സ്വർഗാരോഹണം—ദൈവം വെളിപ്പെടുത്തിയ ഒരു സിദ്ധാന്തമോ?
സ്വർഗാരോഹണം—യേശുവിന്റെ അമ്മയായ മറിയ ജഡത്തിൽ സ്വർഗത്തിലേക്ക് ആരോഹണം ചെയ്തുവെന്ന സിദ്ധാന്തം—ലക്ഷക്കണക്കിനു കത്തോലിക്കർ തങ്ങളുടെ ഹൃദയങ്ങളിൽ താലോലിക്കുന്ന ഒന്നാണ്. “കന്യാമറിയത്തിന്റെ സ്വർഗാരോഹണം, അഥവാ സ്വർഗത്തിലേക്ക് എടുക്കപ്പെടൽ, അവർക്കുവേണ്ടിയുള്ള ആഘോഷങ്ങളിൽവച്ച് ഏററവും വലുതും സഭാ വർഷത്തിലെ മുഖ്യ അനുഷ്ഠാനങ്ങളിൽ ഒന്നുമായി ദീർഘകാലമായി ആചരിച്ചുവരുന്നു” എന്നു ചരിത്രകാരനായ ജോർജ് വില്യം ഡഗ്ലസ് പറയുന്നു.
മറിയ അത്തരമൊരു ആരോഹണം നടത്തുന്നതായി ബൈബിൾ പറയുന്നില്ലെന്നു കത്തോലിക്കാ വേദശാസ്ത്രജ്ഞൻമാർ സമ്മതിച്ചു പറയുന്നു. പ്രിയങ്കരമായ ഈ സിദ്ധാന്തം നൂററാണ്ടുകൾ പഴക്കമുള്ള വിവാദവിഷയവും കടുത്ത തർക്കവിഷയവുമായിരുന്നിട്ടുണ്ടെന്നു തിരിച്ചറിയുന്ന കത്തോലിക്കർ വിരളമാണ്. അപ്പോൾ, മറിയയുടെ സ്വർഗാരോഹണം ഒരു സിദ്ധാന്തമായിa സഭ അംഗീകരിക്കാൻ ഇടയായത് എങ്ങനെയാണ്? അതു ദിവ്യമായി വെളിപ്പെടുത്തിയതാണെന്നു വീക്ഷിക്കാൻ എന്തെങ്കിലും കാരണമുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം വെറും താത്ത്വികമല്ല. സത്യസ്നേഹികളായിരിക്കുന്ന ഏവർക്കും അതു വളരെ അർഥവത്തായ ഒന്നാണ്.
ഒരു സിദ്ധാന്തത്തിന്റെ പരിണാമം
യേശുവിന്റെ മരണത്തിനുശേഷമുള്ള ആദ്യനൂററാണ്ടുകളിൽ മറിയയുടെ സ്വർഗാരോഹണം എന്ന ആശയം ക്രിസ്ത്യാനികളുടെ ചിന്തയ്ക്ക് തികച്ചും അപരിചിതമായിരുന്നു. “ആരംഭത്തിൽ മറിയയുടെ മരണത്തിന്റെ ഒരു സ്മരണയും ക്രിസ്തീയ സമുദായത്തോടു ബന്ധപ്പെട്ടിരുന്നില്ല” എന്ന് ലൊസ്സർവാട്ടൊറെ റൊമാനോ ദിനപത്രത്തിൽ കത്തോലിക്കാ വേദശാസ്ത്രജ്ഞനായ ഴാൻ ഗാലോ എഴുതുന്നു.
ത്രിത്വോപദേശം സഭയുടെ ഔദ്യോഗിക പഠിപ്പിക്കലായിത്തീർന്നശേഷം മറിയക്ക് കൂടുതൽ പ്രാധാന്യമുള്ള സ്ഥാനങ്ങൾ കൊടുക്കുവാൻ തുടങ്ങി. “ദൈവമാതാവ്,” “പാപംകൂടാതെ ഗർഭംധരിച്ചവൾ,” “മധ്യസ്ഥ,” “സ്വർലോക രാജ്ഞി” എന്നിങ്ങനെ ഉജ്ജ്വലമായ നാമധേയങ്ങൾ അവർക്കു നൽകാൻ തുടങ്ങി. കാലാന്തരത്തിൽ, “മറിയയുടെ മരണത്തെ സംബന്ധിച്ചുള്ള പുരാതന പാരമ്പര്യത്തിന്റെ നിശബ്ദത മറിയയുടെ പൂർണതയെ അംഗീകരിച്ച് അവരെ പൂജിക്കുവാൻ ആഗ്രഹിച്ച ആ ക്രിസ്ത്യാനികളെ പൂർണമായും തൃപ്തിപ്പെടുത്തിയില്ല. അങ്ങനെ ജനസമ്മതിയുള്ള സങ്കൽപ്പത്തിന്റെ ഫലമായി സ്വർഗാരോഹണത്തെക്കുറിച്ചുള്ള വിശദീകരണം രൂപം പ്രാപിച്ചു” എന്ന് വേദശാസ്ത്രജ്ഞനായ ഗാലോ ന്യായവാദം ചെയ്യുന്നു.
പൊ.യു. 4-ാം നൂററാണ്ടോടെ സ്വർഗാരോഹണ വിശ്വാസികളുടെ സന്ദിഗ്ധപ്രമാണം എന്നറിയപ്പെടുന്നതു പ്രചരിക്കാൻ തുടങ്ങി. ഈ ലിഖിതങ്ങൾ മറിയയുടെ സാങ്കൽപ്പിക സ്വർഗാരോഹണത്തെക്കുറിച്ചു പൊടിപ്പും തൊങ്ങലുംവെച്ച വിവരണങ്ങൾ നൽകി. ഉദാഹരണത്തിന്, “പരിശുദ്ധ ദൈവമാതാവിന്റെ നിദ്ര” എന്നു പറയപ്പെടുന്ന ലിഖിതത്തെക്കുറിച്ചു പരിചിന്തിക്കുക. ഇത് എഴുതിയത് അപ്പോസ്തലനായ യോഹന്നാനല്ലാതെ മററാരുമല്ലെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഇതു യോഹന്നാന്റെ മരണത്തിന് ഏതാണ്ടു 400 വർഷങ്ങൾക്കുശേഷം രചിക്കപ്പെട്ടിരിക്കാനാണു സാധ്യത. ഘനഗംഭീരമായ ഈ വിവരണപ്രകാരം ക്രിസ്തുവിന്റെ അപ്പോസ്തലൻമാർ മറിയയുടെ അടുക്കലേക്ക് അത്ഭുതകരമായി കൂട്ടിവരുത്തപ്പെട്ടു, അവിടെ മറിയ കുരുടരെയും ബധിരരെയും മുടന്തരെയും സൗഖ്യമാക്കുന്നത് അവർ കണ്ടു. ഇവിടെ അവകാശപ്പെടുന്നതുപോലെ ഒടുവിൽ കർത്താവ് മറിയയോട് ഇങ്ങനെ പറയുന്നത് അപ്പോസ്തലൻമാർ കേട്ടു: “നോക്കൂ, ഇനിമേൽ നിന്റെ ഉൽകൃഷ്ട ശരീരം പറുദീസയിലേക്കു മാററപ്പെടും കൂടാതെ, നിന്റെ പരിശുദ്ധ ദേഹി സമാധാനവും ദൂതൻമാരുടെ ആഹ്ലാദപ്രകടനങ്ങളുമുള്ള സ്വർഗത്തിൽ എന്റെ പിതാവിന്റെ സംഭരണശാലകളിലെ ഉജ്ജ്വല പ്രകാശത്തിൽ ജ്വലിച്ചുനിൽക്കുകയും അവിടെ തുടരുകയും ചെയ്യും.”
വിശ്വാസികൾ അങ്ങനെയുള്ള ലിഖിതങ്ങളോടു പ്രതികരിച്ചത് എങ്ങനെയായിരുന്നു? കന്യാമറിയത്തെക്കുറിച്ചു പഠനം നടത്തുന്ന റനേ ലോറൻറൻ വിശദീകരിക്കുന്നു: “പ്രതികരണം വിഭിന്നമായിരുന്നു. പച്ചപ്പരമാർഥികൾ വീണ്ടുമൊന്ന് ആലോചിക്കാതെ സുന്ദരമായ ഈ കഥയുടെ തിളക്കത്താൽ വഞ്ചിതരായി. മിക്കപ്പോഴും പരസ്പര വൈരുദ്ധ്യങ്ങളുള്ളതും ആധികാരികതയില്ലാത്തതുമായ, ചേർച്ചയില്ലാത്ത ഈ വിവരണങ്ങൾ മററു ചിലർ തിരസ്കരിക്കുന്നു.” അങ്ങനെ ഈ സ്വർഗാരോഹണ സിദ്ധാന്തം ഔദ്യോഗികമായി അംഗീകരിക്കപ്പെടാൻ കുറെ പാടുപെട്ടു. മറിയയുടെ ശരീരത്തിന്റെ സങ്കൽപ്പിത തിരു അവശിഷ്ടങ്ങൾ ചില സ്ഥലങ്ങളിൽ പൂജിക്കപ്പെട്ടിരുന്നുവെന്ന വസ്തുത ആശയക്കുഴപ്പത്തിന് ആക്കം കൂട്ടി. ഇത് അവരുടെ ഭൗതികദേഹം സ്വർഗത്തിലേക്ക് എടുക്കപ്പെട്ടുവെന്ന വിശ്വാസത്തോടു പൊരുത്തപ്പെടുത്തുക പ്രയാസകരമാക്കിത്തീർത്തു.
13-ാം നൂററാണ്ടിൽ മററനേകം വേദശാസ്ത്രജ്ഞൻമാരുടെ കാര്യത്തിലെന്നപോലെ സ്വർഗാരോഹണത്തെ “തിരുവെഴുത്തുകൾ പഠിപ്പിക്കുന്നില്ലാത്ത സ്ഥിതിക്ക്” ഒരു സിദ്ധാന്തമെന്നു നിർവചിക്കുക സാധ്യമല്ലെന്നു തോമസ് അക്വിനാസ് അഭിപ്രായപ്പെട്ടു. എന്നിട്ടും ആ വിശ്വാസം ജനസമ്മതിയുള്ളതായി തുടരുകയും മറിയയുടെ സ്വർഗാരോഹണത്തെ ചിത്രീകരിച്ചുകൊണ്ടു റാഫേൽ, കൊറെഗ്യോ, ററിററ്യാൻ, കാറാച്ചി, രൂബൻസ് തുടങ്ങിയ പ്രശസ്തരായ കലാകാരൻമാർ നിർമിച്ച ശില്പങ്ങൾ പെരുകുകയും ചെയ്തു.
അടുത്തകാലംവരെ ഈ വിഷയം അപരിഹാര്യമായി നിലകൊണ്ടു. ജെസ്യൂട്ട് ജൂസപ്പേ ഫിലോഗ്രാസി പറയുന്നപ്രകാരം നമ്മുടെ നൂററാണ്ടിന്റെ ആദ്യപകുതിയിൽപ്പോലും കത്തോലിക്കാ പണ്ഡിതൻമാർ സ്വർഗാരോഹണ സിദ്ധാന്തത്തിന് “എല്ലായ്പോഴും അനുകൂലമല്ലാത്ത പഠനങ്ങളും ചർച്ചകളും” പ്രസിദ്ധീകരിക്കുന്നതിൽ തുടർന്നു. ലിയോ XIII-ാമൻ, പീയൂസ് X-ാമൻ, ബനഡിക്ട് XV-ാമൻ തുടങ്ങിയ പാപ്പാമാർപോലും “ഇക്കാര്യത്തിൽ അടക്കം പാലിക്കുകയായിരുന്നു.” എന്നാൽ 1950, നവംബർ 1-ന് സഭ ഒടുവിൽ വ്യക്തമായ ഒരു നിലപാടു സ്വീകരിച്ചു. “നിർമല ദൈവമാതാവും നിത്യകന്യകയുമായ മറിയ തന്റെ ഭൗമിക ജീവിതം പൂർത്തിയാക്കിയപ്പോൾ ജഡത്തോടും ആത്മാവോടുംകൂടെ സ്വർഗീയ മഹത്ത്വത്തിലേക്ക് എടുക്കപ്പെട്ടുവെന്നത് ദൈവം വെളിപ്പെടുത്തിയ ഒരു സിദ്ധാന്തമായി നാം നിർവചിക്കുന്നു” എന്നു പീയൂസ് XII-ാമൻ പാപ്പ പ്രഖ്യാപിച്ചു.—മൂനിഫിക്കെൻറിസിമുസ് ഡെവുസ്.
മറിയയുടെ ഉടലോടെയുള്ള സ്വർഗീയ യാത്രയിലുള്ള വിശ്വാസം കത്തോലിക്കരുടെ ഇടയിൽ മേലാൽ ഐച്ഛികമായിരുന്നില്ല—അത് ഒരു സഭാ സിദ്ധാന്തമായിക്കഴിഞ്ഞു. “നാം നിർവചിച്ചതിനെ ആരെങ്കിലും തള്ളിക്കളയുന്നതിനോ അതിൽ മനഃപൂർവം സംശയം പ്രകടിപ്പിക്കുന്നതിനോ ധൈര്യപ്പെട്ടാൽ അയാൾ ദിവ്യാംഗീകാരത്തിലും കത്തോലിക്കാ വിശ്വാസത്തിലും കുറവുള്ളവനായി തീർന്നിരിക്കുന്നുവെന്ന് അറിയേണ്ടതുണ്ട്” എന്നു പീയൂസ് XII-ാമൻ പാപ്പ പ്രഖ്യാപിച്ചു.
തിരുവെഴുത്തുകൾ യഥാർഥത്തിൽ പ്രതിപാദിക്കുന്നത്
എന്നാൽ എന്തടിസ്ഥാനത്തിലാണു സഭ ഇങ്ങനെ ഉറച്ച ഒരു നിലപാടു സ്വീകരിച്ചത്? സ്വർഗാരോഹണ സിദ്ധാന്തത്തിന് “അതിന്റെ അന്തിമമായ അടിസ്ഥാനം തിരുവെഴുത്തിൽ” ഉണ്ടെന്നു പീയൂസ് XII-ാമൻ പാപ്പ അവകാശപ്പെട്ടു. മറിയയുടെ സ്വർഗാരോഹണത്തിനു തെളിവായി മിക്കപ്പോഴും പരാമർശിക്കുന്ന തിരുവെഴുത്തുകളിലൊന്ന് ലൂക്കോസ് 1:28, 42 ആണ്. മറിയയെക്കുറിച്ച് ഈ വാക്യങ്ങൾ ഇപ്രകാരം പറയുന്നു: “കൃപനിറഞ്ഞവളേ, സ്വസ്തി, കർത്താവു നിന്നോടുകൂടെയുണ്ട്: സ്ത്രീകളിൽ അനുഗൃഹീതയാണു നീ . . . , നിന്റെ ഗർഭപാത്രത്തിന്റെ ഫലവും അനുഗൃഹീതമാണ്.” (ഡുവേ) മറിയ ‘കൃപനിറഞ്ഞവൾ’ ആയിരുന്നതുകൊണ്ട് അവർ ഒരിക്കലും മരിച്ചിട്ടില്ലെന്നു മറിയയുടെ സ്വർഗാരോഹണത്തിൽ വിശ്വസിക്കുന്നവർ ന്യായവാദം ചെയ്യുന്നു. അവരുടെ ‘ഗർഭപാത്രത്തിന്റെ ഫലത്തെ’പ്പോലെ “അനുഗൃഹീത”യായതിനാൽ യേശുവിന്റെ സ്വർഗാരോഹണമുൾപ്പെടെ അവിടുത്തേതിനു തുല്യമായ പദവികൾ അവർക്ക് ഉണ്ടായിരിക്കേണ്ടതാണ്. ഇതു ശരിയായ ന്യായവാദമാണെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?
ഒരു സംഗതി, ‘കൃപനിറഞ്ഞവൾ’ എന്ന പ്രയോഗം കൃത്യമല്ലാത്ത പരിഭാഷയാണെന്നും ലൂക്കോസ് ഉപയോഗിച്ചിരിക്കുന്ന മൂല പ്രയോഗം കൂടുതൽ കൃത്യമായി “ദൈവാംഗീകാരത്തിനു പാത്രമായത്” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നുവെന്നുമാണു ഭാഷാപണ്ഡിതൻമാർ പറയുന്നത്. അതുകൊണ്ട് കത്തോലിക്കാ യരുശലേം ബൈബിൾ ലൂക്കോസ് 1:28 ഇപ്രകാരം പരിഭാഷപ്പെടുത്തിയിരിക്കുന്നു: “കൃപലഭിച്ചവളേ, ആനന്ദിക്കൂ!” ദൈവ ‘കൃപലഭിച്ചവൾ’ എന്ന കാരണംകൊണ്ടു മറിയ സ്വർഗത്തിലേക്കു ജഡത്തിൽ എടുക്കപ്പെട്ടുവെന്നു നിഗമനം ചെയ്യാൻ ഒരു കാരണവുമില്ല. ഒന്നാം നൂററാണ്ടിലെ ക്രിസ്തീയ രക്തസാക്ഷിയായ സ്തേഫാനോസിനെക്കുറിച്ച് അത്യന്താംഗീകാരത്തിനു പാത്രമായവൻ അഥവാ “കൃപനിറഞ്ഞവൻ” എന്ന് കത്തോലിക്കാ ഡുവേ ബൈബിൾ പറയുന്നുണ്ട്—എന്നാൽ അദ്ദേഹം ജഡത്തിൽ പുനരുത്ഥാനം പ്രാപിച്ചെന്ന് ആരും പറയുന്നില്ല.—പ്രവൃത്തികൾ 6:8.
എങ്കിലും, മറിയ അനുഗൃഹീതയും അംഗീകാരം ലഭിച്ചവളും ആയിരുന്നില്ലേ? അതേ, എന്നാൽ രസകരമെന്നു പറയട്ടെ, ഇസ്രായേലിന്റെ ന്യായാധിപൻമാരുടെ കാലത്ത് യായേൽ എന്നു പേരുള്ള സ്ത്രീ “സ്ത്രീകളിൽ അനുഗൃഹീത”യായി കണക്കാക്കപ്പെട്ടിരുന്നു. (ന്യായാധിപൻമാർ 5:24, ഡുവേ) തീർച്ചയായും യായേൽ ഉടലോടെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടുവെന്ന് ആരും വാദിക്കുകയില്ല. കൂടാതെ, സ്വർഗാരോഹണത്തെക്കുറിച്ചുള്ള ആശയം മുഴുവനും യേശുതാനും ജഡത്തിൽ സ്വർഗത്തിലേക്കു പ്രവേശിച്ചുവെന്ന നിഗമനത്തിൽ അധിഷ്ഠിതമാണ്. എന്നിരുന്നാലും, യേശു “ആത്മാവിൽ,” “ജീവൻപ്രാപിച്ചു” അഥവാ ഉയിർപ്പിക്കപ്പെട്ടു എന്നാണു ബൈബിൾ പറയുന്നത്. (1 പത്രോസ് 3:18, ഡുവേ; 1 കൊരിന്ത്യർ 15:45 താരതമ്യം ചെയ്യുക.) “ജഡത്തിനും രക്തത്തിനും ദൈവരാജ്യം അവകാശമാക്കാൻ കഴിയില്ല” എന്നുകൂടെ അപ്പോസ്തലനായ പൗലോസ് പറയുന്നു.—1 കൊരിന്ത്യർ 15:42-50, ഡുവേ.
ആത്മാവിനാൽ അഭിഷിക്തരാക്കപ്പെട്ട വിശ്വസ്ത ക്രിസ്ത്യാനികൾക്കുള്ള പുനരുത്ഥാനത്തെക്കുറിച്ചു ബൈബിൾ പറയുന്നുണ്ടെന്നുള്ളതു ശരിയാണ്. എന്നിരുന്നാലും, ഈ ദുഷ്ട യുഗത്തിന്റെ അവസാന നാളുകളിൽ “കർത്താവിന്റെ പ്രത്യക്ഷത”യാകാതെ ഈ പുനരുത്ഥാനം തുടങ്ങുകയില്ലെന്ന് 1 തെസ്സലൊനീക്യർ 4:13-17 വ്യക്തമാക്കുന്നു. അതുവരെ മററ് ആയിരക്കണക്കിനു ക്രിസ്ത്യാനികളോടൊപ്പം മറിയ മരണത്തിൽ നിദ്രകൊള്ളുമായിരുന്നു.—1 കൊരിന്ത്യർ 15:51, 52.
മറിയ—വിശ്വാസമുള്ള ഒരു സ്ത്രീ
മേൽപ്പറഞ്ഞ കാര്യങ്ങൾ പറയുമ്പോൾത്തന്നെ മറിയക്കു ഞങ്ങൾ ഏതെങ്കിലും രീതിയിൽ അനാദരവ് കൽപ്പിക്കുന്നില്ല എന്ന് ഉറപ്പുള്ളവരായിരിക്കുക. സംശയലേശമെന്യേ, മറിയ മാതൃകായോഗ്യയായ ഒരു സ്ത്രീ ആയിരുന്നു—അനുകരണീയ വിശ്വാസമുള്ള ഒരുവൾതന്നെ. എല്ലാ പീഡനങ്ങളും ത്യാഗങ്ങളും സഹിതം അവർ യേശുവിന്റെ അമ്മയായിത്തീരുകയെന്ന വിശിഷ്ടമായ ഉത്തരവാദിത്വം സത്വരം സ്വീകരിച്ചു. (ലൂക്കൊസ് 1:38; 2:34, 35) യോസേഫിനോടൊപ്പം അവർ യേശുവിനെ ദൈവിക ജ്ഞാനത്തിൽ വളർത്തിക്കൊണ്ടുപോന്നു. (ലൂക്കൊസ് 2:51, 52) യേശു സ്തംഭത്തിൽ കിടന്നനുഭവിച്ച കഷ്ടപ്പാടുകളിൽ അവർ അവിടുത്തോടുകൂടെ നിലകൊണ്ടു. (യോഹന്നാൻ 19:25-27) ഒരു വിശ്വസ്തയായ ശിഷ്യയെന്നനിലയിൽ അവർ അനുസരണയോടെ യരുശലേമിൽ താമസിക്കുകയും പെന്തക്കോസ്തു നാളിൽ ദൈവാത്മാവിന്റെ പകരൽ അനുഭവിക്കുകയും ചെയ്തു.—പ്രവൃത്തികൾ 1:13, 14; 2:1-4.
മറിയയെക്കുറിച്ചുള്ള വികലമായ വീക്ഷണം സൃഷ്ടികർത്താവിനോ മറിയക്കോ ബഹുമതി കൈവരുത്തുന്നില്ല. സ്വർഗാരോഹണ സിദ്ധാന്തം മറിയ ദൈവവുമായുള്ള മധ്യസ്ഥയാണെന്ന അടിസ്ഥാനരഹിതമായ വാദത്തിന് ആക്കം കൂട്ടാൻ ഉതകുന്നു. എന്നാൽ യേശുക്രിസ്തു എന്നെങ്കിലും അത്തരമൊരു പഠിപ്പിക്കലിനെ പിന്താങ്ങിയോ? അതിനു വിപരീതമായി, “വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല. എന്റെ നാമത്തിൽ നിങ്ങൾ എന്നോടു എന്തെങ്കിലും ചോദിച്ചാൽ ഞാനതു ചെയ്തു തരും” എന്ന് അവിടുന്നു പറഞ്ഞു. (യോഹന്നാൻ 14:6, 14, പി.ഒ.സി. ബൈ.; പ്രവൃത്തികൾ 4:12 താരതമ്യം ചെയ്യുക.) അതേ, മറിയയല്ല, യേശുക്രിസ്തു മാത്രമാണ് സൃഷ്ടികർത്താവുമായി മധ്യസ്ഥം വഹിക്കുന്നത്. നാം “ആവശ്യമുള്ള സമയത്തു സഹായത്തിനു”വേണ്ടി യേശു മുഖാന്തരമാണ്—മറിയ മുഖാന്തരമല്ല—ജീവദാതാവിനെ സമീപിക്കേണ്ടത്.—എബ്രായർ 4:16, റിവൈസ്ഡ് സ്ററാൻഡാർഡ് വേർഷൻ, കത്തോലിക്കാ പതിപ്പ്.
മറിയയെ സംബന്ധിച്ച സത്യം അംഗീകരിക്കുന്നതു ചിലർക്കു വേദനാജനകമായിരിക്കും. കുറഞ്ഞപക്ഷം അത് ദീർഘനാളുകളായി ലാളിച്ചുപോന്നിരുന്ന വിശ്വാസങ്ങൾ കൈവിടുന്നതിനെ അർഥമാക്കിയേക്കാം. എന്നിരുന്നാലും, ചിലപ്പോൾ വേദനാജനകമാണെങ്കിലും സത്യം ഒടുവിൽ ‘ഒരുവനെ സ്വതന്ത്രനാക്കും.’ (യോഹന്നാൻ 8:32) “ആത്മാവിലും സത്യത്തിലും” ആരാധിക്കുന്നവരെ തന്റെ പിതാവ് തിരയുന്നുവെന്നു യേശു പറഞ്ഞു. (യോഹന്നാൻ 4:24, ഡുവേ) ആത്മാർഥരായ കത്തോലിക്കരുടെ മുന്നിൽ ഈ വാക്കുകൾ ഒരു വെല്ലുവിളിയായി നിലകൊള്ളുന്നു.
[അടിക്കുറിപ്പുകൾ]
a കത്തോലിക്കാ സഭയിൽ ഒരു സിദ്ധാന്തമെന്നു പറഞ്ഞാൽ അതു ലളിതമായ ഒരു വിശ്വാസംപോലെയല്ല മറിച്ച്, തിരുസഭാസമിതിയിലൂടെയോ പാപ്പായുടെ “അപ്രമാദിത്വമുള്ള അധികൃത പ്രസ്താവന”യിലൂടെയോ ഭയഭക്തിപുരസ്സരം രൂപീകരിച്ചെടുത്ത ഒരു സത്യമാണെന്നാണു പറയപ്പെടുന്നത്. കത്തോലിക്കാ സഭ അങ്ങനെ നിർവചിച്ച തത്ത്വങ്ങളിൽ ഏററവും ഒടുവിലത്തേതു മറിയയുടെ സ്വർഗാരോഹണമാണ്.
[27-ാം പേജിലെ ചതുരം]
മറിയ മരിച്ചുവോ?
മറിയയുടെ സങ്കൽപ്പിത സ്വർഗാരോഹണത്തിനുമുമ്പു മറിയ വാസ്തവമായും മരിച്ചുവോ? ഈ വിഷയത്തിൽ കത്തോലിക്കാ വേദശാസ്ത്രികൾ സുഖകരമല്ലാത്ത വേദശാസ്ത്രപരമായ പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കയാണ്. “മരിക്കാതിരിക്കുക എന്ന പദവി യേശുപോലും അവകാശപ്പെടുത്താതിരുന്ന സ്ഥിതിക്ക് അതു മറിയക്കു കിട്ടിയെന്നു ചിന്തിക്കുക ബുദ്ധിമുട്ടായിരിക്കും” എന്നു നുവോ ഡിററ്സ്യോനാറ്യോ ദെ റൈയോളോഴിയ സൂചിപ്പിക്കുന്നു. നേരെ മറിച്ച്, മറിയ മരിക്കുകതന്നെ ചെയ്തു എന്നു പറയുന്നതു തത്തുല്യമായി ബുദ്ധിമുട്ടുള്ള വിവാദം ഉയർത്തുന്നു. “മരണം ആദിമ പാപത്തിന്റെ ശിക്ഷയാണ്, [“അമലോത്ഭവ”സിദ്ധാന്തം] പറയുന്നപ്രകാരം അതു മറിയയെ ബാധിച്ചില്ല” എന്നു വേദശാസ്ത്രജ്ഞൻ കാരി ബാറസൻ കുറിക്കൊള്ളുന്നു. എന്നാൽ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറിയ മരിച്ചത്? പീയൂസ് XII-ാമൻ പാപ്പ സ്വർഗാരോഹണ സിദ്ധാന്തം നിർവചിച്ചപ്പോൾ മറിയയുടെ മരണ സംബന്ധമായ വിഷയം അപ്പാടെ സശ്രദ്ധം ഒഴിവാക്കിയതിൽ അതിശയിക്കാനില്ല.
ബൈബിളിന്റെ പഠിപ്പിക്കലുകൾ അപ്രകാരമുള്ള ആശയക്കുഴപ്പങ്ങളിൽനിന്നു മുക്തമാണെന്നത് അനുഗ്രഹമാണ്. മറിയ “അമലോത്ഭവ” ആണെന്ന് അത് എങ്ങും പഠിപ്പിക്കുന്നില്ല—സൂചിപ്പിക്കുന്നുപോലുമില്ല. നേരെ മറിച്ച് പാപപരിഹാരം ആവശ്യമായിരുന്ന അപൂർണയായ മനുഷ്യ സ്ത്രീയായിരുന്നു മറിയ എന്ന് അതു സൂചിപ്പിക്കുന്നു. ഇക്കാരണത്താൽ യേശുവിന്റെ ജനനത്തിനുശേഷം അവർ ദേവാലയത്തിൽപ്പോയി പാപപരിഹാര ബലി അർപ്പിച്ചു. (ലേവ്യപുസ്തകം 12:1-8; ലൂക്കൊസ് 2:22-24) മറെറല്ലാ അപൂർണ മനുഷ്യരെയുംപോലെ ഒടുവിൽ മറിയയും മരിച്ചു.—റോമർ 3:23; 6:23.
ഈ ലളിതമായ സത്യം സ്വർഗാരോഹണ സിദ്ധാന്തം ഉയർത്തിയ ഉത്തരമില്ലാത്ത ചോദ്യങ്ങൾക്കു തികച്ചും വിപരീതമായി നിലകൊള്ളുന്നു.
[26-ാം പേജിലെ ചിത്രം]
ററിററിയൻ വരച്ച ‘കന്യാമറിയത്തിന്റെ സ്വർഗാരോഹണം’ (ഏകദേശം 1488-1576)
[കടപ്പാട്]
Giraudon/Art Resource, N.Y.
[28-ാം പേജിലെ ചിത്രം]
യേശുവിന്റെ ജനനശേഷം ദേവാലയത്തിലേക്കു പാപപരിഹാര ബലി കൊണ്ടുവന്നതിലൂടെ പാപമോചനം ആവശ്യമുള്ള ഒരു പാപിയാണു താനെന്നു മറിയ പ്രഖ്യാപിച്ചു