ജോസീഫസിന്റെ വശ്യസുന്ദരമായ വൃത്താന്തങ്ങൾ
ചരിത്രവിദ്യാർഥികൾ ദീർഘകാലമായി ജോസീഫസിന്റെ വശ്യമോഹനമായ എഴുത്തുകളെക്കുറിച്ചു വിചിന്തനം ചെയ്തിട്ടുണ്ട്. ക്രിസ്തുവിന്റെ മരണശേഷം വെറും നാലു വർഷം കഴിഞ്ഞ് ജനിച്ച അദ്ദേഹം ഒന്നാം നൂററാണ്ടിലെ യഹൂദാ ജനതയെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനത്തിന്റെ മരവിപ്പുളവാക്കുന്ന നിവൃത്തിയുടെ ഒരു ദൃക്സാക്ഷിയായിരുന്നു. ജോസീഫസ് ഒരു പട്ടാളമേധാവിയും രാജ്യതന്ത്രജ്ഞനും പരീശനും പണ്ഡിതനുമായിരുന്നു.
ജോസീഫസിന്റെ എഴുത്തുകൾ മനസ്സിനെ പിടിച്ചിരുത്തുന്ന വിശദാംശങ്ങൾക്കൊണ്ടു നിറഞ്ഞിരിക്കുന്നു. പാലസ്തീനെക്കുറിച്ചുള്ള സ്ഥലവിവരണവും ഭൂമിശാസ്ത്രവും സംബന്ധിച്ച് അവ സാഹിത്യ വഴികാട്ടിയായിരിക്കുമ്പോൾത്തന്നെ ബൈബിൾ കാനോനെ സംബന്ധിച്ചുള്ള അറിവും അതു പ്രദാനം ചെയ്യുന്നു. തങ്ങളുടെ ഗ്രന്ഥശാലയ്ക്കു വിലപ്പെട്ട ഒരു മുതൽക്കൂട്ടായി പലരും അദ്ദേഹത്തിന്റെ കൃതികളെ കണക്കാക്കുന്നത് അതിശയമല്ല!
അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം
ജോസഫ് ബെൻ മത്യസ് അഥവാ ജോസീഫസ് ജനിച്ചത് റോമൻ ചക്രവർത്തിയായ കലിഗുളയുടെ ഭരണത്തിന്റെ ഒന്നാം വർഷമായ പൊ.യു. 37-ലാണ്. ജോസീഫസിന്റെ അച്ഛൻ ഒരു പുരോഹിത കുടുംബത്തിൽപ്പെട്ടയാളായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ഹാസ്മോനിയൻ മഹാപുരോഹിതനായ യോനാഥാന്റെ വംശാവലിയിൽപ്പെട്ടവളായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കൗമാരപ്രായത്തിലായിരുന്നപ്പോൾ ജോസീഫസ് മോശൈക ന്യായപ്രമാണം പഠിക്കുന്നതിൽ ഉത്സാഹമുള്ള ഒരു വിദ്യാർഥിയായിരുന്നു. യഹൂദമതത്തിന്റെ മൂന്നു വിഭാഗങ്ങളെ—പരീശർ, സദൂക്യർ, ഇസിനുകൾ—അദ്ദേഹം സസൂക്ഷ്മം വിശകലനം ചെയ്തു. ഒടുവിലത്തെ വിഭാഗത്തെ അനുകൂലിച്ച അദ്ദേഹം, ഇസിനായിരിക്കാനിടയുള്ള ബാന്നസ് എന്നു പേരുള്ള ഒരു ആരണ്യസന്യാസിയോടു കൂടെ മൂന്നു വർഷം താമസിക്കാൻ തീരുമാനിച്ചു. 19-ാമത്തെ വയസ്സിൽ അതു വലിച്ചെറിഞ്ഞിട്ട് ജോസീഫസ് യരുശലേമിലേക്കു മടങ്ങിവന്ന് പരീശൻമാരോടു ചേർന്നു.
റോമിലേക്കും തിരിച്ചും
യഹൂദ്യയിലെ ദേശാധിപതിയായ ഫേലിക്സ് റോമൻ ചക്രവർത്തിയായ നീറോയുടെ അടുക്കലേക്ക് വിചാരണയ്ക്കയച്ച യഹൂദപുരോഹിതൻമാർക്കുവേണ്ടി ഇടനിലനിന്നു വാദിക്കാൻ ജോസീഫസ് പൊ.യു. 64-ൽ റോമിലേക്കു യാത്ര തിരിച്ചു. വഴിമധ്യേ കപ്പൽച്ചേതത്തിലകപ്പെട്ട അദ്ദേഹം മരണത്തിൽനിന്നു കഷ്ടിച്ചാണു രക്ഷപെട്ടത്. കപ്പലിലെ 600 യാത്രക്കാരിൽ വെറും 80 പേർ മാത്രമേ രക്ഷപെട്ടുള്ളൂ.
ജോസീഫസിന്റെ റോം സന്ദർശനസമയത്ത് ഒരു യഹൂദാ അഭിനേതാവ് അദ്ദേഹത്തെ നീറോയുടെ ഭാര്യയായ പോപ്പിയ രാജ്ഞിക്കു പരിചയപ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ ദൗത്യവിജയത്തിന് ആ മഹിള കാതലായ ഒരു പങ്ക് വഹിച്ചു. നഗരത്തിന്റെ പ്രൗഢി ജോസീഫസിന്റെമേൽ സ്ഥായിയായ ഒരു മതിപ്പുളവാക്കി.
ജോസീഫസ് യഹൂദ്യയിലേക്കു മടങ്ങിവന്നപ്പോൾ റോമിനെതിരെയുള്ള വിപ്ലവം യഹൂദൻമാരുടെ മനസ്സുകളിൽ ദൃഢമായി വേരുപിടിച്ചിരുന്നു. റോമിനെതിരെ യുദ്ധം ചെയ്യുന്നതിന്റെ നിഷ്ഫലതയെക്കുറിച്ചു തന്റെ നാട്ടുകാരെ ബോധ്യപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. അവരെ പിടിച്ചുനിർത്താൻ കഴിയാതിരുന്ന അദ്ദേഹം താൻ ഒരു രാജ്യദ്രോഹിയെന്നു കരുതപ്പെടുമോ എന്നു ഭയപ്പെട്ടുകൊണ്ട് ഗലീലയിലെ യഹൂദസേനയുടെ തലവനായി നിയമനം സ്വീകരിച്ചു. റോമൻ സൈന്യങ്ങൾക്കെതിരെയുള്ള യുദ്ധത്തിന്റെ തയ്യാറെടുപ്പിൽ ജോസീഫസ് തന്റെ ആളുകളെ ശക്തീകരിക്കുകയും പരിശീലിപ്പിക്കുകയും വേണ്ടത്ര സാമഗ്രികളും ഭക്ഷണവും മററും കരുതിവയ്ക്കുകയും ചെയ്തു—എന്നാൽ അവ നിഷ്ഫലമായിപ്പോയി. വെസ്പേഷ്യന്റെ സൈന്യത്തോടു ഗലീല തോററു. 47 ദിവസത്തെ ഉപരോധത്തിനുശേഷം ജോഥപട്ടയിലെ ജോസീഫസിന്റെ ശക്തിദുർഗം ആക്രമിച്ചു കീഴടക്കപ്പെട്ടു.
അടിയറവു പറഞ്ഞപ്പോൾ വെസ്പേഷ്യൻ പെട്ടെന്നുതന്നെ ചക്രവർത്തിയാകുമെന്നു ജോസീഫസ് കൗശലബുദ്ധിയോടെ പ്രവചനം നടത്തി. കാരഗൃഹത്തിലടയ്ക്കപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ഈ പ്രവചനം നിമിത്തം ശിക്ഷ ഇളച്ചുകിട്ടി, അതു സത്യമായി ഭവിച്ചപ്പോഴാകട്ടെ, ജോസീഫസ് വിമുക്തനാക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു അത്. ശേഷിച്ച യുദ്ധകാലം ഒരു വ്യാഖ്യാതാവും മധ്യസ്ഥനുമെന്ന നിലയിൽ അദ്ദേഹം റോമാക്കാരെ സേവിച്ചു. വെസ്പേഷ്യന്റെയും അദ്ദേഹത്തിന്റെ പുത്രൻമാരായ ടൈററസിന്റെയും ഡൊമീഷ്യന്റെയും രക്ഷാധികാരത്തെ പ്രകടമാക്കിക്കൊണ്ട് തന്റെ പേരിനോട് ഫേവ്ളിയസ് എന്ന കുടുംബപ്പേര് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേവ്ളിയസ് ജോസീഫസിന്റെ കൃതികൾ
ജോസീഫസിന്റെ എഴുത്തുകളിൽ ഏററവും പഴക്കമുള്ളത് യഹൂദായുദ്ധം [ഇംഗ്ലീഷ്] എന്നു തലക്കെട്ടുള്ള പുസ്തകമാണ്. റോമൻ സൈന്യശക്തിയുടെ മികവിന്റെ വ്യക്തമായ ഒരു ചിത്രീകരണം യഹൂദൻമാർക്കു നൽകാനും ഭാവി വിപ്ലവങ്ങൾക്ക് ഒരു തടയിടാനുമാണ് ഏഴു വാല്യങ്ങളുള്ള ഈ വിവരണം അദ്ദേഹം തയ്യാറാക്കിയതെന്ന് വിശ്വസിക്കപ്പെടുന്നു. ആൻറിയോക്കസ് എപ്പിഫാൻസ് (പൊ.യു.മു. രണ്ടാം നൂററാണ്ടിൽ) യരുശലേമിനെ പിടിച്ചടക്കിയതുമുതൽ പൊ.യു. 67-ലെ പ്രക്ഷുബ്ധമായ കലാപംവരെയുള്ള യഹൂദ ചരിത്രത്തെ സൂക്ഷ്മമായി പരിശോധിക്കുന്നതാണ് ഈ എഴുത്തുകൾ. ഒരു ദൃക്സാക്ഷിയെന്ന നിലയിൽ ജോസീഫസ് പൊ.യു. 73-ൽ പരിസമാപ്തിയിൽ എത്തിയ യുദ്ധത്തെക്കുറിച്ചു ചർച്ച ചെയ്യുന്നു.
ജോസീഫസിന്റെ എഴുത്തുകളിൽ മറെറാന്ന് യഹൂദരുടെ പുരാണേതിഹാസങ്ങൾ [ഇംഗ്ലീഷ്] ആയിരുന്നു. ഇതു 20 വാല്യങ്ങൾ വരുന്ന യഹൂദൻമാരുടെ ഒരു ചരിത്രമാണ്. ഉൽപ്പത്തിയെക്കുറിച്ചും സൃഷ്ടിയെക്കുറിച്ചും പറഞ്ഞുതുടങ്ങുന്ന അത് റോമുമായി യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ചു തുടർന്നു പറയുന്നു. ബൈബിൾ വിവരണത്തിന്റെ ക്രമം ജോസീഫസ് അടുത്തു പിൻപററുന്നുണ്ട്, പരമ്പരാഗതമായ വ്യാഖ്യാനങ്ങളും പുറമേനിന്നുള്ള അഭിപ്രായങ്ങളും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.
ജീവിതം [ഇംഗ്ലീഷ്] എന്ന അഭിധാനത്തിൽ വ്യക്തിപരമായ ഒരു വിവരണം ജോസീഫസ് എഴുതി. അതിൽ യുദ്ധകാലത്തെ തന്റെ നിലപാടിനെ ന്യായീകരിക്കുന്നതിനും തിബെരിയസിലെ ജസ്ററസ് തനിക്കെതിരെ കൊണ്ടുവന്ന ആരോപണങ്ങളെ നിർവീര്യമാക്കുന്നതിനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. നാലാമത്തെ ഒരു കൃതി ആപ്പിയണിനെതിരെ [ഇംഗ്ലീഷ്] എന്ന തലക്കെട്ടോടുകൂടിയ രണ്ടു വാല്യങ്ങളുള്ള ഒരു വിശ്വാസപ്രതിവാദമാണ്—അത് കുപ്രചരണങ്ങളിൽനിന്നു യഹൂദൻമാരെ സംരക്ഷിക്കുന്നു.
ദൈവവചനത്തെക്കുറിച്ച് ഉൾക്കാഴ്ച
ജോസീഫസിന്റെ ചരിത്രത്തിലധികവും കൃത്യമാണെന്നുള്ളതിനു യാതൊരു സംശയവുമില്ല. ആപ്പിയണിനെതിരെ എന്ന തന്റെ കൃതിയിൽ നിശ്വസ്ത തിരുവെഴുത്തുകളുടെ ഭാഗമായി യഹൂദൻമാർ ഒരിക്കലും ഉത്തര കാനോനിക ഗ്രന്ഥങ്ങൾ (അപ്പോക്രിഫാ പുസ്തകങ്ങൾ) ഉൾപ്പെടുത്തിയില്ലെന്ന് അദ്ദേഹം പ്രകടമാക്കുന്നു. ദിവ്യലിഖിതങ്ങളുടെ കൃത്യതയ്ക്കും ആന്തരിക യോജിപ്പിനും അദ്ദേഹം തെളിവു നൽകുന്നുണ്ട്. ജോസീഫസ് ഇപ്രകാരം പറയുന്നു: “നമുക്കു നമ്മുടെ ഇടയിൽ ഒന്നോടൊന്നു വിയോജിക്കുന്നതും വൈരുദ്ധ്യം പുലർത്തുന്നതുമായ പുസ്തകങ്ങളുടെ ഒരു പെരുത്ത കൂട്ടമൊന്നുമില്ല, . . . പിന്നെയോ ഇരുപത്തിരണ്ടു പുസ്തകങ്ങൾ മാത്രമേയുള്ളൂ. [തിരുവെഴുത്തുകളെ 39 പുസ്തകങ്ങളായി തിരിക്കുന്ന ആധുനിക ക്രമത്തിനു തുല്യം] അവയിൽ ഭൂതകാലം മുഴുവനെയും കുറിച്ചുള്ള രേഖകൾ അടങ്ങുന്നുണ്ട്; അവ ദിവ്യമാണെന്ന് ന്യായാനുസൃതമായി വിശ്വസിക്കപ്പെടുന്നുമുണ്ട്.”
യഹൂദരുടെ പുരാണേതിഹാസങ്ങൾ എന്ന കൃതിയിൽ ബൈബിൾ വൃത്താന്തത്തിന് രസാവഹമായ വിശദാംശങ്ങൾ ജോസീഫസ് കൂട്ടിച്ചേർക്കുന്നുണ്ട്. യാഗത്തിനായി അബ്രഹാം ഇസ്ഹാക്കിന്റെ കൈയും കാലും കെട്ടിയപ്പോൾ “ഇസ്ഹാക്കിന് ഇരുപത്തഞ്ചു വയസ്സുണ്ടായിരുന്നു” എന്ന് അദ്ദേഹം പറയുന്നു. ജോസീഫസ് പറയുന്നതനുസരിച്ച്, യാഗപീഠം പണിയാൻ സഹായിച്ചശേഷം “‘ദൈവത്തിന്റെയും തന്റെ പിതാവിന്റെയും ദൃഢനിശ്ചയത്തെ എതിർത്താൽ താൻ ജനിക്കാൻതന്നെ അർഹതയുള്ളവനല്ല’” എന്ന് ഇസ്ഹാക്ക് പറഞ്ഞു. “അതുകൊണ്ട് യാഗമർപ്പിക്കപ്പെടാൻ അദ്ദേഹം പെട്ടെന്നുതന്നെ യാഗപീഠത്തിലേക്കു പോയി.”
പുരാതന ഈജിപ്തിൽനിന്ന് ഇസ്രായേൽ വിട്ടുപോന്നതിനെക്കുറിച്ചുള്ള തിരുവെഴുത്തു രേഖയോടു ജോസീഫസ് ഈ കാര്യങ്ങളും കൂട്ടിച്ചേർക്കുന്നു: “അവരെ പിന്തുടർന്ന രഥങ്ങളുടെ എണ്ണം അറുനൂറ് ആയിരുന്നു, സായുധരായ അമ്പതിനായിരം കുതിരക്കാരും രണ്ടുലക്ഷം കാലാൾ സൈന്യവും അവയോടൊപ്പമുണ്ടായിരുന്നു.” “ശമുവേലിനു പന്ത്രണ്ടു വയസ്സുണ്ടായിരുന്നപ്പോൾ അവൻ പ്രവചിക്കാൻ തുടങ്ങി: ഒരിക്കൽ അവൻ ഉറങ്ങുകയായിരുന്നപ്പോൾ ദൈവം അവനെ പേരു ചൊല്ലി വിളിച്ചു” എന്നും ജോസീഫസ് പറയുന്നു.—1 ശമൂവേൽ 3:2-21 താരതമ്യപ്പെടുത്തുക.
ജോസീഫസിന്റെ മററ് എഴുത്തുകൾ നികുതികൾ, നിയമങ്ങൾ, സംഭവങ്ങൾ എന്നിവ സംബന്ധിച്ച് ഉൾക്കാഴ്ച പകരുന്നു. ഹെരോദാവിന്റെ വിരുന്നുസമയത്തു നൃത്തമാടുകയും യോഹന്നാൻ സ്നാപകന്റെ തല ആവശ്യപ്പെടുകയും ചെയ്ത സ്ത്രീക്കു അദ്ദേഹം സലോമി എന്ന പേരു നൽകുന്നുണ്ട്. (മർക്കൊസ് 6:17-26) ഹെരോദാമാരെക്കുറിച്ചു നമുക്കറിയാവുന്ന വിവരങ്ങളിലധികവും രേഖപ്പെടുത്തിയിരിക്കുന്നതു ജോസീഫസാണ്. “തന്റെ വാർധക്യത്തെ മറയ്ക്കാൻവേണ്ടി [ഹെരോദാവ്] തന്റെ മുടിക്കു കറുപ്പുനിറം പൂശി”യെന്നുപോലും അദ്ദേഹം പറയുന്നു.
റോമാവിരുദ്ധ മഹാവിപ്ലവം
യരുശലേമിനെയും അതിന്റെ ആലയത്തെയും സംബന്ധിച്ചു യേശു തന്റെ പ്രവചനം നൽകി 33 വർഷങ്ങൾ കഴിഞ്ഞശേഷം അതിന്റെ നിവൃത്തി ചുരുളഴിയാൻ തുടങ്ങി. യഹൂദ മൗലിക വിഭാഗങ്ങൾ, റോമൻ നുകത്തെ തകർത്തെറിയാനുള്ള വാശിയിലായിരുന്നു. ഇതിനെക്കുറിച്ചുള്ള വാർത്ത, പൊ.യു. 66-ൽ സിറിയൻ ഗവർണറായ സെസ്ററിയസ് ഗ്യാലസിന്റെ കീഴിലുള്ള റോമൻ സൈന്യങ്ങൾ പെട്ടെന്നുതന്നെ സംഘം ചേരാനും യുദ്ധത്തിനു പുറപ്പെടാനും ഇടയാക്കി. മത്സരത്തെ അടിച്ചമർത്തി കുററക്കാരെ ശിക്ഷിക്കുകയായിരുന്നു അവരുടെ ദൗത്യം. യരുശലേമിന്റെ പട്ടണപ്രാന്തങ്ങളിൽ വിനാശം വിതച്ചശേഷം മതിലുകെട്ടിയ നഗരത്തിനു ചുററും സെസ്ററിയസിന്റെ ആളുകൾ പാളയമടിച്ചു. പരിചമറ എന്നു വിളിക്കപ്പെടുന്ന ഒരു രീതി ഉപയോഗിച്ചുകൊണ്ട് ശത്രുവിൽനിന്നുള്ള സംരക്ഷണത്തിനായി ആമയുടെ പുറന്തോടുപോലെ റോമാക്കാർ തങ്ങളുടെ പരിചകളെ വിജയപ്രദമായി ഒന്നിച്ചുകൂട്ടി. ഈ രീതിയുടെ വിജയത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ജോസീഫസ് ഇപ്രകാരം പ്രസ്താവിക്കുന്നു: “തൊടുത്തുവിടപ്പെട്ട അമ്പുകൾ അവർക്ക് യാതൊരു ഉപദ്രവവും ഏൽപ്പിക്കാതെ ഊർന്നുവന്നു വീണു; അതുകൊണ്ട് തങ്ങൾക്ക് ഉപദ്രവമേൽക്കാതെതന്നെ പട്ടാളക്കാർ മതിലിനു തുരങ്കം വയ്ക്കുകയും ആലയകവാടത്തിനു തീവെക്കാൻ സർവവും സജ്ജീകരിക്കുകയും ചെയ്തു.”
“അപ്പോൾ ഇതു സംഭവിച്ചു, സെസ്ററിയസ് . . . അതാതു സ്ഥാനത്തുനിന്നും തന്റെ പട്ടാളക്കാരെ മടക്കി വിളിച്ചു . . . യാതൊരുവിധ കാരണങ്ങളുമില്ലാതെ അദ്ദേഹം നഗരത്തിൽനിന്നു പിൻവാങ്ങിപ്പോയി” എന്നു ജോസീഫസ് പറയുന്നു. ന്യായമായും ദൈവപുത്രനു മഹത്ത്വം കൊടുക്കാനുള്ള ഉദ്ദേശ്യമൊട്ടില്ലാതെതന്നെ യരുശലേമിലെ ക്രിസ്ത്യാനികൾ പ്രതീക്ഷിച്ചിരുന്ന അതേ നടപടിയെ ജോസീഫസ് രേഖപ്പെടുത്തി. അതു യേശുക്രിസ്തുവിന്റെ പ്രവചനനിവൃത്തിയായിരുന്നു! വർഷങ്ങൾക്കു മുമ്പു ദൈവപുത്രൻ ഇങ്ങനെ മുന്നറിയിപ്പു നൽകിയിരുന്നു: “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു. എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകൾ പ്രതികാരകാലം ആകുന്നു.” (ലൂക്കൊസ് 21:20-22) യേശു ഉപദേശിച്ചതുപോലെ തന്റെ വിശ്വസ്ത അനുഗാമികൾ പെട്ടെന്നുതന്നെ നഗരം വിട്ടോടി അകലെ മാറിപ്പാർത്തു, പിന്നീട് അതിന്റെമേൽ വന്ന കഠോരവേദനയിൽനിന്ന് അവർ ഒഴിവായി.
റോമൻ സൈന്യങ്ങൾ പൊ.യു. 70-ൽ മടങ്ങിയെത്തിയപ്പോഴുണ്ടായ പരിണതഫലങ്ങൾ ജോസീഫസ് വളരെ വിശദമായി രേഖപ്പെടുത്തി. വെസ്പേഷ്യന്റെ മൂത്ത പുത്രനായ ജനറൽ ടൈററസ് യരുശലേമിനെ അതിന്റെ പ്രൗഢിയേറിയ ആലയത്തോടൊപ്പം കീഴടക്കാനായി വന്നു. നഗരത്തിനുള്ളിൽ പോരടിക്കുന്ന വിഭാഗങ്ങൾ നിയന്ത്രണം ഏറെറടുക്കാൻ ശ്രമിച്ചു. അവർ അങ്ങേയററം ഹീനമായ നടപടികളിലേക്കു തിരിഞ്ഞു, വളരെയധികം രക്തം ചൊരിയപ്പെട്ടു. “തങ്ങളുടെ ആഭ്യന്തര ദുരിതങ്ങളിൽനിന്നുള്ള വിമോചനം” പ്രതീക്ഷിച്ചുകൊണ്ട് ചിലർ, “റോമാക്കാർ തങ്ങൾക്കു നേരേ വരാൻ ആശിച്ചുപോകുമാറ് തങ്ങളുടെ ഇടയിലെ ഉൾപ്പോരു നിമിത്തം കൊടുംയാതന അനുഭവിച്ചു” എന്നു ജോസീഫസ് പറയുന്നു. സമ്പന്നരുടെ സ്വത്തുക്കൾ നശിപ്പിക്കുന്നതിലും വ്യക്തിപ്രമുഖരെ—റോമാക്കാരോട് അനുരഞ്ജനപ്പെടാൻ സമ്മതമുള്ളവരെന്നു സംശയിച്ചിരുന്നവരെ—കൊലചെയ്യുന്നതിലും ഏർപ്പെട്ട “കൊള്ളക്കാർ” എന്നു നഗരത്തിനുള്ളിലെ കലാപകാരികളെ അദ്ദേഹം വിളിക്കുന്നു.
ആഭ്യന്തര യുദ്ധത്തിനിടയിൽ യരുശലേമിലെ ജീവിതാവസ്ഥകൾ ചിന്തിക്കവയ്യാത്ത ആഴങ്ങളോളം താണുപോയി, മരിച്ചവർ സംസ്കരിക്കപ്പെടാതെ അവശേഷിച്ചു. “കൂനകൂടിക്കിടന്ന ശവശരീരങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട്” രാജ്യദ്രോഹികൾ “പരസ്പരം പോരടിച്ചു.” ഭക്ഷണത്തിനും സമ്പത്തിനുമായി കൊലപാതകം നടത്തിക്കൊണ്ട് അവർ ജനത്തെ കൊള്ളയടിച്ചു. ദ്രോഹിക്കപ്പെടുന്നവരുടെ നിലവിളികൾ നിലച്ചിരുന്നില്ല.
നഗരം വിട്ടുകൊടുത്തു സ്വയം രക്ഷനേടാൻ ടൈററസ് യഹൂദൻമാരോട് ആഹ്വാനം ചെയ്തു. അദ്ദേഹം, “അവരുടെ സ്വന്തം ഭാഷയിൽ സംസാരിക്കാൻ അവരുടെ അടുക്കലേക്കു ജോസീഫസിനെ അയച്ചു; കാരണം അവരുടെ നാട്ടുകാരനായ ഒരാളുടെ അനുനയത്തിന് അവർ വഴങ്ങുമെന്ന് അദ്ദേഹം സങ്കൽപ്പിച്ചു.” എന്നാൽ അവർ ജോസീഫസിനെ അപമാനിക്കുകയാണു ചെയ്തത്. ടൈററസ് അടുത്തതായി മുഴു നഗരത്തിന്റെയും ചുററും കൂർത്ത സ്തംഭങ്ങൾക്കൊണ്ട് ഒരു മതിൽ തീർത്തു. (ലൂക്കൊസ് 19:43) രക്ഷപെടാനുള്ള ആശയത്രയും അററുപോകുകയും ചലനം നിയന്ത്രിക്കപ്പെടുകയും ചെയ്തപ്പോൾ ക്ഷാമം “എല്ലാ വീടുകളും കുടുംബങ്ങളുമടക്കം ആളുകളെ ഗ്രസിച്ചു.” നിലയ്ക്കാത്ത യുദ്ധം മരണസംഖ്യ വർധിപ്പിച്ചു. അറിയാതെതന്നെ ബൈബിൾ പ്രവചനത്തെ നിവൃത്തിച്ചുകൊണ്ട് ടൈററസ് യരുശലേമിനെ ജയിച്ചടക്കി. അതിനുശേഷം വൻമതിലുകളും കോട്ടക്കൊത്തളങ്ങളും നോക്കിക്കൊണ്ട് അദ്ദേഹം ഇപ്രകാരം ഉദ്ഘോഷിച്ചു: “കോട്ടകെട്ടിയുറപ്പിച്ചിരിക്കുന്ന ഈ സ്ഥാനങ്ങളിൽനിന്നു യഹൂദൻമാരെ തുരത്തിയതു ദൈവമല്ലാതെ മററാരുമല്ല.” പത്തുലക്ഷത്തിലധികം യഹൂദൻമാർ കൊല്ലപ്പെട്ടു.—ലൂക്കൊസ് 21:5, 6, 23, 24.
യുദ്ധാനന്തരം
യുദ്ധാനന്തരം ജോസീഫസ് റോമിലേക്കു പോയി. റോമൻ കുടുംബത്തിന്റെ പിന്തുണ ആസ്വദിച്ചുകൊണ്ട് വെസ്പേഷ്യന്റെ മുൻ കൊട്ടാരത്തിൽ ഒരു റോമാപൗരനായി അദ്ദേഹം ജീവിച്ചു. ടൈററസിൽനിന്നുള്ള സമ്മാനങ്ങളോടൊപ്പം അദ്ദേഹത്തിന് ചക്രവർത്തിയിൽനിന്ന് ഒരു പെൻഷനും ലഭിച്ചു. പിന്നീട് ജോസീഫസ് ഒരു സാഹിത്യജീവിതം നയിച്ചു.
ലഭ്യമായ തെളിവനുസരിച്ച്, “ദിവ്യാധിപത്യം” എന്നതിന്റെ ഇംഗ്ലീഷ് പദത്തിന് [“Theocracy”] രൂപം നൽകിയത് ജോസീഫസാണെന്നു ശ്രദ്ധിക്കുന്നത് രസാവഹമാണ്. യഹൂദാ രാഷ്ട്രത്തോടുള്ള ബന്ധത്തിൽ അദ്ദേഹം ഇപ്രകാരം എഴുതി: “അധികാരവും ശക്തിയും ദൈവത്തിൽ ആരോപിക്കുന്നതിനാൽ . . . നമ്മുടെ ഗവൺമെൻറിനെ ഒരു ദിവ്യാധിപത്യം എന്നു വിളിക്കാൻ കഴിയും.”
ജോസീഫസ് ഒരിക്കലും ഒരു ക്രിസ്ത്യാനിയാണെന്ന് അവകാശപ്പെട്ടില്ല. അദ്ദേഹം എഴുതിയത് ദൈവത്തിന്റെ നിശ്വസ്തതയിൻ കീഴിലുമായിരുന്നില്ല. എന്നിരുന്നാലും, ജോസീഫസിന്റെ വശ്യമായ വൃത്താന്തങ്ങളിൽ ചരിത്രമൂല്യം ജ്വലിച്ചുനിൽക്കുന്നു.
[31-ാം പേജിലെ ചിത്രം]
ജോസീഫസ് യരുശലേം മതിലുകൾക്കരികിൽ