“കാൽക്കൽ അന്നം വിളമ്പാതെ വായ്ക്ക് അന്നം തരിക”
പരമ്പരാഗതമായ ആഫ്രിക്കൻ ശവസംസ്കാരരീതികളിലേക്ക് ഒരു എത്തിനോട്ടം
“അവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കുന്നില്ല!” പശ്ചിമാഫ്രിക്കയിലെ യഹോവയുടെ സാക്ഷികളെക്കുറിച്ചു സാധാരണമായി പറയാറുള്ള ഒരു പ്രസ്താവനയാണിത്. എന്നാൽ, വാസ്തവത്തിൽ സാക്ഷികൾ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കുകതന്നെ ചെയ്യുന്നു എന്നുള്ളതു നന്നായി അറിയപ്പെടുന്ന ഒരു കാര്യമാണ്.
യഹോവയുടെ സാക്ഷികൾ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കുന്നില്ല എന്ന് ആളുകൾ പറയുന്നത് എന്തുകൊണ്ടാണ്? അവർ അങ്ങനെ പറയുന്നതിന്റെ കാരണം സാക്ഷികൾ പ്രാദേശിക ശവസംസ്കാരരീതികളിൽ പലതും അനുഷ്ഠിക്കുന്നില്ല എന്നതാണ്.
പരമ്പരാഗതമായ ശവസംസ്കാരരീതികൾ
മധ്യനൈജീരിയയിലെ ഒരു കൊച്ചുഗ്രാമത്തിലാണ് ആലിയു താമസിക്കുന്നത്. തന്റെ അമ്മ മരിച്ചപ്പോൾ അദ്ദേഹം മരണവാർത്ത ബന്ധുക്കളെ അറിയിക്കുകയും അമ്മയുടെ വീട്ടിൽവെച്ച് ഒരു തിരുവെഴുത്തുപ്രസംഗം നടത്താൻ ക്രമീകരിക്കുകയും ചെയ്തു. യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിലെ ഒരു മൂപ്പൻ നടത്തിയ ഈ പ്രസംഗം മരിച്ചവരുടെ അവസ്ഥയിലും ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ഹൃദയോഷ്മളമായ പുനരുത്ഥാന പ്രത്യാശയിലും കേന്ദ്രീകരിച്ചു. പ്രസംഗത്തിനുശേഷം ആലിയുവിന്റെ അമ്മയെ സംസ്കരിച്ചു.
ബന്ധുക്കൾ വളരെ അമർഷമുള്ളവരായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം, ഒരാൾ മരിച്ചുകഴിയുമ്പോൾ സാധാരണമായി രാത്രിയിൽ നടത്തുന്ന ശവംകാത്തിരിപ്പില്ലെങ്കിൽ ശവസംസ്കാരം പൂർണമാകുകയില്ല. ആലിയുവിന്റെ ജനസമുദായത്തിൽ ശവംകാത്തിരിക്കൽ വിലാപത്തിന്റെയല്ല, ആഘോഷത്തിന്റെ ഒരു സമയമാണ്. ശവത്തെ കുളിപ്പിച്ച് വെള്ളത്തുണി ധരിപ്പിച്ചിട്ട് ഒരു കട്ടിലിൽ കിടത്തുന്നു. സന്തപ്തരായവർ സംഗീതക്കാരെ വിളിക്കാൻ ആളയയ്ക്കുകയും ബിയറും കള്ളും വാങ്ങിക്കുകയും ചെയ്യുന്നു. ഒരു കാളയെയോ ആടിനെയോ യാഗമർപ്പിക്കുന്നതിനും അവർ ക്രമീകരണം ചെയ്യുന്നു. അതിനുശേഷം അടുത്ത ദിവസം പ്രഭാതംവരെ പാടാനും ആടാനും തിന്നുകുടിക്കാനുമായി ബന്ധുക്കളും സ്നേഹിതരുമെത്തുന്നു.
ഈ ചടങ്ങുകളുടെ സമയത്ത്, ഭക്ഷണസാധനങ്ങൾ ശവശരീരത്തിന്റെ കാൽക്കൽ വയ്ക്കുന്നു. മരിച്ചയാളുടെ മുടി, കൈനഖം, കാൽനഖം എന്നിവയുടെ അംശങ്ങൾ മുറിച്ചെടുത്തു ‘രണ്ടാമത്തെ ശവസംസ്കാര’ത്തിനായി മാററിവയ്ക്കുന്നു. ഇതു നടത്തുന്നത് ദിവസങ്ങളോ, ആഴ്ചകളോ, വർഷങ്ങൾപ്പോലുമോ കഴിഞ്ഞാണ്.
ശവസംസ്കാര ചടങ്ങുകൾ ഒരാഴ്ചയോ അതിൽ കൂടുതലോ നീണ്ടുപോകുന്നെങ്കിലും ശവത്തിനു കാവലിരുന്നതിന്റെ പിറേറദിവസം മൃതദേഹം സംസ്കരിക്കുന്നു. അതിനുശേഷമാണു രണ്ടാമത്തെ ശവസംസ്കാരം നടക്കുന്നത്. മുടി, കൈനഖം, കാൽനഖം എന്നിവയുടെ അംശങ്ങൾ മുറിച്ചെടുത്ത് ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ് അത് അഞ്ചോ ആറോ അടി നീളമുള്ള ഒരു പലകയോടു ചേർത്തു കെട്ടിവയ്ക്കുന്നു. പാട്ടുപാടി നൃത്തം ചെയ്ത് ഒരു ജാഥയായി ശ്മശാനസ്ഥലത്തേക്ക് ഈ പലക വഹിച്ചുകൊണ്ടുപോയി അത് ആരുടേതാണോ അയാളുടെ അടുത്തായി കുഴിച്ചിടുന്നു. വീണ്ടുമൊരിക്കൽക്കൂടി വളരെയധികം പാട്ടും കുടിയും സദ്യയും നടത്തുന്നു. ശവസംസ്കാര ചടങ്ങുകൾ അവസാനിപ്പിക്കാൻവേണ്ടി ഒരു തോക്കുകൊണ്ട് ആകാശത്തേക്കു വെടിവയ്ക്കുന്നു.
ഈവക കാര്യങ്ങളൊന്നും ആലിയു അനുവദിക്കാഞ്ഞതുകൊണ്ട് മരിച്ചവരോടോ അവരെ ആദരിക്കുന്ന പാരമ്പര്യങ്ങളോടോ അദ്ദേഹത്തിനു യാതൊരു ആദരവുമില്ലെന്ന് ആരോപിക്കപ്പെടുന്നു. എന്നാൽ ഒരു യഹോവയുടെ സാക്ഷിയായ ആലിയു ഈ പാരമ്പര്യത്തിനനുസരണമായി പോകാൻ വിസമ്മതിച്ചത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ ഇത്തരം പാരമ്പര്യങ്ങൾ അടിസ്ഥാനപ്പെട്ടിരിക്കുന്ന മതപരമായ ആശയങ്ങൾ മനസ്സാക്ഷിപൂർവം സ്വീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
പരമ്പരാഗതമായ ആഫ്രിക്കൻ വിശ്വാസങ്ങൾ
ആത്മമണ്ഡലത്തിൽനിന്നാണ് എല്ലാ മനുഷ്യരും വന്നതെന്നും അവർ അവിടേക്കു മടങ്ങിപ്പോകുമെന്നും ആഫ്രിക്കയിലുടനീളം ആളുകൾ വിശ്വസിക്കുന്നു. നൈജീരിയയിലെ യോരുബ വിഭാഗത്തിൽപ്പെട്ടവർ പറയുന്നത് ഇങ്ങനെയാണ്: “ഭൂമി ഒരു ചന്തസ്ഥലമാണ്, എന്നാൽ സ്വർഗം ഒരു വീടും.” ഇഗ്ബോ വിഭാഗത്തിൽപ്പെട്ടവർ ഇങ്ങനെ പറയുന്നു: “ഭൂമിയിൽ എത്ര കാലം പ്രവർത്തിച്ചാലും ഈ ലോകത്തിലേക്കു വരുന്ന ഏതൊരാളും വീട്ടിലേക്കു മടങ്ങിപ്പോകേണ്ടി വരും.”
നേരത്തെ പരാമർശിച്ച ആചാരങ്ങളെക്കുറിച്ചു പരിചിന്തിക്കുക. ശവത്തിനു കാവലിരിക്കുന്നതിന്റെ ഉദ്ദേശ്യം ആത്മാവിനു നല്ലൊരു യാത്രയയപ്പു നൽകുകയാണ്. വെള്ളവസ്ത്രം ആത്മമണ്ഡലത്തിന് അനുയോജ്യമായ ഉടയാടയായി കരുതപ്പെടുന്നു. യാത്രയുടെ ഘട്ടങ്ങളിൽ ശവശരീരം ഭക്ഷണം കഴിക്കുന്നു എന്ന ആശയത്തോടു ബന്ധപ്പെട്ടാണു കാൽക്കൽ ഭക്ഷണം വയ്ക്കുന്നത്, പൂർവികരുടെ നാട്ടിലേക്കുള്ള യാത്രയിൽ വിശന്നുവലയാതിരിക്കാൻ ശവശരീരത്തിനു ഭക്ഷിക്കേണ്ടതുണ്ട്.
മാത്രമല്ല, ആത്മാവു ശരീരത്തെ വിട്ടുപോകുമ്പോൾ ജീവിച്ചിരിക്കുന്നവരെ ചുററിപ്പററിനിൽക്കുന്നുവെന്നും രണ്ടാമത്തെ ശവസംസ്കാരത്താൽ അന്തിമമായി വിടുവിക്കപ്പെടുന്നതുവരെ അതു പൂർവികരുടെ പക്കലേക്കു മടങ്ങിപ്പോകുന്നില്ലെന്നും ആളുകൾ പൊതുവേ വിശ്വസിക്കുന്നു. രണ്ടാമത്തെ ശവസംസ്കാരം നടത്തിയില്ലെങ്കിൽ ആത്മാവു കോപിച്ച് ജീവിച്ചിരിക്കുന്നവരെ രോഗത്താലും മരണത്താലും ബാധിക്കുമെന്ന് ആളുകൾ ഭയപ്പെടുന്നു. തോക്കുകൊണ്ടു വെടിവെക്കുന്നതു സ്വർഗത്തിലേക്ക് “ആത്മാവിനെ അയയ്ക്കാനാണ്.”
ആഫ്രിക്കയിലെ ഓരോ സ്ഥലമനുസരിച്ചും ശവസംസ്കാര രീതികൾ വ്യത്യാസപ്പെട്ടിരിക്കുന്നെങ്കിലും ആത്മാവ് ശരീരത്തിന്റെ മരണത്തെ അതിജീവിക്കുന്നു എന്നതാണ് സാധാരണമായുള്ള കേന്ദ്ര ആശയം. “വീട്ടിലേക്കുള്ള വിളി”യോടു പ്രതികരിക്കാൻ ആത്മാവിനെ സഹായിക്കുക എന്നതാണ് ഈ കർമാനുഷ്ഠാനങ്ങളുടെ മുഖ്യോദ്ദേശ്യം.
അമർത്ത്യത സംബന്ധിച്ച ക്രൈസ്തവലോകത്തിന്റെ പഠിപ്പിക്കലും ‘വിശുദ്ധൻമാ’രെ അവൾ പൂജിക്കുന്നതും ഈ വിശ്വാസങ്ങളെയും സമ്പ്രദായങ്ങളെയും പ്രോത്സാഹിപ്പിച്ചിരിക്കുന്നു. യേശു വന്നത് പാരമ്പര്യ വിശ്വാസങ്ങളെ നശിപ്പിക്കാനല്ല, പിന്നെയോ അവയെ നിവർത്തിക്കാനോ സ്ഥിരീകരിക്കാനോ ആണ് എന്നു പറഞ്ഞ സ്വാസിലാൻഡിലെ ഒരു സൈനിക പുരോഹിതന്റെ അഭിപ്രായം ഇതിന് ഉദാഹരണമാണ്. സാധാരണമായി പുരോഹിതൻമാർ ശവസംസ്കാര ചടങ്ങുകൾക്കു നേതൃത്വം വഹിക്കുന്നതുകൊണ്ട് അവയിൽനിന്ന് ഉത്ഭൂതമാകുന്ന പരമ്പരാഗതമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബൈബിൾ പിന്താങ്ങുന്നുവെന്ന് അനേകമാളുകൾ വിശ്വസിക്കുന്നു.
ബൈബിൾ പറയുന്ന സംഗതി
ബൈബിൾ ഈ വിശ്വാസങ്ങളെ പിന്താങ്ങുന്നുണ്ടോ? മരിച്ചവരുടെ അവസ്ഥ സംബന്ധിച്ചു സഭാപ്രസംഗി 3:20 ഇപ്രകാരം പ്രസ്താവിക്കുന്നു: “എല്ലാം [മനുഷ്യരും മൃഗങ്ങളും] ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയിൽനിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.” തിരുവെഴുത്തുകൾ കൂടുതലായി ഇങ്ങനെ പറയുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; . . . അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; . . . നീ ചെല്ലുന്ന പാതാളത്തിൽ [ശവക്കുഴിയിൽ] പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.”—സഭാപ്രസംഗി 9:5, 6, 10.
ഇവയും മററു തിരുവെഴുത്തുകളും, മരിച്ചവർക്കു നമ്മെ കാണാനോ നാം പറയുന്നതു കേൾക്കാനോ നമ്മെ സഹായിക്കാനോ നമ്മെ ഉപദ്രവിക്കാനോ കഴിയുകയില്ല എന്നു വ്യക്തമാക്കുന്നു. ഇതു നിങ്ങൾ നിരീക്ഷിച്ചിരിക്കുന്നതിനോടു യോജിപ്പിലല്ലേ? മരിച്ചുപോയ ധനവാനും സ്വാധീനമുള്ളവനുമായ ഒരു മനുഷ്യനെക്കുറിച്ചു നിങ്ങൾക്കറിയാമായിരിക്കാം, അദ്ദേഹത്തിന്റെ കുടുംബം പരമ്പരാഗതമായ ശവസംസ്കാര ചടങ്ങുകൾ പൂർണമായി നടത്തിയെങ്കിലും ആ കുടുംബാംഗങ്ങൾ പിന്നീടു ദുരിതമനുഭവിച്ചതായും നിങ്ങൾക്കറിയാമായിരിക്കാം. അയാൾ ആത്മമണ്ഡലത്തിൽ ജീവനോടിരിക്കുന്നെങ്കിൽ തന്റെ കുടുംബത്തെ എന്തുകൊണ്ടാണു സഹായിക്കാത്തത്? സഹായിക്കാൻ അയാൾക്കു കഴിയില്ല, കാരണം ബൈബിൾ പറയുന്നതു സത്യമാണ്—മരിച്ചവർ തീർച്ചയായും ജീവരഹിതരാണ്, അവർ “മരണത്തോടെ ബലഹീനരായിത്തീർന്ന”വരാണ്, അതുകൊണ്ട് ആരെയും സഹായിക്കാനും അവർക്കു കഴിയില്ല.—യശയ്യാ 26:14, NW.
ഇതു സത്യമാണെന്നു ദൈവപുത്രനായ യേശുക്രിസ്തുവിന് അറിയാമായിരുന്നു. ലാസറിന്റെ മരണശേഷം എന്തു സംഭവിച്ചുവെന്നു പരിചിന്തിക്കുക. ബൈബിൾ പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്: “ഇതു പറഞ്ഞിട്ടു അവൻ [യേശു]: നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു എന്നു അവരോടു [തന്റെ ശിഷ്യൻമാരോടു] പറഞ്ഞു. ശിഷ്യൻമാർ അവനോടു: കർത്താവേ, അവൻ നിദ്രകൊള്ളുന്നു എങ്കിൽ അവന്നു സൌഖ്യം വരും എന്നു പറഞ്ഞു. യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു.”—യോഹന്നാൻ 11:11-13.
യേശു മരണത്തെ ഉറക്കത്തോട്, വിശ്രമത്തോടു താരതമ്യപ്പെടുത്തിയെന്നു ശ്രദ്ധിക്കുക. ബഥനിയിൽ എത്തിയപ്പോൾ അവിടുന്ന് ലാസറിന്റെ സഹോദരിമാരായ മറിയയെയും മാർത്തയെയും സാന്ത്വനിപ്പിച്ചു. അനുകമ്പ തോന്നിയ യേശു കരയുകയുണ്ടായി. എന്നാൽ, അപ്പോഴും ജീവനോടിരിക്കുകയും തന്റെ പൂർവികരുടെ ദേശത്തെത്താൻ സഹായം ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാത്മാവു ലാസറിനുണ്ടായിരുന്നെന്നു സൂചിപ്പിക്കുന്ന എന്തെങ്കിലും യേശു പറയുകയോ പ്രവർത്തിക്കുകയോ ചെയ്തില്ല. പകരം, താൻ ചെയ്യുമെന്നു പറഞ്ഞതാണു യേശു ചെയ്തത്. ഒരു പുനരുത്ഥാനം മുഖാന്തരം അവിടുന്ന് ലാസറിനെ മരണനിദ്രയിൽനിന്ന് ഉണർത്തി. സ്മാരകകല്ലറകളിലുള്ള എല്ലാവരെയും ഉയിർപ്പിക്കാൻ ദൈവം ഒടുവിൽ യേശുവിനെ ഉപയോഗിക്കുമെന്നതിന് ഇതു തെളിവു നൽകി.—യോഹന്നാൻ 11:17-44; 5:28, 29.
ചിലർ വ്യത്യസ്തരായി നിലകൊള്ളുന്നത് എന്തുകൊണ്ട്?
തിരുവെഴുത്തുവിരുദ്ധമായ വിശ്വാസങ്ങളിൽ അടിസ്ഥാനമുള്ള ശവസംസ്കാര ചടങ്ങുകൾ അനുഷ്ഠിക്കുന്നതിൽ എന്തെങ്കിലും തെററുണ്ടോ? ആലിയുവും ലക്ഷക്കണക്കിനു വരുന്ന മററു യഹോവയുടെ സാക്ഷികളും അങ്ങനെ ചെയ്യുന്നതിൽ തെററുണ്ടെന്നു വിശ്വസിക്കുന്നു. വ്യാജവും വഴിതെററിക്കുന്നതുമായ പഠിപ്പിക്കലുകളിൽ വ്യക്തമായും അധിഷ്ഠിതമായ ഏതെങ്കിലും രീതി തങ്ങൾ പിൻപററുന്നത് തെററാണെന്ന്—കപടഭക്തിപരം പോലുമാണെന്ന്—അവർക്കറിയാം. മതപരമായ കപടഭക്തി നിമിത്തം യേശു അപലപിച്ച ശാസ്ത്രിമാരെയും പരീശൻമാരെയും പോലെയായിരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല.—മത്തായി 23:1-36.
തന്റെ സഹപ്രവർത്തകനായ തിമൊഥെയോസിനു പൗലോസ് ഇങ്ങനെ മുന്നറിയിപ്പു നൽകി: “ഭാവികാലത്തു ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.” (1 തിമൊഥെയൊസ് 4:1, 2) മരിച്ചുപോയ മനുഷ്യർ ആത്മമണ്ഡലത്തിൽ ജീവനോടിരിക്കുന്നുവെന്ന ആശയം ഭൂതങ്ങളുടെ ഉപദേശമാണോ?
അതേ, അതു ഭൂതങ്ങളുടെ ഉപദേശമാണ്. ‘ഭോഷ്കിന്റെ പിതാവാ’യ പിശാചായ സാത്താൻ ഹവ്വാ മരിക്കുകയില്ലെന്ന് അവളോടു പറഞ്ഞു. അവൾ തുടർന്നും ജഡത്തിൽ ജീവിച്ചിരിക്കുമെന്ന് അവൻ സൂചിപ്പിക്കുകയായിരുന്നു. (യോഹന്നാൻ 8:44; ഉല്പത്തി 3:3, 4) ശരീരത്തിന്റെ മരണശേഷം ഒരു അമർത്ത്യദേഹി തുടർന്നും ജീവിക്കുന്നു എന്നു പറയുന്നതുപോലെ ആയിരുന്നില്ല അത്. എന്നിരുന്നാലും, ജീവിതം മരണാനന്തരവും തുടരുന്നു എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുകവഴി ദൈവവചനത്തിലെ സത്യത്തിൽനിന്ന് ആളുകളെ അകററിക്കളയാൻ സാത്താനും അവന്റെ ഭൂതങ്ങളും കഠിനമായി ശ്രമിക്കുന്നു. ബൈബിളിൽ ദൈവം പറയുന്ന കാര്യങ്ങൾ തങ്ങൾ വിശ്വസിക്കുന്നതുകൊണ്ടു സാത്താന്റെ നുണകളെ പിന്താങ്ങുന്ന വീക്ഷണങ്ങളിലും ആചാരങ്ങളിലും യഹോവയുടെ സാക്ഷികൾ പങ്കുപററുന്നില്ല.—2 കൊരിന്ത്യർ 6:14-18.
തിരുവെഴുത്തുവിരുദ്ധമായ ശവസംസ്കാര രീതികൾ ഒഴിവാക്കുന്നതുകൊണ്ടു യഹോവയുടെ സാക്ഷികൾക്കു തങ്ങളുടെ വീക്ഷണങ്ങളിൽ പങ്കുപററാത്ത ചിലരുടെ അപ്രീതി നേരിടേണ്ടതായി വന്നിട്ടുണ്ട്. ചില സാക്ഷികൾക്കു തങ്ങളുടെ കുടുംബസ്വത്തുപോലും നിഷേധിക്കപ്പെട്ടിട്ടുണ്ട്. മററു ചിലർക്ക് അവരുടെ കുടുംബാംഗങ്ങൾ ഭ്രഷ്ടു കൽപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, സത്യക്രിസ്ത്യാനികളെന്ന നിലയിൽ ദൈവത്തോടുള്ള വിശ്വസ്തമായ അനുസരണം ലോകത്തിന്റെ അപ്രീതി കൈവരുത്തുമെന്ന് അവർ തിരിച്ചറിയുന്നു. യേശുക്രിസ്തുവിന്റെ വിശ്വസ്ത അപ്പോസ്തലൻമാരെപ്പോലെ “മനുഷ്യരെക്കാൾ ദൈവത്തെ അനുസരി”ക്കാൻ അവർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.—പ്രവൃത്തികൾ 5:29; യോഹന്നാൻ 17:14.
മരണത്തിൽ നിദ്രപ്രാപിച്ചിരിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമകളെ താലോലിക്കവേ ജീവിച്ചിരിക്കുന്നവരോടു സ്നേഹം പ്രകടമാക്കാൻ സത്യക്രിസ്ത്യാനികൾ കഠിനശ്രമം ചെയ്യുന്നു. ഉദാഹരണത്തിന്, തന്റെ പിതാവു മരിച്ചപ്പോൾ ആലിയു അമ്മയെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്ന്, അവരുടെ ശേഷിച്ച ജീവിതകാലം അവരെ പോററിപുലർത്തുകയും പരിപാലിക്കുകയും ചെയ്തു. ജനരഞ്ജകമായ പാരമ്പര്യത്തിന് അനുസരണമായി തന്റെ അമ്മയെ അടക്കം ചെയ്യാത്തതു നിമിത്തം ആലിയു തന്റെ അമ്മയ്ക്കുവേണ്ടി കരുതിയില്ല എന്നു മററുള്ളവർ പറയുമ്പോൾ തന്റെ നാട്ടുകാരുടെ ഇടയിൽ പൊതുവായി പറഞ്ഞുകേൾക്കാറുള്ള, “എന്റെ കാൽക്കൽ അന്നം വിളമ്പും മുമ്പ് നിങ്ങളെന്റെ വായ്ക്ക് അന്നം തരിക” എന്ന ചൊല്ലാണ് അദ്ദേഹം പരാമർശിക്കാറ്. വായെ പോഷിപ്പിക്കുന്നത്, അഥവാ ഒരാൾ ജീവിച്ചിരിക്കുമ്പോൾ അവനുവേണ്ടി അല്ലെങ്കിൽ അവൾക്കുവേണ്ടി കരുതുന്നത്, കാലുകളെ പോററുന്നതിനെക്കാൾ അതായത് ആൾ മരിച്ചശേഷം ശവത്തിനു കാവലിരിക്കുന്നതിനോടു ബന്ധപ്പെട്ടതും നേരത്തെ വിവരിച്ചതുമായ ആചാരത്തെക്കാൾ വളരെയേറെ പ്രധാനമാണ്. വാസ്തവത്തിൽ കാലുകളെ പോററുന്നതു മരിച്ചയാൾക്കു തെല്ലും പ്രയോജനം ചെയ്യുന്നില്ല.
ആലിയു തന്റെ വിമർശകരോട് ഇപ്രകാരം ചോദിക്കുന്നു, ‘നിങ്ങളുടെ വയസ്സുകാലത്തു നിങ്ങളുടെ കുടുംബം നിങ്ങൾക്കുവേണ്ടി കരുതുന്നു, അല്ലെങ്കിൽ നിങ്ങളുടെ മരണശേഷം അവർ വലിയൊരു ആഘോഷം നടത്തുന്നു, ഇതിലേതാണു നിങ്ങൾക്കിഷ്ടം?’ ജീവനോടിരിക്കുമ്പോൾ പരിപാലനം ലഭിക്കാൻ മിക്കവരും ആഗ്രഹിച്ചു. മരിക്കുമ്പോൾ അന്തസ്സുററ രീതിയിൽ ബൈബിളധിഷ്ഠിതമായ ഒരു അനുസ്മരണ ശുശ്രൂഷയും മാന്യമായ ഒരു ശവസംസ്കാരവും തങ്ങൾക്ക് ലഭിക്കുമെന്നുള്ള അറിവിനെയും അവർ വിലമതിക്കുന്നു.
തങ്ങളുടെ പ്രിയപ്പെട്ടവർക്കുവേണ്ടി യഹോവയുടെ സാക്ഷികൾ ചെയ്യാൻ ശ്രമിക്കുന്നത് അതാണ്. അവർ കാൽക്കൽ അന്നം വിളമ്പാതെ വായ്ക്ക് അന്നം കൊടുക്കുന്നു.