ഏററവും പുരോഗമനാത്മകമായ സ്ഥാപനത്തോടൊത്തു സേവിക്കുന്നു
റോബർട്ട് ഹാട്ട്സ്ഫെൽററ് പറഞ്ഞപ്രകാരം
ജീവൻ തുടിക്കുന്ന വർണത്തിൽ സായാഹ്ന വാർത്തകൾ വീക്ഷിക്കുന്നതിന് ഇന്ന് അനേകർ റിമോട്ട് കൺട്രോൾ ഉപയോഗിച്ചുകൊണ്ട ടെലിവിഷൻ ഓൺ ചെയ്യുന്നു. അത് അത്ര അസാധാരണമായ ഒരു സംഗതിയായി അവർ കരുതുന്നില്ല. എന്നാൽ, 12 വയസ്സുള്ള ആൺകുട്ടിയായ ഞാൻ, സാധാരണയിൽ കവിഞ്ഞ വലിപ്പത്തിലുള്ള ഒരു വ്യക്തി പ്രസംഗിക്കുന്നത് ചലച്ചിത്ര സ്ക്രീനിൽ കണ്ണും മിഴിച്ചു നോക്കിയിരിക്കുന്നത് ഇന്നലെയെന്നപോലെ ഓർക്കുന്നു!
അത് അത്ര ആനക്കാര്യമൊന്നുമല്ലല്ലോ എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എങ്കിലും, ബ്ലാക്ക് ആൻഡ് വൈററ് മൂകചിത്രങ്ങളുടെ പ്രാരംഭ നാളുകളായിരുന്നതിനാൽ 1915-ൽ അത് ഒരു ആധുനിക അത്ഭുതമായിട്ടാണ് എനിക്കു തോന്നിയത്. താടിനീട്ടിയ ഒരു മാന്യദ്ദേഹം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം അവതരിപ്പിക്കുന്നത് ഐ.ബി.എസ്.എ., അന്താരാഷ്ട്ര ബൈബിൾ വിദ്യാർഥികളുടെ സംഘടനയാണ്.” അടുത്ത രണ്ടു മണിക്കൂറോളം ബൈബിളിന്റെ കഥ ഞങ്ങളുടെ കൺമുമ്പിൽ തെളിഞ്ഞുവന്നു. അതിലെ തിരുവെഴുത്തു സന്ദേശം സുവ്യക്തവും ഉൻമേഷകരവുമായിരുന്നു. എന്നുവരികിലും അത് കളർ സൈഡ്ളുകൾകൊണ്ടു സംയോജിപ്പിച്ച ചലച്ചിത്രമായിരുന്നു. ചിത്രത്തിനൊത്തുള്ള സംസാരമാണ് എന്റെ ശ്രദ്ധ ഏററവും പിടിച്ചുപററിയത്.
അത് അന്നു ഞാൻ മനസ്സിലാക്കിയിരുന്നില്ല. എന്നാൽ ചരിത്രപ്രധാനമായ ആ സാങ്കേതിക വിദ്യയോട് എനിക്കുണ്ടായ യുവസഹജമായ ആവേശം ഭൂമിയിലെ ഏററവും പുരോഗമനാത്മകമായ സ്ഥാപനത്തോടൊപ്പം ആയുഷ്കാലം ചെലവിടുന്നതിനുള്ള ഒരു മുഖവുരയായിരുന്നു.
ആദ്യ നാളുകൾ
എന്റെ പിതാവ് 1891-ൽ ജർമനിയിലെ ഡിലൻബർഗിൽനിന്ന് യു.എസ്.എ.യിലുള്ള പെൻസിൽവേനിയയിലെ അലിഗനിയിൽ വസിക്കുന്ന ജർമൻ സമുദായത്തിൽ വന്നെത്തി. ഒരു ജർമൻ കുടുംബത്തിലെ പെൺകുട്ടിയെ അദ്ദേഹം പിന്നീടു കണ്ടുമുട്ടുകയും അവർ വിവാഹിതരാകുകയും ചെയ്തു. 1903 ജൂലൈ 7-നു ഞാൻ പിറന്നു. ജർമൻ, ഇംഗ്ലീഷ് ഭാഷകൾ പഠിപ്പിച്ചാണ് എന്നെ വളർത്തിക്കൊണ്ടുവന്നത്. 1914-ൽ ഒന്നാം ലോകമഹായുദ്ധം തുടങ്ങുന്നതിനു തൊട്ടുമുമ്പ് എന്നെ അനാഥനാക്കിക്കൊണ്ട് ഒരു ക്ഷയരോഗബാധ എന്റെ മാതാപിതാക്കളെ തട്ടിയെടുത്തു. ഏതാണ്ട് അതേ കാലയളവിൽ എന്റെ വല്യപ്പൻ സന്നിപാതം പിടിപെട്ട് മൃതിയടഞ്ഞു.
എന്റെ ആൻറി മിനാ ബോമർ ദയാപുരസ്സരം എന്നെ തന്റെ വീട്ടിലേക്കു കൊണ്ടുപോയി. “എനിക്ക് എന്താണേലും അഞ്ചു മക്കളുണ്ട്, ഒന്നുകൂടെ ആയിക്കോട്ടെ” എന്ന് അവർ പറഞ്ഞു. മാതാപിതാക്കളുടെ അഭാവം എനിക്ക് അനുഭവപ്പെട്ടെങ്കിലും മിനാ ആൻറി എനിക്ക് ഒരു നല്ല ആശ്രയം പ്രദാനംചെയ്തു.
എന്റെ ആൻറി ബൈബിൾ വിദ്യാർഥികളുടെ (യഹോവയുടെ സാക്ഷികളെ അന്ന് അങ്ങനെയാണു വിളിച്ചിരുന്നത്) അലിഗനി സഭയോടൊത്തു വളരെക്കാലമായി സഹവസിച്ചുവരികയായിരുന്നു. വാച്ച് ടവർ സൊസൈററിയുടെ പ്രസിഡൻറായിരുന്ന സി. ററി. റസ്സൽ സഹോദരനും 1909-നു മുമ്പ് ആ സഭയോടൊത്താണു സഹവസിച്ചിരുന്നത്. മിനാ ആൻറി എന്നെ യോഗങ്ങൾക്കു കൂട്ടിക്കൊണ്ടുപോയി. ഞങ്ങളുടെ കുടുംബം അധ്യയനം നടത്തുന്നതിനും പ്രസംഗവേലയിൽ പങ്കെടുക്കുന്നതിനും അന്ന് താത്പര്യപൂർവം ശ്രമം ചെയ്തിരുന്നില്ലെങ്കിലും യോഗങ്ങളിൽ കേട്ടകാര്യങ്ങളൊക്കെ പരിചയമുള്ളവരുമായി അനൗപചാരികമായി പങ്കിടുമായിരുന്നു.
ഈ കാലയളവിലാണ് “സൃഷ്ടിപ്പിൻ നാടകം” എന്നെ അത്ഭുതസ്തബ്ധനാക്കിയത്. ഞാൻ മെക്കാനിക്കൽ കാര്യങ്ങളിൽ കൂടുതൽ തത്പരനായിരുന്നതുകൊണ്ട് ഫോട്ടോഗ്രഫിയുടെ ഈ പുതിയ സാങ്കേതികവിദ്യകളും ചിത്രങ്ങൾക്കൊപ്പിച്ചുള്ള ശബ്ദക്രമീകരണവും ടൈം-ലാപ്സ് ഫോട്ടോഗ്രഫിയും എന്നെ പുളകം കൊള്ളിച്ചു. പൂക്കൾ വിരിയുന്നതു നിരീക്ഷിച്ചപ്പോൾ ഞാൻ കോൾമയിർകൊണ്ടു!
1916-ൽ റസ്സൽ സഹോദരന്റെ മരണം ഞങ്ങളെ വളരെ ദുഃഖിതരാക്കി. ഞങ്ങൾ അലിഗനിയിൽ താമസിച്ചിരുന്നതിനാൽ കാർനെജി ഹാളിൽ നടത്തിയ അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങിൽ ഞങ്ങൾക്കു പങ്കെടുക്കാൻ കഴിഞ്ഞു. ഈ ഹാളിൽവെച്ചാണു റസ്സൽ സഹോദരൻ ഇ. എൽ. ഇററണുമായി 1903-ൽ വാഗ്വാദം നടത്തിയത്. ഈ മെഥഡിസ്ററ് എപ്പിസ്കോപ്പൽ ശുശ്രൂഷകൻ റസ്സൽ സഹോദരന്റെ ബൈബിൾ പാണ്ഡിത്യത്തെ താറടിക്കാമെന്ന പ്രത്യാശയിൽ അദ്ദേഹത്തെ ഒരു ഷഡ്ദിന വാഗ്വാദത്തിനു വെല്ലുവിളിച്ച കഥകൾ ഞാൻ കേട്ടിട്ടുണ്ട്. പകരം റസ്സൽ സഹോദരൻ ‘നരകത്തിലെ തീ അണയ്ക്കുകയാണ് ഉണ്ടായത്.’ പിററ്സ്ബർഗിൽ, സാറാ കേലിൻ എന്ന വിഖ്യാതയായ ഒരു കോൽപോർട്ടറിനു റസ്സലിനെയും ഭാര്യയെയും വ്യക്തിപരമായി അറിയാമായിരുന്നു. ശവസംസ്കാര സമയം മരിയ റസ്സൽ “എന്റെ പ്രിയഭാജനമായ ഭർത്താവിന്” എന്ന കുറിപ്പോടെ ശവപ്പെട്ടിയിൽ ഏതാനും പൂക്കൾ അർപ്പിക്കുന്നത് അവർ കണ്ടു. ഏതാനും വർഷം മുമ്പ് അവർ അദ്ദേഹത്തിൽനിന്നു വേർപിരിഞ്ഞിരുന്നെങ്കിലും റസ്സലിനെ മരിയ അപ്പോഴും ഭർത്താവായി കണക്കാക്കിയിരുന്നു.
എന്റെ ഭാവി ജീവിതഗതിക്ക് ആവശ്യമായ സാങ്കേതിക സിദ്ധികൾ നേടിയെടുക്കാൻ വർഷങ്ങൾകൊണ്ട് എനിക്കു കഴിഞ്ഞു. എന്റെ രക്ഷകർത്താവായിരുന്ന അങ്കിൾ കെട്ടിടനിർമാണ കോൺട്രാക്ടർ ആയിരുന്നു. സ്കൂൾ അവധിക്കാലങ്ങളിൽ അദ്ദേഹത്തിന്റെ ഇലക്ട്രീഷ്യൻമാരോടൊപ്പം പഴയ കെട്ടിടങ്ങളിൽ വാതക വിളക്കുകൾ മാററി വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്നതിന് അദ്ദേഹം എന്നെ നിയോഗിക്കുമായിരുന്നു. 1918-ൽ ഞങ്ങളുടെ സ്കൂളിലെ വിദ്യാർഥികൾ അമച്ച്വർ റേഡിയോ-ടെലഗ്രാഫ് ഉപകരണം നിർമിച്ചു. വൈകുന്നേരങ്ങളിൽ ഞങ്ങൾ ഒന്നിച്ചുകൂടി വൈദ്യുതിയും കാന്തികതയും സംബന്ധിച്ചു പഠിച്ച് പ്രായോഗിക പരീക്ഷണങ്ങൾ നടത്തുമായിരുന്നു. 1926-ൽ എന്റെ ഒരു സുഹൃത്തും ഞാനും ഒരു ബാല്യകാല സ്വപ്ന—കപ്പലുകളിൽ വേലചെയ്തു ലോകം ചുററുകയെന്ന സ്വപ്ന—സാക്ഷാത്കാരത്തിനുവേണ്ടി ശ്രമിക്കാൻ തീരുമാനിച്ചു. റേഡിയോ-ടെലഗ്രാഫ് ഓപ്പറേററർമാരായിത്തീരുന്നതിനു ഞങ്ങൾ റേഡിയോ കോർപ്പറേഷൻ സ്കൂൾ ഓഫ് അമേരിക്കയിൽ പേർ ചാർത്തി.
ബെഥേലിൽ ഒരു പുതിയ ജീവിതം
ഞങ്ങൾ പഠിച്ചുകൊണ്ടിരുന്ന റേഡിയോ സ്കൂൾ ന്യൂയോർക്ക് സിററിയിൽ ആയിരുന്നു. അതുകൊണ്ട്, പഴയ മേസണിക്ക് ടെമ്പിൾ ഓഡിറേറാറിയം വാടകക്കെടുത്തു നടത്തിവന്നിരുന്ന ബൈബിൾ വിദ്യാർഥികളുടെ യോഗങ്ങളിൽ ഹാജരാകുന്നതിനു ഞാൻ നദിക്കക്കരെയുള്ള ബ്രുക്ലിനിലേക്കു പോകുമായിരുന്നു. അന്ന് ന്യൂയോർക്ക് മഹാനഗരിയിൽ ഒരൊററ സഭയേ ഉണ്ടായിരുന്നുള്ളൂ. ഞാൻ കമേഴ്സ്യൽ റേഡിയോ ലൈസൻസിനുവേണ്ടി പഠിക്കുകയാണ് എന്നു ബെഥേലിലെ (ബൈബിൾ വിദ്യാർഥികളുടെ ആസ്ഥാനത്തുള്ളവരുടെ കുടുംബത്തിലെ) സഹോദരങ്ങൾ അറിയാനിടയായപ്പോൾ അവർ പറഞ്ഞു: “എന്തിനാ കടലിൽ പോകുന്നത്? ഇവിടെത്തന്നെ നമുക്ക് ഒരു റേഡിയോ സ്റേറഷൻ ഉണ്ടല്ലോ, അതു പ്രവർത്തിപ്പിക്കാൻ ഒരാളുടെ ആവശ്യമുണ്ടുതാനും.” ഒരു ഇൻറർവ്യൂവിൽ പങ്കെടുക്കുന്നതിന് ഓഫീസിലേക്കു വരാൻ അവർ എന്നെ ക്ഷണിച്ചു. ബെഥേൽ ബൈബിൾ വിദ്യാർഥികളുടെ ആസ്ഥാനമാണ് എന്നതൊഴിച്ചാൽ അതേപ്പററി വേറെ ഒന്നുംതന്നെ എനിക്ക് അറിഞ്ഞുകൂടായിരുന്നു.
സ്കൂൾ പഠിത്തം പൂർത്തിയാക്കി ലൈസൻസും കരസ്ഥമാക്കിയശേഷം ബെഥേലിലേക്കു വരാൻ ഇൻറർവ്യൂവിനുശേഷം സഹോദരങ്ങൾ നിർദേശിച്ചു. ബിരുദം നേടിയശേഷം കപ്പലിൽ കയറി പുറംകടലുകളിലേക്കു പോകുന്നതിനു പകരം ഞാൻ എന്റെ ഏതാനും വസ്ത്രങ്ങൾ അടുക്കിപ്പെറുക്കി ഭൂഗർഭ മാർഗത്തിലൂടെ സഞ്ചരിക്കുന്ന ഒരു ട്രെയിനിൽ ബെഥേലിലേക്കു യാത്രതിരിച്ചു. യഹോവക്കു സമർപ്പിക്കുകയും വർഷങ്ങളോളം പ്രസംഗവേലയിൽ പങ്കെടുക്കുകയും ചെയ്തിരുന്നെങ്കിലും 1926 ഡിസംബറിൽ ബെഥേലിൽ എത്തി രണ്ടാഴ്ച കഴിഞ്ഞു മാത്രമാണു ഞാൻ സ്നാപനമേററത്. അന്നത്തെക്കാലത്ത് അതൊരു അസാധാരണ സംഗതിയായിരുന്നില്ല.
അന്നാണെങ്കിൽ ബെഥേലിൽ 150 അംഗങ്ങളുണ്ടായിരുന്നു. ആളുകളെക്കൊണ്ടു മരുങ്ങുതിരിയാൻ ഇടമില്ലായിരുന്നു. ഓരോ മുറിയിലും നാലു പേർ വീതമുണ്ടായിരുന്നു. അവരിൽ മിക്കവരുമായി ഞാൻ പെട്ടെന്നുതന്നെ പരിചയത്തിലായി കാരണം തീനും വേലയും ഉറക്കവുമെല്ലാം ഒരേ വളപ്പിൽത്തന്നെ ആയിരുന്നു. തന്നെയുമല്ല ഞങ്ങളെല്ലാം ന്യൂയോർക്ക് സിററിയിൽ ആകപ്പാടെയുണ്ടായിരുന്ന ഒരേ ഒരു സഭയിലാണ് ഹാജരായിക്കൊണ്ടിരുന്നതും. 1927-ൽ 124 കൊളംബിയ ഹൈററ്സിൽ പുതിയ ബെഥേൽ ഭവനത്തിന്റെ പണി പൂർത്തിയായി. അപ്പോൾ ഒരു മുറിയിൽ രണ്ടുപേർ വീതം താമസിക്കുന്നതിനു ഞങ്ങൾക്കു കഴിഞ്ഞു.
കൂടാതെ, 1927-ൽ 117 ആഡംസ് സ്ട്രീററിൽ പുതിയ ഫാക്ടറി തുറന്നു. 55 കൊൺകോർഡ് സ്ട്രീററിലുള്ള പഴയ ഫാക്ടറിയിൽനിന്ന് ഉപകരണങ്ങൾ മാററി സ്ഥാപിക്കുന്നതിനു ഞാൻ സഹായിച്ചു. റേഡിയോ ഉപകരണത്തിനുപുറമേ ഫാക്ടറിയിൽ ലിഫ്ററുകളും അച്ചടി യന്ത്രങ്ങളും തുണിയലക്കുന്ന ഉപകരണവും എണ്ണകൊണ്ടു കത്തുന്ന ചൂളയും ഉണ്ടായിരുന്നു—അതിലൊന്നിലെങ്കിലും വൈർ ഉണ്ടെന്നുവരികിൽ ഞാൻ അതിൽ പണിയുമായിരുന്നു.
എന്നിരുന്നാലും, ബെഥേൽ ഒരു ഫാക്ടറി മാത്രമായിരുന്നില്ല. ഓരോ പുസ്തകത്തിന്റെയും ഓരോ ലഘുലേഖയുടെയും ഓരോ മാസികയുടെയും പിന്നിൽ കഠിനാധ്വാനികളായ എളിയ സേവകരുടെ കൈകളുണ്ടായിരുന്നു. അവരുടെ ലക്ഷ്യം ലോകത്തിന്റെ അംഗീകാരവും പെരുമയും നേടുകയെന്നതല്ലായിരുന്നു. മറിച്ച്, കർത്താവിന്റെ വേല നടന്നുകിട്ടണമെന്നു മാത്രമേ അവർ ആഗ്രഹിച്ചുള്ളൂ—ആ വേലയിൽ ധാരാളം ചെയ്യാനുമുണ്ടായിരുന്നു!
റതർഫോർഡ് സഹോദരനുമായുള്ള സഹവാസം
സൊസൈററിയുടെ രണ്ടാമത്തെ പ്രസിഡൻറായിരുന്ന ജോസഫ് എഫ്. റതർഫോർഡ് സഹോദരനുമൊത്തു പ്രവർത്തിക്കുന്നതിനുള്ള പദവിയിൽനിന്നു ഞാൻ വളരെ പ്രയോജനം അനുഭവിച്ചിട്ടുണ്ട്. അദ്ദേഹം 183 സെൻറീമീററർ ഉയരവും വണ്ണമില്ലായിരുന്നെങ്കിലും ഒത്ത ശരീരപ്രകൃതിയുമുള്ള ഒരു വലിയ മനുഷ്യനായിരുന്നു. ബെഥേലിലുള്ള അനേകം യുവ സഹോദരങ്ങൾക്ക് അദ്ദേഹത്തെ അടുത്തറിയുന്നതുവരെ എന്തോ ഭയമായിരുന്നു. അദ്ദേഹം സദാ പഠിച്ചുകൊണ്ടും എഴുതുവാൻ തയ്യാറെടുത്തുകൊണ്ടുമിരുന്നു.
റതർഫോർഡ് സഹോദരൻ ആൾ രസികനായിരുന്നു. റസ്സൽ സഹോദരന്റെ കാലം മുതലേയുള്ള പ്രായംചെന്ന രണ്ടു സഹോദരിമാർ ബെഥേൽ കുടുംബത്തിൽ ഉണ്ടായിരുന്നു. അവർ ഗൗരവ പ്രകൃതമുള്ളവരായിരുന്നു തന്നെയുമല്ല, രസകരമായ എന്തെങ്കിലും ഉണ്ടെങ്കിൽത്തന്നെ ഉച്ചത്തിൽ ചിരിക്കാൻ പാടില്ല എന്ന് അവർ വിചാരിച്ചിരുന്നു. ചിലപ്പോഴെല്ലാം അത്താഴസമയത്ത് റതർഫോർഡ് സഹോദരൻ എന്തെങ്കിലുമൊരു കഥ പറഞ്ഞ് എല്ലാവരെയും ചിരിപ്പിക്കുമായിരുന്നു. അത് ഈ സഹോദരിമാരെ ശുണ്ഠിപിടിപ്പിക്കുമായിരുന്നു. എന്നിരുന്നാലും, അദ്ദേഹം ഭക്ഷണവേളയിൽ ഗൗരവതരമായ ബൈബിൾ ചർച്ചകൾക്കു നേതൃത്വം വഹിക്കുകയും ചെയ്തിരുന്നു.
റതർഫോർഡ് സഹോദരൻ ഒരു നല്ല പാചകക്കാരനായിരുന്നു. സുഹൃത്തുക്കൾക്കുവേണ്ടി ഭക്ഷണം പാകം ചെയ്യുന്നത് അദ്ദേഹം ആസ്വദിച്ചിരുന്നു. ഒരിക്കൽ ബെഥേലിലെ പാചകക്കാർ കോഴികളെ കഷണിച്ചപ്പോൾ അതിന്റെ എല്ലുകളും ചീന്തിയെടുത്തു. അദ്ദേഹം അടുക്കളയിൽ കയറി കോഴിയെ കഷണിക്കേണ്ടത് എങ്ങനെയെന്ന് അവർക്കു കാണിച്ചുകൊടുത്തു. ചീന്തിയെടുത്ത കോഴിയെല്ല് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു!
ഞാൻ പലപ്പോഴും അനൗപചാരിക സന്ദർഭങ്ങളിൽ റതർഫോർഡ് സഹോദരനോടൊപ്പമുണ്ടായിരുന്നിട്ടുണ്ട്, ഞങ്ങളുടെ ഡബ്ള്യൂബിബിആർ റേഡിയോ സ്റേറഷനിൽവെച്ചും സ്റേറററൻ ഐലൻഡിലുള്ള അദ്ദേഹത്തിന്റെ പഠന മുറിയിൽവെച്ചുമൊക്കെ. അദ്ദേഹം വളരെ ദയയുള്ളവനും പ്രസംഗിക്കുന്നതു പ്രവർത്തിക്കുന്നവനുമായിരുന്നു. തനിക്കു ചെയ്യാൻ പററാത്ത കാര്യം മററുള്ളവർ ചെയ്യാൻ അദ്ദേഹം പ്രതീക്ഷിച്ചില്ല. റതർഫോർഡ് സഹോദരൻ മററനേക മതസ്ഥാപനങ്ങളിൽ ഉത്തരവാദിത്വം വഹിക്കുന്ന വ്യക്തികളെപ്പോലെ ആയിരുന്നില്ല. മറിച്ച് അദ്ദേഹം ആത്മീയവും ധാർമികവുമായി ഉന്നത നിലവാരം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹം യഹോവയുടെ രാജ്യത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചുവെന്നു സ്പഷ്ടമായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയങ്ങൾ
ഞാൻ ബെഥേലിൽ വന്നതിന് ഏതാനും വർഷങ്ങൾക്കുശേഷം ലോകം വലിയ സാമ്പത്തികമാന്ദ്യത്തിലേക്കു പ്രവേശിച്ചു. ചരക്കുകൾക്കു വിലയിടിഞ്ഞതോടെ സാമ്പത്തിക വിപണികളും അധഃപതിച്ചു. തൊഴിലുകൾ വിരളമായിരുന്നു, ഫണ്ടുകൾ പരിമിതവും. സംഭാവനയായികിട്ടിയ ഫണ്ടുകൊണ്ടാണു ബെഥേൽ പ്രവർത്തനം തുടർന്നത്. വേല തുടരുന്നതിന് ആവശ്യമായത് ഉണ്ടെന്നു യഹോവ ഉറപ്പുവരുത്തി. ഞങ്ങൾക്കൊരിക്കലും ഭക്ഷണം ലഭിക്കാതെ വന്നിട്ടില്ല, ഓരോരുത്തരുടെയും ഇഷ്ടത്തിനൊത്തവിധം ആയിരുന്നില്ലെങ്കിലും. ഞങ്ങൾ അങ്ങേയററം അരിഷ്ടിച്ചു കഴിഞ്ഞുകൂടി. ബെഥേലിനു വെളിയിലുള്ള സഹോദരങ്ങൾ തങ്ങളാൽ ആകുന്ന സഹായം ഞങ്ങൾക്കു നൽകി.
ഞങ്ങളുടെ ഫാക്ടറിയുടെ വിശ്വസ്ത മേൽവിചാരകനായിരുന്ന റോബർട്ട് മാർട്ടിൻ സഹോദരൻ 1932-ൽ മരണമടഞ്ഞു. ഇരുപത്തേഴു വയസ്സുണ്ടായിരുന്ന നേഥൻ നോർ അദ്ദേഹത്തിന്റെ സ്ഥാനത്തു നിയുക്തനായി. അദ്ദേഹം വളരെ കഴിവുററ ഒരു യുവാവായിരുന്നു. ഫാക്ടറിയുടെ മേൽവിചാരകൻ എന്നനിലയിൽ അദ്ദേഹത്തെ അംഗീകരിക്കുന്നതിന് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിരുന്നതായി ഞാൻ ഓർക്കുന്നില്ല. ജോൺ കർസൻ, ജോർജ് കെല്ലീ, ഡഗ് ഗാൽബ്രിയത്ത്, റാൾഫ് ലെഫ്ലർ, എഡ് ബെക്കർ മുതലായ ചില വിശ്വസ്ത സഹോദരൻമാർ—അവരെല്ലാം എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരാണ്—തങ്ങളുടെ വൈഭവവും നിപുണതയും രാജ്യസേവനത്തിനായി മനസ്സോടെ അർപ്പിച്ചു.—താരതമ്യം ചെയ്യുക: പുറപ്പാടു 35:34, 35.
റേഡിയോ പ്രവർത്തനരംഗത്ത്
ലഭ്യമായ ഏതു വിധത്തിലും സുവാർത്ത വ്യാപിപ്പിക്കുന്നതിൽ നമ്മുടെ സ്ഥാപനം പൂർണമായി അർപ്പിതമായിരുന്നു. മുഴു ലോകവും രാജ്യത്തെപ്പററി അറിയേണ്ട ആവശ്യമുണ്ടായിരുന്നു. എന്നാൽ ഞങ്ങൾ വെറും ആയിരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് റേഡിയോയുടെ സാങ്കേതികത അതിന്റെ ശൈശവ ഘട്ടത്തിലായിരുന്നു. എന്നിരുന്നാലും, യഹോവ ആ സമയത്തു പ്രദാനംചെയ്ത വാർത്താവിനിമയ മാധ്യമം ഇതായിരുന്നുവെന്ന് വിവേചനയുള്ള സഹോദരങ്ങൾ മനസ്സിലാക്കി. അതുകൊണ്ട്, 1923-ൽ അവർ ന്യൂയോർക്ക് സിററിയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിൽ ഒന്നായ സ്റേറററൻ ഐലൻഡിൽ ഡബ്ള്യൂബിബിആർ റേഡിയോ സ്റേറഷന്റെ നിർമാണമാരംഭിച്ചു.
ഞങ്ങളുടെ സ്റേറഷന്റെ ഓപ്പറേററർ ആയി ചിലപ്പോഴെല്ലാം ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്റേറററൻ ഐലൻഡിലാണു ഞാൻ താമസിച്ചിരുന്നതെങ്കിലും ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ ജോലികൾ ചെയ്യുന്നതിനു ബോട്ടിലും ട്രെയിനിലുമായി മൂന്നു മണിക്കൂർ യാത്രചെയ്ത് ബ്രുക്ലിനിലുള്ള ഫാക്ടറിയിലേക്കു പോകുമായിരുന്നു. ഞങ്ങളുടെ റേഡിയോ സ്റേറഷൻ സ്വയം പര്യാപ്തമാക്കുന്നതിനു ഞങ്ങൾ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു ഡീസൽ ജനറേററർ സ്ഥാപിച്ചു. സ്റേറററൻ ഐലൻഡിൽ ഞങ്ങൾക്ക് സ്വന്തം കിണറുകളും ഒരു തോട്ടവും ഉണ്ടായിരുന്നു. അവിടത്തെ ഏതാനും ജോലിക്കാർക്കും ബ്രുക്ലിനിലെ ബെഥേൽ കുടുംബാംഗങ്ങൾക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഇവിടെനിന്നാണു ലഭിച്ചത്.
മററു സഹായികളെ കിട്ടുന്നതുവരെ റേഡിയോ വേലയിലുള്ള ഉത്തരവാദിത്വം കാരണം പലപ്പോഴും എനിക്കു യോഗങ്ങളിലും വയൽശുശ്രൂഷയിലും പങ്കുപററാൻ കഴിയാതെപോയി. വാർഷിക അവധി കൂടാതെ സാമൂഹിക പരിപാടികൾക്കോ വാരാന്ത സഞ്ചാരങ്ങൾക്കോ അല്പംപോലും സമയമില്ലായിരുന്നു. ഒരിക്കൽ ഒരാൾ എന്നോടു ചോദിച്ചു: “ഇത്രയും തിരക്കുള്ള ജോലിക്രമം കാരണം ബെഥേൽ വിട്ടുപോകാൻ നിങ്ങൾക്കു തോന്നിയിട്ടില്ലേ?” സത്യസന്ധമായും “ഇല്ല” എന്ന് എനിക്കു പറയേണ്ടിവന്നു. സമർപ്പിതരായ അനേകം സഹോദരീസഹോദരൻമാരോടൊപ്പം ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നത് ഒരു പദവിയും സന്തുഷ്ടിക്കു കാരണവുമായിരുന്നിട്ടുണ്ട്. പുതിയ പദ്ധതികൾ, അങ്ങനെ എന്തെങ്കിലുമൊക്കെ വേല എപ്പോഴും ചെയ്യാൻ കാണും.
ഞങ്ങൾ ഉദ്വേഗജനകമായ റേഡിയോ നാടകങ്ങൾ നിർമിച്ച് പ്രക്ഷേപണം ചെയ്തു. റെക്കോർഡിങ് നടത്തുന്നതിനു പ്രത്യേകം ഫലപ്രദമായ മാർഗമൊന്നും ഇല്ലാതിരുന്നതിനാൽ ഞങ്ങൾക്കു പലതും സ്വന്തമായി ആസൂത്രണം ചെയ്യേണ്ടിവന്നു. ഒരു മൃദുലമായ ഇളങ്കാററിന്റെയോ ആഞ്ഞടിക്കുന്ന കൊടുങ്കാററിന്റെയോ ശബ്ദം പുനർനിർമിക്കാൻ കഴിവുള്ള ഒരു യന്ത്രം ഞങ്ങൾ നിർമിച്ചു. തടിപ്പുറത്തു ചിരട്ടകൊണ്ടു തട്ടി ശബ്ദമുണ്ടാക്കിയാണു കല്ലുപാകിയ തെരുവിലൂടെയുള്ള കുതിരക്കുളമ്പടിയാക്കിയത്. ഓരോ നാടകവും ഗംഭീരമായ ഉദ്യമമായിരുന്നു. നേരമ്പോക്കുകൾ കുറവായിരുന്ന അക്കാലത്ത് ആളുകൾ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു.
1920-കളിലും 1930-കളുടെ തുടക്കത്തിലും ഒരേ പരിപാടി ഏററവുമധികം സ്റേറഷനുകളിലൂടെ ആവർത്തിച്ചു പ്രക്ഷേപണം ചെയ്ത് സൊസൈററി റേഡിയോ രംഗത്തു ചരിത്രംതന്നെ സൃഷ്ടിച്ചു. അങ്ങനെ രാജ്യസന്ദേശം ആഗോളവ്യാപകമായി ലക്ഷങ്ങളുടെ പക്കൽ എത്തിച്ചേർന്നു.
ഗ്രാമഫോൺ
1930-കളുടെ മധ്യത്തിലും 1940-കളുടെ ആരംഭത്തിലും റേഡിയോ പ്രക്ഷേപണത്തിനുവേണ്ട യന്ത്രങ്ങളും ഗ്രാമഫോണുകളും മററു ശബ്ദോപകരണങ്ങളും ഞങ്ങൾ നിർമിക്കാൻ തുടങ്ങി. ഒരു പ്രത്യേക കടയൽ യന്ത്രംകൊണ്ടു ഞങ്ങൾ മാസ്ററർ റെക്കോർഡുകൾ കണ്ണാടിപോലെ മിനുസമുള്ള, മെഴുകുകൊണ്ടുള്ള ഡിസ്കുകളിൽനിന്നു മുറിച്ചെടുത്തു. പിന്നീട് ഓരോ മാസ്ററർ റെക്കോർഡുകളും പോരായ്മയൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടി മൈക്രോസ്കോപ്പിന്റെ കീഴിൽവെച്ച് സസൂക്ഷ്മം പരിശോധിച്ചു. ഏതെങ്കിലും വിധത്തിലുള്ള പോരായ്മയുണ്ടാകുന്നപക്ഷം റെക്കോർഡിങു വീണ്ടും നടത്തുകയും വേറെ കടയൽ യന്ത്രം ഉണ്ടാക്കുകയും ചെയ്യണമായിരുന്നു. പിന്നീട്, മെഴുകുകൊണ്ടുള്ള പ്രധാന റെക്കോർഡ് റെക്കോർഡ് കമ്പനിയിൽ കൊടുത്തയക്കും. അവർ ഗ്രാമഫോണും പ്രക്ഷേപണത്തിനുവേണ്ട മററു റെക്കോർഡുകളും നിർമിക്കും.
1933-ൽ “സമാധാനത്തിന്റെയും സമൃദ്ധിയുടെയുംമേൽ വിശുദ്ധ വർഷത്തിന്റെ പ്രഭാവം” എന്ന ശീർഷകത്തിൽ റതർഫോർഡ് സഹോദരൻ നടത്തിയ പ്രസംഗം എന്റെ സ്മരണയിൽ കുടികൊള്ളുന്ന പുളകമണിയിക്കുന്ന ഒരു സംഭവമാണ്. ആ വർഷം “വിശുദ്ധ വർഷ”മായി പാപ്പാ പ്രഖ്യാപിച്ചിരുന്നു. ഞങ്ങൾ റേഡിയോ പ്രക്ഷേപണത്തിലൂടെയും ഗ്രാമഫോണിലൂടെയും അത് തുറന്നടിക്കുകയും വിശുദ്ധമായതൊന്നും സംഭവിക്കുകയില്ലെന്നു കാണിക്കുകയും ചെയ്തു. കത്തോലിക്കാ സഭയുടെ പിന്തുണയോടെ ആ വർഷം ഹിററ്ലർ അധികാരമേറെറടുത്തു. അങ്ങനെ സമാധാനത്തെപ്രതിയുള്ള ഏതൊരു പ്രത്യാശയും അപ്രത്യക്ഷമായി.
സഭ പറയുന്നതു നിർവഹിക്കുന്നതിന് ഐക്യനാടുകളിൽ കാത്തലിക് ആക്ഷൻ സംഘടന രൂപീകരിക്കപ്പെടുകയുണ്ടായി. അവർ തങ്ങളുടെ ആളുകളെ മുഖ്യ വാർത്താപത്രങ്ങളുടെയും മാഗസിനുകളുടെയും പുസ്തക പ്രസാധകരുടെയും പത്രാധിപ സമിതികളിൽ നിയോഗിച്ചു. അവർ രാഷ്ട്രീയത്തിൽ തലയിടുകയും നമ്മുടെ ബൈബിൾ പ്രഭാഷണങ്ങൾ പ്രക്ഷേപണം ചെയ്യുന്ന ഏതു റേഡിയോ സ്റേറഷനും ബഹിഷ്കരിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. കാത്തലിക് ആക്ഷൻ ഗ്രൂപ്പുകൾ അനേകം സാക്ഷികളെ, പ്രത്യേകിച്ചും ന്യൂ ജേഴ്സിയുടെ സമീപപ്രദേശത്തുള്ളവരെ, ആക്രമിക്കുകയുണ്ടായി. അവ ആവേശഭരിതമായ ദിനങ്ങളായിരുന്നു!
വയലിലെ ആനന്ദകരമായ വേല
1950-കളുടെ മധ്യത്തോടെ വർധിച്ചുവരുന്ന രാജ്യപ്രസാധകരുടെ അണികൾ കൂടുതൽ ആളുകളെ അവരുടെ വീടുകളിൽ ചെന്നു സന്ദർശിക്കുകയായിരുന്നു. ആളുകളെ ബൈബിൾ സത്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതിന് ഇത് റേഡിയോയെക്കാൾ കൂടുതൽ ഫലപ്രദമെന്നു തെളിഞ്ഞു. അതുകൊണ്ട്, 1957-ൽ ഡബ്ള്യൂബിബിആർ വിൽക്കുന്നതിനും മററു നാടുകളിൽ മിഷനറി സേവനം വിപുലമാക്കുന്നതിനുവേണ്ടി നമ്മുടെ സ്വത്തുക്കൾ ഉപയോഗിക്കുന്നതിനും തീരുമാനിച്ചു.
1955-ൽ എന്നെ ബ്രുക്ലിനിലുള്ള ബെഡ്ഫോർഡ് സഭയിലേക്ക് നിയമിച്ചു. അവിടെ ഞാൻ ക്രമമായി വീക്ഷാഗോപുര അധ്യയനം നടത്തി. ന്യൂയോർക്കിലെ വടക്കുപ്രദേശം, പെൻസിൽവേനിയ, കണേററികട്ട്, ന്യൂജേഴ്സി എന്നിവിടങ്ങളിലേക്കു സഞ്ചാര പ്രസംഗകനായും സൊസൈററി എന്നെ അയച്ചു. ബെഡ്ഫോർഡ് സഭയിലേക്ക് എന്നെ അയച്ചപ്പോൾ ഞാൻ ഓർത്തു ‘എനിക്കിപ്പോൾ 50 വയസ്സിൽ കൂടുതൽ പ്രായമുണ്ട്. എന്നാലാവുന്നിടത്തോളം വയൽസേവനത്തിൽ ഇപ്പോൾ പങ്കെടുക്കുന്നതായിരിക്കും മെച്ചം. പിന്നീട് എനിക്കു നടുവേദന പിടിപെട്ട് ഇതുപോലെ ആസ്വദിക്കാൻ കഴിഞ്ഞില്ലെന്നുവരും.’
ആ വർഷങ്ങളിലെല്ലാം രാജ്യവിത്ത് റേഡിയോയിലൂടെ വിതയ്ക്കുന്നതിന്റെ സാങ്കേതിക വശങ്ങളിൽ അധ്വാനിച്ചശേഷം വ്യക്തികളെ നേരിട്ടുകണ്ട് ബൈബിൾ സത്യത്തിന്റെ വിത്തുകൾ വിതയ്ക്കുകയും അവ നനയ്ക്കുകയും ചെയ്തത് എന്നെ സംബന്ധിച്ചിടത്തോളം തികച്ചും ഉല്ലാസകരമായ ഒരു അനുഭൂതിയായിരുന്നു. സഭയോടൊത്തുള്ള പ്രവർത്തനം ഞാൻ ശരിക്കും ആസ്വദിച്ചു. പലരും എന്നെ തങ്ങളുടെ കുടുംബത്തിലെ അംഗമായി കരുതിയതുമൂലം അവരുമായുള്ള സഹവാസം എനിക്കു വളരെ ആസ്വാദ്യമായി അനുഭവപ്പെട്ടു. അതിൽ ചില കുട്ടികൾ ഇപ്പോഴും, വളർന്നശേഷവും, എന്നെ വല്യപ്പച്ചൻ എന്നാണു വിളിക്കുന്നത്. 30 വർഷത്തോളം ഞങ്ങൾ ഒരുമിച്ചു വയൽസേവനത്തിൽ രസകരമായ സമയം ചെലവഴിച്ചു. പിന്നീട് എന്റെ കാലുകൾക്കും പാദങ്ങൾക്കും വേദന പിടിപെട്ടു പടികൾ കയറിയിറങ്ങുകയോ സബ്വേയിലൂടെ നടക്കുകയോ ചെയ്യുന്നതിനു കഴിയാതായി. 1985-ൽ എന്നെ ബ്രുക്ലിൻ ഹൈററ്സ് സഭയിലേക്കു മാററി. അവിടത്തെ സഭ ബെഥേലിൽത്തന്നെയാണു കൂടിവരുന്നത്.
യഹോവയുടെ സ്ഥാപനം വലിയ വികസനം ആസ്വദിച്ചുകൊണ്ടിരിക്കേ വിദേശ വയലുകളിൽ യഹോവയുടെ അനുഗ്രഹം കാണുന്നതിനുള്ള പദവി വ്യക്തിപരമായി ഞാനും ആസ്വദിച്ചു. കാരണം വിദൂര ദേശങ്ങളിൽ യഹോവയുടെ സാക്ഷികളുടെ വലിയ കൺവെൻഷനുകളിൽ ഞാൻ പങ്കെടുത്തു. ലോകം ചുററിക്കറങ്ങാൻ എനിക്കു സാധിക്കുകതന്നെയുണ്ടായി! 1950-കൾ മുതൽ ലണ്ടൻ, പാരീസ്, ന്യൂറംബർഗ്, കോപ്പൻഹേഗൻ എന്നിവിടങ്ങൾ കാണുന്നതിനു ബെഥേലംഗങ്ങളായ ഞങ്ങളിൽ ചിലർക്കു കഴിഞ്ഞു. പാസഞ്ചർ വിമാനങ്ങളാക്കിമാററിയ ബോംബർ വിമാനങ്ങളിലും ബോട്ടിലും ട്രെയിനിലും ഞങ്ങൾ സഞ്ചരിച്ചു. യാത്രകൾ ഉല്ലാസകരമായിരുന്നുവെന്നതു ശരി തന്നെ എന്നാൽ, ഏററവും രോമാഞ്ചജനകമായ കാഴ്ച സ്വാഗതമരുളുന്ന ഊഷ്മളരായ സഹോദരങ്ങളുടെ കൂട്ടംതന്നെയായിരുന്നു. അതിനുശേഷമുള്ള ദശകങ്ങളിൽ പൗരസ്ത്യദേശത്തേക്കും ഒരിക്കൽക്കൂടി പശ്ചിമ യൂറോപ്പിലേക്കും ഈയിടെ പൂർവ യൂറോപ്പിലേക്കും യാത്ര ചെയ്യുന്നതിന് അവസരമുണ്ടായി. പോളണ്ട്, ജർമനി, ചെക്കോസ്ലോവാക്യ എന്നിവിടങ്ങളിലെ വിസ്മയകരമായ കൺവെൻഷനുകൾ വികാരനിർഭരമായിരുന്നു. നമ്മുടെ ദിവ്യാധിപത്യ കുടുംബം ഞാൻ അതിൽ ആദ്യം അംഗമായപ്പോഴത്തേതിൽനിന്ന് എത്രമാത്രം വളർന്നിരിക്കുന്നു!
ദിവ്യ മാർഗദർശനം
സ്ഥാപനം ആദ്യമെടുത്ത ചെറിയ കാൽവയ്പുകൾ വലിയ കുതിപ്പുകളായി മാറിയിരിക്കുന്നു. സാക്ഷ്യവേല നടത്താൻ ഞങ്ങളെ സഹായിക്കുന്നതിനുള്ള കേവലം ഉപകരണങ്ങളായിരുന്ന നൂതനമായ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരുന്നപ്പോൾ ഇങ്ങനെയൊരു മഹത്തായ വളർച്ചയുണ്ടാകുമെന്ന് ആർക്കാണു മൂൻകൂട്ടി കാണാനാകുമായിരുന്നത്? യഹോവയുടെ നേതൃത്വത്തോടു പ്രതികരിച്ചുകൊണ്ടു നാം വിശ്വാസത്തിൽ മുന്നേറിയിരിക്കുന്നു.
ലോകവ്യാപകവയലിലെ വേലയ്ക്കുവേണ്ടി കരുതുന്നതിന് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥാപനം ലഭ്യമായ ഏററവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനോ സ്വന്തമായി ഉണ്ടാക്കുന്നതിനോ മടിച്ചുനിന്നിട്ടില്ല. രാജ്യപ്രഘോഷണം വ്യാപിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്ന രീതികളിൽ ചിലത് വീടുതോറുമുള്ള പ്രസംഗവേല, റേഡിയോ ശൃംഖലകൾ, ഗ്രാമഫോണിലൂടെയുള്ള സാക്ഷീകരണം, ആളുകളുടെ വീടുകളിൽ ബൈബിളധ്യയനം നടത്തുന്ന ക്രമീകരണം എന്നിവയാണ്. ആദ്യനാളുകളിൽ നമ്മുടെ സ്വന്തം അച്ചടി പ്രവർത്തനങ്ങൾ സ്ഥാപിച്ചതും ഇപ്പോൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർവത്കൃത ഫോട്ടോടൈപ്പ്സെററിങും വ്യത്യസ്ത ഭാഷകളിൽ ഓഫ്സെററ് അച്ചടി നടത്തുക എന്നതും നിസ്സാര നേട്ടങ്ങളല്ല. വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂൾ, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ, ക്രമമായുള്ള കൺവെൻഷനുകൾ ഇവയെല്ലാം യഹോവയാം ദൈവത്തിനും അവന്റെ പുത്രനും മഹിമ കരേററുന്നതിൽ മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം വ്യക്തിപരമായി നിരീക്ഷിക്കുന്നതിനും അതിലെല്ലാം പങ്കുപററുന്നതിനുമുള്ള പദവി എനിക്കുണ്ടായിട്ടുണ്ട്.
എന്തുചെയ്യണം എങ്ങനെചെയ്യണം എന്നതു സംബന്ധിച്ചു ഭൂമിയിൽ യഹോവയുടെ ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്ന സ്ഥാപനം മാർഗനിർദേശം കൈപ്പററുന്നുവെന്ന കാര്യത്തിൽ എനിക്കു സംശയമില്ല. ദൃശ്യവും അദൃശ്യവുമായ അവന്റെ മുഴു സാർവത്രിക സ്ഥാപനവും ഒരുമിച്ചു പ്രവർത്തിക്കുന്നു.
ഒരു യുവാവെന്നനിലയിൽ കപ്പലിൽ സഞ്ചരിക്കുന്നതിനുള്ള തീരുമാനം ഉപേക്ഷിച്ചതിൽ ഞാൻ ഒരിക്കലും ഖേദിച്ചിട്ടില്ല. എന്തിന്, ലോകത്തിൽവെച്ചേററവും ആവേശഭരിതവും അർഥപൂർണവുമായ സംഭവ വികാസങ്ങൾ നടന്നിരിക്കുന്നത് യഹോവയുടെ സ്ഥാപനത്തിനുള്ളിൽത്തന്നെയാണല്ലോ! അതുകൊണ്ട് “ഉന്നതത്തിലേക്കുള്ള വിളി”യുടെ മാർഗത്തിലൂടെയുള്ള എന്റെ യാത്ര അനേകം സന്തോഷങ്ങളും അനുഗ്രഹങ്ങളുംകൊണ്ട് നിറഞ്ഞതാണ്. അതിൽ വ്യസനകാരണമായി യാതൊന്നുമില്ല.—ഫിലിപ്പിയർ 3:13, 14.
1914—അതായത് സങ്കീർത്തനം 19:14—ഓർമയിൽ വെക്കുന്നതിനു ഞാൻ എപ്പോഴും യുവജനങ്ങളോടു പറയാറുണ്ട്. അവിടെ ഇങ്ങനെ പറയുന്നു: “എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.” എല്ലാററിലും യഹോവയെ സന്തോഷിപ്പിക്കുന്നതിനും ദാവീദിനെപ്പോലെ പ്രാർഥിക്കുന്നതിനും നാം ആഗ്രഹിക്കും: “യഹോവേ നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ! നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.” (സങ്കീർത്തനം 25:4, 5) ആ വാക്കുകളിൽ വളരെയധികം അർഥം അടങ്ങിയിരിക്കുന്നു. അവ ഓർമിക്കുന്നത് യഹോവയുടെ പുരോഗമനാത്മകമായ സ്ഥാപനത്തോടൊത്തു ശരിയായ പാതയിൽ, നേരായ മാർഗത്തിൽ നടക്കാൻ നമ്മെ സഹായിക്കും.
[23-ാം പേജിലെ ചിത്രം]
സുഹൃത്തുക്കൾക്കു ഭക്ഷണം പാകം ചെയ്യുന്നത് റതർഫോർഡ് സഹോദരൻ ആസ്വദിച്ചിരുന്നു
[25-ാം പേജിലെ ചിത്രം]
ഡബ്ള്യൂബിബിആർ റേഡിയോ സ്റേറഷന്റെ കൺട്രോളറുകളിൽ റോബർട്ട് ഹാട്ട്സ്ഫെൽററ്
[26-ാം പേജിലെ ചിത്രം]
ഹാട്ട്സ്ഫെൽററ് സഹോദരന്റെ അടുത്തകാലത്തെ ഒരു ഫോട്ടോ