ഒരു തരിശുഭൂമി ഫലപുഷ്ടമായിത്തീരുന്നു
ആർതർ മെലിൻ പറഞ്ഞപ്രകാരം
അത് 1930-ലെ പ്രസന്നമായ ഒരു വസന്ത ദിനമായിരുന്നു, ഞാൻ ബ്രിട്ടീഷ് കൊളംബിയായിലെ പ്രിൻസ് റുപേർട്ട് നഗരത്തിൽ ഒരു കപ്പൽത്തുറയിൽ നിൽക്കുകയായിരുന്നു. സമുദ്രതടത്തിൽ ഉറച്ചുപോയ ബോട്ടിനെ നോക്കി ഞാൻ അതിശയത്തോടെ ചോദിച്ചു, ‘വെള്ളം എല്ലാം എവിടെപ്പോയി?’ ഞാൻ പശ്ചിമ പസഫിക് തീരത്തെ വേലിയിറക്കം ആദ്യമായി അനുഭവിക്കുകയായിരുന്നു. അവിടെ സമുദ്രനിരപ്പ് വെറും ആറുമണിക്കൂർകൊണ്ട് 24 അടിവരെ താഴുമായിരുന്നു. എന്നാൽ ഉൾപ്രദേശത്തുനിന്നുള്ള ഒരു കൃഷിക്കാരൻ പയ്യൻ പസഫിക് സമുദ്രതീരങ്ങളിൽ എങ്ങനെ എത്തിച്ചേർന്നു?
യഹോവക്കുള്ള എന്റെ മുഴുസമയ സേവന പദവി വികസിപ്പിക്കാൻ എനിക്കു ക്ഷണം ലഭിച്ചിരുന്നു, ഷാർമിയൻ എന്ന ബോട്ടിന്റെ ജീവനക്കാരോടു ചേർന്നുകൊണ്ടുതന്നെ. ഞങ്ങളുടെ നിയമനം വാൻകുവർ മുതൽ അലാസ്ക വരെ ഒററപ്പെട്ട പശ്ചിമതീരത്തുടനീളം പ്രസംഗപ്രവർത്തനം വികസിപ്പിക്കാനായിരുന്നു. ഈ പ്രദേശത്തിൽ, അനേകം മൈൽ നീണ്ടുകിടന്ന ബ്രിട്ടീഷ് കൊളംബിയയുടെ തീരപ്രദേശം മിക്കവാറും ഉൾപ്പെട്ടിരുന്നു. അവിടെ യഹോവയുടെ സജീവ സ്തുതിപാഠകർ ആരുംതന്നെ ഇല്ലായിരുന്നു. ഏക അപവാദം പ്രിൻസ് റുപേർട്ട് പട്ടണത്തിലെ ഒരു ചെറിയ സംഘം രാജ്യപ്രസാധകർ മാത്രം.
വേല തുടങ്ങാൻ ഞാൻ ആകാംക്ഷയുള്ളവനായിരുന്നു. അതുകൊണ്ട് ട്രെയിനിൽനിന്ന് ഇറങ്ങിയ ഉടനെ ഞാൻ കപ്പൽത്തുറകളിൽ ഷാർമിയൻ ബോട്ട് കണ്ടുപിടിക്കാനും ജീവനക്കാരായ ആർനിയോടും ക്രിസ്ററീന ബാർസ്ററഡിനോടും കൂടിച്ചേരാനും അങ്ങോട്ടു കുതിച്ചു. ബോട്ടിൽ ആരും ഇല്ലായിരുന്നു. അതുകൊണ്ട് ഞാൻ തിരിച്ചുപോയി. അന്നുതന്നെ കുറേക്കഴിഞ്ഞു തിരിച്ചുവന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. സമുദ്രം വററി ഉണങ്ങുന്നതുപോലെ തോന്നി!
എന്നാൽ ഈ രസകരമായ നിയമനത്തിലേക്കു നയിച്ചത് എന്താണ്?
ഒരു ആത്മീയ പൈതൃകം
കാനഡയിൽ ആർബർട്ടാ സമതലങ്ങളിലുള്ള വീട്ടിൽവെച്ച് ആത്മീയകാര്യങ്ങളോടുള്ള എന്റെ വിലമതിപ്പ് ആരംഭിച്ചു. എന്റെ പിതാവ് അദ്ദേഹത്തിന്റെ ജീവിതത്തെ മാററിമറിച്ച ഒരു ലഘുലേഖ കണ്ടെത്തി, അതു സയൻസ് വാച്ച് ടവർ ട്രാക്ററ് സൊസൈററിയിലെ ചാൾസ് റെറയ്സ് റസ്സൽ എഴുതിയതായിരുന്നു. ആൽബർട്ടായിലെ കാൽമാറിൽ സമയംകൊല്ലുന്ന കൃഷിപ്പണിയെല്ലാം ഉണ്ടായിരുന്നിട്ടും പിതാവു തന്റെ അയൽക്കാരോടു പ്രസംഗിക്കാൻ തുടങ്ങി. അത് ഒരു നൂറുവർഷം മുമ്പ് 1890-കളുടെ ആദ്യഭാഗത്തായിരുന്നു.
ദൈവഭയമുണ്ടായിരുന്ന ഈ കുടുംബത്തിലേക്കാണ് 1905 ഫെബ്രുവരി 20-ാം തീയതി ഞാൻ ജനിച്ചത്, ഒടുവിൽ പത്തു സഹോദരീ-സഹോദരൻമാർ ആയിത്തീർന്നതിൽ എട്ടാമത്തെ കുട്ടിയായിത്തന്നെ. പിതാവും അതുപോലെതന്നെ ഈ സ്വീഡിഷ് സമുദായത്തിലെ മററുള്ളവരും അന്തർദേശീയ ബൈബിൾ വിദ്യാർഥികളോടു സഹവസിക്കുന്നവർ ആയിത്തീർന്നു. കുറച്ചുകഴിഞ്ഞ് അവർ ഒരു യോഗസ്ഥലം പണിതു. പിന്നീട് അതു രാജ്യഹാൾ എന്നു വിളിക്കപ്പെടാൻ ഇടയായി. അതു കാനഡയിലെ ആദ്യഹാളുകളിൽ ഒന്നായിരുന്നു.
കൃഷിജോലി ക്രിസ്തീയയോഗങ്ങളിൽ സംബന്ധിക്കുന്നതിൽനിന്നു ഞങ്ങളെ തടഞ്ഞില്ല. അവയിൽ ചിലതിൽ വാച്ച് ടവർ സൊസൈററി അയക്കുന്ന സന്ദർശക പ്രസംഗകരാലുള്ള പ്രസംഗങ്ങൾ വിശേഷവത്ക്കരിക്കപ്പെട്ടു. ഈ പ്രസംഗങ്ങൾ ഞങ്ങളിൽ പ്രസംഗവേലയിൽ പങ്കെടുക്കാനുള്ള ആത്മാർഥമായ ആഗ്രഹം കെട്ടുപണിചെയ്തു. തത്ഫലമായി, ഞങ്ങളുടെ കുടുംബത്തിൽ മിക്കവാറും എല്ലാവരും ബൈബിൾ സത്യത്തിന്റെ വെളിച്ചത്തിൽ സ്ഥിരമായി നടന്നിരിക്കുന്നു.
പ്രസംഗവേലയിൽ പങ്കെടുക്കൽ
എനിക്ക് 1920-കളുടെ തുടക്കത്തിൽ എന്റെ ആദ്യത്തെ സാക്ഷീകരണ നിയമനം ലഭിച്ചു. ഞാൻ എഡ്മൻറൻ നഗരത്തിൽ വീടുതോറും പരസ്യപ്രസംഗത്തിന്റെ ക്ഷണക്കത്തുകൾ വിതരണം ചെയ്യണമായിരുന്നു. അന്ന് ഒററക്ക് അവിടെ നിൽക്കുമ്പോൾ ഞാൻ വിലയേറിയ ഒരു പാഠം പഠിച്ചു: യഹോവയിൽ ആശ്രയിക്കുക. (സദൃശവാക്യങ്ങൾ 3:5, 6) യഹോവയുടെ സഹായത്തോടെ ആ ആദ്യനിയമനം പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ ഞാൻ എത്ര സന്തുഷ്ടനായിരുന്നു!
യഹോവയുടെ സത്യവചനത്തെക്കുറിച്ചു കൂടുതൽ ഗ്രാഹ്യം ലഭിക്കുന്തോറും എനിക്ക് അവന്റെ ദൃശ്യസ്ഥാപനത്തിലും അവന്റെ വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തിലുമുള്ള വിശ്വാസം വർദ്ധിച്ചുകൊണ്ടിരുന്നു. ക്രിസ്തുമസും ജൻമദിനാഘോഷങ്ങളും പോലെ ക്രൈസ്തവലോകത്തിന്റെ പല ആചാരാനുഷ്ഠാനങ്ങളും ഒഴിവാക്കി. വ്യക്തിപരമായ രക്ഷ മേലാൽ പരമപ്രധാനമായിരുന്നില്ല; പകരം രാജ്യപ്രസംഗം ഉചിതമായ പ്രധാനസ്ഥാനം കയ്യേൽക്കാൻ തുടങ്ങി. ഇതിനെല്ലാം എന്റെ ജീവിതത്തിൽ ഗണ്യമായ ഒരു ഫലമുണ്ടായിരുന്നു. അതുകൊണ്ട് 1923 ഏപ്രിൽ 23-ന് യഹോവക്ക് എന്റെ ജീവൻ സമർപ്പിച്ചശേഷം അധികം വൈകാതെ ഞാൻ മുഴുസമയശുശ്രൂഷ എന്റെ ലക്ഷ്യമാക്കി.
സമതലത്തിൽ പൂജ്യം ഡിഗ്രിയിൽ താഴെവരുന്ന ശൈത്യകാലത്ത് ഒരു കുതിരയും ഹിമവാഹനവും ഉപയോഗിച്ച് ഞങ്ങൾ ഗ്രാമപ്രദേശങ്ങളിൽ സാക്ഷീകരണം നടത്തി. ഹൗസ്-കാർ വേല എന്ന് അറിയപ്പെട്ടിരുന്ന ഒരു സംഘത്തോടൊത്ത് ഞാൻ ഒരിക്കൽ രണ്ടാഴ്ച ചെലവഴിച്ചു. ഈ പ്രത്യേക കാറുകൾ കനേഡിയൻ സമതലങ്ങളിലെ വിശാലമായ പുൽപ്പരപ്പിൽ സാക്ഷീകരണം നടത്തുന്നതിനു പ്രായോഗികമാണെന്നു തെളിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളും ദുസ്സഹമായ കാലാവസ്ഥയും ദീർഘദൂര യാത്രയും ഉണ്ടായിരുന്നിട്ടും ചെറിയ ഇടവേളകൾ വരുത്തിക്കൊണ്ടാണെങ്കിലും ഞാൻ മൂന്നു വർഷക്കാലം ആൽബർട്ടായിൽ പയനിയർ ശുശ്രൂഷയിൽ പിടിച്ചുനിന്നു, പശ്ചിമ പസഫിക് തീരത്തു സേവിക്കാൻ 1930-ലെ ആ അവിസ്മരണീയ ദിനത്തിൽ എന്നെ ക്ഷണിച്ചതുവരെത്തന്നെ. സമുദ്രത്തെക്കുറിച്ചോ ബോട്ടുകളെക്കുറിച്ചോ എനിക്കു യാതൊന്നും അറിയാൻ മേലാത്തതുകൊണ്ട് ആ ക്ഷണം എന്നെ അമ്പരപ്പിച്ചു.
പ്രിൻസ് റുപേർട്ടിൽ എത്തി അധികം വൈകാതെ ബോട്ടിലെ എന്റെ പുതിയ സഹപ്രവർത്തകരോടൊപ്പം എനിക്ക് ഗൃഹാന്തരീക്ഷം അനുഭവപ്പെട്ടു. ബാർസ്ററഡ് സഹോദരൻ പല വർഷക്കാലം മീൻപിടിത്തത്തിൽ ഏർപ്പെട്ടിരുന്നതുകൊണ്ട് അനുഭവസമ്പന്നനായ ഒരു നാവികനായിരുന്നു. അടുത്ത ആറുവർഷങ്ങൾ, വാൻകുവർ മുതൽ അലാസ്ക വരെ ബ്രിട്ടീഷ് കൊളംബിയയുടെ തീരങ്ങളിൽക്കൂടെ അങ്ങോട്ടുമിങ്ങോട്ടും ബോട്ടോടിച്ച് തീവ്രമായി പ്രസംഗിച്ച ഒരു കാലമായിരുന്നു. പഠിച്ച മറെറാരു പാഠം: എല്ലായ്പോഴും യഹോവയിൽനിന്നുള്ള ഒരു നിയമനം സ്വീകരിക്കുക, ഒരിക്കലും പിൻമാറി നിൽക്കരുത്.
സമുദ്രതീരത്തു വിത്തു വിതെക്കൽ
1930-ലെ ആ വസന്തത്തിൽ സഞ്ചാരപരിപാടിയിൽ ഉൾപ്പെടുത്തിയിരുന്ന ഞങ്ങളുടെ ആദ്യതുറമുഖം അലാസ്കയിലെ കെച്ചികൻ ആയിരുന്നു, അവിടെ ഞങ്ങൾ 60 കാർട്ടൻ ബൈബിൾ സാഹിത്യം ഇറക്കി. കുറെ ആഴ്ചകളോളം ഞങ്ങൾ കെച്ചികൻ, റാംഗീൽ, പീറേറഴ്സ്ബർഗ്, ജുനു, സ്കാഗ്വെ, ഹെയ്ൻസ്, സിററ്കാ എന്നിവിടങ്ങളിലെയും ചിതറിക്കിടന്ന മററു ഗ്രാമങ്ങളിലെയും എല്ലാ ഭവനങ്ങളും സന്ദർശിച്ചു. അടുത്തതായി വേനൽക്കാലത്തിനു മുമ്പു ഞങ്ങൾ ബ്രിട്ടീഷ് കൊളംബിയാ തീരപ്രദേശങ്ങൾ മുഴുവനും പ്രവർത്തിച്ചു തീർത്തു. ഉള്ളിലേക്കുമാറിയുള്ള മരംവെട്ടുകാരുടെ പാർപ്പിടങ്ങളും മത്സ്യസംസ്കരണ ശാലകളും ഇന്ത്യൻ ഗ്രാമങ്ങളും ചെറുപട്ടണങ്ങളും അതുപോലെതന്നെ ഒററപ്പെട്ട താമസക്കാരെയും വേട്ടക്കാരെയും എല്ലാം സന്ദർശിച്ചു. ചിലപ്പോൾ, സംസാരിക്കാൻ ആരെയെങ്കിലും ലഭിക്കുന്നതിനെ സ്വാഗതം ചെയ്തിരുന്ന ഒററക്കിരിക്കുന്ന വിളക്കുമാട സൂക്ഷിപ്പുകാരിൽനിന്നു രക്ഷപെടാൻ വളരെ വിഷമമായിരുന്നു.
ഒടുവിൽ, സൊസൈററി കൊണ്ടുനടക്കാവുന്ന സ്വനഗ്രാഹിയന്ത്രവും റിക്കാർഡ്ചെയ്ത ബൈബിൾ പ്രസംഗങ്ങളും തന്നു ഞങ്ങളെ സജ്ജരാക്കി. പുസ്തകങ്ങളോടും ബൈബിളുകളോടും മാസികകളോടുമൊപ്പം ഞങ്ങൾ ഇവയും കൂടെ കൊണ്ടുപോയി. തീരപ്രദേശത്തെ പാറക്കെട്ടുകളിൽ ഇഴഞ്ഞുകയറുമ്പോൾ ഞങ്ങൾ മിക്കപ്പോഴും അവ ചുമക്കേണ്ടിവന്നു. വേലിയിറക്ക സമയത്ത്, പൊങ്ങിനിന്നിരുന്ന കപ്പൽത്തുറകളിലേക്കു ഗോവണിയിലൂടെ ചിലപ്പോഴൊക്കെ അവ വലിച്ചുകയറേറണ്ടിവന്നു. എന്റെ ചെറുപ്പകാലത്തു കൃഷിസ്ഥലത്തു ജോലിചെയ്തു ലഭിച്ചിരുന്ന ശാരീരിക പരിശീലനം നിമിത്തം ഞാൻ സന്തുഷ്ടനായിരുന്നു.
ഞങ്ങളുടെ ബോട്ടിലെ ഉച്ചഭാഷിണി രാജ്യവാർത്ത പ്രചരിപ്പിക്കുന്നതിനു ശക്തമായ ഒരു ഉപകരണമായി സേവിച്ചു. ശബ്ദം വെള്ളത്തിൽനിന്നു പ്രതിധ്വനിച്ചിരുന്നതുകൊണ്ട്, റിക്കാർഡു ചെയ്ത പ്രസംഗങ്ങൾ ചിലപ്പോൾ മൈലുകളോളം കേട്ടിരുന്നു. ഒരിക്കൽ വാൻകുവർ ദ്വീപിലെ ഒററപ്പെട്ട ഒരു അഴിമുഖത്തു നങ്കൂരമിട്ടിരിക്കുമ്പോൾ ഞങ്ങൾ ഈ ബൈബിൾ പ്രസംഗങ്ങളിൽ ഒന്നു കേൾപ്പിച്ചു. അടുത്ത ദിവസം, ഉൾനാട്ടിൽ താമസിച്ചിരുന്ന ആളുകൾ അതിശയത്തോടെ ഞങ്ങളോടു പറഞ്ഞു: “ഇന്നലെ ഞങ്ങൾ സ്വർഗത്തിൽനിന്നു നേരിട്ട് ഒരു പ്രസംഗം കേട്ടു!”
മറെറാരു സന്ദർഭത്തിൽ പ്രായംചെന്ന ഒരു ദമ്പതികൾ, അവരുടെ ചിമ്മിനിയിലൂടെ സംഗീതം വരുന്നതായി കേട്ടുവെന്നും എന്നാൽ അവർ പുറത്തിറങ്ങിയപ്പോൾ ഒന്നും കേട്ടില്ലെന്നും പറഞ്ഞു. വീണ്ടും അകത്തു കയറിയപ്പോൾ അവർ ഒരു ശബ്ദം കേട്ടു. അത് എന്തുകൊണ്ടായിരുന്നു? കൊള്ളാം, അവർ വെളിയിലായിരുന്നപ്പോൾ ഞങ്ങൾ റിക്കാർഡ് മാററിയിടുകയായിരുന്നു. ആളുകളുടെ ശ്രദ്ധ പിടിച്ചെടുക്കുന്നതിനു ഞങ്ങൾ ആദ്യം സംഗീതം വെക്കുകയും പിന്നീട് ഒരു ബൈബിൾ പ്രസംഗം കേൾപ്പിക്കുകയും ചെയ്യുമായിരുന്നു.
ഇനി മറെറാരു സന്ദർഭത്തിൽ, ഒരു ഇന്ത്യൻ ഗ്രാമം സ്ഥിതിചെയ്തിരുന്ന ഒരു ദ്വീപിനരികെ ഞങ്ങൾ നങ്കൂരമിട്ടിരിക്കുമ്പോൾ, എവിടെനിന്നാണു ശബ്ദം വരുന്നതെന്നു കണ്ടുപിടിക്കാൻ സ്വദേശികളായ രണ്ടുകുട്ടികൾ വള്ളം തുഴഞ്ഞുവന്നു. അവ ജീവനിലേക്കു തിരിച്ചുവന്ന തങ്ങളുടെ മരിച്ചുപോയവരുടെ ശബ്ദമാണെന്നു ദ്വീപിലുള്ള ചിലർ കരുതി.
ഉൾപ്രദേശത്തു മത്സ്യസംസ്കരണശാലകളിൽ ജോലിചെയ്തിരുന്നവർക്ക് ഒരു ദിവസം നൂറു പുസ്തകങ്ങൾ സമർപ്പിക്കുന്നത് അസാധാരണമല്ലായിരുന്നു. ശ്രദ്ധാശൈഥില്യങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് അവർക്ക് ആത്മീയ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ സമയമുണ്ടായിരുന്നു. ഒററപ്പെട്ടവരായ ഇവരിൽ അനേകർ ഒടുവിൽ സാക്ഷികളായിത്തീർന്നു. പിന്നീടുള്ള യാത്രകളിൽ, ‘ഒരു പ്രോത്സാഹന കൈമാററത്തിനായി’ അവരെ സന്ദർശിക്കാൻ ഞങ്ങൾ നോക്കിപ്പാർത്തിരുന്നു.—റോമർ 1:12, NW.
ഒരു ഇണയോടൊത്തു തുടർന്നുള്ള സേവനം
ഞാൻ 1931-ൽ ക്രിസ്ററീനാ ബാർസ്ററഡിന്റെ അനുജത്തിയായ അന്നയെ വിവാഹം ചെയ്തു. അതിനുശേഷം ഞങ്ങൾ ഒരുമിച്ചു ബോട്ടിൽ പയനിയറിംഗിൽ തുടർന്നു, പ്രതിഫലദായകമായ അനേകം അനുഭവങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ ആസ്വദിക്കുകയും ചെയ്തു. ഗംഭീരമായ പർവതങ്ങളുടെയും ഒററപ്പെട്ട ഉൾക്കടലുകളുടെയും ദേവദാരുക്കളും പൈൻമരങ്ങളും അശോകങ്ങളും നിറഞ്ഞ ശാന്തമായ മലയിടുക്കുകളുടെയും പശ്ചാത്തലത്തിൽ തിമിംഗലങ്ങളും കടൽ സിംഹങ്ങളും നീർനായ്ക്കളും കടൽപ്പന്നികളും കലമാനും കരടികളും കഴുകൻമാരും ആയിരുന്നു ഞങ്ങളുടെ ചങ്ങാതിമാർ. വേട്ടക്കാരിൽനിന്നു രക്ഷപെടുന്നതിനുവേണ്ടി കുത്തിയൊഴുകുന്ന നീർച്ചാലുകളിലൂടെ നീന്താൻ ശ്രമിക്കുമ്പോൾ തളർന്നുപോയ കലമാനിനെയും അവയുടെ കുഞ്ഞുങ്ങളെയും പലപ്രാവശ്യം ഞങ്ങൾ സഹായിച്ചിട്ടുണ്ട്.
ഒരു ഉച്ചകഴിഞ്ഞ സമയത്ത്, വലിയൊരു ചിനൂക് സാൽമൻ മത്സ്യത്തെ കാൽനഖത്തിൽ കൊളുത്തിയെടുത്തുകൊണ്ട് ഒരു കടൽക്കഴുകൻ വെള്ളത്തിനു കുറുകെ താണു പറക്കുന്നതു ഞങ്ങൾ കണ്ടു. വെള്ളത്തിൽനിന്നു പൂർണമായി പൊക്കിയെടുക്കാൻ കഴിയാത്തവണ്ണം മത്സ്യം അത്ര വലുതായിരുന്നു. അതുകൊണ്ടു സാൽമനെയും വലിച്ചുകൊണ്ടു കഴുകൻ തീരത്തേക്കു പറക്കുകയായിരുന്നു. ജീവനക്കാരിൽ ഒരാളായ ഫ്രാങ്ക് ഫ്രാൻസ്ക, സാദ്ധ്യത മനസ്സിലാക്കുകയും തീരത്തുകൂടെ ഓടിച്ചെന്ന് അവശനായ കഴുകനെ നേരിടുകയും അത് ഇരയെ ഉപേക്ഷിച്ചുപോകാൻ ഇടയാക്കുകയും ചെയ്തു. ഞങ്ങളുടെ പയനിയർ സംഘത്തിനു രുചികരമായ ഒരു സാൽമൻ അത്താഴം ലഭിച്ചു, വിമുഖതയോടെ ആണെങ്കിലും പങ്കുവെക്കാൻ കഴുകൻ പഠിക്കുകയും ചെയ്തു.
വാൻകുവർ ദ്വീപിനു വടക്കുള്ള ഒരു ചെറുദ്വീപിൽ തിയോററ് എന്നു പേരുള്ള ദമ്പതികൾ ബൈബിൾ സത്യം സ്വീകരിച്ചു. അദ്ദേഹം തന്റെ 90-കളുടെ മദ്ധ്യത്തിൽ എത്തിയ അക്ഷരജ്ഞാനമില്ലാത്ത, നിശ്ചയദാർഢ്യമുള്ള ഒരു സ്വതന്ത്രവ്യക്തി ആയിരുന്നു, ഭാര്യ 80-കളുടെ മദ്ധ്യത്തിലുമായിരുന്നു. എന്നിരുന്നാലും അദ്ദേഹം സത്യത്തിൽ വളരെ താത്പര്യമുള്ളവനായിരുന്നതുകൊണ്ടു സ്വയം താഴ്ത്തുകയും തന്നെ വായിക്കാൻ പഠിപ്പിക്കുന്നതിനു ഭാര്യയെ അനുവദിക്കുകയും ചെയ്തു. പെട്ടെന്നുതന്നെ ബൈബിളും സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളും സ്വന്തമായി പഠിക്കാൻ അദ്ദേഹം പ്രാപ്തനായി. മൂന്നിൽ താഴെ വർഷങ്ങൾക്കുശേഷം ദ്വീപിന്റെ ഉൾപ്രദേശത്തുള്ള അവരുടെ ഭവനത്തിൽവെച്ച്, ഞങ്ങളുടെ ചെറുവള്ളം ഒരു സ്നാപനക്കുളമായി ഉപയോഗിച്ചുകൊണ്ട് അവരെ സ്നാപനപ്പെടുത്തുന്നതിലെ സന്തോഷം എനിക്കുണ്ടായി!
പവർ റിവറിലെ സാലിസ് കുടുംബം രാജ്യദൂതിനോടു പ്രതികരിക്കുന്നതു കണ്ടതിന്റെ സന്തോഷവും ഞങ്ങൾക്കു ലഭിച്ചു. വോൾട്ടർ, യുദ്ധമോ സമാധാനമോ—ഏത്? (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം വായിക്കുകയും സത്യത്തിന്റെ ധ്വനി ഉടൻ തിരിച്ചറിയുകയും ചെയ്തു. അധികം വൈകാതെ മുഴുകുടുംബവും വാൻകുവറിൽ വോൾട്ടറിനോടൊപ്പം പയനിയർ നിരയിൽ ചേർന്നു. അവിടെ ശൈത്യകാലം കഴിക്കാൻ ഞങ്ങൾ ഷാർമിയൻ കെട്ടിയിടുമായിരുന്നു. അദ്ദേഹം വളരെ തീക്ഷ്ണതയുള്ളവനായിരുന്നു, തുടർന്നുള്ള വർഷങ്ങളിൽ വാൻകുവർ പ്രദേശത്തുള്ള സഹോദരൻമാരുടെ മുഴുസമൂഹത്തിനും തന്നെത്തന്നെ പ്രിയങ്കരനാക്കുകയും ചെയ്തു. സാക്ഷികളുടെ ഒരു വലിയ കുടുംബത്തെ അവശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം 1976-ൽ തന്റെ ഭൗമിക ഗതി പൂർത്തീകരിക്കുകയും ചെയ്തു.
എതിർപ്പിനെ തരണംചെയ്യൽ
ഇന്ത്യൻ ഗ്രാമങ്ങളിലെ വൈദികർ തങ്ങളുടെ ആത്മീയ സാമ്രാജ്യത്തിൽ അതിക്രമിച്ചുകടക്കുന്നവരായി ഞങ്ങളെ കണക്കാക്കിക്കൊണ്ട്, പലപ്പോഴും ഞങ്ങളുടെ വേലയോടു നീരസപ്പെട്ടു. പോർട്ട് സിംപ്സനിൽ ഞങ്ങൾ ഭവനങ്ങൾ സന്ദർശിക്കുന്നതിനെ ഗ്രാമത്തലവൻ വിലക്കണമെന്നു പ്രദേശത്തെ വൈദികൻ ആവശ്യപ്പെട്ടു. ഞങ്ങൾ തലവനെ ചെന്നുകാണുകയും ആളുകളെ സ്വന്തമായി ചിന്തിക്കാൻ കഴിയാത്തവണ്ണം തീരെ അജ്ഞരായി വൈദികൻ തരംതിരിച്ചതു ശരിയാണോയെന്ന് അദ്ദേഹത്തോടു ചോദിക്കുകയും ചെയ്തു. ദൈവവചനത്തിന്റെ ഒരു ചർച്ച കേൾക്കാനും തങ്ങൾ എന്തു വിശ്വസിക്കണമെന്നു സ്വയം തീരുമാനമെടുക്കാനും അദ്ദേഹത്തിന്റെ ആളുകൾക്ക് അവസരം നൽകണമെന്നു ഞങ്ങൾ നിർദേശിച്ചു. ഫലമോ: ഗ്രാമത്തിൽ പ്രസംഗം തുടരുന്നതിനുള്ള അനുവാദം അദ്ദേഹം ഞങ്ങൾക്കു നൽകി.
മറെറാരു ഗ്രാമത്തലവൻ തന്റെ ആളുകളുമായി സമ്പർക്കത്തിൽ വരുന്നതിൽനിന്നു സാക്ഷികളെ തടയാനുള്ള മതസമൂഹങ്ങളുടെയും കൗൺസിൽ അംഗങ്ങളുടെയും എല്ലാ ശ്രമങ്ങളെയും ദശകങ്ങളോളം തടസ്സപ്പെടുത്തി. “ഞാൻ തലവനായിരിക്കുന്നടത്തോളം കാലം യഹോവയുടെ സാക്ഷികൾക്ക് ഇവിടെ സ്വാഗതമുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ എപ്പോഴും എവിടെയും സ്വാഗതം ചെയ്യപ്പെട്ടിരുന്നില്ലെന്നുള്ളതു സത്യംതന്നെ, എന്നാൽ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും പ്രദേശം വിട്ടുപോകാൻ ഞങ്ങൾ ഒരിക്കലും നിർബന്ധിതരായില്ല. അങ്ങനെ ഓരോ പ്രാവശ്യവും കരെക്കടുക്കുമ്പോൾ ഞങ്ങൾക്കു ഞങ്ങളുടെ ശുശ്രൂഷ നിറവേററാൻ കഴിഞ്ഞു.
കടലിൽ ദുരിതങ്ങൾ സഹിക്കുന്നു
കഴിഞ്ഞ വർഷങ്ങളിലുടനീളം ഞങ്ങൾ കൊടുങ്കാററുകളുടെയും തിരമാലകളുടെയും അടയാളപ്പെടുത്താത്ത പാറകളുടെയും പ്രശ്നങ്ങളും ചിലപ്പോഴൊക്കെ യന്ത്രത്തകരാറും അഭിമുഖീകരിച്ചു. ഒരിക്കൽ ഞങ്ങൾ വാൻകുവറിനു ഏതാണ്ട് 160 കിലോമീററർ വടക്ക് ലാസ്കെററി ദ്വീപിനു വളരെ അടുത്തുവരെ ഒഴുകിപ്പോയി. ഞങ്ങൾ ഒരു വേലിയിറക്കത്തിൽപെട്ട് ഒരു പാറക്കെട്ടിൽ കുടുങ്ങിപ്പോയി. കാലാവസ്ഥയുടെ കാരുണ്യത്തിനുവേണ്ടി ഞങ്ങൾ കാത്തിരുന്നു. കാലാവസ്ഥ പ്രതികൂലമായെങ്കിൽ ബോട്ട് പാറയിൽ ഇടിച്ചു തകരുമായിരുന്നു. ഞങ്ങളെല്ലാവരും പാറയിൽ അള്ളിപ്പിടിച്ചു കയറുകയും ആ ദുരവസ്ഥയിൽ ആവുന്നതെല്ലാം ചെയ്യുകയും ചെയ്തു. ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചു, കുറെ പഠിച്ചു, വീണ്ടും വേലിയേററം ഉണ്ടാകാൻ കാത്തിരിക്കുകയും ചെയ്തു.
അനേകം അപകടങ്ങളും അസൗകര്യങ്ങളും ഉണ്ടായിരുന്നെങ്കിലും അത് ആരോഗ്യകരമായ ഒരു സന്തുഷ്ട ജീവിതമായിരുന്നു. എന്നിരുന്നാലും, ഞങ്ങളുടെ രണ്ടു പുത്രൻമാരുടെ ജനനം വലിയൊരു മാററം കൈവരുത്തി. ഞങ്ങൾ ബോട്ടിൽത്തന്നെ താമസം തുടർന്നു, എന്നാൽ ഞങ്ങൾ ഊനാ റിവർ വരെ വടക്കോട്ടു യാത്ര ചെയ്യുമ്പോഴൊക്കെയും അന്നയും കുട്ടികളും അവിടെ അവളുടെ മാതാപിതാക്കളോടുകൂടെ തങ്ങുകയും അതേസമയം ഞങ്ങൾ ബാക്കിയുള്ളവർ വടക്കോട്ട് അലാസ്കയിലേക്ക് യാത്ര തുടരുകയും ചെയ്തിരുന്നു. പിന്നീട് ഞങ്ങൾ തിരിച്ചുവരുമ്പോൾ അന്നയും കുട്ടികളും വീണ്ടും കൂടെച്ചേർന്നിരുന്നു.
മക്കൾ എപ്പോഴെങ്കിലും പരാതിപറയുന്നതോ രോഗികളായിത്തീരുന്നതോ ഞാൻ ഓർക്കുന്നില്ല. അവർ എപ്പോഴും ജീവരക്ഷാ ബെൽററുകൾ കെട്ടിയിരുന്നു. ചിലപ്പോഴൊക്കെ ഞങ്ങൾ ഒരു കയറുകൊണ്ട് അവരെ കെട്ടിയിരുന്നു. അതെ, പിരിമുറുക്കമുണ്ടാക്കുന്ന ചില നിമിഷങ്ങൾ ഉണ്ടായിരുന്നു.
കൂടുതലായ ക്രമീകരണങ്ങൾ
ഞങ്ങൾ 1936-ൽ ഷാർമിയനിൽ നിന്നു പോകേണ്ടിവന്നു, ഞാൻ ഒരു ലൗകിക ജോലി സ്വീകരിക്കുകയും ചെയ്തു. പിന്നീട്, ഞങ്ങൾക്കു മൂന്നാമതൊരു മകൻ ഉണ്ടായി. കുറെക്കഴിഞ്ഞ്, ഞാൻ ഒരു മീൻപിടിത്ത ബോട്ടു വാങ്ങി, അതു ഞങ്ങളുടെ ഉപജീവനമാർഗമായി ഉതകിയെന്നു മാത്രമല്ല തീരങ്ങളിൽ പ്രസംഗവേല തുടരാൻ ഞങ്ങളെ അനുവദിക്കുകയും ചെയ്തു.
പ്രിൻസ് റുപേർട്ടിൽനിന്ന് ഉൾക്കടലിനക്കരെ ഡിഗ്ബി ദ്വീപിൽ ഞങ്ങൾ ഒരു വീടുവെച്ചു, പെട്ടെന്നുതന്നെ ഒരു ചെറിയ സഭ അവിടെ രൂപീകരിക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധ കാലത്ത് യഹോവയുടെ സാക്ഷികളുടെ പ്രസംഗവേല കാനഡയിൽ നിരോധിക്കപ്പെട്ടിരുന്നപ്പോൾ ഞങ്ങൾ ബോട്ടിൽ അർദ്ധരാത്രിക്കുശേഷം പ്രിൻസ് റുപേർട്ടിൽ പോയി എല്ലാ വീട്ടിലും ബൈബിൾ സാഹിത്യം ഇട്ടുകൊണ്ടു പ്രദേശത്ത് “മിന്നലാക്രമണം” നടത്തി. നിരോധിത സാഹിത്യം വിതരണം ചെയ്യുന്നതിന് അർദ്ധരാത്രിയിലുള്ള ഞങ്ങളുടെ കുറുകെ കടക്കൽ ആരും ഒരിക്കലും കാര്യമായെടുത്തില്ല!
ദേശം ഫലപുഷ്ടമായിത്തീർന്നിരിക്കുന്നു
ക്രമേണ കൂടുതൽ ആളുകൾ യഹോവയുടെ സാക്ഷികളോടൊത്തു സഹവസിക്കാൻ തുടങ്ങി, 1948-ൽ പ്രിൻസ് റുപേർട്ടിൽ ഒരു രാജ്യഹാളിന്റെ ആവശ്യം പ്രകടമായി. തുറമുഖത്തിന്റെ മറുകരയിൽ സ്ഥിതിചെയ്തിരുന്ന ഒരു സൈനിക കെട്ടിടം വിലയ്ക്കു വാങ്ങിയശേഷം ഞങ്ങൾ അതു പൊളിച്ചു ചങ്ങാടംകെട്ടി ഇക്കരെ എത്തിച്ചു നിർമാണസ്ഥലത്തേക്കു വണ്ടിയിൽ കൊണ്ടുപോയി. ഞങ്ങളുടെ കഠിനവേലയെ യഹോവ അനുഗ്രഹിച്ചു, ഞങ്ങൾക്കു സ്വന്തം രാജ്യഹാൾ ഉണ്ടാവുകയും ചെയ്തു.
ഞാൻ 1956-ൽ പയനിയർ നിരയിലേക്കു വീണ്ടും പ്രവേശിച്ചു, 1964-ൽ അന്ന എന്നോടൊപ്പം കൂടി. ഞങ്ങൾ വീണ്ടും ബോട്ടിൽ പസഫിക് തീരത്തു വേല ചെയ്തു. കുറച്ചുകാലം ഞങ്ങൾ ക്വീൻ കാർലോട്ട് ദ്വീപുകൾമുതൽ കിഴക്കോട്ടു പർവതങ്ങൾക്കപ്പുറം ഫ്രേയ്സർ തടാകംവരെയും പ്രിൻസ് ജോർജും മാക്കെൻസിയും വരെയും സഭകൾ സന്ദർശിച്ചുകൊണ്ടു സർക്കിട്ട് വേലയിലും പങ്കെടുത്തു. കഴിഞ്ഞ വർഷങ്ങളിൽ ഞങ്ങൾ പസഫിക്കിന്റെ വടക്കുപടിഞ്ഞാറുഭാഗത്തുകൂടെ ആയിരക്കണക്കിനു മൈൽ കാറിലും ബോട്ടിലും വിമാനത്തിലുമായി സഞ്ചരിച്ചു.
പ്രിൻസ് റുപേർട്ടിൽ ഞങ്ങൾ തുടർന്നും നല്ല അനുഭവങ്ങൾ ആസ്വദിക്കുകയുണ്ടായി. പിൽക്കാലത്തു വാച്ച്ടവർ ഗിലെയദ് ബൈബിൾ സ്കൂളിൽ സംബന്ധിക്കുകയും അനന്തരം വിദേശരാജ്യങ്ങളിൽ മിഷനറിമാരായി സേവിക്കുകയും ചെയ്ത വ്യക്തികൾക്ക് അന്നയും ഞാനും ബൈബിളധ്യയനം എടുത്തിട്ടുണ്ട്. ഞങ്ങളുടെ ആത്മീയ മക്കൾ വിദൂരദേശങ്ങളിലേക്കു വിലയേറിയ രാജ്യസന്ദേശം വഹിച്ചുകൊണ്ടു പോകുന്നതു കാണുന്നത് എന്തൊരു സന്തോഷമാണ്!
ഇപ്പോൾ ഞങ്ങൾ ഇരുവരും 80 വയസ്സു പിന്നിട്ടിരിക്കയാണ്, ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യനിലയെ നേരിടുകയുമാണ്. എങ്കിലും ഞങ്ങൾ ഇപ്പോഴും യഹോവയുടെ സേവനത്തിൽ സന്തുഷ്ടരാണ്. അലാസ്കയിലും ബ്രിട്ടീഷ് കൊളംബിയയിലും ഞങ്ങൾ കണ്ട പ്രകൃതി രമണീയത സമ്പന്നമായ ഓർമകൾ ഉണർത്തുന്നു. എങ്കിലും ഒരിക്കൽ ആത്മീയ മരുഭൂമിയായി പാഴായിക്കിടന്ന ഈ വിസ്തൃത പ്രദേശം ഇപ്പോൾ യഹോവയുടെ സ്തുതിപാഠകരുടെ അനേകം സഭകളെക്കൊണ്ടു പുഷ്പിച്ചിരിക്കുന്നതു കാണുന്നത് അതിലും വലിയ സന്തോഷം കൈവരുത്തുന്നു.
വിശേഷിച്ച്, ഞങ്ങളുടെ മക്കളും ആത്മീയ മക്കളും വളർന്ന് യഹോവയെ സ്തുതിക്കുന്നതു കാണുന്നതു ഞങ്ങളെ സന്തുഷ്ടരാക്കിയിരിക്കുന്നു. ഭൂമിയുടെ ഈ ഭാഗത്തെ ആത്മീയ വളർച്ചയിൽ ഞങ്ങൾക്ക് ഒരു ചെറിയ പങ്കു ലഭിച്ചതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ഉദാഹരണത്തിന്, അലാസ്കയിൽ ഇപ്പോൾ 25 സഭകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന സ്വന്തമായ ഒരു ബ്രാഞ്ച് ഓഫീസ് ഉണ്ട്.
ഇവിടെ പ്രിൻസ് റുപേർട്ടിൽ, നഗരമധ്യത്തിൽ മനോഹരമായ ഒരു പുതിയ രാജ്യഹാൾ സമർപ്പിക്കുന്നതിന് 1988-ൽ ഞങ്ങൾക്കു പദവി ലഭിച്ചു. യെശയ്യാവിനെപ്പോലെ, പിൻവരുന്നപ്രകാരം പറയുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു: “നീ ജനത്തെ വർദ്ധിപ്പിച്ചു; യഹോവേ, . . . നീ മഹത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.”—യെശയ്യാവു 26:15.
[21-ാം പേജിലെ ചിത്രം]
സർക്കിട്ട് വേലയിൽ സേവിക്കുന്നു 1964-67
[24-ാം പേജിലെ ചിത്രം]
തീരപ്രദേശത്തു സാക്ഷീകരിക്കുന്നതിന് ഉപയോഗിച്ചിരുന്ന ബോട്ടിന്റെ മാതൃക