രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
“പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും”
ഒന്നാം നൂററാണ്ടിൽ എഫേസൂസിൽ “മാന്ത്രികവിദ്യ”കളിൽ തീക്ഷ്ണരായിരുന്ന ഒരു കൂട്ടം ആളുകൾ ക്രിസ്തീയ സന്ദേശത്തോടു പ്രതികരിക്കുകയുണ്ടായി. മാന്ത്രികവിദ്യയെക്കുറിച്ചുള്ള തങ്ങളുടെ പുസ്തകങ്ങൾ അവർ പരസ്യമായിത്തന്നെ കത്തിച്ചു. (പ്രവൃത്തികൾ 19:19, NW) ഈ പുസ്തകങ്ങൾ 50,000 വെള്ളിക്കാശ് വിലയുള്ളതാണെന്നു കണക്കാക്കപ്പെടുന്നു. ബൈബിൾ പരാമർശിക്കുന്നത് റോമൻ വെള്ളിക്കാശായ ദിനാറയാണെങ്കിൽ അതിന്റെ മൂല്യം ചുരുങ്ങിയത് 37,000 ഡോളർ വരും!
ഗൂഢവിദ്യകളുമായി ബന്ധപ്പെട്ട സാഹിത്യങ്ങൾ ഒരു കാലത്തു കൈവശം വെച്ചിരുന്ന, എന്നാൽ അതേസമയം പുരാതന എഫേസ്യരുടേതിനു സമാനമായ ദൃഢനിശ്ചയം പ്രകടമാക്കിയവർ ഇന്ന് അനേകരാണ്. കാനഡയിൽനിന്നുള്ള പിൻവരുന്ന അനുഭവം പരിചിന്തിക്കുക.
അഞ്ചു വർഷം മുമ്പ്, വീടുതോറും പ്രസംഗിക്കുകയായിരുന്ന ഒരു യഹോവയുടെ സാക്ഷിയെ നോറ എന്നു പേരായ ഒരു സ്ത്രീ തന്റെ വീട്ടിലേക്കു വലിച്ചുകൊണ്ടുപോയി. അനേക വർഷങ്ങളായി ആത്മീയ അന്വേഷണത്തിലായിരുന്ന ആ സ്ത്രീ മതപരവും ആത്മവിദ്യാചാരപരവുമായ നൂറുകണക്കിനു പുസ്തകങ്ങൾ വാങ്ങിക്കൂട്ടിയിരുന്നു. എങ്കിലും മരിച്ചവരെക്കുറിച്ചുള്ള പ്രത്യാശയെ സംബന്ധിച്ചു ബൈബിളിന് എന്താണു പറയാനുള്ളതെന്നറിയാൻ അവൾക്ക് ആഗ്രഹമുണ്ടായിരുന്നു. മരിച്ചുപോയ പ്രിയപ്പെട്ടവർക്ക് എന്തു പ്രത്യാശ എന്ന ലഘുലേഖ സാക്ഷി അവൾക്കു കൊടുത്തു. അതോടെ നോറായുടെ ചോദ്യങ്ങൾക്ക് ഉത്തരമായി, അവൾ വീക്ഷാഗോപുരം, ഉണരുക! എന്നീ മാസികകൾക്കുള്ള വരിസംഖ്യ എടുത്തു.
പിന്നീട്, അവൾ അവിടെനിന്നു സ്ഥലംമാറിപ്പോയി. അങ്ങനെ സാക്ഷികളുമായുള്ള ബന്ധവും അററു. എങ്കിലും, പുതിയ അഡ്രസ്സിൽ തപാലിലൂടെ അവൾക്കു മാസികകൾ ലഭിച്ചുകൊണ്ടിരുന്നു. മാസികകളിൽ സൂചിപ്പിച്ചിരുന്ന ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിൽ ചിലതിന് അവൾ ഓർഡർ അയയ്ക്കുകയും ചെയ്തു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒരു യഹോവയുടെ സാക്ഷി അവളുടെ വീട്ടുവാതിൽക്കൽ വന്നു. ചോദ്യങ്ങൾക്കുള്ള ഉത്തരമെല്ലാം നേരിട്ടു ബൈബിളിൽനിന്ന് എടുക്കുന്നതിൽ മതിപ്പുതോന്നിയ നോറ അവളെ സ്വാഗതം ചെയ്യുകയും കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ വീണ്ടും വരാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നുവരികിലും, സാക്ഷിക്കു നോറയുമായി വീണ്ടും ബന്ധപ്പെടാൻ നന്നേ പാടുപെടേണ്ടിവന്നു. ആഴ്ചയിൽ വ്യത്യസ്ത ദിവസങ്ങളിലും ദിവസത്തിൽ വ്യത്യസ്ത സമയങ്ങളിലും പോയിനോക്കി. യാതൊരു ഫലവുമുണ്ടായില്ല. എങ്കിലും അവളുടെ സ്ഥിരോത്സാഹത്തിനു പ്രതിഫലം കിട്ടി, നല്ല ഫലങ്ങളും കൊയ്തു. ക്രമമായ ഒരു ബൈബിളധ്യയനം ആരംഭിച്ചു. നോറയുടെ നിർബന്ധപ്രകാരം അധ്യയനം ആഴ്ചയിൽ മൂന്നു പ്രാവശ്യമാക്കി. പഠിച്ച കാര്യങ്ങളെക്കുറിച്ചു സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാൻ അവൾ പ്രേരിതയായി. അതിന്റെ ഫലമായി, അവരിൽ മൂന്നു പേർ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ ആവശ്യപ്പെട്ടു.
അനേകം വ്യാജമതങ്ങളും വ്യാജപ്രവാചകരും ഉണ്ടെന്നും എന്നാൽ ജീവനിലേക്കു നയിക്കുന്ന ഒരേ ഒരു വഴിയേ ഉള്ളൂവെന്നും അധ്യയനത്തിലൂടെ നോറയ്ക്കു മനസ്സിലായി. അനേകം വർഷങ്ങളായി തന്റെ ചോദ്യങ്ങൾക്കെല്ലാം അവൾ ഉത്തരം തേടിക്കൊണ്ടിരുന്നത് വ്യാജമതങ്ങളിലായിരുന്നു. എന്നാൽ ഭൂതങ്ങളെക്കുറിച്ചു ബൈബിളിന് എന്താണു പറയാനുള്ളതെന്നു മനസ്സിലാക്കിയശേഷം അവൾ പ്രവൃത്തികൾ 19:19-ൽ പ്രതിപാദിച്ചിരിക്കുന്ന പുരാതന എഫേസ്യരെപ്പോലെ പ്രവർത്തിച്ചു. അവൾ തന്റെ ലൈബ്രറി വെടിപ്പാക്കി. ഗൂഢവിദ്യയെയും വ്യാജമത പഠിപ്പിക്കലുകളെയും കുറിച്ചുള്ള ആയിരത്തിലധികം പുസ്തകങ്ങൾ പല ദിവസങ്ങൾകൊണ്ട് നശിപ്പിച്ചു. നശിപ്പിക്കപ്പെട്ട പ്രസിദ്ധീകരണങ്ങളിൽ നാലെണ്ണമുള്ള ഒരു സെററ് പുസ്തകത്തിന്റെ വില 800 ഡോളറിൽ കൂടുതൽ വരുന്നതായിരുന്നു!
വ്യക്തമായും, നോറയുടെ പ്രവൃത്തിയിൽ നീരസംപൂണ്ട ഭൂതങ്ങൾ രണ്ട് ആഴ്ചയോളം അവളെ പീഡിപ്പിച്ചു. എന്നിരുന്നാലും, ബൈബിൾ പഠനം തുടരുന്നതിൽനിന്നും യഹോവയുടെ ആധുനിക നാളിലെ സ്ഥാപനത്തോടൊത്തു സഹവസിക്കുന്നതിൽനിന്നും അവളെ പിന്തിരിപ്പിക്കാൻ ഈ ദുഷ്ടാത്മാക്കൾക്കു കഴിഞ്ഞില്ല.
“ആകയാൽ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും” എന്ന ബൈബിൾ വചനത്തിന്റെ സത്യത നന്നായി ചിത്രീകരിക്കുന്നതാണ് ഇത്തരം അനുഭവങ്ങൾ.—യാക്കോബ് 4:7.