യഹോവയുടെ സാക്ഷികൾ ലോകത്തിനു ചുററും—തായ്ലൻഡ്
“സ്വതന്ത്രരുടെ നാട്.” അതാണു തായ്ലൻഡ് എന്ന പേരിനർഥം. 5,70,00,000-ത്തിലധികം വരുന്ന, മാന്യരും കഠിനാധ്വാനികളുമായ ഇവിടുത്തെ ആളുകൾ വ്യത്യസ്ത മതവിശ്വാസമുള്ളവരാണ്. ഈ ദക്ഷിണപൂർവേഷ്യൻ രാജ്യത്ത് ബുദ്ധമതക്കാരാണു കൂടുതലുള്ളത്. എന്നാൽ ക്രൈസ്തവലോകത്തിലെ മതങ്ങളും ആചരിക്കപ്പെടുന്നുണ്ട്. ഈ ആളുകളൊക്കെയും ദൈവരാജ്യസുവാർത്ത കേൾക്കേണ്ടവരാണ്.—മത്തായി 24:14.a
അഭയാർഥികൾ സുവാർത്ത കേൾക്കുന്നു
മ്യാൻമാറിന്റെ അതിർത്തിയോടു ചേർന്നുകിടക്കുന്ന തായ്ലൻഡു പ്രദേശത്തെ കുന്നിൻചെരിവുകളിൽ അവിടവിടെയായി പല ക്യാമ്പുകൾ. അവയിൽ 10,000-ത്തിലധികം കരൻ അഭയാർഥികൾ. അവരുടെ ഇടയിൽ ഇപ്പോൾ ബൈബിൾ സത്യം വേരുപിടിച്ചു വരുകയാണ്. ആ പ്രദേശത്തു ജീവിക്കുന്ന ഒരു കരൻ കുടുംബത്തിലെ അംഗങ്ങൾ യഹോവയുടെ സാക്ഷികളാണ്. അവർ അഭയാർഥികളുടെ ഇടയിൽ സുവാർത്ത പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് അവരുടെ വേല തുടങ്ങിയത്?
കുറെ വർഷങ്ങൾക്കു മുമ്പ്, ആംഗ്ലിക്കൻ സഭയുമായുള്ള ബന്ധം വേർപെടുത്തിക്കൊണ്ട് ഒരു യുവാവ് യഹോവയുടെ സാക്ഷിയായിത്തീർന്നു. പുരോഹിതൻ കുത്തിയിളക്കിയതനുസരിച്ച് ബന്ധുക്കൾ അദ്ദേഹത്തെ എതിർക്കാൻ തുടങ്ങി. എന്നുവരികിലും, അയാൾ അതെല്ലാം ക്ഷമയോടെ സഹിച്ചു, ക്രമേണ വീട്ടിൽനിന്നുള്ള എതിർപ്പ് കെട്ടടങ്ങുകയും ചെയ്തു. ആംഗ്ലിക്കൻ സഭാ പുരോഹിതർ പരിഹാസം തുടർന്നുകൊണ്ടേയിരുന്നു. പക്ഷേ രണ്ടു വർഷം മുമ്പ് അതും അവസാനിച്ചു. കാരണം അധാർമിക നടത്തനിമിത്തം അവർ അവരുടെ സ്ഥാനത്തുനിന്നു തെറിച്ചു. സഭയ്ക്ക് ഇടയനില്ലാതായതോടെ അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങളും മററു ബന്ധുക്കളും അമ്പരന്നുപോയി, സഹായത്തിന് ആരുമില്ലതാനും. തൻമൂലം അവരിൽ പതിനൊന്നു പേർ സഭയിൽനിന്നു രാജിവെക്കുകയും തങ്ങൾക്ക് ബൈബിൾ അധ്യയനം എടുക്കണമെന്നു സാക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തു.
അധ്യയനം നന്നായി പുരോഗമിച്ചു. മററ് അഭയാർഥികളും പങ്കെടുത്തു. പെട്ടെന്നായിരുന്നു സത്യത്തിന്റെ വ്യാപനം. ഫലമോ, അഭയാർഥി ക്യാമ്പിലൂടെ ഒഴുകുന്ന നദിയിൽ പുതുതായി 17 പേർ സ്നാപനമേററു സാക്ഷികളായി. 88 വയസ്സുള്ള ഒരു മുത്തശ്ശിയും അക്കൂട്ടത്തിൽ സ്നാപനമേററത് എന്തൊരു സന്തുഷ്ട കാഴ്ചയായിരുന്നു!
വീഡിയോ താത്പര്യത്തിനു തിരികൊളുത്തുന്നു
അഭയാർഥികൾക്കിടയിൽ വളർച്ചയ്ക്കുള്ള സാധ്യത വളരെ വലുതാണ്. 1993-ൽ സ്മാരകാഘോഷ സമയത്ത് 57 പേർ ഹാജരായി. അതേ വർഷംതന്നെ മേയിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനവേളയിൽ അദ്ദേഹത്തിന്റെ ഒരു പ്രസംഗം കേൾക്കാൻ 67 പേർ കൂടിവന്നു. വാച്ച്ടവർ സൊസൈററിയുടെ യഹോവയുടെ സാക്ഷികൾ—ആ പേരിന്റെ പിമ്പിലെ സ്ഥാപനം എന്ന വീഡിയോ കാണാൻ തടിച്ചുകൂടിയതാകട്ടെ ഏതാണ്ട് 250 പേരും.
അഭയാർഥി ക്യാമ്പിലെ ഒരു ബാപ്ററിസ്ററ് പാസ്റററുടെ ഭാര്യ യഹോവയുടെ സാക്ഷികൾ നടത്തിയ ഒരു പരസ്യപ്രസംഗം കേൾക്കാൻവന്നു. ബൈബിൾ വാക്യങ്ങൾ ചർച്ചചെയ്യുന്ന വിധം അവരെ ശരിക്കും ആകർഷിച്ചു. തങ്ങളുടെ സഭകളിൽ കേൾക്കുന്ന ഒരേ രീതിയിലുള്ള പ്രസംഗങ്ങളിൽ തനിക്കു തീരെ താത്പര്യമില്ലെന്ന് അവൾ ഭർത്താവിനോടു പറഞ്ഞു. പക്ഷേ, അദ്ദേഹം ഉടനെ ഉടക്കി. യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്ക് അവൾ പോയാൽ ഇടവകയിലെ മററുള്ളവരും അതുതന്നെ ചെയ്യും എന്നായിരുന്നു അദ്ദേഹത്തിനു പറയാനുണ്ടായിരുന്നത്. അവൾ വീണ്ടും യോഗങ്ങൾക്കു പോയി, പിന്നാലെ ഒരു കത്തിയുമായി ഭർത്താവും. യോഗങ്ങളിൽവെച്ച് അവൾ എഴുതിയെടുത്ത കുറിപ്പുകളും അവളുടെ ബൈബിൾ സാഹിത്യവുമെല്ലാം അദ്ദേഹം കത്തിച്ചുകളഞ്ഞു. എന്നിട്ടും, അവൾ വീഡിയോ പ്രദർശനത്തിനു വന്നു. പിന്നീട്, താൻ കണ്ടതെല്ലാം ആ സ്ത്രീ ഭർത്താവിനോടു പറഞ്ഞു. അതോടെ മനംമാററം വന്ന അദ്ദേഹത്തിനും വീഡിയോ കാണണമെന്നായി, ഒപ്പം ഖേദവും, അവളുടെ കുറിപ്പുകളും ബൈബിൾ സാഹിത്യവും കത്തിച്ചുകളഞ്ഞല്ലോ എന്നോർത്ത്.
അതുകൊണ്ട്, തായ്ലൻഡിൽ ആളുകൾ സുവാർത്ത കേൾക്കുന്നുണ്ട്. അങ്ങനെ ‘സ്വതന്ത്രരുടെ നാട്ടിൽ’ അവർ ആത്മീയ സ്വാതന്ത്ര്യം നേടുകയാണ്.—യോഹന്നാൻ 8:32.
[അടിക്കുറിപ്പ്]
a കൂടുതലായ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികളുടെ 1994-ലെ കലണ്ടർ കാണുക.
[24-ാം പേജിലെ ചതുരം]
രാജ്യത്തെക്കുറിച്ചുള്ള സംക്ഷിപ്തവിവരം 1993 സേവനവർഷം
സാക്ഷീകരിക്കുന്നവരുടെ അത്യുച്ചസംഖ്യ: 1,434
അനുപാതം: 1 സാക്ഷിക്ക് 40,299 പേർ
സ്മാരക ഹാജർ: 3,342
ശരാശരി പയനിയർ പ്രസാധകർ: 232
ശരാശരി ബൈബിളധ്യയനങ്ങൾ: 1,489
സ്നാപനമേററവരുടെ എണ്ണം: 92
സഭകളുടെ എണ്ണം: 39
ബ്രാഞ്ച് ഓഫീസ്: ബാങ്കോക്ക്
[25-ാം പേജിലെ ചിത്രം]
രാജ്യപ്രഘോഷകർ സതീക്ഷ്ണം സുവാർത്ത പ്രസംഗിക്കുന്നു
[25-ാം പേജിലെ ചിത്രം]
1947-ലെ ആദ്യത്തെ ബ്രാഞ്ച് ഓഫീസ്
[25-ാം പേജിലെ ചിത്രം]
1992 ഫെബ്രുവരി 8-നു സമർപ്പണം നടന്ന ബാങ്കോക്കിലെ പുതിയ ബ്രാഞ്ച് ഓഫീസിനു മുമ്പിൽ ബെഥേൽ കുടുംബാംഗങ്ങൾ