നിങ്ങൾക്കു ക്ഷമ പ്രകടിപ്പിക്കാനാവുമോ?
യഹോവ അബ്രാമിനോടു പറഞ്ഞു: “നീ നിന്റെ ദേശത്തെ . . . വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. ഞാൻ നിന്നെ വലിയൊരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും.” (ഉല്പത്തി 12:1, 2) അബ്രാമിന് അന്ന് 75 വയസ്സായിരുന്നു. യഹോവക്കായി കാത്തിരുന്നുകൊണ്ട് അദ്ദേഹം അനുസരിക്കയും തന്റെ ശേഷിച്ച ജീവിതകാലമൊക്കെയും ബുദ്ധിപൂർവം ക്ഷമ പ്രകടമാക്കുകയും ചെയ്തു.
അവസാനം, ക്ഷമാശീലനായ അബ്രഹാമിനോട് (അബ്രാം) ദൈവം ഇങ്ങനെയൊരു വാഗ്ദത്തം നടത്തി: “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും.” പൗലോസ് ഇങ്ങനെയും കൂട്ടിച്ചേർത്തു: “അങ്ങനെ അവൻ ദീർഘക്ഷമയോടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു.”—എബ്രായർ 6:13-15.
എന്താണു ക്ഷമ? “എന്തിനെങ്കിലുംവേണ്ടി കാത്തിരിക്കാനുള്ള” അഥവാ “പ്രകോപനമോ സമ്മർദമോ ഉള്ളപ്പോൾ സംയമനം” പ്രകടമാക്കാനുള്ള പ്രാപ്തിയായി നിഘണ്ടുക്കൾ അതിനെ നിർവചിക്കുന്നു. അതുകൊണ്ട്, നിങ്ങൾ ആർക്കെങ്കിലുമോ എന്തിനെങ്കിലുമോ വേണ്ടി കാത്തിരിക്കേണ്ടിവരുമ്പോൾ അല്ലെങ്കിൽ നിങ്ങൾ പ്രകോപിതനാകുകയോ സമ്മർദത്തിൻ കീഴിലാകുകയോ ചെയ്യുമ്പോൾ നിങ്ങളുടെ ക്ഷമ പരീക്ഷിക്കപ്പെടുന്നു. അത്തരം സന്ദർഭങ്ങളിൽ ക്ഷമാശീലൻ ശാന്തത കൈവെടിയുന്നില്ല. എന്നാൽ ക്ഷമാരഹിതൻ അങ്ങനെയല്ല, അയാൾ തിടുക്കവും നീരസവും പ്രകടിപ്പിക്കും.
നമ്മുടെ ക്ഷമാരഹിതമായ ആധുനികലോകം
ഇന്ന് ഊന്നൽ ക്ഷമയ്ക്കല്ല, വേഗതയ്ക്കാണ്. ഇത് അനേകം നഗരങ്ങളിൽ വിശേഷാൽ സത്യമാണ്. ആളുകൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിലെ ലക്ഷക്കണക്കിനാളുകളുടെ ഓരോ ദിവസവും ഘടികാരത്തിന്റെ അലാറത്തോടെ ആരംഭിക്കുന്നു. പിന്നെ അങ്ങോട്ടൊരു മരണപ്പാച്ചിലാണ്—എവിടെയെങ്കിലും എത്താൻ, ആരെയെങ്കിലും കാണാൻ, എന്തെങ്കിലും നേടാൻ. അനേകർ പിരിമുറുക്കത്തിലാവുന്നതിലും അക്ഷമരാകുന്നതിലും വല്ല അത്ഭുതവുമുണ്ടോ?
മററുള്ളവരുടെ കുററങ്ങളും കുറവുകളും കാണുമ്പോൾ നിങ്ങൾ ബേജാറാകാറുണ്ടോ? “ആരെങ്കിലും സമയം പാലിക്കാതിരുന്നാൽ എനിക്കത് ഇഷ്ടമല്ല” എന്ന് ആൽബർട്ട് പറയുന്നു. സമയം കഴിഞ്ഞിട്ടും കാണാത്ത ഒരാളെ കാത്തിരിക്കുന്നത് വീർപ്പുമുട്ടലുളവാക്കുമെന്നു മിക്കയാളുകളും സമ്മതിക്കും. ആ പ്രത്യേക സമയത്ത് എന്തെങ്കിലും സാധിക്കേണ്ടതുണ്ടെങ്കിൽ പിന്നെ പറയുകയുംവേണ്ടാ. 18-ാം നൂററാണ്ടിലെ ഒരു ബ്രിട്ടീഷ് രാഷ്ട്രീയക്കാരനായ, ന്യൂകാസിലിലെ ഒരു പ്രഭുവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: ‘അദ്ദേഹം രാവിലെ അര മണിക്കൂർ പാഴാക്കുന്നു. പിന്നെ ദിവസം മുഴുവൻ ഓട്ടംതന്നെ ഓട്ടം. ഒരിടത്തും കൃത്യസമയത്ത് എത്തുന്നുമില്ല.’ ദിവസേന അതുപോലെയുള്ള ഒരാളെയാണ് ആശ്രയിക്കേണ്ടിവരുന്നതെങ്കിൽ നിങ്ങൾക്ക് ക്ഷമയോടെ നിലകൊള്ളാനാകുമോ?
വണ്ടി ഓടിക്കുമ്പോൾ നിങ്ങൾ എങ്ങനെയാ, പെട്ടെന്നു മുഷിവു തോന്നുമോ, കാത്തുനിൽക്കാൻ മടിക്കുമോ, വളരെ വേഗത്തിൽ ഓടിക്കാൻ ഇഷ്ടപ്പെടുമോ? അത്തരം സാഹചര്യങ്ങളിൽ അക്ഷമ പലപ്പോഴും ദുരന്തങ്ങൾ വിളിച്ചുവരുത്തുന്നു. 1989-ൽ പശ്ചിമജർമനിയിൽ, പരിക്കിലോ മരണത്തിലോ കലാശിച്ച റോഡപകടങ്ങൾ 4,00,000-ത്തിലധികമായിരുന്നു. ഇവയിൽ മൂന്നിലൊന്നോളം സംഭവിക്കാൻ കാരണം ഡ്രൈവർ ഒന്നുകിൽ വളരെ വേഗത്തിൽ അല്ലെങ്കിൽ മുമ്പിലുള്ള വാഹനത്തോടു വളരെ അടുത്ത് വാഹനം ഓടിച്ചു എന്നതായിരുന്നു. അപ്പോൾ ഒരു പരിധിവരെ, 1,37,000-ത്തിലധികം ആളുകൾക്ക് പരിക്കോ മരണമോ വരുത്തിയതിനു കാരണം അക്ഷമ പ്രകടിപ്പിച്ചതാണ് എന്നു വരുന്നു. അക്ഷമയ്ക്ക് ഒടുക്കേണ്ടിവന്ന വില നോക്കുക!
“ചിലരുണ്ട്, നമ്മെക്കൊണ്ടു സംസാരിപ്പിക്കില്ല, അല്ലെങ്കിൽ ഏതുനേരവും പൊങ്ങച്ചമായിരിക്കും തട്ടിവിടുക. അവരുടെ അടുത്ത് ക്ഷമയോടെ നിൽക്കാമെന്നുവെച്ചാൽ എനിക്കത് വല്യ ബുദ്ധിമുട്ടാ,” എന്നാണ് ആനിന്റെ പരാതി. ഇനി, കാൾഹെർമാന്റെ കാര്യമെടുക്കുക. “പ്രായംചെന്നവരോട് ഒരു ആദരവുമില്ലാത്ത യുവാക്ക”ളെ കാണുമ്പോൾ തന്റെ ക്ഷമ നശിക്കാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ഇവയും മററു സന്ദർഭങ്ങളും നിങ്ങളെ അക്ഷമരാക്കിയേക്കാം. അപ്പോൾ, നിങ്ങൾക്ക് എങ്ങനെയാണ് കൂടുതൽ ക്ഷമ നട്ടുവളർത്താനാവുക?
നിങ്ങളുടെ ക്ഷമയ്ക്കു കരുത്തേകാൻ യഹോവക്കു കഴിയും
തീരുമാനശേഷിയില്ലായ്മ, ബലഹീനത എന്നിവയെയാണ് ക്ഷമ വെളിവാക്കുന്നത് എന്നാണ് പലരുടെയും ചിന്ത. എന്നാൽ കരുത്തിന്റെ ലക്ഷണമായിട്ടാണ് യഹോവ അതിനെ കാണുന്നത്. “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കു”ന്നു. (2 പത്രൊസ് 3:9) അതുകൊണ്ട്, നിങ്ങളുടെ സംയമനത്തിനു കരുത്തേകാൻ യഹോവയോടു പററിനിന്ന് നിങ്ങളുടെ മുഴുഹൃദയത്തോടെ അവിടുത്തെ ആശ്രയിക്കുവിൻ. ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെ ബലിഷ്ഠമാക്കുന്നതാണ് ക്ഷമാപൂർവകമായ ഒരു മാനസികാവസ്ഥ വികസിപ്പിച്ചെടുക്കുന്നതിലേക്കുള്ള പരമപ്രധാനമായ ഏക ചുവടുവയ്പ്.
കൂടാതെ, ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ചുള്ള യഹോവയുടെ ഉദ്ദേശ്യങ്ങൾ അറിയുന്നതു മർമപ്രധാനമാണ്. അബ്രഹാം “ദൈവം ശില്പിയായി നിർമിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി [ദൈവരാജ്യത്തിന്നായി] കാത്തിരുന്നു.” (എബ്രായർ 11:10) അതുപോലെ, ദിവ്യ വാഗ്ദത്തങ്ങളുടെ വ്യക്തമായ ഒരു കാഴ്ചപ്പാടു വെച്ചുപുലർത്തുന്നതും യഹോവക്കായി കാത്തിരിക്കുന്നതിൽ സന്തുഷ്ടരായിരിക്കുന്നതും പ്രയോജനപ്രദമായിരിക്കും. ക്ഷമ തീരുമാനശേഷിയില്ലായ്മയെ സൂചിപ്പിക്കുന്നില്ല. മറിച്ച് അത് ആളുകളെ വാസ്തവത്തിൽ സത്യാരാധനയിലേക്കു കൊണ്ടുവരുമെന്നു നിങ്ങൾ തിരിച്ചറിയും. അതുകൊണ്ട്, “നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിൻ.”—2 പത്രൊസ് 3:14.
നിങ്ങളുടെ സാഹചര്യങ്ങൾ നിങ്ങളെ ചിലപ്പോൾ ക്ഷമയുടെ നെല്ലിപ്പലകയോളം എത്തിക്കുന്നെങ്കിലോ? അവിശ്വാസികൾ നിങ്ങളെ അങ്ങേയററം വീർപ്പുമുട്ടിക്കാറുണ്ടോ? ഇനി, എന്റെ അസുഖം മാറുകയില്ലായിരിക്കും എന്നു തോന്നുംവിധം ദീർഘകാലത്തേക്കു നിങ്ങൾക്ക് അസുഖമുണ്ടായിരുന്നിട്ടുണ്ടോ? അത്തരം സന്ദർഭങ്ങളിൽ ശിഷ്യനായ യാക്കോബ് എഴുതിയതു പരിചിന്തിക്കുക. ക്ഷമ കാണിക്കുന്നതിൽ പ്രവാചകൻമാർ വെച്ചിരിക്കുന്ന മാതൃകയെപ്പററി പറഞ്ഞശേഷം കടുത്ത സമ്മർദത്തിൻ കീഴിൽ ശാന്തരായി നിലകൊള്ളാനാവുന്നതിന്റെ രഹസ്യം അദ്ദേഹം വെളിപ്പെടുത്തി. യാക്കോബ് പറഞ്ഞു: “നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർഥിക്കട്ടെ.”—യാക്കോബ് 5:10, 13.
നിങ്ങളുടെ ക്ഷമയ്ക്കു കരുത്തേകാനും പരിശോധനാ വേളയിൽ നിങ്ങളുടെ തന്റേടം കെടാതെ നിയന്ത്രിച്ചുനിർത്താനുംവേണ്ടി പ്രാർഥനയിലൂടെ ആത്മാർഥമായി ദൈവത്തോട് അപേക്ഷിക്കുക. ആവർത്തിച്ചു യഹോവയിലേക്കു തിരിയുക. നിങ്ങളുടെ സമചിത്തതയ്ക്കു ഭീഷണി ഉയർത്തുന്ന മററുള്ളവരുടെ സാഹചര്യങ്ങളെയോ സ്വഭാവങ്ങളെയോ തിരിച്ചറിയാൻ അവിടുന്ന് നിങ്ങളെ സഹായിക്കും. പരിശോധനാത്മകമാകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ മുന്നമേതന്നെ പ്രാർഥിക്കുന്നത് ശാന്തമനസ്കരായി നിലകൊള്ളാൻ നിങ്ങളെ സഹായിക്കും.
തന്നെയും മററുള്ളവരെയും കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട്
മനഃസ്വാസ്ഥ്യം കാത്തുസൂക്ഷിക്കാൻ നിങ്ങൾക്കു നിങ്ങളെയും മററുള്ളവരെയും കുറിച്ച് ഒരു ശരിയായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. ഇതു സാധ്യമാകുന്നതു ബൈബിൾ പഠനത്തിലൂടെയാണ്. കാരണം സകലരും അപൂർണത അവകാശപ്പെടുത്തിയിരിക്കുന്നു എന്നും അതിനാൽത്തന്നെ ന്യൂനതകൾ ഉള്ളവരാണ് എന്നും അതു പ്രകടമാക്കുന്നു. അതിലുപരി, സ്നേഹത്തിൽ വളരാൻ ബൈബിൾ പരിജ്ഞാനം നിങ്ങളെ സഹായിക്കും. മററുള്ളവരോടു ക്ഷമ കാണിക്കുവാൻ ഈ ഗുണം അത്യന്താപേക്ഷിതമാണ്.—യോഹന്നാൻ 13:34, 35; റോമർ 5:12; ഫിലിപ്പിയർ 1:9.
നിങ്ങൾ ക്ഷുഭിതരാകുന്ന ഘട്ടങ്ങളിൽ സ്നേഹവും ക്ഷമിക്കാനുള്ള വാഞ്ഛയുമുണ്ടെങ്കിൽ നിങ്ങൾ ശാന്തരാകും. ആരുടെയെങ്കിലും സ്വഭാവം പ്രകോപിപ്പിക്കുന്നതാണെങ്കിൽ നിങ്ങൾക്കു വിയോജിപ്പുള്ളതു സ്വഭാവത്തോടാണ് അല്ലാതെ വ്യക്തിയോടല്ല എന്നു സ്നേഹം നിങ്ങളെ ഓർമിപ്പിക്കും. എത്ര പ്രാവശ്യമാണ് നിങ്ങളുടെതന്നെ ബലഹീനതകൾ ദൈവത്തിന്റെ ക്ഷമയെ പരീക്ഷിക്കേണ്ടത്, മററുള്ളവരെ പ്രകോപിപ്പിക്കേണ്ടത് എന്നെല്ലാം കണക്കിലെടുക്കുക.
നിങ്ങളെക്കുറിച്ചുതന്നെ ഒരു ശരിയായ വീക്ഷണം ഉണ്ടായിരിക്കുന്നത് ക്ഷമാപൂർവം കാത്തിരിക്കാൻ നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്, നിങ്ങൾ യഹോവയുടെ സേവനത്തിൽ പദവികൾ എത്തിപ്പിടിക്കാൻ ശ്രമിച്ചിട്ട് എന്തുപററി, നിരാശിതനാകേണ്ടിവന്നോ? നിങ്ങളുടെ ക്ഷമ പൊടുന്നനെ നശിക്കുന്നു എന്നു തോന്നുന്നുവോ? അങ്ങനെയെങ്കിൽ, ഓർക്കുക, അക്ഷമയുടെ വേരു കിടക്കുന്നത് അഹങ്കാരത്തിലാണ്. “ഗർവ്വമാനസനെക്കാൾ ക്ഷമാമാനസൻ ശ്രേഷ്ഠൻ” എന്നാണ് ശലോമോൻ പറഞ്ഞിരിക്കുന്നത്. (സഭാപ്രസംഗി 7:8) അതേ, ക്ഷമ നട്ടുവളർത്തുന്നതിൽ അഹങ്കാരം ഒരു വലിയ പ്രതിബന്ധമാണ്. ശാന്തത കൈവെടിയാതെ കാത്തിരിക്കാൻ താഴ്മയുള്ള വ്യക്തികൾക്ക് എളുപ്പമായി തോന്നുന്നു എന്നതു സത്യമല്ലേ? അതിനാൽ, താഴ്മ നട്ടുവളർത്തുവിൻ. അപ്പോൾ എത്ര താമസിച്ചാലും മനസ്സമാധാനത്തോടെ അതുമായി പൊരുത്തപ്പെടാൻ നിങ്ങൾ കൂടുതൽ പ്രാപ്തനാകും.—സദൃശവാക്യങ്ങൾ 15:33.
ക്ഷമ സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തുന്നു
അബ്രഹാം അറിയപ്പെടുന്നതു മുഖ്യമായും വിശ്വാസം നിമിത്തമാണ്. (റോമർ 4:11) എന്നാൽ, അദ്ദേഹത്തിന്റെ വിശ്വാസത്തെ നിലനിർത്തിയത് ക്ഷമയായിരുന്നു. യഹോവക്കായി കാത്തിരുന്നതിന് അദ്ദേഹത്തിനു ലഭിച്ച പ്രതിഫലമെന്തായിരുന്നു?
അബ്രഹാമിനു യഹോവയുടെ വർധിച്ച വിശ്വാസമാർജിക്കാൻ കഴിഞ്ഞു. അങ്ങനെ അബ്രഹാമിന്റെ പേര് മഹത്ത്വമുള്ളതും അദ്ദേഹത്തിന്റെ പിൻഗാമികൾ ഒരു മഹാജനതയും ആയിത്തീർന്നു. അദ്ദേഹത്തിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജനതകൾക്കും അനുഗ്രഹം ലഭിക്കുമെന്നായി. അബ്രഹാം ദൈവത്തിന്റെ വക്താവായും സ്രഷ്ടാവിന്റെ ഒരു പതിപ്പായിട്ടുപോലും സേവിച്ചു. അബ്രഹാമിന്റെ വിശ്വാസത്തിനും ക്ഷമയ്ക്കും കിട്ടാവുന്ന അതിലും വലിയൊരു പ്രതിഫലമുണ്ടോ?
പരിശോധനകളെ ക്ഷമാപൂർവം സഹിക്കുന്ന ക്രിസ്ത്യാനികളോടു “കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനാ”ണ്. (യാക്കോബ് 5:10, 11) അവിടുത്തെ ഇഷ്ടം ചെയ്യുന്നതുകൊണ്ട് അത്തരം വ്യക്തികൾക്ക് ഒരു ശുദ്ധ മനസ്സാക്ഷിയുണ്ട്. അപ്പോൾ നിങ്ങളുടെ കാര്യമോ, നിങ്ങൾ യഹോവക്കായി കാത്തിരുന്ന് പരിശോധനകളെ ക്ഷമാപൂർവം സഹിക്കുന്നെങ്കിൽ നിങ്ങളുടെ സംയമനം യഹോവയുടെ അംഗീകാരത്തിലും അനുഗ്രഹത്തിലും കലാശിക്കും.
ക്ഷമ ദൈവജനത്തിനു തങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും മെച്ചം കൈവരുത്തും. ഈ സംഗതി മനസ്സിലാക്കിയവരാണ് വിവാഹിതരാകാൻ തീരുമാനിച്ചുറച്ച, യഹോവയെ സേവിക്കുന്ന ക്രിസ്ററ്യനും ആഗ്നസും. ക്രിസ്ററ്യന്റെ മാതാപിതാക്കളോടുള്ള ആദരവു നിമിത്തം അവർ വിവാഹനിശ്ചയം നീട്ടിവെച്ചു. കാരണം അവർ ആഗ്നസിനെ അറിയാൻതക്കവണ്ണം സമയം വേണമെന്ന് ആവശ്യപ്പെട്ടു. ഈ പ്രവൃത്തി എന്തു ഫലം ഉളവാക്കി?
“എന്റെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ക്ഷമ എത്ര പ്രധാനമായിരുന്നു എന്നു പിൽക്കാലത്തു മാത്രമേ ഞങ്ങൾ മനസ്സിലാക്കിയുള്ളൂ” എന്നു ക്രിസ്ററ്യൻ വിശദീകരിക്കുന്നു. “ക്ഷമാപൂർവം ഞങ്ങൾ കാത്തിരുന്നത് എന്റെയും ഭാര്യയുടെയും ബന്ധത്തെ തകരാറിലാക്കിയില്ല.” മറിച്ച്, എന്റെ മാതാപിതാക്കളുമായുള്ള ഞങ്ങളുടെ ബന്ധത്തിലെ ഫലപ്രദമായ ആദ്യത്തെ ചുവടുവയ്പായിരുന്നു അത്. അതേ, ക്ഷമ നേട്ടം കൈവരിക്കുന്നു.
ക്ഷമ സമാധാനത്തെയും ഊട്ടിവളർത്തുന്നു. കുടുംബാംഗങ്ങളും കൂട്ടുകാരും വരുത്തുന്ന ഓരോ പിഴവുകളെയുംചൊല്ലി നിങ്ങൾ ബഹളം കൂട്ടാതിരിക്കുന്നെങ്കിൽ അവർ നിങ്ങളോടു കൃതജ്ഞതയുള്ളവരായിരിക്കും. മററുള്ളവർക്ക് അബദ്ധങ്ങൾ പിണയുന്ന അവസരങ്ങളിൽ നിങ്ങളുടെ ശാന്തതയും വസ്തുത മനസ്സിലാക്കലും ലജ്ജിപ്പിക്കുന്ന രംഗങ്ങൾ ഒഴിവാക്കും. ചൈനാക്കാരുടെ ഒരു പഴഞ്ചൊല്ല് പറയുന്നു: “ദേഷ്യംപൂണ്ടിരിക്കുന്ന ഒരു നിമിഷത്തിലെ ക്ഷമ നൂറു ദിവസത്തെ വ്യഥ ഒഴിവാക്കും.”
ക്ഷമ നിങ്ങളുടെ വ്യക്തിത്വത്തിനു മാററു കൂട്ടുകയും മററ് ഉത്തമ ഗുണങ്ങളെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. അതു നിങ്ങളുടെ വിശ്വാസത്തെ ഈടുററതാക്കുന്നു, നിങ്ങളുടെ സമാധാനത്തെ നിലനിർത്തുന്നു, നിങ്ങളുടെ സ്നേഹത്തെ അചഞ്ചലമാക്കുന്നു. ക്ഷമയുള്ളവരായിരുന്നുകൊണ്ട് ദയ, നൻമ, സൗമ്യത എന്നിവ ശീലമാക്കുമ്പോൾ സന്തുഷ്ടരായിരിക്കാൻ അതു നിങ്ങളെ സഹായിക്കും. ദീർഘക്ഷമയും ആത്മനിയന്ത്രണവും നട്ടുവളർത്തുന്നതിന് അത്യാവശ്യമായ ശക്തിയും ക്ഷമ പ്രകടിപ്പിക്കുമ്പോൾ ലഭ്യമാകുന്നു.
യഹോവയുടെ വാഗ്ദത്തങ്ങളുടെ നിവൃത്തിക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കുക. അപ്പോൾ, അത്ഭുതകരമായ ഒരു ഭാവി നിങ്ങൾക്ക് ഉറപ്പാണ്. അബ്രഹാമിനെപ്പോലെ, നിങ്ങൾ “വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കു”മാറാകട്ടെ.—എബ്രായർ 6:12.
[23-ാം പേജിലെ ചിത്രം]
യഹോവയുമായുള്ള ഒരു അടുത്ത ബന്ധം, അബ്രഹാം ചെയ്തതുപോലെ ക്ഷമ പ്രകടിപ്പിക്കാൻ നിങ്ങളെ സഹായിക്കും