രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ദൈവത്തിന്റെ വചനം ശക്തി പ്രയോഗിക്കുന്നു
“ദൈവത്തിന്റെ വചനം ജീവനുള്ളതും ശക്തി പ്രയോഗിക്കുന്നതും ആകുന്നു.” (എബ്രായർ 4:12, NW) വ്യാജമതത്താൽ വഞ്ചിക്കപ്പെട്ടിരുന്ന ആളുകൾ ബൈബിൾ സത്യങ്ങളോടു സമ്പർക്കത്തിൽ വരുമ്പോൾ ഈ വചനങ്ങൾ നിരവധി പ്രാവശ്യം സത്യമെന്നു തെളിയുകയുണ്ടായി. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്നുള്ള പിൻവരുന്ന അനുഭവം പ്രകടമാക്കുന്നതുപോലെ, ബൈബിളിന്റെ ശക്തിക്ക് ആളുകളുടെ ജീവിതത്തിനു മാററം വരുത്താനും പ്രത്യാശ നൽകാനും കഴിയും.
അടുത്തകാലത്തു മരണത്തിൽ രണ്ടു കൊച്ചുകുട്ടികൾ നഷ്ടപ്പെട്ട ഒരു പ്രമുഖ കത്തോലിക്കാ സ്ത്രീയെ യഹോവയുടെ സാക്ഷികൾ സന്ദർശിച്ചു. അവൾ ദുഃഖിതയായിരുന്നു, ഓരോ ദിവസവും തന്റെ ദുരന്തത്തെക്കുറിച്ചു വിലപിച്ചിരുന്നു. പുനരുത്ഥാന പ്രത്യാശയെക്കുറിച്ചു യോഹന്നാൻ 5:28, 29-ൽ ബൈബിൾ പറയുന്നത് സാക്ഷികൾ അവളെ കാണിച്ചുകൊടുത്തു. സാക്ഷികളോടൊത്തുള്ള കൂടുതലായ ചർച്ചകൾക്കുശേഷം അവൾ പുനരുത്ഥാന പ്രത്യാശയിൽ ആശ്വാസം കണ്ടെത്തിയെന്നു മാത്രമല്ല തന്റെ കത്തോലിക്കാ മതനേതാക്കൾ തന്നെ വഞ്ചിക്കുകയായിരുന്നു എന്നു തിരിച്ചറിയുകയും ചെയ്തു.
അവൾ സമയം പാഴാക്കാതെ കത്തോലിക്കാ സഭയിൽനിന്നു രാജിവെക്കുകയും യഹോവയുടെ സാക്ഷികളുമൊത്തു നിരന്തരമായ ഒരു ബൈബിളദ്ധ്യയനം സ്വീകരിക്കുകയും ചെയ്തു. എന്നിരുന്നാലും, അവളുടെ ഭർത്താവ് അവളുടെ വീക്ഷണങ്ങളോടു യോജിച്ചില്ല. അയാളും വളരെ പ്രമുഖനായ ഒരു കത്തോലിക്കനായിരുന്നതുകൊണ്ട്, അവളെ തന്റെ ഗതിയിൽനിന്നു പിന്തിരിപ്പിക്കാനും കത്തോലിക്കാ സഭയിലേക്കു തിരിച്ചുകൊണ്ടുവരാനുമുള്ള ശ്രമത്തിൽ രാഷ്ട്രീയത്തിലും മതത്തിലും സുപ്രസിദ്ധരായിരുന്ന സ്നേഹിതർ തന്റെ ഭാര്യയെ സന്ദർശിക്കാൻ അയാൾ ക്രമീകരണം ചെയ്തു. പിന്നീട് അവളെ ഉപേക്ഷിക്കുമെന്ന് അയാൾ ഭീഷണിപ്പെടുത്തി, തങ്ങൾ വിവാഹമോചനം നേടുകയാണെന്ന് ഒരുസമയത്തു തന്റെ ബന്ധുക്കളെയും കൂട്ടു സഭാംഗങ്ങളെയും അറിയിക്കുകപോലും ചെയ്തു.
എന്നാൽ അയാളുടെ തന്ത്രം ഫലിച്ചില്ല. നേരെമറിച്ച്, അവൾ തന്റെ ബൈബിൾ അദ്ധ്യയനങ്ങൾ തുടരാൻ പൂർവാധികം ദൃഢനിശ്ചയമുള്ളവളായിത്തീർന്നു. അവളുടെ ആത്മീയവളർച്ചയും ശ്രേഷ്ഠ ക്രിസ്തീയ ഗുണങ്ങളുടെ വളർത്തിയെടുക്കലും നിമിത്തം ഒരു വിവാഹമോചനം നേടുന്നതിനു പകരം അവളോടൊത്തു കഴിയാൻ ഭർത്താവു തീരുമാനിച്ചു. ഒരു ദിവസം അവൾ പഠിച്ചുകൊണ്ടിരുന്ന ബൈബിൾ സാഹിത്യം പരിശോധിച്ചുനോക്കാൻ അയാൾ സമ്മതിക്കുകപോലും ചെയ്തു—പക്ഷേ ഒരു ഉപാധിയോടെ. അയാൾ കത്തോലിക്കാ പരിഭാഷയിലുള്ള തന്റെ സ്വന്തം ബൈബിൾ ഉപയോഗിക്കാൻ ആഗ്രഹിച്ചു.
അയാളെ ആശ്ചര്യപ്പെടുത്തുമാറ്, യഹോവയുടെ സാക്ഷികളിൽനിന്നുള്ള സാഹിത്യത്തിന്റെ സഹായത്തോടെ അയാൾ തന്റെ സ്വന്തം ബൈബിളിൽനിന്നു നേരിട്ടു പുതിയ കാര്യങ്ങൾ പഠിക്കാൻ തുടങ്ങി. തന്റെ ഭാര്യ ശരിയായ ഗതിയാണു തിരഞ്ഞെടുത്തിട്ടുള്ളതെന്ന് അയാൾ തിരിച്ചറിഞ്ഞു, പെട്ടെന്നുതന്നെ അവളുടെ ദൃഷ്ടാന്തം പിൻപററാൻ അയാൾ തയ്യാറായി. അതേ, തന്റെ സ്വന്തം ജീവിതത്തിൽ മാററങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യം അയാൾ കണ്ടു. സിഗറററുവലി നിറുത്തുക എന്നതായിരുന്നു വിഷമംപിടിച്ച ഒരു വെല്ലുവിളി. പുറംചട്ടയിൽ, “മരണം വില്പനക്ക്—പുകവലി നിർത്താനുള്ള പത്തു മാർഗ്ഗങ്ങൾ” എന്ന തലക്കെട്ടുള്ള 1989 ജൂലൈ 8-ലെ ഉണരുക! മാസിക (ഇംഗ്ലീഷ്) വായിച്ചശേഷം തന്റെ തിരുവെഴുത്തുവിരുദ്ധ ശീലം ഉപേക്ഷിക്കാൻ അയാൾ തീരുമാനിച്ചു. പോക്കററിൽ സിഗറററുകൂടു കൊണ്ടുനടന്നിരുന്ന സ്ഥാനത്ത് അയാൾ ആ ഉണരുക! ലക്കം കൊണ്ടുനടക്കാൻ തുടങ്ങി. പുക വലിക്കാൻ പ്രചോദനം തോന്നുന്ന ഓരോ സമയത്തും അയാൾ പുകവലി സംബന്ധിച്ച ലേഖനങ്ങൾ വായിച്ചു. ആ രീതി ഫലിച്ചു! പല പ്രാവശ്യം ലേഖനങ്ങൾ വായിച്ചശേഷം പുകവലി നിറുത്താൻ അയാൾക്കു കഴിഞ്ഞു.
ഇപ്പോൾ ഭർത്താവും ഭാര്യയും സ്നാപനമേററ ശുശ്രൂഷകരെന്ന നിലയിൽ യഹോവയെ സേവിക്കുന്നു. സാഹചര്യങ്ങൾ അനുവദിക്കുമ്പോൾ ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിൽ തന്റെ സമയത്തിലധികവും സമർപ്പിച്ചുകൊണ്ട് അയാൾ ഒരു മുഴുസമയ ശുശ്രൂഷകനായി സേവിക്കുന്നു. യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിൽ അയാൾ ഒരു ശുശ്രൂഷാദാസനായും സേവിക്കുന്നു. തങ്ങളുടെ മക്കളെ ഒരു പുതിയ ലോകത്തിലെ ജീവനിലേക്കു സ്വാഗതം ചെയ്യാൻ കഴിയുന്ന പുനരുത്ഥാനത്തിനായി അയാളും ഭാര്യയും നോക്കിപ്പാർത്തിരിക്കുന്നു. അതേ, ദൈവത്തിന്റെ വചനമായ ബൈബിൾ ജീവനുള്ളതും ശക്തി പ്രയോഗിക്കുന്നതും ആകുന്നു!