യഹോവ—ഉദ്ദേശ്യമുള്ള ദൈവം
“ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.”—യെശയ്യാവു 14:24.
1, 2. ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അനേകരും എന്താണു പറയുന്നത്?
“ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്?” എന്ന് എല്ലായിടത്തുമുള്ള ആളുകൾ ചോദിക്കുന്നു. ഒരു പാശ്ചാത്യ രാഷ്ട്രീയ നേതാവ് ഇപ്രകാരം പ്രസ്താവിച്ചു: “‘നാം ആരാണ്? എന്താണു നമ്മുടെ ഉദ്ദേശ്യം?’ എന്നു മുമ്പെന്നത്തേതിലും അധികമാളുകൾ ഇപ്പോൾ ചോദിക്കുന്നു.” ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത് എന്ന ചോദ്യത്തെക്കുറിച്ചു യുവജനങ്ങളുടെ ഇടയിൽ ഒരു പത്രം അഭിപ്രായവോട്ടെടുപ്പ് നടത്തിയപ്പോൾ ലഭിച്ച സാധാരണ പ്രതികരണങ്ങൾ ഇവയായിരുന്നു: “നിങ്ങളുടെ ഹൃദയം അഭിലഷിക്കുന്ന എന്തും ചെയ്യുക.” “ഓരോ നിമിഷവും പരമാവധി ജീവിച്ചുതീർക്കുക.” “സന്തോഷത്തോടെ ജീവിക്കുക.” “കുട്ടികളെ ജനിപ്പിക്കുക, സന്തോഷിക്കുക, എന്നിട്ട് മരിക്കുക.” ഈ ജീവിതം മാത്രമേയുള്ളൂവെന്ന് മിക്കവരും വിചാരിച്ചു. ഭൂമിയിൽ ജീവിതത്തിന് എന്തെങ്കിലുമൊരു ദീർഘകാല ഉദ്ദേശ്യമുള്ളതായി ആരും പറഞ്ഞില്ല.
2 ഒരു കൺഫ്യൂഷ്യൻ പണ്ഡിതൻ പറഞ്ഞത് ഇങ്ങനെയാണ്: “ജീവന്റെ പരമമായ അർഥം നമ്മുടെ സാധാരണ മാനുഷാസ്തിത്വത്തിൽ തന്നെ കാണാം.” ഇതനുസരിച്ച് ആളുകൾ ജനിച്ചും 70-തോ 80-തോ വർഷം മല്ലടിച്ചും തുടരുന്നു, എന്നിട്ട് മരിച്ച് എന്നേക്കുമായി അസ്തിത്വരഹിതരായിത്തീരുകയും ചെയ്യും. “ഒരു ‘മികച്ച’ ഉത്തരം കിട്ടാൻ നാം അഭിലഷിച്ചേക്കാം—ഒന്നും നിലവിലില്ല” എന്ന് ഒരു പരിണാമ ശാസ്ത്രജ്ഞൻ പറഞ്ഞു. ഇത്തരം പരിണാമവാദികൾക്ക്, ജീവിതം എന്നത് അതിജീവനത്തിനുവേണ്ടിയുള്ള ഒരു പോരാട്ടം മാത്രമാണ്, മരണത്തോടെ എല്ലാം ഒടുങ്ങുകയും ചെയ്യുന്നു. അത്തരം തത്ത്വചിന്തകൾ വെച്ചുനീട്ടുന്നതു ജീവിതത്തെക്കുറിച്ചുള്ള ആശയററ ഒരു വീക്ഷണമാണ്.
3, 4. പലരും ജീവിതത്തെ വീക്ഷിക്കുന്ന വിധത്തെ ലോകാവസ്ഥകൾ എങ്ങനെ സ്വാധീനിക്കുന്നു?
3 മനുഷ്യാസ്തിത്വം ഇത്രയധികം യാതനകളാൽ നിറഞ്ഞിരിക്കുന്നതു കാണുമ്പോൾ ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ടോയെന്നു പലരും സംശയിക്കുന്നു. മനുഷ്യൻ വ്യാവസായികവും ശാസ്ത്രീയവുമായ നേട്ടത്തിന്റെ പരകോടിയിൽ എത്തിയിരിക്കുന്നു എന്നു കരുതപ്പെടുന്ന നമ്മുടെ കാലത്ത്, ലോകമെമ്പാടുമുള്ള നൂറു കോടിയോളം ആളുകൾ ഗുരുതരമായി രോഗബാധിതരോ, വികലപോഷിതരോ ആണ്. അത്തരം കാരണങ്ങളാൽ ലക്ഷക്കണക്കിനു കുട്ടികൾ ഓരോ വർഷവും മൃതിയടയുന്നു. കൂടാതെ, കഴിഞ്ഞ നാനൂറു വർഷക്കാലത്തെ യുദ്ധങ്ങളിൽ മരിച്ചിട്ടുള്ളവരെക്കാൾ നാലു മടങ്ങ് ആളുകൾ ഈ ഇരുപതാം നൂററാണ്ടിലെ യുദ്ധങ്ങളിൽ മൃതിയടഞ്ഞിട്ടുണ്ട്. കുററകൃത്യം, അക്രമം, മയക്കുമരുന്നു ദുരുപയോഗം, കുടുംബത്തകർച്ച, എയ്ഡ്സും ലൈംഗികമായി പകരുന്ന മററു രോഗങ്ങളും—മോശമായ ഘടകങ്ങളുടെ പട്ടിക നീണ്ടുപോകുന്നു. ഈ പ്രശ്നങ്ങൾക്കു ലോകനേതാക്കളുടെ പക്കൽ യാതൊരു പരിഹാരവുമില്ല.
4 അത്തരം അവസ്ഥകളുടെ കാഴ്ചപ്പാടിൽ അനേകരുടെയും വിശ്വാസത്തെ ഒരു വ്യക്തി ഈ വാക്കുകളിൽ പ്രതിഫലിപ്പിച്ചു: “ജീവിതത്തിന് ഒരു ഉദ്ദേശ്യവുമില്ല. മോശമായ ഈ കാര്യങ്ങളെല്ലാം സംഭവിക്കുകയാണെങ്കിൽ, അപ്പോൾ ജീവിതത്തിന് വലിയ അർഥമൊന്നുമില്ല.” വൃദ്ധനായ ഒരു മനുഷ്യൻ പറഞ്ഞത് ഇങ്ങനെയാണ്: “എന്റെ ജീവിതത്തിൽ ഏറിയ കാലവും ഞാൻ ഇവിടെ ആയിരിക്കുന്നത് എന്തുകൊണ്ടെന്നു ഞാൻ ചോദിച്ചുകൊണ്ടാണിരുന്നിട്ടുള്ളത്. ഒരു ഉദ്ദേശ്യമുണ്ടെങ്കിൽത്തന്നെ ഞാൻ മേലാലൊട്ടു കാര്യമാക്കുന്നുമില്ല.” അതുകൊണ്ട് ദൈവം ദുഷ്ടത അനുവദിക്കുന്നതിന്റെ കാരണം അനേകർക്ക് അറിയില്ലാത്തതുകൊണ്ട് വ്യാകുലപ്പെടുത്തുന്ന ലോകാവസ്ഥകൾ അവർക്ക് ഭാവിയെ സംബന്ധിച്ച യഥാർഥമായ യാതൊരു പ്രത്യാശയും ഇല്ലാതിരിക്കാൻ ഇടയാക്കിയിരിക്കുന്നു.
5. ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം വർധിക്കാൻ ഈലോകമതങ്ങൾ ഇടവരുത്തിയിരിക്കുന്നത് എന്തുകൊണ്ട്?
5 മതനേതാക്കൻമാർപോലും ജീവിതത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ചു ഭിന്നാഭിപ്രായമുള്ളവരും തിട്ടമില്ലാത്തവരുമാണ്. ലണ്ടനിലെ സെൻറ് പോൾസ് കത്തീഡ്രലിന്റെ ഒരു മുൻ ഡീൻ പറഞ്ഞത് ഇങ്ങനെയാണ്: “ജീവിച്ചിരിക്കുന്നതിന്റെ അർഥം കണ്ടെത്താൻ ഞാൻ എന്റെ ജീവിതകാലം മുഴുവൻ പാടുപെട്ടിരിക്കുന്നു. . . . ഞാൻ പരാജയപ്പെട്ടിരിക്കുന്നു.” മരണത്തിങ്കൽ നല്ലയാളുകൾ സ്വർഗത്തിലേക്കും ചീത്തയാളുകൾ എന്നേക്കുമായി അഗ്നിനരകത്തിലേക്കും പോകുന്നുവെന്നു പുരോഹിതൻമാർ പഠിപ്പിക്കുന്നുവെന്നതു സത്യംതന്നെ. എന്നാൽ ഈ വീക്ഷണം, ഭൂമിയിലെ മനുഷ്യവർഗത്തെ അവരുടെ പീഡിതജീവിതം പിന്നെയും തുടർന്നു പോകാൻ ഇടയാക്കുകയാണ്. ദൈവോദ്ദേശ്യം മനുഷ്യൻ സ്വർഗത്തിൽ ജീവിക്കണം എന്നതായിരുന്നെങ്കിൽ ദൂതൻമാരുടെ കാര്യത്തിൽ അവിടുന്ന് ചെയ്തതുപോലെ ആദ്യംതന്നെ സ്വർഗീയ ജീവികളായി മനുഷ്യരെ സൃഷ്ടിക്കാതെ വളരെയധികം ദുരിതം അനുഭവിക്കാൻ അവരെ വിട്ടത് എന്തുകൊണ്ടാണ്? അതുകൊണ്ട് ഭൂമിയിലെ ജീവിതത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ച ആശയക്കുഴപ്പം അല്ലെങ്കിൽ അതിന് ഒരു ഉദ്ദേശ്യമുണ്ടെന്നു വിശ്വസിക്കാനുള്ള വിസമ്മതം സാധാരണമാണ്.
ഉദ്ദേശ്യമുള്ള ദൈവം
6, 7. അഖിലാണ്ഡ പരമാധികാരിയെക്കുറിച്ചു ബൈബിൾ നമ്മോട് എന്തു പറയുന്നു?
6 എന്നാൽ, പ്രപഞ്ചത്തിന്റെ പരമാധികാരിയായ യഹോവ ഉദ്ദേശ്യമുള്ള ഒരു ദൈവമാണെന്നു ചരിത്രത്തിൽ ഏററവും വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള പുസ്തകമായ വിശുദ്ധ ബൈബിൾ നമ്മോടു പറയുന്നു. വാസ്തവത്തിൽ ഭൂമിയിലെ മനുഷ്യവർഗത്തിനുവേണ്ടി അവിടുത്തേക്ക് ദൂരവ്യാപകമായ, നിത്യമായ ഒരു ഉദ്ദേശ്യമുണ്ടെന്ന് അതു നമുക്കു കാണിച്ചുതരുന്നു. യഹോവ എന്തെങ്കിലും ഉദ്ദേശിക്കുമ്പോൾ അതു പരാജയമടയാതെ കണിശമായും സംഭവിക്കും. മഴ വിത്തിനെ മുളപ്പിക്കുന്നതു പോലെയായിരിക്കും “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം . . . അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കുകയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും” എന്നു ദൈവം പറയുന്നു. (യെശയ്യാവു 55:10, 11) നിറവേററുമെന്നു യഹോവ പറയുന്നതെല്ലാം “നിവൃത്തിയാകും.”—യെശയ്യാവു 14:24.
7 സർവശക്തൻ തന്റെ വാഗ്ദത്തങ്ങൾ പാലിക്കുമെന്നു നമുക്കു പൂർണമായ ഉറപ്പുണ്ടായിരിക്കാൻ കഴിയും, കാരണം ദൈവത്തിനു “ഭോഷ്കു പറയാൻ കഴിയില്ല.” (തീത്തൊസ് 1:2, NW; എബ്രായർ 6:18) താൻ ഒരു കാര്യം ചെയ്യുമെന്ന് അവിടുന്ന് നമ്മോടു പറയുമ്പോൾ അതു നടക്കുമെന്നുള്ളതിന് അവിടുത്തെ വചനം നമുക്ക് ഒരു ഉറപ്പാണ്. അതു നടന്നതിനു തുല്യമാണ്. അവിടുന്ന് ഇപ്രകാരം പ്രഖ്യാപിക്കുന്നു: “ഞാൻ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല. ആരംഭത്തിങ്കൽ തന്നേ അവസാനവും പൂർവ്വകാലത്തു തന്നേ മേലാൽ സംഭവിപ്പാനുള്ളതും ഞാൻ പ്രസ്താവിക്കുന്നു; എന്റെ ആലോചന നിവൃത്തിയാകും; ഞാൻ എന്റെ താല്പര്യമൊക്കെയും അനുഷ്ഠിക്കും . . . ഞാൻ പ്രസ്താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്ഠിക്കും.”—യെശയ്യാവു 46:9-11.
8. ദൈവത്തെ അറിയാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവർക്ക് അവിടുത്തെ കണ്ടെത്താൻ കഴിയുമോ?
8 മാത്രമല്ല, “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ” യഹോവ ആഗ്രഹിക്കുന്നു. (2 പത്രൊസ് 3:9) ഈ കാരണം നിമിത്തം ആരും അവിടുത്തെക്കുറിച്ച് അജ്ഞരായിരിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല. അസര്യാ എന്നു പേരുള്ള ഒരു പ്രവാചകൻ ഇപ്രകാരം പറഞ്ഞു: “അവനെ [ദൈവത്തെ] അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും.” (2 ദിനവൃത്താന്തം 15:1, 2) അതുകൊണ്ട് ദൈവത്തെയും അവിടുത്തെ ഉദ്ദേശ്യങ്ങളെയും ആത്മാർഥമായി അറിയാൻ ആഗ്രഹിക്കുന്നവർ അവിടുത്തെ അന്വേഷിക്കാൻ ശ്രമം നടത്തുന്നുവെങ്കിൽ അവർക്കു തീർച്ചയായും അതിനു കഴിയും.
9, 10. (എ) ദൈവത്തെ അറിയാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടി എന്തു പ്രദാനം ചെയ്തിരിക്കുന്നു? (ബി) ദൈവവചനം പരിശോധിക്കുന്നത് എന്തു ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു?
9 എവിടെ അന്വേഷിക്കണം? ദൈവത്തെ യഥാർഥമായി അന്വേഷിക്കുന്നവർക്കുവേണ്ടി അവിടുന്ന് തന്റെ വചനമായ ബൈബിൾ പ്രദാനം ചെയ്തിട്ടുണ്ട്. പ്രപഞ്ചത്തെ സൃഷ്ടിക്കാൻ ദൈവം ഉപയോഗിച്ച തന്റെ അതേ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച്, നാം അറിഞ്ഞിരിക്കേണ്ട അവിടുത്തെ ഉദ്ദേശ്യങ്ങൾ എഴുതാൻ അവിടുന്ന് വിശ്വസ്ത പുരുഷൻമാരെ നയിച്ചു. ദൃഷ്ടാന്തത്തിന്, ബൈബിൾ പ്രവചനത്തെ സംബന്ധിച്ച് അപ്പോസ്തലനായ പത്രോസ് ഇപ്രകാരം പറഞ്ഞു: “പ്രവചനം ഒരിക്കലും മമനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.” (2 പത്രൊസ് 1:21) സമാനമായിത്തന്നെ, “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് പ്രഖ്യാപിച്ചു.—2 തിമൊഥെയൊസ് 3:16, 17; 1 തെസ്സലൊനീക്യർ 2:13.
10 “വക പ്രാപിച്ചു തികഞ്ഞവൻ” ആകേണ്ടതിനാണു ദൈവവചനം നമ്മെ പ്രാപ്തരാക്കുന്നത്, ഭാഗികമായോ അപൂർണമായോ പ്രാപ്തർ ആകേണ്ടതിനല്ല. ദൈവം ആരാണ്, അവിടുത്തെ ഉദ്ദേശ്യങ്ങൾ എന്തെല്ലാമാണ്, അവിടുന്ന് തന്റെ ദാസൻമാരിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു എന്നീ കാര്യങ്ങൾ സംബന്ധിച്ച് ഉറപ്പുള്ളവനായിരിക്കാൻ ഇത് ഒരുവനെ പ്രാപ്തനാക്കുന്നു. ദൈവം ഗ്രന്ഥകർത്താവായ ഒരു പുസ്തകത്തിൽനിന്ന് ഇതു പ്രതീക്ഷിക്കേണ്ടതാണ്. ദൈവത്തെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം ലഭിക്കുന്നതിനു നമുക്ക് അന്വേഷിക്കാൻ കഴിയുന്ന ഏക ഉറവിടം അതു മാത്രമാണ്. (സദൃശവാക്യങ്ങൾ 2:1-5; യോഹന്നാൻ 17:3) അങ്ങനെ ചെയ്യുമ്പോൾ നാം “മനുഷ്യരുടെ ചതിയാലും ഉപായത്താലും തെററിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാററിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ” ആയിരിക്കില്ല. (എഫെസ്യർ 4:13, 14) “നിന്റെ [ദൈവത്തിന്റെ] വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു” എന്ന ഉചിതമായ വീക്ഷണം സങ്കീർത്തനക്കാരൻ പുലർത്തി.—സങ്കീർത്തനങ്ങൾ 119:105.
ക്രമാനുഗതമായി വെളിപ്പെടുന്നു
11. യഹോവ തന്റെ ഉദ്ദേശ്യങ്ങൾ മനുഷ്യവർഗത്തിന് എങ്ങനെ വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്നു?
11 മനുഷ്യകുടുംബത്തിന്റെ നന്നേ തുടക്കത്തിൽത്തന്നെ ഈ ഭൂമിയെയും അതിലുള്ള മനുഷ്യരെയും സംബന്ധിച്ച തന്റെ ഉദ്ദേശ്യങ്ങൾ യഹോവ വെളിപ്പെടുത്തി. (ഉല്പത്തി 1:26-30) എന്നാൽ നമ്മുടെ ആദ്യ മാതാപിതാക്കൾ ദൈവത്തിന്റെ പരമാധികാരത്തെ തള്ളിക്കളഞ്ഞപ്പോൾ മനുഷ്യവർഗം ആത്മീയ അന്ധകാരത്തിലേക്കും മരണത്തിലേക്കും വീണുപോയി. (റോമർ 5:12) എന്നിരുന്നാലും, തന്നെ സേവിക്കാൻ ആഗ്രഹമുള്ളവർ ഉണ്ടായിരിക്കുമെന്നു യഹോവക്ക് അറിയാമായിരുന്നു. അക്കാരണത്താൽ നൂററാണ്ടുകളിലുടനീളം അവിടുന്ന് തന്റെ ഉദ്ദേശ്യങ്ങൾ തന്റെ വിശ്വസ്ത ദാസൻമാർക്കു ക്രമാനുഗതമായി വെളിപ്പെടുത്തിക്കൊടുത്തു. ദൈവം ആശയവിനിയമം നടത്തിയവരിൽ ചിലരായിരുന്നു ഹാനോക്ക് (ഉല്പത്തി 5:24; യൂദാ 14, 15), നോഹ (ഉല്പത്തി 6:9, 13), അബ്രഹാം (ഉല്പത്തി 12:1-3), മോശ (പുറപ്പാടു 31:18; 34:27, 28) എന്നിവർ. ദൈവത്തിന്റെ പ്രവാചകനായ ആമോസ് എഴുതി: “യഹോവയായ കർത്താവു പ്രവാചകൻമാരായ തന്റെ ദാസൻമാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.”—ആമോസ് 3:7; ദാനീയേൽ 2:27, 28.
12. ദൈവോദ്ദേശ്യങ്ങൾ സംബന്ധിച്ചു യേശു കൂടുതൽ വെളിച്ചം വീശിയതെങ്ങനെ?
12 ഏദനിലെ മത്സരത്തിനുശേഷം ഏതാണ്ട് 4,000 വർഷം കഴിഞ്ഞ് ദൈവപുത്രനായ യേശുക്രിസ്തു ഭൂമിയിലായിരുന്നപ്പോൾ യഹോവയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള ധാരാളം വിശദാംശങ്ങൾ വെളിപ്പെടുത്തപ്പെട്ടു. ഭൂമിമേൽ ഭരണം നടത്തുന്നതിന് ഒരു സ്വർഗീയ രാജ്യം സ്ഥാപിക്കാനുള്ള ദൈവോദ്ദേശ്യം സംബന്ധിച്ച് വിശേഷാൽ ഇതുതന്നെയാണു സംഭവിച്ചത്. (ദാനീയേൽ 2:44) യേശു ആ രാജ്യത്തെ തന്റെ ഉപദേശവിഷയമാക്കി. (മത്തായി 4:17; 6:10) ആ രാജ്യത്തിൻ കീഴിൽ ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ചുള്ള ദൈവത്തിന്റെ ആദിമോദ്ദേശ്യം നിവൃത്തിയേറുമെന്ന് യേശുവും അവിടുത്തെ ശിഷ്യൻമാരും പഠിപ്പിച്ചു. എന്നേക്കും ജീവിക്കാനിരിക്കുന്ന പൂർണ മനുഷ്യർ വസിക്കുന്ന ഒരു പറുദീസയായി ഭൂമി രൂപാന്തരപ്പെടും. (സങ്കീർത്തനം 37:29; മത്തായി 5:5; ലൂക്കൊസ് 23:43; 2 പത്രൊസ് 3:13; വെളിപ്പാടു 21:4) അതു മാത്രമല്ല, ആ പുതിയ ലോകത്തിൽ എന്തു നടക്കുമെന്നു യേശുവും അവിടുത്തെ ശിഷ്യൻമാരും ചെയ്ത അത്ഭുതങ്ങൾ പ്രകടമാക്കി. അവ പ്രവർത്തിക്കാൻ അവരെ ശക്തീകരിച്ചതു ദൈവമായിരുന്നു.—മത്തായി 10:1, 8; 15:30, 31; യോഹന്നാൻ 11:25-44.
13. മനുഷ്യവർഗത്തോടുള്ള ദൈവത്തിന്റെ ഇടപെടലിനു പൊ.യു. 33-ൽ എന്തു മാററമുണ്ടായി?
13 യേശു പുനരുത്ഥാനം ചെയ്തിട്ട് 50 ദിവസം കഴിഞ്ഞ് പൊ.യു. 33-ലെ പെന്തക്കോസ്തിൽ ക്രിസ്തുവിന്റെ അനുഗാമികളുടെ സഭയുടെമേൽ ദൈവത്തിന്റെ പരിശുദ്ധാത്മാവു ചൊരിയപ്പെട്ടു. യഹോവയുടെ ഉടമ്പടിജനമെന്ന നിലയിൽ അവിശ്വസ്ത ഇസ്രായേലിന്റെ സ്ഥാനത്ത് അതു വന്നു. (മത്തായി 21:43; 27:51; പ്രവൃത്തികൾ 2:1-4) ആ അവസരത്തിൽ പരിശുദ്ധാത്മാവു ചൊരിയപ്പെട്ടത് ആ സമയംമുതൽ ദൈവം തന്റെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച സത്യങ്ങൾ വെളിപ്പെടുത്തുന്നത് ഈ പുതിയ ഏജൻസിയിലൂടെയാണ് എന്നതിന്റെ ഒരു തെളിവായിരുന്നു. (എഫെസ്യർ 3:10) പൊ.യു. ഒന്നാം നൂററാണ്ടിൽ ക്രിസ്തീയ സഭയുടെ സംഘടനാപരമായ ചട്ടക്കൂട് സ്ഥാപിതമായി.—1 കൊരിന്ത്യർ 12:27-31; എഫെസ്യർ 4:11, 12.
14. സത്യാന്വേഷികൾക്കു യഥാർഥ ക്രിസ്തീയ സഭയെ എങ്ങനെ തിരിച്ചറിയാൻ കഴിയും?
14 ദൈവത്തിന്റെ ഏററവും ശ്രേഷ്ഠ ഗുണമായ സ്നേഹത്തിന്റെ സ്ഥിരമായ പ്രകടനത്താൽ സത്യാന്വേഷികൾക്ക് സത്യക്രിസ്തീയ സഭയെ തിരിച്ചറിയാൻ കഴിയും. (1 യോഹന്നാൻ 4:8, 16) നിശ്ചയമായും, സഹോദരസ്നേഹം യഥാർഥ ക്രിസ്ത്യാനിത്വത്തിന്റെ ഒരു തിരിച്ചറിയിക്കൽ അടയാളമാണ്. യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും.” “ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന.” (യോഹന്നാൻ 13:35; 15:12) യേശു തന്റെ ശ്രോതാക്കളെ ഇപ്രകാരം ഓർമിപ്പിച്ചു: “ഞാൻ നിങ്ങളോടു കല്പിക്കുന്നതു ചെയ്താൽ നിങ്ങൾ എന്റെ സ്നേഹിതൻമാർ തന്നേ.” (യോഹന്നാൻ 15:14) അതുകൊണ്ട് യഥാർഥ ദൈവദാസൻമാർ സ്നേഹത്തിന്റെ നിയമമനുസരിച്ചു ജീവിക്കുന്നവരാണ്. അവർ അതിനെക്കുറിച്ചു കേവലം സംസാരിക്കുകയല്ല ചെയ്യുന്നത്, കാരണം ‘പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാകുന്നു.’—യാക്കോബ് 2:26.
പ്രകാശനം
15. ഏതു സംഗതി സംബന്ധിച്ചു ദൈവദാസൻമാർക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും?
15 കാലം കടന്നുപോകുമ്പോൾ ദൈവോദ്ദേശ്യങ്ങൾ സംബന്ധിച്ചു സത്യക്രിസ്തീയ സഭ കൂടുതൽക്കൂടുതൽ പ്രകാശിതമായിത്തീരുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു. അവിടുന്ന് തന്റെ അനുഗാമികൾക്ക് ഈ വാഗ്ദത്തം നൽകി: “പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും . . . ചെയ്യും.” (യോഹന്നാൻ 14:26) യേശു ഇങ്ങനെയും പറഞ്ഞു: “ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു.” (മത്തായി 28:20) അങ്ങനെ ദൈവത്തെയും അവിടുത്തെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച സത്യത്തെക്കുറിച്ചുള്ള പ്രകാശനം ദൈവദാസൻമാരുടെ ഇടയിൽ വർധിച്ചുവരികയാണ്. അതേ, “നീതിമാൻമാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.”—സദൃശവാക്യങ്ങൾ 4:18.
16. ദൈവോദ്ദേശ്യങ്ങളോടുള്ള ബന്ധത്തിൽ നാം എവിടെ നിലകൊള്ളുന്നു എന്നതു സംബന്ധിച്ചു നമ്മുടെ ആത്മീയ പ്രകാശനം നമ്മോട് എന്തു പറയുന്നു?
16 ആത്മീയ വെളിച്ചം ഇന്ന് എന്നത്തേതിലും ശോഭയുള്ളതാണ്. എന്തുകൊണ്ടെന്നാൽ ഒട്ടനവധി ബൈബിൾ പ്രവചനങ്ങൾ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നതോ നിവൃത്തിയോട് അടുത്തുകൊണ്ടിരിക്കുന്നതോ ആയ കാലത്താണു നാം നിലകൊള്ളുന്നത്. ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യകാലത്താണു നാം ജീവിക്കുന്നതെന്ന് ഇവ നമുക്കു കാണിച്ചുതരുന്നു. “വ്യവസ്ഥിതിയുടെ സമാപനം” എന്നു വിളിക്കപ്പെടുന്ന കാലഘട്ടമാണിത്; ഇതിനെത്തുടർന്നു ദൈവത്തിന്റെ പുതിയ ലോകം ആഗതമാകും. (2 തിമൊഥെയൊസ് 3:1-5, 13; മത്തായി 24:3-13, NW) ദാനിയേൽ മുൻകൂട്ടിപ്പറഞ്ഞതുപോലെ പെട്ടെന്നുതന്നെ ദൈവത്തിന്റെ സ്വർഗീയ രാജ്യം “[ഇപ്പോൾ നിലനിൽക്കുന്ന] ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”—ദാനീയേൽ 2:44.
17, 18. മഹത്ത്വമാർന്ന ഏതു പ്രവചനങ്ങളാണ് ഇപ്പോൾ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നത്?
17 ഇപ്പോൾ നിവൃത്തിയേറിക്കൊണ്ടിരിക്കുന്ന പ്രവചനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഒന്നാണു മത്തായി 24-ാം അധ്യായം 14-ാം വാക്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനവും. അവിടെ യേശു ഇങ്ങനെ പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല രാഷ്ട്രങ്ങൾക്കും ഒരു സാക്ഷ്യമായി നിവസിതഭൂമിയിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” [NW] ഭൂമിയിലെമ്പാടും അനേക ലക്ഷങ്ങളായി യഹോവയുടെ സാക്ഷികൾ ആ പ്രസംഗവേല നടത്തിക്കൊണ്ടാണിരിക്കുന്നത്. ഓരോ വർഷവും ലക്ഷക്കണക്കിനാളുകൾ അവരോടൊപ്പം ചേരുകയാണ്. ഇത് യെശയ്യാവു 2:2, 3-നു ചേർച്ചയിലാണ്. ഈ ദുഷ്ടലോകത്തിന്റെ “അന്ത്യകാലത്തു” അനേക ജനതകളിൽനിന്നുള്ള ആളുകൾ യഹോവയുടെ സത്യാരാധനയിലേക്കു വരുമെന്നും “അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യു”മെന്നും അതു പറയുന്നു.
18 യെശയ്യാവു 60-ാം അധ്യായത്തിന്റെ 8-ാം വാക്യത്തിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നപ്രകാരം ഈ പുതിയവർ യഹോവയുടെ സത്യാരാധനയിലേക്കു “മേഘംപോലെ” വന്നുകൂടിക്കൊണ്ടിരിക്കുന്നു. 22-ാം വാക്യം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയുമായിത്തീരും; യഹോവയായ ഞാൻ തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കും.” ആ സമയം ഇപ്പോൾത്തന്നെയാണെന്നു തെളിവു പ്രകടമാക്കുന്നു. യഹോവയുടെ സാക്ഷികളോടു സഹവസിക്കുകവഴി തങ്ങൾ യഥാർഥ ക്രിസ്തീയ സഭയുമായി സമ്പർക്കത്തിൽ വന്നിരിക്കുന്നുവെന്നു പുതിയവർക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്.
19. യഹോവയുടെ സാക്ഷികളോടു സഹവസിക്കുന്ന പുതിയവർ സത്യക്രിസ്തീയ സഭയിലേക്കു വരികയാണെന്നു നാം പറയുന്നത് എന്തുകൊണ്ടാണ്?
19 ഇത് നമുക്ക് ഉറപ്പോടെ പറയാൻ കഴിയുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ യഹോവയുടെ സ്ഥാപനത്തിൽ ഇപ്പോൾത്തന്നെയുള്ള ലക്ഷങ്ങളോടൊപ്പം ഈ പുതിയവർ തങ്ങളുടെ ജീവിതത്തെ ദൈവത്തിനും അവിടുത്തെ ഇഷ്ടം ചെയ്യുന്നതിനുമായി സമർപ്പിച്ചിരിക്കുന്നു. ദൈവിക സ്നേഹത്തിന്റെ നിയമത്തിനു ചേർച്ചയിൽ ജീവിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ഇതിന്റെ ഒരു തെളിവായി ക്രിസ്ത്യാനികൾ ‘തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർത്തിരിക്കുന്നു, അവർ മേലാൽ യുദ്ധം അഭ്യസിക്കുന്നില്ല.’ (യെശയ്യാവു 2:4) ലോകമൊട്ടുക്കുള്ള യഹോവയുടെ സാക്ഷികളെല്ലാം ഇതു ചെയ്തിരിക്കുന്നു, കാരണം അവർ സ്നേഹം പ്രാവർത്തികമാക്കുന്നു. അന്യോന്യമോ മററാർക്കെങ്കിലും എതിരെയോ യുദ്ധായുധങ്ങളേന്താൻ അവർക്ക് ഒരിക്കലും കഴിയില്ല എന്നാണ് ഇതിന്റെ അർഥം. ഈ കാര്യത്തിൽ അവർ അനുപമരാണ്—ലോകമതങ്ങളെപ്പോലെയല്ല. (യോഹന്നാൻ 13:34, 35; 1 യോഹന്നാൻ 3:10-12, 15) ഭിന്നിപ്പിക്കുന്ന ദേശീയവാദത്തിലും അവർ ഉൾപ്പെടുന്നില്ല, കാരണം “സമ്പൂർണ്ണതയുടെ ബന്ധമായ” സ്നേഹംകൊണ്ട് അരക്കിട്ടുറപ്പിച്ച ഒരു ആഗോള സാഹോദര്യമാണ് അവർക്കുള്ളത്.—കൊലൊസ്സ്യർ 3:14; മത്തായി 23:8; 1 യോഹന്നാൻ 4:20, 21.
മിക്കവരും അറിയാൻ ആഗ്രഹിക്കുന്നില്ല
20, 21. മനുഷ്യവർഗത്തിലെ വൻഭൂരിപക്ഷം പേർ ആത്മീയ അന്ധകാരത്തിലായിരിക്കുന്നത് എന്തുകൊണ്ട്? (2 കൊരിന്ത്യർ 4:4; 1 യോഹന്നാൻ 5:19)
20 ദൈവദാസൻമാരുടെ ഇടയിലെ ആത്മീയ വെളിച്ചത്തിന്റെ ശോഭ ഏറിക്കൊണ്ടിരിക്കെ, ഭൂമിയിലെ ജനങ്ങളുടെ ശിഷ്ടഭാഗം കൂടുതൽക്കൂടുതൽ ആത്മീയ അന്ധകാരത്തിലേക്ക് ആണ്ടുപൊയ്ക്കൊണ്ടിരിക്കുകയാണ്. യഹോവയെയോ അവിടുത്തെ ഉദ്ദേശ്യങ്ങളെയോ അവർക്ക് അറിയില്ല. “അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു” എന്നു പറഞ്ഞപ്പോൾ ദൈവത്തിന്റെ പ്രവാചകൻ ഈ കാലത്തെ വർണിക്കുകയാണു ചെയ്തത്. (യെശയ്യാവു 60:2) ഇത് അങ്ങനെയാവാൻ കാരണം ദൈവത്തെക്കുറിച്ചു പഠിക്കാൻ ആത്മാർഥമായ ഒരു താത്പര്യം ആളുകൾ കാണിക്കാത്തതുകൊണ്ടാണ്, ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കാനുള്ള ഒരാഗ്രഹംപോലും അവർ കാണിക്കുന്നില്ല. യേശു ഇങ്ങനെ പറഞ്ഞു: “ന്യായവിധി എന്നതോ, [“ന്യായവിധിയുടെ അടിസ്ഥാനമോ,” NW] വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ. തിൻമ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു. തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.”—യോഹന്നാൻ 3:19, 20.
21 ദൈവേഷ്ടം എന്താണെന്നു കണ്ടെത്താൻ അത്തരം വ്യക്തികൾ യഥാർഥമായ താത്പര്യമുള്ളവരല്ല. തങ്ങളുടെ സ്വന്തഹിതം പ്രവർത്തിക്കുന്നതിൽ അവർ തങ്ങളുടെ ജീവിതത്തെ കേന്ദ്രീകരിക്കുന്നു. ദൈവേഷ്ടത്തെ അവഗണിച്ചുകൊണ്ട് അവർ തങ്ങളെത്തന്നെ ആപത്കരമായ ഒരവസ്ഥയിൽ ആക്കിവെക്കുന്നു. എന്തുകൊണ്ടെന്നാൽ ദൈവവചനം പ്രഖ്യാപിക്കുന്നത് ഇങ്ങനെയാണ്: “ന്യായപ്രമാണം കേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാർത്ഥനതന്നെയും വെറുപ്പാകുന്നു.” (സദൃശവാക്യങ്ങൾ 28:9) തങ്ങൾ തിരഞ്ഞെടുത്ത ഗതിയുടെ അനന്തരഫലങ്ങൾ അവർ അനുഭവിക്കും. “ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും” എന്ന് അപ്പോസ്തലനായ പൗലോസ് എഴുതി.—ഗലാത്യർ 6:7.
22. ദൈവത്തെ അറിയാൻ ആഗ്രഹിക്കുന്ന അനേകായിരങ്ങൾ ഇപ്പോൾ എന്തു ചെയ്തുകൊണ്ടിരിക്കുന്നു?
22 എന്നിരുന്നാലും, ദൈവേഷ്ടം എന്തെന്നറിയാൻ ആഗ്രഹിക്കുകയും അവിടുത്തെ കണ്ടെത്താൻ ആത്മാർഥമായി അന്വേഷിക്കുകയും അവിടുത്തോട് അടുത്തുവരികയും ചെയ്യുന്ന അനേകായിരങ്ങളുണ്ട്. “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും” എന്നു യാക്കോബ് 4:8 പ്രസ്താവിക്കുന്നു. അത്തരം ആളുകളെക്കുറിച്ചു യേശു ഇപ്രകാരം പറഞ്ഞു: “സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.” (യോഹന്നാൻ 3:21) വെളിച്ചത്തിലേക്കു വരുന്നവർക്കുവേണ്ടി എന്തൊരു അത്ഭുതാവഹമായ ഭാവിയാണു ദൈവം ഉദ്ദേശിച്ചിരിക്കുന്നത്! ഞങ്ങളുടെ അടുത്ത ലേഖനം പുളകംകൊള്ളിക്കുന്ന ചില പ്രതീക്ഷകളെക്കുറിച്ചു ചർച്ച ചെയ്യും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ജീവിതത്തിന്റെ ഉദ്ദേശ്യം സംബന്ധിച്ചു പലരും എന്തു പറയുന്നു?
◻ ഉദ്ദേശ്യമുള്ള ഒരു ദൈവമെന്ന നിലയിൽ യഹോവ സ്വയം വെളിപ്പെടുത്തുന്നതെങ്ങനെ?
◻ പൊ.യു. ഒന്നാം നൂററാണ്ടിൽ ഏതു വലിയ പ്രകാശനമുണ്ടായി?
◻ ഇന്നു യഥാർഥ ക്രിസ്തീയ സഭയെ എങ്ങനെ തിരിച്ചറിയാൻ കഴിയും?