യഹോവയുടെ സാക്ഷികൾ ഉണർന്നിരിക്കുന്നതിന്റെ കാരണം
“നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നുനിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.”—മത്തായി 24:42.
1. “ഉണർന്നിരിപ്പിൻ” എന്ന ബുദ്ധ്യുപദേശം ആർക്കാണു ബാധകമാകുന്നത്?
ദൈവത്തിന്റെ സകല ദാസർക്കും—ചെറുപ്പക്കാരോ പ്രായമുള്ളവരോ പുതുതായി സമർപ്പിതരോ സേവനത്തിന്റെ ഒരു നീണ്ട ചരിത്രമുള്ളവരോ ആരായാലും ശരി—ബൈബിളിന്റെ പിൻവരുന്ന ബുദ്ധ്യുപദേശം ബാധകമാണ്: “ഉണർന്നിരിപ്പിൻ”! (മത്തായി 24:42) ഇതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
2, 3. (എ) യേശു വ്യക്തമായി വിവരിച്ച അടയാളമെന്ത്, പ്രവചനത്തിന്റെ നിവൃത്തി എന്തു കാണിച്ചിരിക്കുന്നു? (ബി) മത്തായി 24:42-ൽ പരാമർശിച്ചിരിക്കുന്ന ഏതു സാഹചര്യം നമ്മുടെ വിശ്വാസത്തിന്റെ സത്യതയെ പരിശോധിക്കുന്നു, എങ്ങനെ?
2 ഭൂമിയിലെ തന്റെ ശുശ്രൂഷ അവസാനിക്കാറായപ്പോൾ രാജ്യാധികാരത്തിലുള്ള തന്റെ അദൃശ്യ സാന്നിധ്യത്തെക്കുറിച്ച് യേശു മുൻകൂട്ടി പറഞ്ഞു. (മത്തായി 24-ഉം 25-ഉം അധ്യായങ്ങൾ) തന്റെ രാജകീയ സാന്നിധ്യത്തിന്റെ സമയം അവിടുന്ന് കൃത്യമായി വർണിച്ചു—പ്രവചനനിവൃത്തിയായുള്ള സംഭവങ്ങൾ അവിടുന്ന് 1914-ൽ സ്വർഗത്തിൽ രാജാവെന്ന നിലയിൽ സിംഹാസനാരൂഢനായി എന്നു കാണിക്കുന്നു. നമ്മുടെ വിശ്വാസത്തിന്റെ സത്യതയെ അന്നു പരിശോധിക്കുന്ന ഒരു സാഹചര്യമുണ്ടായിരിക്കുമെന്നും അവിടുന്ന് ചൂണ്ടിക്കാട്ടി. ഈ സന്ദർഭം വധാധികൃതനെന്ന നിലയിൽ യേശുക്രിസ്തു ഈ ദുഷ്ടവ്യവസ്ഥിതിയെ മഹോപദ്രവത്തിൽ നശിപ്പിക്കുന്നതിനോടു ബന്ധപ്പെട്ടതാണ്. ആ സന്ദർഭത്തെ പരാമർശിച്ചുകൊണ്ടു യേശു ഇപ്രകാരം പറഞ്ഞു: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതൻമാരും പുത്രനും കൂടെ അറിയുന്നില്ല.” അതു മനസ്സിൽ വെച്ചുകൊണ്ടാണ് “നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ” എന്നു യേശു പറഞ്ഞത്.—മത്തായി 24:36, 42.
3 മഹോപദ്രവം ഏതു നാളിൽ, ഏതു നാഴികയിൽ തുടങ്ങും എന്നു നമുക്കറിഞ്ഞുകൂടാ. ആ സ്ഥിതിക്ക് ക്രിസ്ത്യാനികളെന്നു നാം അവകാശപ്പെടുന്നെങ്കിൽ ഓരോ ദിവസവും സത്യക്രിസ്ത്യാനികളായി ജീവിക്കേണ്ടത് ആവശ്യമാണ്. മഹോപദ്രവം വന്നെത്തുമ്പോൾ നിങ്ങളുടെ ജീവിതരീതിയിൽ കർത്താവ് പ്രസന്നനായിരിക്കുമോ? അതല്ല മരണമാണ് ആദ്യം സംഭവിക്കുന്നതെങ്കിൽ നിങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തിന്റെ അവസാനംവരെ യഹോവയെ വിശ്വസ്തതയോടെ സേവിച്ചിട്ടുള്ള ഒരാളാണു നിങ്ങളെന്ന് അവിടുന്ന് ഓർമിക്കാൻ വകയുണ്ടോ?—മത്തായി 24:13; വെളിപ്പാടു 2:10.
ആദിമ ശിഷ്യർ ഉണർന്നിരിക്കാൻ പരിശ്രമിച്ചു
4. ആത്മീയമായി ഉണർന്നിരിക്കുന്നതു സംബന്ധിച്ച് യേശുവിന്റെ മാതൃകയിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
4 ആത്മീയമായി ഉണർന്നിരിക്കുന്നതിനു യേശുതന്നെ ഏററവും നല്ല മാതൃക വെച്ചു. അവിടുന്ന് തന്റെ പിതാവിനോടു കൂടെക്കൂടെയും മുട്ടിപ്പായും പ്രാർഥിച്ചു. (ലൂക്കൊസ് 6:12; 22:42-44) പരിശോധനകളെ അഭിമുഖീകരിച്ചപ്പോൾ അവിടുന്ന് തിരുവെഴുത്തുകളിൽ അടങ്ങിയിരിക്കുന്ന മാർഗദർശനത്തിൽ ശക്തമായി ആശ്രയിച്ചു. (മത്തായി 4:3-10; 26:52-54) യഹോവ നിയോഗിച്ചിരുന്ന വേലയിൽനിന്നു വ്യതിചലിക്കാതിരിക്കുവാൻ അവിടുന്ന് ശ്രദ്ധിച്ചു. (ലൂക്കൊസ് 4:40-44; യോഹന്നാൻ 6:15) യേശുവിന്റെ അനുഗാമികളെന്നു സ്വയം കരുതിയവർ അതേമാതിരി ജാഗ്രത പാലിക്കുമായിരുന്നോ?
5. (എ) ആത്മീയ സമനില നിലനിർത്തുന്നതിൽ യേശുവിന്റെ അപ്പോസ്തലൻമാർ ബുദ്ധിമുട്ടനുഭവിക്കാൻ കാരണമെന്ത്? (ബി) പുനരുത്ഥാനത്തിനുശേഷം യേശു തന്റെ അപ്പോസ്തലൻമാർക്ക് എന്തു സഹായം നൽകി?
5 ചിലപ്പോഴെല്ലാം യേശുവിന്റെ അപ്പോസ്തലൻമാർപോലും വ്യതിചലിക്കുകയുണ്ടായി. ജിജ്ഞാസയുടെയും തെററായ ആശയങ്ങളുടെയും ഫലമായി അവർക്കു നിരാശ അടയേണ്ടിവന്നു. (ലൂക്കൊസ് 19:11; പ്രവൃത്തികൾ 1:6) യഹോവയിൽ പൂർണമായി ആശ്രയിക്കാൻ പഠിക്കുന്നതിനുമുമ്പ് പെട്ടെന്നുള്ള പരിശോധനകൾ അവരെ വിഭ്രാന്തിയിലാക്കി. അതുകൊണ്ട്, യേശുവിനെ അറസ്ററു ചെയ്തപ്പോൾ അവിടുത്തെ അപ്പോസ്തലൻമാർ ഓടിപ്പോയി. പിന്നീട് ആ രാത്രിയിൽ ഭയംമൂലം പത്രോസ് തനിക്കു ക്രിസ്തുവിനെ അറിയാമെന്നകാര്യം ആവർത്തിച്ചാവർത്തിച്ചു തള്ളിപ്പറഞ്ഞു. “ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ” എന്ന യേശുവിന്റെ ബുദ്ധ്യുപദേശം അപ്പോസ്തലൻമാർ അതുവരേക്കും ഹൃദയത്തിൽ ഉൾക്കൊണ്ടിരുന്നില്ല. (മത്തായി 26:41, 55, 56, 69-75) അവരുടെ വിശ്വാസം ബലപ്പെടുത്തുന്നതിനു തന്റെ പുനരുത്ഥാനത്തിനുശേഷം യേശു തിരുവെഴുത്തുകൾ ഉപയോഗിച്ചു. (ലൂക്കൊസ് 24:44-48) തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന വേലയ്ക്കു ചിലർ രണ്ടാം സ്ഥാനം നൽകുന്നതായി കണ്ടപ്പോൾ കൂടുതൽ പ്രധാനമായ വേലയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് യേശു അവരുടെ പ്രചോദനത്തെ ശക്തിപ്പെടുത്തി.—യോഹന്നാൻ 21:15-17.
6. ഏതു രണ്ടു കെണികൾക്കെതിരെയാണ് യേശു അപ്പോസ്തലൻമാർക്കു നേരത്തെ മുന്നറിയിപ്പു നൽകിയത്?
6 ലോകത്തിന്റെ ഭാഗമായിരിക്കരുതെന്നു യേശു തന്റെ ശിഷ്യൻമാർക്കു നേരത്തെ താക്കീതു നൽകിയിരുന്നു. (യോഹന്നാൻ 15:19) അവർ പരസ്പരം കർത്തൃത്വം നടത്തരുതെന്നും മറിച്ച്, സഹോദരൻമാരെന്ന നിലയിൽ ഒന്നിച്ചു സേവിക്കണമെന്നും അവിടുന്ന് അവരെ ഉപദേശിച്ചു. (മത്തായി 20:25-27; 23:8-12) അവർ അവിടുത്തെ ബുദ്ധ്യുപദേശം കൈക്കൊണ്ടോ? അവിടുന്ന് അവർക്കു ചെയ്യാൻ നൽകിയ വേല അവർ മുൻപന്തിയിൽ വെച്ചുവോ?
7, 8. (എ) ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികളുടെ ചരിത്രം അവർ യേശുവിന്റെ ബുദ്ധ്യുപദേശം ഹൃദയത്തിലുൾക്കൊണ്ടിരുന്നുവെന്നു പ്രകടമാക്കുന്നതെങ്ങനെ? (ബി) ആത്മീയമായി നിതാന്ത ജാഗ്രത പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
7 അപ്പോസ്തലൻമാർ ജീവിച്ചിരുന്നിടത്തോളം കാലം സഭയെ അവർ സംരക്ഷിച്ചു. ആദ്യകാല ക്രിസ്ത്യാനികൾ റോമാസാമ്രാജ്യത്തിലെ രാഷ്ട്രീയ കാര്യങ്ങളിൽ ഉൾപ്പെട്ടിരുന്നില്ലെന്നും അവർക്ക് ഉന്നത പുരോഹിതവർഗം ഉണ്ടായിരുന്നില്ലെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. നേരെമറിച്ച് അവർ ദൈവരാജ്യത്തിന്റെ തീക്ഷ്ണതയുള്ള പ്രഘോഷകരായിരുന്നു. ഒന്നാം നൂററാണ്ടിന്റെ അവസാനത്തോടുകൂടി അവർ റോമാസാമ്രാജ്യത്തുടനീളം സാക്ഷ്യം നൽകി. ഏഷ്യയിലും യൂറോപ്പിലും ഉത്തരാഫ്രിക്കയിലും ശിഷ്യരെ ഉളവാക്കുകയും ചെയ്തു.—കൊലൊസ്സ്യർ 1:23.
8 എന്നുവരികിലും പ്രസംഗത്തിലെ ആ നേട്ടങ്ങൾ മേലാൽ ആത്മീയമായി ഉണർന്നിരിക്കേണ്ടയാവശ്യമില്ലെന്ന് അർഥമാക്കിയില്ല. യേശുവിന്റെ മുൻകൂട്ടിപ്പറഞ്ഞ വരവ് അപ്പോഴും വളരെ വിദൂര ഭാവിയിലായിരുന്നു. സഭ പൊ.യു. (പൊതുയുഗം) രണ്ടാം നൂററാണ്ടിൽ പ്രവേശിച്ചതോടെ ക്രിസ്ത്യാനികളുടെ ആത്മീയതയെ അപകടത്തിലാക്കിയ സാഹചര്യങ്ങൾ ഉയർന്നുവന്നു. അതെങ്ങനെ?
ജാഗ്രത വെടിഞ്ഞവർ
9, 10. (എ) അപ്പോസ്തലൻമാരുടെ മരണശേഷം, ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടവരിൽ അനേകരും ഉണർന്നിരിക്കുകയല്ലായിരുന്നു എന്ന് ഏതു സംഭവ വികാസങ്ങൾ പ്രകടമാക്കി? (ബി) ഖണ്ഡികയിൽ പരാമർശിച്ചിരിക്കുന്ന ഏതു തിരുവെഴുത്തുകൾ ആത്മീയമായി ശക്തരായിരിക്കുന്നതിനു ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടവരെ സഹായിക്കുമായിരുന്നു?
9 സഭയിലേക്കു വന്ന ചിലർ തങ്ങൾ പ്രസംഗിച്ചകാര്യങ്ങൾ ലോകത്തിലെ ആളുകൾക്കു കൂടുതൽ സ്വീകാര്യമായിരിക്കേണ്ടതിനു തങ്ങളുടെ വിശ്വാസങ്ങളെ ഗ്രീക്കു തത്ത്വശാസ്ത്രത്തോടു ബന്ധപ്പെടുത്തി പ്രകടമാക്കാൻ തുടങ്ങി. കാലക്രമേണ, ത്രിത്വവും ആത്മാവിന്റെ സഹജമായ അമർത്ത്യതയും പോലുള്ള വിജാതീയ പഠിപ്പിക്കലുകൾ ക്രിസ്ത്യാനിത്വത്തിന്റെ ദുഷിച്ച രൂപത്തിന്റെ ഭാഗമായിത്തീർന്നു. ഇത് ആയിര വർഷ പ്രത്യാശ ഉപേക്ഷിക്കുന്നതിലേക്കു നയിച്ചു. എന്തുകൊണ്ട്? ആത്മാവിന്റെ അമർത്ത്യതയിൽ വിശ്വാസം വെച്ചവർ ക്രിസ്തുവിന്റെ ഭരണത്തിന്റെ അനുഗ്രഹങ്ങൾ എല്ലാം മനുഷ്യശരീരത്തെ അതിജീവിക്കുന്ന ആത്മാവിന് ആത്മമണ്ഡലത്തിൽ നേടാൻ കഴിയും എന്നു നിഗമനം ചെയ്തു. അതുകൊണ്ട് ക്രിസ്തുവിന്റെ സാന്നിധ്യത്തിനും അവിടുത്തെ രാജ്യത്തിന്റെ ആഗമനത്തിനും വേണ്ടി ഉണർന്നിരിക്കേണ്ടയാവശ്യമില്ലെന്ന് അവർ കണക്കാക്കി.—താരതമ്യം ചെയ്യുക: ഗലാത്യർ 5:7-9; കൊലൊസ്സ്യർ 2:8; 1 തെസ്സലൊനീക്യർ 5:21.
10 ഈ സാഹചര്യം മററു സംഭവവികാസങ്ങളാൽ കൂടുതൽ ശക്തമായിത്തീർന്നു. ക്രിസ്തീയ മേൽവിചാരകൻമാർ എന്നവകാശപ്പെട്ട ചിലർ തങ്ങൾക്കുതന്നെ പ്രാമുഖ്യത സമ്പാദിക്കാനുള്ള ഒരു മാർഗമായി തങ്ങളുടെ സഭകളെ ഉപയോഗിച്ചു. അവർ തന്ത്രപൂർവം തങ്ങളുടെ സ്വന്തം ആശയങ്ങൾക്കും പഠിപ്പിക്കലുകൾക്കും തിരുവെഴുത്തുകൾക്കു തുല്യമോ അതിലും ഉന്നതമോ ആയ മൂല്യം കൽപ്പിച്ചു. അവസരം ലഭ്യമായപ്പോൾ ഈ വിശ്വാസരഹിതമായ സഭ രാഷ്ട്രത്തിന്റെ ഭരണസംബന്ധമായ താത്പര്യങ്ങൾക്കുതകുംവിധം സ്വയം ഏൽപ്പിച്ചുകൊടുത്തു.—പ്രവൃത്തികൾ 20:30; 2 പത്രൊസ് 2:1, 3.
വർധിച്ച ജാഗ്രതയുടെ ഫലങ്ങൾ
11, 12. പ്രൊട്ടസ്ററൻറ് പരിഷ്കരണം സത്യാരാധനയിലേക്കുള്ള ഒരു തിരിച്ചുവരവിനെ കുറിക്കാതിരുന്നത് എന്തുകൊണ്ട്?
11 റോമൻ കത്തോലിക്കാ സഭയുടെ പക്ഷത്തുനിന്നുള്ള നൂററാണ്ടുകളായുള്ള ഉപദ്രവത്തിനുശേഷം 16-ാം നൂററാണ്ടിൽ ചില പരിഷ്കർത്താക്കൾ തങ്ങളുടെ സ്വാതന്ത്ര്യവും ജീവനും അപകടപ്പെടുത്തിക്കൊണ്ടുപോലും തുറന്നടിച്ചു സംസാരിച്ചു. എന്നാൽ ഇതു സത്യാരാധനയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചില്ല. എന്തുകൊണ്ടില്ല?
12 വിവിധ പ്രൊട്ടസ്ററൻറ് വിഭാഗങ്ങൾ റോമിന്റെ അധികാരത്തിൽനിന്നു വിടുതൽ നേടിയെങ്കിലും അവർ വിശ്വാസത്യാഗത്തിന്റെ അനേകം അടിസ്ഥാന പഠിപ്പിക്കലുകളും ആചാരങ്ങളും തങ്ങളോടൊപ്പം കൊണ്ടുപോയി. അവയിൽ ചിലത് പുരോഹിത-അൽമായ സങ്കൽപ്പം, ത്രിത്വത്തിലുള്ള വിശ്വാസം, ആത്മാവിന്റെ അമർത്ത്യത, മരണാനന്തര നിത്യദണ്ഡനം എന്നിവയാണ്. റോമൻ കത്തോലിക്കാ സഭയെപ്പോലെ അവർ രാഷ്ട്രീയ ഘടകങ്ങളുമായി അടുത്ത സഖ്യം പുലർത്തിക്കൊണ്ടു ലോകത്തിന്റെ ഭാഗമായിരിക്കുന്നതിൽ തുടർന്നു. അതുകൊണ്ട് അവർ രാജാവെന്നനിലയിലുള്ള ക്രിസ്തുവിന്റെ വരവിന്റെ ഏതു പ്രതീക്ഷയെയും തള്ളിക്കളയാനുള്ള പ്രവണത കാട്ടി.
13. (എ) ചിലർ ദൈവവചനത്തെ യഥാർഥ നിധിപോലെ കാത്തുകൊണ്ടുവെന്നു തെളിയിക്കുന്നതെന്ത്? (ബി) 19-ാം നൂററാണ്ടിൽ ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെട്ട ചിലരിൽ പ്രത്യേകം താത്പര്യം ജനിപ്പിച്ച എന്തു സംഭവം ഉണ്ടായി? (സി) അനേകരും നിരാശയടഞ്ഞതിനു കാരണമെന്ത്?
13 എന്നിരുന്നാലും, അപ്പോസ്തലൻമാരുടെ മരണാനന്തരം രാജ്യത്തിന്റെ യഥാർഥ അവകാശികൾ (അവിടുന്ന് ഗോതമ്പിനോട് ഉപമിച്ചവർ) കൊയ്ത്തുവരെ വ്യാജ ക്രിസ്ത്യാനികളോടൊപ്പം (അഥവാ കളകളോടൊപ്പം) തുടരുമായിരുന്നു എന്നു യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (മത്തായി 13:29, 30) യജമാനൻ ഗോതമ്പെന്നു വീക്ഷിച്ച മുഴുവൻ പേരേയും നമുക്ക് എന്തെങ്കിലും ഉറപ്പോടെ പട്ടികപ്പെടുത്താനാവില്ല. എന്നാൽ 14 മുതൽ 16 വരെയുള്ള നൂററാണ്ടുകളിൽ തങ്ങളുടെ ജീവനും സ്വാതന്ത്ര്യവും പണയപ്പെടുത്തിക്കൊണ്ടു ബൈബിൾ സാമാന്യജനത്തിന്റെ ഭാഷയിലാക്കുന്നതിനു തങ്ങളെത്തന്നെ സമർപ്പിച്ച ആളുകളുണ്ടായിരുന്നു എന്നതു ശ്രദ്ധേയംതന്നെ. മററു ചിലർ ബൈബിളിനെ ദൈവവചനമായി സ്വീകരിക്കുകമാത്രമല്ല ത്രിത്വത്തെ തിരുവെഴുത്തുവിരുദ്ധമായി തള്ളിക്കളയുകയും ചെയ്തു. ആത്മാവിന്റെ അമർത്ത്യതയിലും തീനരകത്തിലെ ദണ്ഡനത്തിലുമുള്ള വിശ്വാസം ദൈവവചനത്തിനു വിരുദ്ധമാണെന്നുപറഞ്ഞ് ചിലർ അതും തള്ളിക്കളഞ്ഞു. കൂടാതെ, 19-ാം നൂററാണ്ടിൽ, ബൈബിളിന്റെ വർധിച്ച പഠനത്തിന്റെ ഫലമായി ഐക്യനാടുകളിലും ഇംഗ്ലണ്ടിലും ജർമനിയിലും റഷ്യയിലും പല കൂട്ടങ്ങൾ ക്രിസ്തുവിന്റെ തിരിച്ചുവരവിനുള്ള സമയം ആസന്നമായിരുന്നെന്നുള്ള ബോധ്യം പ്രകടമാക്കാൻ തുടങ്ങി. എന്നാൽ അവരിൽ മിക്കവരുടെയും പ്രതീക്ഷകൾ നിരാശയിൽ കലാശിച്ചു. എന്തുകൊണ്ട്? അതിന്റെ മുഖ്യ കാരണം മതിയായ അളവിൽ അവർ തിരുവെഴുത്തുകളിൽ ആശ്രയിക്കാതെ മനുഷ്യരിൽ അമിതമായി ആശ്രയിച്ചു എന്നതാണ്.
ഇവർ ജാഗ്രതയുള്ളവരാണെന്നു തെളിയിച്ചവിധം
14. ബൈബിളധ്യയനത്തിന്റെ സംഗതിയിൽ സി. ററി. റസ്സലും അദ്ദേഹത്തിന്റെ സ്നേഹിതരും കൈക്കൊണ്ട സമീപനം വിവരിക്കുക.
14 പിന്നീട്, 1870-ൽ ചാൾസ് റെറയ്സ് റസ്സലും അദ്ദേഹത്തിന്റെ ചില സ്നേഹിതരും പെൻസിൽവേനിയായിലെ അലിഗെനിയിൽ ബൈബിൾ പഠനത്തിനുവേണ്ടി ഒരു സംഘം രൂപീകരിച്ചു. തങ്ങൾ കൈക്കൊണ്ട ബൈബിൾ സത്യങ്ങളിലനേകവും ആദ്യമായി വിവേചിച്ചറിഞ്ഞത് അവരല്ലായിരുന്നു, എന്നാൽ പഠിക്കുമ്പോൾ, ചർച്ചചെയ്യപ്പെടുന്ന ചോദ്യത്തെ സംബന്ധിച്ചുള്ള സകല തിരുവെഴുത്തുകളും പരിശോധിക്കുക എന്നത് അവർ ഒരു ശീലമാക്കിത്തീർത്തു.a മുൻനിർണയിച്ച ഒരാശയത്തിനുവേണ്ടി തിരുവെഴുത്തു തെളിവുകൾ കണ്ടെത്തുക എന്നതല്ലായിരുന്നു അവരുടെ ഉദ്ദേശ്യം, മറിച്ച്, ഒരു കാര്യത്തെക്കുറിച്ചു ബൈബിൾ പറഞ്ഞ സകലത്തിനോടുമുള്ള യോജിപ്പിലാണോ തങ്ങൾ നിഗമനങ്ങൾ ചെയ്തതെന്നു തീർച്ചപ്പെടുത്തുക എന്നതായിരുന്നു.
15. (എ) റസ്സൽ സഹോദരനു പുറമേ വേറെ ചിലർ തിരിച്ചറിഞ്ഞ വസ്തുത എന്ത്? (ബി) ബൈബിൾ വിദ്യാർഥികളെ ഇവരിൽനിന്നു വ്യത്യസ്തരാക്കിയതെന്ത്?
15 ക്രിസ്തു ഒരാത്മാവെന്നനിലയിൽ അദൃശ്യനായി തിരിച്ചുവരുമെന്ന് അവർക്കു മുമ്പു മറേറതാനും പേർ തിരിച്ചറിഞ്ഞിരുന്നു. ക്രിസ്തുവിന്റെ തിരിച്ചുവരവിന്റെ ഉദ്ദേശ്യം ഭൂമിയെ ചുട്ടെരിച്ചു മുഴുമനുഷ്യജീവനെയും തുടച്ചുനീക്കുകയെന്നതല്ല മറിച്ച്, ഭൂമിയിലെ മുഴുകുടുംബങ്ങളെയും അനുഗ്രഹിക്കുക എന്നതാണെന്നു ചിലർ ഗ്രഹിച്ചിരുന്നു. 1914 എന്ന വർഷം വിജാതീയരുടെ കാലങ്ങളുടെ അവസാനത്തെക്കുറിക്കുമെന്നു തിരിച്ചറിഞ്ഞിരുന്ന ഏതാനും ചിലർപോലും ഉണ്ടായിരുന്നു. എന്നാൽ റസ്സൽ സഹോദരനുമായി സഹവസിച്ച ബൈബിൾ വിദ്യാർഥികൾക്ക് ഇവ ദൈവശാസ്ത്ര ചർച്ചക്കുള്ള ആശയങ്ങളെക്കാൾ കവിഞ്ഞതായിരുന്നു. ഈ സത്യങ്ങളെ അവർ തങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാനമായി കരുതുകയും അവയ്ക്ക് ആ യുഗത്തിൽ മുമ്പില്ലാഞ്ഞ അളവിൽ സാർവദേശീയ പ്രചാരം നൽകുകയും ചെയ്തു.
16. “നാം ഒരു പരിശോധനാ കാലഘട്ടത്തിലാണ്” എന്ന് 1914-ൽ റസ്സൽ സഹോദരൻ എഴുതാൻ കാരണമെന്ത്?
16 എന്നിരുന്നാലും അപ്പോഴും അവർ ഉണർന്നിരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. എന്തുകൊണ്ട്? ഒരു ഉദാഹരണം പറഞ്ഞാൽ, 1914 ബൈബിൾ പ്രവചനത്താൽ അടയാളം കുറിക്കപ്പെട്ടതാണെന്ന് അവർ അറിഞ്ഞിരുന്നെങ്കിലും ആ വർഷത്തിൽ എന്തു സംഭവിക്കുമെന്ന് അവർക്കു കൃത്യമായി അറിയില്ലായിരുന്നു. ഇത് അവരെ സംബന്ധിച്ചിടത്തോളം ഒരു പരിശോധനയെ അർഥമാക്കി. 1914 നവംബർ 1-ലെ ദ വാച്ച് ടവറിൽ റസ്സൽ സഹോദരൻ ഇങ്ങനെ എഴുതി: “നാം ഒരു പരിശോധനാ കാലഘട്ടത്തിലാണെന്ന ഓർമ നമുക്കുണ്ടായിരിക്കട്ടെ. . . . കർത്താവിനെയും അവിടുത്തെ സത്യത്തെയും ത്യജിക്കുന്നതിലേക്കും കർത്താവിനുവേണ്ട ത്യാഗങ്ങളനുഷ്ഠിക്കുന്നതു നിർത്തുന്നതിലേക്കും നയിക്കുന്ന എന്തെങ്കിലും കാരണമുണ്ടെങ്കിൽ, കർത്താവിലുള്ള താത്പര്യം ഉളവാക്കിയത് ഹൃദയത്തിലെ ദൈവസ്നേഹമല്ല, മറിച്ച് മറെറന്തോ ആണ്; ഒരുപക്ഷേ കാലം ചുരുങ്ങിയതായിരുന്നെന്ന പ്രതീക്ഷയായിരിക്കാം; അല്ലെങ്കിൽ സമർപ്പണം ഒരു നിശ്ചിതകാലത്തേക്കു മാത്രമായിരുന്നിരിക്കാം.”
17. എ. എച്ച്. മാക്മില്ലനും അദ്ദേഹത്തെപ്പോലെതന്നെ മററുള്ളവരും ആത്മീയമായി സമനില പാലിച്ചത് എപ്രകാരമാണ്?
17 അന്നു ചിലർ യഹോവയുടെ സേവനം ഉപേക്ഷിച്ചു. എന്നാൽ അങ്ങനെ ചെയ്യാതിരുന്നവരിൽ ഒരുവനായിരുന്നു എ. എച്ച്. മാക്മില്ലൻ. വർഷങ്ങൾക്കുശേഷം അദ്ദേഹം ഒട്ടും മറച്ചുവെക്കാതെ ഇങ്ങനെ സമ്മതിച്ചു: “ചിലപ്പോൾ ചില തീയതികളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രതീക്ഷകൾ തിരുവെഴുത്തുകൾ നൽകുന്ന ഉറപ്പിനുമപ്പുറമായിരുന്നു.” അപ്പോൾ ആത്മീയ സമനില കാക്കാൻ അദ്ദേഹത്തെ സഹായിച്ചത് എന്തായിരുന്നു? അദ്ദേഹം സമ്മതിച്ചപ്രകാരം, “ആ പ്രതീക്ഷകൾ നിവൃത്തിയാകാതെ പോയപ്പോൾ അതു ദൈവഹിതത്തിനു മാററം വരുത്തിയില്ല” എന്ന വസ്തുത അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർത്തു: “നാം നമ്മുടെ പിശകുകൾ സമ്മതിക്കണമെന്നും കൂടുതൽ ഉദ്ബോധനത്തിനുവേണ്ടി ദൈവവചനത്തിൽ തുടർന്ന് അന്വേഷിച്ചുകൊണ്ടിരിക്കണമെന്നും ഞാൻ മനസ്സിലാക്കി.”b ആ ആദ്യകാല ബൈബിൾ വിദ്യാർഥികൾ ദൈവവചനം പറയുന്നപ്രകാരം തങ്ങളുടെ വീക്ഷണഗതി വിനയപൂർവം മാററി.—2 തിമൊഥെയൊസ് 3:16, 17.
18. ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്ന കാര്യത്തിൽ കൈക്കൊണ്ട ക്രിസ്തീയ ജാഗ്രത ക്രമാനുഗതമായ പുരോഗതി കൈവരുത്തിയത് എങ്ങനെ?
18 പിൽക്കാല വർഷങ്ങളിൽ, ഉണർന്നിരിക്കേണ്ടതിന്റെ ആവശ്യം കുറഞ്ഞുപോയില്ല. ക്രിസ്ത്യാനികൾ ലോകത്തിന്റെ ഭാഗമായിരിക്കരുതെന്നു തീർച്ചയായും അവർക്ക് അറിയാമായിരുന്നു. (യോഹന്നാൻ 17:14; യാക്കോബ് 4:4) അതിനോടുള്ള ചേർച്ചയിൽ സർവരാജ്യസഖ്യം ദൈവരാജ്യത്തിന്റെ രാഷ്ട്രീയ ഭാവമാണെന്നു സമ്മതിക്കുന്നതിൽ അവർ ക്രൈസ്തവലോകത്തോടു കൂട്ടുചേരാതിരുന്നു. എന്നാൽ 1939-ൽ മാത്രമാണ് അവർ ക്രിസ്തീയ നിഷ്പക്ഷതയുടെ പ്രശ്നം വ്യക്തമായി മനസ്സിലാക്കിയത്.—1939 നവംബർ 1-ലെ ദ വാച്ച്ടവർ കാണുക.
19. സ്ഥാപനം ഉണർന്നിരുന്നതിന്റെ ഫലമായി സഭാ മേൽവിചാരണയിൽ ഉണ്ടായ നേട്ടങ്ങൾ ഏവ?
19 അവർക്ക് ഒരു വൈദിക വർഗമില്ലായിരുന്നു. എങ്കിലും, സഭയിൽ പ്രസംഗിക്കുക എന്നതു മാത്രമേ തങ്ങളിൽനിന്നു പ്രതീക്ഷിക്കാവൂ എന്നു കരുതിയിരുന്ന ചില മൂപ്പൻമാരുണ്ടായിരുന്നു. എന്നിരുന്നാലും, തിരുവെഴുത്തുകളോട് അനുരൂപപ്പെടണമെന്ന തീക്ഷ്ണമായ താത്പര്യത്തോടെ സ്ഥാപനം തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ വീക്ഷാഗോപുരത്തിന്റെ പേജുകളിലൂടെ മൂപ്പൻമാരുടെ റോൾ വീണ്ടും വീണ്ടും അവലോകനം ചെയ്തു. തിരുവെഴുത്തുകൾ നൽകുന്ന സൂചന അനുസരിച്ചാണു സ്ഥാപനപരമായ മാററങ്ങൾ വരുത്തിയത്.
20-22. ദൈവവചനം നമ്മുടെ നാളുകളിലേക്കു പട്ടികപ്പെടുത്തിയിരുന്ന വേല ക്രമാനുഗതമായി നിറവേററാൻ സ്ഥാപനം മൊത്തത്തിൽ തയ്യാറെടുപ്പു നടത്തിയതെങ്ങനെ?
20 ദൈവവചനം നമ്മുടെ നാളുകളിലേക്കു പട്ടികപ്പെടുത്തിയിരുന്ന വേല പൂർണമായി നിറവേററാൻ സ്ഥാപനം മൊത്തത്തിൽ തയ്യാറെടുപ്പു നടത്തുകയായിരുന്നു. (യെശയ്യാവു 61:1, 2) നമ്മുടെ നാളിൽ സുവാർത്ത എത്ര വ്യാപകമായി പ്രസംഗിക്കപ്പെടേണ്ടിയിരുന്നു? “സുവിശേഷം മുമ്പെ സകല ജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു” എന്നു യേശു പറഞ്ഞു. (മർക്കൊസ് 13:10) മാനുഷികമായ ഒരു വീക്ഷണത്തിൽ, ആ വേല മിക്കപ്പോഴും അസാധ്യമായി കാണപ്പെട്ടിട്ടുണ്ട്.
21 എങ്കിലും സഭയുടെ തല ക്രിസ്തുവാണെന്ന ധൈര്യത്തോടെ വിശ്വസ്തനും വിവേകിയുമായ അടിമവർഗം മുന്നോട്ടു നീങ്ങി. (മത്തായി 24:45) ചെയ്യപ്പെടേണ്ട വേല അവർ വിശ്വസ്തതയോടും ഉറപ്പോടുംകൂടെ യഹോവയുടെ ജനത്തിനു ചൂണ്ടിക്കാട്ടിയിരിക്കുന്നു. 1919 മുതൽ വയൽശുശ്രൂഷക്കു വർധിച്ച ഊന്നൽ നൽകപ്പെട്ടു. അനേകർക്കും, വീടുതോറും പോയി അപരിചിതരോടു സംസാരിക്കുക എന്നത് അത്ര എളുപ്പമല്ലായിരുന്നു. (പ്രവൃത്തികൾ 20:20) എങ്കിലും “നിർഭയർ അനുഗൃഹീതരാകുന്നു” (1919-ൽ), “നല്ല ധൈര്യമുള്ളവരായിരിക്കുക” (1921-ൽ) എന്നീ അധ്യയന ലേഖനങ്ങൾ യഹോവയിൽ ആശ്രയിച്ചുകൊണ്ടു വേല തുടങ്ങാൻ ചിലരെ സഹായിച്ചു.
22 ദൈവരാജ്യത്തിന് അർഹിക്കുന്ന പ്രാമുഖ്യത നൽകുന്നതിന് “രാജ്യത്തെയും രാജാവിനെയും പ്രസിദ്ധമാക്കുക, പ്രസിദ്ധമാക്കുക, പ്രസിദ്ധമാക്കുക” എന്ന 1922-ലെ ആഹ്വാനം ആവശ്യമായ ഉത്തേജനമേകി. ആ തിരുവെഴുത്തധിഷ്ഠിത ഉത്തരവാദിത്വം സ്വീകരിക്കാഞ്ഞ മൂപ്പൻമാരെ 1927 മുതൽ നീക്കം ചെയ്തു. ഏതാണ്ട് ആ സമയത്ത്, സൊസൈററിയുടെ സഞ്ചാര പ്രതിനിധികളായിരുന്ന ദേശസഞ്ചാരികൾ പ്രാദേശിക സേവന അധ്യക്ഷൻമാരായി നിയമിക്കപ്പെട്ടു. അവർ വയൽസേവനത്തിൽ പ്രസാധകർക്കു വ്യക്തിപരമായ നിർദേശങ്ങൾ നൽകേണ്ടതുണ്ടായിരുന്നു. എല്ലാവർക്കും പയനിയറിങ് ചെയ്യാൻ കഴിയുമായിരുന്നില്ല, എങ്കിലും അനേകർ വാരാന്തങ്ങളിൽ മുഴുദിവസങ്ങളും സേവനത്തിനായി അർപ്പിക്കുകയാണു ചെയ്തത്. അവർ അതിരാവിലെ ആരംഭിച്ച്, ഒരു സാൻഡ്വിച്ച് കഴിക്കാനായി മാത്രം ഇടയ്ക്കു നിർത്തി പിന്നെ വൈകുന്നേരംവരെ ഈ വേല തുടരുകയും ചെയ്തു. അവ ദിവ്യാധിപത്യ വികാസത്തിന്റെ ശ്രദ്ധേയമായ സമയങ്ങളായിരുന്നു, അതിനാൽ യഹോവ തന്റെ ജനത്തെ നയിച്ചുകൊണ്ടിരുന്ന വിധം പരിശോധിക്കുന്നതിനാൽ നാം വർധിച്ചയളവിൽ പ്രയോജനം അനുഭവിക്കുന്നു. അവിടുന്ന് ഇപ്പോഴും അങ്ങനെ ചെയ്യുന്നതിൽ തുടരുന്നു, അങ്ങനെ അവിടുത്തെ അനുഗ്രഹത്താൽ, സ്ഥാപിതമായ രാജ്യത്തിന്റെ സുവാർത്താപ്രസംഗവേല വിജയകരമായി പര്യവസാനിക്കും.
നിങ്ങൾ ഉണർന്നിരിക്കുന്നുവോ?
23. ക്രിസ്തീയ സ്നേഹം, ലോകത്തിൽനിന്നുള്ള വേർപെട്ടുനിൽക്കൽ എന്നിവയോടുള്ള ബന്ധത്തിൽ നാം ജാഗരൂകരാണെന്നു വ്യക്തിപരമായി നമുക്ക് എങ്ങനെ പ്രകടിപ്പിക്കാൻ കഴിയും?
23 യഹോവയുടെ മാർഗനിർദേശത്തോടു പ്രതികരിച്ചുകൊണ്ട്, ലോകത്തിന്റെ ഭാഗമായിരിക്കുന്നതായി അടയാളപ്പെടുത്തുന്ന ആചാരങ്ങളെയും മനോഭാവങ്ങളെയുംപററി അവിടുത്തെ സ്ഥാപനം നമ്മെ തുടർന്നും ജാഗരൂകരാക്കിക്കൊണ്ടിരിക്കുന്നു. അല്ലാത്തപക്ഷം ലോകത്തോടൊപ്പം നീങ്ങിപ്പോകുന്നതിനുള്ള അപകടസാധ്യതയുണ്ട്. (1 യോഹന്നാൻ 2:17) അതുകൊണ്ട്, വ്യക്തിഗതമായി നാം ഉണർന്നിരിക്കുകയും യഹോവയുടെ മാർഗനിർദേശത്തോടു പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ട്. ഒന്നിച്ചു ജീവിക്കുന്നതു സംബന്ധിച്ചും വേല ചെയ്യുന്നതു സംബന്ധിച്ചുപോലും യഹോവ നമുക്കു പ്രബോധനം നൽകുന്നു. ക്രിസ്തീയ സ്നേഹം യഥാർഥത്തിൽ അർഥമാക്കുന്നത് എന്തോ അതിനോടുള്ള വിലമതിപ്പിൽ വളരുവാൻ അവിടുത്തെ സ്ഥാപനം നമ്മെ സഹായിക്കുന്നു. (1 പത്രൊസ് 4:7, 8) ഉണർന്നിരിക്കുക എന്നു പറഞ്ഞാൽ മാനുഷ അപൂർണതകൾ ഉണ്ടായിരിക്കുമ്പോൾപോലും ഈ ബുദ്ധ്യുപദേശം ബാധകമാക്കുന്നതിനു നാം ആത്മാർഥമായ ശ്രമം ചെലുത്തണം എന്നാണ്.
24, 25. ഏതു പ്രധാന സംഗതികളോടുള്ള ബന്ധത്തിലാണു നാം ജാഗ്രതയുള്ളവരായിരിക്കേണ്ടത്, എന്തു പ്രത്യാശ മുൻനിർത്തിക്കൊണ്ട്?
24 “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു”, (സദൃശവാക്യങ്ങൾ 3:5) “ഇടവിടാതെ പ്രാർത്ഥിപ്പിൻ” (1 തെസ്സലൊനീക്യർ 5:17) എന്നിങ്ങനെ വിശ്വസ്തനും വിവേകിയുമായ അടിമ നമ്മെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടാണ് ഇരിക്കുന്നത്. ദൈവവചനത്തെ ആധാരമാക്കി നമ്മുടെ തീരുമാനങ്ങൾ എടുക്കാൻ നാം ബുദ്ധ്യുപദേശിക്കപ്പെട്ടിരിക്കുന്നു. ഈ വചനം ‘നമ്മുടെ കാലിനു ദീപവും പാതയ്ക്കു പ്രകാശവും’ ആയിരിക്കാൻ നാം അനുവദിക്കേണ്ടതുണ്ട്. (സങ്കീർത്തനം 119:105) ദൈവരാജ്യത്തെപ്പററിയുള്ള സുവാർത്താപ്രസംഗം നമ്മുടെ ജീവിതത്തിൽ മുൻപന്തിയിൽ വയ്ക്കുവാൻ നമ്മെ സ്നേഹപൂർവം പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ഈ വേലയാണു നമ്മുടെ നാളിലേക്കു യേശു മുൻകൂട്ടിപ്പറഞ്ഞത്.—മത്തായി 24:14.
25 അതേ, വിശ്വസ്തനും വിവേകിയുമായ അടിമ തീർച്ചയായും ഉണർന്നിരിക്കുകയാണ്. വ്യക്തിഗതമായി നാമും ഉണർന്നിരിക്കേണ്ടതുണ്ട്. ഇപ്രകാരം ചെയ്യുന്നതിന്റെ ഫലമായി, മനുഷ്യപുത്രൻ ന്യായവിധി നിർവഹിക്കാൻ വരുമ്പോൾ അവിടുത്തെ മുമ്പാകെ അംഗീകൃതരായി നിൽക്കുന്നവരിൽ നാമും കാണപ്പെടട്ടെ.—മത്തായി 24:30; ലൂക്കൊസ് 21:34-36.
[അടിക്കുറിപ്പ്]
a എ. എച്ച്. മാക്മില്ലൻ എഴുതിയ ഫെയ്ത്ത് ഓൺ ദ മാർച്ച്, പ്രെൻറിസ്-ഹാൾ, ഇൻകോ. 1957, പേജുകൾ 19-22.
b ദ വാച്ച്ടവറിന്റെ 1966 ആഗസ്ററ് 15-ാം ലക്കം പേജുകൾ 504-10.
പുനരവലോകനത്തിൽ
◻ മത്തായി 24:42 കാണിക്കുന്നപ്രകാരം നാം ജാഗ്രതയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
◻ യേശുവും ഒന്നാം നൂററാണ്ടിലെ അവിടുത്തെ അനുഗാമികളും ആത്മീയമായി ജാഗ്രതയുള്ളവരായിരുന്നത് എങ്ങനെ?
◻ യഹോവയുടെ ദാസർ ജാഗ്രതയുള്ളവരായിരുന്നതിന്റെ ഫലമായി 1870 മുതൽ എന്തെല്ലാം വികസനങ്ങൾ ഉണ്ടായിട്ടുണ്ട്?
◻ നാം വ്യക്തിപരമായി ജാഗ്രതയുള്ളവരാണെന്നതിന് തെളിവു നൽകുന്നത് എന്ത്?
[23-ാം പേജിലെ ചിത്രം]
പിതാവ് നിയോഗിച്ച വേലയിൽ യേശു വ്യാപൃതനായിരുന്നു. അവിടുന്ന് മുട്ടിപ്പായി പ്രാർഥിക്കുകയും ചെയ്തു
[24-ാം പേജിലെ ചിത്രം]
ചാൾസ് റെറയ്സ് റസ്സൽ അദ്ദേഹത്തിന്റെ പിൽക്കാല വർഷങ്ങളിൽ
[25-ാം പേജിലെ ചിത്രം]
47,00,000-ത്തിലധികം രാജ്യപ്രഘോഷകർ ഭൂമിയിലെങ്ങും സജീവരാണ്