമായ ശ്രദ്ധ നൽകിയോ? ഇന്നു യുവക്രിസ്ത്യാനികൾക്കു കാര്യങ്ങൾ ദുഷ്കരമാണ്. ഈ ലോകത്തോടൊപ്പം പോകുക എളുപ്പമാണ്, എന്നാൽ അതു മരണത്തിലേക്കാണു നയിക്കുന്നത്. ദിവ്യ ബോധനത്തോടു പററിനിൽക്കുന്നതിന് ഒരു യുവവ്യക്തിക്കു ധൈര്യമാവശ്യമാണെങ്കിലും, അത് ഇപ്പോൾ വലിയ അനുഗ്രഹങ്ങളും പിന്നീട് നിത്യജീവനും കൈവരുത്തുന്നു.—1 തിമൊഥെയൊസ് 4:8.
“ഇപ്പോൾ തങ്ങളുടെ സ്രഷ്ടാവിനെ ഓർമ്മിക്കുന്ന യുവാക്കൾ” എന്ന ഹൃദയഹാരിയായ നാടകത്തോടെ രണ്ടാം ദിവസം പര്യവസാനിച്ചു. ആമുഖത്തിൽ സംവിധായകൻ ദൈവസ്ഥാപനത്തിലെ യുവജനങ്ങളെ, “യഹോവയാം ദൈവത്തിനും അവിടുത്തെ നിയുക്ത സ്വർഗ്ഗീയ രാജാവായ ക്രിസ്തുയേശുവിനുമുള്ള അർപ്പിത സേവനത്തിൽ വിശ്വസ്തതയോടെ ഏർപ്പെടുന്ന ഒരു ദിവ്യാധിപത്യ സേന” എന്നു വിളിച്ചു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “നമ്മുടെ യുവജനങ്ങൾ തീർച്ചയായും ഒരു ശ്രേഷ്ഠധർമ്മം ആണ് നിർവഹിക്കുന്നത്!” ഒരു മാതാവോ പിതാവോ കുട്ടിയെ നല്ലവണ്ണം പരിശീലിപ്പിക്കുന്നുവെങ്കിൽ ആ കുട്ടി വളർന്നുവന്ന് സ്വന്തമായി യഹോവയെ സേവിക്കുമ്പോൾ അത് അവനു പ്രയോജനം ചെയ്യുമെന്നു നാടകം വ്യക്തമായി പ്രകടമാക്കി.
മൂന്നാം ദിവസം രാവിലെ
മൂന്നാം ദിവസത്തെ വിഷയം, “സകല രാഷ്ട്രങ്ങളിലെയും ജനങ്ങളെ പഠിപ്പിക്കുന്നതിൽ തുടരുവിൻ” എന്നതായിരുന്നു. (മത്തായി 28:19, 20) സമ്മേളനത്തിനു കൂടിവന്നവർ പ്രസംഗവേലയെക്കുറിച്ചുള്ള കാലോചിതമായ ബുദ്ധ്യുപദേശം പ്രതീക്ഷിച്ചു, അവർ നിരാശരായുമില്ല. “നമ്മുടെ പ്രസംഗ-പഠിപ്പിക്കൽ നിയോഗം സന്തോഷത്തോടെ നിറവേററൽ” എന്ന വിഷയത്തിലുള്ള ഒരു സിമ്പോസിയം സാക്ഷീകരണ വേലയിൽ തുടർന്നു പങ്കുപററാനുള്ള അവരുടെ ദൃഢതീരുമാനത്തെ ബലിഷ്ഠമാക്കി. ഒന്നാമത്തെ പ്രസംഗം ആദ്യ സന്ദർശനങ്ങളെയും, രണ്ടാമത്തേത് മടക്കസന്ദർശനങ്ങളെയും, മൂന്നാമത്തേത് ബൈബിളധ്യയനങ്ങളെയും കുറിച്ചു ചർച്ച ചെയ്തു. ലോകത്തിനു ചുററുമുള്ള മിഷനറിമാർ തങ്ങളുടെ മാതൃരാജ്യത്തേക്കു മടങ്ങി തങ്ങളുടെ കുടുംബങ്ങളോടും സ്നേഹിതരോടുമൊപ്പം ഒരു സമ്മേളനത്തിൽ പങ്കുപററാൻ ക്ഷണിക്കപ്പെട്ടിരുന്നു. ചില സ്ഥലങ്ങളിൽ, മിഷനറിമാർ പരിപാടിയുടെ ഈ ഭാഗത്തു പങ്കെടുത്തു. അവരുടെ നിയമനങ്ങളിലെ വിജയത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച ലഭിക്കുന്നതു സന്തോഷകരമായിരുന്നു. “സുവാർത്ത എല്ലാവരുടെയും അടുക്കൽ എത്തിക്കൽ” എന്ന അടുത്ത പ്രസംഗം അനൗപചാരിക സാക്ഷീകരണത്തിന്റെ ഫലത്തെക്കുറിച്ചു പരിചിന്തനം ചെയ്തു.
യഹോവയുടെ സാക്ഷികളുടെ വൻകൂട്ടങ്ങളിലെ ഒരു സവിശേഷ ഇനമായ സ്നാപനപ്രസംഗത്തോടെ രാവിലത്തെ പരിപാടികൾ അവസാനിച്ചു. ഓരോ കൺവെൻഷനുകളിലും വൻസദസ്സിന്റെ മുമ്പാകെ പുതുതായി സമർപ്പിച്ചവരുടെ വലിയ കൂട്ടങ്ങൾ എഴുന്നേററു നിന്നു, അവരോടു ചോദിച്ച രണ്ടു ചോദ്യങ്ങൾക്ക് അവർ ഉവ്വ് എന്നു ദൃഢസ്വരത്തിൽ ഉത്തരം നൽകി. അതിനുശേഷം അവർ പൊതുസ്നാപനത്തിനു വിധേയരായി. ദിവ്യ ബോധനത്തിന്റെ മഹത്തായ ഫലപ്രാപ്തിയുടെ എത്ര ശക്തമായ തെളിവ്!
മൂന്നാം ദിവസം ഉച്ചതിരിഞ്ഞ്
ഗഹനമായ ഒരു ആത്മീയ ചർച്ചയോടെ ഉച്ചകഴിഞ്ഞുള്ള പരിപാടിക്കു തുടക്കം കുറിച്ചു. മത്തായി 24-ാം അധ്യായത്തിലെയും ലൂക്കോസ് 21-ാം അധ്യായത്തിലെയും വാക്കുകൾ യഹോവയുടെ സാക്ഷികൾക്കു സുപരിചിതമാണ്. ഈ ബൈബിളധ്യായങ്ങളെക്കുറിച്ചു പുതുതായി ഒന്നും പറയാൻ ഉണ്ടാവില്ല എന്നു ചിലർ ചിന്തിച്ചുവോ? എന്നാൽ അവർക്കു തെററുപററി! “നിന്റെ സാന്നിധ്യത്തിന്റെ അടയാളമെന്തായിരിക്കും?,” “ഞങ്ങളോടു പറയൂ, ഇതെപ്പോൾ സംഭവിക്കും?” എന്നീ പ്രസംഗങ്ങൾ സമ്മേളിതരെ ആ രണ്ട് അധ്യായഭാഗങ്ങളുടെ ആകർഷകമായ ചർച്ചയിലേക്കു നയിക്കുകയും ചില വാക്യങ്ങളുടെ കാലാനുസൃതമാക്കപ്പെട്ട വിവരങ്ങൾ നൽകുകയും ചെയ്തു. ആ സെഷനുശേഷം ആശയങ്ങൾ തങ്ങൾക്കു മനസ്സിലായോ എന്നറിയാൻ സമ്മേളിതർ നോട്ടുകൾ ഒത്തുനോക്കിയപ്പോൾ അതു സജീവ ചർച്ചയ്ക്കു വഴിതുറന്നു. ഈ വിവരം വീക്ഷാഗോപുരത്തിൽ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ നിസ്സംശയമായും അനേകം ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും.
“നിങ്ങളുടെ ബൈബിൾചോദ്യങ്ങൾക്കുള്ള വിജ്ഞാനപരമായ ഉത്തരങ്ങൾ” എന്ന പ്രസംഗത്തിൽ ബൈബിളധ്യയനത്തെക്കുറിച്ചുള്ള വിഷയം തുടർന്നുവന്നു. അതിനുശേഷം പരിപാടി പുതിയൊരു മാനം കൈവരിച്ചു. 1993 എന്ന വർഷം വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ 50-ാം വാർഷികത്തെ അടയാളപ്പെടുത്തി. “അമ്പതു വർഷത്തെ ഗിലെയാദ് മിഷനറി പരിശീലനവും പ്രവർത്തനവും” എന്ന പ്രസംഗം ആ കാലഘട്ടത്തിൽ എന്തു നേടി എന്നതു സമ്മേളിതർക്കു കാട്ടിക്കൊടുത്തു. “ആഗോളവയലിലെ സുവിശേഷപ്രസംഗത്തിന്റെ നേട്ടങ്ങൾ” എന്ന പ്രസംഗസമയത്ത് ഏതെങ്കിലും മിഷനറിമാർ സ്ഥലത്തുണ്ടെങ്കിൽ സദസ്സുമായി അവരുടെ ചില അനുഭവങ്ങൾ പങ്കുവയ്ക്കാൻ അവർ ക്ഷണിക്കപ്പെട്ടു. മിഷനറിമാരുടെ വിവരണങ്ങൾ കേൾക്കുന്നതു പുളകപ്രദമായിരുന്നു!
“യഹോവയുടെ സാക്ഷികൾ ഉണർന്നിരിക്കുന്നതിന്റെ കാരണം” എന്ന തുടർന്നുവന്ന പ്രസംഗം മറെറാരു ചരിത്രപാഠമായിരുന്നു. പൊ.യു. ഒന്നാം നൂററാണ്ടുമുതൽ ഇപ്പോൾവരെ ക്രിസ്ത്യാനികൾ ഉണർന്നിരുന്നിട്ടുണ്ടെന്ന് അതു പ്രകടമാക്കി. അതു മറെറാരു വിസ്മയത്തിലേക്കു നയിച്ചു. “രാജ്യപ്രഘോഷകർ ഭൂമിയിലെങ്ങും സജീവർ” എന്ന തലക്കെട്ടുള്ള അടുത്ത പ്രസംഗത്തിൽ വലിയൊരു പുസ്തകം (പ്രാദേശിക ഭാഷയിൽ അപ്പോൾത്തന്നെ ലഭ്യമായിരുന്നു) എടുത്തുയർത്തിക്കൊണ്ടു പ്രസംഗകൻ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ എന്ന ഈ പുതിയ പുസ്തകം ഇന്നു പ്രകാശനം ചെയ്യുന്നതായി അറിയിക്കുന്നതു സന്തോഷമുള്ള ഒരു കാര്യമാണ്.” യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രത്തെക്കുറിച്ചുള്ള സവിസ്തര വിവരണം ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. യഹോവയുടെ ആത്മാവ് അവിടുത്തെ ദാസൻമാരുടെമേൽ സജീവമായി പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവു നൽകിക്കൊണ്ട് സഹിഷ്ണുതയുടെയും ദൃഢനിശ്ചയത്തിന്റെയും വിജയത്തിന്റെയും പുളകംകൊള്ളിക്കുന്ന കഥ ആ പുസ്തകം പറയുന്നു.
നാലാം ദിവസം രാവിലെ
കൺവെൻഷന്റെ അവസാന ദിവസമെത്തിക്കഴിഞ്ഞു. “ദിവ്യ ബോധനത്താൽ സ്വയം പ്രയോജനം നേടുന്നു” എന്ന ഈ ദിവസത്തെ വിഷയം പരിപാടിക്കു നല്ലൊരു പരമകാഷ്ഠ ഉണ്ടായിരിക്കുമെന്നു സൂചന നൽകി. (യെശയ്യാവ് 48:17) രാവിലെ കൂടിവന്നവരുടെ ശ്രദ്ധ ശക്തമായ മൂന്നു പ്രസംഗങ്ങളുള്ള ഒരു സിമ്പോസിയത്തിൽ തീവ്രമായി പതിഞ്ഞിരുന്നു. “യിരെമ്യാവിന്റെ നിശ്വസ്ത മുന്നറിയിപ്പിൻ സന്ദേശം—കഴിഞ്ഞ കാലത്തേക്കും ഇക്കാലത്തേക്കും” എന്ന സിമ്പോസിയത്തിൽ യിരെമ്യാവ് 23, 24, 25 എന്നീ അധ്യായങ്ങളുടെ വാക്യാനുവാക്യ ചർച്ചയുണ്ടായിരുന്നു. ഈ അധ്യായങ്ങളിൽ എന്തൊരു ഊററമായ സന്ദേശമാണ് അടങ്ങിയിരിക്കുന്നത്! യിരെമ്യായുടെ തുറന്നടിച്ചുള്ള ദിവ്യനിശ്വസ്ത മുന്നറിയിപ്പുകളിൽ അദ്ദേഹത്തിന്റെ കാലത്തെ അവിശ്വസ്ത ഇസ്രായേൽ ഞെട്ടിവിറച്ചിരിക്കണം. ആ മുന്നറിയിപ്പുകൾ നിവൃത്തിയേറിയപ്പോൾ മുഴുലോകവും വാസ്തവത്തിൽ അതിലുമധികം ഞെട്ടിവിറച്ചു. ഇന്നു സ്ഥിതിയാകെ മാറിയോ? അശേഷമില്ല. യഹോവയുടെ സാക്ഷികൾ ദൈവത്തിന്റെ ന്യായവിധി സന്ദേശങ്ങൾ സധീരം പ്രസംഗിക്കുന്നു. ഒടുവിൽ ഈ മുഴുവ്യവസ്ഥിതിയും യഹോവയുടെ ന്യായവിധി നടപടികളെ നേരിടേണ്ടിവരും. അതു സാത്താന്റെ ലോകത്തിനു സമൂല നാശത്തെ അർഥമാക്കും.
ഞായറാഴ്ച രാവിലത്തെ പരിപാടികൾ, “വഴിതെററിക്കപ്പെടുകയോ ദൈവത്തെ പരിഹസിക്കുകയോ അരുത്” എന്ന നാടകത്തോടെ അവസാനിച്ചു. അധഃപതിപ്പിക്കുന്ന വീഡിയോകളാലും സംഗീതത്താലും സ്വാധീനിക്കപ്പെടുന്നതിൽനിന്നും സഹക്രിസ്ത്യാനികളുടെ ഇടയിൽ അനൈക്യം വിതയ്ക്കുന്നതിൽനിന്നും നമ്മെ ദിവ്യ ബോധനത്തിന് എങ്ങനെ സംരക്ഷിക്കാൻ കഴിയുമെന്ന് അതു വ്യക്തമായി എടുത്തുകാട്ടി. നാടകത്തിന്റെ ഒടുവിൽ അഭിനേതാക്കളിൽ ഒരാളുടെ ചിന്തോദ്ദീപകമായ ഈ വാക്കുകൾ അധ്യക്ഷൻ ഉദ്ധരിച്ചു: “നാം ഈ ലോകത്തിന്റെ സ്വാധീനങ്ങളിൽനിന്നു വിമുക്തരല്ല. നാം ചെറുത്തു നിൽക്കുന്നില്ലെങ്കിൽ ലോകത്തിനു നമ്മുടെ ചിന്താരീതിയെ കൗശലപൂർവ്വം ദുഷിപ്പിക്കാൻ കഴിയും. നാം വിശ്വസ്തരായി നിലനിൽക്കുമോ ഇല്ലയോ എന്നുള്ളത് നാം വിതച്ചുകൊണ്ടിരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.” എത്രയോ സത്യം!
അവസാന ദിവസം ഉച്ചതിരിഞ്ഞ്
“നമ്മുടെ നിർണായക നാളുകളിലേക്കുള്ള സഹായകരമായ പ്രബോധനം” എന്ന തലക്കെട്ടുള്ള പരസ്യപ്രസംഗം നടത്താൻ പ്രസംഗകൻ പ്രസംഗവേദിയിലേക്കു പോയപ്പോൾ കൺവെൻഷൻ സത്വരം സമാപനത്തിലേക്കു അടുക്കുകയായിരുന്നു. നമ്മെ ഇന്നു ബാധിക്കുന്ന പ്രശ്നങ്ങളെ സ്പഷ്ടവും യുക്തിസഹവുമായ ഒരു വിധത്തിൽ അദ്ദേഹം തിരിച്ചറിയിക്കുകയും ഒരു മെച്ചപ്പെട്ട ജീവിതം ആസ്വദിക്കാൻ നമ്മെ ദിവ്യ ബോധനം സഹായിക്കുന്ന ചില വിധങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. തിരുവെഴുത്തുപരമായ പ്രബോധനം നാം ഇപ്പോൾ പിൻപററുന്നെങ്കിൽ യഹോവയുടെ പുതിയ ലോകത്തിൽ അത് എന്നേക്കും പിൻപററാൻ നാം പ്രാപ്തരായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വാരംതോറുമുള്ള വീക്ഷാഗോപുര അധ്യയനത്തിന്റെ സംഗ്രഹത്തിനുശേഷം അവസാന പ്രസംഗത്തിനുള്ള സമയം വന്നണഞ്ഞു. ചതുർദിന പരിപാടിയുടെ സവിശേഷ ഭാഗങ്ങൾ പ്രസംഗകൻ ഓടിച്ചു പരാമർശിക്കുകയും പുതിയ പ്രസിദ്ധീകരണങ്ങളെക്കുറിച്ചു സമ്മേളിതരെ ഓർമപ്പെടുത്തുകയും ചെയ്തു. ബൈബിൾ—വസ്തുതയുടെയും പ്രവചനത്തിന്റെയും ഒരു പുസ്തകം എന്ന പരമ്പരയിലെ രണ്ടാമത്തെ വീഡിയോ കാസെററ് വേഗംതന്നെ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. വാസ്തവത്തിൽ, “ബൈബിൾ—മനുഷ്യവർഗത്തിന്റെ ഏററവും പഴക്കമേറിയ ആധുനിക പുസ്തകം” എന്ന വീഡിയോ കാസെററ് ഇപ്പോൾ ഇംഗ്ലീഷിൽ ലഭ്യമാണ്. ഗുരുതരമായ പ്രതിസന്ധികളുള്ള ബോസ്നിയ, ഹെർട്സഗോവിന തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള വികാരസ്പർശിയായ റിപ്പോർട്ടുകൾ വായിക്കുകയുണ്ടായി. ഉപസംഹാരത്തിൽ പ്രസംഗകൻ സഭാപ്രസംഗി 12:13-ലെ വാക്കുകൾ വായിച്ചു: “എല്ലാററിന്റെയും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടുന്നതു.”
എന്തൊരു നല്ല ഓർമിപ്പിക്കൽ! നമ്മുടെ മഹാ ഉപദേഷ്ടാവായ യഹോവയെ മുഴുമനുഷ്യവർഗവും സ്തുതിക്കുന്ന നാളിനുവേണ്ടി നമുക്കു ജീവിക്കുകയും അവിടുത്തെ ദിവ്യ ബോധനത്തിനു ചെവികൊടുക്കുകയും ചെയ്യാം.
[24, 25 പേജുകളിലെ ചിത്രങ്ങൾ]
മോസ്കോയിലെയും കീവിലെയും “ദിവ്യ ബോധന” കൺവെൻഷനുകൾ വലിയ സന്തോഷത്തിനു കാരണമായി
[26, 27 പേജുകളിലെ ചിത്രങ്ങൾ]
1. സ്നാപനമേൽക്കുകവഴി അനേകർ ദൈവത്തിനുള്ള തങ്ങളുടെ സമർപ്പണത്തെ പ്രതീകപ്പെടുത്തി
2. കൺവെൻഷനു വന്ന ഒരു 100-വയസ്സുകാരൻ പുതിയ പ്രസിദ്ധീകരണം ലഭിച്ചതിൽ സന്തോഷിച്ചു
3, 4. ചിന്തോദ്ദീപകമായ നാടകങ്ങൾ വളരെയധികം വിലമതിക്കപ്പെട്ടു
5. കൺവെൻഷനുകളിൽവച്ച് അഭിമുഖം നടത്തപ്പെട്ട മിഷനറിമാർ ദിവ്യ ബോധനത്തിന്റെ പ്രയോജനങ്ങളെ എടുത്തുകാട്ടി