നമ്മുടെ ദുർഘടനാളുകളിലേക്കുള്ള സഹായകരമായ പ്രബോധനം
“അന്ത്യനാളുകളിൽ ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങൾ ഇവിടെ ഉണ്ടായിരിക്കും എന്നറിയുക. . . . ദുഷ്ട മനുഷ്യരും കാപട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും.”—2 തിമൊഥെയോസ് 3:1, 13, NW.
1, 2. നാം ഏതു പ്രബോധനങ്ങൾ പിൻപററണമെന്നതിൽ തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്?
നിങ്ങൾ സഹായിക്കപ്പെടുകയാണോ, അതോ ഉപദ്രവിക്കപ്പെടുകയാണോ? നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയാണോ, അതോ അവ ഏറെ വഷളാകുകയാണോ? എന്തു മുഖാന്തരം? പ്രബോധനങ്ങൾ മുഖാന്തരം. അതേ, പ്രബോധനങ്ങൾക്കു നിങ്ങളുടെ ജീവിതത്തെ നല്ല രീതിയിലോ മോശമായ രീതിയിലോ സാരമായി ബാധിക്കാൻ കഴിയും.
2 ഈ അടുത്തകാലത്തു മൂന്നു സഹപ്രൊഫസർമാർ ഇതു സംബന്ധിച്ചു പഠനം നടത്തുകയും അവരുടെ കണ്ടെത്തലുകൾ മതത്തെ സംബന്ധിച്ച ശാസ്ത്രീയ പഠന പത്രികയിൽ [ഇംഗ്ലീഷ്] പ്രസിദ്ധീകരിക്കുകയും ചെയ്തു. നിങ്ങളെയോ നിങ്ങളുടെ കുടുംബത്തെയോ സംബന്ധിച്ച് അവർ പഠനം നടത്തിയിട്ടില്ലായിരിക്കാമെന്നതു വാസ്തവംതന്നെ. എങ്കിലും അവർ കണ്ടെത്തിയതു നമ്മുടെ ദുർഘടനാളുകളെ നേരിടുന്നതിൽ, പ്രബോധനങ്ങൾക്ക് ഒരു വ്യക്തിയുടെ വിജയത്തോട് അഥവാ പരാജയത്തോട് സുവ്യക്തമായ ഒരു ബന്ധമുണ്ടെന്നു പ്രകടമാക്കുന്നു. അടുത്ത ലേഖനത്തിൽ നാം അവർ കണ്ടെത്തിയ സംഗതികളിലേക്കു തിരിയുന്നതായിരിക്കും.
3, 4. നാം ജീവിക്കുന്നതു ദുർഘടനാളുകളിലാണ് എന്നതിനുള്ള ചില തെളിവുകൾ ഏതെല്ലാമാണ്?
3 എന്നിരുന്നാലും ആദ്യംതന്നെ ഈ ചോദ്യം പരിചിന്തിക്കുക: ഇടപെടാൻ പ്രയാസമായ ദുർഘടസമയത്താണു നാം ജീവിക്കുന്നത് എന്നു നിങ്ങൾ സമ്മതിക്കുന്നുവോ? അങ്ങനെയെങ്കിൽ ഈ നാളുകൾ “ഇടപെടാൻ പ്രയാസമായ ദുർഘടസമയ”ങ്ങൾ ആണ് എന്നു സ്ഥാപിക്കുന്ന തെളിവു നിശ്ചയമായും നിങ്ങൾ കണ്ടെത്തും. (2 തിമൊഥെയോസ് 3:1-5, NW) ആളുകളെ ഇതു ബാധിക്കുന്നതു പല വിധങ്ങളിലാണ്. ഉദാഹരണത്തിന്, വ്യത്യസ്ത വിഭാഗങ്ങൾ രാഷ്ട്രീയാധിപത്യത്തിനുവേണ്ടി പോരാടുന്നതുകൊണ്ട് ഇപ്പോൾ ഛിന്നഭിന്നമായിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളെക്കുറിച്ചു നിങ്ങൾക്ക് ഒരുപക്ഷേ അറിയാമായിരിക്കും. മററുള്ളയിടങ്ങളിൽ കൊല്ലും കൊലയും നടക്കുന്നത് മതപരമോ വംശീയമോ ആയ ഭിന്നതകൾ മൂലമാണ്. പരിക്കുപററുന്നത് പട്ടാളക്കാർക്കു മാത്രമല്ല. മൃഗീയ പീഡനത്തിനു വിധേയരായ എണ്ണമററ സ്ത്രീകളെയും പെൺകുട്ടികളെയും അല്ലെങ്കിൽ ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയവ നിഷേധിക്കപ്പെട്ട വൃദ്ധരെയും കുറിച്ചു ചിന്തിക്കുക. അസംഖ്യമാളുകളാണ് കഷ്ടപ്പാടുകളുടെ പടുകുഴിയിലെത്തുന്നത്. ഇത് അഭയാർഥികളുടെ നിലയ്ക്കാത്ത പ്രവാഹത്തിലേക്കും അതുമായി ബന്ധപ്പെട്ട നിരവധി ദുരിതങ്ങളിലേക്കും നയിക്കുന്നു.
4 അടച്ചിട്ട ഫാക്ടറികൾ, തൊഴിലില്ലായ്മ, കിട്ടാതെ പോകുന്ന ആനുകൂല്യങ്ങളും പെൻഷനുകളും, നാണയ-മൂല്യ-ശോഷണം, അല്പമാത്രമോ തികയാത്തതോ ആയ ഭക്ഷണങ്ങൾ എന്നിവയ്ക്കു വഴിയൊരുക്കിക്കൊണ്ടുള്ള സാമ്പത്തിക പ്രശ്നങ്ങളും നമ്മുടെ നാളുകളുടെ അടയാളങ്ങളാണ്. നിങ്ങൾക്കു പ്രശ്നങ്ങളുടെ ഈ പട്ടികയിലേക്ക് ഇനിയും വല്ലതും കൂട്ടിച്ചേർക്കാനുണ്ടോ? ഒരുപക്ഷേ ഉണ്ടായിരിക്കും. ഇനി ഭക്ഷ്യദൗർലഭ്യം, രോഗങ്ങൾ എന്നിവയാൽ കഷ്ടപ്പെടുന്ന ലക്ഷക്കണക്കിനാളുകൾ ഭൂമിയിൽ എല്ലായിടത്തുമുണ്ട്. പൂർവ ആഫ്രിക്കയിൽനിന്നുള്ള ഭയാനകമായ ഫോട്ടോകൾ ചിലപ്പോൾ നിങ്ങൾ കണ്ടിരിക്കാം. എല്ലും തോലും മാത്രമായ സ്ത്രീപുരുഷൻമാരെയും കുട്ടികളെയും അതിൽ കാണാം. അതേപോലെ ദുരിതമനുഭവിക്കുന്നവരാണ് ഏഷ്യയിലെയും ലക്ഷക്കണക്കിനാളുകൾ.
5, 6. നമ്മുടെ ദുർഘടനാളുകളുടെ ഒരു ശക്തമായ തെളിവായി രോഗത്തെയും പരാമർശിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
5 ഇപ്പോൾ വർധിച്ചുകൊണ്ടേയിരിക്കുന്ന, പേടിപ്പെടുത്തുന്ന രോഗങ്ങളെക്കുറിച്ചു നാമെല്ലാം കേട്ടിരിക്കുന്നു. 1993 ജനുവരി 25-ാം തീയതിയിലെ ദ ന്യൂയോർക്ക് ടൈംസ് ഇങ്ങനെ പ്രസ്താവിച്ചു: “ലൈംഗിക അരാജകത്വം, കാപട്യം, താളം തെററിയ പ്രതിരോധം എന്നിവയ്ക്കിടയിൽ ലാററിൻ അമേരിക്കയിലെ എയ്ഡ്സ് ബാധ തഴച്ചുവളർന്ന് ഐക്യനാടുകളിലുള്ളതിനെ കവച്ചുവെക്കാനുള്ള പുറപ്പാടിലാണ്. . . . വളർച്ച ഏറിയപങ്കും സംഭവിക്കുന്നതു സ്ത്രീകൾക്കിടയിലെ വർധിച്ചുവരുന്ന രോഗബാധയിൽനിന്നാണ്.” 1992 ഒക്ടോബറിൽ യു.എസ്.ന്യൂസ് ആൻഡ് & വേൾഡ് റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “ഇതുവരെയുണ്ടായിട്ടുള്ള ഏററവും മഹത്തായ പൊതുജനാരോഗ്യ വിജയങ്ങളിൽ ഒന്നിനെക്കുറിച്ച് ഉദ്ഘോഷിച്ചുകൊണ്ട്, ‘സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള പുസ്തകം അടച്ചുവെക്കേണ്ട’ സമയമായിരിക്കുന്നു എന്ന് യു.എസ്. സർജൻ ജനറൽ പ്രഖ്യാപിച്ചത് വെറും രണ്ടു ദശകങ്ങൾക്കു മുമ്പായിരുന്നു.” എന്നിട്ട് ഇപ്പോൾ എന്തായി? റിപ്പോർട്ട് ഇങ്ങനെ തുടർന്നു പറയുന്നു: “കീഴ്പെടുത്തിക്കഴിഞ്ഞെന്ന് കരുതിയിരുന്ന വ്യാധികളുടെ ഇരകളെക്കൊണ്ട് ആശുപത്രികൾ വീണ്ടും കവിഞ്ഞൊഴുകുകയാണ്. . . . വികാസം പ്രാപിക്കുന്ന പുതിയ ആൻറിബയോട്ടിക്കുകളുടെ വികസനത്തെ കവച്ചുവെച്ചുകൊണ്ട് അവയെ വെല്ലുന്ന ജനിതക തന്ത്രങ്ങൾ സൂക്ഷ്മാണുക്കൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. . . . ‘സാംക്രമിക രോഗത്തിന്റെ ഒരു പുതിയ യുഗത്തിലേക്കു നാം പ്രവേശിക്കുകയാണ്.’”
6 1993 ജനുവരി 11-ലെ ന്യൂസ്വീക്ക് ഒരു ഉദാഹരണം റിപ്പോർട്ടു ചെയ്തു: “ഇപ്പോൾ മലമ്പനി പരാദങ്ങൾ (Malarial parasites) ഓരോ വർഷവും ഏകദേശം 27 കോടി ആളുകളെ ബാധിക്കുന്നു. ഇരുപതു ലക്ഷത്തോളം പേരുടെ ജീവനപഹരിക്കുന്നു . . . ചുരുങ്ങിയതു പത്തുകോടി ആളുകളെയെങ്കിലും ദാരുണമായി ബാധിക്കുകയും ചെയ്യുന്നു. . . . അതേസമയം ഒരിക്കൽ വിജയകരമായ രോഗസൗഖ്യം നൽകിയ മരുന്നുകളെ രോഗം മുമ്പെന്നത്തേക്കാളും അധികം ചെറുത്തുതോൽപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. . . . ചില ദീനങ്ങൾ താമസിയാതെ ഒരിക്കലും സുഖപ്പെടുത്താൻ ആവാത്തവയുമായിത്തീർന്നേക്കാം.” ഇത് ആരെയും നടുക്കുന്നതാണ്.
7. പ്രയാസമായ സമയങ്ങളോട് ഇന്ന് അനേകരും പ്രതികരിക്കുന്നതെങ്ങനെയാണ്?
7 ഈ ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങളിൽ പലരും തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചുകിട്ടാൻ സഹായം തേടുന്നതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. വിഷമഘട്ടങ്ങളെയോ ഏതെങ്കിലും പുതിയ രോഗത്തെയോ നേരിടുന്നതിന് അവ സംബന്ധിച്ച പുസ്തകങ്ങളിലേക്കു തിരിയുന്നവരെക്കുറിച്ചു ചിന്തിക്കുക. പരാജയപ്പെടുന്ന വിവാഹം, കുട്ടികളുടെ പരിപാലനം, മദ്യം അല്ലെങ്കിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അല്ലെങ്കിൽ തങ്ങളുടെ ജോലിത്തിരക്കും ഭവനത്തിലെ സമ്മർദങ്ങളും സമനിലയോടെ എങ്ങനെ കൈകാര്യം ചെയ്യാം എന്നീ കാര്യങ്ങളിലെല്ലാം ഉപദേശം തേടാനുള്ള ബദ്ധപ്പാടിലാണ് മററു ചിലർ. അതേ, അവർക്കു ശരിക്കും സഹായം ആവശ്യമാണ്! നിങ്ങൾ ഒരു സ്വകാര്യ പ്രശ്നവുമായി മല്ലടിക്കുകയാണോ അല്ലെങ്കിൽ യുദ്ധം, ക്ഷാമം, വിപത്ത് എന്നിവ വരുത്തിത്തീർത്ത കുഴപ്പങ്ങളിൽ ചിലത് അനുഭവിക്കുകയാണോ? ഞെരുക്കുന്ന ഒരു പ്രശ്നത്തിനു പരിഹാരമില്ലെന്നു തോന്നിയാൽപ്പോലും ‘അത്തരം നിർണായക സ്ഥിതിയിൽ നാം എത്തിയിരിക്കുന്നത് എന്തുകൊണ്ട്?’ എന്നു ചോദിക്കാൻ നിങ്ങൾക്കു ന്യായമുണ്ട്.
8. ഉൾക്കാഴ്ചയ്ക്കും മാർഗനിർദേശത്തിനുംവേണ്ടി നാം ബൈബിളിലേക്കു തിരിയേണ്ടത് എന്തുകൊണ്ട്?
8 ഇപ്പോഴും ഭാവിയിലുമുള്ള നമ്മുടെ ജീവിതത്തിൽ സംതൃപ്തി കണ്ടെത്താൻതക്കവണ്ണം പ്രതിസന്ധികളെ ഫലപ്രദമായി നേരിടുന്നതിനു മുമ്പ് എന്തുകൊണ്ട് അത്തരം യാതനാനിർഭരമായ നാളുകളെ സഹിക്കേണ്ടിവരുന്നു എന്നു നാം അറിയേണ്ടയാവശ്യമുണ്ട്. തുറന്നുപറഞ്ഞാൽ, നാം ഓരോരുത്തരും ബൈബിളിനെ കണക്കിലെടുക്കാൻ അതു നല്ല കാരണം നൽകുന്നു. നാം എന്തുകൊണ്ടാണു ബൈബിളിലേക്കു വിരൽ ചൂണ്ടുന്നത്? എന്തുകൊണ്ടെന്നാൽ നമ്മുടെ ശോച്യാവസ്ഥയുടെ കാരണങ്ങൾ എന്തെന്നും കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെയാണെന്നുമൊക്കെ കാണിക്കുന്ന കൃത്യമായ പ്രവചനം, മുന്നമേ എഴുതപ്പെട്ട ചരിത്രം, ഉൾക്കൊള്ളുന്നത് അതിൽ മാത്രമാണ്.
ചരിത്രത്തിൽനിന്നുള്ള ഒരു പാഠം
9, 10. മത്തായി 24-ാം അധ്യായത്തിലെ യേശുവിന്റെ പ്രവചനം ഒന്നാം നൂററാണ്ടിൽ നിറവേറിയതെങ്ങനെ?
9 മത്തായി 24-ാം അധ്യായത്തിലെ യേശുവിന്റെ ഉജ്ജ്വലമായ പ്രവചനത്തിന്റെ ഒരു ശ്രദ്ധേയമായ പുനരവലോകനം ഉൾക്കൊള്ളുന്നതായിരുന്നു 1994 ഫെബ്രുവരി 15-ലെ വീക്ഷാഗോപുരം. നിങ്ങളുടെ ബൈബിളിൽനിന്ന് അതേ അധ്യായംതന്നെ എടുക്കുന്നെങ്കിൽ യേശുവിന്റെ ശിഷ്യൻമാർ അവിടുത്തെ ഭാവി സാന്നിധ്യത്തെയും വ്യവസ്ഥിതിയുടെ സമാപനത്തെയും കുറിച്ചുള്ള അടയാളം എന്തായിരിക്കുമെന്നു ചോദിക്കുന്നതു 3-ാം വാക്യത്തിൽ നിങ്ങൾക്കു കാണാവുന്നതാണ്. ഇനി, കള്ള ക്രിസ്തുക്കൾ, യുദ്ധങ്ങൾ, ഭക്ഷ്യക്ഷാമങ്ങൾ, ക്രിസ്ത്യാനികളുടെമേലുള്ള പീഡനം, നിയമരാഹിത്യം, ദൈവരാജ്യത്തെക്കുറിച്ചുള്ള വ്യാപകമായ പ്രസംഗിക്കൽ എന്നിവയെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനങ്ങളാണ് 5 മുതൽ 14 വരെയുള്ള വാക്യങ്ങളിൽ.
10 ആ സംഗതികൾ യഹൂദ വ്യവസ്ഥിതിയുടെ സമാപനത്തിങ്കൽ സംഭവിച്ചു എന്നു ചരിത്രം തെളിയിക്കുന്നു. നിങ്ങൾ അന്നു ജീവിച്ചിരുന്നു എന്നു സങ്കല്പിക്കുക. അവ ദുഷ്കരമായ നാളുകളായിരിക്കുമായിരുന്നില്ലേ? എന്നിരുന്നാലും യരുശലേമിന്റെയും യഹൂദവ്യവസ്ഥിതിയുടെയുംമേൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു മഹാകഷ്ടത്തിന്റെ രൂപത്തിലുള്ള ഒരു മൂർധന്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു. പൊ.യു. 66-ൽ റോമാക്കാർ യരുശലേമിനെ ആക്രമിച്ചതു മുതൽ ഉരുത്തിരിഞ്ഞ സംഭവങ്ങൾ നാം 15-ാം വാക്യത്തിൽ വായിച്ചു തുടങ്ങുന്നു. 21-ാം വാക്യത്തിൽ യേശു പരാമർശിച്ച കഷ്ടത്തിൽ—യരുശലേമിനെ നിലംപരിചാക്കിയ ഏററവും രൂക്ഷ കഷ്ടമായ പൊ.യു. 70-ലെ ആ നാശത്തിൽ—ആ സംഭവങ്ങൾ പാരമ്യത്തിലെത്തി. എന്നിട്ടും ചരിത്രം അവിടെ അവസാനിച്ചില്ലെന്നു നിങ്ങൾക്കറിയാം, അന്നവസാനിക്കുമെന്നു യേശുവും പറഞ്ഞില്ല. 23 മുതൽ 28 വരെയുള്ള വാക്യങ്ങളിൽ പൊ.യു. 70-ലെ മഹാകഷ്ടത്തിനു ശേഷം മററുപല സംഗതികളും സംഭവിക്കുമെന്ന് അവിടുന്ന് പ്രകടമാക്കി.
11. മത്തായി 24-ാം അധ്യായത്തിന്റെ ഒന്നാം നൂററാണ്ടിലെ നിവൃത്തി നമ്മുടെ നാളുകളോടു ബന്ധപ്പെട്ടിരിക്കുന്നത് ഏതു വിധത്തിലാണ്?
11 ‘അതുകൊണ്ടെന്ത്?’ എന്നൊരു ചോദ്യംകൊണ്ട് ഇതിനെ തള്ളിക്കളയാനായിരിക്കും ചിലർ ഇന്നു ചായ്വു കാണിക്കുക. അത് അബദ്ധമായിരിക്കും. പ്രവചനത്തിന്റെ അന്നത്തെ നിവൃത്തിക്കു വലിയ പ്രാധാന്യമുണ്ട്. എന്തുകൊണ്ട്? കൊള്ളാം, യഹൂദ വ്യവസ്ഥിതിയുടെ സമാപനത്തിങ്കലെ യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പങ്ങൾ, മഹാമാരികൾ, പീഡനം എന്നിവ “ജനതകളുടെ നിയമിത കാലങ്ങൾ” 1914-ൽ അവസാനിച്ചതിനു ശേഷം ഒരു വലിപ്പമേറിയ നിവൃത്തിയിലൂടെ പ്രതിഫലിക്കേണ്ടതുണ്ടായിരുന്നു. (ലൂക്കോസ് 21:24, NW) ഈ ആധുനിക നിവൃത്തിക്കു തുടക്കം കുറിച്ചുകൊണ്ട് ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ ഇപ്പോൾ ജീവിക്കുന്ന അനേകർ അതിനു ദൃക്സാക്ഷികളായിരുന്നു. എന്നാൽ 1914-നു ശേഷമാണു നിങ്ങൾ ജനിച്ചതെങ്കിൽപ്പോലും, ഇപ്പോൾ നിറവേറിക്കൊണ്ടിരിക്കുന്ന യേശുവിന്റെ പ്രവചനത്തിനു നിങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോൾ നാം ജീവിക്കുന്നത് ഈ ദുഷ്ട വ്യവസ്ഥിതിയുടെ സമാപനത്തിങ്കലാണെന്ന് ഈ 20-ാം നൂററാണ്ടിലെ സംഭവങ്ങൾ അതിശക്തമാംവിധം തെളിയിക്കുന്നു.
12. യേശു പറയുന്നതനുസരിച്ച്, നമുക്ക് ഇനിയും എന്തു കാണാമെന്നാണു പ്രതീക്ഷിക്കാവുന്നത്?
12 ഇതിനർഥം മത്തായി 24:29-ലെ “കഷ്ടം” നമുക്കു മുന്നിൽ സ്ഥിതിചെയ്യുന്നു എന്നാണ്. അതിൽ നമുക്കു വിഭാവന ചെയ്യാൻ കഴിയാത്ത ആകാശപ്രതിഭാസങ്ങൾ അടങ്ങിയിരിക്കും. നാശം അടുത്തു എന്നു തെളിയിക്കുന്ന ഒരു വ്യത്യസ്ത അടയാളം അപ്പോൾ ജനങ്ങൾ കാണുമെന്നു 30-ാം വാക്യം പ്രകടമാക്കുന്നു. ലൂക്കൊസ് 21:25-28-ലെ സമാന്തര വിവരണമനുസരിച്ച് ആ സമയത്തു ‘ഭൂലോകത്തിന്നു എന്തു ഭവിപ്പാൻ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാർത്തുംകൊണ്ടു മനുഷ്യർ നിർജ്ജീവൻമാർ ആകും.’ തങ്ങളുടെ വിമോചനം വളരെ അടുത്തിരിക്കുന്നതുകൊണ്ടു ക്രിസ്ത്യാനികൾ തങ്ങളുടെ ശിരസ്സുയർത്തും എന്നുകൂടി ലൂക്കോസിന്റെ വിവരണം പറയുന്നു.
13. ഏതു രണ്ടു മുഖ്യസംഗതികൾക്കാണു നാം ശ്രദ്ധ കൊടുക്കേണ്ടത്?
13 ‘ഒക്കെ കൊള്ളാം, പക്ഷേ എനിക്ക് നമ്മുടെ ദുഷ്കര നാളുകളെ മനസ്സിലാക്കാനും അഭിമുഖീകരിക്കാനും എങ്ങനെ കഴിയും എന്നതാണു പ്രശ്നം, അതാണെന്റെ ചിന്ത’ എന്നു നിങ്ങൾ പറഞ്ഞേക്കാം. നിങ്ങൾ പറയുന്നതു ശരിയാണ്. മുഖ്യ പ്രശ്നങ്ങളെ തിരിച്ചറിയുകയും നമുക്ക് അവയെ എപ്രകാരം ഒഴിവാക്കാൻ കഴിയും എന്നു ശ്രദ്ധിക്കുകയുമാണു നാം ചെയ്യേണ്ട ആദ്യസംഗതി. അതുമായി ബന്ധപ്പെട്ടതാണു രണ്ടാമത്തേത്, അതായത് ഇപ്പോൾ കൂടുതൽ മെച്ചമായ ഒരു ജീവിതം ആസ്വദിക്കാൻ തിരുവെഴുത്തുപരമായ പ്രബോധനങ്ങൾക്കു നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും എന്നത്. ഇതിനോടുള്ള ബന്ധത്തിൽ ദയവായി നിങ്ങളുടെ ബൈബിൾ തുറന്നു 2 തിമൊഥെയൊസ് 3-ാം അധ്യായം എടുത്ത് അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ കഠിന സമയങ്ങളെ നേരിടാൻ നമ്മെ എപ്രകാരമാണു സഹായിക്കാനാവുക എന്നു കാണുക.
നമ്മുടെ നാളുകളെ സംബന്ധിച്ച ഒരു പ്രവചനം
14. 2 തിമൊഥെയൊസ് 3:1-5-ന്റെ പരിചിന്തനം നമുക്കു പ്രയോജനം കൈവരുത്തുമെന്നു വിശ്വസിക്കാൻ കാരണമുള്ളത് എന്തുകൊണ്ട്?
14 കൂടുതൽ വിജയപ്രദവും കൂടുതൽ സന്തുഷ്ടവുമായ ജീവിതം നയിക്കാൻ വിശ്വസ്ത ക്രിസ്ത്യാനിയായിരുന്ന തിമൊഥെയോസിനെ സഹായിച്ച ഉത്തമ ബുദ്ധ്യുപദേശങ്ങൾ എഴുതാൻ അപ്പോസ്തലനായ പൗലോസിനെ ദൈവം നിശ്വസ്തനാക്കി. പൗലോസ് എഴുതിയതിലെ ഒരു ഭാഗം നമ്മുടെ നാളിൽ പ്രമുഖമായി നിവൃത്തിയേറേണ്ടിയിരുന്നു. അവ നിങ്ങൾക്കു നന്നായിട്ടറിയാം എന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽപ്പോലും, 2 തിമൊഥെയൊസ് 3:1-5-ലെ പ്രാവചനിക വാക്കുകൾ സസൂക്ഷ്മം വായിക്കുക. പൗലോസ് ഇപ്രകാരം എഴുതി: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും ദൂഷകൻമാരും അമ്മയപ്പൻമാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയൻമാരും ഉഗ്രൻമാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.”
15. 2 തിമൊഥെയൊസ് 3:1 ഇപ്പോൾ നമ്മെ സംബന്ധിച്ചു വിശേഷാൽ താത്പര്യം ഉള്ളതായിരിക്കുന്നതെന്തുകൊണ്ട്?
15 അവിടെ 19 സംഗതികൾ പട്ടികപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക. നാം ഇവ പരിശോധിച്ചു പ്രയോജനം നേടുന്നതിനു മുമ്പ്, അതിന്റെ ഒരു ആകമാന വീക്ഷണം നടത്തുക. 1-ാം വാക്യത്തിലേക്കു നോക്കൂ. “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും” എന്നു പൗലോസ് മുൻകൂട്ടിപ്പറഞ്ഞു. ഏത് “അന്ത്യകാലം” [“അന്ത്യനാളുകൾ,” NW]? പുരാതന പോംപെയുടെ അന്ത്യനാളുകൾ മുതൽ ഒരു രാജാവിന്റെയോ ഒരു ഭരണകുടുംബത്തിന്റെയോ അന്ത്യനാളുകൾ വരെയുള്ള പല അന്ത്യനാളുകളും ഉണ്ടായിട്ടുണ്ട്. യഹൂദ വ്യവസ്ഥിതിയുടെ അന്ത്യനാളുകൾ പോലുള്ള അനേകം അന്ത്യനാളുകളെക്കുറിച്ചു ബൈബിളും സൂചിപ്പിക്കുന്നുണ്ട്. (പ്രവൃത്തികൾ 2:16, 17) എന്നിരുന്നാലും പൗലോസ് സൂചിപ്പിക്കുന്ന “അന്ത്യനാളുകൾ” നമ്മുടെ നാളുകളെയാണ് അർഥമാക്കുന്നതെന്നു മനസ്സിലാക്കാൻ യേശു നമുക്ക് അടിസ്ഥാനമൊരുക്കി.
16. ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തം നമ്മുടെ നാളുകളിൽ ഏതു സ്ഥിതിവിശേഷം ഉണ്ടാകുമെന്നു മുൻകൂട്ടിപ്പറഞ്ഞു?
16 ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തത്തിലൂടെയാണ് യേശു അതു ചെയ്തത്. ഇവ ഒരു വയലിൽ വിതച്ച്, വളരാനുള്ള അവസരമൊരുക്കി. സത്യക്രിസ്ത്യാനികളും വ്യാജക്രിസ്ത്യാനികളുമായ ആളുകളെ ഗോതമ്പും കളകളും പ്രതിനിധാനം ചെയ്യുന്നുവെന്ന് അവിടുന്ന് പറഞ്ഞു. മുഴുദുഷ്ട വ്യവസ്ഥിതിയുടെയും സമാപനത്തിനു മുമ്പു നീണ്ട ഒരു കാലഘട്ടം കടന്നുപോകുമെന്ന് ഈ ദൃഷ്ടാന്തം തെളിയിക്കുന്നതിനാലാണു നാം ഇതു സൂചിപ്പിച്ചത്. സമാപനം എത്തുമ്പോൾ ഒരു സംഗതി പൂത്തുലഞ്ഞു നിൽപ്പുണ്ടായിരിക്കും. എന്ത്? വിശ്വാസത്യാഗം അഥവാ ദുഷ്ടതയുടെ ഒരു വൻവിളവെടുപ്പിനിടയാക്കുന്ന സത്യക്രിസ്ത്യാനിത്വം വിട്ടുകളയൽ. ദുഷ്ട വ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ ഇതു സംഭവിക്കുമെന്നു മററു ബൈബിൾ പ്രവചനങ്ങൾ സ്ഥിരീകരിക്കുന്നു. നമ്മൾ ഇന്ന് ആയിരിക്കുന്നത് അവിടെയാണ്, വ്യവസ്ഥിതിയുടെ സമാപനത്തിങ്കൽ.—മത്തായി 13:24-30, 36-43.
17. വ്യവസ്ഥിതിയുടെ സമാപനത്തെ സംബന്ധിച്ചു 2 തിമൊഥെയൊസ് 3:1-5 ഏതു സമാന്തരവിവരം നൽകുന്നു?
17 ഇതിന്റെ പ്രാധാന്യം നിങ്ങൾ മനസ്സിലാക്കുന്നുണ്ടോ? വ്യവസ്ഥിതിയുടെ സമാപനത്തിങ്കൽ അല്ലെങ്കിൽ അന്ത്യനാളുകളിൽ ക്രിസ്ത്യാനികൾക്കു ചുററും ഉണ്ടാകുന്ന വിളവ് മോശമായിരിക്കുമെന്ന ഒരു സമാന്തര സൂചന 2 തിമൊഥെയൊസ് 3:1-5 നമുക്കു നൽകുന്നു. പട്ടികപ്പെടുത്തിയിരിക്കുന്ന 19 കാര്യങ്ങളാണ് അന്ത്യനാളുകൾ എത്തിയെന്നു തെളിയിക്കാനുള്ള പരമമായ മാർഗം എന്നു പൗലോസ് പറയുകയായിരുന്നില്ല. പ്രത്യുത, അന്ത്യനാളിൽ നാം എന്തിനോടു പോരാടേണ്ടതുണ്ടായിരിക്കും എന്ന് അദ്ദേഹം മുന്നറിയിപ്പു നൽകുകയായിരുന്നു. 1-ാം വാക്യം “ദുർഘടസമയങ്ങ”ളെ [“ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങ”ളെ, NW] കുറിച്ചു സംസാരിക്കുന്നു. ആ പദപ്രയോഗം ഗ്രീക്കിൽനിന്നാണ്, അത് അക്ഷരീയമായി “കഠോര നിയമിത സമയം” എന്ന് അർഥമാക്കുന്നു. (രാജ്യവരിമധ്യ ഭാഷാന്തരം) നമ്മൾ ഇന്ന് അഭിമുഖീകരിക്കുന്നതിനെ “കഠോര” എന്ന വാക്ക് ഉചിതമായി വർണിക്കുന്നു എന്നതിനോടു നിങ്ങൾ യോജിക്കുന്നില്ലേ? നമ്മുടെ നാളുകളെക്കുറിച്ചുള്ള ദിവ്യ ഉൾക്കാഴ്ച നൽകുന്നതിൽ തുടരുകയാണ് ഈ നിശ്വസ്തരേഖ.
18. പൗലോസിന്റെ പ്രാവചനിക വാക്കുകൾ പഠിക്കുമ്പോൾ നാം എന്തിലാണു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്?
18 നമ്മുടെ കാലഘട്ടം എത്രമാത്രം യാതനാഭരിതമായ അല്ലെങ്കിൽ കഠോരമായ ദുരന്തങ്ങൾ ഉൾക്കൊള്ളുന്നതാണ് എന്നു തിരിച്ചറിയാൻ ഈ പ്രവചനത്തിലുള്ള നമ്മുടെ താത്പര്യം നമ്മെ പ്രാപ്തരാക്കണം. നമ്മുടെ രണ്ടു പ്രധാന ലക്ഷ്യങ്ങൾ ഓർമിക്കുക: (1) നമ്മുടെ കാലഘട്ടങ്ങളെ പ്രയാസകരമാക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയുകയും അവ ഒഴിവാക്കേണ്ടതെങ്ങനെയെന്നു കാണുകയും ചെയ്യുക; (2) കൂടുതൽ മെച്ചപ്പെട്ട ജീവിതം ആസ്വദിക്കാൻ നമ്മെ സഹായിക്കാൻ കഴിയുന്ന യഥാർഥത്തിൽ പ്രായോഗികമായ പ്രബോധനങ്ങൾ പിൻപററുക. അതുകൊണ്ടു ദോഷവശങ്ങൾക്ക് ഊന്നൽ കൊടുക്കുന്നതിനുപകരം ഈ ഇടപെടാൻ പ്രയാസമായ ദുർഘടസമയത്ത് നമ്മെയും നമ്മുടെ കുടുംബങ്ങളെയും സഹായിക്കാൻ കഴിയുന്ന പ്രബോധനങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും.
സമൃദ്ധമായ പ്രയോജനങ്ങൾ കൊയ്തെടുക്കുവിൻ
19. ആളുകൾ സ്വസ്നേഹികളാണെന്നതിനു നിങ്ങൾ കണ്ടിരിക്കുന്ന തെളിവെന്ത്?
19 അന്ത്യനാളുകളിൽ ‘മനുഷ്യർ സ്വസ്നേഹികളായി’ത്തീരുമെന്നു പ്രവചിച്ചുകൊണ്ടു പൗലോസ് തന്റെ പട്ടിക ആരംഭിക്കുന്നു. (2 തിമൊഥെയൊസ് 3:2) അദ്ദേഹം എന്താണ് അർഥമാക്കിയത്? അഹംഭാവികളും സ്വാർഥലോലുപരുമായ സ്ത്രീ-പുരുഷൻമാർ ചരിത്രത്തിലുടനീളം ഉണ്ടായിരുന്നിട്ടുണ്ട് എന്നു നിങ്ങൾ പറഞ്ഞാൽ അതു ശരിയായിരിക്കും. എന്നിരുന്നാലും ഇന്ന് ഈ വൈകല്യം അസാധാരണമാംവിധം വ്യാപകമാണ് എന്നതിന് ഒരു സംശയവുമില്ല. പലരിലും അത് അതിരു കവിയുന്നു. രാഷ്ട്രീയവും വാണിജ്യപരവുമായ ലോകത്ത് അതു സാധാരണമാണ്. എന്തു വില കൊടുത്തും അധികാരവും പ്രശസ്തിയും കരസ്ഥമാക്കാൻ സ്ത്രീ-പുരുഷൻമാർ പരിശ്രമിക്കുന്നു. സാധാരണമായി മററുള്ളവരാണു നല്ല വില കൊടുക്കേണ്ടിവരുന്നത്, കാരണം സ്വസ്നേഹികളായ ഇവർ മററുള്ളവർക്ക് എങ്ങനെ ദോഷം വരുത്തുന്നു എന്നു ചിന്തിക്കാറില്ല. മററുള്ളവർക്കെതിരെ അവർ പെട്ടെന്നു നിയമ നടപടികൾ സ്വീകരിക്കുകയോ അവരെ ചതിക്കുകയോ ചെയ്യുന്നു. “ഞാൻതലമുറ” എന്നു പലരും ഈ തലമുറയെ വിളിക്കുന്നതെന്തുകൊണ്ടെന്നു നിങ്ങൾക്കു മനസ്സിലാക്കാവുന്നതാണ്. അച്ചടക്കരഹിതരും സ്വാർഥലോലുപരും പെരുകുകയാണ്.
20. സ്വന്തം കാര്യം മാത്രം നോക്കുക എന്ന ഇപ്പോഴത്തെ ആത്മാവിനോടു ബൈബിളിലെ ബുദ്ധ്യുപദേശം വിപരീതമായിരിക്കുന്നതെങ്ങനെ?
20 ‘സ്വസ്നേഹികളായ’ ആളുകളുമായി ഇടപെട്ടപ്പോൾ നമുക്കുണ്ടായ കയ്പേറിയ അനുഭവങ്ങൾ നമ്മെ ആരും അനുസ്മരിപ്പിക്കേണ്ടതില്ല. ഈ പ്രശ്നത്തെ പരമാർഥതയോടെ തിരിച്ചറിയിച്ചുകൊണ്ട്, ഈ കെണി എങ്ങനെ ഒഴിവാക്കാമെന്നു നമ്മെ പഠിപ്പിക്കുന്നതിനാൽ ബൈബിൾ യഥാർഥത്തിൽ നമ്മെ സഹായിക്കുകയാണ് എന്നതു സത്യമല്ലേ. അതു പറയുന്നത് ഇങ്ങനെയാണ്: “സ്വാർഥ അഭിലാഷത്തിൽനിന്നോ പൊങ്ങച്ചം പറയാനുള്ള വിലകുറഞ്ഞ ആഗ്രഹത്തിൽനിന്നോ ഒന്നും ചെയ്യരുത്, പിന്നെയോ തന്നെക്കാൾ ശ്രേഷ്ഠരായി മററുള്ളവരെ എല്ലായ്പോഴും കരുതിക്കൊണ്ട് അന്യോന്യം താഴ്മയുള്ളവരായിരിപ്പിൻ. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം അല്ല; മററുള്ളവന്റെ താത്പര്യങ്ങളും നോക്കുക.” “ഉള്ളതിനെക്കാൾ കൂടുതൽ നിങ്ങളെപ്പററി സ്വയം ചിന്തിക്കരുത്. പകരം, ചിന്തയിൽ വിനീതനായിരിക്കുക.” ഈ ഉത്കൃഷ്ട ഉപദേശം കാണപ്പെടുന്നതു ഫിലിപ്പ്യർ 2:3, 4-ലും റോമർ 12:3-ലുമാണ്, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ.
21, 22. (എ) അത്തരം ബുദ്ധ്യുപദേശത്തിന് ഇന്നു സഹായകരമായിരിക്കാൻ കഴിയുമെന്നതിനുള്ള ബൃഹത്തായ തെളിവെന്ത്? (ബി) ദൈവത്തിന്റെ ബുദ്ധ്യുപദേശത്തിനു സാധാരണ വ്യക്തികളുടെമേൽ എന്തു ഫലമുണ്ടായിരിക്കുന്നു?
21 ‘അതു കൊള്ളാം, പക്ഷേ അതു നടക്കുന്ന കാര്യമല്ല’ എന്നു പറഞ്ഞുകൊണ്ട് ആരെങ്കിലും പ്രതിഷേധിച്ചേക്കാം. ഉവ്വ്, അതു തീർച്ചയായും പ്രായോഗികമാണ്, സാധാരണ മനുഷ്യർ ഇന്ന് അതു പ്രാവർത്തികമാക്കിയിരിക്കുന്നു. ഓക്സ്ഫോർഡ് യൂണിവേഴ്സിററിക്കു വേണ്ടിയുള്ള പ്രസാധകർ 1990-ൽ വിഭാഗീയചിന്തയുടെ സാമൂഹിക മാനങ്ങൾ [ഇംഗ്ലീഷ്] എന്ന പുസ്തകം അച്ചടിച്ചു. “ഒരു കത്തോലിക്കാ രാജ്യത്തിൽ യഹോവയുടെ സാക്ഷികൾ” എന്ന അതിന്റെ 8-ാമത്തെ അധ്യായശീർഷകം ബെൽജിയത്തിലെ ഒരു ഗവേഷണപഠനത്തെ വിവരിക്കുന്നതായിരുന്നു. നാം ഇങ്ങനെ വായിക്കുന്നു: “‘സത്യ’ത്തിന്റെ തനതായ ആകർഷണത്തിനു പുറമേ, ഒരു സാക്ഷിയായിത്തീരാനിടയാക്കുന്ന ക്രിയാത്മകമായ ആകർഷണത്തിലേക്കു തിരിഞ്ഞുകൊണ്ട്, പ്രതികരിച്ചവർ ചിലപ്പോൾ ഒന്നിൽക്കൂടുതൽ സ്വഭാവവിശേഷങ്ങൾ ആവർത്തിച്ചു സൂചിപ്പിച്ചു. . . . ഊഷ്മളത, സൗഹൃദം, സ്നേഹം, ഐക്യം എന്നിവയായിരുന്നു ഏററവും കൂടുതൽ ആവർത്തിച്ചുകേട്ട ഗുണങ്ങൾ, എന്നാൽ അത്രയുമല്ല, സത്യസന്ധതയും ‘ബൈബിൾ തത്ത്വങ്ങൾ പ്രാവർത്തികമാക്കുമ്പോഴത്തെ’ തങ്ങളുടെ വ്യക്തിപരമായ പെരുമാററവും സാക്ഷികൾ താലോലിച്ച ഗുണങ്ങളായിരുന്നു.”
22 ഈ ആകമാന വീക്ഷണത്തെ വിശാലകോണ (wide-angle) ലെൻസുപയോഗിച്ച് എടുത്ത ചിത്രത്തോടു തുലനം ചെയ്യാവുന്നതാണ്. അതിനുപകരം, സ്സൂംലെൻസോ (zoom) ടെലിഫോട്ടോ ലെൻസോ നിങ്ങൾ ഉപയോഗിച്ചിരുന്നെങ്കിൽ പല യഥാർഥ ജീവിതാനുഭവങ്ങളുടെയും ഒരു അടുത്ത വീക്ഷണം നിങ്ങൾക്കു ലഭിച്ചേനെ. ഗർവിഷ്ഠരും കീഴ്വഴക്കമില്ലാത്തവരും അല്ലെങ്കിൽ ആക്ഷേപകരമാംവിധം സ്വാർഥരുമായിരുന്ന, എന്നാൽ ഇപ്പോൾ തങ്ങളുടെ ഇണകളോടും കുട്ടികളോടും മററുള്ളവരോടും കൂടുതൽ ആർദ്രതയും ദയാവായ്പും പ്രകടമാക്കുന്ന ഭർത്താക്കൻമാരും പിതാക്കൻമാരും ആയിത്തീർന്നിട്ടുള്ള, കൂടുതൽ താഴ്മയുള്ള മനുഷ്യർ ഇവരിൽ ഉൾപ്പെടുന്നു. അധികാരം കാട്ടുന്നവരോ കർക്കശരോ ആയിരുന്ന, എന്നാൽ ഇപ്പോൾ യഥാർഥ ക്രിസ്ത്യാനിത്വത്തിന്റെ പാത പഠിക്കാൻ മററുള്ളവരെ സഹായിക്കുന്ന സ്ത്രീകളും അതിൽ ഉൾപ്പെടുന്നു. വാസ്തവത്തിൽ അത്തരത്തിലുള്ള ലക്ഷക്കണക്കിനു ദൃഷ്ടാന്തങ്ങളുണ്ട്. അതുകൊണ്ട്, ദയവായി നേരുള്ളവരായിരിക്കുക. അതുപോലുള്ള ആളുകൾ നിങ്ങൾക്കു ചുററും ഉണ്ടായിരിക്കുന്നത്, തങ്ങളെത്തന്നെ ഒന്നാമതായി സ്നേഹിക്കുന്ന സ്ത്രീ-പുരുഷൻമാർക്കിടയിൽ ആയിരിക്കുന്നതിനെക്കാൾ വളരെ മെച്ചമായി നിങ്ങൾക്കു തോന്നുന്നില്ലേ? അതു നമ്മുടെ ദുർഘടനാളുകളെ തരണം ചെയ്യുക കൂടുതൽ എളുപ്പമാക്കില്ലേ? ആ സ്ഥിതിക്ക്, അത്തരം ബൈബിൾ തത്ത്വങ്ങൾ പിൻപററുന്നതു നിങ്ങളെ കൂടുതൽ സന്തുഷ്ടരാക്കില്ലേ?
23. 2 തിമൊഥെയൊസ് 3:2-5-ന് ഇനിയും ശ്രദ്ധ നൽകുന്നതു മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
23 2 തിമൊഥെയൊസ് 3:2-5-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലോസിന്റെ പട്ടികയിലെ ആദ്യ സംഗതി മാത്രമേ നാമിവിടെ പരിചിന്തിച്ചുള്ളൂ. മററുള്ളവയോ? പ്രശ്നങ്ങൾ ഒഴിവാക്കാനും ഏതു ഗതിയാണു നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും കൂടുതൽ സന്തുഷ്ടി കൈവരുത്തുന്നത് എന്നു മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കാനും കഴിയേണ്ടതിനു നിങ്ങൾ അവയെ ശ്രദ്ധാപൂർവം പരിശോധിക്കുന്നെങ്കിൽ നമ്മുടെ നാളുകളിലെ പ്രധാന പ്രശ്നങ്ങളെ തിരിച്ചറിയാൻ അതും നിങ്ങളെ സഹായിക്കുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി സമൃദ്ധമായ അനുഗ്രഹം നേടാൻ നിങ്ങളെ സഹായിക്കുന്നതാണു പിൻവരുന്ന ലേഖനം.
ഓർമിക്കേണ്ട ആശയങ്ങൾ
◻ നാം ജീവിക്കുന്നതു ദുർഘടനാളുകളിലാണ് എന്നതിനുള്ള ചില തെളിവുകൾ ഏതെല്ലാമാണ്?
◻ നാം അന്ത്യനാളുകളിൽ ജീവിക്കുന്നു എന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
◻ 2 തിമൊഥെയൊസ് 3:1-5-ന്റെ പഠനത്തിൽനിന്നു നമുക്കു ലഭിക്കുന്ന രണ്ടു പ്രധാന ആശയങ്ങളെന്ത്?
◻ അനേകർ സ്വസ്നേഹികളായിരിക്കുന്ന ഈ കാലഘട്ടത്തിൽ യഹോവയുടെ ജനത്തെ ബൈബിൾ പ്രബോധനം സഹായിച്ചിരിക്കുന്നതെങ്ങനെ?
[8-ാം പേജിലെ ചിത്രത്തിന്റെ കടപ്പാട്]
Photo top left: Andy Hernandez/Sipa Press; photo bottom right: Jose Nicolas/Sipa Press