ക്ഷമിക്കുന്നവരായിരിക്കേണ്ടത് എന്തുകൊണ്ട്?
യഹൂദ പണ്ഡിതനും എഴുത്തുകാരനുമായ ജോസഫ് ജേക്കബ്സ് ഒരിക്കൽ ക്ഷമയെ വർണിച്ചത് “സകല ധാർമിക പാഠങ്ങളിലും വെച്ച് ഏററവും ഉത്കൃഷ്ടവും ദുഷ്കരവുമായ”തെന്നാണ്. തീർച്ചയായും, “ഞാൻ താങ്കളോടു ക്ഷമിച്ചിരിക്കുന്നു” എന്ന വാക്കുകൾ ഉച്ചരിക്കുന്നത് അനേകർക്കും വളരെ ബുദ്ധിമുട്ടായി തോന്നുന്നു.
ക്ഷമ ഏതാണ്ടു പണത്തെപ്പോലെയാണെന്നു തോന്നുന്നു. മററുള്ളവർക്കുവേണ്ടി അതു നിർലോഭമായി, ദയാപുരസ്സരമായി ചെലവഴിക്കുകയോ തനിക്കുവേണ്ടിത്തന്നെ പിശുക്കോടെ പൂഴ്ത്തിവെക്കുകയോ ചെയ്യാം. ഒന്നാമതു പറഞ്ഞതു ദൈവികമായ വിധമാണ്. ക്ഷമയുടെ കാര്യത്തിൽ ഔദാര്യപൂർവം ചെലവിടുന്ന സ്വഭാവം നാം നട്ടുവളർത്തണം. എന്തുകൊണ്ട്? ഒരു കാരണം ദൈവം അതു ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. ക്ഷമിക്കാത്ത, പകനിറഞ്ഞ മനോഭാവം കാര്യങ്ങളെ കൂടുതൽ വഷളാക്കുകയേയുള്ളൂ എന്നതാണു മറെറാരു കാരണം.
“എനിക്കു ദേഷ്യമൊന്നുമില്ല; പക്ഷേ ഞാനതിനു പകരം ചെയ്യാതിരിക്കില്ല!” എന്ന വാക്കുകൾ നാം പലപ്പോഴും കേൾക്കുന്നു. സങ്കടകരമെന്നു പറയട്ടെ, ഇന്ന് അനേകരുടെയും ജീവിതത്തെ നയിക്കുന്ന തത്ത്വമാണ് ഈ പ്രസ്താവന. ഉദാഹരണത്തിന്, ഒരു സ്ത്രീ തന്റെ നാത്തൂനുമായി ഏഴു വർഷത്തോളം സംസാരിച്ചില്ല. ആ സ്ത്രീ അതിനുള്ള കാരണം പറയുന്നു: “പറഞ്ഞാലാരും വിശ്വസിക്കില്ല. അതുപോലത്തെ അതിക്രമങ്ങളാണ് അവർ എന്നോടു കാട്ടിയിട്ടുള്ളത്. ഇന്നേവരെ എനിക്കവരോടു ക്ഷമിക്കാൻ കഴിഞ്ഞിട്ടില്ല.” പക്ഷേ തെററു ചെയ്തയാളോടു ക്ഷമിക്കാതിരിക്കാനുള്ള ഉപാധിയെന്നോണമോ ശിക്ഷിക്കാനുള്ള ഉപകരണമായോ അത്തരം നിശബ്ദ ചികിത്സയെ ഉപയോഗിക്കുന്നുവെങ്കിൽ പ്രതികാരം ചെയ്യാനുള്ള ആഗ്രഹത്തെ അപൂർവമായേ അതു തൃപ്തിപ്പെടുത്തുകയുള്ളൂ. മറിച്ച്, പൂർണ വികാസം പ്രാപിക്കുന്നതുവരെ അതു വഴക്കു നീട്ടിക്കൊണ്ടുപോകും. ഈ വ്യാകുലതാവലയം പൊട്ടിച്ചില്ലെങ്കിൽ പ്രതികാരത്തിന്റെ ശക്തമായ പിടിമുറുക്കം ബന്ധങ്ങളെയും ഒരുവന്റെ ആരോഗ്യത്തെയും പോലും തകരാറിലാക്കും.
ക്ഷമാരഹിത ആത്മാവുകൊണ്ടുള്ള ദൂഷ്യം
ഒരു വ്യക്തി ക്ഷമിക്കാൻ കൂട്ടാക്കാത്തപ്പോൾ അനന്തരഫലമായുള്ള മത്സര നടപടി സമ്മർദങ്ങൾ സൃഷ്ടിക്കുന്നു. അതിന്റെ ഫലമെന്നോണം, സമ്മർദം ഗുരുതരമായ രോഗങ്ങളിലേക്കു നയിക്കുന്നു. ഡോ. വില്യം എസ്. സാഡ്ലർ എഴുതി: “വ്യാകുലത, ഭയം, പിണക്കം, . . . അനാരോഗ്യകരമായ ചിന്ത, അശുദ്ധ ജീവിതം എന്നിവയുമായി നേരിട്ടു ബന്ധപ്പെട്ട് അമ്പരപ്പിക്കുംവിധം മനുഷ്യനുണ്ടാകുന്ന നല്ലൊരു ശതമാനം രോഗങ്ങളെയും ദുരിതങ്ങളെയും ഒരു ഡോക്ടറെപ്പോലെ ആർക്കും മുഴുവനായി മനസ്സിലാക്കാനാവില്ല.” എങ്കിലും, വൈകാരിക കുഴപ്പങ്ങൾ വാസ്തവത്തിൽ എത്രമാത്രം ഹാനി വരുത്തുന്നുണ്ട്? ഒരു വൈദ്യശാസ്ത്ര പ്രസിദ്ധീകരണത്തിന്റെ ഉത്തരമിതാണ്: “ഡോക്ടർമാരെ കാണാനെത്തിയ മൂന്നിൽ രണ്ടു രോഗികളുടെ രോഗത്തിന്റെയോ രോഗം മൂർച്ഛിച്ചതിന്റെയോ കാരണം മാനസിക സമ്മർദമായിരുന്നുവെന്നു . . . സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടി.”
അതേ, വിദ്വേഷം, അമർഷം, ഈർഷ്യ എന്നിവയെല്ലാം നിശ്ചയമായും നിരുപദ്രവകരങ്ങളല്ല. ഒരു കാറിന്റെ ഭാഗങ്ങളെ ദ്രവിപ്പിക്കുന്ന തുരുമ്പുപോലെയാണു കാർന്നുതിന്നുന്ന ഈ വികാരങ്ങൾ. കാറിന്റെ പുറം മനോഹരമായി കാണപ്പെട്ടേക്കാം, എന്നാൽ പെയിൻറിന് അടിയിലായി ദ്രവിച്ചുകൊണ്ടിരിക്കുകയാണ്.
അതിലും പ്രധാനമായി, കരുണ കാണിക്കാൻ അടിസ്ഥാനമുള്ളപ്പോൾ നാം ക്ഷമിക്കാൻ കൂട്ടാക്കാഞ്ഞാൽ ആത്മീയ ഹാനിയും അതു നമുക്കു വരുത്തിക്കൂട്ടും. യഹോവയാം ദൈവത്തിന്റെ ദൃഷ്ടിയിൽ നാം യേശുവിന്റെ ഉപമയിലെ അടിമയെപ്പോലെ ആയിത്തീർന്നേക്കാം. യജമാനൻ ഒരു അടിമയുടെ ഭീമമായ കടം ഇളച്ചുകൊടുക്കുന്നു. എന്നാൽ താരതമ്യേന വളരെ തുച്ഛമായ തുക ഇളച്ചുതരാൻ അയാളുടെ സഹ അടിമ കെഞ്ചിയപ്പോൾ അയാൾ ക്രൂരമായി പെരുമാറി. അയാൾ ക്ഷമിച്ചതേയില്ല. സമാനമായി, നാം ക്ഷമിക്കാൻ കൂട്ടാക്കുന്നില്ലെങ്കിൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ യഹോവ വിസമ്മതിക്കുമെന്നു യേശു വ്യക്തമാക്കിയിട്ടുണ്ട്. (മത്തായി 18:21-35) അതുകൊണ്ട്, നാം ക്ഷമിക്കുന്നവരല്ലെങ്കിൽ, ദൈവമുമ്പാകെയുള്ള നമ്മുടെ ശുദ്ധമായ മനസ്സാക്ഷിയും നമ്മുടെ ഭാവി പ്രത്യാശപോലും നമുക്കു നഷ്ടപ്പെട്ടേക്കാം! (താരതമ്യം ചെയ്യുക: 2 തിമൊഥെയൊസ് 1:3.) അപ്പോൾ നമുക്ക് എന്തു ചെയ്യാനാവും?
ക്ഷമിക്കാൻ പഠിക്കുവിൻ
യഥാർഥ ക്ഷമ വരുന്നതു ഹൃദയത്തിൽനിന്നാണ്. അതിൽ കുററക്കാരന്റെ തെററു ക്ഷമിക്കുന്നതും പ്രതികാരത്തിനുള്ള ഏതൊരു ആഗ്രഹവും വിട്ടുകളയുന്നതും ഉൾപ്പെടുന്നു. അങ്ങനെ, അന്തിമ നീതിയും പ്രതികാരത്തിനുള്ള സാധ്യതയും യഹോവയുടെ കരങ്ങളിലേൽപ്പിക്കുന്നു.—റോമർ 12:19.
എന്നിരുന്നാലും, “ഹൃദയം എല്ലാററിനെക്കാളും കപടവും വിഷമവുമുള്ള”താണ്. അതുകൊണ്ട്, ആവശ്യമുള്ള എല്ലാ സാഹചര്യങ്ങളിലും ക്ഷമിക്കാനുള്ള ചായ്വ് അതിനുണ്ടാവില്ല എന്നതു മനസ്സിൽ പിടിക്കുക. (യിരെമ്യാവു 17:9) യേശുതന്നെ ഇങ്ങനെ പറയുകയുണ്ടായി: “ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസ്സാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.”—മത്തായി 15:19.
ശരിയായതു ചെയ്യാൻ നമ്മുടെ ഹൃദയത്തെ പരിശീലിപ്പിക്കാനാവുമെന്നതിൽ നമുക്കു നന്ദിയുള്ളവരായിരിക്കാം. എന്നിരുന്നാലും, നമുക്ക് ആവശ്യമുള്ള ആ പരിശീലനം ഒരു ഉന്നത ഉറവിൽനിന്നു വരണം. നമുക്കു തനിച്ച് അതു ചെയ്യാനാവില്ല. (യിരെമ്യാവു 10:23) ഈ വസ്തുത അംഗീകരിച്ച ദിവ്യനിശ്വസ്തനായ ഒരു സങ്കീർത്തനക്കാരൻ ദൈവത്തിന്റെ മാർഗനിർദേശത്തിനായി പ്രാർഥിച്ചു. “നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ. നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ” എന്ന് അദ്ദേഹം പ്രാർഥനയിലൂടെ യഹോവയോടു യാചിച്ചു.—സങ്കീർത്തനം 119:26, 27.
മറെറാരു സങ്കീർത്തനം പറയുന്നതനുസരിച്ച്, പുരാതന ഇസ്രായേലിലെ ദാവീദ് രാജാവ് യഹോവയുടെ ‘വഴി ഗ്രഹിക്കാ’നിടയാകുകതന്നെ ചെയ്തു. അദ്ദേഹം അതു നേരിട്ട് അനുഭവിച്ചു മനസ്സിലാക്കി. അങ്ങനെ അദ്ദേഹത്തിനു പറയാൻ കഴിഞ്ഞു: “യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്റെ ഭക്തൻമാരോടു കരുണ തോന്നുന്നു.”—സങ്കീർത്തനം 103:8, 13.
ദാവീദ് മനസ്സിലാക്കിയതുപോലെ നാം മനസ്സിലാക്കേണ്ടയാവശ്യമുണ്ട്. ദൈവത്തിന്റെയും അവന്റെ പുത്രന്റെയും ക്ഷമയുടെ പൂർണതയുള്ള മാതൃകയെക്കുറിച്ചു പ്രാർഥനാപൂർവം പഠിക്കുക. അങ്ങനെ, ഹൃദയത്തിൽനിന്നു ക്ഷമിക്കുന്നതിനു നമുക്കു പഠിക്കാനാവും.
എന്നിരുന്നാലും, ചിലർ ചോദിച്ചേക്കാം: ഗുരുതരമായ തെററാണെങ്കിലോ? എല്ലാ തെററുകളും ക്ഷമിക്കേണ്ടതുണ്ടോ?
സമനില തേടൽ
ഗുരുതരമായി ദ്രോഹം അനുഭവിച്ച വ്യക്തിയുടെ വേദന അപാരമായിരിക്കാം. ഗുരുതരമായ തെററിന് ഇരയായ വ്യക്തി നിഷ്കളങ്കനാണെങ്കിൽപ്പിന്നെ പറയാനുമില്ല. ചിലർ ഇങ്ങനെ അതിശയിക്കപോലും ചെയ്തേക്കാം: ‘കൊടുംപകയോടെ എന്നെ ഒററിക്കൊടുക്കയും എന്നെ വേദനിപ്പിക്കുകയും ചെയ്ത ഒരാളോട് എനിക്കെങ്ങനെ ക്ഷമിക്കാനാവും?’ പുറത്താക്കൽ നടപടി ആവശ്യമായിരുന്ന കൊടിയ പാപത്തിന്റെ കാര്യത്തിൽ, അതിന് ഇരയായ വ്യക്തി മത്തായി 18:15-17-ലെ ബുദ്ധ്യുപദേശം ബാധകമാക്കേണ്ട ആവശ്യമുണ്ടായേക്കാം.
ഏതു വിധത്തിലായാലും, കുററക്കാരനെ ആശ്രയിച്ചിരിക്കുന്ന പല സംഗതികളുണ്ട്. തെററു ചെയ്തതുമുതൽ ആത്മാർഥമായ അനുതാപത്തിന്റെ വല്ല അടയാളവുമുണ്ടോ? കുററക്കാരനു മാററം വല്ലതും വന്നിട്ടുണ്ടോ, ഒരുപക്ഷേ യഥാർഥ മാററം വരുത്താനുള്ള ശ്രമമെങ്കിലും നടത്തിയിട്ടുണ്ടോ? അതിഭയങ്കരമായ പാപങ്ങളുടെ കാര്യത്തിലാണെങ്കിൽപ്പോലും, യഹോവയുടെ ദൃഷ്ടിയിൽ അത്തരം അനുതാപം ക്ഷമയ്ക്കുള്ള ഒരു അടിസ്ഥാന ഘടകമാണ്. ഉദാഹരണത്തിന്, ഇസ്രായേലിന്റെ ചരിത്രത്തിലെ ഏററവും ദുഷ്ട രാജാക്കൻമാരിൽ ഒരാളായ മനശ്ശെയോടു യഹോവ ക്ഷമിച്ചു. എന്തിന്റെ അടിസ്ഥാനത്തിൽ? മനശ്ശെ അവസാനം സ്വയം താഴ്ത്തുകയും തന്റെ ഹീന വഴികളെക്കുറിച്ച് അനുതപിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ദൈവം അങ്ങനെ ചെയ്തത്.—2 ദിനവൃത്താന്തം 33:12, 13.
ബൈബിളിൽ യഥാർഥ അനുതാപം എന്നു പറയുമ്പോൾ അത് അർഥമാക്കുന്നത് മനോഭാവത്തിലുള്ള യഥാർഥമായ ഒരു മാററത്തെ, ചെയ്തുപോയ ഏതെങ്കിലും തെററിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഖേദത്തെയാണ്. ഉചിതവും സാധ്യവുമായിരിക്കുന്നിടത്ത്, അനുതാപത്തോടൊപ്പം തെററിന് ഇരയായ വ്യക്തിക്കു നഷ്ടപരിഹാരം ചെയ്യാനുള്ള ഒരു ശ്രമവുമുണ്ടായിരിക്കും. (ലൂക്കൊസ് 19:7-10; 2 കൊരിന്ത്യർ 7:11) അത്തരം അനുതാപമില്ലെങ്കിൽ യഹോവ ക്ഷമിക്കുകയില്ല.a പക്ഷേ, ഒരിക്കൽ ആത്മീയമായി പ്രബുദ്ധരായിരുന്നവരോട്, എന്നാൽ ഇപ്പോൾ മനഃപൂർവം, അനുതാപമില്ലാതെ തെററു ചെയ്യുന്നതു ശീലമാക്കിയിരിക്കുന്നവരോടു ക്രിസ്ത്യാനികൾ ക്ഷമിക്കാൻ ദൈവം പ്രതീക്ഷിക്കുന്നില്ല. (എബ്രായർ 10:26-31) എന്നാൽ ചില സന്ദർഭങ്ങളിൽ ക്ഷമിക്കുന്നത് തീർത്തും അനുചിതമായിരുന്നേക്കാം.—സങ്കീർത്തനം 139:21, 22; യെഹെസ്കേൽ 18:30-32.
ക്ഷമ സാധ്യമായാലും ഇല്ലെങ്കിലും, ഗുരുതരമായ ഒരു തെററിന് ഇരയായ ഒരു വ്യക്തി മറെറാരു ചോദ്യം പരിചിന്തിക്കാൻ ആഗ്രഹിച്ചേക്കാം: സംഗതി മുഴുവനായി പരിഹരിക്കുന്നതുവരെ ഞാൻ തീവ്രമായി വ്രണിതനും വിദ്വേഷമുള്ളവനുമായി കടുത്ത വൈകാരികത്തകർച്ചയിൽ കഴിഞ്ഞുകൂടണമോ? ഒരു ഉദാഹരണം പരിചിന്തിക്കുക. തന്റെ സേനാധിപതിയായ യോവാബ് അബ്നേറിനെയും അമാസയെയും വധിച്ചുവെന്നു കേട്ടപ്പോൾ ദാവീദ് രാജാവ് തീവ്രമായി വ്രണിതനായി. കാരണം യോവാബിനെക്കാൾ “നീതിയും സൽഗുണവുമുള്ള രണ്ടു പുരുഷൻമാ”രായിരുന്നു അവർ. (1 രാജാക്കൻമാർ 2:32) നിസ്സംശയമായും, ദാവീദ് തന്റെ അമർഷം വാക്കുകളിലൂടെയും യഹോവയോടുള്ള പ്രാർഥനയിലൂടെയും പ്രകടിപ്പിക്കുകയുണ്ടായി. എന്നുവരികിലും, സമയം കടന്നുപോയതോടെ, ദാവീദ് വീണ്ടുവിചാരമില്ലാതെ പ്രകടമാക്കിയ ആ വികാരതീവ്രത കെട്ടടങ്ങിയിരിക്കാനാണു സാധ്യത. ശേഷിച്ച ജീവിതമൊക്കെയും അദ്ദേഹം ആ അമർഷം കൊണ്ടുനടന്നില്ല. ദാവീദ് യോവാബിനോടൊപ്പം തുടർന്നു പ്രവർത്തിക്കുകപോലും ചെയ്തു. പക്ഷേ അനുതാപമില്ലാത്ത ഈ ഘാതകനോടു ദാവീദ് വെറുതെയങ്ങു ക്ഷമിക്കുകയല്ല ചെയ്തത്. അവസാനം ദാവീദ് നീതി നടപ്പാക്കിക്കൊടുക്കുകതന്നെ ചെയ്തു.—2 ശമൂവേൽ 3:28-39; 1 രാജാക്കൻമാർ 2:5, 6.
മററുള്ളവരുടെ ഗുരുതരമായ തെററുകളിൽ വ്രണിതരായവർക്ക് ആദ്യംതന്നെ അനുഭവപ്പെട്ട ദേഷ്യം മാററിയെടുക്കാൻ കുറച്ചു സമയവും ശ്രമവും ആവശ്യമായേക്കാം. കുററക്കാരൻ തന്റെ തെററു മനസ്സിലാക്കി അനുതപിക്കുമ്പോൾ രമ്യപ്പെടുന്ന വേല വളരെ സുഖമമായേക്കാം. എന്നിരുന്നാലും, കുററക്കാരൻ ഏതു നടപടി എടുത്താലും, തെററിന് ഇരയായ നിർദോഷിക്കു യഹോവയുടെ നീതിയിലും ജ്ഞാനത്തിലും ക്രിസ്തീയ സഭയിലും ആശ്വാസവും സാന്ത്വനവും കണ്ടെത്താൻ കഴിയണം.
ഒരു പാപിയോടു ക്ഷമിക്കുമ്പോൾ നിങ്ങൾ പാപത്തിന് അംഗീകാരം കൊടുക്കുന്നുവെന്നല്ല അതിന്റെയർഥം എന്ന വസ്തുതകൂടി തിരിച്ചറിയുക. ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ക്ഷമ എന്നു പറയുമ്പോൾ വിശ്വസ്തതയോടെ സംഗതി യഹോവയുടെ കൈകളിലേൽപ്പിക്കുക എന്നാണ് അർഥം. മുഴു അഖിലാണ്ഡത്തിന്റെയും നീതിയുള്ള ന്യായാധിപൻ അവനാണ്. ഉചിതമായ സമയത്ത് അവൻ നീതി നടത്തിക്കൊള്ളും. ഇതിൽ വിശ്വാസവഞ്ചകരായ ‘ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും’ ന്യായംവിധിക്കുന്നതും ഉൾപ്പെടും.—എബ്രായർ 13:4.
ക്ഷമിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ
സങ്കീർത്തനക്കാരനായ ദാവീദ് ഇങ്ങനെ പാടി: “യഹോവേ, നീ നല്ലവനും ക്ഷമിക്കാൻ മനസ്സുള്ളവനുമാകുന്നു; നിന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുമുള്ള സ്നേഹദയ എത്രയധികമാകുന്നു.” (സങ്കീർത്തനം 86:5, NW) യഹോവയെപ്പോലെ, നിങ്ങൾ “ക്ഷമിക്കാൻ മനസ്സുള്ളവ”നാണോ? പ്രയോജനങ്ങൾ അനവധിയാണ്.
ഒന്ന്, മററുള്ളവരോടു ക്ഷമിക്കുന്നത് നല്ല ബന്ധങ്ങൾക്കു വഴിതുറക്കുന്നു. “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ” എന്നു ബൈബിൾ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു.—എഫെസ്യർ 4:32.
രണ്ട്, ക്ഷമ സമാധാനം കൈവരുത്തുന്നു. ഇതുമൂലം കേവലം സഹക്രിസ്ത്യാനികളുമായി മാത്രമല്ല, ആന്തരികമായും സമാധാനം ലഭിക്കുന്നു.—റോമർ 14:19; കൊലൊസ്സ്യർ 3:13-15.
മൂന്ന്, മററുള്ളവരോടു ക്ഷമിക്കുന്നതു നാംതന്നെ ക്ഷമ ആവശ്യമുള്ളവരാണെന്ന് ഓർക്കാൻ നമ്മെ സഹായിക്കുന്നു. അതേ, “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു.”—റോമർ 3:23.
അവസാനമായി, മററുള്ളവരോടു ക്ഷമിക്കുന്നത് ദൈവം നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നതിനുള്ള വഴിയൊരുക്കുന്നു. “നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും” എന്നു യേശു പറഞ്ഞു.—മത്തായി 6:14.
യേശു മരിക്കാനിരുന്ന ദിവസം ഉച്ചകഴിഞ്ഞുള്ള സമയത്ത്, എന്തെല്ലാം സംഗതികൾ അവന്റെ മനസ്സിനെ മഥിച്ചിരിക്കാമെന്ന് ഊഹിക്കുക. തന്റെ ശിഷ്യൻമാരെയും പ്രസംഗവേലയെയും വിശേഷിച്ച് യഹോവയോടുള്ള തന്റെ നിർമലതയെയുംകുറിച്ച് അവന് ഉത്കണ്ഠയുണ്ടായിരുന്നു. എന്നിട്ടും, ദണ്ഡനസ്തംഭത്തിൽ കഠിന യാതന അനുഭവിക്കുകയായിരുന്നപ്പോൾ പോലും അവൻ സംസാരിച്ചത് എന്തായിരുന്നു? അവന്റെ അവസാനത്തെ വാക്കുകളിൽ ചിലത് ഇവയായിരുന്നു, “പിതാവേ, . . . ഇവരോടു ക്ഷമിക്കേണമേ.” (ലൂക്കൊസ് 23:34) നമ്മുടെ ഹൃദയത്തിൽനിന്ന് അന്യോന്യം ക്ഷമിച്ചുകൊണ്ട്, യേശുവിന്റെ പൂർണതയുള്ള മാതൃക നമുക്ക് അനുകരിക്കാം.
[അടിക്കുറിപ്പ്]
a എന്നിരുന്നാലും, ക്ഷമിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുമ്പോൾ യഹോവ മററു പല ഘടകങ്ങളും കണക്കിലെടുക്കുന്നു. ഉദാഹരണത്തിന്, കുററക്കാരൻ ദൈവത്തിന്റെ നിലവാരങ്ങളെക്കുറിച്ചു അറിവില്ലാത്തവനാണെങ്കിൽ, ആ അറിവില്ലായ്മ നിമിത്തം കുററത്തിന്റെ ഗൗരവം കുറയാൻ സാധ്യതയുണ്ട്. തന്നെ വധിക്കുന്നവരോടു ക്ഷമിക്കാൻ യേശു പിതാവിനോട് ആവശ്യപ്പെട്ടപ്പോൾ, തെളിവു പ്രകടമാക്കുന്നതനുസരിച്ച്, തന്റെ വധത്തിലേർപ്പെട്ടിരുന്ന റോമൻ പടയാളികളെക്കുറിച്ചായിരുന്നു യേശു സംസാരിച്ചത്. അവൻ യഥാർഥത്തിൽ ആരായിരുന്നു എന്നതു സംബന്ധിച്ച് അവർ അജ്ഞരായിരുന്നു. അതുകൊണ്ട്, തങ്ങൾ ‘ചെയ്യുന്നത് എന്തെന്ന് അവർ അറിഞ്ഞില്ല.’ എന്നാൽ മതനേതാക്കൻമാരുടെ കാര്യം അതായിരുന്നില്ല. ആ വധത്തിനു പിന്നിൽ പ്രവർത്തിച്ച അവരുടെ കുററം വളരെ വലുതായിരുന്നു. അവരിൽ പലർക്കും ക്ഷമ കിട്ടുക അസാധ്യമാണ്.—യോഹന്നാൻ 11:45-53; താരതമ്യം ചെയ്യുക: 17:30.
[5-ാം പേജിലെ ചിത്രം]
ക്ഷമിക്കാത്ത അടിമയെക്കുറിച്ചുള്ള യേശുവിന്റെ ഉപമയുടെ സാരാംശം നിങ്ങൾക്കു മനസ്സിലായോ?
[7-ാം പേജിലെ ചിത്രം]
മററുള്ളവരോടു ക്ഷമിക്കുന്നത് നല്ല ബന്ധങ്ങൾക്കു വഴിതുറക്കുകയും സന്തുഷ്ടി കൈവരുത്തുകയും ചെയ്യുന്നു