അപകടഭീഷണിയുള്ളപ്പോൾ അകന്നുനിൽക്കുക
നാവികരെക്കാൾ അപകടചിന്തയുള്ളവർ നന്നേ ചുരുക്കമാണ്. കാലാവസ്ഥയിലോ ഏററമിറക്കത്തിലോ ഉള്ള മാററത്തെക്കുറിച്ചും തങ്ങളുടെ കപ്പലിന്റെ തീരത്തോടടുക്കലിനെക്കുറിച്ചും അവർ ജാഗരൂകരായിരിക്കണം. തിരയും കാററും ഒത്തുചേർന്നു കപ്പലിനെ തീരത്തേക്കടുപ്പിക്കുമ്പോൾ നാവികർ കഠിനാധ്വാനത്തെയും അപകടത്തെയും നേരിടുന്നു.
ഈ അവസ്ഥകളിൽ—കാററു വശത്തുള്ള തീരത്തേക്കു (lee shore) കപ്പലടുക്കുമ്പോൾ—ഒരു നാവികൻ തന്റെ കപ്പലിനും തീരത്തിനുമിടയിൽ ഗണ്യമായ അകലം കാക്കുന്നു, വിശേഷിച്ചും പായ്കപ്പൽ ആണെങ്കിൽ. ‘ഒരു കൊടുങ്കാററിൽ അകപ്പെട്ടു കാററു തട്ടാത്തവശത്തെ കരയിലേക്ക് അടുക്കുന്നതാണ്’ ഒരു നാവികൻ അകപ്പെട്ടേക്കാവുന്ന ‘ഏററവും ദാരുണമായ അവസ്ഥ’ എന്നു കപ്പൽസഞ്ചാര സംഗ്രഹഗ്രന്ഥം വിശദീകരിക്കുന്നു. നിർദേശിച്ചിരിക്കുന്ന പരിഹാരമോ? ‘നിങ്ങളുടെ കപ്പൽ അത്തരമൊരു വിഷമസ്ഥിതിയിൽ അകപ്പെടാൻ അനുവദിക്കാതിരിക്കുക.’ മണൽത്തിട്ടയിലോ പാറനിറഞ്ഞ തീരത്തോ ഇടിച്ചുതകരുന്നതു തടയാനുള്ള സുരക്ഷിതമായ മാർഗം അപകടത്തിൽനിന്ന് അകന്നുനിൽക്കുന്നതാണ്.
ക്രിസ്ത്യാനികൾ തങ്ങളുടെ വിശ്വാസക്കപ്പൽ തകർത്തേക്കാവുന്ന അപകടങ്ങൾക്കെതിരെ ജാഗരൂകരായിരിക്കേണ്ടതുണ്ട്. (1 തിമൊഥെയൊസ് 1:19) ഒരു അചഞ്ചലമായ ഗതി സ്വീകരിക്കുന്നതിന് അനുയോജ്യമായ അവസ്ഥകളല്ല ഇന്നത്തേത്. കാററുകളും തിരകളുംമൂലം ബോട്ടിനു ഗതിഭേദം സംഭവിക്കാവുന്നതുപോലെതന്നെ, ലോകത്തിന്റെ ആത്മാവിന്റെ നിരന്തരമായ പിന്നോക്കം പായിക്കലിനാലും നമ്മുടെ അപൂർണ ജഡത്തിന്റെ സ്ഥിരമായുള്ള കെട്ടിവലിക്കലിനാലും സംജാതമാകുന്ന കൊടുങ്കാററിൽ നമ്മുടെ സമർപ്പിത ജീവിതത്തിന്റെ നിയന്ത്രണവും നഷ്ടപ്പെടാവുന്നതാണ്.
അപകടകരമായി ജീവിച്ച ഒരു മനുഷ്യൻ
അപകടകരമായ ആത്മീയ വെള്ളങ്ങളിൽ ചിന്താശൂന്യമായി സാഹസത്തിനൊരുമ്പെടുക എത്ര എളുപ്പമാണ്!
കരയാൽ ചുററപ്പെട്ട ചാവുകടലിനു സമീപം നടന്ന ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. നാം ലോത്തിന്റെ ദൃഷ്ടാന്തമാണു പരാമർശിക്കുന്നത്. സോദോമിൽ ജീവിക്കാനുള്ള തന്റെ തീരുമാനം അദ്ദേഹത്തിനു കൈവരുത്തിയ പ്രശ്നങ്ങളും പ്രയാസവും കുറച്ചൊന്നുമല്ല. തങ്ങളുടെ ഇടയൻമാർ തമ്മിലുണ്ടായ ഒരു ശണ്ഠയെത്തുടർന്ന് അബ്രഹാമും ലോത്തും വ്യത്യസ്ത പ്രദേശങ്ങളിൽ ജീവിക്കാൻ സമ്മതിച്ചു. ലോത്ത് യോർദാൻ ജില്ല തിരഞ്ഞെടുത്ത് ആ ജില്ലയിലെ പലയിടങ്ങളിലും കൂടാരമടിച്ചെന്നു നാം വായിക്കുന്നു. പിന്നീട്, സോദോമ്യരുടെ ജീവിതരീതി അദ്ദേഹത്തെ മുഷിപ്പിച്ചെങ്കിലും സോദോമിൽ താമസിക്കാൻ അദ്ദേഹം തീരുമാനിച്ചു.—ഉല്പത്തി 13:5-13; 2 പത്രൊസ് 2:8.
യഹോവയെ ആഴമായി വ്യസനിപ്പിച്ചതും ചുററുപാടും ജീവിക്കുന്ന ആളുകളുടെ നിലവിളിക്ക് ഇടയാക്കിയതും അധാർമികതക്കു കുപ്രസിദ്ധിയാർജിച്ചതുമായ ഒരു പട്ടണത്തിൽ ലോത്ത് തുടർന്നു ജീവിച്ചത് എന്തുകൊണ്ടാണ്? സോദോം സമ്പൽസമൃദ്ധമായ പ്രദേശമായിരുന്നു, കൂടാതെ ലോത്തിന്റെ ഭാര്യ നിസ്സംശയമായും പട്ടണജീവിതത്തിന്റെ ഭൗതിക പ്രയോജനങ്ങൾ ആസ്വദിച്ചിരുന്നു. (യെഹെസ്കേൽ 16:49, 50) ഒരുപക്ഷേ ലോത്തുപോലും സോദോമിന്റെ ഉജ്ജ്വലമായ സാമ്പത്തികാവസ്ഥയാൽ ആകർഷിതനായിരുന്നിരിക്കാം. അവിടെ താമസിച്ചതിന്റെ കാരണം എന്തുതന്നെയായാലും അദ്ദേഹം നേരത്തെ സ്ഥലം വിടേണ്ടതായിരുന്നു. യഹോവയുടെ ദൂതൻമാരുടെ നിർബന്ധംമൂലം മാത്രമാണു ലോത്തിന്റെ കുടുംബം ഒടുവിൽ അപകടമേഖല വിട്ടത്.
ഉല്പത്തി വിവരണം പറയുന്നു: “ഉഷസ്സായപ്പോൾ ദൂതൻമാർ ലോത്തിനെ ബദ്ധപ്പെടുത്തി: ഈ പട്ടണത്തിന്റെ അകൃത്യത്തിൻമേൽ നശിക്കാതിരിപ്പാൻ എഴുന്നേററു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടു പൊയ്ക്കൾക.” എന്നാൽ ശക്തമായ മുന്നറിയിപ്പിനുശേഷംപോലും “അവൻ താമസിച്ചപ്പോൾ,” ദൂതൻമാർ “അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കുപിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി.”—ഉല്പത്തി 19:15, 16.
പട്ടണത്തിന്റെ അതിർത്തിയിൽവെച്ചു ദൂതൻമാർ ലോത്തിന്റെ കുടുംബത്തിനു ചില അന്തിമ നിർദേശങ്ങൾ നൽകി: “ജീവരക്ഷെക്കായി ഓടിപ്പോക: പുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നില്ക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാൻ പർവതത്തിലേക്കു ഓടിപ്പോക.” (ഉല്പത്തി 19:17) എന്നിട്ടും ആ പ്രദേശം തീർത്തും ഉപേക്ഷിക്കുന്നതിനുപകരം അടുത്ത പട്ടണമായ സോവരിലേക്കു പോകാൻ ലോത്ത് അനുവാദമിരന്നു. (ഉല്പത്തി 19:18-22) വ്യക്തമായും, അപകടത്തിൽനിന്ന് എത്രയും അകന്നുമാറാൻ ലോത്ത് വിമുഖനായിരുന്നു.
സോവരിലേക്കുള്ള വഴിയിൽ ലോത്തിന്റെ ഭാര്യ താൻ പിന്നിൽ ഉപേക്ഷിച്ചുപോന്ന വസ്തുക്കളിലുള്ള വാഞ്ഛനിമിത്തം സോദോമിന്റെനേരെ തിരിഞ്ഞുനോക്കി. ദൂതൻമാരുടെ നിർദേശങ്ങൾ അവഗണിച്ചതുനിമിത്തം അവൾക്കു ജീവൻ നഷ്ടപ്പെട്ടു. ലോത്ത്—ഒരു നീതിമാനായ മനുഷ്യൻ—തന്റെ രണ്ടു പുത്രിമാരോടൊപ്പം ആ പട്ടണത്തിന്റെ നാശത്തെ അതിജീവിച്ചു. എന്നാൽ അപകടത്തോടു തൊട്ടുചേർന്നു ജീവിക്കാൻ തിരഞ്ഞെടുത്തതിനാൽ എന്തു വിലയാണ് അദ്ദേഹം ഒടുക്കേണ്ടിവന്നത്!—ഉല്പത്തി 19:18-26; 2 പത്രൊസ് 2:7.
അപകടത്തിൽനിന്നു തിരിച്ചുവിടൽ
നാം അപകടമേഖലയോട് അടുത്തുവരുകയോ അവിടെ ചുററിക്കറങ്ങുകയോ ചെയ്താൽ എന്തു സംഭവിക്കാമെന്നു ലോത്തിന്റെ കയ്പേറിയ അനുഭവം കാണിക്കുന്നു. നല്ല നാവികരെപ്പോലെ അങ്ങനെയൊരു വിഷമസന്ധിയിലകപ്പെടാൻ നമ്മെ അനുവദിക്കാതിരിക്കാൻ വിവേകം നമുക്കു വഴി പറഞ്ഞുതരും. നാം തീർത്തും അകന്നുനിൽക്കേണ്ട അപകടകരമായ ചില മേഖലകൾ ഏതെല്ലാമാണ്? ബിസിനസ് പ്രവർത്തനങ്ങളിൽ അമിതമായി ഏർപ്പെട്ടുകൊണ്ടും ലൗകിക സുഹൃത്തുക്കളുമായി ഉററ സുഹൃദ്ബന്ധം സ്ഥാപിച്ചുകൊണ്ടും അല്ലെങ്കിൽ തങ്ങൾ വിവാഹം ചെയ്യാൻ സ്വതന്ത്രരല്ലാതിരിക്കെ എതിർലിംഗത്തിൽപ്പെട്ട ഒരാളുമായി വൈകാരികമായ അടുപ്പം വളർത്തിക്കൊണ്ടും ചില ക്രിസ്ത്യാനികൾ വഴിപിഴച്ചുപോയിട്ടുണ്ട്.
ഈ ഓരോ സംഗതിയിലും ജ്ഞാനപൂർവകമായ ഗതി അപകടത്തിൽനിന്ന് അകന്നുനിൽക്കുക എന്നതാണ്. ദൃഷ്ടാന്തത്തിന്, ബിസിനസ്സിലെ സുവർണാവസരമെന്നു പറയപ്പെടുന്നവ കൈവരുത്തിയേക്കാവുന്ന അപകടംസംബന്ധിച്ചു നാം ജാഗരൂകരാണോ? ചില സഹോദരങ്ങൾ തങ്ങളുടെ കുടുംബത്തിനും ആരോഗ്യത്തിനും ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങൾക്കും കെടുതിവരുത്തിക്കൊണ്ട് വാണിജ്യ സംരംഭങ്ങളിൽ മുഴുകി ജീവിക്കുന്നു. ചിലപ്പോൾ ഈ വശീകരണത്തിനു കാരണം പണം കൈവരുത്തുന്ന കൂടുതലായ സുഖസൗകര്യങ്ങളാണ്. ബിസിനസ്സിലുള്ള തങ്ങളുടെ സാമർഥ്യം തെളിയിക്കുക എന്നതാണു മററുചിലസമയങ്ങളിൽ പ്രേരിക്കുന്നത്. മററു സഹോദരങ്ങൾക്കു തൊഴിലവസരം ഉണ്ടാക്കിക്കൊടുക്കുക അല്ലെങ്കിൽ ലോകവ്യാപക വേലയ്ക്കുവേണ്ടി കൂടുതൽ സംഭാവന നൽകുക എന്നിവയാണു തങ്ങളുടെ ലക്ഷ്യമെന്നു ചിലർ ന്യായവാദം ചെയ്തേക്കാം. ബിസിനസ് നല്ലവണ്ണം ഓടുമ്പോൾ രാജ്യതാത്പര്യങ്ങൾക്ക് അർപ്പിക്കാൻ തങ്ങൾക്കു കൂടുതൽ സമയം ഉണ്ടാകുമെന്ന് ഒരുപക്ഷേ അവർ ചിന്തിക്കുന്നുണ്ടാകും.
ചില കെണികൾ എന്തെല്ലാമാണ്? അനിശ്ചിതമായ സാമ്പത്തികാവസ്ഥയ്ക്കും “മുൻകൂട്ടിക്കാണാത്ത സംഭവ”ത്തിനും ഏററവും ആസൂത്രിതമായ ബിസിനസ് ഉദ്യമത്തെപ്പോലും തകിടം മറിക്കാൻ കഴിയും. (സഭാപ്രസംഗി 9:11, NW) ഭാരിച്ച കടബാധ്യത പരിഹരിക്കാൻ നോക്കുമ്പോൾ ആശങ്ക ഉളവാകുകയും ആത്മീയ കാര്യങ്ങൾ പുറന്തള്ളപ്പെടുകയും ചെയ്തേക്കാം. ഒരു വ്യവസായം അഭിവൃദ്ധിപ്രാപിച്ചുകൊണ്ടിരിക്കുമ്പോൾപ്പോലും അതു മിക്കപ്പോഴും കൂടുതൽ സമയവും മാനസിക ഊർജവും ആഗിരണം ചെയ്യും. കൂടാതെ, അത് ഗണ്യമായ തോതിൽ ലൗകിക സഹവാസം ആവശ്യമാക്കിത്തീർക്കുകയും ചെയ്യും.
സ്പെയിനിലെ ഒരു മൂപ്പൻ കഠിനമായ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നപ്പോഴാണ് ഒരു ഇൻഷ്വറൻസ് കമ്പനി അദ്ദേഹത്തിനു പ്രലോഭിപ്പിക്കുന്ന ഒരു വാഗ്ദാനം നൽകിയത്. ഒരു സ്വതന്ത്ര ഇൻഷ്വറൻസ് ഏജൻറ് എന്നനിലയിൽ ധാരാളം പണം സമ്പാദിക്കുന്നതിനുള്ള അവസരങ്ങളുണ്ടായിരുന്നിട്ടും അദ്ദേഹം ആ വാഗ്ദാനം നിരസ്സിച്ചു. “അത് എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല, എന്നാൽ വേണ്ട എന്നു പറഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്” എന്ന് അദ്ദേഹം വിശദീകരിക്കുന്നു. “ഒരു സംഗതി, എന്റെ ദിവ്യാധിപത്യ പരിചയക്കാരിലൂടെ—പരോക്ഷമായിപ്പോലും—പണം സമ്പാദിക്കാൻ ഞാൻ വിമുഖനായിരുന്നു. ആരുടെയും കീഴിലല്ലാതെ ജോലി ചെയ്യുക എന്നത് എനിക്കിഷ്ടമായിരുന്നെങ്കിലും എനിക്ക് വളരെ യാത്ര ചെയ്യേണ്ടിയും തൊഴിലിൽ ധാരാളം സമയം ചെലവിടേണ്ടിയും വരുമായിരുന്നു. അത് എന്റെ കുടുംബത്തെയും സഭയെയും അവഗണിക്കുക അനിവാര്യമാക്കിത്തീർക്കുമായിരുന്നു. എല്ലാററിനുമുപരി, ഞാൻ ആ വാഗ്ദാനം സ്വീകരിച്ചിരുന്നെങ്കിൽ എനിക്കെന്റെ ജീവിതത്തിൻമേൽ നിയന്ത്രണം നഷ്ടപ്പെടുമായിരുന്നുവെന്ന ഉത്തമബോധ്യമുണ്ട്.”
തന്റെ ജീവിതത്തിൻമേൽ നിയന്ത്രണം നഷ്ടപ്പെടുന്നത് ഒരു ക്രിസ്ത്യാനിക്കും താങ്ങാവുന്ന ഒന്നല്ല. തൊഴിലിൽനിന്നു വിരമിച്ചു ജീവിതം ആയാസരഹിതമാക്കാനായി ധനം കുന്നുകൂട്ടിയ ഒരു വ്യക്തിയുടെ ദൃഷ്ടാന്തം വിവരിച്ചുകൊണ്ട് അപ്രകാരമുള്ള ഒരു ഗതിയുടെ ദാരുണമായ ഫലം യേശുക്രിസ്തു കാണിച്ചുതന്നു. ഒടുവിൽ താൻ ധാരാളം ധനം കുന്നുകൂട്ടിയെന്നു നിശ്ചയിച്ച രാത്രിയിൽ അയാൾ മരിച്ചു. “ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്റെ കാര്യം ഇങ്ങനെ ആകുന്നു” എന്ന് യേശു മുന്നറിയിപ്പു നൽകി.—ലൂക്കൊസ് 12:16-21; യാക്കോബ് 4:13-17 താരതമ്യം ചെയ്യുക.
ലോകക്കാരായ ആളുകളുമായുള്ള നീണ്ടുനിൽക്കുന്ന സഹവാസത്തിനെതിരെയും നാം ജാഗ്രത പാലിക്കണം. ഒരുപക്ഷേ അത് ഒരു അയൽക്കാരനോ ഒരു സഹപാഠിയോ ഒരു സഹപ്രവർത്തകനോ ഒരു ബിസിനസ് പങ്കാളിയോ ആകാം. ‘അയാൾ സാക്ഷികളെ ആദരിക്കുന്നുണ്ട്, അയാൾ ഒരു ശുദ്ധമായ ജീവിതം നയിക്കുന്നുണ്ട്, ഞങ്ങൾ സത്യത്തെക്കുറിച്ചു വല്ലപ്പോഴുമൊക്കെ സംസാരിക്കാറുമുണ്ട്’ എന്നു നാം ന്യായവാദം ചെയ്തേക്കാം. എന്നാൽ കാലക്രമേണ ഒരു ആത്മീയ സഹോദരനുമായോ സഹോദരിയുമായോ സഹവസിക്കുന്നതിനെക്കാളധികം അങ്ങനെയുള്ള ലൗകിക സഹവാസം ഇഷ്ടപ്പെട്ടേക്കാമെന്നു മററുള്ളവരുടെ അനുഭവം തെളിയിക്കുന്നു. അപ്രകാരമുള്ള സുഹൃദ്ബന്ധത്തിന്റെ ചില അപകടങ്ങളെന്തെല്ലാമാണ്?
നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ പ്രാധാന്യത്തെ നാം ലഘൂകരിക്കാനോ ആത്മീയകാര്യങ്ങൾക്കു പകരം ഭൗതിക കാര്യങ്ങളിൽ താത്പര്യമെടുക്കാനോ തുടങ്ങിയേക്കാം. ഒരുപക്ഷേ, ലോകക്കാരനായ സുഹൃത്തിനെ അപ്രീതിപ്പെടുത്താനുള്ള ഭയംമൂലം ലോകത്താൽ അംഗീകരിക്കപ്പെടാൻ നാം ആഗ്രഹിക്കുകപോലും ചെയ്തേക്കാം. (1 പത്രൊസ് 4:3-7 താരതമ്യം ചെയ്യുക.) നേരെ മറിച്ച്, സങ്കീർത്തനക്കാരനായ ദാവീദ് യഹോവയെ സ്നേഹിക്കുന്ന ജനങ്ങളുമായി സഹവസിക്കാനാണ് ആഗ്രഹിച്ചത്. “ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരൻമാരോടു കീർത്തിക്കും: സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും” എന്ന് അദ്ദേഹം എഴുതി. (സങ്കീർത്തനം 22:22) ദാവീദിന്റെ ദൃഷ്ടാന്തം അനുകരിച്ച് ആത്മീയമായി നമ്മെ പരിപുഷ്ടിപ്പെടുത്തുന്ന സുഹൃദ്ബന്ധം തേടുന്നുവെങ്കിൽ നാം സംരക്ഷിക്കപ്പെടും.
ഒരുവൻ വിവാഹം ചെയ്യാൻ സ്വതന്ത്രനല്ലാതിരിക്കെ എതിർലിംഗത്തിൽപ്പെട്ട ഒരു വ്യക്തിയുമായി വൈകാരികമായി കുരുക്കിലകപ്പെടുന്നതാണ് ആപത്കരമായ മറെറാരു ഗതി. ആകർഷകവും ഉത്തേജനാത്മകമായ സംസാരചാതുര്യവും തന്റേതിനു സമാനമായ വീക്ഷണഗതിയും നർമബോധവുംപോലുമുള്ള ഒരാളിലേക്ക് ആകർഷിക്കപ്പെടുമ്പോഴാണ് ഈ അപകടം ഉയർന്നുവരുന്നത്. ‘എത്രത്തോളം പോകാം എന്നെനിക്കറിയാം. ഞങ്ങൾ വെറും സുഹൃത്തുക്കളാണ്’ എന്നിങ്ങനെ ന്യായവാദം ചെയ്തുകൊണ്ട് ഒരാൾ അവന്റെയോ അവളുടെയോ സൗഹൃദം ആസ്വദിച്ചേക്കാം. എന്നാൽ, ഒരിക്കൽ ഉണർത്തപ്പെട്ട വികാരങ്ങൾ നിയന്ത്രിക്കുക എളുപ്പമല്ല.
മേരിയെന്നു പേരുള്ള വിവാഹിതയായ ഒരു യുവ സഹോദരി മൈക്കിളിന്റെ സൗഹൃദം ആസ്വദിച്ചു.a അദ്ദേഹം ഒരു നല്ല സഹോദരനായിരുന്നു എന്നാൽ സുഹൃത്തുക്കളെ നേടുക വളരെ വിഷമകരമായി കണ്ടെത്തി. സമാനമായ അനേകം സംഗതികൾ അവർക്കുണ്ടായിരുന്നു, തങ്ങൾക്ക് ഒന്നിച്ചിരുന്നു ഫലിതങ്ങൾ പറയാനാകുമെന്ന് അവർ മനസ്സിലാക്കി. അവിവാഹിതനായ ഒരു സഹോദരൻ തന്നോടു രഹസ്യങ്ങൾ പറയുന്നതിൽ മേരിക്ക് അഭിമാനം തോന്നി. നിഷ്കളങ്കമെന്നു കരുതിയിരുന്ന സുഹൃദ്ബന്ധം അധികം താമസിയാതെ ആഴമായ വൈകാരിക അടുപ്പമായി രൂപാന്തരം പ്രാപിച്ചു. അവർ ഒരുമിച്ച് കൂടുതൽ സമയം ചെലവിടുകയും ഒടുവിൽ ദുർവൃത്തിയിൽ ഏർപ്പെടുകയും ചെയ്തു. “ആരംഭത്തിൽത്തന്നെ ഞാൻ അപകടം തിരിച്ചറിയേണ്ടതായിരുന്നു. സുഹൃദ്ബന്ധം വികാസംപ്രാപിച്ചു കഴിഞ്ഞപ്പോൾ അതു ഞങ്ങളെ കൂടുതൽ ആഴത്തിൽ പൂഴ്ത്തുന്ന പൂഴിമണൽപോലെയായി” എന്നു മേരി നെടുവീർപ്പിട്ടുകൊണ്ടു പറയുന്നു.
“ഹൃദയം എല്ലാററിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?” എന്ന ബൈബിളിന്റെ മുന്നറിയിപ്പു നാം ഒരിക്കലും മറക്കരുത്. (യിരെമ്യാവു 17:9) പായ്കപ്പലിനെ പാറകളുടെ നേരെ നയിക്കുന്ന തിരപോലെ നമ്മെ നാശകരമായ വൈകാരിക ബന്ധത്തിലേക്കു നയിക്കാൻ നമ്മുടെ വഞ്ചനാത്മകമായ ഹൃദയത്തിനു കഴിയും. അതിനുള്ള പരിഹാരമോ? നിങ്ങൾ വിവാഹം ചെയ്യാൻ സ്വതന്ത്രനല്ലെങ്കിൽ നിങ്ങൾക്ക് ആകർഷകമായി തോന്നുന്ന ഒരാളിൽനിന്നു വൈകാരികമായി അകന്നുനിൽക്കാൻ മനഃപൂർവം പ്രയത്നിക്കുക.—സദൃശവാക്യങ്ങൾ 10:23.
അപകടത്തിൽനിന്നു രക്ഷപെട്ട് വീണ്ടും അതിലകപ്പെടാതെ അകന്നുനിൽക്കൽ
നാം ഇപ്പോൾത്തന്നെ ആത്മീയമായി അപകടത്തിലാണെന്നു കണ്ടെത്തിയാലോ? കാററിലും തിരയിലുംപെട്ടു പാറനിറഞ്ഞ തീരത്തേക്ക് അടുപ്പിക്കപ്പെടുമ്പോൾ കപ്പൽച്ചേതം സംഭവിക്കാതിരിക്കാൻ സുരക്ഷിത വെള്ളത്തിൽ എത്തിച്ചേരുന്നതുവരെ കപ്പൽ കടലിലേക്കു തിരിക്കുന്നതിനു നാവികർ കിണഞ്ഞു പരിശ്രമിക്കുന്നു. സമാനമായി, വിടുതൽ പ്രാപിക്കുന്നതിനു നാമും കിണഞ്ഞു പരിശ്രമിക്കേണ്ടതുണ്ട്. തിരുവെഴുത്തു ബുദ്ധ്യുപദേശങ്ങൾ അനുസരിച്ചും യഹോവയുടെ സഹായത്തിനായി കേണപേക്ഷിച്ചും പക്വതയുള്ള ക്രിസ്തീയ സഹോദരങ്ങളുടെ സഹായം തേടിയുംകൊണ്ടു നമുക്ക് ഒരു സുരക്ഷിത ഗതിയിലേക്കു വരാൻ കഴിയും. സമാധാനമുള്ള മനസ്സും ഹൃദയവുംകൊണ്ടു നാം വീണ്ടും അനുഗ്രഹിക്കപ്പെടും.—1 തെസ്സലൊനീക്യർ 5:17.
നമ്മുടെ സാഹചര്യം എന്തുമാകട്ടെ, “ലോകത്തിന്റെ സംഗതികളിൽ”നിന്ന് അകന്നുനിൽക്കുന്നെങ്കിൽ നാം ജ്ഞാനികളായിരിക്കും. (ഗലാത്യർ 4:3, NW) ലോത്ത് ചെയ്തതിനു വിപരീതമായി, ലോകക്കാരായ കനാന്യരിൽനിന്ന് അകന്നു ജീവിക്കാൻ അബ്രഹാം ആഗ്രഹിച്ചു, അനേകവർഷക്കാലം കൂടാരങ്ങളിൽ ജീവിക്കാൻ അത് ഇടയാക്കിയെങ്കിൽപ്പോലും. ഒരുപക്ഷേ, ചില ഭൗതിക സുഖസൗകര്യങ്ങൾ അദ്ദേഹത്തിനു ലഭ്യമല്ലായിരുന്നിരിക്കാം, എന്നാൽ തന്റെ ലളിതമായ ജീവിതരീതി അദ്ദേഹത്തെ ആത്മീയമായി സംരക്ഷിച്ചു. വിശ്വാസക്കപ്പൽഛേദം അനുഭവിക്കുന്നതിനു പകരം അദ്ദേഹം ‘വിശ്വാസികളായ എല്ലാവർക്കും പിതാവായിത്തീർന്നു.’—റോമർ 4:11.
ഭോഗാസക്തിയുടെ ‘ആത്മാവ്’ അതിശക്തമായിരിക്കുന്ന ലോകത്താൽ വലയംചെയ്യപ്പെട്ടിരിക്കുന്ന നാം അബ്രഹാമിന്റെ മാതൃക പിൻപറേറണ്ടതാവശ്യമാണ്. (എഫെസ്യർ 2:2) എല്ലാക്കാര്യങ്ങളിലും നാം യഹോവയുടെ മാർഗനിർദേശം സ്വീകരിക്കുന്നുവെങ്കിൽ അവിടുത്തെ സ്നേഹനിർഭരമായ സംരക്ഷണം നാം നേരിട്ടനുഭവിക്കും. “എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു. നൻമയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും” എന്നു ദാവീദിനു തോന്നിയതുപോലെ നമുക്കും തോന്നും. അപകടത്തിന്റെ പാതകളിലേക്കു തിരിയാതെ “നീതിപാതകളി”ലൂടെ നടക്കുന്നതു നിത്യമായ അനുഗ്രഹങ്ങൾ കൈവരുത്തും.—സങ്കീർത്തനം 23:3, 6.
[അടിക്കുറിപ്പ്]
a ചില പേരുകൾ മാററിയിട്ടുണ്ട്.
[24-ാം പേജിലെ ചിത്രം]
നിങ്ങൾ വിവാഹം ചെയ്യാൻ സ്വതന്ത്രനല്ലെങ്കിൽ നിങ്ങൾക്ക് ആകർഷകമായി തോന്നുന്ന ഒരാളിൽനിന്നു വൈകാരികമായി അകന്നുനിൽക്കുക