വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ശൗലിന്റെ പടയാളികൾ രക്തത്തോടുകൂടിയ മാംസം ഭക്ഷിച്ചപ്പോൾ, ദൈവത്തിന്റെ ന്യായപ്രമാണത്തിൽ അതിനു വധശിക്ഷയായിരുന്നിട്ടും അവരെ എന്തുകൊണ്ടു വധിച്ചില്ല?
രക്തം സംബന്ധിച്ച ദൈവനിയമത്തെ ഈ പുരുഷൻമാർ ലംഘിക്കുകതന്നെ ചെയ്തു. എന്നാൽ അവരോടു കരുണ കാണിച്ചിരിക്കാം, കാരണം അവർക്കു രക്തത്തോട് ആദരവ് ഉണ്ടായിരുന്നു. പക്ഷേ, അത്തരം ആദരവ് കാട്ടുന്നതിൽ അവർ ഏറെ ഉത്സാഹം കാണിക്കേണ്ടിയിരുന്നു എന്നത് സത്യമാണ്.
സാഹചര്യം പരിഗണിക്കുക. ശൗൽ രാജാവിന്റെയും അദ്ദേഹത്തിന്റെ മകനായ യോനാഥാന്റെയും കീഴിലുള്ള ഇസ്രായേല്യർ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുകയായിരുന്നു. യുദ്ധത്തിൽ “യിസ്രായേല്യർ വിഷമത്തിലായിരുന്ന” ഒരു ഘട്ടത്തിൽ ശത്രുവിനെ തോൽപ്പിക്കുന്നതുവരെ തന്റെ ആളുകൾ യാതൊന്നും ഭക്ഷിക്കരുതെന്നു ശൗൽ എടുത്തുചാടി പ്രതിജ്ഞ ചെയ്തു. (1 ശമൂവേൽ 14:24) എന്നാൽ പെട്ടെന്നുതന്നെ അദ്ദേഹത്തിന്റെ പ്രതിജ്ഞ ഒരു പ്രശ്നം സൃഷ്ടിച്ചു.
അദ്ദേഹത്തിന്റെ ആളുകൾ പൊരിഞ്ഞ പോരാട്ടം നടത്തി യുദ്ധം ജയിക്കുകയായിരുന്നു, എന്നാൽ കഠിനാധ്വാനം വലിയ ദോഷഫലം ചെയ്തു. അവർ പട്ടിണി കിടന്നു വലഞ്ഞു. ആ രൂക്ഷമായ സാഹചര്യത്തിൽ അവർ എന്തു ചെയ്തു? “ജനം കൊള്ളക്കു ഓടിച്ചെന്നു ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ചു നിലത്തു വെച്ചു അറുത്തു രക്തത്തോടുകൂടെ തിന്നു.”—1 ശമൂവേൽ 14:32.
രക്തം സംബന്ധിച്ച ദൈവനിയമത്തിന്റെ ലംഘനമായിരുന്നു അത്. ശൗലിന്റെ ആളുകളിൽ ചിലർ ഇക്കാര്യം അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞുകൊണ്ട് സൂചിപ്പിക്കുകയും ചെയ്തു: “ജനം രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യുന്നു.” (1 ശമൂവേൽ 14:33) മൃഗങ്ങളെ അറുക്കുമ്പോൾ അതിന്റെ മാംസം തിന്നുന്നതിനു മുമ്പു രക്തം വാർത്തിക്കളയേണ്ടിയിരുന്നുവെന്നു ന്യായപ്രമാണം പ്രസ്താവിച്ചു. രക്തം വാർത്തിക്കളയാൻ ഭ്രാന്തമായ നടപടികൾ എടുക്കാൻ ദൈവം ആവശ്യപ്പെട്ടില്ല. രക്തം കളയാൻ ന്യായമായ പടികൾ സ്വീകരിക്കുന്നതിനാൽ അവിടുത്തെ ദാസൻമാർക്കു രക്തത്തിന്റെ പ്രാധാന്യത്തോട് ആദരവു പ്രകടമാക്കാൻ കഴിയുമായിരുന്നു. (ആവർത്തനപുസ്തകം 12:15, 16, 21-25) യാഗാർപ്പണത്തിനുവേണ്ടി യാഗപീഠത്തിൽ രക്തം ഉപയോഗിക്കാമായിരുന്നു, എന്നാൽ അതു ഭക്ഷിക്കാൻ പാടില്ലായിരുന്നു. മനഃപൂർവ ലംഘനത്തിനു മരണശിക്ഷ നൽകിയിരുന്നു. എന്തെന്നാൽ ദൈവജനത്തോട് ഇപ്രകാരം പറഞ്ഞിരുന്നു: “യാതൊരു ജഡത്തിന്റെ രക്തവും നിങ്ങൾ ഭക്ഷിക്കരുതു . . . സകലജഡത്തിന്റെയും ജീവൻ അതിന്റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.”—ലേവ്യപുസ്തകം 17:10-14.
ശൗൽ രാജാവിന്റെ യോദ്ധാക്കൾ മനഃപൂർവം ന്യായപ്രമാണം ലംഘിക്കുകയായിരുന്നോ? രക്തം സംബന്ധിച്ച ദിവ്യനിയമത്തോട് അവർ സമ്പൂർണമായ അനാദരവു പ്രകടമാക്കുകയായിരുന്നോ?—സംഖ്യാപുസ്തകം 15:30 താരതമ്യപ്പെടുത്തുക.
നാം അങ്ങനെ നിഗമനം ചെയ്യേണ്ടതില്ല. അവർ ‘മൃഗങ്ങളെ നിലത്തു വെച്ചു അറുത്തു രക്തത്തോടുകൂടെ തിന്നുകയായിരുന്നു’ എന്നു വിവരണം നമ്മോടു പറയുന്നു. അതുകൊണ്ട് രക്തം വാർത്തിക്കളയാൻ അവർ കുറെ ശ്രമം നടത്തിയിരിക്കാം. (ആവർത്തനപുസ്തകം 15:23) എന്നാൽ പട്ടിണി കിടന്നു വലഞ്ഞ അവരുടെ അവസ്ഥയിൽ സാധാരണ രക്തം വാർന്നുപോകാൻ ആവശ്യമായ അത്രയും സമയം അവർ അറുത്ത മൃഗങ്ങളെ കെട്ടിത്തൂക്കിയില്ല. ആടുകളെയും കാളകളെയും അവർ അറുത്തത് “നിലത്തു” വച്ചാണ്, രക്തം വാർന്നുപോകുന്നതിന് അതു തടസ്സമായിരിക്കാൻ കഴിയും. രക്തത്തിൽക്കുളിച്ചു കിടന്നിരിക്കാൻ സാധ്യതയുള്ള മൃതമായ മൃഗശരീരങ്ങളിൽനിന്ന് അവർ പെട്ടെന്നു മാംസം മുറിച്ചെടുത്തു. അതുകൊണ്ട്, ദൈവനിയമം അനുസരിക്കുന്ന കാര്യം അവരുടെ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽപ്പോലും ശരിയായ വിധങ്ങളിലോ വേണ്ടത്ര അളവോളമോ അവർ അനുസരിച്ചില്ല.
തത്ഫലമായി “ജനം . . . രക്തത്തോടുകൂടെ തിന്നു.” അതു പാപമായിരുന്നു. ശൗൽ ഇതു തിരിച്ചറിയുകയും ഒരു വലിയ കല്ലു തന്റെയടുത്ത് ഉരുട്ടിക്കൊണ്ടുവരാൻ ഉത്തരവിടുകയും ചെയ്തു. അദ്ദേഹം പടയാളികളോട് ഇപ്രകാരം കൽപ്പിച്ചു: “ഓരോരുത്തൻ താന്താന്റെ കാളയെയും ആടിനെയും എന്റെ അടുക്കൽ കൊണ്ടുവന്നു ഇവിടെവെച്ചു അറുത്തു തിന്നുകൊൾവിൻ; രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യരുത്.” (1 ശമൂവേൽ 14:33, 34) തെററു ചെയ്ത പടയാളികൾ ഇത് അനുസരിച്ചു, “ശൌൽ യഹോവെക്കു ഒരു യാഗപീഠം പണി”യുകയും ചെയ്തു.—1 ശമൂവേൽ 14:35.
കല്ലിൻമേൽവച്ചു മൃഗങ്ങളെ അറുക്കുന്നത് വേണ്ടത്ര രക്തം വാർന്നുപോകുന്നുവെന്ന് ഏറെക്കുറെ ഉറപ്പുവരുത്തി. അറുത്ത സ്ഥലത്തുനിന്നും മൃഗത്തിന്റെ മാംസം തിന്നുമായിരുന്നു. പാപം ചെയ്തവർക്കുവേണ്ടി ദൈവത്തിന്റെ കരുണ തേടിയപ്പോൾ വാർന്നുപോയ രക്തത്തിൽ കുറച്ച് ശൗൽ യാഗപീഠത്തിൽ ഉപയോഗിച്ചിരിക്കാം. വളരെ ക്ഷീണിച്ചവരും വിശന്നുവലഞ്ഞവരുമായിരുന്നിട്ടും പടയാളികൾ ചെയ്ത ശ്രമം യഹോവ മനസ്സിലാക്കിയതുകൊണ്ടാവാം അവിടുന്ന് അവരോടു കരുണ കാണിച്ചു. ഗതികെട്ട ആ സ്ഥിതിവിശേഷത്തിൽ അദ്ദേഹത്തിന്റെ ആളുകളെ കൊണ്ടെത്തിച്ച ശൗലിന്റെ എടുത്തുചാടിയുള്ള ശപഥവും ദൈവം പരിഗണിച്ചിരിക്കാം.
ഒരു അടിയന്തിര സാഹചര്യം ദിവ്യനിയമത്തെ അവഗണിക്കാനുള്ള ഒരു ഒഴികഴിവല്ലെന്ന് ഈ വിവരണം കാട്ടിത്തരുന്നു. ഒരു പ്രതിജ്ഞ എടുക്കുന്നതിനു മുമ്പു ശ്രദ്ധാപൂർവം ചിന്തിക്കേണ്ടതിന്റെ ആവശ്യം കാണാൻ ഇതു നമ്മെ സഹായിക്കണം. കാരണം എടുത്തുചാടിയുള്ള പ്രതിജ്ഞയ്ക്കു വ്യക്തിപരമായി നമുക്കും അതുപോലെതന്നെ മററുള്ളവർക്കും പ്രശ്നങ്ങൾ വരുത്തിവെക്കാൻ കഴിയും.—സഭാപ്രസംഗി 5:4-6.