ഭൂതങ്ങളുടെ ഉപദേശങ്ങൾക്കെതിരെ ദിവ്യ ബോധനം
“വഴിതെററിക്കുന്ന നിശ്വസ്ത അരുളപ്പാടുകൾക്കും ഭൂതങ്ങളുടെ ഉപദേശങ്ങൾക്കും ശ്രദ്ധ കൊടുത്തുകൊണ്ട് ചിലർ വിശ്വാസത്തിൽനിന്നു വീണുപോകും.”—1 തിമൊഥെയോസ് 4:1, NW.
1. ക്രിസ്ത്യാനികൾ ഏതു യുദ്ധത്തിൻ മധ്യേയാണ് അകപ്പെട്ടിരിക്കുന്നത്?
നിങ്ങളുടെ ആയുഷ്കാലം മുഴുവനും ഒരു യുദ്ധമേഖലയിൽ ജീവിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക. വെടിയൊച്ച കേട്ടുകൊണ്ട് ഉറങ്ങാൻ പോകുകയും പീരങ്കികളുടെ ശബ്ദം കേട്ട് ഉണർന്നെഴുന്നേൽക്കുകയും ചെയ്യുന്നത് എങ്ങനെയിരിക്കും? ദുഃഖകരമെന്നു പറയട്ടെ, ലോകത്തിന്റെ ചില ഭാഗങ്ങളിൽ ആളുകൾ ജീവിക്കുന്നതു തീർച്ചയായും അങ്ങനെയാണ്. ഒരു ആത്മീയ അർഥത്തിൽ പക്ഷേ, എല്ലാ ക്രിസ്ത്യാനികളും തന്നെ ആ വിധത്തിലാണു ജീവിക്കുന്നത്. ഏതാണ്ട് 6,000 വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നതും നമ്മുടെ നാളുകളിൽ ശക്തിപ്പെട്ടിരിക്കുന്നതുമായ ഒരു വലിയ യുദ്ധത്തിൻ മധ്യേയാണ് അവർ. യുഗപ്പഴക്കമുള്ള ഈ യുദ്ധം എന്താണ്? ഭോഷ്കുകൾക്കെതിരെയുള്ള സത്യത്തിന്റെ യുദ്ധം, ഭൂതങ്ങളുടെ ഉപദേശങ്ങൾക്കെതിരെയുള്ള ദിവ്യ ബോധനത്തിന്റെ യുദ്ധം. മനുഷ്യവർഗത്തിന്റെ ചരിത്രത്തിലെ ഏററവും നിർദയവും ഏററവും മാരകവുമായ പോരാട്ടം എന്ന് ഇതിനെ വിളിക്കുന്നത് അതിശയോക്തിയായിരിക്കില്ല—ചുരുങ്ങിയപക്ഷം എതിർചേരികളിൽ ഒന്നിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുമ്പോഴെങ്കിലും.
2. (എ) പൗലോസ് പറയുന്നതനുസരിച്ച് അന്യോന്യം നേരിടുന്ന ഇരുചേരികൾ ഏവ? (ബി) ‘വിശ്വാസം’ എന്നതുകൊണ്ടു പൗലോസ് എന്താണ് അർഥമാക്കിയത്?
2 അപ്പോസ്തലനായ പൗലോസ് തിമൊഥെയോസിന് എഴുതിയപ്പോൾ ഈ പോരാട്ടത്തിന്റെ ഇരുവശങ്ങളെയും പരാമർശിച്ചു: “പിൽക്കാലങ്ങളിൽ വഴിതെററിക്കുന്ന നിശ്വസ്ത അരുളപ്പാടുകൾക്കും ഭൂതങ്ങളുടെ ഉപദേശങ്ങൾക്കും ശ്രദ്ധ കൊടുത്തുകൊണ്ട് ചിലർ വിശ്വാസത്തിൽനിന്നു വീണുപോകും എന്നു നിശ്വസ്ത വചനം കണിശമായും പറയുന്നു.” (1 തിമൊഥെയോസ് 4:1, NW) ഭൂതങ്ങളുടെ ഉപദേശങ്ങൾ “പിന്നീടുള്ള കാലങ്ങളിൽ” പ്രത്യേകിച്ചും സ്വാധീനമുള്ളതായിരിക്കുമെന്ന കാര്യം ശ്രദ്ധിക്കുക. പൗലോസിന്റെ നാളിൽനിന്നു വീക്ഷിക്കുമ്പോൾ നാം അത്തരമൊരു കാലത്താണു ജീവിക്കുന്നത്. ഭൂതങ്ങളുടെ ഉപദേശങ്ങൾക്ക് എതിരായത് ‘വിശ്വാസം’ ആണ് എന്നതും ശ്രദ്ധിക്കുക. ഇവിടെ ‘വിശ്വാസം’ എന്നതു ബൈബിളിൽ അടങ്ങിയിരിക്കുന്ന ദൈവത്തിന്റെ ദിവ്യനിശ്വസ്തമായ അരുളപ്പാടുകളിൽ അടിസ്ഥാനപ്പെട്ടിരിക്കുന്ന ദിവ്യ ബോധനത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. അത്തരം വിശ്വാസം ജീവദായകമാണ്. ദൈവേഷ്ടം ചെയ്യാൻ അത് ഒരു ക്രിസ്ത്യാനിയെ പഠിപ്പിക്കുന്നു. നിത്യജീവനിലേക്കു നയിക്കുന്നത് ഈ സത്യമാണ്.—യോഹന്നാൻ 3:16; 6:40.
3. (എ) സത്യവും ഭോഷ്കുകളും തമ്മിലുള്ള യുദ്ധത്തിൽ കൊല്ലപ്പെടുന്നവർക്ക് എന്തു സംഭവിക്കുന്നു? (ബി) ഭൂതങ്ങളുടെ ഉപദേശങ്ങൾക്കു പിന്നിൽ ആരാണുള്ളത്?
3 വിശ്വാസത്തിൽനിന്നു വീണുപോകുന്ന ആർക്കും നിത്യജീവൻ കിട്ടുന്നില്ല. അവർ യുദ്ധത്തിൽ മരിച്ചുവീഴുന്നവരാണ്. ഭൂതങ്ങളുടെ ഉപദേശങ്ങളാൽ വഴിതെററിക്കപ്പെടാൻ സ്വയം അനുവദിക്കുന്നതിന്റെ എന്തൊരു ദുരന്ത ഫലം! (മത്തായി 24:24) വ്യക്തികളെന്ന നിലയിൽ നമുക്ക് എങ്ങനെ മരിച്ചുവീഴുന്നവരാകാതിരിക്കാൻ കഴിയും? “ഭൂതങ്ങളുടെ തലവനായ” പിശാചായ സാത്താന്റെ ഉദ്ദേശ്യത്തിനു മാത്രം ഉതകുന്ന ഭോഷ്കു നിറഞ്ഞ ഈ ഉപദേശങ്ങൾ പൂർണമായി പുറന്തള്ളുന്നതിനാൽ. (മത്തായി 12:24) സാത്താൻ ‘ഭോഷ്കിന്റെ അപ്പൻ’ ആയതുകൊണ്ടു സാത്താന്റെ ഉപദേശങ്ങൾ ഭോഷ്കുകളാണെന്നു മുൻകൂട്ടിപ്പറയാവുന്നതാണ്. (യോഹന്നാൻ 8:44) നമ്മുടെ ആദ്യ മാതാപിതാക്കളെ വഴിതെററിക്കാൻ അവൻ എത്ര വിദഗ്ധമായിട്ടാണു ഭോഷ്കുകൾ ഉപയോഗിച്ചതെന്നു പരിചിന്തിക്കുക.
ഭൂതങ്ങളുടെ ഉപദേശങ്ങൾ വെളിപ്പെടുന്നു
4, 5. സാത്താൻ ഹവ്വായോടു പറഞ്ഞ ഭോഷ്ക് എന്താണ്, അതു വളരെ ദുഷ്ടമായിരുന്നത് എന്തുകൊണ്ട്?
4 ബൈബിളിൽ ഉല്പത്തി 3:1-5-ൽ ഈ സംഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു സർപ്പത്തെ ഉപയോഗിച്ചുകൊണ്ടു സാത്താൻ സ്ത്രീയായ ഹവ്വായെ സമീപിച്ച് ഇങ്ങനെ ചോദിച്ചു: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ”? ഈ ചോദ്യം നിരുപദ്രവകരമാണെന്നു തോന്നുന്നു, എന്നാൽ അതു വീണ്ടും ഒന്നു പരിശോധിക്കുക. “വാസ്തവമായി കല്പിച്ചിട്ടുണ്ടോ”? ‘അതുപോലൊരു സംഗതി ദൈവം എന്തിനു പറയണം?’ എന്നു പറയുമ്പോഴെന്നപോലെ സാത്താൻ അമ്പരന്നതായി ഇതു തോന്നിപ്പിക്കുന്നു.
5 തന്റെ നിഷ്കപടതയിൽ, അങ്ങനെ കൽപ്പിച്ചിട്ടുള്ളതായി ഹവ്വാ സൂചിപ്പിച്ചു. ഈ സംഗതി സംബന്ധിച്ച ദിവ്യ ബോധനം, അതായത് നൻമതിൻമകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൽനിന്നു ഭക്ഷിച്ചാൽ അവർ മരിക്കുമെന്നു ദൈവം ആദാമിനോടു പറഞ്ഞ കാര്യം, അവൾക്കറിയാമായിരുന്നു. (ഉല്പത്തി 2:16, 17) ന്യായമായും സാത്താന്റെ ചോദ്യം അവളുടെ താത്പര്യം ഉണർത്തി. അതുകൊണ്ട് അവൻ കാര്യത്തിന്റെ കാതൽ പറഞ്ഞുവന്നപ്പോൾ അവൾ ശ്രദ്ധിച്ചു: “പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം.” എന്തൊരു ദുഷ്ടതയാണ് അങ്ങനെ പറഞ്ഞത്! സത്യത്തിന്റെയും സ്നേഹത്തിന്റെയും ദൈവവും സ്രഷ്ടാവുമായ യഹോവ തന്റെ മനുഷ്യ മക്കളോടു ഭോഷ്കു പറഞ്ഞതായി സാത്താൻ കുററപ്പെടുത്തി!—സങ്കീർത്തനം 31:5; 1 യോഹന്നാൻ 4:16; വെളിപ്പാടു 4:11.
6. യഹോവയുടെ നൻമയെയും പരമാധികാരത്തെയും സാത്താൻ വെല്ലുവിളിച്ചതെങ്ങനെ?
6 എന്നാൽ സാത്താൻ അതിലുമധികം പറഞ്ഞു. അവൻ ഇങ്ങനെ തുടർന്നു: “അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നൻമതിൻമകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു.” സാത്താൻ പറഞ്ഞതനുസരിച്ച്, നമ്മുടെ ആദ്യ മാതാപിതാക്കൾക്ക് എല്ലാം സമൃദ്ധമായി നൽകിയ യഹോവയാം ദൈവം അത്ഭുതകരമായ എന്തോ അവരിൽനിന്നു പിടിച്ചുവയ്ക്കാൻ ആഗ്രഹിച്ചു. ദൈവങ്ങളെപ്പോലെ ആകുന്നതിൽനിന്ന് അവരെ തടയാൻ അവിടുന്ന് ആഗ്രഹിച്ചത്രെ. അങ്ങനെ സാത്താൻ ദൈവത്തിന്റെ നൻമയെ വെല്ലുവിളിച്ചു. കൂടാതെ, സ്വന്തം ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നതിനെയും ദൈവനിയമങ്ങളെ മനഃപൂർവം അവഗണിക്കുന്നതിനെയും അവൻ പ്രോത്സാഹിപ്പിച്ചു. ഈ വിധത്തിൽ പ്രവർത്തിക്കുന്നതു പ്രയോജനപ്രദമായിരിക്കുമെന്നു പറഞ്ഞുകൊണ്ടാണ് അവൻ ഇങ്ങനെ ചെയ്തത്. വാസ്തവത്തിൽ, മനുഷ്യൻ ചെയ്ത കാര്യത്തിൻമേൽ പരിധികൾ വയ്ക്കാൻ ദൈവത്തിനു യാതൊരു അവകാശവുമുണ്ടായിരുന്നില്ല എന്നു വാദിച്ചുകൊണ്ട് സാത്താൻ വെല്ലുവിളിച്ചത് ദൈവത്തിന്റെ സ്വന്തം സൃഷ്ടിയുടെമേലുള്ള അവിടുത്തെ പരമാധികാരത്തെയാണ്.
7. ഭൂതങ്ങളുടെ ഉപദേശങ്ങൾ എപ്പോഴാണ് ആദ്യമായി കേട്ടത്, അവ ഇന്നു സമാനമായിരിക്കുന്നത് എങ്ങനെ?
7 സാത്താന്റെ ആ വാക്കുകളോടെ, ഭൂതങ്ങളുടെ ഉപദേശങ്ങൾ കേട്ടുതുടങ്ങി. ദുഷ്ടമായ ഈ ഉപദേശങ്ങൾ ഇപ്പോഴും ഭക്തികെട്ട തത്ത്വങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഏദൻതോട്ടത്തിൽ സാത്താൻ ചെയ്തതുപോലെതന്നെ തന്നോടു ചേർന്ന മത്സരികളായ ആത്മാക്കളോടൊപ്പം അവൻ, പ്രവർത്തനനിലവാരങ്ങൾ വയ്ക്കാനുള്ള ദൈവത്തിന്റെ അവകാശത്തെ ഇപ്പോഴും വെല്ലുവിളിക്കുന്നു. അവൻ ഇപ്പോഴും യഹോവയുടെ പരമാധികാരം നീതിയുക്തമല്ലെന്നു വാദിക്കുകയും തങ്ങളുടെ സ്വർഗീയ പിതാവിനെ അനുസരിക്കാതിരിക്കാൻ മനുഷ്യരെ സ്വാധീനിക്കുന്നതിനു ശ്രമിക്കുകയും ചെയ്യുന്നു.—1 യോഹന്നാൻ 3:8, 10.
8. ഏദനിൽവെച്ച് ആദാമിനും ഹവ്വായ്ക്കും എന്തു നഷ്ടപ്പെട്ടു, യഹോവ എപ്രകാരം സത്യവാനെന്നു തെളിഞ്ഞു?
8 ദിവ്യ ബോധനവും ഭൂതങ്ങളുടെ ഉപദേശങ്ങളും തമ്മിലുള്ള യുദ്ധത്തിലെ ആ ആദ്യ ഏററുമുട്ടലിൽ തെററായ തീരുമാനമെടുത്ത ആദാമിനും ഹവ്വായ്ക്കും നിത്യജീവന്റെ പ്രത്യാശ നഷ്ടമായി. (ഉല്പത്തി 3:19) വർഷങ്ങൾ പിന്നിട്ടപ്പോൾ അവരുടെ ശരീരങ്ങൾ ക്ഷയിക്കാൻ തുടങ്ങി, അതോടെ ഏദനിൽവച്ച് ആരാണു ഭോഷ്കു പറഞ്ഞതെന്നതും ആരാണു സത്യം പറഞ്ഞതെന്നതും അവർക്കു വേണ്ടത്ര ഉറപ്പായി. എങ്കിലും, ജഡികമായ ഒരു അർഥത്തിൽ മരിക്കുന്നതിനു നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പ്, ജീവന്റെ ഉറവായ സ്രഷ്ടാവ് അവരെ ജീവിക്കാൻ അർഹതയില്ലാത്തവർ എന്നു വിധിച്ചപ്പോൾ സത്യവും ഭോഷ്കുകളും തമ്മിലുള്ള യുദ്ധത്തിലെ ആദ്യ ഇരകളായിത്തീർന്നു അവർ. ഒരു ആത്മീയ അർഥത്തിൽ അവർ മരിച്ചത് അപ്പോഴായിരുന്നു.—സങ്കീർത്തനം 36:9; എഫെസ്യർ 2:1 താരതമ്യം ചെയ്യുക.
ഭൂതങ്ങളുടെ ഉപദേശങ്ങൾ ഇന്ന്
9. നൂററാണ്ടുകളിലുടനീളം ഭൂതങ്ങളുടെ ഉപദേശങ്ങൾ എത്ര ഫലപ്രദമായിരുന്നിട്ടുണ്ട്?
9 വെളിപ്പാടു പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, അപ്പോസ്തലനായ യോഹന്നാൻ നിശ്വസ്തതയാൽ 1914 തുടങ്ങിയ “കർത്തൃദിവസത്തി”ലാകുന്നു. (വെളിപ്പാടു 1:10) ആ സമയത്ത് സാത്താനും അവന്റെ ഭൂതങ്ങളും സ്വർഗത്തിൽനിന്നു ഭൂമിയുടെ പരിസരങ്ങളിലേക്കു വലിച്ചെറിയപ്പെട്ടു—നമ്മുടെ മഹാ സ്രഷ്ടാവിന്റെ എതിരാളിക്ക് ഒരു കനത്ത തിരിച്ചടിയായിരുന്നു അത്. യഹോവയുടെ ദാസൻമാർക്കെതിരെ നിരന്തരം കുററാരോപണം നടത്തുന്ന അവന്റെ സ്വരം സ്വർഗത്തിൽ മേലാൽ കേട്ടിട്ടില്ല. (വെളിപ്പാടു 12:10) എന്നുവരികിലും, ഏദനിൽ തുടങ്ങി ഭൂതങ്ങളുടെ ഉപദേശങ്ങൾ എന്തു പുരോഗതിയാണു കൈവരിച്ചിട്ടുള്ളത്? രേഖ ഇപ്രകാരം പറയുന്നു: “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു.” [ചെരിച്ചെഴുത്ത് ഞങ്ങളുടേത്.] (വെളിപ്പാടു 12:9) ഒരു ലോകം മുഴുവനും സാത്താന്റെ ഭോഷ്കുകൾക്കു വിധേയമായി! സാത്താൻ “ഈ ലോകത്തിന്റെ ഭരണാധികാരി” എന്നു വിളിക്കപ്പെടുന്നതിൽ അതിശയിക്കാനില്ല!—യോഹന്നാൻ 12:31; 16:11, ഓശാന ബൈബിൾ.
10, 11. സാത്താനും ഭൂതങ്ങളും ഏതു വിധങ്ങളിലാണ് ഇന്നു പ്രവർത്തനനിരതരായിരിക്കുന്നത്?
10 സ്വർഗത്തിൽനിന്നു പുറന്തള്ളപ്പെട്ടതിനെത്തുടർന്നു സാത്താൻ തന്റെ പരാജയം അംഗീകരിച്ചോ? അശേഷമില്ല! ദിവ്യ ബോധനത്തിനും അതിനോടു പററിനിൽക്കുന്നവർക്കും എതിരായി പോരാട്ടം തുടരാൻ അവൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. സ്വർഗത്തിൽനിന്നു പുറന്തള്ളപ്പെട്ടതിനു ശേഷവും സാത്താൻ തന്റെ യുദ്ധം തുടർന്നിരിക്കുന്നു: “മഹാസർപ്പം [സാത്താൻ] സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയിൽ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്വാൻ പുറപ്പെട്ടു.”—വെളിപ്പാടു 12:17.
11 ദൈവദാസൻമാർക്കെതിരെ പോരാടുന്നതു കൂടാതെ, സാത്താൻ ലോകത്തെ തന്റെ പ്രചരണംകൊണ്ടു നിറയ്ക്കുകയും മനുഷ്യവർഗത്തിൻമേൽ തന്റെ പിടി മുറുക്കാൻ കഠിനമായി ശ്രമിക്കുകയുമാണ്. സാത്താനെയും അവന്റെ ഭൗമിക രാഷ്ട്രീയ വ്യവസ്ഥിതിയെയും നമ്മുടെ കാലത്തെ പ്രമുഖ ലോകശക്തിയെയും പ്രതീകാത്മകമായി പ്രതിനിധീകരിച്ച മൂന്നു കാട്ടുമൃഗങ്ങളെ അപ്പോസ്തലനായ യോഹന്നാൻ കർത്താവിന്റെ നാളിനെക്കുറിച്ചുള്ള വെളിപാടിലെ ദർശനങ്ങളിലൊന്നിൽ കണ്ടു. ഇവ മൂന്നിന്റെയും വായിൽനിന്നു തവളകൾ പുറപ്പെട്ടു. ഇവ എന്താണു പ്രതിനിധാനം ചെയ്തത്? യോഹന്നാൻ എഴുതുന്നു: “ഇവ സർവ്വഭൂതലത്തിലും ഉള്ള രാജാക്കൻമാരെ സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേർപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കൾ തന്നേ.” (വെളിപ്പാടു 16:14) വ്യക്തമായും, ഭൂതങ്ങളുടെ ഉപദേശങ്ങൾ ഭൂമിയിൽ വളരെ പ്രബലമാണ്. സാത്താനും അവന്റെ ഭൂതങ്ങളും ദിവ്യ ബോധനത്തിനെതിരെ പോരാടുകയാണ്. മിശിഹൈക രാജാവായ യേശുക്രിസ്തു ബലം പ്രയോഗിച്ച് അവരെ തടയുന്നതുവരെ അവർ അങ്ങനെ ചെയ്തുകൊണ്ടിരിക്കും.—വെളിപ്പാടു 20:2.
ഭൂതങ്ങളുടെ ഉപദേശങ്ങളെ തിരിച്ചറിയിക്കൽ
12. (എ) ഭൂതങ്ങളുടെ ഉപദേശങ്ങളെ ചെറുത്തുനിൽക്കുക സാധ്യമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ദൈവദാസൻമാരെ സംബന്ധിച്ച തന്റെ ലക്ഷ്യം നേടാൻ സാത്താൻ എപ്രകാരം ശ്രമിക്കുന്നു?
12 ദൈവഭയമുള്ള മനുഷ്യർക്കു ഭൂതങ്ങളുടെ ഉപദേശങ്ങളെ ചെറുത്തുനിൽക്കാൻ കഴിയുമോ? രണ്ടു കാരണങ്ങളാൽ അവർക്കു തീർച്ചയായും അതിനു കഴിയും. ഒന്നാമത്തെ കാരണം, ദിവ്യ ബോധനം കൂടുതൽ ശക്തമാണ് എന്നതാണ്; രണ്ടാമത്തെ കാരണം, സാത്താന്റെ തന്ത്രങ്ങളെ നമുക്കു ചെറുത്തുനിൽക്കാൻ കഴിയേണ്ടതിനു യഹോവ അവയെ തുറന്നു കാട്ടിയിരിക്കുന്നു എന്നതും. അപ്പോസ്തലനായ പൗലോസ് പറഞ്ഞതുപോലെ, “അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.” (2 കൊരിന്ത്യർ 2:11) തന്റെ ലക്ഷ്യം നേടാനുള്ള ഒരു മാർഗമായി സാത്താൻ പീഡനത്തെ ഉപയോഗിക്കുന്നുവെന്നു നമുക്കറിയാം. (2 തിമൊഥെയൊസ് 3:12) ഏറെ തന്ത്രപരമായി പക്ഷേ, ദൈവത്തെ സേവിക്കുന്നവരുടെ മനസ്സുകളെയും ഹൃദയങ്ങളെയും സ്വാധീനിക്കാനാണ് അവൻ ശ്രമിക്കുന്നത്. അവൻ ഹവ്വായെ വഴിതെററിക്കുകയും തെററായ ചിന്തകൾ അവളുടെ മനസ്സിലേക്കു കടത്തിവിടുകയും ചെയ്തു. അവൻ അതേ സംഗതിതന്നെ ഇന്നും പരീക്ഷിച്ചുനോക്കുകയാണ്. കൊരിന്തിലുള്ളവർക്ക് പൗലോസ് ഇപ്രകാരം എഴുതി: “സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.” (2 കൊരിന്ത്യർ 11:3) മനുഷ്യവർഗത്തിന്റെ ചിന്തയെ അവൻ പൊതുവേ എപ്രകാരം ദുഷിപ്പിച്ചിരിക്കുന്നു എന്നു പരിചിന്തിക്കുക.
13. ഏദനിൽ തുടങ്ങി സാത്താൻ എന്തെല്ലാം ഭോഷ്കുകൾ മനുഷ്യവർഗത്തോടു പറഞ്ഞിരിക്കുന്നു?
13 സാത്താൻ ഹവ്വായുടെ മുമ്പാകെ യഹോവ ഭോഷ്കു പറഞ്ഞുവെന്ന് കുററപ്പെടുത്തുകയും തങ്ങളുടെ സ്രഷ്ടാവിനോട് അനുസരണക്കേടു കാണിച്ചാൽ മനുഷ്യർക്കു ദൈവങ്ങളെപ്പോലെ ആയിത്തീരാൻ കഴിയുമെന്ന് അവളോടു പറയുകയും ചെയ്തു. മനുഷ്യവർഗത്തിന്റെ ഇന്നത്തെ വീഴ്ച ഭവിച്ച അവസ്ഥ, യഹോവയല്ല, സാത്താനാണു ഭോഷ്കാളി എന്നു തെളിയിക്കുന്നു. മനുഷ്യർ ഇന്നു ദൈവങ്ങളല്ല! എന്നാൽ, സാത്താൻ ആദ്യ ഭോഷ്കിനു പിന്നാലെ മററു നുണകളും അവതരിപ്പിച്ചു. മനുഷ്യദേഹി അമർത്ത്യമാണ്, മരിക്കാത്തതാണ് എന്ന ആശയം അവൻ കൊണ്ടുവന്നു. ഇപ്രകാരം അവൻ മറെറാരു വിധത്തിൽ ദൈവങ്ങളെപ്പോലെ ആയിരിക്കുന്നതിനുള്ള സാധ്യത മനുഷ്യരാശിയെ കാട്ടി വ്യാമോഹിപ്പിച്ചു. തുടർന്ന്, വ്യാജമായ ആ ഉപദേശത്തെ അടിസ്ഥാനമാക്കി നരകാഗ്നി, ശുദ്ധീകരണസ്ഥലം, ആത്മവിദ്യ, പൂർവികാരാധന എന്നിവ സംബന്ധിച്ച ഉപദേശങ്ങൾ അവൻ പ്രോത്സാഹിപ്പിച്ചു. കോടിക്കണക്കിനാളുകൾ ഇന്നും ഈ ഭോഷ്കുകളുടെ തടവിലാണ്.—ആവർത്തനപുസ്തകം 18:9-13.
14, 15. മരണത്തെയും ഭാവി സംബന്ധിച്ച മമനുഷ്യന്റെ പ്രത്യാശയെയും കുറിച്ചുള്ള സത്യം എന്താണ്?
14 തീർച്ചയായും, ആദാമിനോടു യഹോവ പറഞ്ഞതായിരുന്നു സത്യം. ദൈവത്തിനെതിരെ പാപം ചെയ്തപ്പോൾ ആദാം മരിച്ചു. (ഉല്പത്തി 5:5) ആദാമും അദ്ദേഹത്തിന്റെ പിൻഗാമികളും മരിച്ചപ്പോൾ അവർ ബോധമില്ലാത്തവരും പ്രവർത്തനമററവരുമായ നിർജീവ ദേഹികളായിത്തീർന്നു. (ഉല്പത്തി 2:7; സഭാപ്രസംഗി 9:5, 10; യെഹെസ്കേൽ 18:4) ആദാമിൽനിന്നു പാപം അവകാശപ്പെടുത്തിയതു നിമിത്തം സകല മാനുഷദേഹികളും മരിക്കുന്നു. (റോമർ 5:12) എന്നിരുന്നാലും, പിശാചിന്റെ പ്രവൃത്തികളോടു പോരാടുമായിരുന്ന ഒരു സന്തതിയുടെ വരവിനെക്കുറിച്ച് ഏദനിൽവെച്ച് യഹോവ വാഗ്ദത്തം ചെയ്തു. (ഉല്പത്തി 3:15) ആ സന്തതി ദൈവത്തിന്റെ സ്വന്തം ഏകജാതപുത്രനായ യേശുക്രിസ്തുവായിരുന്നു. യേശു പാപരഹിതനായി മരിച്ചു, യാഗമായി അർപ്പിക്കപ്പെട്ട അവിടുത്തെ ജീവൻ മനുഷ്യവർഗത്തെ അവരുടെ മരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽനിന്നു വിലയ്ക്കു വാങ്ങാനുള്ള ഒരു മറുവിലയായിത്തീർന്നു. അനുസരണപൂർവം യേശുവിൽ വിശ്വാസം പ്രകടമാക്കുന്നവർക്ക് ആദാം നഷ്ടപ്പെടുത്തിയ നിത്യജീവൻ പ്രാപിക്കുന്നതിനുള്ള പ്രത്യാശയുണ്ട്.—യോഹന്നാൻ 3:36; റോമർ 6:23; 1 തിമൊഥെയൊസ് 2:5, 6.
15 മനുഷ്യവർഗത്തിന്റെ യഥാർഥ പ്രത്യാശ മറുവിലയാണ്, അല്ലാതെ ദേഹി മരണത്തെ അതിജീവിക്കുന്നു എന്ന അവ്യക്തമായ എന്തെങ്കിലും ആശയമല്ല. ഇതാണു ദിവ്യ ബോധനം. അതാണു സത്യം. അത് യഹോവയുടെ സ്നേഹത്തിന്റെയും ജ്ഞാനത്തിന്റെയും അത്ഭുതാവഹമായ ഒരു പ്രകടനവും കൂടിയാണ്. (യോഹന്നാൻ 3:16) ഈ സത്യം പഠിച്ചിരിക്കുന്നതിനാലും ഭൂതങ്ങളുടെ ഉപദേശങ്ങളിൽനിന്നു സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നതിനാലും നാം എത്ര നന്ദിയുള്ളവരായിരിക്കണം!—യോഹന്നാൻ 8:32.
16. മനുഷ്യർ തങ്ങളുടെ സ്വന്തം ജ്ഞാനം പിൻപററുമ്പോഴുള്ള ദീർഘകാല ഫലങ്ങൾ എന്തൊക്കെയാണ്?
16 ഏദൻതോട്ടത്തിലെ തന്റെ ഭോഷ്കുകളാൽ, ദൈവത്തിൽനിന്നു സ്വതന്ത്രരായി തങ്ങളുടെ സ്വന്തം ജ്ഞാനത്തിൽ ആശ്രയിക്കുന്നതിന് അഭിലഷിക്കാൻ ആദാമിനെയും ഹവ്വായെയും സാത്താൻ പ്രോത്സാഹിപ്പിച്ചു. അതിന്റെ ദീർഘകാല ഫലങ്ങൾ, ഇന്നു ലോകത്തിൽ നിലനിൽക്കുന്ന കുററകൃത്യത്തിലും സാമ്പത്തിക വിഷമതകളിലും യുദ്ധങ്ങളിലും കടുത്ത അസമത്വത്തിലുമൊക്കെ നാം കാണുന്നു. “ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ” എന്നു ബൈബിൾ പറയുന്നതിൽ യാതൊരു അതിശയവുമില്ല! (1 കൊരിന്ത്യർ 3:19) എന്നിരുന്നാലും, മിക്കവരും യഹോവയുടെ ഉപദേശങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നതിനെക്കാൾ കഷ്ടപ്പെടാനാണു ഭോഷത്വപൂർവം ആഗ്രഹിക്കുന്നത്. (സങ്കീർത്തനം 14:1-3; 107:17) ദിവ്യ ബോധനം സ്വീകരിച്ചിട്ടുള്ള ക്രിസ്ത്യാനികളായവർ ആ കെണിയിൽ കുരുങ്ങിപ്പോകാതിരിക്കാൻ ശ്രമിക്കുന്നു.
17. “ജ്ഞാനമെന്നു വ്യാജമായി വിളിക്കപ്പെടുന്ന” എന്തു സംഗതി സാത്താൻ പ്രോത്സാഹിപ്പിച്ചിരിക്കുന്നു, അതിന്റെ ഫലങ്ങൾ എന്തൊക്കെയാണ്?
17 “അല്ലയോ തിമൊഥെയൊസേ, നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ടു ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും ഒഴിഞ്ഞുനില്ക്ക. ആ ജ്ഞാനം ചിലർ സ്വീകരിച്ചു വിശ്വാസം വിട്ടു തെററിപ്പോയിരിക്കുന്നു” എന്നു പൗലോസ് തിമൊഥെയോസിന് എഴുതി. (1 തിമൊഥെയൊസ് 6:20, 21) ആ “ജ്ഞാനം” ഭൂതങ്ങളുടെ ഉപദേശങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. പൗലോസിന്റെ നാളിൽ ചിലർ സഭകളിൽ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന വിശ്വാസത്യാഗപരമായ ആശയങ്ങളെയാണു സാധ്യതയനുസരിച്ച് അതു പരാമർശിച്ചത്. (2 തിമൊഥെയൊസ് 2:16-18) ജ്ഞാനം എന്നു വ്യാജമായി വിളിക്കപ്പെട്ട നോസ്ററിക് തത്ത്വജ്ഞാനവും ഗ്രീക്കുതത്ത്വചിന്തയും പിന്നീടു സഭയെ ദുഷിപ്പിച്ചു. ലോകത്തിലിന്ന് നിരീശ്വരവാദം, അജ്ഞേയവാദം, പരിണാമസിദ്ധാന്തങ്ങൾ, ബൈബിളിന്റെ അതികൃത്തിപ്പ് തുടങ്ങിയവയെല്ലാം ആധുനിക വിശ്വാസത്യാഗികൾ ഊട്ടിവളർത്തിയ തിരുവെഴുത്തുവിരുദ്ധമായ ആശയങ്ങളെപ്പോലെ തന്നെ ജ്ഞാനം എന്നു വ്യാജമായി വിളിക്കപ്പെടുന്നതിന്റെ ഉദാഹരണങ്ങളാണ്. ജ്ഞാനം എന്നു വ്യാജമായി വിളിക്കപ്പെടുന്ന ഇതിന്റെയെല്ലാം ഫലങ്ങൾ ധാർമിക അധഃപതനത്തിലും അധികാരത്തോടുള്ള വ്യാപകമായ അനാദരവിലും സത്യസന്ധതയില്ലായ്മയിലും സാത്താന്റെ വ്യവസ്ഥിതിയുടെ മുഖമുദ്രയായിരിക്കുന്ന സ്വാർഥതയിലും കാണാം.
ദിവ്യ ബോധനത്തോടു പററിനിൽക്കൽ
18. ഇന്നു ദിവ്യ ബോധനം തേടുന്നത് ആരാണ്?
18 ഏദനിലെ കാലംമുതൽ സാത്താൻ ഭൂതങ്ങളുടെ ഉപദേശങ്ങൾക്കൊണ്ട് ഭൂമിയെ നിറച്ചുകൊണ്ടിരിക്കുകയാണെങ്കിൽപ്പോലും ദിവ്യ ബോധനത്തിനായി അന്വേഷിച്ച ചിലർ എക്കാലത്തും ഉണ്ടായിരുന്നിട്ടുണ്ട്. ഇന്ന് അവരുടെ സംഖ്യ അനേകലക്ഷങ്ങളാണ്. യേശുവിനോടൊത്ത് അവിടുത്തെ സ്വർഗീയ രാജ്യത്തിൽ ഭരണം നടത്താൻ ഉറപ്പായ പ്രത്യാശയുള്ള അഭിഷിക്ത ക്രിസ്ത്യാനികളിൽ ഇനിയും ശേഷിപ്പുള്ളവരും ആ രാജ്യത്തിന്റെ ഭൗമിക മണ്ഡലത്തിൽ ജീവിക്കാൻ പ്രത്യാശയുള്ള “വേറെ ആടുക”ളുടെ വർധിച്ചുവരുന്ന മഹാപുരുഷാരവും അവരിൽ ഉൾപ്പെടുന്നു. (മത്തായി 25:34; യോഹന്നാൻ 10:16; വെളിപ്പാടു 7:3, 9) ഇന്ന് ഇവർ ലോകവ്യാപകമായ ഒരു സ്ഥാപനത്തിലേക്കു കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. യശയ്യായുടെ ഈ വാക്കുകൾ ആ സ്ഥാപനത്തിനു ബാധകമാകുന്നു: “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.”—യെശയ്യാവു 54:13.
19. യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിൽ എന്ത് ഉൾപ്പെടുന്നു?
19 യഥാർഥ ഉപദേശം എന്താണെന്നറിയുന്നതു പ്രധാനമാണെന്നിരിക്കെ യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിന്റെ അർഥം അതിലുമധികമാണ്. എങ്ങനെ ജീവിക്കണമെന്നും നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ ദിവ്യ ബോധനം എങ്ങനെ ബാധകമാക്കണമെന്നും യഹോവ നമ്മെ പഠിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, ലോകത്തിൽ നമുക്കു ചുററും വളരെ വ്യാപകമായിരിക്കുന്ന സ്വാർഥതയെയും അധാർമികതയെയും സ്വാതന്ത്ര്യത്തിന്റെ ആത്മാവിനെയും നാം ചെറുക്കുന്നു. ലോകത്തിൽ സമ്പത്തിനുവേണ്ടിയുള്ള നിർദയമായ പരക്കംപാച്ചിലിന്റെ മാരകമായ മുഖം നാം തിരിച്ചറിയുന്നു. (യാക്കോബ് 5:1-3) അപ്പോസ്തലനായ യോഹന്നാന്റെ വാക്കുകളിൽ പ്രകടമായ ദിവ്യ ബോധനത്തെ നാം ഒരിക്കലും മറന്നുകളയുന്നില്ല: “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.”—1 യോഹന്നാൻ 2:15.
20, 21. (എ) മനുഷ്യരെ അന്ധരാക്കാനുള്ള തന്റെ ശ്രമങ്ങളിൽ സാത്താൻ എന്ത് ഉപയോഗിക്കുന്നു? (ബി) ദിവ്യ ബോധനത്തോടു പററിനിൽക്കുന്നവർക്കു ലഭിക്കുന്ന അനുഗ്രഹങ്ങൾ എന്തെല്ലാമാണ്?
20 ഭൂതങ്ങളുടെ ഉപദേശങ്ങൾ അതിന്റെ ഇരകളുടെമേൽ ഉളവാക്കുന്ന ഫലം കൊരിന്ത്യർക്കുള്ള പൗലോസിന്റെ വാക്കുകളിൽ കാണാവുന്നതാണ്: “ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ [സാത്താൻ] അവിശ്വാസികളുടെ മനസ്സു കുരുടാക്കി.” (2 കൊരിന്ത്യർ 4:4) ഈ വിധത്തിലും സത്യക്രിസ്ത്യാനികളെ അന്ധരാക്കാൻ സാത്താൻ ആഗ്രഹിക്കുന്നു. ദൈവദാസൻമാരിൽ ഒരാളെ വഴിതെററിക്കാൻ ഏദനിൽ ഒരു സർപ്പത്തെ അവൻ ഉപയോഗിച്ചു. ഇന്ന്, അവൻ അക്രമാസക്തവും അധാർമികവുമായ ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടികളും ഉപയോഗിക്കുന്നു. റേഡിയോ, സാഹിത്യം, സംഗീതം എന്നിവയെ അവൻ ചൂഷണം ചെയ്യുന്നു. അവന്റെ കൈവശമുള്ള ശക്തമായ ഒരു ആയുധം മോശമായ സഹവാസമാണ്. (സദൃശവാക്യങ്ങൾ 4:14; 28:7; 29:3) അത്തരം കാര്യങ്ങൾ ഭൂതങ്ങളുടെ ഉപായങ്ങളും ഉപദേശങ്ങളുമാണെന്ന് എപ്പോഴും തിരിച്ചറിയുക.
21 ഓർമിക്കുക, ഏദനിലെ സാത്താന്റെ വാക്കുകൾ ഭോഷ്കുകളായിരുന്നു; യഹോവയുടെ വാക്കുകളാണു സത്യമെന്നു തെളിഞ്ഞത്. ആ ആദിമ നാളുകൾമുതൽ അതുതന്നെ വാസ്തവമായി തുടർന്നിരിക്കുന്നു. സാത്താൻ ഒരു ഭോഷ്കാളിയാണെന്ന് എല്ലായ്പോഴും തെളിഞ്ഞിരിക്കുന്നു, ദിവ്യ ബോധനം പിഴവു പററാത്തവിധം സത്യമായിരുന്നിട്ടുമുണ്ട്. (റോമർ 3:4) നാം ദൈവവചനത്തോടു പററിനിൽക്കുന്നുവെങ്കിൽ സത്യവും ഭോഷ്കുകളും തമ്മിലുള്ള യുദ്ധത്തിൽ എല്ലായ്പോഴും വിജയം വരിക്കുന്ന പക്ഷത്തായിരിക്കും നാം. (2 കൊരിന്ത്യർ 10:4, 5) അതുകൊണ്ട്, ഭൂതങ്ങളുടെ എല്ലാ ഉപദേശങ്ങളും പുറന്തള്ളാൻ നമുക്കു നിശ്ചയദാർഢ്യമുള്ളവരായിരിക്കാം. ആ വിധത്തിൽ സത്യവും വ്യാജവും തമ്മിലുള്ള യുദ്ധം കഴിയുന്ന സമയംവരെ നാം സഹിച്ചുനിൽക്കും. സത്യം നിശ്ചയമായും വിജയം വരിച്ചിരിക്കും. സാത്താൻ പൊയ്പോയിരിക്കും, ഭൂമിയിൽ ദിവ്യ ബോധനം മാത്രമേ കേൾക്കാനും ഉണ്ടായിരിക്കുകയുള്ളൂ.—യെശയ്യാവു 11:9.
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ ഭൂതനിശ്വസ്ത ഉപദേശങ്ങൾ ആദ്യമായി കേട്ടത് എപ്പോഴാണ്?
◻ സാത്താനും ഭൂതങ്ങളും പ്രോത്സാഹിപ്പിക്കുന്ന ചില ഭോഷ്കുകൾ ഏതെല്ലാമാണ്?
◻ ഏതു വിധങ്ങളിലാണു സാത്താൻ ഇന്നു വളരെയധികം സജീവമായി പ്രവർത്തിക്കുന്നത്?
◻ ഭൂതങ്ങളുടെ ഉപദേശങ്ങൾ പ്രോത്സാഹിപ്പിക്കാൻ സാത്താൻ എന്താണു ചെയ്യുന്നത്?
◻ ദിവ്യ ബോധനത്തോടു പററിനിൽക്കുന്നവർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കുന്നു?
[9-ാം പേജിലെ ചിത്രം]
ഭൂതോപദേശം ആദ്യമായി കേട്ടത് ഏദൻതോട്ടത്തിലാണ്
[10-ാം പേജിലെ ചിത്രം]
മറുവിലയെയും രാജ്യത്തെയും സംബന്ധിച്ച ദിവ്യ ബോധനം മാത്രമേ മനുഷ്യവർഗത്തിനു പ്രത്യാശ നൽകുന്നുള്ളൂ