“ഞാൻ വിശ്വാസം കാത്തുസൂക്ഷിച്ചു”
ബ്രൂണല ഇൻകോണ്ടിററിയുടെ സുഹൃത്തുക്കൾ പറഞ്ഞപ്രകാരം
“ശനിയാഴ്ച വളരെ ദീർഘവും ഏകാന്തവുമായ ഒരു ദിനമായിരുന്നു. ഞാൻ മുറിയിൽ തനിച്ചായിരുന്നു. എനിക്കു വളരെ നിരാശയും അനുഭവപ്പെട്ടു. ഒരു ഇടനാഴിയിലൂടെ നടന്നാലോ എന്നു തോന്നി. കാര്യങ്ങളെല്ലാം ഭംഗിയായി നീങ്ങുകയായിരുന്നു. എന്നാൽ, പെട്ടെന്ന്, ആരോ എന്റെ മുഖത്തിനുനേരെ കതക് ആഞ്ഞടച്ചു. ഞാൻ എത്ര ശ്രമിച്ചിട്ടും രക്ഷപെടാൻ യാതൊരു പഴുതുമില്ലായിരുന്നു.”
15 വയസ്സുള്ള ബ്രൂണല ഇൻകോണ്ടിററിയുടെ ഹൃദയത്തിൽ അത്യധികം ശക്തമായ നിരാശ അനുഭവപ്പെട്ടു. തന്റെ തളിർജീവിതത്തിലെ ഏററവും സുപ്രധാന ദിനം കൈവിട്ടുപോവുകയായിരുന്നു. ആ വർഷത്തിന്റെ ആരംഭത്തിൽ യഹോവയോടും ബൈബിളിനോടും അവൾക്കുള്ള സ്നേഹം തന്റെ ജീവിതം അവനു സമർപ്പിക്കുന്നതിന് അവളെ പ്രേരിപ്പിച്ചു. 1990 ജൂലൈയിൽ കാനഡയിലെ മോൺട്രിയലിൽവെച്ചുനടന്ന യഹോവയുടെ സാക്ഷികളുടെ “നിർമല ഭാഷ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ അവൾ സ്നാപനമേൽക്കാനിരുന്നതാണ്. അതിനുപകരം, ബ്രൂണല തന്റെ ജീവിതത്തിന്റെ ശേഷിച്ചഭാഗത്തെ മൊത്തം ബാധിക്കുന്ന തന്റെ വിശ്വാസത്തിന്റെ പരീക്ഷയെ സത്വരം നേരിടാൻപോകുകയായിരുന്നു.
സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തുന്നതിനു രണ്ടു ദിവസംമുമ്പ് തനിക്കു രക്താർബുദം ഉണ്ടെന്നു ബ്രൂണല മനസ്സിലാക്കി. എത്രയും പെട്ടെന്നു ചികിത്സ തുടങ്ങുന്നതിനു കുട്ടികൾക്കായുള്ള പ്രാദേശിക ആശുപത്രിയിലെ ഡോക്ടർമാർ ആഗ്രഹിച്ചു. അങ്ങനെ ബ്രൂണല ആശുപത്രിയിലായി.
അവളുടെ വാക്കുകൾ ഡോക്ടർമാരെ സ്പർശിക്കുന്നു
യഹോവയാം ദൈവത്തെ സംബന്ധിച്ചിടത്തോളം രക്തം പവിത്രമാണെന്നു ബ്രൂണലക്ക് അറിയാമായിരുന്നു. (ലേവ്യപുസ്തകം 17:11) യാതൊരു കാരണവശാലും ചികിത്സയുടെ ഭാഗമായി കുട്ടിയിൽ രക്തപ്പകർച്ച നടത്തരുതെന്ന് അവളുടെ മാതാപിതാക്കളായ എഡ്മണ്ടോയും നിക്കോലെററയും നിർദേശിച്ചിരുന്നു. “ബ്രൂണല മൈനർ ആയിരുന്നെങ്കിലും അവളിൽനിന്നു ഡോക്ടർമാർ അതു കേൾക്കണമെന്ന് അവൾ ആഗ്രഹിച്ചു” എന്ന് അവളുടെ പിതാവ് അനുസ്മരിക്കുന്നു. “‘രക്തം വർജിക്കുക’ എന്ന ബൈബിൾ കല്പന ലംഘിക്കുന്ന ഒരു ചികിത്സയും തനിക്കുവേണ്ട എന്ന് അവൾ തറപ്പിച്ചു പറഞ്ഞു.”—പ്രവൃത്തികൾ 15:20.
1990, ജൂലൈ 10-ന് മൂന്നു ഡോക്ടർമാരും ഒരു സാമൂഹിക പ്രവർത്തകയും ബ്രൂണലയുടെ മാതാപിതാക്കൾ, യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിലെ രണ്ടു ശുശ്രൂഷകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ബ്രൂണലക്ക് മൂർധന്യാവസ്ഥയിലെത്തിയ ലിംഫോബ്ലാസ്ററിക് രക്താർബുദം (Lymphoblastic Leukemia) ആണെന്ന് പരിശോധനയിൽനിന്നു വ്യക്തമായി. ആ രോഗത്തോടു മല്ലിടുന്നതിനുള്ള തങ്ങളുടെ പദ്ധതിയെക്കുറിച്ചു ഡോക്ടർമാർ വിശദീകരിച്ചു. ഈ രോഗത്തെ ചികിത്സിക്കുന്നതു വളരെ പ്രയാസകരമായ സംഗതിയാണെന്ന് അവർ നയപൂർവം വിശദീകരിച്ചു. “ദൈവത്തെ അനുസരിക്കുന്നതിനുള്ള ബ്രൂണലയുടെ നടപടിയും ഉറച്ച തീരുമാനവും ഡോക്ടർമാരെയും സാമൂഹിക പ്രവർത്തകയെയും സ്പർശിച്ചു. അവളുടെ മാതാപിതാക്കളുടെ സ്നേഹത്തിലും ക്രിസ്തീയ സഭയിലെ സുഹൃത്തുക്കളുടെ പിന്തുണയിലും അവർക്കു മതിപ്പുളവായി. അവരുടെ നിലപാടിനെ ഞങ്ങൾ മനസ്സിലാക്കി ആദരവു പ്രകടമാക്കിയ വിധത്തിലും അവർ വിലമതിപ്പു കാണിച്ചു” എന്നു സഭയിലെ മൂപ്പൻമാരിലൊരാൾ അനുസ്മരിക്കുന്നു.
രക്തപ്പകർച്ച ഒഴിവാക്കാൻ ഡോക്ടർമാർ തീരുമാനിച്ചു. ബ്രൂണലക്ക് കീമോതെറാപ്പി നൽകപ്പെടും. എന്നാൽ, അതു സാധാരണയിലും ശക്തി കുറഞ്ഞതായിരിക്കും. ഇത്, ചികിത്സമൂലം രക്തകോശങ്ങൾക്കു സംഭവിച്ച കേട് കുറയ്ക്കും. “ഡോക്ടർമാർ ബ്രൂണലയുടെ ശാരീരികവും വൈകാരികവും ആത്മീയവുമായ ആവശ്യങ്ങളെ പരിഗണിച്ചു” എന്ന് നിക്കോലെററ വിവരിക്കുന്നു. “ബാല്യകാല രക്താർബുദത്തിനുവേണ്ടിയുള്ള രക്തരഹിത ക്രമീകരണം സംബന്ധിച്ച് അനുഭവമുള്ള ഒരു സ്പെഷ്യലിസ്ററുമായി ആലോചിക്കുന്നതിനു ഞങ്ങൾ അവരെ പ്രോത്സാഹിപ്പിച്ചപ്പോൾ അവർ അതിനു സമ്മതിച്ചു.” ബ്രൂണലയും ആശുപത്രിയിലെ ജീവനക്കാരും തമ്മിൽ ആഴമായ വാത്സല്യബന്ധം ഉടലെടുത്തു.
ആത്മീയ ലാക്കുകൾ
പ്രാരംഭത്തിൽ നടത്തിയ ചികിത്സ അല്പസ്വല്പം പ്രയോജനം ചെയ്തെങ്കിലും ബ്രൂണലയുടെ അഗ്നിപരീക്ഷ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. 1990, നവംബറിൽ അവളുടെ രോഗത്തിനു തത്കാല ശമനമുണ്ടായി. അതുകൊണ്ട്, താമസംകൂടാതെ അവൾ സ്നാപനമേററു. മുമ്പത്തെ ചില മാസങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ടു ബ്രൂണല ഇപ്രകാരം സമ്മതിച്ചുപറഞ്ഞു: “അത് അത്ര എളുപ്പമായിരുന്നില്ല. വളരെയധികം കരുത്ത് ആവശ്യമായി വരുന്നു. ക്രിയാത്മക മനോഭാവമുണ്ടായിരിക്കുകയും വേണം. . . . എന്റെ വിശ്വാസം പരീക്ഷിക്കപ്പെട്ടു എന്നാൽ, ഞാൻ ഉറച്ചു നിന്നു. ഒരു നിരന്തരപയനിയർ [മുഴുസമയ ശുശ്രൂഷക] ആയി ജീവിതം ചെലവഴിക്കണമെന്ന ഉദ്ദേശ്യം ഇപ്പോഴും എനിക്കുണ്ട്.”
1991-ന്റെ ആദ്യഘട്ടത്തിൽ ബ്രൂണലയുടെ രോഗം മൂർച്ഛിച്ചു. കീമോതെറാപ്പി നടത്തിക്കൊണ്ടിരിക്കവേ അവൾ ഏതാണ്ടു മരിച്ചപോലെ ആയി. എന്നാൽ സകലരെയും അതിശയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തുകൊണ്ട് അവൾ ആരോഗ്യം വീണ്ടെടുത്തു. ഒരു സഹായ പയനിയർ എന്ന നിലയിൽ ആഗസ്ററ് മാസത്തിൽ പരസ്യ ശുശ്രൂഷയിൽ പങ്കെടുക്കാൻപോന്നവിധം അവൾ സുഖം പ്രാപിച്ചു. അവളുടെ രോഗം വീണ്ടും വഷളായി. 1991, നവംബറിൽ അവളുടെ ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ അർബുദം ബാധിച്ചു. വേറൊരു ആശുപത്രിയിലെ ഒരുകൂട്ടം ഡോക്ടർമാർ റേഡിയേഷൻ തെറാപ്പിയിലൂടെ അവളെ ചികിത്സിക്കാൻ തുടങ്ങി.
അത്തരം പ്രയാസകരമായ സാഹചര്യങ്ങളിലും ബ്രൂണല അചഞ്ചലയായി നിലകൊള്ളുകയും ആത്മീയ ലാക്കുകൾ വയ്ക്കുകയും ചെയ്തു. രക്താർബുദമാണെന്ന് ആദ്യം മനസ്സിലാക്കിയപ്പോൾ ആറുമാസംകൂടി മാത്രമേ ജീവിച്ചിരിക്കുകയുള്ളൂ എന്ന് അവളോടു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അതെല്ലാം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷവും ബ്രൂണല ഭാവിപരിപാടികൾ ക്രമീകരിക്കുകയായിരുന്നു. “തന്റെ ലക്ഷ്യങ്ങൾ സഫലമാക്കുന്നതിനു ലഭിച്ച സമയങ്ങളൊന്നും അവൾ പാഴാക്കിയില്ല” എന്ന് സഭയിലെ ഒരു മൂപ്പൻ അഭിപ്രായപ്പെട്ടു. “ദൈവത്തിന്റെ വാഗ്ദത്ത പറുദീസയിൽ ബ്രൂണലക്കുണ്ടായിരുന്ന വിശ്വാസം യാതനയിലെല്ലാം അവളെ പരിരക്ഷിച്ചു. ചെറുപ്പമായിരുന്നെങ്കിലും അവൾ ക്രിസ്തീയ പക്വതയിലെത്തിച്ചേർന്നു. അവളുടെ നടത്തയും മനോഭാവവും സഭയെ ഉത്തേജിപ്പിച്ചു. ആശുപത്രിയിലെ ജീവനക്കാരുൾപ്പെടെ അവളെ അറിയുമായിരുന്ന സകലരുടെയും ഹൃദയത്തിൽ അവൾ സ്ഥാനം പിടിച്ചു.” അവളുടെ അമ്മ പിൻവരുന്നവിധം അനുസ്മരിക്കുന്നു: “അവൾ ഒരിക്കലും പരാതിപറഞ്ഞില്ല. അവളുടെ ആരോഗ്യനില എങ്ങനെയുണ്ട് എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ അവൾ, ‘നന്നായിരിക്കുന്നു’ അല്ലെങ്കിൽ ‘വല്യ കുഴപ്പമൊന്നുമില്ല, നിങ്ങൾക്ക് എങ്ങനെയുണ്ട്?’ എന്ന് ഉത്തരം പറയുമായിരുന്നു.”
ഒരു സുരക്ഷിത ഭാവി
1992 ജൂലൈയിലെ യഹോവയുടെ സാക്ഷികളുടെ “പ്രകാശവാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനിൽ പങ്കെടുക്കുന്നതിനു ബ്രൂണല പരിപാടിയിട്ടു. കൺവെൻഷന്റെ സമയമായപ്പോഴേക്കും ബ്രൂണല ആശുപത്രിയിലായി. അവളുടെ ജീവൻ പിടിവിട്ടുപോവുകയായിരുന്നു. എന്നുവരികിലും, അവൾ ഒരു വീൽചെയറിൽ കൺവെൻഷനിൽ പങ്കെടുത്തു. അവളുടെ ഉദ്ദേശ്യം യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്യൽ എന്ന നാടകം കാണുക എന്നതായിരുന്നു.
ജീവിതത്തിന്റെ അവസാന നാളുകൾ കുടുംബാംഗങ്ങളോടൊപ്പം ചെലവിടുന്നതിന് അവൾ വീട്ടിലേക്കു തിരികെപോന്നു. “അവസാനമായപ്പോഴേക്കും തന്നെക്കാൾ കൂടുതൽ മററുള്ളവരെക്കുറിച്ചായിരുന്നു അവളുടെ ചിന്തമുഴുവനും. ബൈബിൾ പഠിക്കാൻപറഞ്ഞും ‘പറുദീസയിൽ നാം ഒന്നിച്ചായിരിക്കും’ എന്നു പറഞ്ഞുകൊണ്ടുമെല്ലാം അവൾ അവരെ പ്രോത്സാഹിപ്പിക്കുമായിരുന്നു” എന്ന് നിക്കോലെററ പറയുന്നു.
1992 ജൂലൈ 27-നു ബ്രൂണല മരണമടഞ്ഞു. പറുദീസാ ഭൂമിയിൽ ജീവനിലേക്കുള്ള പുനരുത്ഥാന പ്രത്യാശയിൽ നല്ല ഉറപ്പുള്ളവളായാണ് അവൾ മൃതിയടഞ്ഞത്. അവൾ തന്റെ ലാക്കുകളിൽ എത്തിച്ചേരാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും പുനരുത്ഥാനത്തിനുശേഷം തന്റെ സമർപ്പിത ജീവിതഗതി പിന്തുടരുന്നതിന് അവൾ ആസൂത്രണം ചെയ്തു. മരിക്കുന്നതിന് ഏതാനും നാളുകൾക്കു മുമ്പ് ബ്രൂണല പിൻവരുന്ന കത്ത് എഴുതി. അവളുടെ സ്മാരക ശുശ്രൂഷയിൽ അതു വായിച്ചു കേൾപ്പിക്കയുണ്ടായി.
“പ്രിയ സുഹൃത്തുക്കളേ:
“നിങ്ങൾ വന്നതിനു നന്ദി. നിങ്ങളുടെ സാന്നിധ്യം എന്റെ കുടുംബാംഗങ്ങൾക്ക് വളരെയധികം സഹായകരമാണ്.
“എനിക്ക് ഉററവരായിരുന്നവരോട്—നാം വളരെയധികം സഹിക്കേണ്ടിവന്നു. നമുക്കു ധാരാളം പ്രയാസമേറിയ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും രസകരമായ ചില സമയങ്ങളുമുണ്ടായിരുന്നിട്ടുണ്ട്. നീണ്ടുനിന്ന ശക്തമായ ഒരു പോരാട്ടമായിരുന്നു അത്. എങ്കിലും ഞാൻ പരാജയമടഞ്ഞതായി എനിക്കു തോന്നുന്നില്ല. തിരുവെഴുത്തുകളിൽ പറയുന്നതുപോലെ, ‘ഞാൻ നല്ല പോരാട്ടം നടത്തി; ഞാൻ ഓട്ടം പൂർത്തിയാക്കി; ഞാൻ വിശ്വാസം കാത്തുസൂക്ഷിച്ചു.’—2 തിമൊ. 4:7, ഓശാന ബൈബിൾ.
“ഞാൻ ധാരാളം കാര്യങ്ങൾ പഠിക്കുകയും വളർച്ച പ്രാപിക്കുകയും ചെയ്തിരിക്കുന്നു. എന്റെ സുഹൃത്തുക്കളും എനിക്കു ചുററുമുണ്ടായിരുന്നവരും ആ മാററം കണ്ടിരിക്കുന്നു. എനിക്കു പിന്തുണ നൽകിയ സകലർക്കും നന്ദി നൽകുവാൻ ഞാൻ ആഗ്രഹിക്കുകയാണ്.
“പുതിയ വ്യവസ്ഥിതിയിലും യഹോവയിലും വിശ്വസിക്കുന്ന നിങ്ങൾക്കേവർക്കും പുനരുത്ഥാനമുണ്ടെന്ന് അറിയാം. അതാണല്ലോ യോഹന്നാൻ 5:28, 29-ൽ പറഞ്ഞിരിക്കുന്നത്. ആയതിനാൽ, വിശ്വാസത്തിൽ ബലിഷ്ഠരായിരിക്കുക. പരസ്പരം നമുക്കു വീണ്ടും കണ്ടുമുട്ടാം.
“എന്റെ കഷ്ടപ്പാടുകൾ മനസ്സിലാക്കിയ സകലർക്കും ഞാൻ നന്ദി പറയുന്നു. നിങ്ങളോരോരുത്തരെയും ഞാൻ ദീർഘമായി ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്യുന്നു. നിങ്ങളെയെല്ലാവരെയും ഞാൻ സ്നേഹിക്കുന്നു.”
ദൈവത്തിനു സമർപ്പിക്കുന്നതിൽനിന്നു തന്നെ തടയാൻ യൗവനത്തെയോ രോഗത്തെയോ ബ്രൂണല അനുവദിച്ചില്ല. വിശ്വാസവും ദൃഢനിശ്ചയവും സംബന്ധിച്ചുള്ള അവളുടെ ദൃഷ്ടാന്തം ചെറുപ്പക്കാരും പ്രായമായവരുമായ സകലർക്കും പ്രോത്സാഹനമേകുന്നു. ജീവൻ നേടിയെടുക്കാനുള്ള ഓട്ടത്തെ തടസ്സപ്പെടുത്തുന്ന എന്തിനെയും തട്ടിത്തെറിപ്പിക്കുന്നതിന് ഇത് അവർക്കു പ്രചോദനമേകുന്നു.—എബ്രായർ 12:1.